മത്തായി 24:1-28
മത്തായി 24:1-28 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യേശു ദൈവാലയം വിട്ടുപോകുമ്പോൾ ശിഷ്യന്മാർ അവനു ദൈവാലയത്തിന്റെ പണി കാണിക്കേണ്ടതിന് അവന്റെ അടുക്കൽ വന്നു. അവൻ അവരോട്: ഇതെല്ലാം കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ല് ഇവിടെ ശേഷിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. അവൻ ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ച് അവന്റെ അടുക്കൽ വന്നു: അത് എപ്പോൾ സംഭവിക്കും എന്നും നിന്റെ വരവിനും ലോകാവസാനത്തിനും അടയാളം എന്ത് എന്നും പറഞ്ഞുതരേണം എന്ന് അപേക്ഷിച്ചു. അതിനു യേശു ഉത്തരം പറഞ്ഞത്: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. ഞാൻ ക്രിസ്തു എന്നു പറഞ്ഞ് അനേകർ എന്റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും. നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയുംകുറിച്ചു കേൾക്കും; ചഞ്ചലപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ; അതു സംഭവിക്കേണ്ടതുതന്നെ; എന്നാൽ അത് അവസാനമല്ല; ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും. എങ്കിലും ഇത് ഒക്കെയും ഈറ്റുനോവിന്റെ ആരംഭമത്രേ. അന്ന് അവർ നിങ്ങളെ ഉപദ്രവത്തിന് ഏല്പിക്കയും കൊല്ലുകയും ചെയ്യും; എന്റെ നാമംനിമിത്തം സകല ജാതികളും നിങ്ങളെ പകയ്ക്കും. പലരും ഇടറി അന്യോന്യം ഏല്പിച്ചുകൊടുക്കയും അന്യോന്യം പകയ്ക്കയും ചെയ്യും. കള്ളപ്രവാചകന്മാർ പലരും വന്ന് അനേകരെ തെറ്റിക്കും. അധർമം പെരുകുന്നതുകൊണ്ട് അനേകരുടെ സ്നേഹം തണുത്തുപോകും. എന്നാൽ അവസാനത്തോളം സഹിച്ചുനില്ക്കുന്നവൻ രക്ഷിക്കപ്പെടും. രാജ്യത്തിന്റെ ഈ സുവിശേഷം സകല ജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിലൊക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും. എന്നാൽ ദാനീയേൽപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യമാക്കുന്ന മ്ലേച്ഛത, വിശുദ്ധസ്ഥലത്തിൽ നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ -വായിക്കുന്നവൻ ചിന്തിച്ചുകൊള്ളട്ടെ- അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ. വീട്ടിന്മേൽ ഇരിക്കുന്നവൻ വീട്ടിലുള്ളത് എടുക്കേണ്ടതിന് ഇറങ്ങരുത്; വയലിലുള്ളവൻ വസ്ത്രം എടുപ്പാൻ മടങ്ങിപ്പോകരുത്. ആ കാലത്തു ഗർഭിണികൾക്കും മുലകുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം! എന്നാൽ നിങ്ങളുടെ ഓടിപ്പോക്കു ശീതകാലത്തോ ശബ്ബത്തിലോ സംഭവിക്കാതിരിപ്പാൻ പ്രാർഥിപ്പിൻ. ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം അന്ന് ഉണ്ടാകും. ആ നാളുകൾ ചുരുങ്ങാതിരുന്നാൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല; വൃതന്മാർ നിമിത്തമോ ആ നാളുകൾ ചുരുങ്ങും. അന്ന് ആരാനും നിങ്ങളോട്: ഇതാ, ക്രിസ്തു ഇവിടെ, അല്ല അവിടെ എന്നു പറഞ്ഞാൽ വിശ്വസിക്കരുത്. കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കും. ഓർത്തുകൊൾവിൻ; ഞാൻ മുമ്പുകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. ആകയാൽ നിങ്ങളോട്: അതാ, അവൻ മരുഭൂമിയിൽ എന്നു പറഞ്ഞാൽ പുറപ്പെടരുത്; ഇതാ, അറകളിൽ എന്നു പറഞ്ഞാൽ വിശ്വസിക്കരുത്. മിന്നൽ കിഴക്കുനിന്നു പുറപ്പെട്ടു പടിഞ്ഞാറോളം വിളങ്ങുംപോലെ മനുഷ്യപുത്രന്റെ വരവ് ആകും. ശവം ഉള്ളേടത്തു കഴുക്കൾ കൂടും.
മത്തായി 24:1-28 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശു അവിടംവിട്ടു പോകുമ്പോൾ ദേവാലയവും അതോടനുബന്ധിച്ചുള്ള കെട്ടിടങ്ങളും അവിടുത്തെ കാണിച്ചുകൊടുക്കുവാൻ ശിഷ്യന്മാർ അടുത്തുചെന്നു. യേശു അവരോടു പറഞ്ഞു: “നിങ്ങൾ ഇവയെല്ലാം കാണുന്നുണ്ടല്ലോ: ഞാൻ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു: ഒരു കല്ലും മറ്റൊന്നിന്മേൽ ശേഷിക്കാതെ ഇവയെല്ലാം സമൂലം നശിപ്പിക്കപ്പെടും.” യേശു ഒലിവുമലയിൽ ഇരിക്കുകയായിരുന്നു. അപ്പോൾ ശിഷ്യന്മാർ തനിച്ചുചെന്ന് അവിടുത്തോടു ചോദിച്ചു: “അത് എപ്പോഴാണ് സംഭവിക്കുന്നത്? അങ്ങയുടെ വരവിന്റെയും യുഗപര്യവസാനത്തിന്റെയും അടയാളം എന്താണ്? ഞങ്ങൾക്കു പറഞ്ഞുതന്നാലും.” യേശു അവരോടു പറഞ്ഞു: “ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുക; ‘ഞാൻ ക്രിസ്തുവാണ്’ എന്നു പറഞ്ഞുകൊണ്ട് എന്റെ നാമത്തിൽ അനേകമാളുകൾ വരും; അവർ പലരെയും വഴിതെറ്റിക്കും. നിങ്ങൾ യുദ്ധത്തിന്റെ ശബ്ദവും യുദ്ധത്തെക്കുറിച്ചുള്ള കിംവദന്തികളും കേൾക്കും; നിങ്ങൾ പരിഭ്രാന്തരാകരുത്; ഇവയെല്ലാം സംഭവിക്കേണ്ടതാകുന്നു; എങ്കിലും ഇത് അവസാനമല്ല. ജനത ജനതയോടും രാജ്യം രാജ്യത്തോടും എതിർക്കും. പല സ്ഥലങ്ങളിലും ക്ഷാമവും ഭൂകമ്പവുമുണ്ടാകും; ഇവയെല്ലാം ഈറ്റുനോവിന്റെ ആരംഭമാണ്. “അപ്പോൾ അവർ നിങ്ങളെ പീഡനത്തിന് ഏല്പിച്ചുകൊടുക്കുകയും വധിക്കുകയും ചെയ്യും. എന്റെ നാമത്തെപ്രതി സകല ജനതകളും നിങ്ങളെ ദ്വേഷിക്കും. പലരും ആ സമയത്തു തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കും; അവർ അന്യോന്യം ഒറ്റിക്കൊടുക്കുകയും ദ്വേഷിക്കുകയും ചെയ്യും. പല വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെട്ട് അനേകമാളുകളെ വഴിതെറ്റിക്കും. അധർമം വർധിക്കുന്നതുകൊണ്ട് പലരുടെയും സ്നേഹം തണുത്തുപോകും. എന്നാൽ അന്ത്യംവരെ ഉറച്ചുനില്‌ക്കുന്നവർ രക്ഷപെടും. രാജ്യത്തെക്കുറിച്ചുള്ള സുവിശേഷം സകല മനുഷ്യരാശിയുടെയും സാക്ഷ്യത്തിനായി ലോകമെങ്ങും ഘോഷിക്കപ്പെടും; അപ്പോഴായിരിക്കും അവസാനം. “ദാനിയേൽപ്രവാചകൻ പ്രസ്താവിച്ച പ്രകാരമുള്ള വിനാശകരമായ മ്ലേച്ഛത വിശുദ്ധസ്ഥലത്തു കാണുമ്പോൾ അനുവാചകർ മനസ്സിലാക്കിക്കൊള്ളട്ടെ- അന്ന് യെഹൂദ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകണം. മട്ടുപ്പാവിലിരിക്കുന്നവൻ തന്റെ സമ്പാദ്യങ്ങൾ എടുക്കുന്നതിനായി വീട്ടിനുള്ളിലേക്ക് ഇറങ്ങിപ്പോകരുത്. കൃഷിസ്ഥലത്തായിരിക്കുന്നവൻ തന്റെ വസ്ത്രം എടുക്കുന്നതിനായി തിരിച്ചുപോകുകയുമരുത്. ആ ദിവസങ്ങളിൽ ഗർഭിണികളുടെയും മുലയൂട്ടുന്ന മാതാക്കളുടെയും സ്ഥിതി എത്ര ദയനീയം! ഈ പലായനം ശീതകാലത്തോ ശബത്തിലോ സംഭവിക്കാതിരിക്കുവാൻ പ്രാർഥിക്കുക. ലോകാരംഭംമുതൽ ഇതുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി ഒരിക്കലും സംഭവിക്കാത്തതുമായ വലിയ കഷ്ടത അന്നുണ്ടാകും. എന്നാൽ ദൈവം നേരത്തേതന്നെ ആ നാളുകളുടെ സംഖ്യ കുറച്ചിരിക്കുന്നു. അങ്ങനെ ചെയ്യാതിരുന്നെങ്കിൽ ആരും രക്ഷപെടുകയില്ലായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ജനം നിമിത്തം ആ നാളുകളുടെ സംഖ്യ പരിമിതമാക്കും. “അപ്പോൾ ക്രിസ്തു ‘ഇതാ ഇവിടെ’ എന്നോ ‘അതാ അവിടെ’ എന്നോ ആരെങ്കിലും പറഞ്ഞാൽ അശേഷം വിശ്വസിക്കരുത്. കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും പ്രത്യക്ഷപ്പെടും; കഴിയുമെങ്കിൽ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെപ്പോലും വഞ്ചിക്കുന്നതിനുവേണ്ടി അവർ വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കും. നോക്കൂ! ഞാൻ ഇതു നിങ്ങളോടു മുൻകൂട്ടി പറഞ്ഞിരിക്കുന്നു. ‘അവിടുന്ന് അതാ വിജനപ്രദേശത്ത്!’ എന്ന് ആളുകൾ നിങ്ങളോടു പറഞ്ഞാൽ നിങ്ങൾ പോകരുത്. ‘അതാ അവിടുന്ന് ആ രഹസ്യസങ്കേതത്തിൽ ഉണ്ട്’ എന്നു പറഞ്ഞാലും വിശ്വസിക്കരുത്. ആകാശമണ്ഡലത്തിൽ കിഴക്കുമുതൽ പടിഞ്ഞാറുവരെ മിന്നുന്ന മിന്നൽപ്പിണർ പോലെയായിരിക്കും മനുഷ്യപുത്രൻ പ്രത്യക്ഷപ്പെടുന്നത്. “ശവം എവിടെയുണ്ടോ അവിടെ കഴുകന്മാർകൂടും.
മത്തായി 24:1-28 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യേശു ദൈവാലയം വിട്ടു പുറത്തു പോകുമ്പോൾ ശിഷ്യന്മാർ അവനു ദൈവാലയത്തിന്‍റെ പണികൾ കാണിക്കേണ്ടതിന് അവന്റെ അടുക്കൽ വന്നു. അവൻ അവരോട് മറുപടി പറഞ്ഞത്:ഇതെല്ലാം നിങ്ങൾ കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ല് ഇവിടെ ശേഷിക്കയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. അവൻ ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ചു അവന്റെ അടുക്കൽ വന്നു: “ഇവയെല്ലാം എപ്പോൾ സംഭവിക്കും എന്നും നിന്റെ വരവിനും ലോകാവസാനത്തിനും അടയാളം എന്ത് എന്നും പറഞ്ഞുതരേണം“ എന്നു അപേക്ഷിച്ചു. അതിന് യേശു ഉത്തരം പറഞ്ഞത്: ആരും നിങ്ങളെ വഴി തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ. ഞാൻ ക്രിസ്തു എന്നു പറഞ്ഞു അനേകർ എന്റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും. നിങ്ങൾ യുദ്ധങ്ങളെയും യുദ്ധവിവരങ്ങളെയും കുറിച്ചുകേൾക്കും; ചഞ്ചലപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ; അത് സംഭവിക്കേണ്ടത് തന്നെ; എന്നാൽ അത് അവസാനമല്ല; ജനതകൾ ജനതകളോടും രാജ്യം രാജ്യത്തോടും എതിർക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും. എങ്കിലും ഇതു ഒക്കെയും പ്രസവവേദനയുടെ ആരംഭമത്രേ. അന്നു അവർ നിങ്ങളെ ഉപദ്രവത്തിന് ഏല്പിക്കുകയും കൊല്ലുകയും ചെയ്യും; എന്റെ നാമംനിമിത്തം സകലജാതികളും നിങ്ങളെ പകയ്ക്കും. പലരും ഇടറുകയും അന്യോന്യം തള്ളിപ്പറകയും അന്യോന്യം വെറുക്കുകയും ചെയ്യും കള്ളപ്രവാചകന്മാർ പലരും എഴുന്നേറ്റ് അനേകരെ തെറ്റിക്കും. അതിക്രമം പെരുകുന്നതുകൊണ്ട് അനേകരുടെ സ്നേഹം തണുത്തുപോകും. എന്നാൽ അവസാനത്തോളം സഹിച്ചു നില്ക്കുന്നവൻ, ആരോ അവൻ രക്ഷിക്കപ്പെടും. രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും. അതുകൊണ്ട് ദാനീയേൽ പ്രവാചകൻമുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധസ്ഥലത്ത് നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ - വായിക്കുന്നവൻ ചിന്തിച്ചുകൊള്ളട്ടെ - അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ. വീടിന് മുകളിൽ ഇരിക്കുന്നവൻ വീടിനുള്ളിലുള്ളത് ഒന്നുംതന്നെ എടുക്കേണ്ടതിന് ഇറങ്ങരുത്; വയലിലുള്ളവൻ വസ്ത്രം എടുക്കുവാൻ മടങ്ങിപ്പോകരുത്. ആ കാലത്ത് ഗർഭിണികൾക്കും മുല കുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം! എന്നാൽ നിങ്ങളുടെ ഓടിപ്പോക്ക് ശീതകാലത്തോ ശബ്ബത്തിലോ സംഭവിക്കാതിരിപ്പാൻ പ്രാർത്ഥിക്കുവിൻ. ലോകാരംഭം മുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതും ആയ വലിയ പീഢനം അന്നു ഉണ്ടാകും. ആ നാളുകളുടെ എണ്ണം കുറയാതിരുന്നാൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല; തിരഞ്ഞെടുക്കപ്പെട്ടവർ നിമിത്തമോ ആ നാളുകളുടെ എണ്ണം കുറയും. അന്നു ആരെങ്കിലും നിങ്ങളോടു: ഇതാ, ക്രിസ്തു ഇവിടെ, അല്ല അവിടെ എന്നു പറഞ്ഞാൽ വിശ്വസിക്കരുത്. കള്ള ക്രിസ്തുക്കളും കള്ളപ്രവാചകന്മാരും വന്ന് കഴിയുമെങ്കിൽ തിരഞ്ഞെടുക്കപ്പെട്ടവരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിയ്ക്കും. ജാഗ്രതയായിരിപ്പീൻ; ഞാൻ മുമ്പുകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. ആകയാൽ നിങ്ങളോടു: അതാ, ക്രിസ്തു മരുഭൂമിയിൽ എന്നു പറഞ്ഞാൽ മരുഭൂമിയിലേക്ക് പുറപ്പെടരുത്; ഇതാ, അവൻ അറകളിൽ എന്നു പറഞ്ഞാൽ വിശ്വസിക്കരുത്. മിന്നൽ കിഴക്ക് നിന്നു പുറപ്പെട്ടു പടിഞ്ഞാറോളം തിളങ്ങുംപോലെ മനുഷ്യപുത്രന്‍റെ വരവ് ആകും. എവിടെയൊക്കെ മൃഗങ്ങളുടെ ശവങ്ങൾ ഉണ്ടോ അവിടെ കഴുകന്മാർ കൂടും.
മത്തായി 24:1-28 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യേശു ദൈവാലയം വിട്ടു പോകുമ്പോൾ ശിഷ്യന്മാർ അവന്നു ദൈവാലയത്തിന്റെ പണി കാണിക്കേണ്ടതിന്നു അവന്റെ അടുക്കൽ വന്നു. അവൻ അവരോടു: ഇതെല്ലാം കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ലു ഇവിടെ ശേഷിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. അവൻ ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ചു അവന്റെ അടുക്കൽ വന്നു: അതു എപ്പോൾ സംഭവിക്കും എന്നും നിന്റെ വരവിന്നും ലോകാവസാനത്തിന്നു അടയാളം എന്തു എന്നും പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു. അതിന്നു യേശു ഉത്തരം പറഞ്ഞതു: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. ഞാൻ ക്രിസ്തു എന്നു പറഞ്ഞു അനേകർ എന്റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും. നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചുകേൾക്കും; ചഞ്ചലപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ; അതു സംഭവിക്കേണ്ടതു തന്നേ; എന്നാൽ അതു അവസാനമല്ല; ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും. എങ്കിലും ഇതു ഒക്കെയും ഈറ്റുനോവിന്റെ ആരംഭമത്രേ. അന്നു അവർ നിങ്ങളെ ഉപദ്രവത്തിന്നു ഏല്പിക്കയും കൊല്ലുകയും ചെയ്യും; എന്റെ നാമം നിമിത്തം സകലജാതികളും നിങ്ങളെ പകെക്കും. പലരും ഇടറി അന്യോന്യം ഏല്പിച്ചുകൊടുക്കയും അന്യോന്യം പകെക്കയും ചെയ്യും കള്ളപ്രവാചകന്മാർ പലരും വന്നു അനേകരെ തെറ്റിക്കും. അധർമ്മം പെരുകുന്നതുകൊണ്ടു അനേകരുടെ സ്നേഹം തണുത്തുപോകും. എന്നാൽ അവസാനത്തോളം സഹിച്ചു നില്ക്കുന്നവൻ രക്ഷിക്കപ്പെടും. രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും. എന്നാൽ ദാനീയേൽപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധസ്ഥലത്തിൽ നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ - വായിക്കുന്നവൻ ചിന്തിച്ചു കൊള്ളട്ടെ - അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ. വീട്ടിന്മേൽ ഇരിക്കുന്നവൻ വീട്ടിലുള്ളതു എടുക്കേണ്ടതിന്നു ഇറങ്ങരുതു; വയലിലുള്ളവൻ വസ്ത്രം എടുപ്പാൻ മടങ്ങിപ്പോകരുതു. ആ കാലത്തു ഗർഭിണികൾക്കും മുലകുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം! എന്നാൽ നിങ്ങളുടെ ഓടിപ്പോക്കു ശീതകാലത്തോ ശബ്ബത്തിലോ സംഭവിക്കാതിരിപ്പാൻ പ്രാർത്ഥിപ്പിൻ. ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം അന്നു ഉണ്ടാകും. ആ നാളുകൾ ചുരുങ്ങാതിരുന്നാൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല; വൃതന്മാർ നിമിത്തമോ ആ നാളുകൾ ചുരുങ്ങും. അന്നു ആരാനും നിങ്ങളോടു: ഇതാ, ക്രിസ്തു ഇവിടെ, അല്ല അവിടെ എന്നു പറഞ്ഞാൽ വിശ്വസിക്കരുതു. കള്ളക്രിസ്തുക്കളും കള്ള പ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും. ഓർത്തുകൊൾവിൻ; ഞാൻ മുമ്പുകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. ആകയാൽ നിങ്ങളോടു: അതാ, അവൻ മരുഭൂമിയിൽ എന്നു പറഞ്ഞാൽ പുറപ്പെടരുതു; ഇതാ, അറകളിൽ എന്നു പറഞ്ഞാൽ വിശ്വസിക്കരുതു. മിന്നൽ കിഴക്കു നിന്നു പുറപ്പെട്ടു പടിഞ്ഞാറോളം വിളങ്ങുംപോലെ മനുഷ്യപുത്രന്റെ വരുവു ആകും. ശവം ഉള്ളേടത്തു കഴുക്കൾ കൂടും.
മത്തായി 24:1-28 സമകാലിക മലയാളവിവർത്തനം (MCV)
യേശു ദൈവാലയം വിട്ടുപോകുമ്പോൾ ശിഷ്യന്മാർ അടുക്കൽ ചെന്ന് ദൈവാലയത്തിന് സമീപമുള്ള കെട്ടിടസമുച്ചയങ്ങളിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധതിരിച്ചു. അപ്പോൾ യേശു, “നിങ്ങൾ ഇവയെല്ലാം കാണുന്നല്ലോ? ഒരു കല്ലിനുമീതേ മറ്റൊരു കല്ല് ശേഷിക്കാത്തവിധം ഇതെല്ലാം നിലംപരിചാക്കപ്പെടും, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു. ഇതിനുശേഷം യേശു ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ച് അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “എപ്പോഴാണ് ഇതു സംഭവിക്കുക? അങ്ങയുടെ പുനരാഗമനത്തിന്റെയും യുഗാവസാനത്തിന്റെയും ലക്ഷണം എന്തായിരിക്കും?” എന്നു ചോദിച്ചു. അതിന് യേശു ഉത്തരം പറഞ്ഞത്: “ആരും നിങ്ങളെ വഞ്ചിക്കാതിരിക്കാൻ സൂക്ഷിക്കുക. ‘ഞാൻ ക്രിസ്തുവാകുന്നു’ എന്ന് അവകാശപ്പെട്ടുകൊണ്ട് ധാരാളംപേർ എന്റെ നാമത്തിൽ വന്ന് പലരെയും വഞ്ചിക്കും. നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും യുദ്ധകിംവദന്തികളെക്കുറിച്ചും കേൾക്കും, എന്നാൽ പരിഭ്രാന്തരാകരുത്. ഇവയെല്ലാം സംഭവിക്കേണ്ടതുതന്നെ, എന്നാൽ ഇതല്ല യുഗാവസാനം. ജനതകൾതമ്മിലും രാജ്യങ്ങൾതമ്മിലും യുദ്ധംചെയ്യും. ക്ഷാമവും ഭൂകമ്പങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകും. ഇവയെല്ലാം പ്രസവവേദനയുടെ ആരംഭംമാത്രം. “മനുഷ്യർ നിങ്ങളെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യും. എന്റെ അനുയായികളായതിനാൽ സർവജനതകളും നിങ്ങളെ വെറുക്കും. അപ്പോൾ അനേകർ എന്നിലുള്ള വിശ്വാസം പരിത്യജിക്കുകയും പരസ്പരം ഒറ്റിക്കൊടുക്കുകയും വെറുക്കുകയും ചെയ്യും. പല വ്യാജപ്രവാചകരും വന്ന് അനേകരെ വഞ്ചിക്കും. വർധിതമായ ദുഷ്ടതനിമിത്തം അനേകരുടെയും സ്നേഹം കുറഞ്ഞുപോകും; എന്നാൽ, അന്ത്യംവരെ സഹിച്ചുനിൽക്കുന്നവർ രക്ഷിക്കപ്പെടും. ദൈവരാജ്യത്തിന്റെ സുവിശേഷം സർവജനതകളും കേൾക്കുന്നതുവരെ ലോകത്തിലെല്ലാം പ്രസംഗിക്കപ്പെടും; യുഗാവസാനം അപ്പോഴായിരിക്കും. “ദാനീയേൽപ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്തപ്രകാരം, ‘എല്ലാറ്റിനെയും ഉന്മൂലനംചെയ്യുന്ന മ്ലേച്ഛത’ വിശുദ്ധസ്ഥാനത്ത് നിൽക്കുന്നതു നിങ്ങൾ കാണുമ്പോൾ—വായിക്കുന്നയാൾ മനസ്സിലാക്കിക്കൊള്ളട്ടെ— യെഹൂദ്യപ്രവിശ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ. മട്ടുപ്പാവിൽ ഇരിക്കുന്നയാൾ തന്റെ വീട്ടിൽനിന്ന് എന്തെങ്കിലും എടുക്കാനായി വീടിനുള്ളിൽ കയറരുത്. വയലിലായിരിക്കുന്നയാൾ തന്റെ പുറങ്കുപ്പായം എടുക്കാൻ തിരികെ പോകരുത്. ഗർഭവതികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ആ ദിവസങ്ങളിൽ ഹാ കഷ്ടം! നിങ്ങളുടെ പലായനം ശീതകാലത്തോ ശബ്ബത്തിലോ ആകരുതേ എന്നു പ്രാർഥിക്കുക. കാരണം, ലോകാരംഭംമുതൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തതും അതിനുശേഷം ഒരിക്കലും ഉണ്ടാകാത്തതുമായ വലിയ പീഡ ആ നാളുകളിൽ ഉണ്ടാകും. “ആ ദിവസങ്ങൾ പരിമിതപ്പെടുത്തിയില്ലെങ്കിൽ ഒരു വ്യക്തിപോലും അവശേഷിക്കുകയില്ല; എന്നാൽ തെരഞ്ഞെടുക്കപ്പെട്ടവർക്കുവേണ്ടി ആ ദിവസങ്ങൾ പരിമിതപ്പെടുത്തും. അന്ന് നിങ്ങളോട് ആരെങ്കിലും, ‘ക്രിസ്തു ഇതാ ഇവിടെ’ എന്നോ ‘ക്രിസ്തു അതാ അവിടെ’ എന്നോ പറഞ്ഞാൽ അതു വിശ്വസിക്കരുത്. കാരണം, വ്യാജക്രിസ്തുക്കളും വ്യാജപ്രവാചകരും വന്നു വലിയ ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ച് മനുഷ്യരെ വഞ്ചിക്കും; സാധ്യമെങ്കിൽ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും! നോക്കൂ, ഞാൻ ഇത് മുൻകൂട്ടിത്തന്നെ നിങ്ങളോടു പറഞ്ഞിരിക്കുന്നു. “അതുകൊണ്ട് ആരെങ്കിലും നിങ്ങളോട്, ‘ക്രിസ്തു അതാ അവിടെ വിജനസ്ഥലത്ത്’ എന്നു പറഞ്ഞാൽ നിങ്ങൾ അവിടേക്കു പോകരുത്; ‘അദ്ദേഹം ഇതാ ഇവിടെ മുറിക്കുള്ളിൽ’ എന്നു പറഞ്ഞാൽ വിശ്വസിക്കരുത്. കിഴക്കുണ്ടാകുന്ന മിന്നൽപ്പിണർ പടിഞ്ഞാറുവരെ ദൃശ്യമാകുന്നു; അതുപോലെ ആയിരിക്കും മനുഷ്യപുത്രന്റെ പുനരാഗമനം. കഴുകന്മാർ കൂട്ടംകൂടുന്നത് ശവത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നതുപോലെ, ഇക്കാര്യങ്ങൾ സംഭവിക്കുന്നത് മനുഷ്യപുത്രന്റെ വരവിന്റെ ലക്ഷണമായിരിക്കും.