മത്തായി 10:24-33
മത്തായി 10:24-33 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ശിഷ്യൻ ഗുരുവിന്മീതെയല്ല; ദാസൻ യജമാനനു മീതെയുമല്ല; ഗുരുവിനെപ്പോലെയാകുന്നതു ശിഷ്യനു മതി; യജമാനനെപ്പോലെയാകുന്നത് ദാസനും മതി. അവർ വീട്ടുടയവനെ ബെയെത്സെബൂൽ എന്നു വിളിച്ചു എങ്കിൽ വീട്ടുകാരെ എത്ര അധികം? അതുകൊണ്ട് അവരെ ഭയപ്പെടേണ്ടാ; മറച്ചുവച്ചത് ഒന്നും വെളിപ്പെടാതെയും ഗൂഢമായത് ഒന്നും അറിയാതെയും ഇരിക്കയില്ല. ഞാൻ ഇരുട്ടത്തു നിങ്ങളോടു പറയുന്നതു വെളിച്ചത്ത് പറവിൻ; ചെവിയിൽ പറഞ്ഞു കേൾക്കുന്നത് പുരമുകളിൽനിന്നു ഘോഷിപ്പിൻ. ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെത്തന്നെ ഭയപ്പെടുവിൻ. കാശിനു രണ്ടു കുരികിൽ വില്ക്കുന്നില്ലയോ? അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല. എന്നാൽ നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു. ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങൾ വിശേഷതയുള്ളവരല്ലോ. മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്ന ഏവനെയും സ്വർഗസ്ഥനായ എന്റെ പിതാവിൻമുമ്പിൽ ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെയോ എന്റെ പിതാവിൻമുമ്പിൽ ഞാനും തള്ളിപ്പറയും.
മത്തായി 10:24-33 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ശിഷ്യൻ ഗുരുവിനെക്കാൾ വലിയവനല്ല, ദാസൻ യജമാനനെക്കാൾ വലിയവനുമല്ല. ശിഷ്യൻ ഗുരുവിനെപ്പോലെയും ദാസൻ യജമാനനെപ്പോലെയും ആയാൽ മതി. ഗൃഹനാഥനെ അവർ ബേൽസെബൂൽ എന്നു വിളിച്ചെങ്കിൽ ഗൃഹത്തിലെ മറ്റംഗങ്ങളെ എന്തുതന്നെ വിളിക്കുകയില്ല! “അതുകൊണ്ടു നിങ്ങൾ മനുഷ്യരെ ഭയപ്പെടേണ്ടാ. വെളിച്ചത്തു കൊണ്ടുവരപ്പെടാതെ മൂടിവയ്‍ക്കുകയോ അറിയപ്പെടാതെ ഗൂഢമായിരിക്കുകയോ ചെയ്യുന്നതൊന്നുമില്ല. ഞാൻ നിങ്ങളോട് ഇരുട്ടിൽ സംസാരിക്കുന്നത് നിങ്ങൾ വെളിച്ചത്തു പ്രസ്താവിക്കുക. നിങ്ങളുടെ ചെവിയിൽ മന്ത്രിക്കുന്നതു നിങ്ങൾ പുരമുകളിൽനിന്ന് ഉച്ചൈസ്തരം ഘോഷിക്കുക. ശരീരത്തെ നശിപ്പിക്കുന്നവരെ ഭയപ്പെടേണ്ടാ: ആത്മാവിനെ നശിപ്പിക്കുവാൻ അവർക്കു കഴിയുകയില്ലല്ലോ. എന്നാൽ ആത്മാവിനെയും ശരീരത്തെയും നരകത്തിലിട്ടു നശിപ്പിക്കുവാൻ കഴിയുന്നവനെയാണു ഭയപ്പെടേണ്ടത്. ഒരു പൈസയ്‍ക്കു രണ്ടു കുരുവികളെ വില്‌ക്കുന്നില്ലേ? അവയിലൊന്നുപോലും നിങ്ങളുടെ പിതാവ് അറിയാതെ നിലത്തു വീഴുന്നില്ല. “നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും ദൈവത്തിന്റെ കണക്കിലുൾപ്പെട്ടിരിക്കുന്നു. നിങ്ങൾ ഭയപ്പെടേണ്ടാ. അനേകം കുരുവികളെക്കാൾ വിലയുള്ളവരാണല്ലോ നിങ്ങൾ.” “മനുഷ്യരുടെ മുമ്പിൽ എന്നെ അംഗീകരിച്ചു പ്രഖ്യാപനം ചെയ്യുന്ന ഏതൊരുവനെയും സ്വർഗസ്ഥനായ എന്റെ പിതാവിന്റെ മുമ്പിൽ ഞാനും അംഗീകരിക്കും. എന്നാൽ മനുഷ്യരുടെ മുമ്പിൽ എന്നെ നിഷേധിക്കുന്നവനെ സ്വർഗസ്ഥനായ എന്റെ പിതാവിന്റെ മുമ്പിൽ ഞാനും നിഷേധിക്കും.
മത്തായി 10:24-33 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ശിഷ്യൻ ഗുരുവിനേക്കാൾ വലിയവനല്ല; ദാസൻ യജമാനന് മീതെയുമല്ല; ഗുരുവിനെപ്പോലെയാകുന്നത് ശിഷ്യനു മതി; യജമാനനെപ്പോലെയാകുന്നതു ദാസനും മതി. അവർ വീട്ടുടയവനെ ബെയെത്സെബൂൽ എന്നു വിളിച്ചു എങ്കിൽ വീട്ടുകാരെ എത്ര അധികം? അതുകൊണ്ട് അവരെ ഭയപ്പെടേണ്ടാ; മറച്ചുവച്ചത് ഒന്നും വെളിപ്പെടാതെയും ഗൂഢമായത് ഒന്നും അറിയപ്പെടാതെയും ഇരിക്കയില്ല. ഞാൻ ഇരുട്ടത്ത് നിങ്ങളോടു പറയുന്നത് വെളിച്ചത്തു പറവിൻ; ചെവിയിൽ മൃദുസ്വരത്തിൽ പറഞ്ഞുകേൾക്കുന്നത് പുരമുകളിൽനിന്ന് ഘോഷിപ്പിൻ. ആത്മാവിനെ കൊല്ലുവാൻ കഴിയാതെ ശരീരത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ട; മറിച്ച് ആത്മാവിനെയും ശരീരത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നെ ഭയപ്പെടുവിൻ. ചെറിയ നാണയത്തിന് രണ്ടു കുരികിലുകളെ വില്ക്കുന്നില്ലയോ? അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവിന്‍റെ അറിവില്ലാതെ നിലത്തു വീഴുകയില്ല. എന്നാൽ നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു. ആകയാൽ ഭയപ്പെടേണ്ടാ; അനേകം കുരികിലുകളേക്കാൾ നിങ്ങൾ വിലയുള്ളവരല്ലോ. അതുകൊണ്ട് മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്ന ഏതൊരുവനെയും സ്വർഗ്ഗസ്ഥനായ എന്‍റെ പിതാവിന്റെ മുമ്പിൽ ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെയോ എന്‍റെ പിതാവിന്റെ മുമ്പിൽ ഞാനും തള്ളിപ്പറയും.
മത്തായി 10:24-33 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ശിഷ്യൻ ഗുരുവിന്മീതെയല്ല; ദാസൻ യജമാനന്നു മീതെയുമല്ല; ഗുരുവിനെപ്പോലെയാകുന്നതു ശിഷ്യന്നു മതി; യജമാനനെപ്പോലെയാകുന്നതു ദാസന്നും മതി. അവർ വീട്ടുടയവനെ ബെയെത്സെബൂൽ എന്നു വിളിച്ചു എങ്കിൽ വീട്ടുകാരെ എത്ര അധികം? അതുകൊണ്ടു അവരെ ഭയപ്പെടേണ്ടാ; മറെച്ചുവെച്ചതു ഒന്നും വെളിപ്പെടാതെയും ഗൂഢമായതു ഒന്നും അറിയാതെയും ഇരിക്കയില്ല. ഞാൻ ഇരുട്ടത്തു നിങ്ങളോടു പറയുന്നതു വെളിച്ചത്തു പറവിൻ; ചെവിയിൽ പറഞ്ഞുകേൾക്കുന്നതു പുരമുകളിൽനിന്നു ഘോഷിപ്പിൻ. ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ട; ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നേ ഭയപ്പെടുവിൻ. കാശിന്നു രണ്ടു കുരികിൽ വില്ക്കുന്നില്ലയോ? അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല. എന്നാൽ നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു. ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങൾ വിശേഷതയുള്ളവരല്ലോ. മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്ന ഏവനെയും സ്വർഗ്ഗസ്ഥനായ എന്റെ പിതാവിൻ മുമ്പിൽ ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെയോ എന്റെ പിതാവിൻ മുമ്പിൽ ഞാനും തള്ളിപ്പറയും.
മത്തായി 10:24-33 സമകാലിക മലയാളവിവർത്തനം (MCV)
“ശിഷ്യൻ ഗുരുവിനെക്കാൾ ജ്ഞാനിയല്ല; ദാസൻ യജമാനനെക്കാൾ ശ്രേഷ്ഠനുമല്ല. ശിഷ്യർക്ക് അവരുടെ ഗുരുവിനെപ്പോലെയാകുന്നതു മതി; ദാസർക്ക് യജമാനനെപ്പോലെ ആകുന്നതും മതി. അവർ ഗൃഹനാഥനെ ബേൽസെബൂൽ എന്നു വിളിച്ചെങ്കിൽ, കുടുംബാംഗങ്ങളെ എത്രയധികം! “ആകയാൽ, നിങ്ങൾ അവരെ ഭയപ്പെടരുത്. വെളിപ്പെടുത്തപ്പെടാതെ മറച്ചുവെക്കാവുന്നതോ പ്രസിദ്ധമാക്കപ്പെടാതെ ഗോപ്യമാക്കി വെക്കാവുന്നതോ ആയ യാതൊന്നുമില്ല. ഞാൻ നിങ്ങളോട് ഇരുളിൽ സംസാരിക്കുന്നത്, പകലിൽ പ്രസ്താവിക്കുക; നിങ്ങളുടെ ചെവിയിൽ മന്ത്രിച്ചതു പുരമുകളിൽനിന്ന് ഘോഷിക്കുക. നിങ്ങളുടെ ആത്മാവിനെ ഹനിക്കാൻ കഴിയാതെ ശരീരത്തെമാത്രം കൊല്ലുന്നവരെ ഭയപ്പെടരുത്; മറിച്ച്, ജീവനെയും ശരീരത്തെയും നരകത്തിലിട്ട് നശിപ്പിക്കാൻ കഴിയുന്ന ദൈവത്തെ ഭയപ്പെടുക. ഒരു രൂപയ്ക്ക് രണ്ട് കുരുവിയെ വിൽക്കുന്നില്ലയോ? നിങ്ങളുടെ പിതാവ് അറിയാതെ അവയിൽ ഒന്നുപോലും നിലത്തു വീഴുകയില്ല. നിങ്ങളുടെ തലയിൽ എത്ര മുടിയുണ്ടെന്നുപോലും അവിടത്തേക്കറിയാം. ആകയാൽ ഭയപ്പെടേണ്ട, അനവധി കുരുവികളെക്കാളും മൂല്യമേറിയവരല്ലോ നിങ്ങൾ. “മനുഷ്യരുടെമുമ്പിൽ എന്നെ അംഗീകരിച്ചുപറയുന്ന ഏതു വ്യക്തിയെയും എന്റെ സ്വർഗസ്ഥനായ പിതാവിന്റെ സന്നിധിയിൽ ഞാനും അംഗീകരിക്കും. മനുഷ്യരുടെമുമ്പിൽ എന്നെ നിരാകരിക്കുന്ന ഏതൊരു വ്യക്തിയെയും എന്റെ സ്വർഗസ്ഥനായ പിതാവിന്റെ സന്നിധിയിൽ ഞാനും നിരാകരിക്കും.