മത്തായി 21:14-16

മത്തായി 21:14-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അന്ധന്മാരും വികലാംഗരും ദേവാലയത്തിൽ അവിടുത്തെ അടുക്കൽ വന്നു. അവിടുന്ന് അവരെ സുഖപ്പെടുത്തി. അവിടുത്തെ അദ്ഭുതപ്രവൃത്തികളെയും “ദാവീദിന്റെ പുത്രനു ഹോശന്നാ” എന്ന് ആർത്തുവിളിക്കുന്ന കുട്ടികളെയും കണ്ടപ്പോൾ മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും കോപാക്രാന്തരായി. “ഇവർ പറയുന്നത് താങ്കൾ കേൾക്കുന്നില്ലേ?” എന്ന് അവർ യേശുവിനോടു ചോദിച്ചു. “തീർച്ചയായും ഞാൻ കേൾക്കുന്നു. ‘തികച്ചും കുറ്റമറ്റ സ്തുതിഘോഷം ശിശുക്കളുടെയും പിഞ്ചുകുഞ്ഞുങ്ങളുടെയും അധരങ്ങളിൽനിന്ന് അവിടുന്ന് ഉണർത്തുന്നു’ എന്ന വേദഭാഗം നിങ്ങൾ ഒരിക്കൽപോലും വായിച്ചിട്ടില്ലേ?” എന്ന് യേശു അവരോടു ചോദിച്ചു.

മത്തായി 21:14-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

കുരുടന്മാരും മുടന്തന്മാരും ദൈവാലയത്തിൽ അവന്റെ അടുക്കൽ വന്നു; അവൻ അവരെ സൗഖ്യമാക്കി. എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവൻ ചെയ്ത അത്ഭുതങ്ങളെയും ദാവീദ് പുത്രന്നു ഹോശന്നാ എന്നു ദൈവാലയത്തിൽ ആർക്കുന്ന ബാലന്മാരെയും കണ്ടിട്ടു നീരസപ്പെട്ടു; ഇവർ പറയുന്നതു കേൾക്കുന്നുവോ എന്നു അവനോടു ചോദിച്ചു. യേശു അവരോടു: ഉവ്വു; ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽ നിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു എന്നുള്ളതു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു.

മത്തായി 21:14-16 സമകാലിക മലയാളവിവർത്തനം (MCV)

അന്ധരും മുടന്തരും ദൈവാലയത്തിൽ യേശുവിന്റെ അടുക്കൽവന്നു; അവിടന്ന് അവരെ സൗഖ്യമാക്കി. എന്നാൽ, യേശു ചെയ്ത അത്ഭുതങ്ങളും “ദാവീദുപുത്രന് ഹോശന്നാ” എന്നു ദൈവാലയാങ്കണത്തിൽ കുട്ടികൾ ആർത്തുവിളിക്കുന്നതും കണ്ടപ്പോൾ പുരോഹിതമുഖ്യന്മാരും വേദജ്ഞരും കോപാകുലരായി. “എന്താണ്, ഈ കുട്ടികൾ ആർത്തുവിളിക്കുന്നത് താങ്കൾ കേൾക്കുന്നില്ലേ?” എന്ന് അവർ അദ്ദേഹത്തോട് ചോദിച്ചു. “ഉണ്ട്, കേൾക്കുന്നുണ്ട്” യേശു ഉത്തരം പറഞ്ഞു. തുടർന്ന് യേശു, “ ‘ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും അധരങ്ങളിൽനിന്ന് അവിടന്ന് സ്തുതി ഉയരുമാറാക്കിയിരിക്കുന്നു,’ എന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ?” എന്നു ചോദിച്ചു.