മത്തായി 19:13-30

മത്തായി 19:13-30 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവൻ കൈ വച്ചു പ്രാർഥിക്കേണ്ടതിനു ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അവരെ വിലക്കി. യേശുവോ: ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുത്; സ്വർഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ എന്നു പറഞ്ഞു. അങ്ങനെ അവൻ അവരുടെമേൽ കൈവച്ചു പിന്നെ അവിടെനിന്നു യാത്രയായി. അനന്തരം ഒരുത്തൻ വന്ന് അവനോടു: ഗുരോ, നിത്യജീവനെ പ്രാപിപ്പാൻ ഞാൻ എന്തു നന്മ ചെയ്യേണം എന്നു ചോദിച്ചതിന് അവൻ: എന്നോടു നന്മയെക്കുറിച്ചു ചോദിക്കുന്നത് എന്ത്? നല്ലവൻ ഒരുത്തനേ ഉള്ളൂ. ജീവനിൽ കടപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ കല്പനകളെ പ്രമാണിക്ക എന്ന് അവനോടു പറഞ്ഞു. ഏവ എന്ന് അവൻ ചോദിച്ചതിന് യേശു: കൊല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസ്സാക്ഷ്യം പറയരുത്; അപ്പനെയും അമ്മയെയും ബഹുമാനിക്ക; കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്ക എന്നിവ തന്നെ എന്നു പറഞ്ഞു. യൗവനക്കാരൻ അവനോട്: ഇവയൊക്കെയും ഞാൻ പ്രമാണിച്ചുപോരുന്നു; ഇനി കുറവുള്ളത് എന്ത് എന്നു പറഞ്ഞു. യേശു അവനോട്: സൽഗുണപൂർണൻ ആകുവാൻ ഇച്ഛിക്കുന്നു എങ്കിൽ നീ ചെന്നു നിനക്കുള്ളതു വിറ്റു ദരിദ്രർക്കു കൊടുക്ക; എന്നാൽ സ്വർഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്ന് എന്നെ അനുഗമിക്ക എന്നു പറഞ്ഞു. യൗവനക്കാരൻ വളരെ സമ്പത്തുള്ളവനാകയാൽ ഈ വചനം കേട്ടിട്ടു ദുഃഖിച്ചു പൊയ്ക്കളഞ്ഞു. യേശു തന്റെ ശിഷ്യന്മാരോട്: ധനവാൻ സ്വർഗരാജ്യത്തിൽ കടക്കുന്നതു പ്രയാസം തന്നെ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നത് എളുപ്പം എന്നും ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. അതു കേട്ടു ശിഷ്യന്മാർ ഏറ്റവും വിസ്മയിച്ചു: എന്നാൽ രക്ഷിക്കപ്പെടുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു. യേശു അവരെ നോക്കി: അതു മനുഷ്യർക്ക് അസാധ്യം എങ്കിലും ദൈവത്തിനു സകലവും സാധ്യം എന്നു പറഞ്ഞു. പത്രൊസ് അവനോടു: ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങൾക്ക് എന്തു കിട്ടും എന്നു ചോദിച്ചു. യേശു അവരോടു പറഞ്ഞത്: എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങൾ പുനർജനനത്തിൽ മനുഷ്യപുത്രൻ തന്റെ മഹത്ത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽഗോത്രം പന്ത്രണ്ടിനും ന്യായം വിധിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. എന്റെ നാമംനിമിത്തം വീടുകളെയോ സഹോദരന്മാരെയോ സഹോദരികളെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ വിട്ടുകളഞ്ഞവന് എല്ലാം നൂറു മടങ്ങു ലഭിക്കും; അവൻ നിത്യജീവനെയും അവകാശമാക്കും. എങ്കിലും മുമ്പന്മാർ പലർ പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും.

മത്തായി 19:13-30 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

തങ്ങളുടെ ശിശുക്കളുടെമേൽ കൈവച്ചു പ്രാർഥിക്കേണ്ടതിന് അവരെ യേശുവിന്റെ അടുക്കൽ ചിലർ കൊണ്ടുവന്നു. എന്നാൽ ശിഷ്യന്മാർ അവരെ ശാസിച്ചു. അപ്പോൾ യേശു പറഞ്ഞു: “ആ ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ അനുവദിക്കൂ; അവരെ വിലക്കരുത്; സ്വർഗരാജ്യം ഇവരെപ്പോലെയുള്ളവരുടേതാകുന്നു.” അതിനുശേഷം അവിടുന്ന് അവരുടെമേൽ കൈവച്ച് അനുഗ്രഹിച്ചു; അനന്തരം അവിടെനിന്നു യാത്രയായി. ഒരിക്കൽ ഒരാൾ യേശുവിന്റെ അടുത്തുവന്ന്, “ഗുരോ, അനശ്വരജീവൻ പ്രാപിക്കേണ്ടതിന് എന്തു സൽക്കർമം ഞാൻ ചെയ്യണം?” എന്നു ചോദിച്ചു. യേശു അയാളോടു പറഞ്ഞു: “സൽക്കർമത്തെക്കുറിച്ച് എന്തിനാണ് എന്നോട് ചോദിക്കുന്നത്? സുകൃതിയായി ഒരാൾ മാത്രമേയുള്ളൂ. നിനക്കു ജീവനിൽ പ്രവേശിക്കണമെങ്കിൽ കല്പനകൾ അനുസരിക്കുക.” “ഏതു കല്പനകൾ?” എന്ന് അയാൾ ചോദിച്ചതിന്, “കൊലപാതകം ചെയ്യരുത്, വ്യഭിചരിക്കരുത്, മോഷ്‍ടിക്കരുത്, കള്ളസ്സാക്ഷ്യം പറയരുത്, മാതാപിതാക്കളെ ബഹുമാനിക്ക, അയൽക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക” എന്നു യേശു ഉത്തരം പറഞ്ഞു. “ഇവയെല്ലാം ഞാൻ പാലിച്ചുപോരുന്നു; ഇനി എനിക്കുള്ള കുറവ് എന്താണ്?” എന്ന് ആ യുവാവ് വീണ്ടും ചോദിച്ചു. യേശു അയാളോട്, “നീ സദ്ഗുണപൂർണനാകുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ പോയി നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രർക്കു കൊടുക്കുക; അപ്പോൾ നിനക്കു സ്വർഗത്തിൽ നിക്ഷേപമുണ്ടാകും. പിന്നീടു വന്ന് എന്നെ അനുഗമിക്കുക” എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ ആ യുവാവു ദുഃഖിതനായി അവിടെനിന്നു പോയി. എന്തുകൊണ്ടെന്നാൽ അയാൾ ഒരു വലിയ ധനികനായിരുന്നു. അനന്തരം യേശു ശിഷ്യന്മാരോടു പറഞ്ഞു: “ധനവാൻ സ്വർഗരാജ്യത്തിൽ പ്രവേശിക്കുന്നത് എളുപ്പമല്ല എന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു; ധനികൻ സ്വർഗരാജ്യത്തു പ്രവേശിക്കുന്നതിനെക്കാൾ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ് എന്നു ഞാൻ വീണ്ടും നിങ്ങളോടു പറയുന്നു.” ഇതു കേട്ടപ്പോൾ ശിഷ്യന്മാർ വിസ്മയഭരിതരായി. “അങ്ങനെയെങ്കിൽ രക്ഷപെടുവാൻ ആർക്കു കഴിയും?” എന്ന് അവർ ചോദിച്ചു. യേശു അവരെ സൂക്ഷിച്ചു നോക്കിക്കൊണ്ടു പ്രതിവചിച്ചു: “മനുഷ്യർക്ക് അത് അസാധ്യം; എന്നാൽ ദൈവത്തിനു സകലവും സാധ്യമാണ്.” അപ്പോൾ പത്രോസ് പറഞ്ഞു: “ഇതാ, ഞങ്ങൾ സമസ്തവും പരിത്യജിച്ച് അങ്ങയെ അനുഗമിച്ചിരിക്കുന്നു; ഞങ്ങൾക്ക് എന്താണ് ലഭിക്കുക?” യേശു അവരോട് ഇപ്രകാരം അരുൾചെയ്തു: “ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു: നവയുഗത്തിൽ മനുഷ്യപുത്രൻ മഹത്ത്വമേറിയ സിംഹാസനത്തിൽ ഇരിക്കുമ്പോൾ എന്നെ അനുഗമിച്ചവരായ നിങ്ങൾ പന്ത്രണ്ടുപേരും ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളെ വിധിച്ചുകൊണ്ട് പന്ത്രണ്ടു സിംഹാസനങ്ങളിലിരിക്കും. എന്നെപ്രതി വീടിനെയോ, സഹോദരന്മാരെയോ, സഹോദരിമാരെയോ, പിതാവിനെയോ, മാതാവിനെയോ, മക്കളെയോ, നിലം പുരയിടങ്ങളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറു മടങ്ങു ലഭിക്കും. അവർ അനശ്വരജീവന് അവകാശികളായിത്തീരുകയും ചെയ്യും. എന്നാൽ ഒന്നാമതിരിക്കുന്ന പലരും ഒടുവിലാകുകയും ഒടുവിലിരിക്കുന്നവർ ഒന്നാമതാകുകയും ചെയ്യും.

മത്തായി 19:13-30 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

പിന്നീട് അവൻ കൈവച്ചു പ്രാർത്ഥിക്കേണ്ടതിന് ചിലർ ശിശുക്കളെ അവന്‍റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അവരെ ശാസിച്ചു. യേശു പറഞ്ഞു: ശിശുക്കളെ എന്‍റെ അടുക്കൽ വരുവാൻ അനുവദിക്ക; അവരെ തടയരുത്; സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ എന്നു പറഞ്ഞു. അങ്ങനെ അവൻ അവരുടെ മേൽ കൈവച്ചു; പിന്നെ അവിടെനിന്നു യാത്രയായി. അനന്തരം ഒരുവൻ വന്നു അവനോട്: “ഗുരോ, നിത്യജീവനെ പ്രാപിക്കുവാൻ ഞാൻ എന്ത് നല്ല കാര്യങ്ങൾ ചെയ്യേണം?“ എന്നു ചോദിച്ചതിന് അവൻ: എന്നോട് നല്ല കാര്യങ്ങളെക്കുറിച്ച് ചോദിക്കുന്നത് എന്ത്? നല്ലവൻ ഒരുവനേ ഉള്ളൂ. ജീവനിൽ കടക്കുവാൻ ഇച്ഛിക്കുന്നു എങ്കിൽ കല്പനകളെ പ്രമാണിക്ക എന്നു അവനോട് പറഞ്ഞു. ഏത് കല്പന എന്നു അവൻ ചോദിച്ചതിന് യേശു: കൊല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്; അപ്പനെയും അമ്മയെയും ബഹുമാനിയ്ക്ക; കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്ക എന്നിവ തന്നെ എന്നു പറഞ്ഞു. യൗവനക്കാരൻ അവനോട്: “ഈ കല്പനകൾ ഒക്കെയും ഞാൻ അനുസരിച്ചു പോരുന്നു; ഇനി കുറവുള്ളത് എന്ത്?“ എന്നു ചോദിച്ചു. യേശു അവനോട്: സൽഗുണപൂർണ്ണൻ ആകുവാൻ ഇച്ഛിക്കുന്നു എങ്കിൽ നീ ചെന്നു നിനക്കുള്ളത് വിറ്റ് ദരിദ്രർക്ക് കൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു. യൗവനക്കാരൻ വളരെ സമ്പത്തുള്ളവനാകയാൽ ഈ വചനം കേട്ടിട്ടു ദുഃഖിച്ചു പൊയ്ക്കളഞ്ഞു. യേശു തന്‍റെ ശിഷ്യന്മാരോട്: ധനവാൻ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു പ്രയാസം തന്നെ എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനേക്കാൾ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതു എളുപ്പം എന്നും ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. അത് കേട്ടു ശിഷ്യന്മാർ ഏറ്റവും വിസ്മയിച്ചു: “എന്നാൽ രക്ഷിക്കപ്പെടുവാൻ ആർക്ക് കഴിയും?“ എന്നു പറഞ്ഞു. യേശു അവരെ നോക്കി: അത് മനുഷ്യർക്ക് അസാദ്ധ്യം എങ്കിലും ദൈവത്തിന് സകലവും സാദ്ധ്യം എന്നു പറഞ്ഞു. പത്രൊസ് അവനോട്: “ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങൾക്കു എന്ത് ഉണ്ടായിരിക്കും?“ എന്നു ചോദിച്ചു. യേശു അവരോട് പറഞ്ഞത്: എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങൾ പുതുജനനത്തിൽ മനുഷ്യപുത്രൻ തന്‍റെ മഹത്വത്തിന്‍റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിനേയും ന്യായംവിധിക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. എന്‍റെ നാമംനിമിത്തം വീടുകളെയോ സഹോദരന്മാരെയോ സഹോദരികളെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ വിട്ടു കളഞ്ഞവന് എല്ലാം നൂറുമടങ്ങ് ലഭിക്കും; അവൻ നിത്യജീവനെയും അവകാശമാക്കും. എങ്കിലും മുമ്പന്മാർ പലരും പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും.

മത്തായി 19:13-30 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവൻ കൈവെച്ചു പ്രാർത്ഥിക്കേണ്ടതിന്നു ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അവരെ വിലക്കി. യേശുവോ: ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ1 തടുക്കരുതു; സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ എന്നു പറഞ്ഞു. അങ്ങനെ അവൻ അവരുടെ മേൽ കൈവെച്ചു പിന്നെ അവിടെ നിന്നു യാത്രയായി. അനന്തരം ഒരുത്തൻ വന്നു അവനോടു: ഗുരോ, നിത്യജീവനെ പ്രാപിപ്പാൻ ഞാൻ എന്തു നന്മ ചെയ്യേണം എന്നു ചോദിച്ചതിന്നു അവൻ: എന്നോടു നന്മയെക്കുറിച്ചു ചോദിക്കുന്നതു എന്തു? നല്ലവൻ ഒരുത്തനേ ഉള്ളു. ജീവനിൽ കടപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ കല്പനകളെ പ്രമാണിക്ക എന്നു അവനോടു പറഞ്ഞു. ഏവ എന്നു അവൻ ചോദിച്ചതിന്നു യേശു: കൊല ചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു; അപ്പനെയും അമ്മയെയും ബഹുമാനിക്ക; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്ക എന്നിവ തന്നേ എന്നു പറഞ്ഞു. യൗവനക്കാരൻ അവനോടു: ഇവ ഒക്കെയും ഞാൻ പ്രമാണിച്ചു പോരുന്നു; ഇനി കുറവുള്ളതു എന്തു എന്നു പറഞ്ഞു. യേശു അവനോടു: സൽഗുണപൂർണ്ണൻ ആകുവാൻ ഇച്ഛിക്കുന്നു എങ്കിൽ നീ ചെന്നു നിനക്കുള്ളതു വിറ്റു ദരിദ്രർക്കു കൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു. യൗവനക്കാരൻ വളരെ സമ്പത്തുള്ളവനാകയാൽ ഈ വചനം കേട്ടിട്ടു ദുഃഖിച്ചു പൊയ്ക്കളഞ്ഞു. യേശു തന്റെ ശിഷ്യന്മാരോടു: ധനവാൻ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു പ്രയാസം തന്നേ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നും ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. അതുകേട്ടു ശിഷ്യന്മാർ ഏറ്റവും വിസ്മയിച്ചു: എന്നാൽ രക്ഷിക്കപ്പെടുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു. യേശു അവരെ നോക്കി: അതു മനുഷ്യർക്കു അസാദ്ധ്യം എങ്കിലും ദൈവത്തിന്നു സകലവും സാദ്ധ്യം എന്നു പറഞ്ഞു. പത്രൊസ് അവനോടു: ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങൾക്കു എന്തു കിട്ടും എന്നു ചോദിച്ചു. യേശു അവരോടു പറഞ്ഞതു: എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങൾ പുനർജ്ജനനത്തിൽ മനുഷ്യപുത്രൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്റെ നാമംനിമിത്തം വീടുകളെയോ സഹോദരന്മാരെയോ സഹോദരികളെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ വിട്ടു കളഞ്ഞവന്നു എല്ലാം നൂറുമടങ്ങു ലഭിക്കും; അവൻ നിത്യജീവനെയും അവകാശമാക്കും. എങ്കിലും മുമ്പന്മാർ പലർ പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും.

മത്തായി 19:13-30 സമകാലിക മലയാളവിവർത്തനം (MCV)

അതിനുശേഷം ചില ആളുകൾ ശിശുക്കളെ, യേശു അവരുടെമേൽ കൈവെച്ച് അവർക്കുവേണ്ടി പ്രാർഥിക്കേണ്ടതിന്, അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു. എന്നാൽ ശിഷ്യന്മാർ അവരെ ശകാരിച്ചു. എന്നാൽ യേശു, “ശിശുക്കളെ എന്റെ അടുക്കൽ വരാൻ അനുവദിക്കുക; അവരെ തടയരുത്; കാരണം സ്വർഗരാജ്യം ഇങ്ങനെയുള്ളവർക്കു സ്വന്തം!” എന്നു പറഞ്ഞു. യേശു അവരുടെമേൽ കൈവെച്ചശേഷം അവിടെനിന്ന് യാത്രതിരിച്ചു. അപ്പോൾ ഒരാൾ യേശുവിനെ സമീപിച്ച്, “ഗുരോ, എന്ത് സൽക്കർമം ചെയ്താലാണ് നിത്യജീവൻ അവകാശമാക്കാൻ എനിക്കു കഴിയുന്നത്?” എന്നു ചോദിച്ചു. യേശു അതിന്, “നല്ല കർമം എന്തെന്ന് എന്നോടു ചോദിക്കുന്നതെന്ത്? നല്ലവൻ ഒരുവൻമാത്രമേ ഉള്ളൂ. നിത്യജീവനിൽ പ്രവേശിക്കാൻ നീ ആഗ്രഹിക്കുന്നെങ്കിൽ കൽപ്പനകൾ അനുസരിക്കുക” എന്ന് ഉത്തരം പറഞ്ഞു. “ആ കൽപ്പനകൾ ഏതെല്ലാം?” അയാൾ ചോദിച്ചു. “ ‘കൊലപാതകം ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, നിന്റെ മാതാപിതാക്കളെ ബഹുമാനിക്കുക, നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ അയൽവാസിയെയും സ്നേഹിക്കുക’ എന്നിത്യാദിയാണ്,” എന്ന് യേശു ഉത്തരം പറഞ്ഞു. ആ യുവാവ്, “ഞാൻ ഇവയെല്ലാം പാലിക്കുന്നുണ്ട്” എന്നു മറുപടി പറഞ്ഞു. “ഇതിലധികമായി ഞാൻ എന്താണ് ചെയ്യേണ്ടത്?” അയാൾ ആരാഞ്ഞു. യേശു അയാളോട്, “സദ്ഗുണങ്ങളാൽ പൂർണനാകാൻ ആഗ്രഹിക്കുന്നെങ്കിൽ പോയി നിനക്കുള്ള സ്വത്ത് സർവവും വിറ്റ് ആ പണം ദരിദ്രർക്ക് കൊടുക്കുക, എങ്കിൽ സ്വർഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും. അതിനുശേഷം വരിക, എന്റെ അനുഗാമിയാകുക” എന്നു പറഞ്ഞു. വളരെ വസ്തുവകകൾ ഉണ്ടായിരുന്ന ആ യുവാവ് ഈ വാക്കുകേട്ട് ദുഃഖിതനായി അവിടെനിന്ന് പോയി. അപ്പോൾ യേശു തന്റെ ശിഷ്യന്മാരോട്, “ധനികർ സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയെന്നത് എത്രയോ വിഷമകരം എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു. ഞാൻ വീണ്ടും പറയട്ടെ, ധനികർ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ, ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ് കൂടുതൽ എളുപ്പം.” ഇതു കേട്ട് ശിഷ്യന്മാർ അത്യന്തം ആശ്ചര്യപ്പെട്ടു, “എന്നാൽ രക്ഷിക്കപ്പെടാൻ ആർക്കു കഴിയും?” എന്നു ചോദിച്ചു. യേശു അവരെ നോക്കി, “മനുഷ്യർക്ക് ഇത് അസാധ്യം; എന്നാൽ ദൈവത്തിന് സകലതും സാധ്യമാണ്” എന്നു പറഞ്ഞു. അപ്പോൾ പത്രോസ്, “ഇതാ, ഞങ്ങൾ സകലതും ഉപേക്ഷിച്ച് അങ്ങയെ അനുഗമിച്ചല്ലോ; ഞങ്ങൾക്ക് എന്താണു ലഭിക്കുക?” എന്ന് യേശുവിനോട് ചോദിച്ചു. യേശു അവരോടു പറഞ്ഞത്, “പുതിയ യുഗത്തിൽ, മനുഷ്യപുത്രൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഉപവിഷ്ടനാകുമ്പോൾ, എന്നെ അനുഗമിച്ച നിങ്ങൾ, പന്ത്രണ്ട് സിംഹാസനങ്ങളിൽ ഇരുന്ന്, ഇസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളെ ന്യായംവിധിക്കും എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു. എന്നെപ്രതി വീടുകൾ, സഹോദരന്മാർ, സഹോദരിമാർ, പിതാവ്, മാതാവ്, ഭാര്യ, മക്കൾ, പുരയിടങ്ങൾ എന്നിവ ത്യജിച്ച ഓരോ വ്യക്തിക്കും അവ നൂറുമടങ്ങു തിരികെ ലഭിക്കും. എന്നുമാത്രമല്ല, അവർ നിത്യജീവന് അവകാശികളാകുകയും ചെയ്യും. എന്നാൽ ഇന്ന് അഗ്രഗാമികളായിരിക്കുന്ന പലരും അന്ന് ഏറ്റവും പിന്നിലുള്ളവരും ഇന്ന് ഏറ്റവും പിന്നിലുള്ള പലരും അന്ന് അഗ്രഗാമികളുമായിത്തീരും.