മത്തായി 24:1-8
മത്തായി 24:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യേശു ദൈവാലയം വിട്ടുപോകുമ്പോൾ ശിഷ്യന്മാർ അവനു ദൈവാലയത്തിന്റെ പണി കാണിക്കേണ്ടതിന് അവന്റെ അടുക്കൽ വന്നു. അവൻ അവരോട്: ഇതെല്ലാം കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ല് ഇവിടെ ശേഷിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. അവൻ ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ച് അവന്റെ അടുക്കൽ വന്നു: അത് എപ്പോൾ സംഭവിക്കും എന്നും നിന്റെ വരവിനും ലോകാവസാനത്തിനും അടയാളം എന്ത് എന്നും പറഞ്ഞുതരേണം എന്ന് അപേക്ഷിച്ചു. അതിനു യേശു ഉത്തരം പറഞ്ഞത്: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. ഞാൻ ക്രിസ്തു എന്നു പറഞ്ഞ് അനേകർ എന്റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും. നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയുംകുറിച്ചു കേൾക്കും; ചഞ്ചലപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ; അതു സംഭവിക്കേണ്ടതുതന്നെ; എന്നാൽ അത് അവസാനമല്ല; ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും. എങ്കിലും ഇത് ഒക്കെയും ഈറ്റുനോവിന്റെ ആരംഭമത്രേ.
മത്തായി 24:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശു അവിടംവിട്ടു പോകുമ്പോൾ ദേവാലയവും അതോടനുബന്ധിച്ചുള്ള കെട്ടിടങ്ങളും അവിടുത്തെ കാണിച്ചുകൊടുക്കുവാൻ ശിഷ്യന്മാർ അടുത്തുചെന്നു. യേശു അവരോടു പറഞ്ഞു: “നിങ്ങൾ ഇവയെല്ലാം കാണുന്നുണ്ടല്ലോ: ഞാൻ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു: ഒരു കല്ലും മറ്റൊന്നിന്മേൽ ശേഷിക്കാതെ ഇവയെല്ലാം സമൂലം നശിപ്പിക്കപ്പെടും.” യേശു ഒലിവുമലയിൽ ഇരിക്കുകയായിരുന്നു. അപ്പോൾ ശിഷ്യന്മാർ തനിച്ചുചെന്ന് അവിടുത്തോടു ചോദിച്ചു: “അത് എപ്പോഴാണ് സംഭവിക്കുന്നത്? അങ്ങയുടെ വരവിന്റെയും യുഗപര്യവസാനത്തിന്റെയും അടയാളം എന്താണ്? ഞങ്ങൾക്കു പറഞ്ഞുതന്നാലും.” യേശു അവരോടു പറഞ്ഞു: “ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുക; ‘ഞാൻ ക്രിസ്തുവാണ്’ എന്നു പറഞ്ഞുകൊണ്ട് എന്റെ നാമത്തിൽ അനേകമാളുകൾ വരും; അവർ പലരെയും വഴിതെറ്റിക്കും. നിങ്ങൾ യുദ്ധത്തിന്റെ ശബ്ദവും യുദ്ധത്തെക്കുറിച്ചുള്ള കിംവദന്തികളും കേൾക്കും; നിങ്ങൾ പരിഭ്രാന്തരാകരുത്; ഇവയെല്ലാം സംഭവിക്കേണ്ടതാകുന്നു; എങ്കിലും ഇത് അവസാനമല്ല. ജനത ജനതയോടും രാജ്യം രാജ്യത്തോടും എതിർക്കും. പല സ്ഥലങ്ങളിലും ക്ഷാമവും ഭൂകമ്പവുമുണ്ടാകും
മത്തായി 24:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യേശു ദൈവാലയം വിട്ടു പുറത്തു പോകുമ്പോൾ ശിഷ്യന്മാർ അവനു ദൈവാലയത്തിന്‍റെ പണികൾ കാണിക്കേണ്ടതിന് അവന്റെ അടുക്കൽ വന്നു. അവൻ അവരോട് മറുപടി പറഞ്ഞത്:ഇതെല്ലാം നിങ്ങൾ കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ല് ഇവിടെ ശേഷിക്കയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. അവൻ ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ചു അവന്റെ അടുക്കൽ വന്നു: “ഇവയെല്ലാം എപ്പോൾ സംഭവിക്കും എന്നും നിന്റെ വരവിനും ലോകാവസാനത്തിനും അടയാളം എന്ത് എന്നും പറഞ്ഞുതരേണം“ എന്നു അപേക്ഷിച്ചു. അതിന് യേശു ഉത്തരം പറഞ്ഞത്: ആരും നിങ്ങളെ വഴി തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ. ഞാൻ ക്രിസ്തു എന്നു പറഞ്ഞു അനേകർ എന്റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും. നിങ്ങൾ യുദ്ധങ്ങളെയും യുദ്ധവിവരങ്ങളെയും കുറിച്ചുകേൾക്കും; ചഞ്ചലപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ; അത് സംഭവിക്കേണ്ടത് തന്നെ; എന്നാൽ അത് അവസാനമല്ല; ജനതകൾ ജനതകളോടും രാജ്യം രാജ്യത്തോടും എതിർക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും. എങ്കിലും ഇതു ഒക്കെയും പ്രസവവേദനയുടെ ആരംഭമത്രേ.
മത്തായി 24:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യേശു ദൈവാലയം വിട്ടു പോകുമ്പോൾ ശിഷ്യന്മാർ അവന്നു ദൈവാലയത്തിന്റെ പണി കാണിക്കേണ്ടതിന്നു അവന്റെ അടുക്കൽ വന്നു. അവൻ അവരോടു: ഇതെല്ലാം കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ലു ഇവിടെ ശേഷിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. അവൻ ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ചു അവന്റെ അടുക്കൽ വന്നു: അതു എപ്പോൾ സംഭവിക്കും എന്നും നിന്റെ വരവിന്നും ലോകാവസാനത്തിന്നു അടയാളം എന്തു എന്നും പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു. അതിന്നു യേശു ഉത്തരം പറഞ്ഞതു: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. ഞാൻ ക്രിസ്തു എന്നു പറഞ്ഞു അനേകർ എന്റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും. നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചുകേൾക്കും; ചഞ്ചലപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ; അതു സംഭവിക്കേണ്ടതു തന്നേ; എന്നാൽ അതു അവസാനമല്ല; ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും. എങ്കിലും ഇതു ഒക്കെയും ഈറ്റുനോവിന്റെ ആരംഭമത്രേ.
മത്തായി 24:1-8 സമകാലിക മലയാളവിവർത്തനം (MCV)
യേശു ദൈവാലയം വിട്ടുപോകുമ്പോൾ ശിഷ്യന്മാർ അടുക്കൽ ചെന്ന് ദൈവാലയത്തിന് സമീപമുള്ള കെട്ടിടസമുച്ചയങ്ങളിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധതിരിച്ചു. അപ്പോൾ യേശു, “നിങ്ങൾ ഇവയെല്ലാം കാണുന്നല്ലോ? ഒരു കല്ലിനുമീതേ മറ്റൊരു കല്ല് ശേഷിക്കാത്തവിധം ഇതെല്ലാം നിലംപരിചാക്കപ്പെടും, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു. ഇതിനുശേഷം യേശു ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ച് അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “എപ്പോഴാണ് ഇതു സംഭവിക്കുക? അങ്ങയുടെ പുനരാഗമനത്തിന്റെയും യുഗാവസാനത്തിന്റെയും ലക്ഷണം എന്തായിരിക്കും?” എന്നു ചോദിച്ചു. അതിന് യേശു ഉത്തരം പറഞ്ഞത്: “ആരും നിങ്ങളെ വഞ്ചിക്കാതിരിക്കാൻ സൂക്ഷിക്കുക. ‘ഞാൻ ക്രിസ്തുവാകുന്നു’ എന്ന് അവകാശപ്പെട്ടുകൊണ്ട് ധാരാളംപേർ എന്റെ നാമത്തിൽ വന്ന് പലരെയും വഞ്ചിക്കും. നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും യുദ്ധകിംവദന്തികളെക്കുറിച്ചും കേൾക്കും, എന്നാൽ പരിഭ്രാന്തരാകരുത്. ഇവയെല്ലാം സംഭവിക്കേണ്ടതുതന്നെ, എന്നാൽ ഇതല്ല യുഗാവസാനം. ജനതകൾതമ്മിലും രാജ്യങ്ങൾതമ്മിലും യുദ്ധംചെയ്യും. ക്ഷാമവും ഭൂകമ്പങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകും. ഇവയെല്ലാം പ്രസവവേദനയുടെ ആരംഭംമാത്രം.