മത്തായി 10:21-42

മത്തായി 10:21-42 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

സഹോദരൻ സഹോദരനെയും അപ്പൻ മകനെയും മരണത്തിന് ഏല്പിക്കും; അമ്മയപ്പന്മാർക്ക് എതിരായി മക്കൾ എഴുന്നേറ്റ് അവരെ കൊല്ലിക്കും. എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകയ്ക്കും; അവസാനത്തോളം സഹിച്ചുനില്ക്കുന്നവനോ രക്ഷിക്കപ്പെടും. എന്നാൽ ഒരു പട്ടണത്തിൽ നിങ്ങളെ ഉപദ്രവിച്ചാൽ മറ്റൊന്നിലേക്ക് ഓടിപ്പോകുവിൻ. മനുഷ്യപുത്രൻ വരുവോളം നിങ്ങൾ യിസ്രായേൽപട്ടണങ്ങളെ സഞ്ചരിച്ചു തീരുകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. ശിഷ്യൻ ഗുരുവിന്മീതെയല്ല; ദാസൻ യജമാനനു മീതെയുമല്ല; ഗുരുവിനെപ്പോലെയാകുന്നതു ശിഷ്യനു മതി; യജമാനനെപ്പോലെയാകുന്നത് ദാസനും മതി. അവർ വീട്ടുടയവനെ ബെയെത്സെബൂൽ എന്നു വിളിച്ചു എങ്കിൽ വീട്ടുകാരെ എത്ര അധികം? അതുകൊണ്ട് അവരെ ഭയപ്പെടേണ്ടാ; മറച്ചുവച്ചത് ഒന്നും വെളിപ്പെടാതെയും ഗൂഢമായത് ഒന്നും അറിയാതെയും ഇരിക്കയില്ല. ഞാൻ ഇരുട്ടത്തു നിങ്ങളോടു പറയുന്നതു വെളിച്ചത്ത് പറവിൻ; ചെവിയിൽ പറഞ്ഞു കേൾക്കുന്നത് പുരമുകളിൽനിന്നു ഘോഷിപ്പിൻ. ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെത്തന്നെ ഭയപ്പെടുവിൻ. കാശിനു രണ്ടു കുരികിൽ വില്ക്കുന്നില്ലയോ? അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല. എന്നാൽ നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു. ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങൾ വിശേഷതയുള്ളവരല്ലോ. മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്ന ഏവനെയും സ്വർഗസ്ഥനായ എന്റെ പിതാവിൻമുമ്പിൽ ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെയോ എന്റെ പിതാവിൻമുമ്പിൽ ഞാനും തള്ളിപ്പറയും. ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുത്; സമാധാനം അല്ല, വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നത്. മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാൻ വന്നത്. മനുഷ്യന്റെ വീട്ടുകാർ തന്നെ അവന്റെ ശത്രുക്കൾ ആകും. എന്നെക്കാൾ അധികം അപ്പനെയോ അമ്മയെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല; എന്നെക്കാൾ അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല. തന്റെ ക്രൂശ് എടുത്ത് എന്നെ അനുഗമിക്കാത്തവനും എനിക്കു യോഗ്യനല്ല. തന്റെ ജീവനെ കണ്ടെത്തിയവൻ അതിനെ കളയും; എന്റെ നിമിത്തം തന്റെ ജീവനെ കളഞ്ഞവൻ അതിനെ കണ്ടെത്തും. നിങ്ങളെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു. പ്രവാചകൻ എന്നുവച്ച് പ്രവാചകനെ കൈക്കൊള്ളുന്നവനു പ്രവാചകന്റെ പ്രതിഫലം ലഭിക്കും; നീതിമാൻ എന്നുവച്ച് നീതിമാനെ കൈക്കൊള്ളുന്നവനു നീതിമാന്റെ പ്രതിഫലം ലഭിക്കും. ശിഷ്യൻ എന്നുവച്ച് ഈ ചെറിയവരിൽ ഒരുത്തന് ഒരു പാനപാത്രം തണ്ണീർ മാത്രം കുടിപ്പാൻ കൊടുക്കുന്നവനു പ്രതിഫലം കിട്ടാതെ പോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

മത്തായി 10:21-42 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“സഹോദരൻ സഹോദരനെയും പിതാവ് പുത്രനെയും ഏല്പിച്ചു കൊടുക്കും; മക്കൾ മാതാപിതാക്കളോട് എതിർക്കുകയും അവരെ കൊല്ലിക്കുകയും ചെയ്യും. എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ വെറുക്കും; അവസാനത്തോളം സഹിച്ചു നില്‌ക്കുന്നവൻ രക്ഷപെടും. ഒരു പട്ടണത്തിൽ അവർ നിങ്ങളെ പീഡിപ്പിക്കുമ്പോൾ മറ്റൊന്നിലേക്ക് ഓടിപ്പൊയ്‍ക്കൊള്ളുക. മനുഷ്യപുത്രൻ വരുന്നതിനുമുമ്പ് നിങ്ങളുടെ പ്രവർത്തനം ഇസ്രായേലിലെ എല്ലാ പട്ടണങ്ങളിലും പൂർത്തിയാവുകയില്ല എന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു. “ശിഷ്യൻ ഗുരുവിനെക്കാൾ വലിയവനല്ല, ദാസൻ യജമാനനെക്കാൾ വലിയവനുമല്ല. ശിഷ്യൻ ഗുരുവിനെപ്പോലെയും ദാസൻ യജമാനനെപ്പോലെയും ആയാൽ മതി. ഗൃഹനാഥനെ അവർ ബേൽസെബൂൽ എന്നു വിളിച്ചെങ്കിൽ ഗൃഹത്തിലെ മറ്റംഗങ്ങളെ എന്തുതന്നെ വിളിക്കുകയില്ല! “അതുകൊണ്ടു നിങ്ങൾ മനുഷ്യരെ ഭയപ്പെടേണ്ടാ. വെളിച്ചത്തു കൊണ്ടുവരപ്പെടാതെ മൂടിവയ്‍ക്കുകയോ അറിയപ്പെടാതെ ഗൂഢമായിരിക്കുകയോ ചെയ്യുന്നതൊന്നുമില്ല. ഞാൻ നിങ്ങളോട് ഇരുട്ടിൽ സംസാരിക്കുന്നത് നിങ്ങൾ വെളിച്ചത്തു പ്രസ്താവിക്കുക. നിങ്ങളുടെ ചെവിയിൽ മന്ത്രിക്കുന്നതു നിങ്ങൾ പുരമുകളിൽനിന്ന് ഉച്ചൈസ്തരം ഘോഷിക്കുക. ശരീരത്തെ നശിപ്പിക്കുന്നവരെ ഭയപ്പെടേണ്ടാ: ആത്മാവിനെ നശിപ്പിക്കുവാൻ അവർക്കു കഴിയുകയില്ലല്ലോ. എന്നാൽ ആത്മാവിനെയും ശരീരത്തെയും നരകത്തിലിട്ടു നശിപ്പിക്കുവാൻ കഴിയുന്നവനെയാണു ഭയപ്പെടേണ്ടത്. ഒരു പൈസയ്‍ക്കു രണ്ടു കുരുവികളെ വില്‌ക്കുന്നില്ലേ? അവയിലൊന്നുപോലും നിങ്ങളുടെ പിതാവ് അറിയാതെ നിലത്തു വീഴുന്നില്ല. “നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും ദൈവത്തിന്റെ കണക്കിലുൾപ്പെട്ടിരിക്കുന്നു. നിങ്ങൾ ഭയപ്പെടേണ്ടാ. അനേകം കുരുവികളെക്കാൾ വിലയുള്ളവരാണല്ലോ നിങ്ങൾ.” “മനുഷ്യരുടെ മുമ്പിൽ എന്നെ അംഗീകരിച്ചു പ്രഖ്യാപനം ചെയ്യുന്ന ഏതൊരുവനെയും സ്വർഗസ്ഥനായ എന്റെ പിതാവിന്റെ മുമ്പിൽ ഞാനും അംഗീകരിക്കും. എന്നാൽ മനുഷ്യരുടെ മുമ്പിൽ എന്നെ നിഷേധിക്കുന്നവനെ സ്വർഗസ്ഥനായ എന്റെ പിതാവിന്റെ മുമ്പിൽ ഞാനും നിഷേധിക്കും. “ഭൂമിയിൽ സമാധാനം വരുത്തുവാൻ ഞാൻ വന്നു എന്നു നിങ്ങൾ കരുതേണ്ടാ; സമാധാനമല്ല, വാളത്രേ ഞാൻ കൊണ്ടുവന്നിരിക്കുന്നത്. ഒരുവനെ അവന്റെ പിതാവിനെതിരെയും മകളെ അമ്മയ്‍ക്കെതിരെയും മരുമകളെ അമ്മായിയമ്മയ്‍ക്കെതിരെയും ഭിന്നിപ്പിക്കുവാനത്രേ ഞാൻ വന്നിരിക്കുന്നത്. അങ്ങനെ സ്വന്തം വീട്ടിലുള്ളവർ തന്നെ ഒരുവനു ശത്രുക്കളായിത്തീരും. “എന്നെക്കാൾ അധികം തന്റെ മകനെയോ മകളെയോ സ്നേഹിക്കുന്നവനും എന്റെ ശിഷ്യനായിരിക്കുവാൻ യോഗ്യനല്ല. തന്റെ ക്രൂശെടുത്ത് എന്നെ അനുഗമിക്കാത്തവനും എന്റെ ശിഷ്യനാകാൻ യോഗ്യനല്ല. സ്വന്തം ജീവനെ സുരക്ഷിതമാക്കുവാൻ ശ്രമിക്കുന്നവൻ അതിനെ നഷ്ടപ്പെടുത്തും. എന്നാൽ എനിക്കുവേണ്ടി തന്റെ ജീവനെ നഷ്ടപ്പെടുത്തുന്നവൻ അതു നേടും. “നിങ്ങളെ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു. പ്രവാചകനെന്നു കരുതി ഒരു പ്രവാചകനെ സ്വീകരിക്കുന്നവനു പ്രവാചകന്റെ പ്രതിഫലം ലഭിക്കും. നീതിമാനെന്നു കരുതി ഒരു നീതിമാനെ സ്വീകരിക്കുന്നവനു നീതിമാന്റെ പ്രതിഫലം ലഭിക്കും. ഞാൻ നിങ്ങളോടു പറയുന്നു: ശിഷ്യനെന്നു കരുതി ഈ എളിയവരിൽ ഒരുവന് ഒരു പാത്രം ശുദ്ധജലമെങ്കിലും കൊടുക്കുന്നവൻ ആരായാലും അയാൾക്കു പ്രതിഫലം നിശ്ചയമായും ലഭിക്കും.”

മത്തായി 10:21-42 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

സഹോദരൻ തന്‍റെ സഹോദരനെയും അപ്പൻ തന്‍റെ മകനെയും മരണത്തിന് ഏല്പിക്കും; അമ്മയപ്പന്മാർക്ക് എതിരായി മക്കൾ എഴുന്നേറ്റ് അവരെ മരണത്തിനേല്പിക്കും. എന്‍റെ നാമംനിമിത്തം എല്ലാവരും നിങ്ങളെ പകയ്ക്കും; എന്നാൽ അവസാനത്തോളം സഹിച്ചുനില്ക്കുന്നവനോ രക്ഷിക്കപ്പെടും. ഈ പട്ടണത്തിൽ നിങ്ങളെ ഉപദ്രവിച്ചാൽ മറ്റൊന്നിലേക്ക് ഓടിപ്പോകുവിൻ. മനുഷ്യപുത്രൻ വരുവോളം നിങ്ങൾ യിസ്രായേൽ പട്ടണങ്ങളിൽ സഞ്ചരിച്ചു തീരുകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. ശിഷ്യൻ ഗുരുവിനേക്കാൾ വലിയവനല്ല; ദാസൻ യജമാനന് മീതെയുമല്ല; ഗുരുവിനെപ്പോലെയാകുന്നത് ശിഷ്യനു മതി; യജമാനനെപ്പോലെയാകുന്നതു ദാസനും മതി. അവർ വീട്ടുടയവനെ ബെയെത്സെബൂൽ എന്നു വിളിച്ചു എങ്കിൽ വീട്ടുകാരെ എത്ര അധികം? അതുകൊണ്ട് അവരെ ഭയപ്പെടേണ്ടാ; മറച്ചുവച്ചത് ഒന്നും വെളിപ്പെടാതെയും ഗൂഢമായത് ഒന്നും അറിയപ്പെടാതെയും ഇരിക്കയില്ല. ഞാൻ ഇരുട്ടത്ത് നിങ്ങളോടു പറയുന്നത് വെളിച്ചത്തു പറവിൻ; ചെവിയിൽ മൃദുസ്വരത്തിൽ പറഞ്ഞുകേൾക്കുന്നത് പുരമുകളിൽനിന്ന് ഘോഷിപ്പിൻ. ആത്മാവിനെ കൊല്ലുവാൻ കഴിയാതെ ശരീരത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ട; മറിച്ച് ആത്മാവിനെയും ശരീരത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നെ ഭയപ്പെടുവിൻ. ചെറിയ നാണയത്തിന് രണ്ടു കുരികിലുകളെ വില്ക്കുന്നില്ലയോ? അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവിന്‍റെ അറിവില്ലാതെ നിലത്തു വീഴുകയില്ല. എന്നാൽ നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു. ആകയാൽ ഭയപ്പെടേണ്ടാ; അനേകം കുരികിലുകളേക്കാൾ നിങ്ങൾ വിലയുള്ളവരല്ലോ. അതുകൊണ്ട് മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്ന ഏതൊരുവനെയും സ്വർഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ മുമ്പിൽ ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെയോ എന്‍റെ പിതാവിന്‍റെ മുമ്പിൽ ഞാനും തള്ളിപ്പറയും. ഞാൻ ഭൂമിയിൽ സമാധാനം കൊണ്ടുവരുവാൻ വന്നു എന്നു നിരൂപിക്കരുത്; സമാധാനം അല്ല, വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നത്. മനുഷ്യനെ തന്‍റെ അപ്പനോടും മകളെ തന്‍റെ അമ്മയോടും മരുമകളെ തന്‍റെ അമ്മാവിയമ്മയോടും എതിരാക്കുവാനത്രേ ഞാൻ വന്നത്. മനുഷ്യന്‍റെ ശത്രുക്കൾ അവന്‍റെ വീട്ടുകാർ തന്നെ ആയിരിക്കും. എന്നേക്കാൾ അധികം അപ്പനെയോ അമ്മയെയോ പ്രിയപ്പെടുന്നവൻ എനിക്ക് യോഗ്യനല്ല; എന്നേക്കാൾ അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവൻ എനിക്ക് യോഗ്യനല്ല. തന്‍റെ ക്രൂശ് എടുത്തു എന്നെ അനുഗമിക്കാത്തവൻ എനിക്ക് യോഗ്യനല്ല. തന്‍റെ ജീവനെ കണ്ടെത്തിയവൻ അതിനെ കളയും; എന്‍റെ നിമിത്തം തന്‍റെ ജീവനെ കളഞ്ഞവൻ അതിനെ കണ്ടെത്തും. നിങ്ങളെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെയും കൈക്കൊള്ളുന്നു. പ്രവാചകൻ എന്നുവച്ച് പ്രവാചകനെ കൈക്കൊള്ളുന്നവന് പ്രവാചകന്‍റെ പ്രതിഫലം ലഭിക്കും; നീതിമാൻ എന്നുവച്ച് നീതിമാനെ കൈക്കൊള്ളുന്നവന് നീതിമാന്‍റെ പ്രതിഫലം ലഭിക്കും. ശിഷ്യൻ എന്നു വച്ചു ഈ ചെറിയവരിൽ ഒരുവന് ഒരു പാനപാത്രം തണ്ണീർ മാത്രം കുടിക്കുവാൻ കൊടുക്കുന്നവന് പ്രതിഫലം കിട്ടാതെ പോകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.

മത്തായി 10:21-42 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

സഹോദരൻ സഹോദരനെയും അപ്പൻ മകനെയും മരണത്തിന്നു ഏല്പിക്കും; അമ്മയപ്പന്മാർക്കു എതിരായി മക്കൾ എഴുന്നേറ്റു അവരെ കൊല്ലിക്കും. എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും; അവസാനത്തോളം സഹിച്ചുനില്ക്കുന്നവനോ രക്ഷിക്കപ്പെടും. എന്നാൽ ഒരു പട്ടണത്തിൽ നിങ്ങളെ ഉപദ്രവിച്ചാൽ മറ്റൊന്നിലേക്കു ഓടിപ്പോകുവിൻ. മനുഷ്യപുത്രൻ വരുവോളം നിങ്ങൾ യിസ്രായേൽ പട്ടണങ്ങളെ സഞ്ചരിച്ചു തീരുകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. ശിഷ്യൻ ഗുരുവിന്മീതെയല്ല; ദാസൻ യജമാനന്നു മീതെയുമല്ല; ഗുരുവിനെപ്പോലെയാകുന്നതു ശിഷ്യന്നു മതി; യജമാനനെപ്പോലെയാകുന്നതു ദാസന്നും മതി. അവർ വീട്ടുടയവനെ ബെയെത്സെബൂൽ എന്നു വിളിച്ചു എങ്കിൽ വീട്ടുകാരെ എത്ര അധികം? അതുകൊണ്ടു അവരെ ഭയപ്പെടേണ്ടാ; മറെച്ചുവെച്ചതു ഒന്നും വെളിപ്പെടാതെയും ഗൂഢമായതു ഒന്നും അറിയാതെയും ഇരിക്കയില്ല. ഞാൻ ഇരുട്ടത്തു നിങ്ങളോടു പറയുന്നതു വെളിച്ചത്തു പറവിൻ; ചെവിയിൽ പറഞ്ഞുകേൾക്കുന്നതു പുരമുകളിൽനിന്നു ഘോഷിപ്പിൻ. ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ട; ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നേ ഭയപ്പെടുവിൻ. കാശിന്നു രണ്ടു കുരികിൽ വില്ക്കുന്നില്ലയോ? അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല. എന്നാൽ നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു. ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങൾ വിശേഷതയുള്ളവരല്ലോ. മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്ന ഏവനെയും സ്വർഗ്ഗസ്ഥനായ എന്റെ പിതാവിൻ മുമ്പിൽ ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെയോ എന്റെ പിതാവിൻ മുമ്പിൽ ഞാനും തള്ളിപ്പറയും. ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല, വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നതു. മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാൻ വന്നതു. മനുഷ്യന്റെ വീട്ടുകാർ തന്നേ അവന്റെ ശത്രുക്കൾ ആകും. എന്നെക്കാൾ അധികം അപ്പനെയോ അമ്മയെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല; എന്നെക്കാൾ അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല. തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കാത്തവനും എനിക്കു യോഗ്യനല്ല. തന്റെ ജീവനെ കണ്ടെത്തിയവൻ അതിനെ കളയും; എന്റെ നിമിത്തം തന്റെ ജീവനെ കളഞ്ഞവൻ അതിനെ കണ്ടെത്തും. നിങ്ങളെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു. പ്രവാചകൻ എന്നുവെച്ചു പ്രവാചകനെ കൈക്കൊള്ളുന്നവന്നു പ്രവാചകന്റെ പ്രതിഫലം ലഭിക്കും; നീതിമാൻ എന്നുവെച്ചു നീതിമാനെ കൈക്കൊള്ളുന്നവന്നു നീതിമാന്റെ പ്രതിഫലം ലഭിക്കും. ശിഷ്യൻ എന്നു വെച്ചു ഈ ചെറിയവരിൽ ഒരുത്തന്നു ഒരു പാനപാത്രം തണ്ണീർ മാത്രം കുടിപ്പാൻ കൊടുക്കുന്നവന്നു പ്രതിഫലം കിട്ടാതെ പോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

മത്തായി 10:21-42 സമകാലിക മലയാളവിവർത്തനം (MCV)

“സഹോദരൻ സ്വന്തം സഹോദരനെയും പിതാവു സ്വന്തം മക്കളെയും മരണത്തിന് ഒറ്റിക്കൊടുക്കും. മക്കൾ മാതാപിതാക്കളെ എതിർക്കുകയും അവരെ കൊല്ലിക്കുകയും ചെയ്യും. നിങ്ങൾ എന്റെ അനുയായികൾ ആയിരിക്കുന്നതു നിമിത്തം സകലരും നിങ്ങളെ വെറുക്കും. എന്നാൽ, അന്ത്യംവരെ സഹിച്ചുനിൽക്കുന്നവർ രക്ഷിക്കപ്പെടും. ഒരിടത്തെ നിവാസികൾ നിങ്ങളെ ഉപദ്രവിക്കുമ്പോൾ മറ്റൊരിടത്തേക്ക് പലായനംചെയ്യുക. ഇസ്രായേൽ പട്ടണങ്ങളിലൂടെയുള്ള നിങ്ങളുടെ സഞ്ചാരം മനുഷ്യപുത്രന്റെ പുനരാഗമനത്തിലും പൂർത്തിയാക്കുകയില്ല, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു. “ശിഷ്യൻ ഗുരുവിനെക്കാൾ ജ്ഞാനിയല്ല; ദാസൻ യജമാനനെക്കാൾ ശ്രേഷ്ഠനുമല്ല. ശിഷ്യർക്ക് അവരുടെ ഗുരുവിനെപ്പോലെയാകുന്നതു മതി; ദാസർക്ക് യജമാനനെപ്പോലെ ആകുന്നതും മതി. അവർ ഗൃഹനാഥനെ ബേൽസെബൂൽ എന്നു വിളിച്ചെങ്കിൽ, കുടുംബാംഗങ്ങളെ എത്രയധികം! “ആകയാൽ, നിങ്ങൾ അവരെ ഭയപ്പെടരുത്. വെളിപ്പെടുത്തപ്പെടാതെ മറച്ചുവെക്കാവുന്നതോ പ്രസിദ്ധമാക്കപ്പെടാതെ ഗോപ്യമാക്കി വെക്കാവുന്നതോ ആയ യാതൊന്നുമില്ല. ഞാൻ നിങ്ങളോട് ഇരുളിൽ സംസാരിക്കുന്നത്, പകലിൽ പ്രസ്താവിക്കുക; നിങ്ങളുടെ ചെവിയിൽ മന്ത്രിച്ചതു പുരമുകളിൽനിന്ന് ഘോഷിക്കുക. നിങ്ങളുടെ ആത്മാവിനെ ഹനിക്കാൻ കഴിയാതെ ശരീരത്തെമാത്രം കൊല്ലുന്നവരെ ഭയപ്പെടരുത്; മറിച്ച്, ജീവനെയും ശരീരത്തെയും നരകത്തിലിട്ട് നശിപ്പിക്കാൻ കഴിയുന്ന ദൈവത്തെ ഭയപ്പെടുക. ഒരു രൂപയ്ക്ക് രണ്ട് കുരുവിയെ വിൽക്കുന്നില്ലയോ? നിങ്ങളുടെ പിതാവ് അറിയാതെ അവയിൽ ഒന്നുപോലും നിലത്തു വീഴുകയില്ല. നിങ്ങളുടെ തലയിൽ എത്ര മുടിയുണ്ടെന്നുപോലും അവിടത്തേക്കറിയാം. ആകയാൽ ഭയപ്പെടേണ്ട, അനവധി കുരുവികളെക്കാളും മൂല്യമേറിയവരല്ലോ നിങ്ങൾ. “മനുഷ്യരുടെമുമ്പിൽ എന്നെ അംഗീകരിച്ചുപറയുന്ന ഏതു വ്യക്തിയെയും എന്റെ സ്വർഗസ്ഥനായ പിതാവിന്റെ സന്നിധിയിൽ ഞാനും അംഗീകരിക്കും. മനുഷ്യരുടെമുമ്പിൽ എന്നെ നിരാകരിക്കുന്ന ഏതൊരു വ്യക്തിയെയും എന്റെ സ്വർഗസ്ഥനായ പിതാവിന്റെ സന്നിധിയിൽ ഞാനും നിരാകരിക്കും. “ഭൂമിയിൽ സമാധാനം വരുത്തുക എന്ന ഉദ്ദേശ്യമാണ് എന്റെ വരവിനെന്ന് നിങ്ങൾ കരുതരുത്, സമാധാനമല്ല, വാൾ വരുത്താനാണ് ഞാൻ വന്നിരിക്കുന്നത്. ഞാൻ വന്നത് ഭിന്നിപ്പിക്കാനാണ്: “ ‘ഒരുവനെ തന്റെ പിതാവിനെതിരേയും മകളെ തന്റെ അമ്മയ്ക്കെതിരേയും മരുമകളെ തന്റെ അമ്മായിയമ്മയ്ക്കെതിരേയും, ഒരു മനുഷ്യന്റെ ശത്രുക്കൾ അയാളുടെ കുടുംബാംഗങ്ങൾതന്നെ ആയിരിക്കും.’ “എന്നെക്കാളധികം സ്വന്തം പിതാവിനെയോ മാതാവിനെയോ സ്നേഹിക്കുന്നവർ എന്റേതായിരിക്കാൻ യോഗ്യരല്ല. എന്നെക്കാളധികം സ്വന്തം പുത്രനെയോ പുത്രിയെയോ സ്നേഹിക്കുന്നവരും എനിക്കു യോഗ്യരല്ല. സ്വന്തം ക്രൂശ് വഹിച്ചുകൊണ്ട് എന്നെ അനുഗമിക്കാത്തവരും എനിക്കു യോഗ്യരല്ല. സ്വന്തം ജീവനെ രക്ഷിക്കാൻ ശ്രമിക്കുന്നവർക്ക് അതു നഷ്ടമാകും; എന്റെ അനുയായി ആയതുനിമിത്തം സ്വജീവൻ നഷ്ടപ്പെടുത്തുന്നവർ അതു നേടുകതന്നെ ചെയ്യും. “നിങ്ങളെ സ്വീകരിക്കുന്നവർ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവരോ എന്നെ അയച്ച പിതാവിനെ സ്വീകരിക്കുന്നു. ഒരു പ്രവാചകനെ, പ്രവാചകൻ എന്ന കാരണത്താൽ സ്വീകരിക്കുന്ന വ്യക്തിക്ക്, ഒരു പ്രവാചകന് ലഭിക്കുന്ന പ്രതിഫലം ലഭിക്കും; ഒരു നീതിനിഷ്ഠനെ നീതിനിഷ്ഠൻ എന്ന കാരണത്താൽ സ്വീകരിക്കുന്ന വ്യക്തിക്ക്, ഒരു നീതിനിഷ്ഠന് ലഭിക്കുന്ന പ്രതിഫലം ലഭിക്കും. എന്റെ ശിഷ്യൻ എന്ന കാരണത്താൽ ഈ ചെറിയവരിൽ ഒരാൾക്ക് ഒരു പാത്രം തണുത്ത വെള്ളമെങ്കിലും കൊടുക്കുന്നയാൾക്ക് തന്റെ പ്രതിഫലം ഒരിക്കലും നഷ്ടമാകുകയില്ല, നിശ്ചയം, എന്നു ഞാൻ നിങ്ങളോടു പറയുന്നു.”