മലാഖി 1:8-14

മലാഖി 1:8-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നിങ്ങൾ കണ്ണു പൊട്ടിയതിനെ യാഗം കഴിപ്പാൻ കൊണ്ടുവന്നാൽ അതു ദോഷമല്ല; നിങ്ങൾ മുടന്തും ദീനവുമുള്ളതിനെ അർപ്പിച്ചാൽ അതും ദോഷമല്ല; അതിനെ നിന്റെ ദേശാധിപതിക്കു കാഴ്ച വയ്ക്കുക; അവൻ പ്രസാദിക്കുമോ? നിന്നോടു കൃപ തോന്നുമോ? എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ആകയാൽ ദൈവം നമ്മോടു കൃപ കാണിപ്പാൻ തക്കവണ്ണം അവനെ പ്രസാദിപ്പിച്ചുകൊൾവിൻ. നിങ്ങൾ ഇതൊക്കെയും ചെയ്തിരിക്കുന്നു; അവനു നിങ്ങളോടു കൃപതോന്നുമോ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. നിങ്ങൾ എന്റെ യാഗപീഠത്തിന്മേൽ വെറുതേ തീ കത്തിക്കാതിരിക്കേണ്ടതിനു നിങ്ങളിൽ ആരെങ്കിലും വാതിൽ അടച്ചുകളഞ്ഞാൽ കൊള്ളായിരുന്നു; എനിക്ക് നിങ്ങളിൽ പ്രസാദമില്ല എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ കൈയിൽനിന്ന് ഞാൻ വഴിപാടു കൈക്കൊൾകയുമില്ല. സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെ എന്റെ നാമം ജാതികളുടെ ഇടയിൽ വലുതാകുന്നു; എല്ലാടത്തും എന്റെ നാമത്തിന് ധൂപവും നിർമ്മലമായ വഴിപാടും അർപ്പിച്ചുവരുന്നു; എന്റെ നാമം ജാതികളുടെ ഇടയിൽ വലുതാകുന്നുവല്ലോ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. നിങ്ങളോ: യഹോവയുടെ മേശ മലിനമായിരിക്കുന്നു; അവന്റെ ഭോജനമായ അതിന്റെ അനുഭവം നിന്ദ്യം ആകുന്നു എന്നു പറയുന്നതിനാൽ നിങ്ങൾ എന്റെ നാമത്തെ അശുദ്ധമാക്കുന്നു. എന്തൊരു പ്രയാസം എന്നു പറഞ്ഞു നിങ്ങൾ അതിനോടു ചീറുന്നു; എന്നാൽ കടിച്ചുകീറിപ്പോയതിനെയും മുടന്തും ദീനവുമുള്ളതിനെയും നിങ്ങൾ കൊണ്ടുവന്ന് അങ്ങനെ കാഴ്ചവയ്ക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതിനെ ഞാൻ നിങ്ങളുടെ കൈയിൽനിന്ന് അംഗീകരിക്കുമോ എന്നു യഹോവ അരുളിച്ചെയ്യുന്നു. എന്നാൽ തന്റെ ആട്ടിൻകൂട്ടത്തിൽ ഒരു ആൺ ഉണ്ടായിരിക്കെ, കർത്താവിന് നേർന്നിട്ട് ഊനമുള്ളൊരു തള്ളയെ യാഗംകഴിക്കുന്ന വഞ്ചകൻ ശപിക്കപ്പെട്ടവൻ. ഞാൻ മഹാരാജാവല്ലോ; എന്റെ നാമം ജാതികളുടെ ഇടയിൽ ഭയങ്കരമായിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

പങ്ക് വെക്കു
മലാഖി 1 വായിക്കുക

മലാഖി 1:8-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

കാഴ്ചയില്ലാത്ത മൃഗങ്ങളെ യാഗം അർപ്പിക്കുന്നതു തെറ്റല്ലേ? മുടന്തും രോഗവും ഉള്ളവയെ അർപ്പിക്കുന്നതും ശരിയാണോ? നിങ്ങളുടെ ദേശാധിപതിക്ക് അവയെ കാഴ്ചവച്ചാൽ അയാൾ നിങ്ങളിൽ പ്രസാദിക്കുമോ? അയാളുടെ പ്രീതി നിങ്ങൾക്കു കിട്ടുമോ? ഇത്തരം കാഴ്ചയർപ്പിച്ചാൽ നിങ്ങളിൽ ഞാൻ പ്രസാദിക്കുമോ? എന്നു സർവശക്തനായ സർവേശ്വരൻ ചോദിക്കുന്നു. ദൈവം നമ്മോടു കൃപാലുവായിത്തീരാൻ അവിടുത്തെ പ്രസാദത്തിനായി അപേക്ഷിക്കുക. നിങ്ങൾ എന്റെ യാഗപീഠത്തിൽ വെറുതെ യാഗാഗ്നി കത്തിക്കാതിരിക്കാൻ നിങ്ങളിൽ ആരെങ്കിലും ദേവാലയവാതിലുകൾ അടച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു. എനിക്കു നിങ്ങളിൽ പ്രീതി ഇല്ല. നിങ്ങൾ അർപ്പിക്കുന്ന വഴിപാട് ഞാൻ സ്വീകരിക്കയുമില്ല. കിഴക്കുമുതൽ പടിഞ്ഞാറുവരെയുള്ള ജനതകൾക്കിടയിൽ എന്റെ നാമം ഉന്നതമായിരിക്കുന്നു. എല്ലായിടത്തും എന്റെ നാമത്തിൽ സുഗന്ധധൂപവും നിർമ്മലവഴിപാടും അർപ്പിച്ചുവരുന്നു. കാരണം, എന്റെ നാമം ജനതകൾക്കിടയിൽ ഉന്നതമാണ്. ഇതു സർവശക്തനായ സർവേശ്വരന്റെ വചനം. നിങ്ങളാകട്ടെ സർവേശ്വരന്റെ യാഗപീഠം മലിനമാക്കാമെന്നും അതിൽ നിന്ദ്യമായ ഭോജനം അർപ്പിക്കാമെന്നും കരുതുമ്പോൾ നിങ്ങൾ അതിനെ അശുദ്ധമാക്കുന്നു. ‘ഇത് എത്ര അസഹ്യം! ’ എന്നു പറഞ്ഞ് അതൃപ്തിയും വെറുപ്പും നിങ്ങൾ പ്രദർശിപ്പിക്കുന്നു എന്നു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “അപഹരിക്കപ്പെട്ടതും രോഗംപിടിച്ചതും മുടന്തുള്ളതുമായ മൃഗങ്ങളെ യാഗാർപ്പണത്തിനു നിങ്ങൾ കൊണ്ടുവന്നാൽ ഞാൻ അവയെ സ്വീകരിക്കണമോ?” ആട്ടിൻകൂട്ടത്തിലുള്ള ഒരാണാടിനെ നേർന്നശേഷം കുറ്റമുള്ള മറ്റൊന്നിനെ സർവേശ്വരനർപ്പിക്കുന്ന വഞ്ചകൻ ശപിക്കപ്പെട്ടവൻ; കാരണം, ഞാൻ ഉന്നതനായ രാജാവാണ്. എന്റെ നാമത്തെ ജനതകൾ ഭയപ്പെടുന്നു. ഇതു സർവശക്തനായ സർവേശ്വരന്റെ വചനം.

പങ്ക് വെക്കു
മലാഖി 1 വായിക്കുക

മലാഖി 1:8-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

നിങ്ങൾ കണ്ണ് പൊട്ടിയതിനെ യാഗം കഴിക്കുവാൻ കൊണ്ടുവന്നാൽ അത് ദോഷമല്ല; നിങ്ങൾ മുടന്തും ദീനവുമുള്ളതിനെ അർപ്പിച്ചാൽ അതും ദോഷമല്ല; അതിനെ നിന്‍റെ ദേശാധിപതിക്കു കാഴ്ച വെക്കുക; അവൻ പ്രസാദിക്കുമോ? നിന്നോട് കൃപ തോന്നുമോ?” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ആകയാൽ ദൈവം നമ്മോടു കൃപ കാണിക്കുവാൻ തക്കവിധം അവനെ പ്രസാദിപ്പിച്ചുകൊള്ളുവിൻ. നിങ്ങൾ ഇതൊക്കെയും ചെയ്തിരിക്കുന്നു; അവനു നിങ്ങളോടു കൃപ തോന്നുമോ? എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. “നിങ്ങൾ എന്‍റെ യാഗപീഠത്തിന്മേൽ വെറുതെ തീ കത്തിക്കാതിരിക്കേണ്ടതിനു നിങ്ങളിൽ ആരെങ്കിലും വാതിൽ അടച്ചുകളഞ്ഞാൽ കൊള്ളാമായിരുന്നു; എനിക്ക് നിങ്ങളിൽ പ്രസാദമില്ല” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; “നിങ്ങളുടെ കൈയിൽനിന്ന് ഞാൻ വഴിപാട് കൈക്കൊൾകയുമില്ല. സൂര്യന്‍റെ ഉദയംമുതൽ അസ്തമയംവരെ എന്‍റെ നാമം ജനതകളുടെ ഇടയിൽ വലിയതാകുന്നു; എല്ലായിടത്തും എന്‍റെ നാമത്തിന് ധൂപവും നിർമ്മലമായ വഴിപാടും അർപ്പിച്ചുവരുന്നു; എന്‍റെ നാമം ജനതകളുടെ ഇടയിൽ വലുതാകുന്നുവല്ലോ” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. “നിങ്ങളോ: ‘യഹോവയുടെ മേശ മലിനമായിരിക്കുന്നു; അവന്‍റെ ഭോജനമായ അതിന്‍റെ അനുഭവം നിന്ദ്യം ആകുന്നു’ എന്നു പറയുന്നതിനാൽ നിങ്ങൾ എന്‍റെ നാമത്തെ അശുദ്ധമാക്കുന്നു. ‘എന്തൊരു പ്രയാസം’ എന്നു പറഞ്ഞു നിങ്ങൾ അതിനോട് ചീറുന്നു; എന്നാൽ കടിച്ചുകീറിപ്പോയതിനെയും മുടന്തും ദീനവുമുള്ളതിനെയും നിങ്ങൾ കൊണ്ടുവന്ന് അങ്ങനെ കാഴ്ചവയ്ക്കുന്നു” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. “അതിനെ ഞാൻ നിങ്ങളുടെ കൈയിൽനിന്ന് അംഗീകരിക്കുമോ?” എന്നു യഹോവ അരുളിച്ചെയ്യുന്നു. “എന്നാൽ തന്‍റെ ആട്ടിൻകൂട്ടത്തിൽ ഒരു ആൺ ഉണ്ടായിരിക്കെ, കർത്താവിന് നേർന്നിട്ട് ഊനമുള്ളതിനെ യാഗം കഴിക്കുന്ന വഞ്ചകൻ ശപിക്കപ്പെട്ടവൻ. ഞാൻ മഹാരാജാവല്ലയോ; എന്‍റെ നാമം ജനതകളുടെ ഇടയിൽ ഭയങ്കരമായിരിക്കുന്നു” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

പങ്ക് വെക്കു
മലാഖി 1 വായിക്കുക

മലാഖി 1:8-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നിങ്ങൾ കണ്ണു പൊട്ടിയതിനെ യാഗം കഴിപ്പാൻ കൊണ്ടുവന്നാൽ അതു ദോഷമല്ല; നിങ്ങൾ മുടന്തും ദീനവുമുള്ളതിനെ അർപ്പിച്ചാൽ അതും ദോഷമല്ല; അതിനെ നിന്റെ ദേശാധിപതിക്കു കാഴ്ച വെക്കുക; അവൻ പ്രസാദിക്കുമോ? നിന്നോടു കൃപ തോന്നുമോ? എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ആകയാൽ ദൈവം നമ്മോടു കൃപകാണിപ്പാൻ തക്കവണ്ണം അവനെ പ്രസാദിപ്പിച്ചുകൊൾവിൻ. നിങ്ങൾ ഇതൊക്കെയും ചെയ്തിരിക്കുന്നു; അവന്നു നിങ്ങളോടു കൃപ തോന്നുമോ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. നിങ്ങൾ എന്റെ യാഗപീഠത്തിന്മേൽ വെറുതെ തീ കത്തിക്കാതിരിക്കേണ്ടതിന്നു നിങ്ങളിൽ ആരെങ്കിലും വാതിൽ അടെച്ചുകളഞ്ഞാൽ കൊള്ളായിരുന്നു; എനിക്കു നിങ്ങളിൽ പ്രസാദമില്ല എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ കയ്യിൽ നിന്നു ഞാൻ വഴിപാടു കൈക്കൊൾകയുമില്ല. സൂര്യന്റെ ഉദയംമുതൽ അസ്തമനംവരെ എന്റെ നാമം ജാതികളുടെ ഇടയിൽ വലുതാകുന്നു; എല്ലാടത്തും എന്റെ നാമത്തിന്നു ധൂപവും നിർമ്മലമായ വഴിപാടും അർപ്പിച്ചുവരുന്നു; എന്റെ നാമം ജാതികളുടെ ഇടയിൽ വലുതാകുന്നുവല്ലോ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. നിങ്ങളോ: യഹോവയുടെ മേശ മലിനമായിരിക്കുന്നു; അവന്റെ ഭോജനമായ അതിന്റെ അനുഭവം നിന്ദ്യം ആകുന്നു എന്നു പറയുന്നതിനാൽ നിങ്ങൾ എന്റെ നാമത്തെ അശുദ്ധമാക്കുന്നു. എന്തൊരു പ്രയാസം എന്നു പറഞ്ഞു നിങ്ങൾ അതിനോടു ചീറുന്നു; എന്നാൽ കടിച്ചുകീറിപ്പോയതിനെയും മുടന്തും ദീനവുമുള്ളതിനെയും നിങ്ങൾ കൊണ്ടുവന്നു അങ്ങനെ കാഴ്ചവെക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതിനെ ഞാൻ നിങ്ങളുടെ കയ്യിൽനിന്നു അംഗീകരിക്കുമോ എന്നു യഹോവ അരുളിച്ചെയ്യുന്നു. എന്നാൽ തന്റെ ആട്ടിൻകൂട്ടത്തിൽ ഒരു ആൺ ഉണ്ടായിരിക്കെ, കർത്താവിന്നു നേർന്നിട്ടു ഊനമുള്ളോരു തള്ളയെ യാഗംകഴിക്കുന്ന വഞ്ചകൻ ശപിക്കപ്പെട്ടവൻ. ഞാൻ മഹാരാജാവല്ലോ; എന്റെ നാമം ജാതികളുടെ ഇടയിൽ ഭയങ്കരമായിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

പങ്ക് വെക്കു
മലാഖി 1 വായിക്കുക

മലാഖി 1:8-14 സമകാലിക മലയാളവിവർത്തനം (MCV)

നിങ്ങൾ കണ്ണുപൊട്ടിയ മൃഗങ്ങളെ യാഗത്തിനു കൊണ്ടുവരുമ്പോൾ, അതു നിന്ദ്യമല്ലേ? മുടന്തും ദീനവുമുള്ളതിനെ കാഴ്ചവെച്ചാൽ, അതും നിന്ദ്യമല്ലേ? ഇവ നീ ദേശാധിപതികൾക്കു കാഴ്ചവെച്ചാൽ അവർ നിന്നോടു പ്രസാദിക്കുമോ?” എന്നു സൈന്യങ്ങളുടെ യഹോവ ചോദിക്കുന്നു. “ആകയാൽ ദൈവം നമ്മോടു കരുണ കാണിക്കത്തക്കവിധം അവിടത്തെ പ്രസാദിപ്പിച്ചുകൊൾവിൻ. ഇത്തരം യാഗം അർപ്പിച്ചാൽ അവിടന്ന് നിന്നോടു പ്രീതി കാണിക്കുമോ?” എന്നു സൈന്യങ്ങളുടെ യഹോവ ചോദിക്കുന്നു. “നിങ്ങൾ എന്റെ യാഗപീഠത്തിൽ വ്യർഥമായി തീ കത്തിക്കാതിരിക്കാൻ നിങ്ങളിലൊരുവൻ വാതിൽ അടച്ചിരുന്നെങ്കിൽ! നിങ്ങളിൽ എനിക്കു പ്രസാദമില്ല. നിങ്ങളുടെ കരങ്ങളിൽനിന്ന് ഞാൻ ഒരു വഴിപാടും സ്വീകരിക്കുകയുമില്ല,” എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. “സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെ എന്റെ നാമം ജനതകളുടെയിടയിൽ ഉന്നതമായിരിക്കും. എല്ലായിടത്തും എന്റെ നാമത്തിനു ധൂപവും നിർമലമായ വഴിപാടും അർപ്പിക്കപ്പെടുന്നു. കാരണം എന്റെ നാമം ജനതകളുടെയിടയിൽ ഉന്നതമാണ്,” എന്നും സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. “ ‘കർത്താവിന്റെ മേശയെക്കുറിച്ച്, അത് നിന്ദ്യം,’ എന്നും ‘അതിലെ ഭോജ്യത്തെ മലിനം,’ എന്നും നിങ്ങൾ പറയുന്നതിനാൽ നിങ്ങൾ എന്റെ നാമം അശുദ്ധമാക്കുന്നു. ‘എന്തൊരു മടുപ്പ്,’ എന്നു പറഞ്ഞ് അതിനെതിരേ ചീറിയടുക്കുകയും ചെയ്യുന്നു. എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. “മുറിവേറ്റവയും മുടന്തുള്ളവയും രോഗം ബാധിച്ചവയുമായ മൃഗങ്ങളെ നിങ്ങൾ കൊണ്ടുവന്ന് യാഗമർപ്പിക്കുമ്പോൾ നിങ്ങളുടെ കരങ്ങളിൽനിന്ന് ഞാൻ അതു സ്വീകരിക്കണമോ,” എന്ന് യഹോവ ചോദിക്കുന്നു. “തന്റെ ആട്ടിൻപറ്റത്തിൽ ഊനമില്ലാത്ത ഒരു ആൺ ഉണ്ടായിരിക്കുകയും അതിനെ കർത്താവിനു നേർന്നിട്ട്, ഊനമുള്ള തള്ളയെ കർത്താവിനു യാഗം കഴിക്കുന്ന വഞ്ചകൻ ശപിക്കപ്പെട്ടവൻ. ഞാൻ മഹാരാജാവല്ലോ, ജനതകളുടെ ഇടയിൽ എന്റെ നാമം ഭയപ്പെടേണ്ടതാണ്,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

പങ്ക് വെക്കു
മലാഖി 1 വായിക്കുക