മത്തായി 1:16-25
മത്തായി 1:16-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യാക്കോബ് മറിയയുടെ ഭർത്താവായ യോസേഫിനെ ജനിപ്പിച്ചു. അവളിൽനിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു. ഇങ്ങനെ തലമുറകൾ ആകെ അബ്രാഹാംമുതൽ ദാവീദുവരെ പതിന്നാലും ദാവീദ്മുതൽ ബാബേൽപ്രവാസത്തോളം പതിന്നാലും ബാബേൽപ്രവാസംമുതൽ ക്രിസ്തുവിനോളം പതിന്നാലും ആകുന്നു. എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഇവ്വണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിനു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പേ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കണ്ടു. അവളുടെ ഭർത്താവായ യോസേഫ് നീതിമാനാകകൊണ്ടും അവൾക്കു ലോകാപവാദം വരുത്തുവാൻ അവനു മനസ്സില്ലായ്കകൊണ്ടും അവളെ ഗൂഢമായി ഉപേക്ഷിപ്പാൻ ഭാവിച്ചു. ഇങ്ങനെ നിനച്ചിരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവനു സ്വപ്നത്തിൽ പ്രത്യക്ഷനായി: ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉൽപാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു. അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവനു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു. “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവനു ദൈവം നമ്മോടുകൂടെ എന്നർഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും” എന്നു കർത്താവ് പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ ഇതൊക്കെയും സംഭവിച്ചു. യോസേഫ് ഉറക്കം ഉണർന്നു, കർത്താവിന്റെ ദൂതൻ കല്പിച്ചതുപോലെ ചെയ്തു, ഭാര്യയെ ചേർത്തുകൊണ്ടു. മകനെ പ്രസവിക്കുംവരെ അവൻ അവളെ പരിഗ്രഹിച്ചില്ല. മകന് അവൻ യേശു എന്നു പേർ വിളിച്ചു.
മത്തായി 1:16-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യാക്കോബിന്റെ പുത്രൻ യോസേഫ്; യോസേഫ് മറിയമിന്റെ ഭർത്താവായിരുന്നു; മറിയമിൽനിന്ന് ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു. ഇങ്ങനെ അബ്രഹാം മുതൽ ദാവീദുവരെ തലമുറകൾ ആകെ പതിനാലും ദാവീദു മുതൽ ബാബേൽ പ്രവാസംവരെ പതിനാലും ബാബേൽ പ്രവാസം മുതൽ ക്രിസ്തുവരെ പതിനാലും ആണ്. യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു. യേശുവിന്റെ മാതാവായ മറിയവും യോസേഫും തമ്മിൽ വിവാഹനിശ്ചയം ചെയ്തിരുന്നു. അവർ ഒരുമിച്ചു ചേരുന്നതിനു മുമ്പ് മറിയം പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ചിരിക്കുന്നതായി കാണപ്പെട്ടു. മറിയമിന്റെ ഭർത്താവായ യോസേഫ് ഒരു ഉത്തമ മനുഷ്യനായിരുന്നതുകൊണ്ട് മറിയം അപമാനിതയാകുന്നതിൽ അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നു. അതുകൊണ്ട് രഹസ്യമായി മറിയമിനെ ഉപേക്ഷിക്കുവാൻ അദ്ദേഹം തീരുമാനിച്ചു. എന്നാൽ ഇതേപ്പറ്റി അദ്ദേഹം ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ദൈവദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷനായി ഇപ്രകാരം പ്രസ്താവിച്ചു: “ദാവീദിന്റെ പുത്രനായ യോസേഫേ, നിന്റെ ഭാര്യയായ മറിയമിനെ സ്വീകരിക്കുന്നതിനു ശങ്കിക്കേണ്ടാ; അവൾ ഗർഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവിനാലാണ്. അവൾ ഒരു പുത്രനെ പ്രസവിക്കും; ആ ശിശുവിന് യേശു എന്നു പേര് വിളിക്കണം. തന്റെ ജനങ്ങളെ അവരുടെ പാപങ്ങളിൽനിന്ന് അവിടുന്നു രക്ഷിക്കും.” “ഇതാ കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും; അവൻ ദൈവം നമ്മോടുകൂടി എന്നർഥമുള്ള ‘ഇമ്മാനുവേൽ’ എന്നു വിളിക്കപ്പെടും” എന്നു പ്രവാചകൻ മുഖാന്തരം ദൈവം അരുളിച്ചെയ്തതു നിറവേറുന്നതിന് ഇവയെല്ലാം സംഭവിച്ചു. യോസേഫ് നിദ്രവിട്ടുണർന്ന് ദൈവദൂതൻ കല്പിച്ചതുപോലെ പ്രവർത്തിച്ചു; അദ്ദേഹം തന്റെ ഭാര്യയെ സ്വീകരിച്ചു. എന്നാൽ പുത്രനെ പ്രസവിക്കുന്നതുവരെ അദ്ദേഹം മറിയമിനോടു ശാരീരികബന്ധം പുലർത്തിയില്ല. ശിശുവിനെ അദ്ദേഹം യേശു എന്നു പേര് വിളിച്ചു.
മത്തായി 1:16-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യാക്കോബ് മറിയയുടെ ഭർത്താവായ യോസേഫിന്റെ പിതാവായിരുന്നു. മറിയയിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു. ഇങ്ങനെ തലമുറകൾ ആകെ അബ്രാഹാം മുതൽ ദാവീദ്വരെ പതിനാലും ദാവീദുമുതൽ ബാബേൽപ്രവാസത്തോളം പതിനാലും ബാബേൽ പ്രവാസം മുതൽ ക്രിസ്തുവിനോളം പതിനാലും ആകുന്നു. എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസഫിന് വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടി യോജിക്കുംമുമ്പെ പരിശുദ്ധാത്മാവിനാൽ ഗർഭംധരിച്ചു എന്നു മനസ്സിലാക്കി. അവളുടെ ഭർത്താവായ യോസേഫ് നീതിമാനായിരുന്നതുകൊണ്ടും അവളെ പരസ്യമായി കളങ്കപ്പെടുത്തുവാൻ അവനു മനസ്സില്ലാത്തതു കൊണ്ടും അവളുമായുള്ള വിവഹനിശ്ചയം രഹസ്യമായി അവസാനിപ്പിക്കുവാൻ തീരുമാനിച്ചു. ഇങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവനു സ്വപ്നത്തിൽ പ്രത്യക്ഷനായി: “ദാവീദിന്റെ മകനായ യോസഫേ, മറിയയെ ഭാര്യയായി സ്വീകരിക്കുന്ന കാര്യത്തിൽ നീ ഭയപ്പെടേണ്ടാ; അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിനാൽ ആകുന്നു. അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കുവാനായി വന്നിരിക്കുന്നതുകൊണ്ട് നീ അവന്റെ പേര് യേശു എന്നു വിളിക്കേണം” എന്നു പറഞ്ഞു. “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവനു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്നു പേർ വിളിക്കും” കർത്താവ് പ്രവാചകൻമുഖാന്തരം അരുളിച്ചെയ്ത കാര്യങ്ങൾ ഇപ്രകാരം നിവർത്തിയായി. യോസേഫ് ഉറക്കം ഉണർന്നു. കർത്താവിന്റെ ദൂതൻ കല്പിച്ചതുപോലെ ചെയ്തു, തന്റെ ഭാര്യയായി അവളെ സ്വീകരിച്ചു. എന്നിരുന്നാലും, മകനെ പ്രസവിക്കുംവരെ അവൻ അവളുമായി ശാരീരികമായി ബന്ധപ്പെട്ടിരുന്നില്ല. മകന് അവൻ യേശു എന്നു പേർവിളിച്ചു.
മത്തായി 1:16-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യാക്കോബ് മറിയയുടെ ഭർത്താവായ യോസേഫിനെ ജനിപ്പിച്ചു. അവളിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു. ഇങ്ങനെ തലമുറകൾ ആകെ അബ്രാഹാം മുതൽ ദാവീദ്വരെ പതിന്നാലും ദാവീദ്മുതൽ ബാബേൽപ്രവാസത്തോളം പതിന്നാലും ബാബേൽപ്രവാസംമുതൽ ക്രിസ്തുവിനോളം പതിന്നാലും ആകുന്നു. എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഈവണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കണ്ടു. അവളുടെ ഭർത്താവായ യോസേഫ് നീതിമാനാകകൊണ്ടും അവൾക്കു ലോകാപവാദം വരുത്തുവാൻ അവന്നു മനസ്സില്ലായ്കകൊണ്ടും അവളെ ഗൂഢമായി ഉപേക്ഷിപ്പാൻ ഭാവിച്ചു. ഇങ്ങനെ നിനെച്ചിരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി: ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു. അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു. “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ദൈവം നമ്മോടു കൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും” എന്നു കർത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ ഇതൊക്കെയും സംഭവിച്ചു. യോസേഫ് ഉറക്കം ഉണർന്നു. കർത്താവിന്റെ ദൂതൻ കല്പിച്ചതുപോലെ ചെയ്തു, ഭാര്യയെ ചേർത്തുകൊണ്ടു. മകനെ പ്രസവിക്കുംവരെ അവൻ അവളെ പരിഗ്രഹിച്ചില്ല. മകന്നു അവൻ യേശു എന്നു പേർ വിളിച്ചു.
മത്തായി 1:16-25 സമകാലിക മലയാളവിവർത്തനം (MCV)
യാക്കോബിന്റെ മകനായിരുന്നു മറിയയുടെ ഭർത്താവായ യോസേഫ്. ഈ മറിയയാണ് “ക്രിസ്തു” എന്നു വിളിക്കപ്പെട്ട യേശുവിന്റെ മാതാവായിത്തീർന്നത്. ഇങ്ങനെ തലമുറകൾ ആകെ, അബ്രാഹാംമുതൽ ദാവീദുവരെ പതിന്നാലും ദാവീദുമുതൽ ബാബേൽപ്രവാസംവരെ പതിന്നാലും ബാബേൽപ്രവാസംമുതൽ ക്രിസ്തുവരെ പതിന്നാലും ആകുന്നു. യേശുക്രിസ്തുവിന്റെ ജനനം ഈ വിധമായിരുന്നു: യേശുവിന്റെ അമ്മ മറിയയും യോസേഫും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. അവർ വിവാഹിതരാകുന്നതിനു മുമ്പേതന്നെ മറിയ പരിശുദ്ധാത്മാവിനാൽ ഗർഭവതിയായി. മറിയയുടെ നീതിനിഷ്ഠനായ ഭർത്താവ് യോസേഫ്, അവൾ ഗർഭവതിയായ വിവരം അറിഞ്ഞ്, സമൂഹമധ്യേ അവൾ അപഹാസ്യയാകാതിരിക്കാൻ ആഗ്രഹിച്ചതുകൊണ്ട് അവളെ രഹസ്യമായി ഉപേക്ഷിക്കണമെന്നു തീരുമാനിച്ചു. അദ്ദേഹം ഈ വിഷയത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കെ പെട്ടെന്ന്, കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട്, അദ്ദേഹത്തോട്, “ദാവീദുവംശജനായ യോസേഫേ, മറിയ ഗർഭവതിയായത് പരിശുദ്ധാത്മാവിൽനിന്നാണ്. ആയതിനാൽ അവളെ നിന്റെ ഭാര്യയായി സ്വീകരിക്കുന്നതിൽ മടിക്കേണ്ടതില്ല. അവൾ ഒരു പുത്രനു ജന്മം നൽകും; ആ പുത്രന് ‘യേശു’ എന്നു നാമകരണം ചെയ്യണം, കാരണം അവിടന്ന് തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിക്കുന്നവനാണ്” എന്നു പറഞ്ഞു. “ഇതാ! കന്യക ഗർഭവതിയായി ഒരു പുത്രനു ജന്മം നൽകും; ആ പുത്രൻ ഇമ്മാനുവേൽ എന്നു വിളിക്കപ്പെടും;” ഈ പേരിനു “ദൈവം നമ്മോടുകൂടെ” എന്നാണ് അർഥം. കർത്താവ് പ്രവാചകനിലൂടെ അരുളിച്ചെയ്തത് നിറവേറുന്നതിനാണ് ഇവയെല്ലാം സംഭവിച്ചത്. യോസേഫ് ഉറക്കമുണർന്നു; കർത്താവിന്റെ ദൂതൻ തന്നോടു കൽപ്പിച്ചതുപോലെതന്നെ തന്റെ ഭാര്യയെ സ്വീകരിച്ചു. എന്നാൽ, മറിയ പുത്രന് ജന്മം നൽകുന്നതുവരെ യോസേഫ് അവളെ അറിഞ്ഞിരുന്നില്ല. അദ്ദേഹം പുത്രന് “യേശു” എന്ന് പേരിട്ടു.