മത്തായി 26:30-35
മത്തായി 26:30-35 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെ അവർ സ്തോത്രം പാടിയശേഷം ഒലിവുമലയ്ക്കു പുറപ്പെട്ടുപോയി. യേശു അവരോട്: ഈ രാത്രിയിൽ നിങ്ങൾ എല്ലാവരും എങ്കൽ ഇടറും; ഞാൻ ഇടയനെ വെട്ടും; കൂട്ടത്തിലെ ആടുകൾ ചിതറിപ്പോകും എന്ന് എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ ഞാൻ ഉയിർത്തെഴുന്നേറ്റശേഷം നിങ്ങൾക്കു മുമ്പായി ഗലീലയ്ക്കു പോകും. അതിനു പത്രൊസ്: എല്ലാവരും നിങ്കൽ ഇടറിയാലും ഞാൻ ഒരുനാളും ഇടറുകയില്ല എന്ന് ഉത്തരം പറഞ്ഞു. യേശു അവനോട്: ഈ രാത്രിയിൽ കോഴി കൂകുംമുമ്പേ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു എന്നു പറഞ്ഞു. നിന്നോടു കൂടെ മരിക്കേണ്ടിവന്നാലും ഞാൻ നിന്നെ തള്ളിപ്പറകയില്ല എന്നു പത്രൊസ് അവനോടു പറഞ്ഞു; അതുപോലെതന്നെ ശിഷ്യന്മാർ എല്ലാവരും പറഞ്ഞു.
മത്തായി 26:30-35 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഒരു സ്തോത്രഗാനം പാടിയശേഷം അവർ ഒലിവുമലയിലേക്കു പുറപ്പെട്ടു. യേശു അവരോടു പറഞ്ഞു: ” ഈ രാത്രിയിൽ നിങ്ങളെല്ലാവരും എന്നെവിട്ട് ഓടിപ്പോകും; ‘ഞാൻ ഇടയനെ വധിക്കും; പറ്റത്തിൽനിന്ന് ആടുകൾ ചിതറിപ്പോകുകയും ചെയ്യും’ എന്നു വിശുദ്ധഗ്രന്ഥത്തിൽ പറയുന്നുണ്ടല്ലോ. എന്നാൽ ഞാൻ ഉയിർത്തെഴുന്നേറ്റ ശേഷം നിങ്ങൾക്കു മുമ്പായി ഗലീലയിലേക്കു പോകും.” പത്രോസ് യേശുവിനോടു പറഞ്ഞു: “മറ്റുള്ളവരെല്ലാം അങ്ങയെ ഉപേക്ഷിച്ചുപോയാലും ഞാൻ ഒരിക്കലും അങ്ങയെ വിട്ടുപിരിയുകയില്ല.” അതിന് യേശു: “പത്രോസേ, ഞാൻ നിന്നോട് ഉറപ്പിച്ചു പറയുന്നു: എന്നെ അറിയുകയില്ല എന്ന് നീ ഈ രാത്രിയിൽ കോഴി കൂകുന്നതിനുമുമ്പ് മൂന്നുവട്ടം തള്ളിപ്പറയും” എന്നു മറുപടി പറഞ്ഞു. പത്രോസ് യേശുവിനോട്, “അങ്ങയുടെകൂടെ മരിക്കേണ്ടിവന്നാലും ഞാൻ ഒരിക്കലും അങ്ങയെ തള്ളിപ്പറയുകയില്ല” എന്നു പറഞ്ഞു. അതുപോലെതന്നെ എല്ലാ ശിഷ്യന്മാരും പറഞ്ഞു.
മത്തായി 26:30-35 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പിന്നെ അവർ സ്തോത്രാലാപനത്തിന് ശേഷം ഒലിവുമലയ്ക്ക് പുറപ്പെട്ടുപോയി. യേശു അവരോട്: ഈ രാത്രിയിൽ ഞാൻ നിമിത്തം നിങ്ങൾ എല്ലാവരും വീണുപോകും; ഞാൻ ഇടയനെ വെട്ടും; ആട്ടിൻകൂട്ടങ്ങൾ എല്ലാം ചിതറിപ്പോകും എന്നു എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ ഞാൻ ഉയിർത്തെഴുന്നേറ്റശേഷം നിങ്ങൾക്ക് മുമ്പെ ഗലീലയ്ക്കു പോകും. അതിന് പത്രൊസ്: “എല്ലാവരും അങ്ങ് നിമിത്തം വീണുപോയാലും ഞാൻ ഒരുനാളും വീഴുകയില്ല“ എന്നു ഉത്തരം പറഞ്ഞു. യേശു അവനോട്: ഈ രാത്രിയിൽ കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായിട്ട് നിന്നോട് പറയുന്നു എന്നു പറഞ്ഞു. “നിന്നോട് കൂടെ മരിക്കേണ്ടിവന്നാലും ഞാൻ നിന്നെ തള്ളിപ്പറകയില്ല“ എന്നു പത്രൊസ് അവനോട് പറഞ്ഞു. അതുപോലെ തന്നെ ശിഷ്യന്മാർ എല്ലാവരും പറഞ്ഞു.
മത്തായി 26:30-35 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പിന്നെ അവർ സ്തോത്രം പാടിയശേഷം ഒലീവ് മലെക്കു പുറപ്പെട്ടുപോയി. യേശു അവരോടു: ഈ രാത്രിയിൽ നിങ്ങൾ എല്ലാവരും എങ്കൽ ഇടറും; ഞാൻ ഇടയനെ വെട്ടും; കൂട്ടത്തിലെ ആടുകൾ ചിതറിപ്പോകും എന്നു എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ ഞാൻ ഉയിർത്തെഴുന്നേറ്റശേഷം നിങ്ങൾക്കു മുമ്പായി ഗലീലെക്കു പോകും. അതിന്നു പത്രൊസ്: എല്ലാവരും നിങ്കൽ ഇടറിയാലും ഞാൻ ഒരുനാളും ഇടറുകയില്ല എന്നു ഉത്തരം പറഞ്ഞു. യേശു അവനോടു: ഈ രാത്രിയിൽ കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു എന്നു പറഞ്ഞു. നിന്നോടു കൂടെ മരിക്കേണ്ടിവന്നാലും ഞാൻ നിന്നെ തള്ളിപ്പറകയില്ല എന്നു പത്രൊസ് അവനോടു പറഞ്ഞു. അതുപോലെ തന്നേ ശിഷ്യന്മാർ എല്ലാവരും പറഞ്ഞു.
മത്തായി 26:30-35 സമകാലിക മലയാളവിവർത്തനം (MCV)
ഇതിനുശേഷം അവർ ഒരു സ്തോത്രഗീതം പാടി; ഒലിവുമലയിലേക്ക് പോയി. പിന്നെ യേശു അവരോടു പറഞ്ഞത്: “ഈ രാത്രിയിൽത്തന്നെ എനിക്ക് സംഭവിക്കാൻപോകുന്ന കാര്യങ്ങൾനിമിത്തം നിങ്ങൾ എല്ലാവരും എന്നെ പരിത്യജിക്കും. “ ‘ഞാൻ ഇടയനെ വെട്ടും; ആട്ടിൻപറ്റം ചിതറിപ്പോകും,’ എന്നു തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നല്ലോ. എന്നാൽ, ഞാൻ ഉയിർത്തെഴുന്നേറ്റതിനുശേഷം നിങ്ങൾക്ക് മുമ്പായി ഗലീലയിലേക്കു പോകും.” അപ്പോൾ പത്രോസ്, “എല്ലാവരും അങ്ങയെ ഉപേക്ഷിച്ചാലും ഞാൻ ഒരിക്കലും അങ്ങനെ ചെയ്യുകയില്ല” എന്നു പറഞ്ഞു. അതിന് യേശു, “ഈ രാത്രിയിൽത്തന്നെ, കോഴി കൂവുന്നതിനുമുമ്പ്, നിശ്ചയമായും എന്നെ നീ മൂന്നുപ്രാവശ്യം തിരസ്കരിച്ചിരിക്കും എന്നു ഞാൻ നിന്നോടു പറയുന്നു” എന്നു മറുപടി പറഞ്ഞു. “ഒരിക്കലുമില്ല, അങ്ങയോടൊപ്പം മരിക്കേണ്ടിവന്നാലും, ഞാൻ അങ്ങയെ തിരസ്കരിക്കുകയില്ല.” പത്രോസ് പ്രഖ്യാപിച്ചു. മറ്റു ശിഷ്യന്മാരും ഇതുതന്നെ ആവർത്തിച്ചു.