മത്തായി 15:10-20

മത്തായി 15:10-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പിന്നെ അവൻ പുരുഷാരത്തെ അരികെ വിളിച്ച് അവരോടു പറഞ്ഞത്: കേട്ടു ഗ്രഹിച്ചുകൊൾവിൻ. മനുഷ്യന് അശുദ്ധി വരുത്തുന്നതു വായിക്കകത്തു ചെല്ലുന്നത് അല്ല, വായിൽനിന്നു പുറപ്പെടുന്നതത്രേ; അതു മനുഷ്യനെ അശുദ്ധമാക്കുന്നു. അപ്പോൾ ശിഷ്യന്മാർ അടുക്കെ വന്നു: പരീശന്മാർ ഈ വാക്കു കേട്ട് ഇടറിപ്പോയി എന്ന് അറിയുന്നുവോ എന്നു ചോദിച്ചു. അതിന് അവൻ: സ്വർഗസ്ഥനായ എന്റെ പിതാവ് നട്ടിട്ടില്ലാത്ത തൈ ഒക്കെയും വേരോടെ പറിഞ്ഞുപോകും. അവരെ വിടുവിൻ; അവർ കുരുടന്മാരായ വഴികാട്ടികൾ അത്രേ; കുരുടൻ കുരുടനെ വഴി നടത്തിയാൽ ഇരുവരും കുഴിയിൽ വീഴും എന്ന് ഉത്തരം പറഞ്ഞു. പത്രൊസ് അവനോട്: ആ ഉപമ ഞങ്ങൾക്കു തെളിയിച്ചുതരേണം എന്നു പറഞ്ഞു. അതിന് അവൻ പറഞ്ഞത്: നിങ്ങളും ഇന്നുവരെ ബോധമില്ലാത്തവരോ? വായിക്കകത്തു കടക്കുന്നത് എല്ലാം വയറ്റിൽ ചെന്നിട്ടു മറപ്പുരയിൽ പോകുന്നു എന്നു ഗ്രഹിക്കുന്നില്ലയോ? വായിൽനിന്നു പുറപ്പെടുന്നതോ ഹൃദയത്തിൽനിന്നു വരുന്നു; അതു മനുഷ്യനെ അശുദ്ധമാക്കുന്നു. എങ്ങനെയെന്നാൽ ദുശ്ചിന്ത, കൊലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസ്സാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽനിന്നു പുറപ്പെട്ടുവരുന്നു. മനുഷ്യനെ അശുദ്ധമാക്കുന്നത് ഇതത്രേ; കഴുകാത്ത കൈകൊണ്ടു ഭക്ഷിക്കുന്നതോ മനുഷ്യനെ അശുദ്ധമാക്കുന്നില്ല.

മത്തായി 15:10-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പിന്നീട് യേശു ജനങ്ങളെ അടുക്കൽ വിളിച്ച് അവരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ഇതു കേട്ടു ഗ്രഹിച്ചുകൊള്ളുക: മനുഷ്യന്റെ വായിലേക്കു ചെല്ലുന്നത് അല്ല അവനെ അശുദ്ധനാക്കുന്നത്; പ്രത്യുത വായിൽനിന്നു പുറത്തു വരുന്നതാണ്.” അനന്തരം ശിഷ്യന്മാർ യേശുവിനോട്, “അങ്ങു പറഞ്ഞത് പരീശന്മാരെ പ്രകോപിപ്പിച്ചു എന്നുള്ളത് അങ്ങു മനസ്സിലാക്കിയോ?” എന്നു ചോദിച്ചു. അവിടുന്ന് ഇങ്ങനെ മറുപടി പറഞ്ഞു: “എന്റെ സ്വർഗീയ പിതാവു നടാത്ത ചെടികളെല്ലാം വേരോടെ പിഴുതുപോകും. അവരെ കണക്കിലെടുക്കേണ്ടാ; അവർ അന്ധന്മാരായ വഴികാട്ടികളത്രേ. അന്ധൻ അന്ധനു വഴികാട്ടിയാൽ ഇരുവരും കുഴിയിൽ വീഴുമല്ലോ.” പത്രോസ് അവിടുത്തോട്, “ഈ ദൃഷ്ടാന്തം ഞങ്ങൾക്കു വിശദീകരിച്ചുതന്നാലും” എന്ന് അഭ്യർഥിച്ചു. യേശു മറുപടി പറഞ്ഞു: “നിങ്ങൾപോലും അത് ഇനിയും മനസ്സിലാക്കുന്നില്ലേ? ഒരുവന്റെ വായിലേക്കു പോകുന്നതെന്തും അവന്റെ വയറ്റിൽ ചെന്നശേഷം വിസർജിക്കപ്പെടുന്നു. എന്നാൽ വായിൽനിന്നു പുറത്തുവരുന്നത്, ഹൃദയത്തിൽനിന്നത്രേ ഉദ്ഭവിക്കുന്നത്. അങ്ങനെയുള്ള കാര്യങ്ങളാണു മനുഷ്യനെ അശുദ്ധനാക്കുന്നത്. ഹൃദയത്തിൽനിന്നു ദുർവികാരങ്ങൾ, കൊലപാതകം, വ്യഭിചാരം, മറ്റ് അസാന്മാർഗിക കർമങ്ങൾ, മോഷണം, കള്ളസ്സാക്ഷ്യം, പരദൂഷണം എന്നിവ പുറപ്പെടുന്നു. മനുഷ്യനെ അശുദ്ധനാക്കുന്നത് ഇവയാണ്; കഴുകാത്ത കൈകൊണ്ടു ഭക്ഷണം കഴിക്കുന്നതല്ല.”

മത്തായി 15:10-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

പിന്നെ അവൻ പുരുഷാരത്തെ അരികെ വിളിച്ചു അവരോട് പറഞ്ഞത്: കേട്ടു ഗ്രഹിച്ചുകൊൾവിൻ. വായ്ക്കകത്തു പ്രവേശിക്കുന്നത് മനുഷ്യനെ അശുദ്ധനാക്കുന്നില്ല, മറിച്ച് വായിൽനിന്നു പുറപ്പെടുന്നതത്രേ; മനുഷ്യനെ അശുദ്ധനാക്കുന്നത്. അപ്പോൾ ശിഷ്യന്മാർ അടുക്കെ വന്നു: “പരീശന്മാർ ഈ പ്രസ്താവന കേട്ടു ഇടറിപ്പോയി എന്നു അറിയുന്നുവോ?“ എന്നു ചോദിച്ചു. അതിന് അവൻ: സ്വർഗ്ഗസ്ഥനായ എന്‍റെ പിതാവ് നട്ടിട്ടില്ലാത്ത തൈ ഒക്കെയും വേരോടെ പറിഞ്ഞുപോകും. അവരെ വിടുവിൻ; അവർ കുരുടന്മാരായ വഴികാട്ടികൾ അത്രേ; കുരുടൻ കുരുടനെ വഴിനടത്തിയാൽ ഇരുവരും കുഴിയിൽ വീഴും എന്നു ഉത്തരം പറഞ്ഞു. പത്രൊസ് അവനോട്: “ആ ഉപമ ഞങ്ങൾക്കു വിശദീകരിച്ച് തരേണം“ എന്നു പറഞ്ഞു. അതിന് അവൻ പറഞ്ഞത്: നിങ്ങളും ഇന്നുവരെ ബോധമില്ലാത്തവരോ? വായ്ക്കകത്തു കടക്കുന്നതു എല്ലാം വയറ്റിൽ ചെന്നിട്ട് മറപ്പുരയിൽ പോകുന്നു എന്നു ഗ്രഹിക്കുന്നില്ലയോ? വായിൽനിന്നു പുറപ്പെടുന്നതോ ഹൃദയത്തിൽനിന്ന് വരുന്നു; അത് മനുഷ്യനെ അശുദ്ധമാക്കുന്നു. എങ്ങനെയെന്നാൽ ദുശ്ചിന്ത, കൊലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽ നിന്നു പുറപ്പെട്ടുവരുന്നു. മനുഷ്യനെ അശുദ്ധമാക്കുന്നത് ഈ കാര്യങ്ങളത്രേ; കഴുകാത്ത കൈകൊണ്ട് ഭക്ഷിക്കുന്നതോ മനുഷ്യനെ അശുദ്ധമാക്കുന്നില്ല.

മത്തായി 15:10-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പിന്നെ അവൻ പുരുഷാരത്തെ അരികെ വിളിച്ചു അവരോടു പറഞ്ഞതു: കേട്ടു ഗ്രഹിച്ചു കൊൾവിൻ. മനുഷ്യന്നു അശുദ്ധിവരുത്തുന്നതു വായിക്കകത്തു ചെല്ലുന്നതു അല്ല, വായിൽ നിന്നു പുറപ്പെടുന്നതത്രേ; അതു മനുഷ്യനെ അശുദ്ധമാക്കുന്നു. അപ്പോൾ ശിഷ്യന്മാർ അടുക്കെ വന്നു: പരീശന്മാർ ഈ വാക്കു കേട്ടു ഇടറിപ്പോയി എന്നു അറിയുന്നുവോ എന്നു ചോദിച്ചു. അതിന്നു അവൻ: സ്വർഗ്ഗസ്ഥനായ എന്റെ പിതാവു നട്ടിട്ടില്ലാത്ത തൈ ഒക്കെയും വേരോടെ പറിഞ്ഞുപോകും. അവരെ വിടുവിൻ; അവർ കുരുടന്മാരായ വഴികാട്ടികൾ അത്രേ; കുരുടൻ കുരുടനെ വഴിനടത്തിയാൽ ഇരുവരും കുഴിയിൽ വീഴും എന്നു ഉത്തരം പറഞ്ഞു. പത്രൊസ് അവനോടു: ആ ഉപമ ഞങ്ങൾക്കു തെളിയിച്ചുതരേണം എന്നു പറഞ്ഞു. അതിന്നു അവൻ പറഞ്ഞതു: നിങ്ങളും ഇന്നുവരെ ബോധമില്ലാത്തവരോ? വായിക്കകത്തു കടക്കുന്നതു എല്ലാം വയറ്റിൽ ചെന്നിട്ടു മറപ്പുരയിൽ പോകുന്നു എന്നു ഗ്രഹിക്കുന്നില്ലയോ? വായിൽ നിന്നു പുറപ്പെടുന്നതോ ഹൃദയത്തിൽനിന്നു വരുന്നു; അതു മനുഷ്യനെ അശുദ്ധമാക്കുന്നു. എങ്ങനെയെന്നാൽ ദുശ്ചിന്ത, കൊലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽ നിന്നു പുറപ്പെട്ടുവരുന്നു. മനുഷ്യനെ അശുദ്ധമാക്കുന്നതു ഇതത്രേ; കഴുകാത്ത കൈകൊണ്ടു ഭക്ഷിക്കുന്നതോ മനുഷ്യനെ അശുദ്ധമാക്കുന്നില്ല.

മത്തായി 15:10-20 സമകാലിക മലയാളവിവർത്തനം (MCV)

പിന്നെ യേശു ജനക്കൂട്ടത്തെ തന്റെ അടുത്തേക്കു വിളിച്ച് അവരോട് ഇപ്രകാരം പറഞ്ഞു: “ശ്രദ്ധാപൂർവം കേട്ടു മനസ്സിലാക്കുക. മനുഷ്യന്റെ വായിലേക്കു ചെല്ലുന്നതല്ല, പിന്നെയോ വായിൽനിന്ന് പുറപ്പെടുന്നതാണ് ആ വ്യക്തിയെ ‘അശുദ്ധമാക്കുന്നത്.’ ” അപ്പോൾ ശിഷ്യന്മാർ അദ്ദേഹത്തെ സമീപിച്ച്, “ഈ വചനം പരീശന്മാരെ പ്രകോപിതരാക്കിയിരിക്കുന്നു എന്ന് അങ്ങ് അറിയുന്നോ?” എന്നു ചോദിച്ചു. യേശു അതിനുത്തരം പറഞ്ഞത്: “എന്റെ സ്വർഗസ്ഥപിതാവു നട്ടിട്ടില്ലാത്ത എല്ലാ തൈയും വേരോടെ പിഴുതുനീക്കപ്പെടും. അവരെ ഗൗനിക്കേണ്ടതില്ല; അവർ അന്ധരായ വഴികാട്ടികൾ ആകുന്നു. ഒരന്ധൻ മറ്റൊരന്ധനെ നയിച്ചാൽ ഇരുവരും കുഴിയിൽ വീഴും.” “ആ സാദൃശ്യകഥ ഞങ്ങൾക്കു വിശദീകരിച്ചു തരണമേ,” പത്രോസ് അപേക്ഷിച്ചു. “നിങ്ങൾ ഇപ്പോഴും ഇത്ര ബുദ്ധിഹീനരോ?” യേശു അവരോടു ചോദിച്ചു. “വായിലേക്കു ചെല്ലുന്നതെന്തും വയറ്റിൽ എത്തിയതിനുശേഷം ശരീരത്തിൽനിന്ന് പുറത്തുപോകുന്നെന്ന് അറിയാമല്ലോ. എന്നാൽ, വായിൽനിന്ന് വരുന്നവയാകട്ടെ, ഹൃദയത്തിൽനിന്ന് വരുന്നവയാകുന്നു; അവയാണ് ഒരു മനുഷ്യനെ അശുദ്ധമാക്കുന്നത്. വഷളവിചാരങ്ങൾ, കൊലപാതകം, വ്യഭിചാരം, ലൈംഗികാധർമം, മോഷണം, കള്ളസാക്ഷ്യം, അന്യരെ നിന്ദിക്കൽ എന്നിവ ഹൃദയത്തിൽനിന്നു വരുന്നു; ഇവയെല്ലാമാണ് ഒരു വ്യക്തിയെ അശുദ്ധമാക്കുന്നത്; എന്നാൽ കഴുകാത്ത കൈകൊണ്ട് ആഹാരം ഭക്ഷിക്കുന്നത് ഒരു വ്യക്തിയെ അശുദ്ധമാക്കുകയില്ല.”