മത്തായി 16:6-19

മത്തായി 16:6-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ യേശു അവരോടു: നോക്കുവിൻ; പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ചമാവു സൂക്ഷിച്ചുകൊൾവിൻ എന്നു പറഞ്ഞു. അപ്പം കൊണ്ടുപോരായ്കയാൽ ആയിരിക്കും എന്ന് അവർ തമ്മിൽ തമ്മിൽ പറഞ്ഞു. അത് അറിഞ്ഞിട്ടു യേശു പറഞ്ഞത്: അല്പവിശ്വാസികളേ, അപ്പം കൊണ്ടുവരായ്കയാൽ തമ്മിൽ തമ്മിൽ പറയുന്നത് എന്ത്? ഇപ്പോഴും നിങ്ങൾ തിരിച്ചറിയുന്നില്ലയോ? അയ്യായിരം പേർക്ക് അഞ്ച് അപ്പം കൊടുത്തിട്ട് എത്ര കുട്ട എടുത്തു എന്നും നാലായിരം പേർക്ക് ഏഴ് അപ്പം കൊടുത്തിട്ട് എത്ര വട്ടി എടുത്തു എന്നും ഓർക്കുന്നില്ലയോ? പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ചമാവു സൂക്ഷിച്ചുകൊള്ളേണം എന്നു പറഞ്ഞത് അപ്പത്തെക്കുറിച്ചല്ല എന്നു തിരിച്ചറിയാത്തത് എന്ത്? അങ്ങനെ അപ്പത്തിന്റെ പുളിച്ച മാവല്ല, പരീശന്മാരുടെയും സദൂക്യരുടെയും ഉപദേശമത്രേ സൂക്ഷിച്ചുകൊൾവാൻ അവൻ പറഞ്ഞു എന്ന് അവർ ഗ്രഹിച്ചു. യേശു ഫിലിപ്പിന്റെ കൈസര്യയുടെ പ്രദേശത്ത് എത്തിയശേഷം തന്റെ ശിഷ്യന്മാരോട്: ജനങ്ങൾ മനുഷ്യപുത്രനെ ആർ എന്നു പറയുന്നു എന്നു ചോദിച്ചു. ചിലർ യോഹന്നാൻസ്നാപകൻ എന്നും മറ്റു ചിലർ ഏലീയാവെന്നും വേറേ ചിലർ യിരെമ്യാവോ പ്രവാചകന്മാരിൽ ഒരുത്തനോ എന്നും പറയുന്നു എന്ന് അവർ പറഞ്ഞു. നിങ്ങളോ എന്നെ ആർ എന്നു പറയുന്നു എന്ന് അവൻ ചോദിച്ചതിനു ശിമോൻ പത്രൊസ്: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്ന് ഉത്തരം പറഞ്ഞു. യേശു അവനോട്: ബർയോനാശിമോനേ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗസ്ഥനായ എന്റെ പിതാവത്രേ നിനക്ക് ഇതു വെളിപ്പെടുത്തിയത്. നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു. സ്വർഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരുന്നു; നീ ഭൂമിയിൽ കെട്ടുന്നതൊക്കെയും സ്വർഗത്തിൽ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതൊക്കെയും സ്വർഗത്തിൽ അഴിഞ്ഞിരിക്കും എന്ന് ഉത്തരം പറഞ്ഞു.

മത്തായി 16:6-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യേശു അവരോട്, “പരീശന്മാരുടെയും സാദൂക്യരുടെയും പുളിപ്പുമാവിനെ കരുതലോടെ സൂക്ഷിച്ചുകൊള്ളുക” എന്നു പറഞ്ഞു. “നാം അപ്പം കൊണ്ടുപോരാഞ്ഞതിനെക്കുറിച്ചാണ് അവിടുന്ന് പറയുന്നത്” എന്ന് അവർ തമ്മിൽ പറഞ്ഞു. യേശു അതറിഞ്ഞ് അവരോടു പറഞ്ഞു: “അല്പവിശ്വാസികളേ! അപ്പമില്ലാത്തതിനെച്ചൊല്ലി നിങ്ങൾ തമ്മിൽ തർക്കിക്കുന്നതെന്തിന്? നിങ്ങൾ ഇത്രകാലമായിട്ടും മനസ്സിലാക്കുന്നില്ലേ? നിങ്ങൾ മറന്നുപോയോ? അഞ്ചപ്പം അയ്യായിരം പേർക്കു കൊടുത്തപ്പോൾ എത്ര കുട്ട അപ്പം മിച്ചം വന്നു? ഏഴപ്പം നാലായിരം പേർക്കു കൊടുത്തപ്പോൾ എത്ര വട്ടി അപ്പം മിച്ചം വന്നു? അപ്പത്തെക്കുറിച്ചല്ല ഞാൻ പറഞ്ഞതെന്ന് എന്തുകൊണ്ടു നിങ്ങൾ മനസ്സിലാക്കുന്നില്ല? പരീശന്മാരുടെയും സാദൂക്യരുടെയും പുളിപ്പുമാവിനെ സൂക്ഷിച്ചുകൊള്ളണമെന്നാണു ഞാൻ പറഞ്ഞത്.” അപ്പത്തിന്റെ പുളിപ്പിനെക്കുറിച്ചല്ല, പ്രത്യുത പരീശന്മാരുടെയും സാദൂക്യരുടെയും ഉപദേശത്തെക്കുറിച്ചാണ് അവിടുന്ന് പറഞ്ഞതെന്ന് ശിഷ്യന്മാർക്ക് അപ്പോൾ ബോധ്യമായി. കൈസര്യ ഫിലിപ്പിയുടെ പ്രാന്തപ്രദേശത്ത് എത്തിയപ്പോൾ “മനുഷ്യപുത്രൻ ആരാകുന്നു എന്നാണു ജനങ്ങൾ പറയുന്നത്?” എന്നു യേശു ശിഷ്യന്മാരോടു ചോദിച്ചു. “സ്നാപകയോഹന്നാൻ എന്നു ചിലരും ഏലിയാ എന്നു മറ്റു ചിലരും യിരെമ്യായോ അഥവാ പ്രവാചകന്മാരിൽ ഒരുവനോ എന്നു വേറേ ചിലരും പറയുന്നു” എന്ന് അവർ മറുപടി പറഞ്ഞു. “ആകട്ടെ ഞാൻ ആരാണെന്നാണു നിങ്ങൾ പറയുന്നത്?” എന്ന് അവിടുന്ന് അവരോടു ചോദിച്ചു. “അവിടുന്ന് ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു ആകുന്നു” എന്നു ശിമോൻ പത്രോസ് പറഞ്ഞു. അപ്പോൾ യേശു അരുൾചെയ്തു: “യോനായുടെ പുത്രനായ ശിമോനേ, നീ അനുഗൃഹീതനാകുന്നു. മാംസരക്തങ്ങളോടുകൂടിയ മനുഷ്യർ ആരുമല്ല ഈ സത്യം നിനക്കു വെളിപ്പെടുത്തിയത്, പിന്നെയോ സ്വർഗത്തിലുള്ള പിതാവത്രേ. ഞാൻ നിന്നോടു പറയുന്നു: നീ പത്രോസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും. അധോലോകത്തിന്റെ ശക്തികൾ അതിനെ ജയിക്കുകയില്ല. സ്വർഗരാജ്യത്തിന്റെ താക്കോലുകൾ ഞാൻ നിനക്കു തരും. നീ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതെന്തും സ്വർഗത്തിലും അഴിക്കപ്പെട്ടിരിക്കും.”

മത്തായി 16:6-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യേശു അവരോട്: പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവു കരുതിയും സൂക്ഷിച്ചും കൊൾവിൻ എന്നു പറഞ്ഞു. അപ്പം കൊണ്ടുപോരായ്കയാൽ ആയിരിക്കും എന്നു അവർ തമ്മിൽതമ്മിൽ പറഞ്ഞു. യേശു അത് അറിഞ്ഞിട്ട് പറഞ്ഞത്: അല്പവിശ്വാസികളേ, അപ്പം കൊണ്ടുവരായ്കയാൽ ആയിരിക്കും എന്നു തമ്മിൽതമ്മിൽ പറയുന്നത് എന്ത്? ഇപ്പോഴും നിങ്ങൾതിരിച്ചറിയുന്നില്ലയോ? അയ്യായിരംപേർക്ക് അഞ്ചു അപ്പം കൊടുത്തിട്ട് എത്ര കൊട്ട എടുത്തു എന്നും നാലായിരംപേർക്ക് ഏഴു അപ്പം കൊടുത്തിട്ട് എത്ര കൊട്ട എടുത്തു എന്നും ഓർക്കുന്നില്ലയോ? അപ്പത്തെക്കുറിച്ചല്ല എന്നു തിരിച്ചറിയാത്തത് എന്ത്? പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവു സൂക്ഷിച്ചുകൊള്ളേണം എന്നത്രേ പറഞ്ഞത് അങ്ങനെ അപ്പത്തിന്‍റെ പുളിച്ച മാവല്ല, പരീശന്മാരുടെയും സദൂക്യരുടെയും ഉപദേശമത്രേ സൂക്ഷിച്ചുകൊള്ളുവാൻ അവൻ പറഞ്ഞത് എന്നു അവർ ഗ്രഹിച്ചു. യേശു ഫിലിപ്പിന്‍റെ കൈസര്യയുടെ പ്രദേശത്ത് എത്തിയശേഷം തന്‍റെ ശിഷ്യന്മാരോട്: ജനങ്ങൾ മനുഷ്യപുത്രൻ ആർ ആകുന്നു എന്നു പറയുന്നുവെന്ന് ചോദിച്ചു. “ചിലർ യോഹന്നാൻ സ്നാപകൻ എന്നും മറ്റുചിലർ ഏലിയാവെന്നും വേറെ ചിലർ യിരെമ്യാവോ പ്രവാചകന്മാരിൽ ഒരുവനോ എന്നും പറയുന്നു“ എന്നു അവർ പറഞ്ഞു. എന്നാൽ ഞാൻ ആർ ആകുന്നു എന്നു നിങ്ങൾ പറയുന്നു? എന്ന് യേശു ചോദിച്ചു? അതിനുത്തരമായി ശിമോൻ പത്രൊസ്: “നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു“ എന്നു പറഞ്ഞു. യേശു അവനോട്: ബർയോനാ ശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്‍റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയത്. നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്‍റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നും ഞാൻ നിന്നോട് പറയുന്നു. സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ ഞാൻ നിനക്കു തരും; നീ ഭൂമിയിൽ കെട്ടുന്നത് ഒക്കെയും സ്വർഗ്ഗത്തിൽ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതൊക്കെയും സ്വർഗ്ഗത്തിൽ അഴിയപ്പെട്ടിരിക്കും എന്നു ഉത്തരം പറഞ്ഞു.

മത്തായി 16:6-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ യേശു അവരോടു: നോക്കുവിൻ പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവു സൂക്ഷിച്ചു കൊൾവിൻ എന്നു പറഞ്ഞു. അപ്പം കൊണ്ടുപോരായ്കയാൽ ആയിരിക്കും എന്നു അവർ തമ്മിൽ തമ്മിൽ പറഞ്ഞു. അതു അറിഞ്ഞിട്ടു യേശു പറഞ്ഞതു: അല്പവിശ്വാസികളേ, അപ്പം കൊണ്ടുവരായ്കയാൽ തമ്മിൽ തമ്മിൽ പറയുന്നതു എന്തു? ഇപ്പോഴും നിങ്ങൾ തിരിച്ചറിയുന്നില്ലയോ? അയ്യായിരം പേർക്കു അഞ്ചു അപ്പം കൊടുത്തിട്ടു എത്ര കൊട്ട എടുത്തു എന്നും നാലായിരം പേർക്കു ഏഴു അപ്പം കൊടുത്തിട്ടു എത്ര വട്ടി എടുത്തു എന്നും ഓർക്കുന്നില്ലയോ? പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവു സൂക്ഷിച്ചുകൊള്ളേണം എന്നു പറഞ്ഞതു അപ്പത്തെക്കുറിച്ചല്ല എന്നു തിരിച്ചറിയാത്തതു എന്തു? അങ്ങനെ അപ്പത്തിന്റെ പുളിച്ച മാവല്ല, പരീശന്മാരുടെയും സദൂക്യരുടെയും ഉപദേശമത്രേ സൂക്ഷിച്ചുകൊൾവാൻ അവൻ പറഞ്ഞു എന്നു അവർ ഗ്രഹിച്ചു. യേശു ഫിലിപ്പിന്റെ കൈസര്യയുടെ പ്രദേശത്തു എത്തിയശേഷം തന്റെ ശിഷ്യന്മാരോടു: ജനങ്ങൾ മനുഷ്യപുത്രനെ ആർ എന്നു പറയുന്നു എന്നു ചോദിച്ചു. ചിലർ യോഹന്നാൻസ്നാപകൻ എന്നും മറ്റു ചിലർ ഏലീയാവെന്നും വേറെ ചിലർ യിരെമ്യാവോ പ്രവാചകന്മാരിൽ ഒരുത്തനോ എന്നും പറയുന്നു എന്നു അവർ പറഞ്ഞു. നിങ്ങളോ എന്നെ ആർ എന്നു പറയുന്നു എന്നു അവൻ ചോദിച്ചതിന്നു ശിമോൻ പത്രൊസ്: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നു ഉത്തരം പറഞ്ഞു. യേശു അവനോടു: ബർയോനാശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു. നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു. സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരുന്നു; നീ ഭൂമിയിൽ കെട്ടുന്നതു ഒക്കെയും സ്വർഗ്ഗത്തിൽ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതൊക്കെയും സ്വർഗ്ഗത്തിൽ അഴിഞ്ഞിരിക്കും എന്നു ഉത്തരം പറഞ്ഞു.

മത്തായി 16:6-19 സമകാലിക മലയാളവിവർത്തനം (MCV)

യേശു അവരോട്, “ജാഗ്രതയുള്ളവരായിരിക്കുക, പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ചമാവ് സൂക്ഷിക്കുക” എന്നു പറഞ്ഞു. “നാം അപ്പം കൊണ്ടുവരാത്തതിനാലായിരിക്കാം അങ്ങനെ പറഞ്ഞത്,” എന്നു പറഞ്ഞ് അവർ പരസ്പരം ചർച്ചചെയ്തു. അവരുടെ സംഭാഷണം മനസ്സിലാക്കിയിട്ട് യേശു ചോദിച്ചു, “അൽപ്പവിശ്വാസികളേ, അപ്പം എടുത്തില്ലെന്നതിനെക്കുറിച്ച് നിങ്ങൾ പരസ്പരം ചർച്ചചെയ്യുന്നതെന്ത്? നിങ്ങൾ ഇപ്പോഴും മനസ്സിലാക്കിയിട്ടില്ലേ? അഞ്ചപ്പംകൊണ്ട് അയ്യായിരത്തെ പരിപോഷിപ്പിച്ചപ്പോൾ ബാക്കി വന്നത് എത്ര കുട്ട നിറയെ എന്നും ഏഴ് അപ്പംകൊണ്ട് നാലായിരത്തെ പരിപോഷിപ്പിച്ചപ്പോൾ ബാക്കി എത്ര കുട്ട നിറച്ചെടുത്തു എന്നതും നിങ്ങൾ ഓർക്കുന്നില്ലേ? എന്നാൽ ‘പരീശന്മാരുടെയും സദൂക്യരുടെയും പുളിപ്പുള്ള മാവ് സൂക്ഷിക്കുക’ എന്നു ഞാൻ നിങ്ങളോടു പറഞ്ഞത് അപ്പത്തിന്റെ കാര്യത്തെക്കുറിച്ചല്ലെന്ന് നിങ്ങൾ മനസ്സിലാക്കാത്തതെന്ത്?” അപ്പോഴാണ്, ജാഗ്രത പുലർത്തണമെന്ന് യേശു പറഞ്ഞുകൊണ്ടിരുന്നത് അപ്പത്തിന് ഉപയോഗിക്കുന്ന പുളിപ്പിനെക്കുറിച്ചല്ല, പിന്നെയോ പരീശന്മാരുടെയും സദൂക്യരുടെയും ഉപദേശത്തെ സംബന്ധിച്ചാണ് എന്നു ശിഷ്യന്മാർക്ക് മനസ്സിലായത്. യേശു കൈസര്യ-ഫിലിപ്പി പ്രദേശത്ത് എത്തിയപ്പോൾ തന്റെ ശിഷ്യന്മാരോട്, “മനുഷ്യപുത്രൻ ആരാകുന്നു എന്നാണ് ജനങ്ങൾ പറയുന്നത്?” എന്നു ചോദിച്ചു. അതിനു ശിഷ്യന്മാർ, “യോഹന്നാൻസ്നാപകൻ എന്നു ചിലരും ഏലിയാവ് എന്നു മറ്റുചിലരും യിരെമ്യാവോ മറ്റു പ്രവാചകന്മാരിൽ ഒരാളോ എന്ന് വേറെ ചിലരും പറയുന്നു” എന്ന് ഉത്തരം പറഞ്ഞു. “എന്നാൽ നിങ്ങളോ?” യേശു ആരാഞ്ഞു, “ഞാൻ ആരാകുന്നു എന്നാണ് നിങ്ങൾ പറയുന്നത്?” “അങ്ങ് ജീവനുള്ള ദൈവത്തിന്റെ പുത്രൻ, ക്രിസ്തു ആകുന്നു,” എന്ന് ശിമോൻ പത്രോസ് പ്രതിവചിച്ചു. യേശു അതിനു മറുപടി പറഞ്ഞത്, “യോനായുടെ മകൻ ശിമോനേ, നീ അനുഗ്രഹിക്കപ്പെട്ടവൻ; മനുഷ്യരല്ല ഇത് നിനക്ക് വെളിപ്പെടുത്തിയത്, പിന്നെയോ എന്റെ സ്വർഗസ്ഥപിതാവാണ്. ഞാൻ നിന്നോടു പറയുന്നു: നീ പത്രോസ് ആകുന്നു, ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; നരകകവാടങ്ങൾ അതിനെ ജയിച്ചടക്കുക അസാധ്യം. സ്വർഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരും; നീ ഭൂമിയിൽ കെട്ടുന്നതെന്തും സ്വർഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതെന്തും സ്വർഗത്തിലും അഴിക്കപ്പെട്ടിരിക്കും.”