മത്തായി 15:21-39
മത്തായി 15:21-39 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യേശു അവിടം വിട്ടു സോർ, സീദോൻ എന്ന പ്രദേശങ്ങളിലേക്കു വാങ്ങിപ്പോയി. ആ ദേശത്തുനിന്ന് ഒരു കനാന്യസ്ത്രീ വന്ന്, അവനോട്: കർത്താവേ, ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ; എന്റെ മകൾക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു. അവൻ അവളോട് ഒരു വാക്കും ഉത്തരം പറഞ്ഞില്ല; അവന്റെ ശിഷ്യന്മാർ അടുക്കെ വന്നു: അവൾ നമ്മുടെ പിന്നാലെ നിലവിളിച്ചുകൊണ്ടു വരുന്നു; അവളെ പറഞ്ഞയയ്ക്കേണമേ എന്ന് അവനോട് അപേക്ഷിച്ചു. അതിന് അവൻ: യിസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല എന്ന് ഉത്തരം പറഞ്ഞു. എന്നാൽ അവൾ വന്നു: കർത്താവേ, എന്നെ സഹായിക്കേണമേ എന്നു പറഞ്ഞ് അവനെ നമസ്കരിച്ചു. അവനോ: മക്കളുടെ അപ്പം എടുത്തു നായ്ക്കുട്ടികൾക്ക് ഇട്ടുകൊടുക്കുന്നതു നന്നല്ല എന്ന് ഉത്തരം പറഞ്ഞു. അതിന് അവൾ: അതേ, കർത്താവേ, നായ്ക്കുട്ടികളും ഉടയവരുടെ മേശയിൽനിന്നു വീഴുന്ന നുറുക്കുകൾ തിന്നുന്നുണ്ടല്ലോ എന്നു പറഞ്ഞു. യേശു അവളോട്: സ്ത്രീയേ, നിന്റെ വിശ്വാസം വലിയത്; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ എന്ന് ഉത്തരം പറഞ്ഞു. ആ നാഴികമുതൽ അവളുടെ മകൾക്കു സൗഖ്യം വന്നു. യേശു അവിടെനിന്നു യാത്രയായി ഗലീലക്കടലരികെ ചെന്നു മലയിൽ കയറി അവിടെ ഇരുന്നു. വളരെ പുരുഷാരം മുടന്തർ, കുരുടർ, ഊമർ, കൂനർ മുതലായ പലരെയും അവന്റെ അടുക്കൽ കൊണ്ടുവന്ന് അവന്റെ കാല്ക്കൽ വച്ചു; അവൻ അവരെ സൗഖ്യമാക്കി; ഊമർ സംസാരിക്കുന്നതും കൂനർ സൗഖ്യമാകുന്നതും മുടന്തർ നടക്കുന്നതും കുരുടർ കാണുന്നതും പുരുഷാരം കണ്ടിട്ട് ആശ്ചര്യപ്പെട്ടു, യിസ്രായേലിന്റെ ദൈവത്തെ മഹത്ത്വപ്പെടുത്തി. എന്നാൽ യേശു തന്റെ ശിഷ്യന്മാരെ അടുക്കെ വിളിച്ചു: ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളായി എന്നോടുകൂടെ പാർക്കുന്നു; അവർക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ട് അവരെക്കുറിച്ച് എനിക്കു മനസ്സലിവു തോന്നുന്നു; അവരെ പട്ടിണിയായി വിട്ടയപ്പാൻ മനസ്സുമില്ല; അവർ വഴിയിൽവച്ചു തളർന്നുപോയേക്കും എന്നു പറഞ്ഞു. ശിഷ്യന്മാർ അവനോട്: ഇത്ര വലിയ പുരുഷാരത്തിനു തൃപ്തി വരുത്തുവാൻ മതിയായ അപ്പം ഈ കാട്ടിൽ നമുക്ക് എവിടെനിന്ന് എന്നു പറഞ്ഞു. നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ട് എന്നു യേശു ചോദിച്ചു; ഏഴ്; കുറെ ചെറുമീനും ഉണ്ട് എന്ന് അവർ പറഞ്ഞു. അവൻ പുരുഷാരത്തോടു നിലത്ത് ഇരിപ്പാൻ കല്പിച്ചു. ആ ഏഴ് അപ്പവും മീനും എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിനും കൊടുത്തു. എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം അവർ ഏഴു വട്ടി നിറച്ചെടുത്തു. തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ നാലായിരം പുരുഷന്മാർ ആയിരുന്നു. പിന്നെ അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പടകിൽ കയറി മഗദാദേശത്ത് എത്തി.
മത്തായി 15:21-39 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശു അവിടെനിന്ന് സോർ, സീദോൻ പ്രദേശങ്ങളിലേക്കു പോയി. അവിടെയുള്ള ഒരു കനാന്യസ്‍ത്രീ നിലവിളിച്ചുകൊണ്ട്, “കർത്താവേ, ദാവീദിന്റെ പുത്രാ, എന്നോടു കനിവുണ്ടാകണമേ; എന്റെ മകളെ ഒരു ഭൂതം കഠിനമായി ബാധിച്ചിരിക്കുന്നു” എന്നു പറഞ്ഞു. യേശു ഒരു മറുപടിയും പറഞ്ഞില്ല. ശിഷ്യന്മാർ അടുത്തുചെന്ന് “ആ സ്‍ത്രീ കരഞ്ഞുകൊണ്ടു നമ്മുടെ പിന്നാലേ വരുന്നല്ലോ; അവളെ പറഞ്ഞയച്ചാലും” എന്ന് അഭ്യർഥിച്ചു. അതിനു മറുപടിയായി അവിടുന്ന് പറഞ്ഞു: “ഇസ്രായേൽ വംശത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുക്കലേക്കു മാത്രമാണ് എന്നെ അയച്ചിരിക്കുന്നത്.” എന്നാൽ ആ സ്ത്രീ വന്ന് അവിടുത്തെ മുമ്പിൽ മുട്ടുകുത്തിക്കൊണ്ട്, “പ്രഭോ, എന്നെ സഹായിക്കണമേ” എന്ന് അപേക്ഷിച്ചു. “കുഞ്ഞുങ്ങൾക്കു കൊടുക്കാനുള്ള അപ്പമെടുത്തു നായ്‍ക്കുട്ടികൾക്ക് ഇട്ടുകൊടുക്കുന്നതു നന്നല്ല” എന്ന് യേശു പ്രതിവചിച്ചു. അപ്പോൾ ആ സ്‍ത്രീ പറഞ്ഞു: “അതേ, കർത്താവേ, നായ്‍ക്കുട്ടികളും യജമാനന്റെ മേശയിൽനിന്നു വീഴുന്ന അപ്പക്കഷണങ്ങൾ തിന്നാറുണ്ടല്ലോ.” യേശു ആ സ്‍ത്രീയോട് അരുൾചെയ്തു: “അല്ലയോ സ്‍ത്രീയേ, നിന്റെ വിശ്വാസം വലുതുതന്നെ; നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ.” ആ നിമിഷത്തിൽത്തന്നെ അവളുടെ മകൾ രോഗവിമുക്തയായി. യേശു അവിടെനിന്ന് ഗലീലത്തടാകത്തിന്റെ തീരത്തുകൂടി കടന്ന് ഒരു കുന്നിൻമുകളിൽ കയറിയിരുന്നു. ഒരു വലിയ ജനസമൂഹം അദ്ദേഹത്തിന്റെ അടുക്കൽവന്നു. മുടന്തന്മാർ, അന്ധന്മാർ, അംഗവൈകല്യമുള്ളവർ, ബധിരർ മുതലായ പലവിധ രോഗികളെയും അവർ കൂട്ടിക്കൊണ്ടുവന്ന് അവിടുത്തെ പാദസമക്ഷം ഇരുത്തി. അവിടുന്ന് അവരെ സുഖപ്പെടുത്തി. മൂകർ സംസാരിക്കുന്നതും വികലാംഗർ സൗഖ്യം പ്രാപിക്കുന്നതും മുടന്തർ നടക്കുന്നതും അന്ധന്മാർക്കു കാഴ്ച ലഭിക്കുന്നതും കണ്ട് ജനങ്ങൾ വിസ്മയഭരിതരായി ഇസ്രായേലിന്റെ ദൈവത്തെ പ്രകീർത്തിച്ചു. യേശു ശിഷ്യന്മാരെ വിളിച്ചു പറഞ്ഞു: “ഈ ജനത്തെ കണ്ടിട്ട് എന്റെ മനസ്സ് അലിയുന്നു. മൂന്നു ദിവസമായിട്ട് അവർ എന്റെകൂടെ ആയിരുന്നുവല്ലോ. അവർക്ക് ഭക്ഷിക്കുവാൻ ഒന്നുമില്ല. അവരെ പട്ടിണിക്കു പറഞ്ഞയയ്‍ക്കാൻ എനിക്കു മനസ്സുവരുന്നില്ല. അവർ വഴിയിൽ തളർന്നു വീണു പോയേക്കാം.” ശിഷ്യന്മാർ അവിടുത്തോടു ചോദിച്ചു: “ഈ വിജനസ്ഥലത്ത് ഇത്ര വലിയ ജനസഞ്ചയത്തിനു വേണ്ടത്ര ഭക്ഷണം എങ്ങനെ കിട്ടും?” യേശു അവരോട്, “നിങ്ങളുടെ കൈവശം എത്ര അപ്പമുണ്ട്?” “ഏഴപ്പവും കുറെ ചെറിയ മീനുമുണ്ട്” എന്ന് അവർ പറഞ്ഞു. യേശു ജനത്തോട് നിലത്തിരിക്കുവാൻ ആജ്ഞാപിച്ചിട്ട്, ആ ഏഴപ്പവും മീനും എടുത്തു സ്തോത്രംചെയ്തു മുറിച്ച് അവർക്കു വിളമ്പിക്കൊടുക്കുവാൻ ശിഷ്യന്മാരെ ഏല്പിച്ചു. എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. ശേഷിച്ച അപ്പക്കഷണങ്ങൾ അവർ ഏഴുവട്ടി നിറച്ചെടുത്തു. ഭക്ഷിച്ചവർ സ്‍ത്രീകളെയും കുട്ടികളെയും കൂടാതെ നാലായിരം പേരുണ്ടായിരുന്നു. യേശു ജനസമൂഹത്തെ പിരിച്ചുവിട്ടശേഷം ഒരു വഞ്ചിയിൽ കയറി മഗദാ എന്ന പ്രദേശത്തേക്കു പോയി.
മത്തായി 15:21-39 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യേശു അവിടം വിട്ടു, സോർ സീദോൻ എന്ന പ്രദേശങ്ങളിലേക്ക് പിൻവാങ്ങിപ്പോയി. ആ ദേശത്തുനിന്ന് ഒരു കനാന്യസ്ത്രീ വന്നു, അവനോട്: “കർത്താവേ, ദാവീദ് പുത്രാ, എന്നോട് കരുണ തോന്നേണമേ; എന്റെ മകൾക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു“ എന്നു ഉറക്കെ നിലവിളിച്ചുപറഞ്ഞു. അവൻ അവളോട് ഒരു വാക്കും ഉത്തരം പറഞ്ഞില്ല; അവന്റെ ശിഷ്യന്മാർ അടുക്കെ, വന്നു: “അവൾ നമ്മുടെ പിന്നാലെ ഉറക്കെ നിലവിളിച്ചുകൊണ്ട് വരുന്നു; അവളെ പറഞ്ഞയക്കേണമേ“ എന്നു അവനോട് അപേക്ഷിച്ചു. അതിന് അവൻ: യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല എന്നു ഉത്തരം പറഞ്ഞു. എന്നാൽ അവൾ വന്നു: “കർത്താവേ, എന്നെ സഹായിക്കേണമേ“ എന്നു പറഞ്ഞു അവനെ നമസ്കരിച്ചു. അവനോ: മക്കളുടെ അപ്പം എടുത്തു നായ്ക്കുട്ടികൾക്ക് എറിഞ്ഞുകൊടുക്കുന്നത് നന്നല്ല എന്നു ഉത്തരം പറഞ്ഞു. അതിന് അവൾ: “അതേ, കർത്താവേ, നായ്ക്കുട്ടികളും ഉടയവരുടെ മേശയിൽ നിന്നു വീഴുന്ന ചില നുറുക്കുകൾ തിന്നുന്നുണ്ടല്ലോ“ എന്നു പറഞ്ഞു. യേശു അവളോട്: സ്ത്രീയേ, നിന്റെ വിശ്വാസം വലിയത്; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ എന്നു ഉത്തരം പറഞ്ഞു. ആ നാഴികയിൽത്തന്നെ അവളുടെ മകൾക്കു സൗഖ്യം വന്നു. യേശു അവിടെനിന്നു യാത്രയായി ഗലീലക്കടലരികെ ചെന്നു മലയിൽ കയറി അവിടെ ഇരുന്നു. വളരെ പുരുഷാരം അവന്‍റെ അടുക്കൽ വന്നു; അവർ മുടന്തർ, കുരുടർ, ഊമർ, കൂനർ മുതലായവരെയും മറ്റു പലരോഗികളേയും അവന്‍റെ അടുക്കൽ, അവന്‍റെ പാദപീഠത്തിൽതന്നെ കൊണ്ടുവന്നു; അവൻ അവരെ സൗഖ്യമാക്കി. ഊമർ സംസാരിക്കുന്നതും കൂനർ സൗഖ്യമാകുന്നതും മുടന്തർ നടക്കുന്നതും കുരുടർ കാണുന്നതും പുരുഷാരം കണ്ടിട്ട് ആശ്ചര്യപ്പെട്ടു, യിസ്രായേലിന്റെ ദൈവത്തെ മഹത്വപ്പെടുത്തി. എന്നാൽ യേശു തന്റെ ശിഷ്യന്മാരെ അടുക്കെ വിളിച്ചു; ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളുകളായി എന്നോടുകൂടെ പാർക്കുന്നു; അവർക്ക് ഭക്ഷിക്കുവാൻ ഒന്നും ഇല്ലാത്തതുകൊണ്ട് അവരെക്കുറിച്ച് എനിക്ക് മനസ്സലിവു തോന്നുന്നു; അവരെ പട്ടിണിയായി വിട്ടയപ്പാൻ മനസ്സുമില്ല; അവർ വഴിയിൽവെച്ചു തളർന്നുപോയേക്കും എന്നു പറഞ്ഞു. ശിഷ്യന്മാർ അവനോട്: “ഇത്രവലിയ പുരുഷാരത്തിന് തൃപ്തിവരുത്തുവാൻ ആവശ്യമായ അപ്പം ഈ വിജനമായ സ്ഥലത്ത് നമുക്കു എവിടെ നിന്നു ലഭിക്കും?“ എന്നു ചോദിച്ചു. യേശു അവരോട് നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ട് എന്നു ചോദിച്ചതിന്, “ഏഴു അപ്പവും, കുറെ ചെറുമീനുകളും ഉണ്ട്“ എന്നു അവർ പറഞ്ഞു. അവൻ പുരുഷാരത്തോട് നിലത്തു ഇരിക്കുവാൻ കല്പിച്ചു, ആ ഏഴു അപ്പവും മീനും എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിനും കൊടുത്തു. എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണങ്ങൾ അവർ ഏഴു കൊട്ട നിറച്ചെടുത്തു. തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ നാലായിരം പുരുഷന്മാർ ആയിരുന്നു. പിന്നെ അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ട് പടകിൽ കയറി മഗദാ ദേശത്തു എത്തി.
മത്തായി 15:21-39 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യേശു അവിടം വിട്ടു, സോർ സീദോൻ എന്ന പ്രദേശങ്ങളിലേക്കു വാങ്ങിപ്പോയി. ആ ദേശത്തുനിന്നു ഒരു കനാന്യസ്ത്രീ വന്നു, അവനോടു: കർത്താവേ, ദാവീദ് പുത്രാ, എന്നോടു കരുണ തോന്നേണമേ; എന്റെ മകൾക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു. അവൻ അവളോടു ഒരു വാക്കും ഉത്തരം പറഞ്ഞില്ല; അവന്റെ ശിഷ്യന്മാർ അടുക്കെ, വന്നു: അവൾ നമ്മുടെ പിന്നാലെ നിലവിളിച്ചുകൊണ്ടു വരുന്നു; അവളെ പറഞ്ഞയക്കേണമേ എന്നു അവനോടു അപേക്ഷിച്ചു. അതിന്നു അവൻ: യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല എന്നു ഉത്തരം പറഞ്ഞു. എന്നാൽ അവൾ വന്നു: കർത്താവേ, എന്നെ സഹായിക്കേണമേ എന്നു പറഞ്ഞു അവനെ നമസ്കരിച്ചു. അവനോ: മക്കളുടെ അപ്പം എടുത്തു നായ്ക്കുട്ടികൾക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല എന്നു ഉത്തരം പറഞ്ഞു. അതിന്നു അവൾ: അതേ, കർത്താവേ, നായ്ക്കുട്ടികളും ഉടയവരുടെ മേശയിൽ നിന്നു വീഴുന്ന നുറുക്കുകൾ തിന്നുന്നുണ്ടല്ലോ എന്നു പറഞ്ഞു. യേശു അവളോടു: സ്ത്രീയേ, നിന്റെ വിശ്വാസം വലിയതു; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ എന്നു ഉത്തരം പറഞ്ഞു. ആ നാഴികമുതൽ അവളുടെ മകൾക്കു സൗഖ്യം വന്നു. യേശു അവിടെ നിന്നു യാത്രയായി ഗലീലക്കടലരികെ ചെന്നു മലയിൽ കയറി അവിടെ ഇരുന്നു. വളരെ പുരുഷാരം മുടന്തർ, കുരുടർ, ഊമർ, കൂനർ മുതലായ പലരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു അവന്റെ കാൽക്കൽ വെച്ചു; അവൻ അവരെ സൗഖ്യമാക്കി; ഊമർ സംസാരിക്കുന്നതും കൂനർ സൗഖ്യമാകുന്നതും മുടന്തർ നടക്കുന്നതും കുരുടർ കാണുന്നതും പുരുഷാരം കണ്ടിട്ടു ആശ്ചര്യപ്പെട്ടു, യിസ്രായേലിന്റെ ദൈവത്തെ മഹത്വപ്പെടുത്തി. എന്നാൽ യേശു തന്റെ ശിഷ്യന്മാരെ അടുക്കെവിളിച്ചു: ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളായി എന്നോടുകൂടെ പാർക്കുന്നു; അവർക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ടു അവരെക്കുറിച്ചു എനിക്കു മനസ്സലിവു തോന്നുന്നു; അവരെ പട്ടിണിയായി വിട്ടയപ്പാൻ മനസ്സുമില്ല; അവർ വഴിയിൽവെച്ചു തളർന്നുപോയേക്കും എന്നു പറഞ്ഞു. ശിഷ്യന്മാർ അവനോടു: ഇത്ര വലിയ പുരുഷാരത്തിന്നു തൃപ്തിവരുത്തുവാൻ മതിയായ അപ്പം ഈ കാട്ടിൽ നമുക്കു എവിടെ നിന്നു എന്നു പറഞ്ഞു. നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ടു എന്നു യേശു ചോദിച്ചു; ഏഴു; കുറെ ചെറുമീനും ഉണ്ടു എന്നു അവർ പറഞ്ഞു. അവൻ പുരുഷാരത്തോടു നിലത്തു ഇരിപ്പാൻ കല്പിച്ചു, ആ ഏഴു അപ്പവും മീനും എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിന്നും കൊടുത്തു. എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം അവർ ഏഴു വട്ടി നിറെച്ചെടുത്തു. തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ നാലായിരം പുരുഷന്മാർ ആയിരുന്നു. പിന്നെ അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പടകിൽ കയറി മഗദാദേശത്തു എത്തി.
മത്തായി 15:21-39 സമകാലിക മലയാളവിവർത്തനം (MCV)
യേശു ആ സ്ഥലംവിട്ടു സോർ, സീദോൻ എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു. അപ്പോൾ അവിടെനിന്നുള്ള കനാൻ നിവാസിയായ ഒരു സ്ത്രീ വന്ന് നിലവിളിച്ചുകൊണ്ട്, “കർത്താവേ, ദാവീദുപുത്രാ, എന്നോട് കരുണയുണ്ടാകണമേ! ഒരു ഭൂതം എന്റെ മകളെ ബാധിച്ച് അവളെ അതികഠിനമായി പീഡിപ്പിക്കുന്നു” എന്നു പറഞ്ഞു. യേശു ഒരു വാക്കും ഉത്തരം പറഞ്ഞില്ല. അതുകൊണ്ട് ശിഷ്യന്മാർ അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “നമുക്ക് പിന്നാലെ നിലവിളിച്ചുകൊണ്ടു വരുന്ന അവളെ പറഞ്ഞയയ്ക്കണമേ” എന്നപേക്ഷിച്ചു. “ഇസ്രായേലിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കുമാത്രമാണ് എന്നെ അയച്ചിരിക്കുന്നത്,” എന്ന് യേശു ഉത്തരം പറഞ്ഞു. എന്നാൽ, ആ സ്ത്രീ വന്ന് അദ്ദേഹത്തിന്റെമുമ്പിൽ സാഷ്ടാംഗം വീണ്, “കർത്താവേ, എന്നെ സഹായിക്കണമേ” എന്നപേക്ഷിച്ചു. അതിന് യേശു, “മക്കളുടെ അപ്പം എടുത്ത് നായ്ക്കുട്ടികൾക്ക് എറിഞ്ഞുകൊടുക്കുന്നത് അനുയോജ്യമല്ല” എന്നു പറഞ്ഞു. “ശരിയാണ് കർത്താവേ,” അവൾ പറഞ്ഞു. “എങ്കിലും നായ്ക്കുട്ടികളും അവയുടെ യജമാനരുടെ മേശയിൽനിന്ന് വീഴുന്ന അപ്പനുറുക്കുകൾ തിന്നുന്നുണ്ടല്ലോ.” അപ്പോൾ യേശു, “സ്ത്രീയേ, നിന്റെ വിശ്വാസം വലിയത്! നീ ആഗ്രഹിക്കുന്നതുപോലെ നിനക്ക് ഭവിക്കട്ടെ” എന്നു കൽപ്പിച്ചു. ആ നിമിഷംതന്നെ അവളുടെ മകൾക്ക് സൗഖ്യം ലഭിച്ചു. യേശു അവിടംവിട്ട് ഗലീലാതടാകതീരത്തുകൂടി സഞ്ചരിച്ച് ഒരു മലമുകളിൽ കയറി, അവിടെ ഇരുന്നു. ഒരു വലിയ ജനക്കൂട്ടം; മുടന്തർ, അന്ധർ, വികലാംഗർ, ഊമകൾ എന്നിങ്ങനെ പലതരം രോഗികളെ കൊണ്ടുവന്ന് അദ്ദേഹത്തിന്റെ കാൽക്കൽ കിടത്തി. യേശു അവർക്കെല്ലാം സൗഖ്യം നൽകി. ഊമകൾ സംസാരിക്കുന്നതും വികലാംഗർ സൗഖ്യമാകുന്നതും മുടന്തർ നടക്കുന്നതും അന്ധർ കാഴ്ചയുള്ളവരായിത്തീരുന്നതും കണ്ട് ജനം ആശ്ചര്യപ്പെട്ടു. അവർ ഇസ്രായേലിന്റെ ദൈവത്തെ പുകഴ്ത്തി. യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ച് അവരോട്, “എനിക്ക് ഈ ജനത്തോട് സഹതാപം തോന്നുന്നു. ഇവർ എന്നോടൊപ്പമായിട്ട് മൂന്നുദിവസമായി; ഇവർക്കു ഭക്ഷിക്കാൻ ഒന്നുംതന്നെ ഇല്ല. ഇവരെ വിശപ്പോടെ പറഞ്ഞയയ്ക്കാൻ എനിക്ക് താത്പര്യമില്ല; അവർ വഴിയിൽ തളർന്നുവീഴും.” അതിനു ശിഷ്യന്മാർ, “ഈ വലിയ ജനക്കൂട്ടത്തിനു ആവശ്യമുള്ളത്ര ഭക്ഷണം ഈ വിജനപ്രദേശത്ത് നമുക്ക് എവിടെനിന്നു ലഭിക്കും?” എന്നു ചോദിച്ചു. യേശു അവരോട്, “നിങ്ങളുടെ കൈയിൽ എത്ര അപ്പം ഉണ്ട്?” എന്നു ചോദിച്ചു. “ഏഴ്, കുറച്ചു ചെറിയ മീനും ഉണ്ട്,” അവർ മറുപടി പറഞ്ഞു. യേശു ജനക്കൂട്ടത്തോട് തറയിലിരിക്കാൻ കൽപ്പിച്ചു. പിന്നെ അദ്ദേഹം ആ ഏഴ് അപ്പവും മീനും എടുത്ത് ദൈവത്തിന് സ്തോത്രംചെയ്ത് നുറുക്കി ശിഷ്യന്മാരെ ഏൽപ്പിക്കുകയും അവർ അത് ജനത്തിന് കൊടുക്കുകയും ചെയ്തു. എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. ശേഷിച്ച നുറുക്കുകൾ ശിഷ്യന്മാർ ഏഴു കുട്ട നിറയെ ശേഖരിച്ചു. ഭക്ഷിച്ചവർ സ്ത്രീകളെയും കുഞ്ഞുങ്ങളെയുംകൂടാതെ നാലായിരം പുരുഷന്മാർ ആയിരുന്നു. ജനക്കൂട്ടത്തെ യാത്രയയച്ചശേഷം യേശു വള്ളത്തിൽ കയറി മഗദാ ദേശത്തേക്കു പോയി.