മത്തായി 14:14-21
മത്തായി 14:14-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ വന്നു വലിയ പുരുഷാരത്തെ കണ്ടു അവരിൽ മനസ്സലിഞ്ഞ് അവരുടെ രോഗികളെ സൗഖ്യമാക്കി. വൈകുന്നേരമായപ്പോൾ ശിഷ്യന്മാർ അവന്റെ അടുക്കൽ ചെന്ന്: ഈ സ്ഥലം മരുഭൂമിയല്ലോ, നേരവും വൈകി; പുരുഷാരം ഗ്രാമങ്ങളിൽ പോയി ഭക്ഷണസാധനങ്ങൾ കൊള്ളേണ്ടതിനു അവരെ പറഞ്ഞയയ്ക്കേണം എന്നു പറഞ്ഞു. യേശു അവരോട്: അവർ പോകുവാൻ ആവശ്യമില്ല; നിങ്ങൾ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു പറഞ്ഞു. അവർ അവനോട്: അഞ്ച് അപ്പവും രണ്ടു മീനും അല്ലാതെ ഞങ്ങൾക്ക് ഇവിടെ ഒന്നും ഇല്ല എന്നു പറഞ്ഞു. അത് ഇങ്ങു കൊണ്ടുവരുവിൻ എന്ന് അവൻ പറഞ്ഞു. പിന്നെ പുരുഷാരം പുല്ലിന്മേൽ ഇരിപ്പാൻ കല്പിച്ചു.; ആ അഞ്ച് അപ്പവും രണ്ടു മീനും എടുത്ത്, സ്വർഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിനും കൊടുത്തു. എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം പന്ത്രണ്ടു കുട്ട നിറച്ചെടുത്തു. തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാർ ആയിരുന്നു.
മത്തായി 14:14-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശു അവിടെ ചെന്നിറങ്ങിയപ്പോൾ ഒരു വലിയ ജനസമൂഹത്തെ കണ്ടു. അവിടുത്തേക്ക് അവരിൽ അനുകമ്പ തോന്നി. അവരുടെ കൂടെയുണ്ടായിരുന്ന രോഗികൾക്ക് അവിടുന്ന് സൗഖ്യം നല്‌കി. സന്ധ്യ ആയപ്പോൾ ശിഷ്യന്മാർ അവിടുത്തോടു പറഞ്ഞു: “ഇതൊരു വിജനസ്ഥലമാണല്ലോ; നേരവും വൈകി; ജനങ്ങളെ പറഞ്ഞയച്ചാലും; അവർ ഗ്രാമങ്ങളിൽ ചെന്നു വല്ല ഭക്ഷണസാധനങ്ങളും വാങ്ങട്ടെ.” യേശു അവരോടു പറഞ്ഞു: “അവർ പോകേണ്ടതില്ല; നിങ്ങൾ തന്നെ അവർക്കു ഭക്ഷണം നല്‌കണം.” അവർ യേശുവിനോട്: “ഞങ്ങളുടെ പക്കൽ അഞ്ചപ്പവും രണ്ടു മീനുമല്ലാതെ മറ്റൊന്നുമില്ല” എന്നു പറഞ്ഞു. “അവ ഇങ്ങു കൊണ്ടുവരൂ” എന്നു പറഞ്ഞശേഷം ജനങ്ങളോടു പുൽപ്പുറത്തിരിക്കുവാൻ യേശു ആജ്ഞാപിച്ചു. അനന്തരം ആ അഞ്ചപ്പവും രണ്ടു മീനും എടുത്തു സ്വർഗത്തിലേക്കു നോക്കി സ്തോത്രം ചെയ്തു മുറിച്ച് ജനങ്ങൾക്കു വിളമ്പിക്കൊടുക്കുവാൻ ശിഷ്യന്മാരെ ഏല്പിച്ചു. എല്ലാവരും ഭക്ഷിച്ചു സംതൃപ്തരായി. ശേഷിച്ച അപ്പക്കഷണങ്ങൾ പന്ത്രണ്ടു കുട്ട നിറച്ചെടുത്തു. ഭക്ഷണം കഴിച്ചവർ സ്‍ത്രീകളെയും കുട്ടികളെയും കൂടാതെ അയ്യായിരത്തോളം പേർ ഉണ്ടായിരുന്നു.
മത്തായി 14:14-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവൻ അവരുടെ മുൻപാകെ വന്നു വലിയ പുരുഷാരത്തെ കണ്ടു അവരിൽ മനസ്സലിഞ്ഞ് അവരുടെ രോഗികളെ സൗഖ്യമാക്കി. വൈകുന്നേരമായപ്പോൾ ശിഷ്യന്മാർ അവന്റെ അടുക്കൽ ചെന്നു പറഞ്ഞു: “ഈ സ്ഥലം വിജനമല്ലോ, പകലും കഴിഞ്ഞല്ലോ; പുരുഷാരം ഗ്രാമങ്ങളിൽ പോയി ഭക്ഷണസാധനങ്ങൾ വാങ്ങേണ്ടതിന് അവരെ പിരിച്ചുവിടേണം“ എന്നു പറഞ്ഞു. എന്നാൽ യേശു അവരോട്: അവർ പോകുവാൻ ആവശ്യമില്ല; നിങ്ങൾ അവർക്ക് ഭക്ഷിക്കുവാൻ കൊടുക്കുവിൻ എന്നു പറഞ്ഞു. അവർ അവനോട്: “അഞ്ചു അപ്പവും രണ്ടുമീനും അല്ലാതെ ഞങ്ങൾക്കു ഇവിടെ ഒന്നും ഇല്ല“ എന്നു പറഞ്ഞു. അത് എന്‍റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു അവൻ പറഞ്ഞു. പിന്നെ പുരുഷാരം പുല്ലിന്മേൽ ഇരിക്കുവാൻ കല്പിച്ചു; ആ അഞ്ചു അപ്പവും രണ്ടുമീനും എടുത്തു, സ്വർഗ്ഗത്തേക്ക് നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാർക്കും, ശിഷ്യന്മാർ പുരുഷാരത്തിനും കൊടുത്തു. എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണങ്ങൾ പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു. തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാർ ആയിരുന്നു.
മത്തായി 14:14-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ വന്നു വലിയ പുരുഷാരത്തെ കണ്ടു അവരിൽ മനസ്സലിഞ്ഞു അവരുടെ രോഗികളെ സൗഖ്യമാക്കി. വൈകുന്നേരമായപ്പോൾ ശിഷ്യന്മാർ അവന്റെ അടുക്കൽ ചെന്നു: ഈ സ്ഥലം മരുഭൂമിയല്ലോ; നേരവും വൈകി; പുരുഷാരം ഗ്രാമങ്ങളിൽ പോയി ഭക്ഷണസാധനങ്ങൾ കൊള്ളേണ്ടതിന്നു അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു. യേശു അവരോടു: അവർ പോകുവാൻ ആവശ്യമില്ല; നിങ്ങൾ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു പറഞ്ഞു. അവർ അവനോടു: അഞ്ചു അപ്പവും രണ്ടു മീനും അല്ലാതെ ഞങ്ങൾക്കു ഇവിടെ ഒന്നും ഇല്ല എന്നു പറഞ്ഞു. അതു ഇങ്ങുകൊണ്ടുവരുവിൻ എന്നു അവൻ പറഞ്ഞു. പിന്നെ പുരുഷാരം പുല്ലിന്മേൽ ഇരിപ്പാൻ കല്പിച്ചു; ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു, സ്വർഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിന്നും കൊടുത്തു. എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു. തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാർ ആയിരുന്നു.
മത്തായി 14:14-21 സമകാലിക മലയാളവിവർത്തനം (MCV)
യേശു കരയ്ക്കിറങ്ങിയപ്പോൾ ഒരു വലിയ ജനക്കൂട്ടത്തെക്കണ്ടു; അദ്ദേഹത്തിന് അവരോടു സഹതാപം തോന്നി; അവരുടെ രോഗികളെ സൗഖ്യമാക്കി. സന്ധ്യാനേരം അടുത്തപ്പോൾ ശിഷ്യന്മാർ അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “ഇതൊരു വിജനസ്ഥലമാണ്; നേരവും വളരെ വൈകിയിരിക്കുന്നു. ജനത്തിന് ആവശ്യമായ ആഹാരം വാങ്ങുന്നതിന് അവരെ ഗ്രാമങ്ങളിലേക്ക് പറഞ്ഞയച്ചാലും” എന്നു പറഞ്ഞു. അതിനു മറുപടിയായി യേശു, “അവർ പോകേണ്ട കാര്യമില്ല; നിങ്ങൾ അവർക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്ക്” എന്നു പറഞ്ഞു. “ഇവിടെ ഞങ്ങളുടെപക്കൽ അഞ്ചപ്പവും രണ്ടുമീനും അല്ലാതെ ഒന്നുമില്ല,” എന്നു ശിഷ്യന്മാർ മറുപടി പറഞ്ഞു. “എങ്കിൽ അവ ഇവിടെ കൊണ്ടുവരിക,” എന്ന് യേശു പറഞ്ഞിട്ട് ജനങ്ങളോട് പുൽപ്പുറത്ത് ഇരിക്കാൻ നിർദേശിച്ചു. യേശു ആ അഞ്ച് അപ്പവും രണ്ട് മീനും എടുത്തു സ്വർഗത്തിലേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാർക്ക് കൊടുത്തു; ശിഷ്യന്മാർ അത് ജനത്തിന് വിളമ്പി. എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. അവശേഷിച്ച നുറുക്കുകൾ ശിഷ്യന്മാർ പന്ത്രണ്ട് കുട്ട നിറയെ ശേഖരിച്ചു. ഭക്ഷിച്ചവർ സ്ത്രീകളെയും കുട്ടികളെയുംകൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാർ ആയിരുന്നു.