മത്തായി 20:29-33

മത്തായി 20:29-33 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവർ യെരീഹോവിൽനിന്നു പുറപ്പെട്ടപ്പോൾ വലിയോരു പുരുഷാരം അവനെ അനുഗമിച്ചു. അപ്പോൾ വഴിയരികെ ഇരിക്കുന്ന രണ്ടു കുരുടന്മാർ യേശു കടന്നുപോകുന്നതു കേട്ടു: കർത്താവേ, ദാവീദുപുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചു. മിണ്ടാതിരിപ്പാൻ പുരുഷാരം അവരെ ശാസിച്ചപ്പോൾ അവർ: കർത്താവേ, ദാവീദുപുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്ന് അധികം നിലവിളിച്ചു. യേശു നിന്ന് അവരെ വിളിച്ചു: ഞാൻ നിങ്ങൾക്ക് എന്തു ചെയ്യേണമെന്നു നിങ്ങൾ ഇച്ഛിക്കുന്നു എന്നു ചോദിച്ചു. കർത്താവേ, ഞങ്ങൾക്കു കണ്ണുതുറന്നു കിട്ടേണം എന്ന് അവർ പറഞ്ഞു.

മത്തായി 20:29-33 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അവർ യെരീഹോവിൽനിന്നു പുറപ്പെട്ടപ്പോൾ ഒരു വലിയ ജനസഞ്ചയം യേശുവിനെ അനുഗമിച്ചു. കണ്ണുകാണുവാൻ പാടില്ലാത്ത രണ്ടുപേർ വഴിയരികിൽ ഇരിക്കുകയായിരുന്നു. യേശു അതുവഴി കടന്നുപോകുന്നു എന്നറിഞ്ഞ്, “ദാവീദിന്റെ പുത്രാ, ഞങ്ങളോടു കരുണയുണ്ടാകണമേ” എന്നു നിലവിളിച്ചു. മിണ്ടരുതെന്നു പറഞ്ഞുകൊണ്ട് ജനം അവരെ ശാസിച്ചു. ആ അന്ധന്മാരാകട്ടെ കുറേക്കൂടി ഉച്ചത്തിൽ: “കർത്താവേ, ദാവീദിന്റെ പുത്രാ! ഞങ്ങളോടു കരുണയുണ്ടാകണമേ” എന്നു നിലവിളിച്ചു. യേശു അവിടെനിന്ന് അവരെ വിളിച്ചു. “നിങ്ങൾക്കു ഞാൻ എന്തുചെയ്തു തരണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?” എന്നു ചോദിച്ചു. “കർത്താവേ, ഞങ്ങളുടെ കണ്ണു തുറന്നുകിട്ടണം” എന്ന് അവർ മറുപടി പറഞ്ഞു.

മത്തായി 20:29-33 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അവർ യെരിഹോവിൽ നിന്നു പുറപ്പെട്ടപ്പോൾ വലിയൊരു പുരുഷാരം അവനെ അനുഗമിച്ചു. അപ്പോൾ വഴിയരികെ ഇരിക്കുന്ന രണ്ടു കുരുടന്മാർ യേശു കടന്നുപോകുന്നത് കേട്ടു: “കർത്താവേ, ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ“ എന്നു ഉറക്കെ വിളിച്ചുപറഞ്ഞു. മിണ്ടാതിരിക്കുവാൻ പുരുഷാരം അവരെ ശാസിച്ചപ്പോൾ അവർ: “കർത്താവേ, ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ“ എന്നു അധികം ഉറക്കെ വിളിച്ചു. യേശു നിന്നു അവരെ വിളിച്ചു: ഞാൻ നിങ്ങൾക്ക് എന്ത് ചെയ്യേണമെന്ന് നിങ്ങൾ ഇച്ഛിക്കുന്നു എന്നു ചോദിച്ചു. “കർത്താവേ, ഞങ്ങൾക്കു കണ്ണ് തുറന്നുകിട്ടേണം “എന്നു അവർ പറഞ്ഞു.

മത്തായി 20:29-33 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവർ യെരീഹോവിൽ നിന്നു പുറപ്പെട്ടപ്പോൾ വലിയോരു പുരുഷാരം അവനെ അനുഗമിച്ചു. അപ്പോൾ വഴിയരികെ ഇരിക്കുന്ന രണ്ടു കുരുടന്മാർ യേശു കടന്നുപോകുന്നതു കേട്ടു: കർത്താവേ, ദാവീദ് പുത്രാ, ഞങ്ങളോടു കുരുണതോന്നേണമേ എന്നു നിലവിളിച്ചു. മിണ്ടാതിരിപ്പാൻ പുരുഷാരം അവരെ ശാസിച്ചപ്പോൾ അവർ: കർത്താവേ, ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു അധികം നിലവിളിച്ചു. യേശു നിന്നു അവരെ വിളിച്ചു: ഞാൻ നിങ്ങൾക്കു എന്തു ചെയ്യേണമെന്നു നിങ്ങൾ ഇച്ഛിക്കുന്നു എന്നു ചോദിച്ചു. കർത്താവേ, ഞങ്ങൾക്കു കണ്ണു തുറന്നുകിട്ടേണം എന്നു അവർ പറഞ്ഞു.

മത്തായി 20:29-33 സമകാലിക മലയാളവിവർത്തനം (MCV)

യേശുവും ശിഷ്യന്മാരും യെരീഹോപട്ടണത്തിൽനിന്ന് പോകുമ്പോൾ വലിയൊരു ജനക്കൂട്ടം അദ്ദേഹത്തെ പിൻതുടർന്നു. വഴിയരികിൽ ഇരിക്കുകയായിരുന്ന രണ്ട് അന്ധന്മാർ യേശു അതുവഴി പോകുന്നു എന്നു കേട്ട്, “കർത്താവേ, ദാവീദുപുത്രാ, ഞങ്ങളോടു കരുണതോന്നണമേ” എന്നു നിലവിളിച്ചു. മിണ്ടരുതെന്നു പറഞ്ഞ് ജനക്കൂട്ടം അവരെ ശാസിച്ചു. അവരോ അധികം ഉച്ചത്തിൽ, “കർത്താവേ, ദാവീദുപുത്രാ, ഞങ്ങളോട് കരുണതോന്നണമേ” എന്നു നിലവിളിച്ചു. ഇതു കേട്ടിട്ട് യേശു നിന്നു. അവരെ വിളിച്ച്, “ഞാൻ നിങ്ങൾക്ക് എന്തു ചെയ്തുതരണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?” എന്നു ചോദിച്ചു. “കർത്താവേ, ഞങ്ങൾക്ക് കാഴ്ച തരണമേ,” അവർ അദ്ദേഹത്തോട് യാചിച്ചു.