മത്തായി 26:23-75

മത്തായി 26:23-75 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവൻ ഉത്തരം പറഞ്ഞത്: എന്നോടുകൂടെ കൈ താലത്തിൽ മുക്കുന്നവൻ തന്നെ എന്നെ കാണിച്ചുകൊടുക്കും. തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ മനുഷ്യപുത്രൻ പോകുന്നു സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യനോ ഹാ കഷ്ടം; ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവനു കൊള്ളായിരുന്നു. എന്നാറെ അവനെ കാണിച്ചുകൊടുക്കുന്ന യൂദാ: ഞാനോ, റബ്ബീ, എന്നു പറഞ്ഞതിന്: നീ തന്നെ എന്ന് അവൻ പറഞ്ഞു. അവർ ഭക്ഷിക്കുമ്പോൾ യേശു അപ്പം എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാർക്കു കൊടുത്തു: വാങ്ങി ഭക്ഷിപ്പിൻ; ഇത് എന്റെ ശരീരം എന്നു പറഞ്ഞു. പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവർക്കു കൊടുത്തു: എല്ലാവരും ഇതിൽനിന്നു കുടിപ്പിൻ. ഇത് അനേകർക്കുവേണ്ടി പാപമോചനത്തിനായി ചൊരിയുന്ന പുതിയനിയമത്തിനുള്ള എന്റെ രക്തം; എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടുകൂടെ പുതുതായി കുടിക്കുംനാൾവരെ ഞാൻ മുന്തിരിവള്ളിയുടെ ഈ അനുഭവത്തിൽനിന്ന് ഇനി കുടിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. പിന്നെ അവർ സ്തോത്രം പാടിയശേഷം ഒലിവുമലയ്ക്കു പുറപ്പെട്ടുപോയി. യേശു അവരോട്: ഈ രാത്രിയിൽ നിങ്ങൾ എല്ലാവരും എങ്കൽ ഇടറും; ഞാൻ ഇടയനെ വെട്ടും; കൂട്ടത്തിലെ ആടുകൾ ചിതറിപ്പോകും എന്ന് എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ ഞാൻ ഉയിർത്തെഴുന്നേറ്റശേഷം നിങ്ങൾക്കു മുമ്പായി ഗലീലയ്ക്കു പോകും. അതിനു പത്രൊസ്: എല്ലാവരും നിങ്കൽ ഇടറിയാലും ഞാൻ ഒരുനാളും ഇടറുകയില്ല എന്ന് ഉത്തരം പറഞ്ഞു. യേശു അവനോട്: ഈ രാത്രിയിൽ കോഴി കൂകുംമുമ്പേ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു എന്നു പറഞ്ഞു. നിന്നോടു കൂടെ മരിക്കേണ്ടിവന്നാലും ഞാൻ നിന്നെ തള്ളിപ്പറകയില്ല എന്നു പത്രൊസ് അവനോടു പറഞ്ഞു; അതുപോലെതന്നെ ശിഷ്യന്മാർ എല്ലാവരും പറഞ്ഞു. അനന്തരം യേശു അവരുമായി ഗെത്ത്ശെമന എന്ന തോട്ടത്തിൽ വന്നു ശിഷ്യന്മാരോട്: ഞാൻ അവിടെ പോയി പ്രാർഥിച്ചു വരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു, പത്രൊസിനെയും സെബെദിപുത്രന്മാർ ഇരുവരെയും കൂട്ടിക്കൊണ്ടുചെന്നു ദുഃഖിച്ചും വ്യാകുലപ്പെട്ടും തുടങ്ങി: എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ താമസിച്ച് എന്നോടുകൂടെ ഉണർന്നിരിപ്പിൻ എന്ന് അവരോടു പറഞ്ഞു. പിന്നെ അവൻ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽനിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ എന്നു പ്രാർഥിച്ചു. പിന്നെ അവൻ ശിഷ്യന്മാരുടെ അടുക്കൽ വന്നു, അവർ ഉറങ്ങുന്നതു കണ്ടു, പത്രൊസിനോട്: എന്നോടുകൂടെ ഒരു നാഴികപോലും ഉണർന്നിരിപ്പാൻ നിങ്ങൾക്കു കഴിഞ്ഞില്ലയോ? പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണർന്നിരുന്നു പ്രാർഥിപ്പിൻ; ആത്മാവ് ഒരുക്കമുള്ളത്, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു. രണ്ടാമതും പോയി: പിതാവേ, ഞാൻ കുടിക്കാതെ അതു നീങ്ങിക്കൂടാ എങ്കിൽ, നിന്റെ ഇഷ്ടം ആകട്ടെ എന്നു പ്രാർഥിച്ചു. അനന്തരം അവൻ വന്ന്, അവർ കണ്ണിനു ഭാരം ഏറുകയാൽ പിന്നെയും ഉറങ്ങുന്നതു കണ്ടു. അവരെ വിട്ടു മൂന്നാമതും പോയി ആ വചനംതന്നെ ചൊല്ലി പ്രാർഥിച്ചു. പിന്നെ ശിഷ്യന്മാരുടെ അടുക്കൽ വന്നു: ഇനി ഉറങ്ങി ആശ്വസിച്ചുകൊൾവിൻ; നാഴിക അടുത്തു; മനുഷ്യപുത്രൻ പാപികളുടെ കൈയിൽ ഏല്പിക്കപ്പെടുന്നു; എഴുന്നേല്പിൻ, നാം പോക; ഇതാ, എന്നെ കാണിച്ചുകൊടുക്കുന്നവൻ അടുത്തിരിക്കുന്നു എന്നു പറഞ്ഞു. അവൻ സംസാരിക്കുമ്പോൾ തന്നെ പന്തിരുവരിൽ ഒരുത്തനായ യൂദായും അവനോടുകൂടെ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അയച്ച വലിയോരു പുരുഷാരവും വാളും വടികളുമായി വന്നു. അവനെ കാണിച്ചുകൊടുക്കുന്നവൻ: ഞാൻ ഏവനെ ചുംബിക്കുമോ അവൻതന്നെ ആകുന്നു; അവനെ പിടിച്ചുകൊൾവിൻ എന്ന് അവർക്ക് ഒരു അടയാളം കൊടുത്തിരുന്നു. ഉടനെ അവൻ യേശുവിന്റെ അടുക്കൽ വന്നു: റബ്ബീ, വന്ദനം എന്നു പറഞ്ഞ് അവനെ ചുംബിച്ചു. യേശു അവനോട്: സ്നേഹിതാ, നീ വന്ന കാര്യം എന്ത് എന്നു പറഞ്ഞപ്പോൾ അവർ അടുത്തു യേശുവിന്മേൽ കൈ വച്ച് അവനെ പിടിച്ചു. അപ്പോൾ യേശുവിനോടുകൂടെ ഉള്ളവരിൽ ഒരുവൻ കൈനീട്ടി വാൾ ഊരി, മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ കാത് അറുത്തു. യേശു അവനോട്: വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവരൊക്കെയും വാളാൽ നശിച്ചുപോകും. എന്റെ പിതാവിനോട് ഇപ്പോൾതന്നെ പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതന്മാരെ എന്റെ അരികെ നിറുത്തേണ്ടതിന് എനിക്ക് അപേക്ഷിച്ചുകൂടാ എന്നു തോന്നുന്നുവോ? എന്നാൽ ഇങ്ങനെ സംഭവിക്കേണം എന്നുള്ള തിരുവെഴുത്തുകൾക്ക് എങ്ങനെ നിവൃത്തിവരും എന്നു പറഞ്ഞു. ആ നാഴികയിൽ യേശു പുരുഷാരത്തോട്: ഒരു കള്ളന്റെ നേരേ എന്നപോലെ നിങ്ങൾ എന്നെ പിടിപ്പാൻ വാളും വടിയുമായി വന്നിരിക്കുന്നു; ഞാൻ ദിവസേന ഉപദേശിച്ചുകൊണ്ടു ദൈവാലയത്തിൽ ഇരുന്നിട്ടും നിങ്ങൾ എന്നെ പിടിച്ചില്ല. എന്നാൽ ഇതൊക്കെയും പ്രവാചകന്മാരുടെ എഴുത്തുകൾ നിവൃത്തിയാകേണ്ടതിനു സംഭവിച്ചു എന്നു പറഞ്ഞു. അപ്പോൾ ശിഷ്യന്മാർ എല്ലാവരും അവനെ വിട്ട് ഓടിപ്പോയി. യേശുവിനെ പിടിച്ചവരോ മഹാപുരോഹിതനായ കയ്യഫായുടെ അടുക്കൽ ശാസ്ത്രിമാരും മൂപ്പന്മാരും ഒന്നിച്ചുകൂടിയിരുന്നേടത്ത് അവനെ കൊണ്ടുപോയി. എന്നാൽ പത്രൊസ് ദൂരവേ മഹാപുരോഹിതന്റെ അരമനയോളം പിൻചെന്ന്, അകത്തു കടന്ന് അവസാനം കാൺമാൻ സേവകന്മാരോടുകൂടി ഇരുന്നു. മഹാപുരോഹിതന്മാരും ന്യായാധിപസംഘമൊക്കെയും യേശുവിനെ കൊല്ലേണ്ടതിന് അവന്റെ നേരേ കള്ളസ്സാക്ഷ്യം അന്വേഷിച്ചു; കള്ളസ്സാക്ഷികൾ പലരും വന്നിട്ടും പറ്റിയില്ല. ഒടുവിൽ രണ്ടുപേർ വന്ന്: ദൈവമന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു വീണ്ടും പണിവാൻ എനിക്കു കഴിയും എന്ന് ഇവൻ പറഞ്ഞു എന്നു ബോധിപ്പിച്ചു. മഹാപുരോഹിതൻ എഴുന്നേറ്റ് അവനോട്: നീ ഒരു ഉത്തരവും പറയുന്നില്ലയോ? ഇവർ നിന്റെ നേരേ സാക്ഷ്യം പറയുന്നത് എന്ത് എന്നു ചോദിച്ചു. യേശുവോ മിണ്ടാതിരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോടു: നീ ദൈവപുത്രനായ ക്രിസ്തു തന്നെയോ? പറക എന്നു ഞാൻ ജീവനുള്ള ദൈവത്തെക്കൊണ്ടു നിന്നോട് ആണയിട്ട് ചോദിക്കുന്നു എന്നു പറഞ്ഞു. യേശു അവനോട്: ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവശക്തന്റെ വലത്തുഭാഗത്ത് ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു എന്നു പറഞ്ഞു. ഉടനെ മഹാപുരോഹിതൻ വസ്ത്രം കീറി: ഇവൻ ദൈവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ടു നമുക്ക് എന്ത് ആവശ്യം? നിങ്ങൾ ഇപ്പോൾ ദൈവദൂഷണം കേട്ടുവല്ലോ; നിങ്ങൾക്ക് എന്തു തോന്നുന്നു എന്നു ചോദിച്ചതിന്: അവൻ മരണയോഗ്യൻ എന്ന് അവർ ഉത്തരം പറഞ്ഞു. അപ്പോൾ അവർ അവന്റെ മുഖത്തു തുപ്പി, അവനെ മുഷ്ടി ചുരുട്ടി കുത്തി, ചിലർ അവനെ കന്നത്തടിച്ചു: ഹേ, ക്രിസ്തുവേ, നിന്നെ തല്ലിയത് ആർ എന്നു ഞങ്ങളോടു പ്രവചിക്ക എന്നു പറഞ്ഞു. എന്നാൽ പത്രൊസ് പുറത്തു നടുമുറ്റത്ത് ഇരുന്നു. അവന്റെ അടുക്കൽ ഒരു വേലക്കാരത്തി വന്നു: നീയും ഗലീലക്കാരനായ യേശുവിനോടു കൂടെ ആയിരുന്നുവല്ലോ എന്നു പറഞ്ഞു. അതിന് അവൻ: നീ പറയുന്നത് എനിക്കു തിരിയുന്നില്ല എന്ന് എല്ലാവരും കേൾക്കെ തള്ളിപ്പറഞ്ഞു. പിന്നെ അവൻ പടിപ്പുരയിലേക്കു പുറപ്പെടുമ്പോൾ മറ്റൊരുത്തി അവനെ കണ്ട് അവിടെ ഉള്ളവരോട്: ഇവനും നസറായനായ യേശുവിനോടുകൂടെയായിരുന്നു എന്നു പറഞ്ഞു. ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്ന് അവൻ രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു. അല്പനേരം കഴിഞ്ഞിട്ട് അവിടെ നിന്നവർ അടുത്തു വന്നു പത്രൊസിനോട്: നീയും അവരുടെ കൂട്ടത്തിൽ ഉള്ളവൻ സത്യം; നിന്റെ ഉച്ചാരണവും നിന്നെ വെളിവാക്കുന്നുവല്ലോ എന്നു പറഞ്ഞു. അപ്പോൾ അവൻ: ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു പ്രാകുവാനും ആണയിടുവാനും തുടങ്ങി; ഉടനെ കോഴി കൂകി. എന്നാറെ: കോഴി കൂകുമ്മുമ്പേ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു യേശു പറഞ്ഞ വാക്ക് പത്രൊസ് ഓർത്ത് പുറത്തുപോയി അതിദുഃഖത്തോടെ കരഞ്ഞു.

മത്തായി 26:23-75 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“എന്നോടുകൂടി താലത്തിൽ അപ്പം മുക്കുന്നവൻതന്നെ എന്നെ ഒറ്റിക്കൊടുക്കും” എന്ന് യേശുനാഥൻ പറഞ്ഞു. “വിശുദ്ധഗ്രന്ഥത്തിൽ പറയുന്നതുപോലെ മനുഷ്യപുത്രൻ കടന്നുപോകുന്നു; എങ്കിലും മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവന് ഹാ കഷ്ടം! ആ മനുഷ്യൻ ജനിക്കാതിരുന്നെങ്കിൽ അവനു നല്ലതായിരുന്നു” എന്നും അവിടുന്നു പറഞ്ഞു. യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ്, “ഗുരോ, തീർച്ചയായും അതു ഞാനല്ലല്ലോ” എന്നു പറഞ്ഞു. “നീ അങ്ങനെ പറയുന്നു” എന്ന് യേശു മറുപടി നല്‌കി. “അവർ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ യേശു അപ്പം എടുത്തു വാഴ്ത്തി മുറിച്ചു ശിഷ്യന്മാർക്കു കൊടുത്തു. അവിടുന്ന് അരുൾചെയ്തു: “വാങ്ങി ഭക്ഷിക്കുക; ഇത് എന്റെ ശരീരം.” അവിടുന്നു പാനപാത്രവും എടുത്തു സ്തോത്രം ചെയ്ത് അവർക്കു കൊടുത്തു. അവരോട് അവിടുന്ന് അരുൾചെയ്തു: “നിങ്ങൾ എല്ലാവരും ഇതിൽനിന്നു കുടിക്കുക; ഇതു ദൈവത്തിന്റെ ഉടമ്പടിയെ സ്ഥിരീകരിക്കുന്ന രക്തമാണ്; അസംഖ്യം ആളുകളുടെ പാപമോചനത്തിനായി ചൊരിയുന്ന എന്റെ രക്തംതന്നെ; ഞാൻ നിങ്ങളോടു പറയുന്നു: എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടുകൂടി പുതുതായി പാനം ചെയ്യുന്ന നാൾവരെ മുന്തിരിവള്ളിയുടെ ഫലത്തിൽനിന്ന് ഞാൻ ഇനി കുടിക്കുകയില്ല.” ഒരു സ്തോത്രഗാനം പാടിയശേഷം അവർ ഒലിവുമലയിലേക്കു പുറപ്പെട്ടു. യേശു അവരോടു പറഞ്ഞു: ” ഈ രാത്രിയിൽ നിങ്ങളെല്ലാവരും എന്നെവിട്ട് ഓടിപ്പോകും; ‘ഞാൻ ഇടയനെ വധിക്കും; പറ്റത്തിൽനിന്ന് ആടുകൾ ചിതറിപ്പോകുകയും ചെയ്യും’ എന്നു വിശുദ്ധഗ്രന്ഥത്തിൽ പറയുന്നുണ്ടല്ലോ. എന്നാൽ ഞാൻ ഉയിർത്തെഴുന്നേറ്റ ശേഷം നിങ്ങൾക്കു മുമ്പായി ഗലീലയിലേക്കു പോകും.” പത്രോസ് യേശുവിനോടു പറഞ്ഞു: “മറ്റുള്ളവരെല്ലാം അങ്ങയെ ഉപേക്ഷിച്ചുപോയാലും ഞാൻ ഒരിക്കലും അങ്ങയെ വിട്ടുപിരിയുകയില്ല.” അതിന് യേശു: “പത്രോസേ, ഞാൻ നിന്നോട് ഉറപ്പിച്ചു പറയുന്നു: എന്നെ അറിയുകയില്ല എന്ന് നീ ഈ രാത്രിയിൽ കോഴി കൂകുന്നതിനുമുമ്പ് മൂന്നുവട്ടം തള്ളിപ്പറയും” എന്നു മറുപടി പറഞ്ഞു. പത്രോസ് യേശുവിനോട്, “അങ്ങയുടെകൂടെ മരിക്കേണ്ടിവന്നാലും ഞാൻ ഒരിക്കലും അങ്ങയെ തള്ളിപ്പറയുകയില്ല” എന്നു പറഞ്ഞു. അതുപോലെതന്നെ എല്ലാ ശിഷ്യന്മാരും പറഞ്ഞു. പിന്നീട് യേശു ശിഷ്യന്മാരോടുകൂടി ഗത്ശമേന എന്ന സ്ഥലത്തേക്കു പോയി. അവിടുന്ന് അവരോട്, “ഞാൻ അതാ അവിടെപ്പോയി പ്രാർഥിച്ചു കഴിയുന്നതുവരെ നിങ്ങൾ ഇവിടെ ഇരിക്കുക” എന്നു പറഞ്ഞു. അനന്തരം പത്രോസിനെയും സെബദിയുടെ രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ട് യേശു പോയി. അവിടുന്ന് ശോകപരവശനും അസ്വസ്ഥചിത്തനും ആയിത്തീർന്നു. “എന്റെ മനോവേദന മരണവേദനപോലെ കഠിനമാണ്; നിങ്ങൾ ഇവിടെ എന്നോടുകൂടി ജാഗരൂകരായിരിക്കുക” എന്ന് അവിടുന്നു പറഞ്ഞു. അനന്തരം അവിടുന്നു അല്പം മുമ്പോട്ടുചെന്നു കമിഴ്ന്നുവീണു പ്രാർഥിച്ചു: “എന്റെ പിതാവേ, കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽനിന്നു നീക്കണമേ. എങ്കിലും ഞാൻ ഇച്ഛിക്കുന്നതുപോലെയല്ല, അങ്ങ് ഇച്ഛിക്കുന്നതുപോലെ നടക്കട്ടെ.” അതിനുശേഷം അവിടുന്നു ശിഷ്യന്മാരുടെ അടുക്കൽ തിരിച്ചുചെന്നപ്പോൾ അവർ ഉറങ്ങുന്നതായി കണ്ടു. യേശു പത്രോസിനോടു പറഞ്ഞു: “നിങ്ങൾക്കു മൂന്നു പേർക്കുപോലും ഒരു മണിക്കൂർ എന്നോടുകൂടി ഉണർന്നിരിക്കുവാൻ കഴിഞ്ഞില്ലല്ലോ; പരീക്ഷണത്തിൽ അകപ്പെടാതിരിക്കുവാൻ ജാഗ്രതയോടെ പ്രാർഥിക്കുക; ആത്മാവു നിശ്ചയമായും സന്നദ്ധമാണ്; ശരീരമോ ദുർബലം.” യേശു വീണ്ടും പോയി പ്രാർഥിച്ചു: “എന്റെ പിതാവേ, ഞാൻ കുടിക്കാതെ ഈ പാനപാത്രം നീങ്ങിപ്പോകുവാൻ സാധ്യമല്ലെങ്കിൽ അവിടുത്തെ ഇഷ്ടം നിറവേറട്ടെ.” വീണ്ടും അവിടുന്നു ശിഷ്യന്മാരുടെ അടുക്കൽ ചെന്നു. നിദ്രാഭാരംമൂലം അവർ പിന്നെയും ഉറങ്ങുന്നതായിട്ടാണു കണ്ടത്. അവരെ വിട്ടിട്ട് അവിടുന്നു മൂന്നാമതും പോയി, അതേ പ്രാർഥനതന്നെ ആവർത്തിച്ചു; അതിനുശേഷം ശിഷ്യന്മാരുടെ അടുക്കൽ ചെന്നു ചോദിച്ചു: “നിങ്ങൾ ഇപ്പോഴും ഉറങ്ങി വിശ്രമിക്കുകയാണോ? ഇതാ, മനുഷ്യപുത്രനെ പാപിഷ്ഠരുടെ കൈയിൽ ഏല്പിച്ചുകൊടുക്കുവാനുള്ള സമയം ആസന്നമായിരിക്കുന്നു. എഴുന്നേല്‌ക്കുക, നമുക്കുപോകാം; എന്നെ ഒറ്റിക്കൊടുക്കുന്നവൻ ഇതാ എത്തിക്കഴിഞ്ഞു.” ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനായ യൂദാസ് എത്തിച്ചേർന്നു. മുഖ്യപുരോഹിതന്മാരും യെഹൂദാപ്രമാണിമാരും അയച്ച ഒരു വലിയ ജനാവലി വാളും കുറുവടിയുമായി അയാളുടെ കൂടെയുണ്ടായിരുന്നു. “ഞാൻ ആരെ ചുംബിക്കുന്നുവോ അയാളെയാണു നിങ്ങൾക്കു വേണ്ടത്. അയാളെ പിടിച്ചുകൊള്ളുക” എന്ന് ഒറ്റുകാരൻ അവർക്ക് സൂചന നല്‌കിയിരുന്നു. യൂദാസ് നേരെ യേശുവിന്റെ അടുക്കലേക്കു ചെന്ന്, “ഗുരോ വന്ദനം” എന്നു പറഞ്ഞുകൊണ്ട് അവിടുത്തെ ചുംബിച്ചു. “സ്നേഹിതാ! നീ വന്നതെന്തിനാണ്?” എന്നു യേശു ചോദിച്ചു. അപ്പോൾ അവർ മുമ്പോട്ടുവന്ന് യേശുവിനെ പിടിച്ചു ബന്ധിച്ചു. യേശുവിന്റെ കൂടെയുണ്ടായിരുന്നവരിൽ ഒരാൾ വാളൂരി മഹാപുരോഹിതന്റെ ഭൃത്യനെ വെട്ടി. വെട്ടേറ്റ് ആ ഭൃത്യന്റെ കാത് അറ്റുപോയി. അപ്പോൾ യേശു ആ ശിഷ്യനോട്, “വാൾ ഉറയിലിടുക; വാളെടുക്കുന്നവൻ വാളാൽത്തന്നെ നശിക്കും. എന്റെ പിതാവിനോട് ആവശ്യപ്പെട്ടിരുന്നെങ്കിൽ അവിടുന്ന് ഉടനടി മാലാഖമാരുടെ പന്ത്രണ്ടിലധികം സൈന്യദളങ്ങളെ അയയ്‍ക്കുമായിരുന്നു എന്നുള്ളത് നിനക്കറിഞ്ഞുകൂടേ? പക്ഷേ അങ്ങനെ ആയാൽ ഇപ്രകാരമൊക്കെ സംഭവിക്കേണ്ടതാണെന്നുള്ള വേദലിഖിതം എങ്ങനെ നിറവേറും?” അപ്പോൾ ജനക്കൂട്ടത്തോട് അവിടുന്ന് ഇപ്രകാരം പറഞ്ഞു: “ഒരു കള്ളനെയെന്നവണ്ണമാണല്ലോ നിങ്ങൾ എന്നെ പിടിക്കുവാൻ വാളും വടിയുമായി വന്നിരിക്കുന്നത്. ദിവസേന ഞാൻ ദേവാലയത്തിൽ പഠിപ്പിച്ചുകൊണ്ടിരുന്നല്ലോ. എന്നിട്ടും നിങ്ങൾ എന്നെ പിടിച്ചില്ല. എന്നാൽ പ്രവാചകന്മാർ എഴുതിയിട്ടുള്ളതു നിറവേറുന്നതിനാണ് ഇവയെല്ലാം സംഭവിച്ചത്.” അപ്പോൾ ശിഷ്യന്മാരെല്ലാം യേശുവിനെ വിട്ട് ഓടിപ്പോയി. അവർ യേശുവിനെ ബന്ധനസ്ഥനാക്കി മഹാപുരോഹിതനായ കയ്യഫാസിന്റെ അടുക്കലേക്കു കൊണ്ടുപോയി. അവിടെ യെഹൂദാമതപണ്ഡിതന്മാരും ജനപ്രമാണിമാരും കൂടിയിരുന്നു. പത്രോസ് അല്പം അകലെ മാറി മഹാപുരോഹിതന്റെ അരമനയുടെ അങ്കണംവരെ യേശുവിനെ പിന്തുടർന്നു. അദ്ദേഹം അകത്തുകടന്ന് അവസാനം എന്താണെന്നറിയുന്നതിനായി ചേവകരോടുകൂടി ഇരുന്നു. മുഖ്യപുരോഹിതന്മാരും യെഹൂദ ന്യായാധിപസംഘവും അവിടെ കൂടിയിരുന്നു. യേശുവിനെ വധിക്കുന്നതിന് അവിടുത്തേക്കെതിരെ വ്യാജസാക്ഷ്യങ്ങൾ കണ്ടെത്തുവാൻ അവർ ശ്രമിച്ചു. ഒട്ടുവളരെ കള്ളസ്സാക്ഷികൾ ഹാജരായെങ്കിലും പറ്റിയ തെളിവു ലഭിച്ചില്ല. ഒടുവിൽ രണ്ടുപേർ മുമ്പോട്ടുവന്നു, “ദേവാലയം പൊളിച്ചു മൂന്നു ദിവസംകൊണ്ടു പണിയാമെന്ന് ഈ മനുഷ്യൻ പറഞ്ഞു” എന്നു മൊഴികൊടുത്തു. അപ്പോൾ മഹാപുരോഹിതൻ യേശുവിനോട് ചോദിച്ചു: “നിങ്ങൾക്കെതിരെ ഈ മനുഷ്യർ പറയുന്ന ആരോപണങ്ങൾക്ക് ഒന്നും മറുപടി പറയുന്നില്ലേ? യേശു ആകട്ടെ, മൗനം അവലംബിച്ചു. മഹാപുരോഹിതൻ വീണ്ടും യേശുവിനോടു ചോദിച്ചു: “ഞാൻ ജീവനുള്ള ദൈവത്തിന്റെ നാമത്തിൽ സത്യം ചെയ്തു ചോദിക്കുന്നു, താങ്കൾ ദൈവപുത്രനായ ക്രിസ്തുതന്നെ എങ്കിൽ അതു ഞങ്ങളോടു പറയുക.” യേശു പ്രതിവചിച്ചു: “നിങ്ങൾ അങ്ങനെ പറയുന്നു. മനുഷ്യപുത്രൻ ഇനിമേൽ സർവശക്തന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നതും വിൺമേഘങ്ങളിന്മേൽ ആഗതനാകുന്നതും നിങ്ങൾ കാണും എന്നു ഞാൻ നിങ്ങളോടു പറയുന്നു.” ഉടനെ മഹാപുരോഹിതൻ തന്റെ വസ്ത്രം കീറി; അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഇയാൾ ദൈവദൂഷണം പറഞ്ഞിരിക്കുന്നു. ഇനി നമുക്കു സാക്ഷികളുടെ ആവശ്യം എന്ത്? ഇയാൾ പറഞ്ഞ ദൈവദൂഷണം ഇതാ, ഇപ്പോൾ നിങ്ങൾ തന്നെ കേട്ടല്ലോ. നിങ്ങൾക്ക് എന്തു തോന്നുന്നു?” അപ്പോൾ അവർ ഇങ്ങനെ മറുപടി പറഞ്ഞു: “ഇയാൾ കുറ്റവാളിയാണ്; ഇയാൾക്കു വധശിക്ഷതന്നെ നല്‌കണം.” അവർ യേശുവിന്റെ മുഖത്തു തുപ്പുകയും മുഷ്‍ടിചുരുട്ടി ഇടിക്കുകയും ചിലർ ചെകിട്ടത്ത് അടിക്കുകയും ചെയ്തു. “ഹേ, ക്രിസ്തുവേ! താങ്കളെ അടിച്ചത് ആരാണെന്നു താങ്കളുടെ പ്രവചനശക്തികൊണ്ടു പറയുക” എന്നു ചിലർ പറഞ്ഞു. ഈ സമയത്ത് പത്രോസ് അരമനയുടെ അങ്കണത്തിലിരിക്കുകയായിരുന്നു. ഒരു പരിചാരിക അടുത്തുചെന്ന് “താങ്കളും ഗലീലക്കാരനായ യേശുവിന്റെകൂടെ ഉണ്ടായിരുന്ന ആളാണല്ലോ?” എന്നു ചോദിച്ചു. പത്രോസാകട്ടെ “നീ പറയുന്നത് എന്താണെന്ന് എനിക്കു മനസ്സിലാകുന്നില്ല” എന്ന് എല്ലാവരുടെയും മുമ്പിൽവച്ചു നിഷേധിച്ചു. അദ്ദേഹം പടിപ്പുരയിലേക്കു പോകുമ്പോൾ മറ്റൊരു പരിചാരിക അദ്ദേഹത്തെ കണ്ട്, “ഈ മനുഷ്യനും നസറായനായ യേശുവിന്റെകൂടെ ഉണ്ടായിരുന്ന ആളാണ്” എന്നു പറഞ്ഞു. “എനിക്ക് ആ മനുഷ്യനെ അറിഞ്ഞുകൂടാ” എന്നു വീണ്ടും പത്രോസ് ആണയിട്ടു തള്ളിപ്പറഞ്ഞു. അല്പം കഴിഞ്ഞ് അവിടെ നിന്നിരുന്നവർ ചെന്നു പത്രോസിനോട് “നിശ്ചയമായും താങ്കൾ അവരിലൊരാളാണ്; താങ്കളുടെ സംസാരത്തിന്റെ രീതിപോലും അതു തെളിയിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ പത്രോസ് “ഞാൻ ആ മനുഷ്യനെ അറിയുന്നില്ല” എന്നു പറഞ്ഞുകൊണ്ട് സത്യം ചെയ്യുവാനും സ്വയം ശപിക്കുവാനും തുടങ്ങി. ഉടനെ കോഴി കൂകി. “കോഴി കൂകുന്നതിനു മുമ്പ് നീ എന്നെ മൂന്നുവട്ടം തള്ളിപ്പറയും” എന്ന് യേശു പറഞ്ഞത് അപ്പോൾ പത്രോസ് ഓർമിച്ചു. അദ്ദേഹം പുറത്തുപോയി തീവ്രദുഃഖത്താൽ പൊട്ടിക്കരഞ്ഞു.

മത്തായി 26:23-75 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അവൻ ഉത്തരം പറഞ്ഞത്: എന്നോടുകൂടെ കൈ താലത്തിൽ മുക്കുന്നവൻ തന്നെ എന്നെ കാണിച്ചുകൊടുക്കും. തന്നെക്കുറിച്ച് എഴുതിയിരിക്കുന്നതുപോലെ മനുഷ്യപുത്രൻ പോകും; മനുഷ്യപുത്രനെ കാണിച്ചു കൊടുക്കുന്ന മനുഷ്യനോ ഹാ കഷ്ടം; ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവനു നന്നായിരുന്നു. അവനെ കാണിച്ചു കൊടുക്കുന്ന യൂദാ: “ഞാനോ, റബ്ബീ,“ എന്നു പറഞ്ഞതിന്:നീ സ്വയം പറഞ്ഞുവല്ലോ എന്നു അവൻ പറഞ്ഞു. അവർ ഭക്ഷിക്കുമ്പോൾ യേശു അപ്പം എടുത്തു അനുഗ്രഹിച്ചു നുറുക്കി ശിഷ്യന്മാർക്ക് കൊടുത്തു: വാങ്ങി ഭക്ഷിക്കുവിൻ; ഇതു എന്‍റെ ശരീരം എന്നു പറഞ്ഞു. പിന്നെ പാനപാത്രം എടുത്തു സ്തോത്രം അർപ്പിച്ച് അവർക്ക് കൊടുത്തു: ഇതിൽ നിന്നു എല്ലാവരും കുടിക്കുവിൻ. ഇതു എന്‍റെ രക്തം ഉടമ്പടിക്കായുള്ളത് അനേകർക്കുവേണ്ടി പാപമോചനത്തിനായി ചൊരിയുന്നു; എന്‍റെ പിതാവിന്‍റെ രാജ്യത്തിൽ നിങ്ങളോടുകൂടെ പുതുതായി കുടിക്കുംനാൾവരെ ഞാൻ മുന്തിരിവള്ളിയുടെ ഫലത്തിൻ്റെ ഈ അനുഭവത്തിൽ നിന്നു ഇനി കുടിക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. പിന്നെ അവർ സ്തോത്രാലാപനത്തിന് ശേഷം ഒലിവുമലയ്ക്ക് പുറപ്പെട്ടുപോയി. യേശു അവരോട്: ഈ രാത്രിയിൽ ഞാൻ നിമിത്തം നിങ്ങൾ എല്ലാവരും വീണുപോകും; ഞാൻ ഇടയനെ വെട്ടും; ആട്ടിൻകൂട്ടങ്ങൾ എല്ലാം ചിതറിപ്പോകും എന്നു എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ ഞാൻ ഉയിർത്തെഴുന്നേറ്റശേഷം നിങ്ങൾക്ക് മുമ്പെ ഗലീലയ്ക്കു പോകും. അതിന് പത്രൊസ്: “എല്ലാവരും അങ്ങ് നിമിത്തം വീണുപോയാലും ഞാൻ ഒരുനാളും വീഴുകയില്ല“ എന്നു ഉത്തരം പറഞ്ഞു. യേശു അവനോട്: ഈ രാത്രിയിൽ കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായിട്ട് നിന്നോട് പറയുന്നു എന്നു പറഞ്ഞു. “നിന്നോട് കൂടെ മരിക്കേണ്ടിവന്നാലും ഞാൻ നിന്നെ തള്ളിപ്പറകയില്ല“ എന്നു പത്രൊസ് അവനോട് പറഞ്ഞു. അതുപോലെ തന്നെ ശിഷ്യന്മാർ എല്ലാവരും പറഞ്ഞു. അനന്തരം യേശു അവരുമായി ഗെത്ത്ശമന എന്നറിയപ്പെടുന്ന തോട്ടത്തിൽ വന്നു ശിഷ്യന്മാരോട്: ഞാൻ അവിടെ പോയി പ്രാർത്ഥിച്ചു വരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു, തന്നോടൊപ്പം പത്രൊസിനേയും സെബെദിപുത്രന്മാർ ഇരുവരെയും കൂട്ടിക്കൊണ്ട് ചെന്നു ദുഃഖിച്ചും വ്യാകുലപ്പെട്ടും തുടങ്ങി: എന്‍റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ എന്നോടൊപ്പം ഉണർന്നിരിപ്പിൻ എന്നു അവരോട് പറഞ്ഞു. പിന്നെ അവൻ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ എന്നു പ്രാർത്ഥിച്ചു. പിന്നെ അവൻ ശിഷ്യന്മാരുടെ അടുക്കൽ വന്നു, അവർ ഉറങ്ങുന്നത് കണ്ടു, പത്രൊസിനോട്: എന്നോട് കൂടെ ഒരു നാഴികപോലും ഉണർന്നിരിപ്പാൻ നിങ്ങൾക്ക് കഴിഞ്ഞില്ലയോ? പരീക്ഷയിൽ അകപ്പെടാതിരിക്കുവാൻ ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ; ആത്മാവ് ഒരുക്കമുള്ളത്, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു രണ്ടാമതും പോയി: പിതാവേ, ഞാൻ കുടിക്കാതെ അത് നീങ്ങിക്കൂടാ എങ്കിൽ, നിന്‍റെ ഇഷ്ടം ആകട്ടെ എന്നു പ്രാർത്ഥിച്ചു. അനന്തരം അവൻ വന്നു, അവർ കണ്ണിന് ഭാരം ഏറുകയാൽ പിന്നെയും ഉറങ്ങുന്നത് കണ്ടു. അവരെ വിട്ടു മൂന്നാമതും പോയി ആ വചനം തന്നെ ചൊല്ലി പ്രാർത്ഥിച്ചു. പിന്നെ ശിഷ്യന്മാരുടെ അടുക്കൽ വന്നു: ഇപ്പോഴും നിങ്ങൾ ഉറങ്ങി ആശ്വസിച്ചു കൊണ്ടിരിക്കുന്നുവോ? സമയം സമീപിച്ചിരിക്കുന്നു; മനുഷ്യപുത്രൻ പാപികളുടെ കയ്യിൽ ഏല്പിക്കപ്പെടുന്നു; എഴുന്നേല്പിൻ, നമുക്കു പോകാം; ഇതാ, എന്നെ കാണിച്ചുകൊടുക്കുന്നവൻ അടുത്തെത്തിയിരിക്കുന്നു എന്നു പറഞ്ഞു. അവൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ പന്തിരുവരിൽ ഒരുവനായ യൂദയും അവനോട് കൂടെ മഹാപുരോഹിതന്മാരും ജനത്തിന്‍റെ മൂപ്പന്മാരും അയച്ച വലിയൊരു പുരുഷാരവും വാളുകളും വടികളുമായി വന്നു. യേശുവിനെ കാണിച്ചുകൊടുക്കുന്നവൻ അവർക്ക് ഒരു അടയാളം കൊടുത്തിരുന്നു; “ഞാൻ ആരെ ചുംബിക്കുമോ അവൻ തന്നെ ആകുന്നു, അവനെ പിടിച്ചുകൊൾവിൻ“ എന്നു പറഞ്ഞു. ഉടനെ അവൻ യേശുവിന്‍റെ അടുക്കൽ വന്നു: “വന്ദനം റബ്ബീ“ എന്നു പറഞ്ഞു അവനെ ചുംബിച്ചു. യേശു അവനോട്: സ്നേഹിതാ, നീ വന്ന കാര്യം എന്ത് എന്നു പറഞ്ഞപ്പോൾ അവർ അടുത്തുവന്ന് യേശുവിന്മേൽ കൈ വച്ചു അവനെ പിടിച്ചു. അപ്പോൾ യേശുവിനോടു കൂടെയുള്ളവരിൽ ഒരുവൻ കൈ നീട്ടി വാൾ ഊരി, മഹാപുരോഹിതന്‍റെ ദാസനെ വെട്ടി അവന്‍റെ കാത് അറുത്തു. യേശു അവനോട്: വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ തന്നെ നശിച്ചുപോകും. എന്‍റെ പിതാവിനോട് ഇപ്പോൾ തന്നെ പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതന്മാരെ എന്‍റെ അരികെ നിർത്തേണ്ടതിന് എനിക്ക് വിളിച്ചുകൂടാ എന്നു തോന്നുന്നുവോ? എന്നാൽ ഇങ്ങനെ സംഭവിച്ചിരിക്കണം എന്നുള്ള തിരുവെഴുത്തുകൾക്ക് പിന്നെ എങ്ങനെ നിവൃത്തിവരും എന്നു പറഞ്ഞു. ആ നാഴികയിൽ യേശു പുരുഷാരത്തോട്: ഒരു കൊള്ളക്കാരന്റെ നേരെ എന്നപോലെ നിങ്ങൾ എന്നെ പിടിപ്പാൻ വാളും വടിയുമായി വന്നിരിക്കുന്നു; ഞാൻ ദിവസേന ഉപദേശിച്ചുകൊണ്ട് ദൈവാലയത്തിൽ ഇരുന്നിട്ടും നിങ്ങൾ എന്നെ ബന്ധിച്ചില്ല. എന്നാൽ ഇതു ഒക്കെയും പ്രവാചകന്മാരുടെ എഴുത്തുകൾ നിവൃത്തിയാകേണ്ടതിന് സംഭവിച്ചു എന്നു പറഞ്ഞു. അപ്പോൾ ശിഷ്യന്മാർ എല്ലാവരും അവനെ വിട്ടു ഓടിപ്പോയി. യേശുവിനെ പിടിച്ചവരോ അവനെ മഹാപുരോഹിതനായ കയ്യഫായുടെ അടുക്കൽ ശാസ്ത്രിമാരും മൂപ്പന്മാരും ഒന്നിച്ചുകൂടിയിരുന്നിടത്തേക്ക് കൊണ്ടുപോയി. എന്നാൽ പത്രൊസ് ദൂരത്ത് നിന്നും പിൻതുടർന്നു മഹാപുരോഹിതന്‍റെ അരമനയോളം ചെന്നു, അകത്ത് കടന്ന് അവസാനം എന്താകും എന്നു കാണ്മാൻ സേവകന്മാരോടുകൂടി ഇരുന്നു മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലുവാനായി അവന്‍റെനേരെ കള്ളസാക്ഷ്യം അന്വേഷിച്ചു; കള്ളസാക്ഷികൾ പലരും വന്നിട്ടും ഒത്തുവന്നില്ല. ഒടുവിൽ രണ്ടുപേർ വന്നു: “ദൈവമന്ദിരം പൊളിച്ച് മൂന്നു ദിവസംകൊണ്ട് വീണ്ടും പണിവാൻ എനിക്ക് കഴിയും എന്നു ഇവൻ പറഞ്ഞു“ എന്നു അവരെ ധരിപ്പിച്ചു. മഹാപുരോഹിതൻ എഴുന്നേറ്റ് അവനോട്: “നിനക്കു ഒരു ഉത്തരവും പറയുവാനില്ലേ? ഇവർ നിന്‍റെനേരെ സാക്ഷ്യം പറയുന്നത് എന്ത്?“ എന്നു ചോദിച്ചു. യേശുവോ നിശബ്ദനായിരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോട്: “നീ ദൈവപുത്രനായ ക്രിസ്തുതന്നെയോ? പറക എന്നു ഞാൻ ജീവനുള്ള ദൈവത്തെക്കൊണ്ട് നിന്നോട് ആണയിട്ട് കൽപ്പിക്കുന്നു.“ യേശു അവനോട്: നീ നിന്നോട് തന്നെ അത് പറഞ്ഞിരിക്കുന്നു; ഇനി മനുഷ്യപുത്രൻ സർവ്വാധികാരത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു. ഉടനെ മഹാപുരോഹിതൻ വസ്ത്രം കീറി: “ഇവൻ ദൈവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ട് നമുക്കു എന്ത് ആവശ്യം? നിങ്ങൾ ഇപ്പോൾ ദൈവദൂഷണം കേട്ടുവല്ലോ; നിങ്ങൾക്ക് എന്ത് തോന്നുന്നു?“ എന്നു ചോദിച്ചതിന്: “അവൻ മരണയോഗ്യൻ“ എന്നു അവർ ഉത്തരം പറഞ്ഞു. അപ്പോൾ അവർ അവന്‍റെ മുഖത്തു തുപ്പി, കന്നത്തടിച്ചു, ചിലർ അവനെ മുഷ്ടിചുരുട്ടി കുത്തി, “ക്രിസ്തുവേ, നിന്നെ തല്ലിയത് ആർ എന്നു ഞങ്ങളോടു പ്രവചിക്ക“ എന്നു പറഞ്ഞു. എന്നാൽ പത്രൊസ് പുറത്തു മുറ്റത്ത് ഇരുന്നു. അവന്‍റെ അടുക്കൽ ഒരു വേലക്കാരി പെൺകുട്ടി വന്നു: “നീയും ഗലീലക്കാരനായ യേശുവിനോടുകൂടെ ആയിരുന്നുവല്ലോ“ എന്നു പറഞ്ഞു. അതിന് അവൻ: “നീ പറയുന്നത് എന്ത് എന്നു ഞാൻ അറിയുന്നില്ല“ എന്നു എല്ലാവരും കേൾക്കെ തള്ളിപ്പറഞ്ഞു. പിന്നെ അവൻ പടിപ്പുരയിലേക്ക് പുറപ്പെടുമ്പോൾ മറ്റൊരു വേലക്കാരി പെൺകുട്ടി അവനെ കണ്ടു അവിടെയുള്ളവരോട്: “ഇവനും നസറായനായ യേശുവിനോടു കൂടെയായിരുന്നു“ എന്നു പറഞ്ഞു. “ആ മനുഷ്യനെ ഞാൻ അറിയുന്നില്ല“ എന്നു അവൻ രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു. അല്പനേരം കഴിഞ്ഞിട്ട് അവിടെ നിന്നവർ അടുത്തുവന്നു പത്രൊസിനോട്: “നീയും അവരുടെ കൂട്ടത്തിൽ ഉള്ളവൻ സത്യം; നിന്‍റെ ഉച്ചാരണവും അത് വ്യക്തമാക്കുന്നുവല്ലോ“ എന്നു പറഞ്ഞു. അപ്പോൾ അവൻ: ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു ശപിക്കുവാനും ആണയിടുവാനും തുടങ്ങി; ഉടനെ കോഴി കൂകി. കോഴി കൂകും മുമ്പേ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു യേശു പറഞ്ഞവാക്ക് പത്രൊസ് ഓർത്തു പുറത്തുപോയി അതിദുഃഖത്തോടെ കരഞ്ഞു.

മത്തായി 26:23-75 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവൻ ഉത്തരം പറഞ്ഞതു: എന്നോടുകൂടെ കൈ താലത്തിൽ മുക്കുന്നവൻ തന്നേ എന്നെ കാണിച്ചുകൊടുക്കും. തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ മനുഷ്യപുത്രൻ പോകുന്നു സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യന്നോ ഹാ കഷ്ടം; ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവന്നു കൊള്ളായിരുന്നു. എന്നാറെ അവനെ കാണിച്ചുകൊടുക്കുന്ന യൂദാ: ഞാനോ, റബ്ബീ, എന്നു പറഞ്ഞതിന്നു: നീ തന്നേ എന്നു അവൻ പറഞ്ഞു. അവർ ഭക്ഷിക്കുമ്പോൾ യേശു അപ്പം എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാർക്കു കൊടുത്തു: വാങ്ങി ഭക്ഷിപ്പിൻ; ഇതു എന്റെ ശരീരം എന്നു പറഞ്ഞു. പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവർക്കു കൊടുത്തു: എല്ലാവരും ഇതിൽ നിന്നു കുടിപ്പിൻ. ഇതു അനേകർക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എന്റെ രക്തം; എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടുകൂടെ പുതുതായി കുടിക്കുംനാൾവരെ ഞാൻ മുന്തിരിവള്ളിയുടെ ഈ അനുഭവത്തിൽ നിന്നു ഇനി കുടിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. പിന്നെ അവർ സ്തോത്രം പാടിയശേഷം ഒലീവ് മലെക്കു പുറപ്പെട്ടുപോയി. യേശു അവരോടു: ഈ രാത്രിയിൽ നിങ്ങൾ എല്ലാവരും എങ്കൽ ഇടറും; ഞാൻ ഇടയനെ വെട്ടും; കൂട്ടത്തിലെ ആടുകൾ ചിതറിപ്പോകും എന്നു എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ ഞാൻ ഉയിർത്തെഴുന്നേറ്റശേഷം നിങ്ങൾക്കു മുമ്പായി ഗലീലെക്കു പോകും. അതിന്നു പത്രൊസ്: എല്ലാവരും നിങ്കൽ ഇടറിയാലും ഞാൻ ഒരുനാളും ഇടറുകയില്ല എന്നു ഉത്തരം പറഞ്ഞു. യേശു അവനോടു: ഈ രാത്രിയിൽ കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു എന്നു പറഞ്ഞു. നിന്നോടു കൂടെ മരിക്കേണ്ടിവന്നാലും ഞാൻ നിന്നെ തള്ളിപ്പറകയില്ല എന്നു പത്രൊസ് അവനോടു പറഞ്ഞു. അതുപോലെ തന്നേ ശിഷ്യന്മാർ എല്ലാവരും പറഞ്ഞു. അനന്തരം യേശു അവരുമായി ഗെത്ത്ശെമന എന്ന തോട്ടത്തിൽ വന്നു ശിഷ്യന്മാരോടു: ഞാൻ അവിടെ പോയി പ്രാർത്ഥിച്ചു വരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു, പത്രൊസിനെയും സെബെദിപുത്രന്മാർ ഇരുവരെയും കൂട്ടിക്കൊണ്ടു ചെന്നു ദുഃഖിച്ചും വ്യാകുലപ്പെട്ടും തുടങ്ങി: എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ താമസിച്ചു എന്നോടുകൂടെ ഉണർന്നിരിപ്പിൻ എന്നു അവരോടു പറഞ്ഞു. പിന്നെ അവൻ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ എന്നു പ്രാർത്ഥിച്ചു. പിന്നെ അവൻ ശിഷ്യന്മാരുടെ അടുക്കൽ വന്നു, അവർ ഉറങ്ങുന്നതു കണ്ടു, പത്രൊസിനോടു: എന്നോടു കൂടെ ഒരു നാഴികപോലും ഉണർന്നിരിപ്പാൻ നിങ്ങൾക്കു കഴിഞ്ഞില്ലയോ? പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു രണ്ടാമതും പോയി: പിതാവേ, ഞാൻ കുടിക്കാതെ അതു നീങ്ങിക്കൂടാ എങ്കിൽ, നിന്റെ ഇഷ്ടം ആകട്ടെ എന്നു പ്രാർത്ഥിച്ചു. അനന്തരം അവൻ വന്നു, അവർ കണ്ണിന്നു ഭാരം ഏറുകയാൽ പിന്നെയും ഉറങ്ങുന്നതുകണ്ടു. അവരെ വിട്ടു മൂന്നാമതും പോയി ആ വചനം തന്നേ ചൊല്ലി പ്രാർത്ഥിച്ചു. പിന്നെ ശിഷ്യന്മാരുടെ അടുക്കൽ വന്നു: ഇനി ഉറങ്ങി ആശ്വസിച്ചു കൊൾവിൻ; നാഴിക അടുത്തു; മനുഷ്യപുത്രൻ പാപികളുടെ കയ്യിൽ ഏല്പിക്കപ്പെടുന്നു; എഴുന്നേല്പിൻ, നാം പോക; ഇതാ, എന്നെ കാണിച്ചു കൊടുക്കുന്നവൻ അടുത്തിരിക്കുന്നു എന്നു പറഞ്ഞു. അവൻ സംസാരിക്കുമ്പോൾ തന്നേ പന്തിരുവരിൽ ഒരുത്തനായ യൂദയും അവനോടു കൂടെ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അയച്ച വലിയോരു പുരുഷാരവും വാളും വടികളുമായി വന്നു. അവനെ കാണിച്ചുകൊടുക്കുന്നവൻ; ഞാൻ ഏവനെ ചുംബിക്കുമോ അവൻ തന്നേ ആകുന്നു; അവനെ പിടിച്ചുകൊൾവിൻ എന്നു അവർക്കു ഒരു അടയാളം കൊടുത്തിരുന്നു. ഉടനെ അവൻ യേശുവിന്റെ അടുക്കൽ വന്നു: റബ്ബീ, വന്ദനം എന്നു പറഞ്ഞു അവനെ ചുംബിച്ചു. യേശു അവനോടു: സ്നേഹിതാ, നീ വന്ന കാര്യം എന്തു എന്നു പറഞ്ഞപ്പോൾ അവർ അടുത്തു യേശുവിന്മേൽ കൈ വെച്ചു അവനെ പിടിച്ചു. അപ്പോൾ യേശുവിനോടു കൂടെയുള്ളവരിൽ ഒരുവൻ കൈനീട്ടി വാൾ ഊരി, മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ കാതു അറുത്തു. യേശു അവനോടു: വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ നശിച്ചുപോകും. എന്റെ പിതാവിനോടു ഇപ്പോൾ തന്നേ പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതന്മാരെ എന്റെ അരികെ നിറുത്തേണ്ടതിന്നു എനിക്കു അപേക്ഷിച്ചുകൂടാ എന്നു തോന്നുന്നുവോ? എന്നാൽ ഇങ്ങനെ സംഭവിക്കേണം എന്നുള്ള തിരുവെഴുത്തുകൾക്കു എങ്ങനെ നിവൃത്തിവരും എന്നു പറഞ്ഞു. ആ നാഴികയിൽ യേശു പുരുഷാരത്തോടു: ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങൾ എന്നെ പിടിപ്പാൻ വാളും വടിയുമായി വന്നിരിക്കുന്നു; ഞാൻ ദിവസേന ഉപദേശിച്ചുകൊണ്ടു ദൈവാലയത്തിൽ ഇരുന്നിട്ടും നിങ്ങൾ എന്നെ പിടിച്ചില്ല. എന്നാൽ ഇതു ഒക്കെയും പ്രവാചകന്മാരുടെ എഴുത്തുകൾ നിവൃത്തിയാകേണ്ടതിന്നു സംഭവിച്ചു എന്നു പറഞ്ഞു. അപ്പോൾ ശിഷ്യന്മാർ എല്ലാവരും അവനെ വിട്ടു ഓടിപ്പോയി. യേശുവിനെ പിടിച്ചവരോ മഹാപുരോഹിതനായ കയ്യഫായുടെ അടുക്കൽ ശാസ്ത്രിമാരും മൂപ്പന്മാരും ഒന്നിച്ചുകൂടിയിരുന്നേടത്തു അവനെ കൊണ്ടുപോയി. എന്നാൽ പത്രൊസ് ദൂരവെ മഹാപുരോഹിതന്റെ അരമനയോളം പിൻചെന്നു, അകത്തു കടന്നു അവസാനം കാണ്മാൻ സേവകന്മാരോടുകൂടി ഇരുന്നു മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്റെ നേരെ കള്ളസ്സാക്ഷ്യം അന്വേഷിച്ചു; കള്ളസ്സാക്ഷികൾ പലരും വന്നിട്ടും പറ്റിയില്ല. ഒടുവിൽ രണ്ടുപേർ വന്നു: ദൈവമന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു വീണ്ടും പണിവാൻ എനിക്കു കഴിയും എന്നു ഇവൻ പറഞ്ഞു എന്നു ബോധിപ്പിച്ചു. മഹാപുരോഹിതൻ എഴുന്നേറ്റു അവനോടു: നീ ഒരു ഉത്തരവും പറയുന്നില്ലയോ? ഇവർ നിന്റെ നേരെ സാക്ഷ്യം പറയുന്നതു എന്തു എന്നു ചോദിച്ചു. യേശുവോ മിണ്ടാതിരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോടു: നീ ദൈവപുത്രനായ ക്രിസ്തുതന്നേയോ? പറക എന്നു ഞാൻ ജീവനുള്ള ദൈവത്തെക്കൊണ്ടു നിന്നോടു ആണയിട്ടു ചോദിക്കുന്നു എന്നു പറഞ്ഞു. യേശു അവനോടു: ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു എന്നു പറഞ്ഞു. ഉടനെ മഹാപുരോഹിതൻ വസ്ത്രം കീറി: ഇവൻ ദൈവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ടു നമുക്കു എന്തു ആവശ്യം? നിങ്ങൾ ഇപ്പോൾ ദൈവദൂഷണം കേട്ടുവല്ലോ; നിങ്ങൾക്കു എന്തു തോന്നുന്നു എന്നു ചോദിച്ചതിന്നു: അവൻ മരണയോഗ്യൻ എന്നു അവർ ഉത്തരം പറഞ്ഞു. അപ്പോൾ അവർ അവന്റെ മുഖത്തു തുപ്പി, അവനെ മുഷ്ടിചുരുട്ടി കുത്തി, ചിലർ അവനെ കന്നത്തടിച്ചു: ഹേ, ക്രിസ്തുവേ, നിന്നെ തല്ലിയതു ആർ എന്നു ഞങ്ങളോടു പ്രവചിക്ക എന്നു പറഞ്ഞു. എന്നാൽ പത്രൊസ് പുറത്തു നടുമുറ്റത്തു ഇരുന്നു. അവന്റെ അടുക്കൽ ഒരു വേലക്കാരത്തി വന്നു: നീയും ഗലീലക്കാരനായ യേശുവിനോടുകൂടെ ആയിരുന്നുവല്ലോ എന്നു പറഞ്ഞു. അതിന്നു അവൻ: നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു എല്ലാവരും കേൾക്കെ തള്ളിപ്പറഞ്ഞു. പിന്നെ അവൻ പടിപ്പുരയിലേക്കു പുറപ്പെടുമ്പോൾ മറ്റൊരുത്തി അവനെ കണ്ടു അവിടെയുള്ളവരോടു: ഇവനും നസറായനായ യേശുവിനോടു കൂടെയായിരുന്നു എന്നു പറഞ്ഞു ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു അവൻ രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു. അല്പനേരം കഴിഞ്ഞിട്ടു അവിടെ നിന്നവർ അടുത്തുവന്നു പത്രൊസിനോടു: നീയും അവരുടെ കൂട്ടത്തിൽ ഉള്ളവൻ സത്യം; നിന്റെ ഉച്ചാരണവും നിന്നെ വെളിവാക്കുന്നുവല്ലോ എന്നു പറഞ്ഞു. അപ്പോൾ അവൻ: ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു പ്രാകുവാനും ആണയിടുവാനും തുടങ്ങി; ഉടനെ കോഴി കൂകി. എന്നാറെ: കോഴി കൂകും മുമ്പേ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു പറഞ്ഞ വാക്കു പത്രൊസ് ഓർത്തു പുറത്തു പോയി അതിദുഃഖത്തോടെ കരഞ്ഞു.

മത്തായി 26:23-75 സമകാലിക മലയാളവിവർത്തനം (MCV)

അതിന് യേശു ഇപ്രകാരം മറുപടി പറഞ്ഞു, “എന്നോടൊപ്പം പാത്രത്തിൽ കൈ മുക്കിയവൻതന്നെ എന്നെ ഒറ്റിക്കൊടുക്കും. മനുഷ്യപുത്രൻ (ഞാൻ) പോകുന്നു; തന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതുപോലെതന്നെ അവന് സംഭവിക്കും. എന്നാൽ, മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവന്റെ സ്ഥിതി അതിഭയാനകം! ആ മനുഷ്യൻ ജനിക്കാതിരുന്നെങ്കിൽ അവനത് എത്ര നന്നായിരുന്നേനെ!” അദ്ദേഹത്തെ ഒറ്റിക്കൊടുക്കാനിരുന്ന യൂദാ, “റബ്ബീ, അതു ഞാനല്ലല്ലോ” എന്നു ചോദിച്ചു. “നീ തന്നെ അത് പറഞ്ഞല്ലോ,” യേശു ഉത്തരം പറഞ്ഞു. അവർ പെസഹ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ യേശു അപ്പം എടുത്ത് വാഴ്ത്തി നുറുക്കി ശിഷ്യന്മാർക്ക് നൽകിക്കൊണ്ട്, “വാങ്ങി ഭക്ഷിക്കുക, ഇത് എന്റെ ശരീരം ആകുന്നു” എന്നു പറഞ്ഞു. പിന്നെ അവിടന്ന് പാനപാത്രം എടുത്ത് ദൈവത്തിന് സ്തോത്രംചെയ്ത് അവർക്കു നൽകിക്കൊണ്ടു പറഞ്ഞത്: “എല്ലാവരും ഇതിൽനിന്നു പാനംചെയ്യുക, ഇത് എന്റെ രക്തം ആകുന്നു, അനേകരുടെ പാപമോചനത്തിനുവേണ്ടി ചൊരിയപ്പെടുന്ന, ഉടമ്പടിയുടെ രക്തം. എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടൊത്ത് ഞാൻ ഇത് പുതുതായി കുടിക്കുന്ന ദിവസംവരെ, മുന്തിരിവള്ളിയുടെ ഫലത്തിൽനിന്ന് പാനം ചെയ്യുകയില്ല.” ഇതിനുശേഷം അവർ ഒരു സ്തോത്രഗീതം പാടി; ഒലിവുമലയിലേക്ക് പോയി. പിന്നെ യേശു അവരോടു പറഞ്ഞത്: “ഈ രാത്രിയിൽത്തന്നെ എനിക്ക് സംഭവിക്കാൻപോകുന്ന കാര്യങ്ങൾനിമിത്തം നിങ്ങൾ എല്ലാവരും എന്നെ പരിത്യജിക്കും. “ ‘ഞാൻ ഇടയനെ വെട്ടും; ആട്ടിൻപറ്റം ചിതറിപ്പോകും,’ എന്നു തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നല്ലോ. എന്നാൽ, ഞാൻ ഉയിർത്തെഴുന്നേറ്റതിനുശേഷം നിങ്ങൾക്ക് മുമ്പായി ഗലീലയിലേക്കു പോകും.” അപ്പോൾ പത്രോസ്, “എല്ലാവരും അങ്ങയെ ഉപേക്ഷിച്ചാലും ഞാൻ ഒരിക്കലും അങ്ങനെ ചെയ്യുകയില്ല” എന്നു പറഞ്ഞു. അതിന് യേശു, “ഈ രാത്രിയിൽത്തന്നെ, കോഴി കൂവുന്നതിനുമുമ്പ്, നിശ്ചയമായും എന്നെ നീ മൂന്നുപ്രാവശ്യം തിരസ്കരിച്ചിരിക്കും എന്നു ഞാൻ നിന്നോടു പറയുന്നു” എന്നു മറുപടി പറഞ്ഞു. “ഒരിക്കലുമില്ല, അങ്ങയോടൊപ്പം മരിക്കേണ്ടിവന്നാലും, ഞാൻ അങ്ങയെ തിരസ്കരിക്കുകയില്ല.” പത്രോസ് പ്രഖ്യാപിച്ചു. മറ്റു ശിഷ്യന്മാരും ഇതുതന്നെ ആവർത്തിച്ചു. യേശു ശിഷ്യന്മാരുമൊത്ത് ഗെത്ത്ശേമന എന്ന സ്ഥലത്ത് എത്തി. “ഞാൻ അവിടെവരെ പ്രാർഥിക്കാൻ പോകുന്നു, അതുവരെ നിങ്ങൾ ഇവിടെ ഇരിക്കുക,” എന്ന് ശേഷം ശിഷ്യന്മാരോട് പറഞ്ഞിട്ട്, പത്രോസിനെയും സെബെദിയുടെ മക്കളായ യാക്കോബ്, യോഹന്നാൻ എന്നിവരെയും കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് അദ്ദേഹം ദുഃഖവിവശനായി വ്യാകുലപ്പെടാൻ തുടങ്ങി. അപ്പോൾ യേശു, “എന്റെ പ്രാണനിൽ ദുഃഖം നിറഞ്ഞുകവിഞ്ഞിട്ട് ഞാൻ മരണാസന്നനായിരിക്കുന്നു. നിങ്ങൾ എന്നോടൊപ്പം ഇവിടെ ഉണർന്നിരിക്കുക” എന്ന് അവരോടു പറഞ്ഞു. പിന്നെ യേശു അൽപ്പംകൂടെ മുമ്പോട്ടുചെന്ന് മുട്ടുകുത്തി മുഖം നിലംവരെ കുനിച്ച്, “എന്റെ പിതാവേ, സാധ്യമെങ്കിൽ ഈ പാനപാത്രം എന്നിൽനിന്ന് മാറ്റണമേ; എങ്കിലും എന്റെ ഇഷ്ടംപോലെയല്ല, അവിടത്തെ ഇഷ്ടംപോലെതന്നെ ആകട്ടെ” എന്നു പ്രാർഥിച്ചു. അതിനുശേഷം, യേശു ശിഷ്യന്മാരുടെ അടുക്കൽ മടങ്ങിവന്നു. ഉറക്കത്തിലാണ്ടുപോയ ശിഷ്യന്മാരെക്കണ്ടിട്ട്, “ഒരു മണിക്കൂർപോലും എന്നോടുകൂടെ ഉണർന്നിരിക്കാൻ നിങ്ങൾക്കു കഴിയുന്നില്ലേ?” എന്ന് അദ്ദേഹം പത്രോസിനോട് ചോദിച്ചു. “പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ ഉണർന്നിരുന്ന് പ്രാർഥിക്കുക. ആത്മാവ് സന്നദ്ധം, എന്നാൽ ശരീരമോ ദുർബലം.” യേശു രണ്ടാമതും പോയി, “എന്റെ പിതാവേ, ഞാൻ പാനം ചെയ്യാതെ ഈ പാനപാത്രം നീങ്ങിപ്പോകുക സാധ്യമല്ലെങ്കിൽ അവിടത്തെ ഇഷ്ടംതന്നെ നിറവേറട്ടെ” എന്നു പ്രാർഥിച്ചു. അദ്ദേഹം തിരിച്ചെത്തിയപ്പോൾ നിദ്രാഭാരംകൊണ്ട് അവർ പിന്നെയും ഉറങ്ങുന്നതു കണ്ട്, വീണ്ടും അവരെ വിട്ടുപോയി, മൂന്നാമതും അതേകാര്യംതന്നെ പറഞ്ഞു പ്രാർഥിച്ചു. പിന്നെ അദ്ദേഹം ശിഷ്യന്മാരുടെ അടുക്കൽ മടങ്ങിവന്ന്, “ഇപ്പോഴും നിങ്ങൾ ഉറങ്ങി വിശ്രമിക്കുകയാണോ? മനുഷ്യപുത്രൻ പാപികളുടെ കൈയിൽ ഏൽപ്പിക്കപ്പെടാൻപോകുന്ന സമയം ഇതാ, വന്നിരിക്കുന്നു. എഴുന്നേൽക്കുക, നമുക്കു പോകാം. എന്നെ ഒറ്റിക്കൊടുക്കുന്നവൻ ഇതാ ഇവിടെ!” എന്നു പറഞ്ഞു. യേശു സംസാരിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ, പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ യൂദാ അവിടെയെത്തി. പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും അയച്ച ഒരു ജനസഞ്ചയം വാളുകളും വടികളുമേന്തി അവനോടൊപ്പം വന്നിരുന്നു. ഒറ്റിക്കൊടുക്കുന്ന, യൂദാ, “ഞാൻ ചുംബനംകൊണ്ട് ആരെ അഭിവാദനംചെയ്യുന്നോ; അദ്ദേഹത്തെ അറസ്റ്റ് ചെയ്യുക.” എന്ന ഒരടയാളം അവരുമായി പറഞ്ഞൊത്തിരുന്നു. അപ്പോൾത്തന്നെ യൂദാ യേശുവിന്റെ അടുത്തേക്കുചെന്ന്, “റബ്ബീ, വന്ദനം” എന്നു പറഞ്ഞ് അദ്ദേഹത്തെ ചുംബിച്ചു. യേശു, “സ്നേഹിതാ, നീ വന്നതെന്തിനോ അതുതന്നെ ചെയ്യുക” എന്നു പ്രതിവചിച്ചു. ഉടനെ ജനം മുമ്പോട്ടുചെന്ന് യേശുവിനെ കടന്നുപിടിച്ച് അദ്ദേഹത്തെ ബന്ധിച്ചു. അപ്പോൾ യേശുവിനോടൊപ്പം നിന്നവരിൽ ഒരാൾ കൈനീട്ടി തന്റെ വാൾ വലിച്ചൂരി മഹാപുരോഹിതന്റെ ദാസനെ വെട്ടി; അയാളുടെ കാത് ഛേദിച്ചുകളഞ്ഞു. അപ്പോൾ യേശു അവനോട്, “നിന്റെ വാൾ ഉറയിലിടുക, വാളേന്തുന്നവരുടെയെല്ലാം അന്ത്യം വാൾകൊണ്ടുതന്നെയായിരിക്കും. എനിക്ക് എന്റെ പിതാവിൽനിന്ന് സഹായം അഭ്യർഥിക്കാൻ കഴിയുകയില്ല എന്നാണോ നീ കരുതുന്നത്? ഇപ്പോൾത്തന്നെ അവിടന്ന് പതിനായിരക്കണക്കിന് ദൂതന്മാരെ എനിക്കുവേണ്ടി അണിനിരത്തുകയില്ലേ? അങ്ങനെയായാൽ ഇവയെല്ലാം സംഭവിക്കണം എന്ന തിരുവെഴുത്തുകൾ എങ്ങനെ നിവൃത്തിയാകും?” എന്നു പറഞ്ഞു. അപ്പോൾത്തന്നെ യേശു ജനക്കൂട്ടത്തോട്, “ഞാൻ ഒരു വിപ്ളവം നയിക്കുന്നതിനാലാണോ നിങ്ങൾ എന്നെ പിടിച്ചുകെട്ടാൻ വാളുകളും വടികളുമേന്തി വരുന്നത്? ഞാൻ ദിവസവും ഉപദേശിച്ചുകൊണ്ട് ദൈവാലയാങ്കണത്തിൽ ഇരുന്നപ്പോൾ എന്നെ നിങ്ങൾ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല? എന്നാൽ, തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവാചകവചസ്സുകൾ നിറവേറുന്നതിന് ഇതെല്ലാം സംഭവിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾത്തന്നെ ശിഷ്യന്മാർ എല്ലാവരും യേശുവിനെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. യേശുവിനെ അറസ്റ്റ്ചെയ്തവർ അദ്ദേഹത്തെ കയ്യഫാ മഹാപുരോഹിതന്റെ അരമനയിലേക്ക് കൊണ്ടുപോയി. അവിടെ വേദജ്ഞരും സമുദായനേതാക്കന്മാരും ഒരുമിച്ചുകൂടി വന്നിരുന്നു. അപ്പോൾ പത്രോസ്, മഹാപുരോഹിതന്റെ അരമനാങ്കണത്തിൽ എത്തുന്നതുവരെ അൽപ്പം അകലംവിട്ട് അദ്ദേഹത്തിന്റെ പിന്നാലെ ചെന്നു. പത്രോസ് അങ്കണത്തിനുള്ളിൽക്കടന്ന്, എന്ത് സംഭവിക്കും എന്നറിയാൻ കാത്ത് കാവൽക്കാരോടൊപ്പം ഇരുന്നു. പുരോഹിതമുഖ്യന്മാരും യെഹൂദന്യായാധിപസമിതി മുഴുവനും യേശുവിനെ വധശിക്ഷയ്ക്ക് ഏൽപ്പിക്കുന്നതിന് ഉതകുന്ന വ്യാജതെളിവുകൾ അദ്ദേഹത്തിനെതിരേ അന്വേഷിച്ചു. കള്ളസ്സാക്ഷ്യവുമായി പലരും മുമ്പോട്ടുവന്നെങ്കിലും അവർ ആഗ്രഹിച്ച നിലയിലുള്ളത് ഒന്നും അവർക്കു ലഭിച്ചില്ല. അവസാനം രണ്ടുപേർ മുന്നോട്ടുവന്ന്, “ ‘എനിക്ക് ദൈവാലയം തകർക്കാൻ കഴിയും; മൂന്ന് ദിവസത്തിനകം അത് പുനർനിർമിക്കാനും എനിക്ക് സാധിക്കും’ എന്ന് ഈ മനുഷ്യൻ പറഞ്ഞു” എന്നു ബോധിപ്പിച്ചു. അപ്പോൾ മഹാപുരോഹിതൻ എഴുന്നേറ്റുനിന്നുകൊണ്ട്, “നിനക്ക് മറുപടിയൊന്നും ഇല്ലേ? ഇവർ നിനക്കെതിരായി ഉന്നയിക്കുന്ന ഈ സാക്ഷ്യം എന്ത്?” എന്ന് യേശുവിനോട് ചോദിച്ചു. യേശുവോ നിശ്ശബ്ദനായിരുന്നു. മഹാപുരോഹിതൻ അദ്ദേഹത്തോട്, “ജീവനുള്ള ദൈവത്തിന്റെ നാമത്തിൽ ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു: നീ ദൈവപുത്രനായ ക്രിസ്തുവെങ്കിൽ ഞങ്ങളോടു പറയുക” എന്ന് ആവശ്യപ്പെട്ടു. അതിന് യേശു, “താങ്കൾ പറഞ്ഞതുപോലെതന്നെ. ഞാൻ നിങ്ങളോട് എല്ലാവരോടുമായി പ്രഖ്യാപിക്കുകയാണ്: ഇന്നുമുതൽ മനുഷ്യപുത്രൻ (ഞാൻ) സർവശക്തനായ ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നതും ആകാശമേഘങ്ങൾ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും” എന്നു പറഞ്ഞു. ഇതു കേട്ടയുടൻതന്നെ മഹാപുരോഹിതൻ തന്റെ വസ്ത്രംകീറിക്കൊണ്ട്, “ഇയാൾ ദൈവദൂഷണം പറഞ്ഞിരിക്കുന്നു. ഇനി നമുക്ക് വേറെ സാക്ഷികളുടെ ആവശ്യം എന്ത്? ഇതാ, ഇപ്പോൾ നിങ്ങൾതന്നെ ദൈവദൂഷണം കേട്ടുവല്ലോ. നിങ്ങൾ എന്തു വിധിക്കുന്നു?” എന്നു ചോദിച്ചു. “അയാൾ വധശിക്ഷയ്ക്ക് അർഹൻ,” എന്ന് അവർ മറുപടി പറഞ്ഞു. അപ്പോൾ അവർ അദ്ദേഹത്തിന്റെ മുഖത്ത് തുപ്പുകയും മുഷ്ടിചുരുട്ടി ഇടിക്കുകയും ചെയ്തു. ചിലർ അദ്ദേഹത്തെ അടിച്ചുകൊണ്ട്, “ക്രിസ്തുവേ, ആരാണ് നിന്നെ അടിച്ചത്? ഞങ്ങളോട് പ്രവചിക്കുക!” എന്നു പറഞ്ഞു. പത്രോസ് പുറത്ത് അങ്കണത്തിൽ ഇരിക്കുകയായിരുന്നു. ഒരു വേലക്കാരി അദ്ദേഹത്തെ സമീപിച്ച്, “നീയും ഗലീലക്കാരനായ യേശുവിനോടുകൂടെ ഉണ്ടായിരുന്നല്ലോ” എന്നു പറഞ്ഞു. എന്നാൽ പത്രോസ് അവരുടെയെല്ലാം മുമ്പിൽവെച്ച് അതു നിഷേധിച്ച്, “നീ എന്താണ് പറയുന്നത് എനിക്ക്; മനസ്സിലാകുന്നില്ലല്ലോ” എന്നു പറഞ്ഞു. പിന്നെ അയാൾ അങ്കണകവാടത്തിലേക്ക് പോയി. അവിടെവെച്ച് മറ്റൊരു വേലക്കാരി അയാളെ കണ്ടിട്ട് അവിടെ ഉണ്ടായിരുന്നവരോട്, “ഈ മനുഷ്യൻ നസറായനായ യേശുവിനോടുകൂടെ ഉണ്ടായിരുന്നു” എന്നു പറഞ്ഞു. അയാൾ വീണ്ടും അതു നിഷേധിച്ചു; ആണയിട്ടുകൊണ്ട്, “ആ മനുഷ്യനെ എനിക്ക് അറിഞ്ഞുകൂടാ” എന്നു പറഞ്ഞു. അൽപ്പസമയം കഴിഞ്ഞ്, അവിടെ നിന്നിരുന്നവർ പത്രോസിന്റെ അടുക്കൽ ചെന്ന്, “ഒരു സംശയവുമില്ല, നീ അവരിൽ ഒരാൾതന്നെയാണ്, നിന്റെ ഉച്ചാരണംതന്നെ അതു വ്യക്തമാക്കുന്നല്ലോ” എന്നു പറഞ്ഞു. അപ്പോൾ പത്രോസ്, “ഞാൻ ആ മനുഷ്യനെ അറിയുകയേ ഇല്ല!” എന്ന് അവരോടു പറഞ്ഞുകൊണ്ട് ആണയിടാനും ശപിക്കാനും തുടങ്ങി. ഉടനെ കോഴി കൂവി. അപ്പോൾ, “കോഴി കൂവുന്നതിനുമുമ്പ് മൂന്നുപ്രാവശ്യം നീ എന്നെ തിരസ്കരിക്കും” എന്ന് യേശു തന്നോടു പറഞ്ഞിരുന്ന വാക്ക് ഓർത്ത് പത്രോസ് പുറത്തേക്കുപോയി അതിദുഃഖത്തോടെ പൊട്ടിക്കരഞ്ഞു.