മത്തായി 13:24-32
മത്തായി 13:24-32 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ മറ്റൊരു ഉപമ അവർക്കു പറഞ്ഞു കൊടുത്തു: സ്വർഗരാജ്യം ഒരു മനുഷ്യൻ തന്റെ നിലത്തു നല്ല വിത്തു വിതച്ചതിനോടു സദൃശമാകുന്നു. മനുഷ്യർ ഉറങ്ങുമ്പോൾ അവന്റെ ശത്രു വന്ന്, കോതമ്പിന്റെ ഇടയിൽ കള വിതച്ചു പൊയ്ക്കളഞ്ഞു. ഞാറു വളർന്നു കതിരായപ്പോൾ കളയും കാണായ്വന്നു. അപ്പോൾ വീട്ടുടയവന്റെ ദാസന്മാർ അവന്റെ അടുക്കൽ ചെന്ന്: യജമാനനേ, വയലിൽ നല്ല വിത്തല്ലയോ വിതച്ചത്? പിന്നെ കള എവിടെനിന്നു വന്നു എന്നു ചോദിച്ചു. ഇതു ശത്രു ചെയ്തതാകുന്നു എന്ന് അവൻ അവരോടു പറഞ്ഞു. ഞങ്ങൾ പോയി അതു പറിച്ചുകൂട്ടുവാൻ സമ്മതമുണ്ടോ എന്നു ദാസന്മാർ അവനോടു ചോദിച്ചു. അതിന് അവൻ: ഇല്ല, പക്ഷേ കള പറിക്കുമ്പോൾ കോതമ്പുംകൂടെ പിഴുതുപോകും. രണ്ടും കൂടെ കൊയ്ത്തോളം വളരട്ടെ; കൊയ്ത്തുകാലത്തു ഞാൻ കൊയ്യുന്നവരോടു മുമ്പേ കള പറിച്ചുകൂട്ടി ചുട്ടുകളയേണ്ടതിനു കെട്ടുകളായി കെട്ടുവാനും കോതമ്പ് എന്റെ കളപ്പുരയിൽ കൂട്ടി വയ്പാനും കല്പിക്കും എന്നു പറഞ്ഞു. മറ്റൊരു ഉപമ അവൻ അവർക്കു പറഞ്ഞു കൊടുത്തു: സ്വർഗരാജ്യം കടുകുമണിയോടു സദൃശം; അത് ഒരു മനുഷ്യൻ എടുത്തു തന്റെ വയലിൽ ഇട്ടു. അത് എല്ലാ വിത്തിലും ചെറിയതെങ്കിലും വളർന്നു സസ്യങ്ങളിൽ ഏറ്റവും വലുതായി, ആകാശത്തിലെ പറവകൾ വന്ന് അതിന്റെ കൊമ്പുകളിൽ വസിപ്പാൻ തക്കവണ്ണം വൃക്ഷമായിത്തീരുന്നു.
മത്തായി 13:24-32 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വേറൊരു ദൃഷ്ടാന്തവും യേശു അവരോടു പറഞ്ഞു: “ഒരു മനുഷ്യൻ തന്റെ വയലിൽ നല്ല വിത്തു വിതച്ചതിനോടു സ്വർഗരാജ്യത്തെ ഉപമിക്കാം. എല്ലാവരും ഉറങ്ങിയപ്പോൾ അയാളുടെ ശത്രു വന്ന് കോതമ്പിനിടയിൽ കള വിതച്ചിട്ടു പൊയ്‍ക്കളഞ്ഞു. ഞാറു വളർന്നു കതിരു വന്നപ്പോൾ കളയും കാണാറായി. അപ്പോൾ, ഭൃത്യന്മാർ ചെന്നു ഗൃഹനാഥനോട്, ‘നല്ല വിത്തല്ലേ അങ്ങു വയലിൽ വിതച്ചത്? ഇപ്പോൾ ഈ കള എങ്ങനെ ഉണ്ടായി?’ എന്നു ചോദിച്ചു. “ഒരു ശത്രുവാണ് ഇത് ചെയ്തത്’ എന്ന് അയാൾ മറുപടി പറഞ്ഞു. ‘എന്നാൽ ഞങ്ങൾ പോയി ആ കളകൾ പറിച്ചുകൂട്ടട്ടെ’ എന്നു ഭൃത്യന്മാർ ചോദിച്ചു. അയാൾ ഇപ്രകാരം മറുപടി പറഞ്ഞു: ‘വേണ്ടാ, കള പറിച്ചു കളയുമ്പോൾ അതോടൊപ്പം കോതമ്പും പിഴുതുപോയേക്കും; കൊയ്ത്തുവരെ രണ്ടും വളരട്ടെ; കൊയ്ത്തുകാലത്തു കൊയ്യുന്നവരോട് ആദ്യം കള പറിച്ചു കൂട്ടി ചുട്ടുകളയേണ്ടതിന് അതു കെട്ടുകളായി കെട്ടി വയ്‍ക്കുവാനും കോതമ്പ് എന്റെ കളപ്പുരയിൽ സംഭരിക്കുവാനും ഞാൻ പറയും.” മറ്റൊരു ദൃഷ്ടാന്തവും യേശു അവരോടു പറഞ്ഞു: “സ്വർഗരാജ്യം ഒരു മനുഷ്യൻ തന്റെ വയലിൽ വിതച്ച കടുകുമണിയോടു സദൃശം. വിത്തുകളിൽ വച്ച് ഏറ്റവും ചെറുതെങ്കിലും അതു വളർന്നപ്പോൾ ഏറ്റവും വലിയ സസ്യമായി വളരുകയും ആകാശത്തിലെ പറവകൾക്ക് അതിന്റെ കൊമ്പുകളിൽ കൂടുകെട്ടി പാർക്കത്തക്കവിധമുള്ള ഒരു ചെടിയായിത്തീരുകയും ചെയ്യുന്നു.”
മത്തായി 13:24-32 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവൻ മറ്റൊരു ഉപമ അവർക്ക് പറഞ്ഞു കൊടുത്തു: സ്വർഗ്ഗരാജ്യം ഒരു മനുഷ്യൻ തന്‍റെ കൃഷിസ്ഥലത്ത് നല്ലവിത്ത് വിതച്ചതിനോട് സദൃശമാകുന്നു. മനുഷ്യർ ഉറങ്ങുമ്പോൾ അവന്റെ ശത്രു വന്നു, ഗോതമ്പിന്‍റെ ഇടയിൽ കള വിതച്ച് പൊയ്ക്കളഞ്ഞു. ഞാറ് വളർന്ന് കതിരായപ്പോൾ കളയും ദൃശ്യമായി വന്നു. അപ്പോൾ ഭൂവുടയവൻ്റെ ദാസന്മാർ അവന്റെ അടുക്കൽ ചെന്നു: യജമാനനേ, അങ്ങ് വയലിൽ നല്ലവിത്തല്ലയോ വിതച്ചത്? പിന്നെ കള എവിടെനിന്ന് വന്നു? എന്നു ചോദിച്ചു. ഇതു ശത്രു ചെയ്തതാകുന്നു എന്നു അവൻ അവരോട് പറഞ്ഞു. ഞങ്ങൾ പോയി അത് പറിച്ചുകളയുവാൻ സമ്മതമുണ്ടോ എന്നു ദാസന്മാർ അവനോട് ചോദിച്ചു. അതിന് ഭൂവുടമ അരുത്, ഒരുപക്ഷേ കള പറിക്കുമ്പോൾ ഗോതമ്പും കൂടെ പിഴുതുപോകും. രണ്ടുംകൂടെ കൊയ്ത്തുവരെ വളരട്ടെ; കൊയ്ത്ത് കാലത്ത് ഞാൻ കൊയ്യുന്നവരോട് മുമ്പെ കള പറിച്ചുകൂട്ടി ചുട്ടുകളയേണ്ടതിന് കെട്ടുകളായി കെട്ടുവാനും ഗോതമ്പു എന്‍റെ കളപ്പുരയിൽ കൂട്ടിവയ്ക്കുവാനും കല്പിക്കും എന്നു പറഞ്ഞു. മറ്റൊരു ഉപമ അവൻ അവർക്ക് പറഞ്ഞു കൊടുത്തു: സ്വർഗ്ഗരാജ്യം ഒരു മനുഷ്യൻ എടുത്തു തന്റെ വയലിൽ വിതച്ച കടുകുമണിയോട് സദൃശം; ഈ വിത്ത് അത് എല്ലാവിത്തിലും ചെറിയതെങ്കിലും വളർന്നപ്പോൾ സസ്യങ്ങളിൽ ഏറ്റവും വലുതായി, ആകാശത്തിലെ പറവകൾ വന്നു അതിന്റെ കൊമ്പുകളിൽ കൂട് കൂട്ടുവാൻ തക്കവണ്ണം വൃക്ഷമായി തീരുന്നു.
മത്തായി 13:24-32 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ മറ്റൊരു ഉപമ അവർക്കു പറഞ്ഞുകൊടുത്തു: സ്വർഗ്ഗരാജ്യം ഒരു മനുഷ്യൻ തന്റെ നിലത്തു നല്ല വിത്തു വിതെച്ചതിനോടു സദൃശമാകുന്നു. മനുഷ്യർ ഉറങ്ങുമ്പോൾ അവന്റെ ശത്രു വന്നു, കോതമ്പിന്റെ ഇടയിൽ കള വിതെച്ചു പൊയ്ക്കളഞ്ഞു. ഞാറു വളർന്നു കതിരായപ്പോൾ കളയും കാണായ്വന്നു. അപ്പോൾ വീട്ടുടയവന്റെ ദാസന്മാർ അവന്റെ അടുക്കൽ ചെന്നു: യജമാനനേ, വയലിൽ നല്ലവിത്തല്ലയോ വിതെച്ചതു? പിന്നെ കള എവിടെനിന്നു വന്നു എന്നു ചോദിച്ചു. ഇതു ശത്രു ചെയ്തതാകുന്നു എന്നു അവൻ അവരോടു പറഞ്ഞു. ഞങ്ങൾ പോയി അതു പറിച്ചുകൂട്ടുവാൻ സമ്മതമുണ്ടോ എന്നു ദാസന്മാർ അവനോടു ചോദിച്ചു. അതിന്നു അവൻ: ഇല്ല, പക്ഷേ കള പറിക്കുമ്പോൾ കോതമ്പും കൂടെ പിഴുതുപോകും. രണ്ടുംകൂടെ കൊയ്ത്തോളം വളരട്ടെ; കൊയ്ത്തു കാലത്തു ഞാൻ കൊയ്യുന്നവരോടു മുമ്പെ കള പറിച്ചുകൂട്ടി ചുട്ടുകളയേണ്ടതിന്നു കെട്ടുകളായി കെട്ടുവാനും കോതമ്പു എന്റെ കളപ്പുരയിൽ കൂട്ടിവെപ്പാനും കല്പിക്കും എന്നു പറഞ്ഞു. മറ്റൊരു ഉപമ അവൻ അവർക്കു പറഞ്ഞുകൊടുത്തു: സ്വർഗ്ഗരാജ്യം കടുകുമണിയോടു സദൃശം; അതു ഒരു മനുഷ്യൻ എടുത്തു തന്റെ വയലിൽ ഇട്ടു. അതു എല്ലാവിത്തിലും ചെറിയതെങ്കിലും വളർന്നു സസ്യങ്ങളിൽ ഏറ്റവും വലുതായി, ആകാശത്തിലെ പറവകൾ വന്നു അതിന്റെ കൊമ്പുകളിൽ വസിപ്പാൻ തക്കവണ്ണം വൃക്ഷമായി തീരുന്നു.
മത്തായി 13:24-32 സമകാലിക മലയാളവിവർത്തനം (MCV)
യേശു മറ്റൊരു സാദൃശ്യകഥ അവരോടു പറഞ്ഞു: “തന്റെ വയലിൽ നല്ല വിത്ത് വിതച്ച ഒരു കർഷകനോട് സ്വർഗരാജ്യത്തെ ഉപമിക്കാം. എന്നാൽ, എല്ലാവരും ഉറങ്ങുമ്പോൾ തന്റെ ശത്രു വന്ന് ഗോതമ്പിനിടയിൽ കള വിതച്ചിട്ടു പൊയ്ക്കളഞ്ഞു. വിത്ത് പൊട്ടിമുളച്ച്, ചെടി വളർന്ന്, കതിരിട്ടപ്പോൾ കളയും കാണപ്പെട്ടു. “വേലക്കാർ ഉടമസ്ഥന്റെ അടുക്കൽവന്ന്, ‘യജമാനനേ, അങ്ങു നല്ല വിത്തല്ലയോ വയലിൽ വിതച്ചത്? പിന്നെ, കളകൾ എങ്ങനെ വന്നു?’ എന്നു ചോദിച്ചു. “ ‘ഇത് ശത്രു ചെയ്തതാണ്,’ അദ്ദേഹം ഉത്തരം പറഞ്ഞു. “വേലക്കാർ അദ്ദേഹത്തോട്, ‘ഞങ്ങൾ ചെന്ന് കള പറിച്ചുകൂട്ടട്ടെയോ?’ എന്നു ചോദിച്ചു. “യജമാനൻ അവരോടു പറഞ്ഞത്: ‘വേണ്ടാ, നിങ്ങൾ കള പറിക്കുമ്പോൾ ഗോതമ്പും കൂടെ പിഴുതുപോകും. കൊയ്ത്തുവരെ രണ്ടും ഒരുമിച്ചു വളരട്ടെ. വിളവെടുപ്പിനു സമയമാകട്ടെ, അന്നു ഞാൻ കൊയ്ത്തുകാരോട്: ആദ്യം കളകൾ പറിച്ചു ചുട്ടുകളയേണ്ടതിന് കറ്റകളാക്കി കെട്ടുക, പിന്നെ ഗോതമ്പു ശേഖരിച്ച് എന്റെ കളപ്പുരയിലേക്കു കൊണ്ടുവരിക’ എന്നും പറയും.” യേശു അവരോടു മറ്റൊരു സാദൃശ്യകഥ പറഞ്ഞു: “ഒരു കർഷകൻ എടുത്ത് തന്റെ പുരയിടത്തിൽ നട്ട കടുകുമണിയോടു സ്വർഗരാജ്യത്തെ ഉപമിക്കാം. അത് എല്ലാ വിത്തുകളിലും ചെറുതെങ്കിലും വളർന്ന് തോട്ടത്തിലെ ചെടികളിൽ ഏറ്റവും വലിയ ഒരു വൃക്ഷമായി; ആകാശത്തിലെ പക്ഷികൾ വന്ന് അതിന്റെ ശാഖകളിൽ കൂടുവെക്കുകയുംചെയ്യുന്നു.”