മത്തായി 13:24-58
മത്തായി 13:24-58 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ മറ്റൊരു ഉപമ അവർക്കു പറഞ്ഞു കൊടുത്തു: സ്വർഗരാജ്യം ഒരു മനുഷ്യൻ തന്റെ നിലത്തു നല്ല വിത്തു വിതച്ചതിനോടു സദൃശമാകുന്നു. മനുഷ്യർ ഉറങ്ങുമ്പോൾ അവന്റെ ശത്രു വന്ന്, കോതമ്പിന്റെ ഇടയിൽ കള വിതച്ചു പൊയ്ക്കളഞ്ഞു. ഞാറു വളർന്നു കതിരായപ്പോൾ കളയും കാണായ്വന്നു. അപ്പോൾ വീട്ടുടയവന്റെ ദാസന്മാർ അവന്റെ അടുക്കൽ ചെന്ന്: യജമാനനേ, വയലിൽ നല്ല വിത്തല്ലയോ വിതച്ചത്? പിന്നെ കള എവിടെനിന്നു വന്നു എന്നു ചോദിച്ചു. ഇതു ശത്രു ചെയ്തതാകുന്നു എന്ന് അവൻ അവരോടു പറഞ്ഞു. ഞങ്ങൾ പോയി അതു പറിച്ചുകൂട്ടുവാൻ സമ്മതമുണ്ടോ എന്നു ദാസന്മാർ അവനോടു ചോദിച്ചു. അതിന് അവൻ: ഇല്ല, പക്ഷേ കള പറിക്കുമ്പോൾ കോതമ്പുംകൂടെ പിഴുതുപോകും. രണ്ടും കൂടെ കൊയ്ത്തോളം വളരട്ടെ; കൊയ്ത്തുകാലത്തു ഞാൻ കൊയ്യുന്നവരോടു മുമ്പേ കള പറിച്ചുകൂട്ടി ചുട്ടുകളയേണ്ടതിനു കെട്ടുകളായി കെട്ടുവാനും കോതമ്പ് എന്റെ കളപ്പുരയിൽ കൂട്ടി വയ്പാനും കല്പിക്കും എന്നു പറഞ്ഞു. മറ്റൊരു ഉപമ അവൻ അവർക്കു പറഞ്ഞു കൊടുത്തു: സ്വർഗരാജ്യം കടുകുമണിയോടു സദൃശം; അത് ഒരു മനുഷ്യൻ എടുത്തു തന്റെ വയലിൽ ഇട്ടു. അത് എല്ലാ വിത്തിലും ചെറിയതെങ്കിലും വളർന്നു സസ്യങ്ങളിൽ ഏറ്റവും വലുതായി, ആകാശത്തിലെ പറവകൾ വന്ന് അതിന്റെ കൊമ്പുകളിൽ വസിപ്പാൻ തക്കവണ്ണം വൃക്ഷമായിത്തീരുന്നു. അവൻ മറ്റൊരു ഉപമ അവരോടു പറഞ്ഞു: സ്വർഗരാജ്യം പുളിച്ച മാവിനോട് സദൃശം; അത് ഒരു സ്ത്രീ എടുത്തു മൂന്നു പറ മാവിൽ എല്ലാം പുളിച്ചുവരുവോളം അടക്കിവച്ചു. ഇതൊക്കെയും യേശു പുരുഷാരത്തോട് ഉപമകളായി പറഞ്ഞു; ഉപമ കൂടാതെ അവരോട് ഒന്നും പറഞ്ഞില്ല. “ഞാൻ ഉപമ പ്രസ്താവിപ്പാൻ വായ്തുറക്കും; ലോകസ്ഥാപനംമുതൽ ഗൂഢമായത് ഉച്ചരിക്കും” എന്നു പ്രവാചകൻ പറഞ്ഞത് നിവൃത്തിയാകുവാൻ സംഗതിവന്നു. അനന്തരം യേശു പുരുഷാരത്തെ പറഞ്ഞയച്ചിട്ടു വീട്ടിൽ വന്നു, ശിഷ്യന്മാർ അവന്റെ അടുക്കൽ ചെന്നു: വയലിലെ കളയുടെ ഉപമ തെളിയിച്ചുതരേണം എന്ന് അപേക്ഷിച്ചു. അതിന് അവൻ ഉത്തരം പറഞ്ഞത്: നല്ല വിത്തു വിതയ്ക്കുന്നവൻ മനുഷ്യപുത്രൻ; വയൽ ലോകം; നല്ല വിത്ത് രാജ്യത്തിന്റെ പുത്രന്മാർ; കള ദുഷ്ടന്റെ പുത്രന്മാർ; അതു വിതച്ച ശത്രു പിശാച്; കൊയ്ത്തു ലോകാവസാനം; കൊയ്യുന്നവർ ദൂതന്മാർ. കള കൂട്ടി തീയിൽ ഇട്ടു ചുടുംപോലെ ലോകാവസാനത്തിൽ സംഭവിക്കും. മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ അയയ്ക്കും; അവർ അവന്റെ രാജ്യത്തിൽനിന്നു എല്ലാ ഇടർച്ചകളെയും അധർമം പ്രവർത്തിക്കുന്നവരെയും കൂട്ടിച്ചേർത്തു തീച്ചൂളയിൽ ഇട്ടുകളയും. അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും. അന്നു നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും. ചെവിയുള്ളവൻ കേൾക്കട്ടെ. സ്വർഗരാജ്യം വയലിൽ ഒളിച്ചുവച്ച നിധിയോടു സദൃശം. അത് ഒരു മനുഷ്യൻ കണ്ടു മറച്ചിട്ടു, തന്റെ സന്തോഷത്താൽ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റ് ആ വയൽ വാങ്ങി. പിന്നെയും സ്വർഗരാജ്യം നല്ല മുത്ത് അന്വേഷിക്കുന്ന ഒരു വ്യാപാരിയോടു സദൃശം. അവൻ വിലയേറിയ ഒരു മുത്ത് കണ്ടെത്തിയാറെ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റ് അതു വാങ്ങി. പിന്നെയും സ്വർഗരാജ്യം കടലിൽ ഇടുന്നതും എല്ലാവക മീനും പിടിക്കുന്നതുമായൊരു വലയോടു സദൃശം. നിറഞ്ഞപ്പോൾ അവർ അതു വലിച്ചു കരയ്ക്കു കയറ്റി, ഇരുന്നുകൊണ്ടു നല്ലതു പാത്രങ്ങളിൽ കൂട്ടിവച്ചു, ചീത്ത എറിഞ്ഞുകളഞ്ഞു. അങ്ങനെ തന്നെ ലോകാവസാനത്തിൽ സംഭവിക്കും; ദൂതന്മാർ പുറപ്പെട്ടു നീതിമാന്മാരുടെ ഇടയിൽനിന്നു ദുഷ്ടന്മാരെ വേർതിരിച്ച് തീച്ചൂളയിൽ ഇട്ടുകളയും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും. ഇതെല്ലാം ഗ്രഹിച്ചുവോ? എന്നതിന് അവർ ഉവ്വ് എന്നു പറഞ്ഞു. അവൻ അവരോട്: അതുകൊണ്ടു സ്വർഗരാജ്യത്തിനു ശിഷ്യനായിത്തീർന്ന ഏതു ശാസ്ത്രിയും തന്റെ നിക്ഷേപത്തിൽനിന്നു പുതിയതും പഴയതും എടുത്തു കൊടുക്കുന്ന ഒരു വീട്ടുടയവനോടു സദൃശനാകുന്നു എന്നു പറഞ്ഞു. ഈ ഉപമകളെ പറഞ്ഞുതീർന്നശേഷം യേശു അവിടം വിട്ടു തന്റെ പിതൃനഗരത്തിൽ വന്നു, അവരുടെ പള്ളിയിൽ അവരെ ഉപദേശിച്ചു. അവർ വിസ്മയിച്ചു: ഇവന് ഈ ജ്ഞാനവും വീര്യപ്രവൃത്തികളും എവിടെനിന്ന്? ഇവൻ തച്ചന്റെ മകൻ അല്ലയോ? ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ? ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന് ഇതൊക്കെയും എവിടെനിന്ന് എന്നു പറഞ്ഞ് അവങ്കൽ ഇടറിപ്പോയി. യേശു അവരോട്: ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല എന്നു പറഞ്ഞു. അവരുടെ അവിശ്വാസം നിമിത്തം അവിടെ വളരെ വീര്യപ്രവൃത്തികൾ ചെയ്തില്ല.
മത്തായി 13:24-58 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വേറൊരു ദൃഷ്ടാന്തവും യേശു അവരോടു പറഞ്ഞു: “ഒരു മനുഷ്യൻ തന്റെ വയലിൽ നല്ല വിത്തു വിതച്ചതിനോടു സ്വർഗരാജ്യത്തെ ഉപമിക്കാം. എല്ലാവരും ഉറങ്ങിയപ്പോൾ അയാളുടെ ശത്രു വന്ന് കോതമ്പിനിടയിൽ കള വിതച്ചിട്ടു പൊയ്‍ക്കളഞ്ഞു. ഞാറു വളർന്നു കതിരു വന്നപ്പോൾ കളയും കാണാറായി. അപ്പോൾ, ഭൃത്യന്മാർ ചെന്നു ഗൃഹനാഥനോട്, ‘നല്ല വിത്തല്ലേ അങ്ങു വയലിൽ വിതച്ചത്? ഇപ്പോൾ ഈ കള എങ്ങനെ ഉണ്ടായി?’ എന്നു ചോദിച്ചു. “ഒരു ശത്രുവാണ് ഇത് ചെയ്തത്’ എന്ന് അയാൾ മറുപടി പറഞ്ഞു. ‘എന്നാൽ ഞങ്ങൾ പോയി ആ കളകൾ പറിച്ചുകൂട്ടട്ടെ’ എന്നു ഭൃത്യന്മാർ ചോദിച്ചു. അയാൾ ഇപ്രകാരം മറുപടി പറഞ്ഞു: ‘വേണ്ടാ, കള പറിച്ചു കളയുമ്പോൾ അതോടൊപ്പം കോതമ്പും പിഴുതുപോയേക്കും; കൊയ്ത്തുവരെ രണ്ടും വളരട്ടെ; കൊയ്ത്തുകാലത്തു കൊയ്യുന്നവരോട് ആദ്യം കള പറിച്ചു കൂട്ടി ചുട്ടുകളയേണ്ടതിന് അതു കെട്ടുകളായി കെട്ടി വയ്‍ക്കുവാനും കോതമ്പ് എന്റെ കളപ്പുരയിൽ സംഭരിക്കുവാനും ഞാൻ പറയും.” മറ്റൊരു ദൃഷ്ടാന്തവും യേശു അവരോടു പറഞ്ഞു: “സ്വർഗരാജ്യം ഒരു മനുഷ്യൻ തന്റെ വയലിൽ വിതച്ച കടുകുമണിയോടു സദൃശം. വിത്തുകളിൽ വച്ച് ഏറ്റവും ചെറുതെങ്കിലും അതു വളർന്നപ്പോൾ ഏറ്റവും വലിയ സസ്യമായി വളരുകയും ആകാശത്തിലെ പറവകൾക്ക് അതിന്റെ കൊമ്പുകളിൽ കൂടുകെട്ടി പാർക്കത്തക്കവിധമുള്ള ഒരു ചെടിയായിത്തീരുകയും ചെയ്യുന്നു.” വേറൊരു ദൃഷ്ടാന്തവും അവിടുന്ന് പറഞ്ഞു: “സ്വർഗരാജ്യം പുളിപ്പുമാവിനോടു സദൃശം. ഒരു സ്ത്രീ മൂന്നുപറ മാവ് എടുത്ത്, അതു പുളിക്കുന്നതുവരെ പുളിപ്പുമാവ് അതിൽ നിക്ഷേപിക്കുന്നു.” ഇവയെല്ലാം ദൃഷ്ടാന്തങ്ങളിലൂടെ യേശു ജനങ്ങളോടു പറഞ്ഞു. ദൃഷ്ടാന്തം കൂടാതെ അവിടുന്ന് ഒന്നും അവരോട് പറഞ്ഞിരുന്നില്ല. സദൃശോക്തികൾപറയുന്നതിനായി ഞാൻ വായ് തുറക്കും; ലോകാരംഭംമുതൽ നിഗൂഢമായിരിക്കുന്നതു ഞാൻ പ്രസ്താവിക്കും എന്നു പ്രവാചകൻ മുഖാന്തരം അരുൾചെയ്യപ്പെട്ടിട്ടുള്ളത് ഇങ്ങനെ പൂർത്തിയായി. അനന്തരം ജനക്കൂട്ടത്തെ വിട്ടിട്ട് യേശു വീട്ടിലേക്കു പോയി. അപ്പോൾ ശിഷ്യന്മാർ അവിടുത്തെ അടുത്തുചെന്നു. “വയലിലെ കളയുടെ ദൃഷ്ടാന്തം ഞങ്ങൾക്കു വിശദീകരിച്ചു തന്നാലും” എന്ന് അപേക്ഷിച്ചു. യേശു അരുൾചെയ്തു: “നല്ലവിത്തു വിതയ്‍ക്കുന്നതു മനുഷ്യപുത്രൻ, വയൽ ലോകവും. നല്ല വിത്ത് സ്വർഗരാജ്യത്തിന്റെ മക്കളും കളകൾ ദുഷ്ടപ്പിശാചിന്റെ മക്കളുമാകുന്നു. കളകൾ വിതച്ച ശത്രു പിശാചത്രേ; കൊയ്ത്തുകാലം യുഗാന്ത്യവും കൊയ്ത്തുകാർ ദൈവദൂതന്മാരുമാണ്. കളകൾ പറിച്ചുകൂട്ടി ചുട്ടുകളയുന്നതുപോലെ തന്നെ യുഗസമാപ്തിയിൽ സംഭവിക്കും. അന്നു മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ അയയ്ക്കും. അവർ ചെന്ന്, പാപകാരണമായ സകലത്തെയും എല്ലാ അധർമികളെയും തന്റെ രാജ്യത്തിൽനിന്ന് ഒരുമിച്ചുകൂട്ടി അഗ്നികുണ്ഡത്തിലെറിയും. അവിടെ അവർ കരയുകയും പല്ലുകടിക്കുകയും ചെയ്യും. എന്നാൽ ധർമനിഷ്ഠയുള്ളവർ, അവിടുത്തെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും. ചെവിയുള്ളവൻ കേൾക്കട്ടെ. “ഒരു നിലത്തു മറഞ്ഞു കിടക്കുന്ന നിധിക്കു സമാനമാണു സ്വർഗരാജ്യം. നിധി കണ്ടെത്തിയ ഒരു മനുഷ്യൻ അതു വീണ്ടും മറച്ചുവയ്‍ക്കുകയും സന്തോഷപൂർവം ചെന്നു തനിക്കുള്ള സമസ്തവും വിറ്റ് ആ നിലം വാങ്ങുകയും ചെയ്യുന്നു. “സ്വർഗരാജ്യം വിശിഷ്ടമായ മുത്തുകൾ അന്വേഷിച്ചുപോകുന്ന വ്യാപാരിയോടു സദൃശം. അയാൾ വിലകൂടിയ ഒരു മുത്തു കണ്ടെത്തിയപ്പോൾ തനിക്കുള്ളതെല്ലാം വിറ്റ് അതു വാങ്ങി. “മാത്രമല്ല, സ്വർഗരാജ്യം കടലിൽ ഇറക്കുന്ന വലയോടു സദൃശം. എല്ലായിനം മത്സ്യങ്ങളെയും ആ വലയിൽ പിടിക്കുന്നു. വല നിറയുമ്പോൾ മീൻപിടിത്തക്കാർ വല വലിച്ചു കരയ്‍ക്കു കയറ്റിയശേഷം അവിടെയിരുന്നുകൊണ്ട് നല്ലമീൻ പാത്രങ്ങളിലിടുന്നു; ഉപയോഗശൂന്യമായവ പുറത്ത് എറിഞ്ഞുകളയുകയും ചെയ്യുന്നു. ഇതുപോലെ യുഗാന്ത്യത്തിലും സംഭവിക്കും. മാലാഖമാർ വന്ന് സജ്ജനങ്ങളിൽനിന്നു ദുർജനങ്ങളെ വേർതിരിച്ച് അഗ്നികുണ്ഡത്തിൽ എറിഞ്ഞുകളയും. അവിടെ അവർ കരയുകയും പല്ലുകടിക്കുകയും ചെയ്യും.” “ഇവയെല്ലാം നിങ്ങൾക്കു മനസ്സിലായോ?” എന്ന് യേശു ചോദിച്ചു. “ഉവ്വ്” എന്ന് അവർ പറഞ്ഞു. “അങ്ങനെയാണെങ്കിൽ സ്വർഗരാജ്യത്തിനുവേണ്ടി ശിക്ഷണം ലഭിച്ചിട്ടുള്ള ഏതൊരു മതപണ്ഡിതനും തന്റെ നിക്ഷേപത്തിൽനിന്നു പുതിയതും പഴയതും എടുത്തുകൊടുക്കുന്ന ഗൃഹനാഥനോടു സമനാകുന്നു” എന്നും യേശു പറഞ്ഞു. ഈ സദൃശോക്തികൾ പൂർത്തിയാക്കിയശേഷം യേശു അവിടെനിന്നു പുറപ്പെട്ടു സ്വന്തം ദേശത്തു ചെന്നു; അവരുടെ സുനഗോഗിൽ പോയി അവരെ പഠിപ്പിച്ചു. അവർ ആശ്ചര്യഭരിതരായി ഇങ്ങനെ പറഞ്ഞു: “ഈ അറിവും അദ്ഭുതസിദ്ധികളും ഈ മനുഷ്യന് എവിടെനിന്നു കിട്ടി? ആ മരപ്പണിക്കാരന്റെ മകനല്ലേ ഇയാൾ? മറിയം ഇയാളുടെ അമ്മയും യാക്കോബും യോസേഫും ശിമോനും യൂദായും ഇയാളുടെ സഹോദരന്മാരുമല്ലേ? ഇയാളുടെ സഹോദരികൾ എല്ലാവരും ഇവിടെത്തെന്നെ ഉണ്ടല്ലോ! പിന്നെ ഇയാൾക്ക് ഈ സിദ്ധികളെല്ലാം എവിടെനിന്ന്? ഇങ്ങനെ പറഞ്ഞുകൊണ്ട് അവർ അവിടുത്തെ തിരസ്കരിച്ചു. യേശു അവരോടു പറഞ്ഞു: “ഒരു പ്രവാചകൻ സ്വദേശത്തും സ്വഭവനത്തിലും മാത്രമേ നിന്ദിക്കപ്പെടുന്നുള്ളൂ.” അവരുടെ അവിശ്വാസം നിമിത്തം യേശു അവിടെ അധികം അദ്ഭുതപ്രവൃത്തികൾ ചെയ്തില്ല.
മത്തായി 13:24-58 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവൻ മറ്റൊരു ഉപമ അവർക്ക് പറഞ്ഞു കൊടുത്തു: സ്വർഗ്ഗരാജ്യം ഒരു മനുഷ്യൻ തന്‍റെ കൃഷിസ്ഥലത്ത് നല്ലവിത്ത് വിതച്ചതിനോട് സദൃശമാകുന്നു. മനുഷ്യർ ഉറങ്ങുമ്പോൾ അവന്റെ ശത്രു വന്നു, ഗോതമ്പിന്‍റെ ഇടയിൽ കള വിതച്ച് പൊയ്ക്കളഞ്ഞു. ഞാറ് വളർന്ന് കതിരായപ്പോൾ കളയും ദൃശ്യമായി വന്നു. അപ്പോൾ ഭൂവുടയവൻ്റെ ദാസന്മാർ അവന്റെ അടുക്കൽ ചെന്നു: യജമാനനേ, അങ്ങ് വയലിൽ നല്ലവിത്തല്ലയോ വിതച്ചത്? പിന്നെ കള എവിടെനിന്ന് വന്നു? എന്നു ചോദിച്ചു. ഇതു ശത്രു ചെയ്തതാകുന്നു എന്നു അവൻ അവരോട് പറഞ്ഞു. ഞങ്ങൾ പോയി അത് പറിച്ചുകളയുവാൻ സമ്മതമുണ്ടോ എന്നു ദാസന്മാർ അവനോട് ചോദിച്ചു. അതിന് ഭൂവുടമ അരുത്, ഒരുപക്ഷേ കള പറിക്കുമ്പോൾ ഗോതമ്പും കൂടെ പിഴുതുപോകും. രണ്ടുംകൂടെ കൊയ്ത്തുവരെ വളരട്ടെ; കൊയ്ത്ത് കാലത്ത് ഞാൻ കൊയ്യുന്നവരോട് മുമ്പെ കള പറിച്ചുകൂട്ടി ചുട്ടുകളയേണ്ടതിന് കെട്ടുകളായി കെട്ടുവാനും ഗോതമ്പു എന്‍റെ കളപ്പുരയിൽ കൂട്ടിവയ്ക്കുവാനും കല്പിക്കും എന്നു പറഞ്ഞു. മറ്റൊരു ഉപമ അവൻ അവർക്ക് പറഞ്ഞു കൊടുത്തു: സ്വർഗ്ഗരാജ്യം ഒരു മനുഷ്യൻ എടുത്തു തന്റെ വയലിൽ വിതച്ച കടുകുമണിയോട് സദൃശം; ഈ വിത്ത് അത് എല്ലാവിത്തിലും ചെറിയതെങ്കിലും വളർന്നപ്പോൾ സസ്യങ്ങളിൽ ഏറ്റവും വലുതായി, ആകാശത്തിലെ പറവകൾ വന്നു അതിന്റെ കൊമ്പുകളിൽ കൂട് കൂട്ടുവാൻ തക്കവണ്ണം വൃക്ഷമായി തീരുന്നു. അവൻ മറ്റൊരു ഉപമ അവരോട് പറഞ്ഞത്; “സ്വർഗ്ഗരാജ്യം ഒരു സ്ത്രീ മൂന്നുപറ മാവ് എടുത്ത് എല്ലാം പുളിച്ചുവരുവോളം ചേർത്തുവയ്ക്കുന്ന അല്പം പുളിച്ച മാവിനോടു സദൃശം” ഇതു ഒക്കെയും യേശു പുരുഷാരത്തോട് ഉപമകളായി പറഞ്ഞു; ഉപമ കൂടാതെ അവരോട് ഒന്നും പറഞ്ഞില്ല “ഞാൻ ഉപമ പ്രസ്താവിപ്പാൻ വായ് തുറക്കും; ലോകസ്ഥാപനം മുതൽ ഗൂഢമായത് ഉച്ചരിക്കും” എന്നു പ്രവാചകൻ പറഞ്ഞത് നിവൃത്തിയാകുവാൻ സംഗതിവന്നു. അനന്തരം യേശു പുരുഷാരത്തെ പറഞ്ഞയച്ചിട്ട് വീട്ടിൽ വന്നു, ശിഷ്യന്മാർ അവന്റെ അടുക്കൽ ചെന്നു: “വയലിലെ കളയുടെ ഉപമ വിവരിച്ചുതരണം“ എന്നു അപേക്ഷിച്ചു. അതിന് അവൻ ഉത്തരം പറഞ്ഞത്: നല്ലവിത്ത് വിതയ്ക്കുന്നവൻ മനുഷ്യപുത്രൻ; വയൽ ലോകം; നല്ലവിത്ത് രാജ്യത്തിന്‍റെ പുത്രന്മാർ; കള ദുഷ്ടന്റെ പുത്രന്മാർ; അത് വിതച്ച ശത്രു പിശാച്; കൊയ്ത്ത് ലോകാവസാനം; കൊയ്യുന്നവർ ദൂതന്മാർ. അതുകൊണ്ട് കള കൂട്ടി തീയിൽ ഇട്ടു ചുടുംപോലെ ലോകാവസാനത്തിൽ സംഭവിക്കും. മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ അയയ്ക്കും; അവർ അവന്റെ രാജ്യത്തിൽനിന്നു പാപത്തെ ഉളവാക്കുന്ന സകലത്തേയും അധർമ്മം പ്രവർത്തിക്കുന്ന എല്ലാവരെയും കൂട്ടിച്ചേർത്തു തീച്ചൂളയിൽ ഇട്ടുകളയും; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും. അന്നു നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും. കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ. സ്വർഗ്ഗരാജ്യം വയലിൽ ഒളിച്ചുവച്ച നിധിയോട് സദൃശം. അത് ഒരു മനുഷ്യൻ കണ്ടു മറച്ചിട്ട്, തന്‍റെ സന്തോഷത്താൽ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റ് ആ വയൽ വാങ്ങി. പിന്നെയും സ്വർഗ്ഗരാജ്യം നല്ല മുത്ത് അന്വേഷിക്കുന്ന ഒരു വ്യാപാരിയോട് സദൃശം. അവൻ വിലയേറിയ ഒരു മുത്ത് കണ്ടെത്തിയാറെ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റ് അത് വാങ്ങി. പിന്നെയും സ്വർഗ്ഗരാജ്യം കടലിൽ ഇടുന്നതും എല്ലാവക ജീവികളേയും പിടിക്കുന്നതുമായൊരു വലയോടു സദൃശം. അത് നിറഞ്ഞപ്പോൾ മീൻ പിടുത്തക്കാർ അത് വലിച്ചു കരയ്ക്ക് കയറ്റി, അവർ ഇരുന്നുകൊണ്ട് നല്ലത് പാത്രങ്ങളിൽ കൂട്ടിവച്ചു, ചീത്തയായവ എറിഞ്ഞുകളഞ്ഞു. ഇങ്ങനെ തന്നെ ലോകാവസാനത്തിൽ സംഭവിക്കും; ദൂതന്മാർ പുറപ്പെട്ടു നീതിമാന്മാരുടെ ഇടയിൽനിന്ന് ദുഷ്ടന്മാരെ വേർതിരിക്കും. അവർ അവരെ തീച്ചൂളയിൽ ഇട്ടുകളയും; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും. ഇതെല്ലാം ഗ്രഹിച്ചുവോ? എന്നതിന് ശിഷ്യന്മാർ അതെ എന്നു പറഞ്ഞു. പിന്നെ യേശു അവരോട്: അതുകൊണ്ട് സ്വർഗ്ഗരാജ്യത്തിന് ശിഷ്യനായി തീർന്ന ഏത് ശാസ്ത്രിയും തന്റെ നിക്ഷേപത്തിൽ നിന്നു പുതിയതും പഴയതും പുറത്തെടുക്കുന്ന ഒരു വീട്ടുടയവനോട് സദൃശനാകുന്നു എന്നു പറഞ്ഞു. യേശു ഈ ഉപമകളെ പറഞ്ഞു തീർന്നശേഷം അവിടെനിന്നും പുറപ്പെട്ടു. അതിനുശേഷം തന്‍റെ സ്വന്ത പ്രദേശങ്ങളിൽ പ്രവേശിച്ചു അവിടെയുള്ള ജനങ്ങളെ അവരുടെ പള്ളിയിൽ ഉപദേശിച്ചു. അപ്പോൾ അവർ യേശുവിന്‍റെ ഉപദേശത്തിൽ വിസ്മയിച്ചു: “ഇവന് ഈ ജ്ഞാനവും വീര്യപ്രവൃത്തികളും എവിടെ നിന്നുലഭിച്ചു? ഇവൻ തച്ചൻ്റെ മകൻ അല്ലയോ? ഇവന്റെ അമ്മ മറിയ അല്ലയോ? ഇവന്‍റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ? ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന് ഇതു ഒക്കെയും എവിടെ നിന്നുലഭിച്ചു?“ എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി. യേശു അവരോട്: ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല എന്നു പറഞ്ഞു. അവരുടെ അവിശ്വാസം നിമിത്തം അവൻ അവിടെ വളരെ വീര്യപ്രവൃത്തികളെ ചെയ്തില്ല.
മത്തായി 13:24-58 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ മറ്റൊരു ഉപമ അവർക്കു പറഞ്ഞുകൊടുത്തു: സ്വർഗ്ഗരാജ്യം ഒരു മനുഷ്യൻ തന്റെ നിലത്തു നല്ല വിത്തു വിതെച്ചതിനോടു സദൃശമാകുന്നു. മനുഷ്യർ ഉറങ്ങുമ്പോൾ അവന്റെ ശത്രു വന്നു, കോതമ്പിന്റെ ഇടയിൽ കള വിതെച്ചു പൊയ്ക്കളഞ്ഞു. ഞാറു വളർന്നു കതിരായപ്പോൾ കളയും കാണായ്വന്നു. അപ്പോൾ വീട്ടുടയവന്റെ ദാസന്മാർ അവന്റെ അടുക്കൽ ചെന്നു: യജമാനനേ, വയലിൽ നല്ലവിത്തല്ലയോ വിതെച്ചതു? പിന്നെ കള എവിടെനിന്നു വന്നു എന്നു ചോദിച്ചു. ഇതു ശത്രു ചെയ്തതാകുന്നു എന്നു അവൻ അവരോടു പറഞ്ഞു. ഞങ്ങൾ പോയി അതു പറിച്ചുകൂട്ടുവാൻ സമ്മതമുണ്ടോ എന്നു ദാസന്മാർ അവനോടു ചോദിച്ചു. അതിന്നു അവൻ: ഇല്ല, പക്ഷേ കള പറിക്കുമ്പോൾ കോതമ്പും കൂടെ പിഴുതുപോകും. രണ്ടുംകൂടെ കൊയ്ത്തോളം വളരട്ടെ; കൊയ്ത്തു കാലത്തു ഞാൻ കൊയ്യുന്നവരോടു മുമ്പെ കള പറിച്ചുകൂട്ടി ചുട്ടുകളയേണ്ടതിന്നു കെട്ടുകളായി കെട്ടുവാനും കോതമ്പു എന്റെ കളപ്പുരയിൽ കൂട്ടിവെപ്പാനും കല്പിക്കും എന്നു പറഞ്ഞു. മറ്റൊരു ഉപമ അവൻ അവർക്കു പറഞ്ഞുകൊടുത്തു: സ്വർഗ്ഗരാജ്യം കടുകുമണിയോടു സദൃശം; അതു ഒരു മനുഷ്യൻ എടുത്തു തന്റെ വയലിൽ ഇട്ടു. അതു എല്ലാവിത്തിലും ചെറിയതെങ്കിലും വളർന്നു സസ്യങ്ങളിൽ ഏറ്റവും വലുതായി, ആകാശത്തിലെ പറവകൾ വന്നു അതിന്റെ കൊമ്പുകളിൽ വസിപ്പാൻ തക്കവണ്ണം വൃക്ഷമായി തീരുന്നു. അവൻ മറ്റൊരു ഉപമ അവരോടു പറഞ്ഞു: സ്വർഗ്ഗരാജ്യം പുളിച്ച മാവിനോടു സദൃശം; അതു ഒരു സ്ത്രീ എടുത്തു മൂന്നുപറ മാവിൽ എല്ലാം പുളിച്ചുവരുവോളം അടക്കിവെച്ചു. ഇതു ഒക്കെയും യേശു പുരുഷാരത്തോടു ഉപമകളായി പറഞ്ഞു; ഉപമ കൂടാതെ അവരോടു ഒന്നും പറഞ്ഞില്ല “ഞാൻ ഉപമ പ്രസ്താവിപ്പാൻ വായ്തുറക്കും; ലോകസ്ഥാപനം മുതൽ ഗൂഢമായതു ഉച്ചരിക്കും” എന്നു പ്രവാചകൻ പറഞ്ഞതു നിവൃത്തിയാകുവാൻ സംഗതിവന്നു. അനന്തരം യേശു പുരുഷാരത്തെ പറഞ്ഞയച്ചിട്ടു വീട്ടിൽ വന്നു, ശിഷ്യന്മാർ അവന്റെ അടുക്കൽ ചെന്നു: വയലിലെ കളയുടെ ഉപമ തെളിയിച്ചുതരേണം എന്നു അപേക്ഷിച്ചു. അതിന്നു അവൻ ഉത്തരം പറഞ്ഞതു: നല്ല വിത്തു വിതെക്കുന്നവൻ മനുഷ്യപുത്രൻ; വയൽ ലോകം; നല്ലവിത്തു രാജ്യത്തിന്റെ പുത്രന്മാർ; കള ദുഷ്ടന്റെ പുത്രന്മാർ; അതു വിതെച്ച ശത്രു പിശാചു; കൊയ്ത്തു ലോകാവസാനം; കൊയ്യുന്നവർ ദൂതന്മാർ. കള കൂട്ടി തീയിൽ ഇട്ടു ചുടുംപോലെ ലോകാവസാനത്തിൽ സംഭവിക്കും. മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ അയക്കും; അവർ അവന്റെ രാജ്യത്തിൽനിന്നു എല്ലാ ഇടർച്ചകളെയും അധർമ്മം പ്രവർത്തിക്കുന്നവരെയും കൂട്ടിച്ചേർത്തു തീച്ചൂളയിൽ ഇട്ടുകളകയും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും. അന്നു നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും. ചെവിയുള്ളവൻ കേൾക്കട്ടെ. സ്വർഗ്ഗരാജ്യം വയലിൽ ഒളിച്ചുവെച്ച നിധിയോടു സദൃശം. അതു ഒരു മനുഷ്യൻ കണ്ടു മറെച്ചിട്ടു, തന്റെ സന്തോഷത്താൽ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു ആ വയൽ വാങ്ങി. പിന്നെയും സ്വർഗ്ഗരാജ്യം നല്ല മുത്തു അന്വേഷിക്കുന്ന ഒരു വ്യാപാരിയോടു സദൃശം. അവൻ വിലയേറിയ ഒരു മുത്തു കണ്ടെത്തിയാറെ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു അതു വാങ്ങി. പിന്നെയും സ്വർഗ്ഗരാജ്യം കടലിൽ ഇടുന്നതും എല്ലാവക മീനും പിടിക്കുന്നതുമായോരു വലയോടു സദൃശം. നിറഞ്ഞപ്പോൾ അവർ അതു വലിച്ചു കരെക്കു കയറ്റി, ഇരുന്നുകൊണ്ടു നല്ലതു പാത്രങ്ങളിൽ കൂട്ടിവെച്ചു, ചീത്ത എറിഞ്ഞുകളഞ്ഞു. അങ്ങനെ തന്നേ ലോകാവസാനത്തിൽ സംഭവിക്കും; ദൂതന്മാർ പുറപ്പെട്ടു നീതിമാന്മാരുടെ ഇടയിൽനിന്നു ദുഷ്ടന്മാരെ വേർതിരിച്ചു തീച്ചൂളയിൽ ഇട്ടുകളയും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും. ഇതെല്ലാം ഗ്രഹിച്ചുവോ? എന്നതിന്നു അവർ ഉവ്വു എന്നു പറഞ്ഞു. അവൻ അവരോടു: അതുകൊണ്ടു സ്വർഗ്ഗരാജ്യത്തിന്നു ശിഷ്യനായിത്തീർന്ന ഏതു ശാസ്ത്രിയും തന്റെ നിക്ഷേപത്തിൽ നിന്നു പുതിയതും പഴയതും എടുത്തു കൊടുക്കുന്ന ഒരു വീട്ടുടയവനോടു സദൃശനാകുന്നു എന്നു പറഞ്ഞു. ഈ ഉപമകളെ പറഞ്ഞു തീർന്നശേഷം യേശു അവിടം വിട്ടു തന്റെ പിതൃനഗരത്തിൽ വന്നു, അവരുടെ പള്ളിയിൽ അവർക്കു ഉപദേശിച്ചു. അവർ വിസ്മയിച്ചു: ഇവന്നു ഈ ജ്ഞാനവും വീര്യപ്രവൃത്തികളും എവിടെ നിന്നു? ഇവൻ തച്ചന്റെ മകൻ അല്ലയോ? ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ? ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന്നു ഇതു ഒക്കെയും എവിടെ നിന്നു എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി. യേശു അവരോടു: ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല എന്നു പറഞ്ഞു. അവരുടെ അവിശ്വാസം നിമിത്തം അവിടെ വളരെ വീര്യപ്രവർത്തികളെ ചെയ്തില്ല.
മത്തായി 13:24-58 സമകാലിക മലയാളവിവർത്തനം (MCV)
യേശു മറ്റൊരു സാദൃശ്യകഥ അവരോടു പറഞ്ഞു: “തന്റെ വയലിൽ നല്ല വിത്ത് വിതച്ച ഒരു കർഷകനോട് സ്വർഗരാജ്യത്തെ ഉപമിക്കാം. എന്നാൽ, എല്ലാവരും ഉറങ്ങുമ്പോൾ തന്റെ ശത്രു വന്ന് ഗോതമ്പിനിടയിൽ കള വിതച്ചിട്ടു പൊയ്ക്കളഞ്ഞു. വിത്ത് പൊട്ടിമുളച്ച്, ചെടി വളർന്ന്, കതിരിട്ടപ്പോൾ കളയും കാണപ്പെട്ടു. “വേലക്കാർ ഉടമസ്ഥന്റെ അടുക്കൽവന്ന്, ‘യജമാനനേ, അങ്ങു നല്ല വിത്തല്ലയോ വയലിൽ വിതച്ചത്? പിന്നെ, കളകൾ എങ്ങനെ വന്നു?’ എന്നു ചോദിച്ചു. “ ‘ഇത് ശത്രു ചെയ്തതാണ്,’ അദ്ദേഹം ഉത്തരം പറഞ്ഞു. “വേലക്കാർ അദ്ദേഹത്തോട്, ‘ഞങ്ങൾ ചെന്ന് കള പറിച്ചുകൂട്ടട്ടെയോ?’ എന്നു ചോദിച്ചു. “യജമാനൻ അവരോടു പറഞ്ഞത്: ‘വേണ്ടാ, നിങ്ങൾ കള പറിക്കുമ്പോൾ ഗോതമ്പും കൂടെ പിഴുതുപോകും. കൊയ്ത്തുവരെ രണ്ടും ഒരുമിച്ചു വളരട്ടെ. വിളവെടുപ്പിനു സമയമാകട്ടെ, അന്നു ഞാൻ കൊയ്ത്തുകാരോട്: ആദ്യം കളകൾ പറിച്ചു ചുട്ടുകളയേണ്ടതിന് കറ്റകളാക്കി കെട്ടുക, പിന്നെ ഗോതമ്പു ശേഖരിച്ച് എന്റെ കളപ്പുരയിലേക്കു കൊണ്ടുവരിക’ എന്നും പറയും.” യേശു അവരോടു മറ്റൊരു സാദൃശ്യകഥ പറഞ്ഞു: “ഒരു കർഷകൻ എടുത്ത് തന്റെ പുരയിടത്തിൽ നട്ട കടുകുമണിയോടു സ്വർഗരാജ്യത്തെ ഉപമിക്കാം. അത് എല്ലാ വിത്തുകളിലും ചെറുതെങ്കിലും വളർന്ന് തോട്ടത്തിലെ ചെടികളിൽ ഏറ്റവും വലിയ ഒരു വൃക്ഷമായി; ആകാശത്തിലെ പക്ഷികൾ വന്ന് അതിന്റെ ശാഖകളിൽ കൂടുവെക്കുകയുംചെയ്യുന്നു.” അദ്ദേഹം പിന്നെയും അവരോട് വേറൊരു സാദൃശ്യകഥ പറഞ്ഞു: “മൂന്നുപറ മാവ് മുഴുവനും പുളിച്ചുപൊങ്ങാനായി അതിൽ ഒരു സ്ത്രീ ചേർത്തുവെച്ച പുളിപ്പിനു സമാനമാണ് സ്വർഗരാജ്യം.” യേശു ജനക്കൂട്ടത്തോട് ഈ കാര്യങ്ങളെല്ലാം സംസാരിച്ചത് സാദൃശ്യകഥകളിലൂടെയാണ്; സാദൃശ്യകഥകളിലൂടെയല്ലാതെ അദ്ദേഹം പൊതുജനത്തോട് ഒരു കാര്യവും സംസാരിച്ചില്ല. “സാദൃശ്യകഥകൾ സംസാരിക്കാൻ ഞാൻ വായ് തുറക്കും; ലോകാരംഭംമുതൽ നിഗൂഢമായിരിക്കുന്നവ ഞാൻ വിളംബരംചെയ്യും,” എന്നു പ്രവാചകനിലൂടെ അരുളിച്ചെയ്തിരുന്നത് ഇങ്ങനെ നിറവേറി. അതിനുശേഷം ജനക്കൂട്ടത്തെ യാത്രയയച്ചിട്ട് യേശു ഭവനത്തിലേക്ക് പോയി. ശിഷ്യന്മാർ അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “വയലിലെ കളയുടെ സാദൃശ്യകഥ ഞങ്ങൾക്കു വിശദീകരിച്ചു തരാമോ” എന്നു ചോദിച്ചു. യേശു അതിനുത്തരം പറഞ്ഞത്: “മനുഷ്യപുത്രൻ നല്ല വിത്ത് വിതയ്ക്കുന്ന കർഷകനാണ്. വയൽ ലോകവും നല്ല വിത്ത് രാജ്യത്തിന്റെ പുത്രന്മാരും കളകൾ പിശാചിന്റെ പുത്രന്മാരും ആകുന്നു. കള വിതയ്ക്കുന്ന ശത്രു പിശാചുതന്നെ. വിളവെടുപ്പ് യുഗാവസാനമാകുന്നു. കൊയ്ത്തുകാർ ദൂതന്മാരും ആകുന്നു. “കളകൾ പിഴുതെടുത്ത് അഗ്നിക്ക് ഇരയാക്കുന്നതുപോലെ യുഗാവസാനത്തിൽ സംഭവിക്കും. മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ നിയോഗിക്കും. അവർ അദ്ദേഹത്തിന്റെ രാജ്യത്തുനിന്ന് പാപകാരണമായ സകലതും, അധർമം പ്രവർത്തിക്കുന്ന എല്ലാവരെയും, ഉന്മൂലനംചെയ്യും. അവർ അവരെ കത്തിജ്വലിക്കുന്ന അഗ്നികുണ്ഡത്തിലേക്ക് വലിച്ചെറിയും; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും. അപ്പോൾ നീതിനിഷ്ഠർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രശോഭിക്കും. ചെവിയുള്ളവരെല്ലാം കേട്ടു ഗ്രഹിക്കട്ടെ! “വയലിൽ ഒളിച്ചുവെച്ച നിധിയോട് സ്വർഗരാജ്യത്തെ ഉപമിക്കാം; അത് ഒരു മനുഷ്യൻ കണ്ട് മറച്ചുവെച്ചു. പിന്നെ ആഹ്ലാദത്തോടെ പോയി, തനിക്കുണ്ടായിരുന്നതെല്ലാം വിറ്റ് ആ വയൽ വാങ്ങി. “ഇനിയും സ്വർഗരാജ്യത്തെ നല്ല രത്നങ്ങൾ അന്വേഷിക്കുന്ന വ്യാപാരിയോട് ഉപമിക്കാം. അയാൾ വിലയേറിയ ഒരു രത്നം കണ്ടിട്ട് പോയി തനിക്കുള്ള സർവതും വിറ്റ് അതു വാങ്ങി. “യേശു പിന്നെയും, എല്ലാത്തരം മത്സ്യത്തെയും പിടിക്കാനായി തടാകത്തിൽ ഇറക്കിയ ഒരു വലയോട് സ്വർഗരാജ്യത്തെ ഉപമിക്കാം. വല നിറഞ്ഞപ്പോൾ അവർ അതു കരയിലേക്ക് വലിച്ചടുപ്പിച്ചു. അവർ ഇരുന്ന് നല്ല മത്സ്യം കുട്ടകളിൽ ശേഖരിക്കുകയും ഉപയോഗശൂന്യമായവ എറിഞ്ഞുകളയുകയും ചെയ്തു. യുഗാന്ത്യത്തിലും ഇതുപോലെ സംഭവിക്കും. ദൂതന്മാർ വന്ന് നീതിനിഷ്ഠർക്കിടയിൽനിന്ന് ദുഷ്ടരെ വേർതിരിച്ച് കത്തിജ്വലിക്കുന്ന അഗ്നികുണ്ഡത്തിലേക്ക് വലിച്ചെറിയും. അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും. “നിങ്ങൾ ഈ കാര്യങ്ങളെല്ലാം ഗ്രഹിച്ചുവോ?” യേശു ശിഷ്യന്മാരോട് ചോദിച്ചു. “ഗ്രഹിച്ചു,” അവർ പ്രതിവചിച്ചു. അദ്ദേഹം തുടർന്ന് അവരോട്, “സ്വർഗരാജ്യത്തിനു ശിഷ്യനായിത്തീർന്ന ഓരോ വേദജ്ഞനും തന്റെ നിക്ഷേപങ്ങളിൽനിന്ന് പഴയതും പുതിയതും എടുത്തുകൊടുക്കുന്ന ഒരു വീട്ടുടമസ്ഥന് തുല്യനാണ്” എന്നു പറഞ്ഞു. ഈ സാദൃശ്യകഥകൾ പറഞ്ഞതിനുശേഷം യേശു അവിടെനിന്നു യാത്രയായി സ്വന്തം പട്ടണത്തിലെത്തി; അവരുടെ പള്ളിയിൽവെച്ച് ജനത്തെ ഉപദേശിച്ചുതുടങ്ങി. “ഈ ജ്ഞാനവും അത്ഭുതശക്തികളും ഇയാൾക്ക് എവിടെനിന്നു ലഭിച്ചു?” അവർ ആശ്ചര്യപ്പെട്ടു. “ഇയാൾ ആ മരപ്പണിക്കാരന്റെ മകനല്ലേ? ഇയാളുടെ മാതാവിന്റെ പേര് മറിയ എന്നല്ലേ? യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നിവർ ഇയാളുടെ സഹോദരന്മാരല്ലേ? ഇയാളുടെ സഹോദരിമാരും നമ്മോടൊപ്പം ഉണ്ടല്ലോ. പിന്നെ, ഇതെല്ലാം ഇയാൾക്ക് എവിടെനിന്നു ലഭിച്ചു?” എന്ന് അവർ ചോദിച്ചു. യേശുവിനെ അംഗീകരിക്കാൻ അവർക്ക് കഴിഞ്ഞില്ല. എന്നാൽ യേശു അവരോട്: “ഒരു പ്രവാചകൻ ആദരണീയനല്ലാത്തത് സ്വന്തം പട്ടണത്തിലും സ്വന്തം ഭവനത്തിലുംമാത്രമാണ്” എന്നു പറഞ്ഞു. അവരുടെ വിശ്വാസരാഹിത്യം നിമിത്തം യേശു അവിടെ അധികം അത്ഭുതങ്ങൾ പ്രവർത്തിച്ചില്ല.