മത്തായി 22:18-21
മത്തായി 22:18-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യേശു അവരുടെ ദുഷ്ടത അറിഞ്ഞു: കപടഭക്തിക്കാരേ, എന്നെ പരീക്ഷിക്കുന്നത് എന്ത്? കരത്തിനുള്ള നാണയം കാണിപ്പിൻ എന്നു പറഞ്ഞു; അവർ അവന്റെ അടുക്കൽ ഒരു വെള്ളിക്കാശു കൊണ്ടുവന്നു. അവൻ അവരോട്: ഈ സ്വരൂപവും മേലെഴുത്തും ആരുടേത് എന്നു ചോദിച്ചതിനു കൈസരുടേത് എന്ന് അവർ പറഞ്ഞു. എന്നാൽ കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുപ്പിൻ എന്ന് അവൻ അവരോടു പറഞ്ഞു.
മത്തായി 22:18-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവരുടെ ദുരുദ്ദേശ്യം മനസ്സിലാക്കിക്കൊണ്ട് യേശു പറഞ്ഞു: “കപടനാട്യക്കാരേ, നിങ്ങൾ എന്നെ കെണിയിൽ അകപ്പെടുത്തുവാൻ നോക്കുന്നത് എന്തിന്! തലക്കരം കൊടുക്കുന്നതിനുള്ള നാണയം ഒന്നു കാണിക്കൂ.” അവർ ഒരു നാണയം കൊണ്ടുവന്നു. യേശു ചോദിച്ചു: “ഈ പ്രതിരൂപവും ലിഖിതവും ആരുടേതാണ്?” “കൈസറുടേത്” എന്ന് അവർ പറഞ്ഞു. അപ്പോൾയേശു: “കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക” എന്ന് അവരോടു പറഞ്ഞു.
മത്തായി 22:18-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യേശു അവരുടെ ദുഷ്ടത അറിഞ്ഞിട്ട്: കപടഭക്തിക്കാരേ, എന്നെ പരീക്ഷിക്കുന്നത് എന്ത്? കരത്തിനുള്ള നാണയം കാണിക്കുവിൻ എന്നു പറഞ്ഞു; അവർ അവന്റെ അടുക്കൽ ഒരു വെള്ളിക്കാശ് കൊണ്ടുവന്നു. അവൻ അവരോട്: ഇതിലുള്ള പ്രതിച്ഛായയും മേലെഴുത്തും ആരുടേത് എന്നു ചോദിച്ചതിന് കൈസരുടേത് എന്നു അവർ പറഞ്ഞു. എന്നാൽ കൈസർക്കുള്ളത് കൈസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുവിൻ എന്നു അവൻ അവരോട് പറഞ്ഞു.
മത്തായി 22:18-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യേശു അവരുടെ ദുഷ്ടത അറിഞ്ഞു: കപട ഭക്തിക്കാരേ, എന്നെ പരീക്ഷിക്കുന്നതു എന്തു? കരത്തിന്നുള്ള നാണയം കാണിപ്പിൻ എന്നു പറഞ്ഞു; അവർ അവന്റെ അടുക്കൽ ഒരു വെള്ളിക്കാശു കൊണ്ടുവന്നു. അവൻ അവരോടു: ഈ സ്വരൂപവും മേലെഴുത്തും ആരുടേതു എന്നു ചോദിച്ചുതിന്നു കൈസരുടേതു എന്നു അവർ പറഞ്ഞു. എന്നാൽ കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിൻ എന്നു അവൻ അവരോടു പറഞ്ഞു.
മത്തായി 22:18-21 സമകാലിക മലയാളവിവർത്തനം (MCV)
യേശു അവരുടെ ദുരുദ്ദേശ്യം മനസ്സിലാക്കിയിട്ട്, “കാപട്യം നിറഞ്ഞവരേ, നിങ്ങൾ എന്നെ കുടുക്കാൻ തുനിയുന്നതെന്തിന്? നികുതി കൊടുക്കാൻ ഉപയോഗിക്കുന്ന ഒരു നാണയം കാണിക്കൂ” എന്നു പറഞ്ഞു. അവർ ഒരു റോമൻ നാണയം കൊണ്ടുവന്ന് അദ്ദേഹത്തെ കാണിച്ചു. യേശു അവരോട്, “ഇതിൽ മുദ്രണം ചെയ്തിരിക്കുന്ന രൂപവും ലിഖിതവും ആരുടേത്?” എന്നു ചോദിച്ചു. “കൈസറുടേത്,” അവർ മറുപടി പറഞ്ഞു. അങ്ങനെയെങ്കിൽ “കൈസർക്ക് നൽകേണ്ടത് കൈസർക്കും ദൈവത്തിന് നൽകേണ്ടത് ദൈവത്തിനും നൽകുക” എന്ന് അദ്ദേഹം അവരോടു പറഞ്ഞു.