മത്തായി 27:41-47
മത്തായി 27:41-47 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അങ്ങനെതന്നെ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും പരിഹസിച്ചു: ഇവൻ മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്താൻ രക്ഷിപ്പാൻ കഴികയില്ല; അവൻ യിസ്രായേലിന്റെ രാജാവ് ആകുന്നു എങ്കിൽ ഇപ്പോൾ ക്രൂശിൽനിന്ന് ഇറങ്ങിവരട്ടെ; എന്നാൽ ഞങ്ങൾ അവനിൽ വിശ്വസിക്കും. അവൻ ദൈവത്തിൽ ആശ്രയിക്കുന്നു; അവന് ഇവനിൽ പ്രസാദമുണ്ടെങ്കിൽ ഇപ്പോൾ വിടുവിക്കട്ടെ; ഞാൻ ദൈവപുത്രൻ എന്ന് അവൻ പറഞ്ഞുവല്ലോ എന്നു പറഞ്ഞു. അങ്ങനെതന്നെ അവനോടുകൂടെ ക്രൂശിച്ചിരുന്ന കള്ളന്മാരും അവനെ നിന്ദിച്ചു. ആറാംമണി നേരംമുതൽ ഒമ്പതാംമണി നേരംവരെ ദേശത്ത് എല്ലാം ഇരുട്ടുണ്ടായി. ഏകദേശം ഒമ്പതാംമണി നേരത്തു യേശു: ഏലീ, ഏലീ, ലമ്മാ ശബക്താനി എന്ന് ഉറക്കെ നിലവിളിച്ചു; എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടത് എന്ത് എന്നർഥം. അവിടെ നിന്നിരുന്നവരിൽ ചിലർ അതു കേട്ടിട്ടു: അവൻ ഏലീയാവെ വിളിക്കുന്നു എന്നു പറഞ്ഞു.
മത്തായി 27:41-47 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും യെഹൂദപ്രമാണികളും അതുപോലെതന്നെ യേശുവിനു നേരെ പരിഹാസവാക്കുകൾ വർഷിച്ചു. അവർ പറഞ്ഞു: “അയാൾ മറ്റുള്ളവരെ രക്ഷിച്ചു; പക്ഷേ സ്വയം രക്ഷിക്കുവാൻ കഴിയുന്നില്ല. ഇസ്രായേലിന്റെ രാജാവ് ഇപ്പോൾ കുരിശിൽനിന്ന് ഇറങ്ങി വരട്ടെ. എന്നാൽ നമുക്ക് അയാളിൽ വിശ്വസിക്കാം. അയാൾ ദൈവത്തിൽ ആശ്രയിച്ചിരുന്നുപോലും! വേണമെങ്കിൽ ദൈവം അയാളെ ഇപ്പോൾ രക്ഷിക്കട്ടെ; ‘ഞാൻ ദൈവപുത്രനാകുന്നു’ എന്നാണല്ലോ അയാൾ പറഞ്ഞത്!” യേശുവിനോടുകൂടി ക്രൂശിക്കപ്പെട്ട കൊള്ളക്കാരും അതുപോലെതന്നെ അവിടുത്തെ പരിഹസിച്ചു. മധ്യാഹ്നമായപ്പോൾ ദേശമാസകലം അന്ധകാരത്തിലാണ്ടു. മൂന്നുമണിവരെയും ആ ഇരുൾ നീണ്ടുനിന്നു. ഏകദേശം മൂന്നുമണി ആയപ്പോൾ യേശു “ഏലീ, ഏലീ, ലമ്മ, ശബക്താനി?” എന്ന് അത്യുച്ചത്തിൽ നിലവിളിച്ചു. ‘എന്റെ ദൈവമേ, എന്റെ ദൈവമേ, അവിടുന്ന് എന്നെ കൈവിട്ടത് എന്ത്?’ എന്നാണതിന് അർഥം. അവിടെ നിന്നിരുന്നവരിൽ ചിലർ ഇതു കേട്ടപ്പോൾ, “അയാൾ ഏലിയായെ വിളിക്കുന്നു” എന്നു പറഞ്ഞു.
മത്തായി 27:41-47 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അങ്ങനെ തന്നെ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും പരിഹസിച്ചു: “ഇവൻ മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്താൻ രക്ഷിക്കാൻ കഴിയുകയില്ലയോ; ഇവൻ യിസ്രായേലിന്‍റെ രാജാവ് ആകുന്നു എങ്കിൽ ഇപ്പോൾ ക്രൂശിൽനിന്ന് ഇറങ്ങിവരട്ടെ; അപ്പോൾ ഞങ്ങൾ ഇവനിൽ വിശ്വസിക്കാം. ഇവൻ ദൈവത്തിൽ ആശ്രയിക്കുന്നു; ദൈവത്തിന് ഇവനിൽ പ്രസാദമുണ്ടെങ്കിൽ ഇപ്പോൾ വിടുവിക്കട്ടെ; ഞാൻ ദൈവപുത്രൻ എന്നു ഇവൻ പറഞ്ഞുവല്ലോ“ എന്നു പറഞ്ഞു. അങ്ങനെ തന്നെ അവനോടുകൂടെ ക്രൂശിച്ചിരുന്ന കള്ളന്മാരും അവനെ നിന്ദിച്ചു. ആറാംമണി നേരംമുതൽ ഒമ്പതാംമണി നേരംവരെ ദേശത്തു എല്ലാം ഇരുട്ടുണ്ടായി. ഏകദേശം ഒമ്പതാംമണി നേരത്ത് യേശു: ഏലീ, ഏലീ, ലമ്മാ ശബക്താനി എന്നു ഉറക്കെ നിലവിളിച്ചു; എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടത് എന്ത് എന്നർത്ഥം. അവിടെ നിന്നിരുന്നവരിൽ ചിലർ അത് കേട്ടിട്ടു; “അവൻ ഏലിയാവെ വിളിക്കുന്നു“ എന്നു പറഞ്ഞു.
മത്തായി 27:41-47 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അങ്ങനെ തന്നേ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും പരിഹസിച്ചു: ഇവൻ മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്താൻ രക്ഷിപ്പാൻ കഴികയില്ല; അവൻ യിസ്രായേലിന്റെ രാജാവു ആകുന്നു എങ്കിൽ ഇപ്പോൾ ക്രൂശിൽനിന്നു ഇറങ്ങിവരട്ടെ; എന്നാൽ ഞങ്ങൾ അവനിൽ വിശ്വസിക്കും. അവൻ ദൈവത്തിൽ ആശ്രയിക്കുന്നു; അവന്നു ഇവനിൽ പ്രസാദമുണ്ടെങ്കിൽ ഇപ്പോൾ വിടുവിക്കട്ടെ; ഞാൻ ദൈവപുത്രൻ എന്നു അവൻ പറഞ്ഞുവല്ലോ എന്നു പറഞ്ഞു. അങ്ങനെ തന്നേ അവനോടുകൂടെ ക്രൂശിച്ചിരുന്ന കള്ളന്മാരും അവനെ നിന്ദിച്ചു. ആറാംമണി നേരംമുതൽ ഒമ്പതാംമണി നേരംവരെ ദേശത്തു എല്ലാം ഇരുട്ടുണ്ടായി. ഏകദേശം ഒമ്പതാംമണി നേരത്തു യേശു: ഏലീ, ഏലീ, ലമ്മാ ശബക്താനി എന്നു ഉറക്കെ നിലവിളിച്ചു; എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നർത്ഥം. അവിടെ നിന്നിരുന്നവരിൽ ചിലർ അതു കേട്ടിട്ടു; അവൻ ഏലീയാവെ വിളിക്കുന്നു എന്നു പറഞ്ഞു.
മത്തായി 27:41-47 സമകാലിക മലയാളവിവർത്തനം (MCV)
അങ്ങനെതന്നെ പുരോഹിതമുഖ്യന്മാരും വേദജ്ഞരും സമുദായനേതാക്കന്മാരും ഇതേവിധത്തിൽത്തന്നെ അദ്ദേഹത്തെ പരിഹസിച്ചു. അവർ പറഞ്ഞു: “ഇവൻ മറ്റുള്ളവരെ രക്ഷിച്ചു, എന്നാൽ, തന്നെത്താൻ രക്ഷിക്കാനുള്ള കഴിവില്ല താനും! ഇവനാണോ ഇസ്രായേലിന്റെ രാജാവ്! ഇവൻ ഇപ്പോൾത്തന്നെ ക്രൂശിൽനിന്ന് ഇറങ്ങിവരട്ടെ, എങ്കിൽ ഇവനിൽ ഞങ്ങൾ വിശ്വസിക്കാം. ഇവൻ ദൈവത്തിൽ വിശ്വസിക്കുന്നു. ദൈവം ഇവനിൽ സംപ്രീതനായിരിക്കുന്നെങ്കിൽ, അവിടന്ന് ഇപ്പോൾത്തന്നെ ഇവനെ വിടുവിക്കട്ടെ; ‘ഞാൻ ദൈവപുത്രൻ’ ” എന്ന അവകാശവാദം ഇവൻ ഉന്നയിച്ചല്ലോ അദ്ദേഹത്തോടുകൂടെ ക്രൂശിക്കപ്പെട്ട കൊള്ളക്കാരും അതുപോലെതന്നെ അദ്ദേഹത്തെ അധിക്ഷേപിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടുമണിമുതൽ മൂന്നുമണിവരെ ദേശത്തെല്ലായിടത്തും ഇരുട്ടു വ്യാപിച്ചു. ഏകദേശം മൂന്നുമണിക്ക് യേശു, “ ഏലീ, ഏലീ, ലമ്മാ ശബക്താനി? ” അതായത്, “എന്റെ ദൈവമേ, എന്റെ ദൈവമേ, അവിടന്ന് എന്നെ കൈവിട്ടതെന്ത്?” എന്ന് അത്യുച്ചത്തിൽ നിലവിളിച്ചു. അവിടെ നിന്നിരുന്നവരിൽ ചിലർ ഇതു കേട്ടിട്ട്, “അയാൾ ഏലിയാവിനെ വിളിക്കുന്നു” എന്നു പറഞ്ഞു.