മത്തായി 26:45-56
മത്തായി 26:45-56 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെ ശിഷ്യന്മാരുടെ അടുക്കൽ വന്നു: ഇനി ഉറങ്ങി ആശ്വസിച്ചുകൊൾവിൻ; നാഴിക അടുത്തു; മനുഷ്യപുത്രൻ പാപികളുടെ കൈയിൽ ഏല്പിക്കപ്പെടുന്നു; എഴുന്നേല്പിൻ, നാം പോക; ഇതാ, എന്നെ കാണിച്ചുകൊടുക്കുന്നവൻ അടുത്തിരിക്കുന്നു എന്നു പറഞ്ഞു. അവൻ സംസാരിക്കുമ്പോൾ തന്നെ പന്തിരുവരിൽ ഒരുത്തനായ യൂദായും അവനോടുകൂടെ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അയച്ച വലിയോരു പുരുഷാരവും വാളും വടികളുമായി വന്നു. അവനെ കാണിച്ചുകൊടുക്കുന്നവൻ: ഞാൻ ഏവനെ ചുംബിക്കുമോ അവൻതന്നെ ആകുന്നു; അവനെ പിടിച്ചുകൊൾവിൻ എന്ന് അവർക്ക് ഒരു അടയാളം കൊടുത്തിരുന്നു. ഉടനെ അവൻ യേശുവിന്റെ അടുക്കൽ വന്നു: റബ്ബീ, വന്ദനം എന്നു പറഞ്ഞ് അവനെ ചുംബിച്ചു. യേശു അവനോട്: സ്നേഹിതാ, നീ വന്ന കാര്യം എന്ത് എന്നു പറഞ്ഞപ്പോൾ അവർ അടുത്തു യേശുവിന്മേൽ കൈ വച്ച് അവനെ പിടിച്ചു. അപ്പോൾ യേശുവിനോടുകൂടെ ഉള്ളവരിൽ ഒരുവൻ കൈനീട്ടി വാൾ ഊരി, മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ കാത് അറുത്തു. യേശു അവനോട്: വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവരൊക്കെയും വാളാൽ നശിച്ചുപോകും. എന്റെ പിതാവിനോട് ഇപ്പോൾതന്നെ പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതന്മാരെ എന്റെ അരികെ നിറുത്തേണ്ടതിന് എനിക്ക് അപേക്ഷിച്ചുകൂടാ എന്നു തോന്നുന്നുവോ? എന്നാൽ ഇങ്ങനെ സംഭവിക്കേണം എന്നുള്ള തിരുവെഴുത്തുകൾക്ക് എങ്ങനെ നിവൃത്തിവരും എന്നു പറഞ്ഞു. ആ നാഴികയിൽ യേശു പുരുഷാരത്തോട്: ഒരു കള്ളന്റെ നേരേ എന്നപോലെ നിങ്ങൾ എന്നെ പിടിപ്പാൻ വാളും വടിയുമായി വന്നിരിക്കുന്നു; ഞാൻ ദിവസേന ഉപദേശിച്ചുകൊണ്ടു ദൈവാലയത്തിൽ ഇരുന്നിട്ടും നിങ്ങൾ എന്നെ പിടിച്ചില്ല. എന്നാൽ ഇതൊക്കെയും പ്രവാചകന്മാരുടെ എഴുത്തുകൾ നിവൃത്തിയാകേണ്ടതിനു സംഭവിച്ചു എന്നു പറഞ്ഞു. അപ്പോൾ ശിഷ്യന്മാർ എല്ലാവരും അവനെ വിട്ട് ഓടിപ്പോയി.
മത്തായി 26:45-56 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതിനുശേഷം ശിഷ്യന്മാരുടെ അടുക്കൽ ചെന്നു ചോദിച്ചു: “നിങ്ങൾ ഇപ്പോഴും ഉറങ്ങി വിശ്രമിക്കുകയാണോ? ഇതാ, മനുഷ്യപുത്രനെ പാപിഷ്ഠരുടെ കൈയിൽ ഏല്പിച്ചുകൊടുക്കുവാനുള്ള സമയം ആസന്നമായിരിക്കുന്നു. എഴുന്നേല്‌ക്കുക, നമുക്കുപോകാം; എന്നെ ഒറ്റിക്കൊടുക്കുന്നവൻ ഇതാ എത്തിക്കഴിഞ്ഞു.” ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനായ യൂദാസ് എത്തിച്ചേർന്നു. മുഖ്യപുരോഹിതന്മാരും യെഹൂദാപ്രമാണിമാരും അയച്ച ഒരു വലിയ ജനാവലി വാളും കുറുവടിയുമായി അയാളുടെ കൂടെയുണ്ടായിരുന്നു. “ഞാൻ ആരെ ചുംബിക്കുന്നുവോ അയാളെയാണു നിങ്ങൾക്കു വേണ്ടത്. അയാളെ പിടിച്ചുകൊള്ളുക” എന്ന് ഒറ്റുകാരൻ അവർക്ക് സൂചന നല്‌കിയിരുന്നു. യൂദാസ് നേരെ യേശുവിന്റെ അടുക്കലേക്കു ചെന്ന്, “ഗുരോ വന്ദനം” എന്നു പറഞ്ഞുകൊണ്ട് അവിടുത്തെ ചുംബിച്ചു. “സ്നേഹിതാ! നീ വന്നതെന്തിനാണ്?” എന്നു യേശു ചോദിച്ചു. അപ്പോൾ അവർ മുമ്പോട്ടുവന്ന് യേശുവിനെ പിടിച്ചു ബന്ധിച്ചു. യേശുവിന്റെ കൂടെയുണ്ടായിരുന്നവരിൽ ഒരാൾ വാളൂരി മഹാപുരോഹിതന്റെ ഭൃത്യനെ വെട്ടി. വെട്ടേറ്റ് ആ ഭൃത്യന്റെ കാത് അറ്റുപോയി. അപ്പോൾ യേശു ആ ശിഷ്യനോട്, “വാൾ ഉറയിലിടുക; വാളെടുക്കുന്നവൻ വാളാൽത്തന്നെ നശിക്കും. എന്റെ പിതാവിനോട് ആവശ്യപ്പെട്ടിരുന്നെങ്കിൽ അവിടുന്ന് ഉടനടി മാലാഖമാരുടെ പന്ത്രണ്ടിലധികം സൈന്യദളങ്ങളെ അയയ്‍ക്കുമായിരുന്നു എന്നുള്ളത് നിനക്കറിഞ്ഞുകൂടേ? പക്ഷേ അങ്ങനെ ആയാൽ ഇപ്രകാരമൊക്കെ സംഭവിക്കേണ്ടതാണെന്നുള്ള വേദലിഖിതം എങ്ങനെ നിറവേറും?” അപ്പോൾ ജനക്കൂട്ടത്തോട് അവിടുന്ന് ഇപ്രകാരം പറഞ്ഞു: “ഒരു കള്ളനെയെന്നവണ്ണമാണല്ലോ നിങ്ങൾ എന്നെ പിടിക്കുവാൻ വാളും വടിയുമായി വന്നിരിക്കുന്നത്. ദിവസേന ഞാൻ ദേവാലയത്തിൽ പഠിപ്പിച്ചുകൊണ്ടിരുന്നല്ലോ. എന്നിട്ടും നിങ്ങൾ എന്നെ പിടിച്ചില്ല. എന്നാൽ പ്രവാചകന്മാർ എഴുതിയിട്ടുള്ളതു നിറവേറുന്നതിനാണ് ഇവയെല്ലാം സംഭവിച്ചത്.” അപ്പോൾ ശിഷ്യന്മാരെല്ലാം യേശുവിനെ വിട്ട് ഓടിപ്പോയി.
മത്തായി 26:45-56 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പിന്നെ ശിഷ്യന്മാരുടെ അടുക്കൽ വന്നു: ഇപ്പോഴും നിങ്ങൾ ഉറങ്ങി ആശ്വസിച്ചു കൊണ്ടിരിക്കുന്നുവോ? സമയം സമീപിച്ചിരിക്കുന്നു; മനുഷ്യപുത്രൻ പാപികളുടെ കയ്യിൽ ഏല്പിക്കപ്പെടുന്നു; എഴുന്നേല്പിൻ, നമുക്കു പോകാം; ഇതാ, എന്നെ കാണിച്ചുകൊടുക്കുന്നവൻ അടുത്തെത്തിയിരിക്കുന്നു എന്നു പറഞ്ഞു. അവൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ പന്തിരുവരിൽ ഒരുവനായ യൂദയും അവനോട് കൂടെ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അയച്ച വലിയൊരു പുരുഷാരവും വാളുകളും വടികളുമായി വന്നു. യേശുവിനെ കാണിച്ചുകൊടുക്കുന്നവൻ അവർക്ക് ഒരു അടയാളം കൊടുത്തിരുന്നു; “ഞാൻ ആരെ ചുംബിക്കുമോ അവൻ തന്നെ ആകുന്നു, അവനെ പിടിച്ചുകൊൾവിൻ“ എന്നു പറഞ്ഞു. ഉടനെ അവൻ യേശുവിന്റെ അടുക്കൽ വന്നു: “വന്ദനം റബ്ബീ“ എന്നു പറഞ്ഞു അവനെ ചുംബിച്ചു. യേശു അവനോട്: സ്നേഹിതാ, നീ വന്ന കാര്യം എന്ത് എന്നു പറഞ്ഞപ്പോൾ അവർ അടുത്തുവന്ന് യേശുവിന്മേൽ കൈ വച്ചു അവനെ പിടിച്ചു. അപ്പോൾ യേശുവിനോടു കൂടെയുള്ളവരിൽ ഒരുവൻ കൈ നീട്ടി വാൾ ഊരി, മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ കാത് അറുത്തു. യേശു അവനോട്: വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ തന്നെ നശിച്ചുപോകും. എന്റെ പിതാവിനോട് ഇപ്പോൾ തന്നെ പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതന്മാരെ എന്റെ അരികെ നിർത്തേണ്ടതിന് എനിക്ക് വിളിച്ചുകൂടാ എന്നു തോന്നുന്നുവോ? എന്നാൽ ഇങ്ങനെ സംഭവിച്ചിരിക്കണം എന്നുള്ള തിരുവെഴുത്തുകൾക്ക് പിന്നെ എങ്ങനെ നിവൃത്തിവരും എന്നു പറഞ്ഞു. ആ നാഴികയിൽ യേശു പുരുഷാരത്തോട്: ഒരു കൊള്ളക്കാരന്റെ നേരെ എന്നപോലെ നിങ്ങൾ എന്നെ പിടിപ്പാൻ വാളും വടിയുമായി വന്നിരിക്കുന്നു; ഞാൻ ദിവസേന ഉപദേശിച്ചുകൊണ്ട് ദൈവാലയത്തിൽ ഇരുന്നിട്ടും നിങ്ങൾ എന്നെ ബന്ധിച്ചില്ല. എന്നാൽ ഇതു ഒക്കെയും പ്രവാചകന്മാരുടെ എഴുത്തുകൾ നിവൃത്തിയാകേണ്ടതിന് സംഭവിച്ചു എന്നു പറഞ്ഞു. അപ്പോൾ ശിഷ്യന്മാർ എല്ലാവരും അവനെ വിട്ടു ഓടിപ്പോയി.
മത്തായി 26:45-56 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പിന്നെ ശിഷ്യന്മാരുടെ അടുക്കൽ വന്നു: ഇനി ഉറങ്ങി ആശ്വസിച്ചു കൊൾവിൻ; നാഴിക അടുത്തു; മനുഷ്യപുത്രൻ പാപികളുടെ കയ്യിൽ ഏല്പിക്കപ്പെടുന്നു; എഴുന്നേല്പിൻ, നാം പോക; ഇതാ, എന്നെ കാണിച്ചു കൊടുക്കുന്നവൻ അടുത്തിരിക്കുന്നു എന്നു പറഞ്ഞു. അവൻ സംസാരിക്കുമ്പോൾ തന്നേ പന്തിരുവരിൽ ഒരുത്തനായ യൂദയും അവനോടു കൂടെ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അയച്ച വലിയോരു പുരുഷാരവും വാളും വടികളുമായി വന്നു. അവനെ കാണിച്ചുകൊടുക്കുന്നവൻ; ഞാൻ ഏവനെ ചുംബിക്കുമോ അവൻ തന്നേ ആകുന്നു; അവനെ പിടിച്ചുകൊൾവിൻ എന്നു അവർക്കു ഒരു അടയാളം കൊടുത്തിരുന്നു. ഉടനെ അവൻ യേശുവിന്റെ അടുക്കൽ വന്നു: റബ്ബീ, വന്ദനം എന്നു പറഞ്ഞു അവനെ ചുംബിച്ചു. യേശു അവനോടു: സ്നേഹിതാ, നീ വന്ന കാര്യം എന്തു എന്നു പറഞ്ഞപ്പോൾ അവർ അടുത്തു യേശുവിന്മേൽ കൈ വെച്ചു അവനെ പിടിച്ചു. അപ്പോൾ യേശുവിനോടു കൂടെയുള്ളവരിൽ ഒരുവൻ കൈനീട്ടി വാൾ ഊരി, മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ കാതു അറുത്തു. യേശു അവനോടു: വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ നശിച്ചുപോകും. എന്റെ പിതാവിനോടു ഇപ്പോൾ തന്നേ പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതന്മാരെ എന്റെ അരികെ നിറുത്തേണ്ടതിന്നു എനിക്കു അപേക്ഷിച്ചുകൂടാ എന്നു തോന്നുന്നുവോ? എന്നാൽ ഇങ്ങനെ സംഭവിക്കേണം എന്നുള്ള തിരുവെഴുത്തുകൾക്കു എങ്ങനെ നിവൃത്തിവരും എന്നു പറഞ്ഞു. ആ നാഴികയിൽ യേശു പുരുഷാരത്തോടു: ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങൾ എന്നെ പിടിപ്പാൻ വാളും വടിയുമായി വന്നിരിക്കുന്നു; ഞാൻ ദിവസേന ഉപദേശിച്ചുകൊണ്ടു ദൈവാലയത്തിൽ ഇരുന്നിട്ടും നിങ്ങൾ എന്നെ പിടിച്ചില്ല. എന്നാൽ ഇതു ഒക്കെയും പ്രവാചകന്മാരുടെ എഴുത്തുകൾ നിവൃത്തിയാകേണ്ടതിന്നു സംഭവിച്ചു എന്നു പറഞ്ഞു. അപ്പോൾ ശിഷ്യന്മാർ എല്ലാവരും അവനെ വിട്ടു ഓടിപ്പോയി.
മത്തായി 26:45-56 സമകാലിക മലയാളവിവർത്തനം (MCV)
പിന്നെ അദ്ദേഹം ശിഷ്യന്മാരുടെ അടുക്കൽ മടങ്ങിവന്ന്, “ഇപ്പോഴും നിങ്ങൾ ഉറങ്ങി വിശ്രമിക്കുകയാണോ? മനുഷ്യപുത്രൻ പാപികളുടെ കൈയിൽ ഏൽപ്പിക്കപ്പെടാൻപോകുന്ന സമയം ഇതാ, വന്നിരിക്കുന്നു. എഴുന്നേൽക്കുക, നമുക്കു പോകാം. എന്നെ ഒറ്റിക്കൊടുക്കുന്നവൻ ഇതാ ഇവിടെ!” എന്നു പറഞ്ഞു. യേശു സംസാരിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ, പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ യൂദാ അവിടെയെത്തി. പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും അയച്ച ഒരു ജനസഞ്ചയം വാളുകളും വടികളുമേന്തി അവനോടൊപ്പം വന്നിരുന്നു. ഒറ്റിക്കൊടുക്കുന്ന, യൂദാ, “ഞാൻ ചുംബനംകൊണ്ട് ആരെ അഭിവാദനംചെയ്യുന്നോ; അദ്ദേഹത്തെ അറസ്റ്റ് ചെയ്യുക.” എന്ന ഒരടയാളം അവരുമായി പറഞ്ഞൊത്തിരുന്നു. അപ്പോൾത്തന്നെ യൂദാ യേശുവിന്റെ അടുത്തേക്കുചെന്ന്, “റബ്ബീ, വന്ദനം” എന്നു പറഞ്ഞ് അദ്ദേഹത്തെ ചുംബിച്ചു. യേശു, “സ്നേഹിതാ, നീ വന്നതെന്തിനോ അതുതന്നെ ചെയ്യുക” എന്നു പ്രതിവചിച്ചു. ഉടനെ ജനം മുമ്പോട്ടുചെന്ന് യേശുവിനെ കടന്നുപിടിച്ച് അദ്ദേഹത്തെ ബന്ധിച്ചു. അപ്പോൾ യേശുവിനോടൊപ്പം നിന്നവരിൽ ഒരാൾ കൈനീട്ടി തന്റെ വാൾ വലിച്ചൂരി മഹാപുരോഹിതന്റെ ദാസനെ വെട്ടി; അയാളുടെ കാത് ഛേദിച്ചുകളഞ്ഞു. അപ്പോൾ യേശു അവനോട്, “നിന്റെ വാൾ ഉറയിലിടുക, വാളേന്തുന്നവരുടെയെല്ലാം അന്ത്യം വാൾകൊണ്ടുതന്നെയായിരിക്കും. എനിക്ക് എന്റെ പിതാവിൽനിന്ന് സഹായം അഭ്യർഥിക്കാൻ കഴിയുകയില്ല എന്നാണോ നീ കരുതുന്നത്? ഇപ്പോൾത്തന്നെ അവിടന്ന് പതിനായിരക്കണക്കിന് ദൂതന്മാരെ എനിക്കുവേണ്ടി അണിനിരത്തുകയില്ലേ? അങ്ങനെയായാൽ ഇവയെല്ലാം സംഭവിക്കണം എന്ന തിരുവെഴുത്തുകൾ എങ്ങനെ നിവൃത്തിയാകും?” എന്നു പറഞ്ഞു. അപ്പോൾത്തന്നെ യേശു ജനക്കൂട്ടത്തോട്, “ഞാൻ ഒരു വിപ്ളവം നയിക്കുന്നതിനാലാണോ നിങ്ങൾ എന്നെ പിടിച്ചുകെട്ടാൻ വാളുകളും വടികളുമേന്തി വരുന്നത്? ഞാൻ ദിവസവും ഉപദേശിച്ചുകൊണ്ട് ദൈവാലയാങ്കണത്തിൽ ഇരുന്നപ്പോൾ എന്നെ നിങ്ങൾ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല? എന്നാൽ, തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവാചകവചസ്സുകൾ നിറവേറുന്നതിന് ഇതെല്ലാം സംഭവിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾത്തന്നെ ശിഷ്യന്മാർ എല്ലാവരും യേശുവിനെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.