ലൂക്കൊസ് 9:18-36
ലൂക്കൊസ് 9:18-36 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ തനിച്ചു പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ ശിഷ്യന്മാർ കൂടെ ഉണ്ടായിരുന്നു; അവൻ അവരോട്: പുരുഷാരം എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചു. യോഹന്നാൻസ്നാപകൻ എന്നും ചിലർ ഏലീയാവ് എന്നും മറ്റു ചിലർ പുരാതനപ്രവാചകന്മാരിൽ ഒരുത്തൻ ഉയിർത്തെഴുന്നേറ്റു എന്നും പറയുന്നു എന്ന് അവർ ഉത്തരം പറഞ്ഞു. അവൻ അവരോട്: എന്നാൽ നിങ്ങൾ എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചതിന്: ദൈവത്തിന്റെ ക്രിസ്തു എന്ന് പത്രൊസ് ഉത്തരം പറഞ്ഞു. ഇത് ആരോടും പറയരുതെന്ന് അവൻ അവരോട് അമർച്ചയായിട്ടു കല്പിച്ചു. മനുഷ്യപുത്രൻ പലതും സഹിക്കയും മൂപ്പന്മാർ, മഹാപുരോഹിതന്മാർ, ശാസ്ത്രികൾ എന്നിവർ അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും അവൻ മൂന്നാംനാൾ ഉയിർത്തെഴുന്നേല്ക്കയും വേണം എന്നു പറഞ്ഞു. പിന്നെ അവൻ എല്ലാവരോടും പറഞ്ഞത്: എന്നെ അനുഗമിപ്പാൻ ഒരുത്തൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ നിഷേധിച്ചു നാൾതോറും തന്റെ ക്രൂശ് എടുത്തുംകൊണ്ട് എന്നെ അനുഗമിക്കട്ടെ. ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാലോ അതിനെ രക്ഷിക്കും. ഒരു മനുഷ്യൻ സർവലോകവും നേടീട്ട്, തന്നെത്താൻ നഷ്ടമാക്കിക്കളകയോ ചേതം വരുത്തുകയോ ചെയ്താൽ അവന് എന്ത് പ്രയോജനം? ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്ത്വത്തിൽ വരുമ്പോൾ നാണിക്കും. എന്നാൽ ദൈവരാജ്യം കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഇവിടെ നില്ക്കുന്നവരിൽ ഉണ്ട് സത്യം എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഈ വാക്കുകളെ പറഞ്ഞിട്ട് ഏകദേശം എട്ടുനാൾ കഴിഞ്ഞപ്പോൾ അവൻ പത്രൊസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ടു പ്രാർഥിപ്പാൻ മലയിൽ കയറിപ്പോയി. അവൻ പ്രാർഥിക്കുമ്പോൾ മുഖത്തിന്റെ ഭാവം മാറി, ഉടുപ്പ് മിന്നുന്ന വെള്ളയായും തീർന്നു. രണ്ടു പുരുഷന്മാർ അവനോടു സംഭാഷിച്ചു; മോശെയും ഏലീയാവും തന്നെ. അവർ തേജസ്സിൽ പ്രത്യക്ഷരായി അവൻ യെരൂശലേമിൽ പ്രാപിപ്പാനുള്ള നിര്യാണത്തെക്കുറിച്ചു സംസാരിച്ചു. പത്രൊസും കൂടെയുള്ളവരും ഉറക്കത്താൽ ഭാരപ്പെട്ടിരുന്നു; ഉണർന്നശേഷം അവന്റെ തേജസ്സിനെയും അവനോടുകൂടെ നില്ക്കുന്ന രണ്ടു പുരുഷന്മാരെയും കണ്ടു. അവർ അവനെ വിട്ടുപിരിയുമ്പോൾ പത്രൊസ് യേശുവിനോട്: ഗുരോ, നാം ഇവിടെ ഇരിക്കുന്നത് നല്ലത്; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ, ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്ന് ഏലീയാവിനും എന്നു താൻ പറയുന്നത് ഇന്നത് എന്ന് അറിയാതെ പറഞ്ഞു. ഇതു പറയുമ്പോൾ ഒരു മേഘം വന്ന് അവരുടെമേൽ നിഴലിട്ടു. അവർ മേഘത്തിൽ ആയപ്പോൾ പേടിച്ചു. മേഘത്തിൽനിന്ന്: ഇവൻ എന്റെ പ്രിയപുത്രൻ, ഇവനു ചെവികൊടുപ്പിൻ എന്ന് ഒരു ശബ്ദം ഉണ്ടായി. ശബ്ദം ഉണ്ടായ നേരത്ത് യേശുവിനെ തനിയേ കണ്ടു; അവർ കണ്ടത് ഒന്നും ആ നാളുകളിൽ ആരോടും അറിയിക്കാതെ മൗനമായിരുന്നു.
ലൂക്കൊസ് 9:18-36 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഒരിക്കൽ യേശു തനിച്ചു പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. ശിഷ്യന്മാരും കൂടെയുണ്ടായിരുന്നു. യേശു അവരോടു ചോദിച്ചു: “ഞാൻ ആരാണെന്നാണു ജനങ്ങൾ പറയുന്നത്?” അവർ പറഞ്ഞു: “യോഹന്നാൻ സ്നാപകനെന്നു ചിലരും, ഏലിയാ എന്നു മറ്റു ചിലരും, മരിച്ചുപോയ പ്രവാചകന്മാരിൽ ഒരാൾ വീണ്ടും വന്നിരിക്കുന്നു എന്നു വേറെ ചിലരും പറയുന്നു.” യേശു വീണ്ടും ചോദിച്ചു: “ആകട്ടെ, ഞാൻ ആരാണെന്നാണു നിങ്ങൾ പറയുന്നത്?” “അങ്ങു ദൈവത്തിന്റെ അഭിഷിക്തനായ ക്രിസ്തുതന്നേ” എന്നു പത്രോസ് പറഞ്ഞു. ഇത് ആരോടും പറയരുതെന്ന് യേശു അവരോടു നിഷ്കർഷാപൂർവം കല്പിച്ചു. “മനുഷ്യപുത്രൻ വളരെയധികം പീഡനങ്ങൾ സഹിക്കേണ്ടതുണ്ട്. ജനപ്രമാണിമാരും മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും അവനെ തിരസ്കരിച്ചു കൊല്ലുവാൻ ഏല്പിച്ചുകൊടുക്കും. എന്നാൽ മൂന്നാംദിവസം മനുഷ്യപുത്രൻ ഉയിർത്തെഴുന്നേല്‌ക്കും” എന്നും യേശു പറഞ്ഞു. അനന്തരം എല്ലാവരോടുമായി യേശു അരുൾചെയ്തു: “എന്നെ അനുഗമിക്കുവാൻ ഇച്ഛിക്കുന്നവൻ സ്വയം പരിത്യജിച്ച് അനുദിനം തന്റെ കുരിശെടുത്ത് എന്നെ അനുഗമിക്കട്ടെ. എന്തെന്നാൽ തന്റെ ജീവനെ രക്ഷിക്കുവാൻ ഇച്ഛിക്കുന്ന ഏതൊരുവനും അതു നഷ്ടപ്പെടും. എനിക്കുവേണ്ടി ആരെങ്കിലും സ്വജീവനെ നഷ്ടപ്പെടുത്തുന്നു എങ്കിൽ അവൻ അതിനെ രക്ഷിക്കും. ഒരു മനുഷ്യൻ സർവലോകവും നേടിയാലും തന്നെത്തന്നെ നഷ്ടപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്താൽ അവന് എന്തു പ്രയോജനം! ആരെങ്കിലും എന്നെക്കുറിച്ചോ എന്റെ വാക്കുകളെക്കുറിച്ചോ ലജ്ജിച്ചാൽ, തന്റെയും തന്റെ പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും തേജസ്സിൽ വരുമ്പോൾ മനുഷ്യപുത്രനും അവനെക്കുറിച്ചു ലജ്ജിക്കും. നിങ്ങളോടു ഞാൻ ഉറപ്പിച്ചു പറയുന്നു: ഇവിടെ നില്‌ക്കുന്നവരിൽ ചിലർ ദൈവരാജ്യം ദർശിക്കുന്നതിനുമുമ്പ് മരണം അടയുകയില്ല.” ഇക്കാര്യങ്ങൾ പറഞ്ഞ് ഏകദേശം എട്ടു ദിവസം കഴിഞ്ഞ് യേശു പത്രോസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ട് പ്രാർഥിക്കുന്നതിനായി ഒരു മലയിലേക്കു പോയി. പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ യേശുവിന്റെ മുഖഭാവം മാറി. അവിടുത്തെ വസ്ത്രം കണ്ണഞ്ചിക്കുന്ന വെൺമയുള്ളതായിത്തീർന്നു. അതാ രണ്ടു പുരുഷന്മാർ യേശുവിനോടു സംസാരിക്കുന്നു! മോശയും ഏലിയായും! യെരൂശലേമിൽവച്ചു നടക്കുവാൻ പോകുന്നതിന്റെ നിര്യാണത്തിലൂടെ ദൈവോദ്ദേശ്യം പൂർത്തീകരിക്കുന്നതിനെക്കുറിച്ചാണ് ആ തേജോമയന്മാർ യേശുവിനോടു സംസാരിച്ചത്. പത്രോസും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവരും ഗാഢനിദ്രയിലാണ്ടിരുന്നു. ഉണർന്നപ്പോൾ ഉജ്ജ്വല തേജസ്സോടുകൂടിയ യേശുവിനെയും തന്നോടുകൂടെ നില്‌ക്കുന്ന രണ്ടുപേരെയും അവർ കണ്ടു. അവർ യേശുവിനെ വിട്ടുപിരിയാൻ ഭാവിച്ചപ്പോൾ പത്രോസ് യേശുവിനോടു പറഞ്ഞു: “ഗുരോ, നാം ഇവിടെ ഇരിക്കുന്നതു നന്ന്; ഞങ്ങൾ മൂന്നു കൂടാരങ്ങൾ ഉണ്ടാക്കട്ടെ; ഒന്ന് അങ്ങേക്കും, ഒന്നു മോശയ്‍ക്കും, ഒന്ന് ഏലീയായ്‍ക്കും.” താൻ പറയുന്നത് എന്തെന്ന് പത്രോസ് അറിഞ്ഞില്ല. ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോൾത്തന്നെ ഒരു മേഘം വന്ന് അവരുടെമേൽ നിഴൽ വീശി. അവർ മേഘത്തിനുള്ളിലായപ്പോൾ ശിഷ്യന്മാർ ഭയപ്പെട്ടു. “ഇവനാണ് ഞാൻ തിരഞ്ഞെടുത്ത എന്റെ പുത്രൻ; ഇവന്റെ വാക്കുകൾ ശ്രദ്ധിക്കുക.” എന്നൊരു അശരീരി ആ സമയത്ത് മേഘത്തിൽ നിന്നുണ്ടായി. അശരീരി നിലച്ചപ്പോൾ യേശുവിനെ മാത്രമേ അവർ കണ്ടുള്ളൂ. ഈ ദർശനത്തെക്കുറിച്ച് അക്കാലത്ത് ശിഷ്യന്മാർ ആരോടും പറയാതെ മൗനം അവലംബിച്ചു.
ലൂക്കൊസ് 9:18-36 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവൻ തനിയെ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ശിഷ്യന്മാർ കൂടെ ഉണ്ടായിരുന്നു; അവൻ അവരോട്: പുരുഷാരം എന്നെ ആരെന്ന് പറയുന്നു? എന്നു ചോദിച്ചു. ”യോഹന്നാൻ സ്നാപകൻ എന്നും, ചിലർ ഏലിയാവ് എന്നും, മറ്റുചിലർ പുരാതന പ്രവാചകന്മാരിൽ ഒരാൾ ഉയിർത്തെഴുന്നേറ്റു എന്നും പറയുന്നു” എന്നു അവർ ഉത്തരം പറഞ്ഞു. യേശു അവരോട്: എന്നാൽ നിങ്ങൾ എന്നെ ആരെന്ന് പറയുന്നു? എന്നു ചോദിച്ചതിന്: ”ദൈവത്തിന്റെ ക്രിസ്തു എന്നു പത്രൊസ്” ഉത്തരം പറഞ്ഞു. ഇതു ആരോടും പറയരുതെന്ന് അവൻ അവരോട് അമർച്ചയായിട്ട് കല്പിച്ചു. മനുഷ്യപുത്രൻ പലതും സഹിക്കുകയും, മൂപ്പന്മാർ മഹാപുരോഹിതർ ശാസ്ത്രികൾ എന്നിവർ അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും അവൻ മൂന്നാംദിവസം ഉയിർത്തെഴുന്നേല്ക്കുകയും വേണം എന്നു പറഞ്ഞു. പിന്നെ അവൻ എല്ലാവരോടും പറഞ്ഞത്: എന്നെ അനുഗമിക്കുവാൻ ഒരാൾ ആഗ്രഹിക്കുന്നു എങ്കിൽ അവൻ സ്വന്ത ആഗ്രഹങ്ങൾ ത്യജിച്ച് ഓരോ ദിവസവും തന്‍റെ ക്രൂശ് എടുത്തുംകൊണ്ട് എന്നെ അനുഗമിക്കട്ടെ. ആരെങ്കിലും തന്റെ ജീവനെ രക്ഷിക്കാൻ ആഗ്രഹിച്ചാൽ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാലോ അതിനെ രക്ഷിക്കും. ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ട് തന്നെത്താൻ നഷ്ടമാക്കിക്കളകയോ ചേതം വരുത്തുകയോ ചെയ്താൽ അവനു എന്ത് പ്രയോജനം? ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ച് നാണിച്ചാൽ അവനെക്കുറിച്ച് മനുഷ്യപുത്രൻ തൻ്റെയും പിതാവിൻ്റെയും വിശുദ്ധ ദൂതന്മാരുടെയും മഹത്വത്തിൽ വരുമ്പോൾ നാണിക്കും. എന്നാൽ ദൈവരാജ്യം കാണുന്നത് വരെ മരിക്കാത്തവർ ചിലർ ഇവിടെ നില്ക്കുന്നവരിൽ ഉണ്ട് സത്യം എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഈ വാക്കുകൾ പറഞ്ഞിട്ട് ഏകദേശം എട്ട് ദിവസം കഴിഞ്ഞപ്പോൾ അവൻ പത്രൊസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ട് പ്രാർത്ഥിക്കുവാൻ മലയിൽ കയറിപ്പോയി. അവൻ പ്രാർത്ഥിക്കുമ്പോൾ മുഖത്തിന്റെ ഭാവം മാറി, ഉടുപ്പ് തിളങ്ങുന്ന വെള്ളയായും തീർന്നു. രണ്ടു പുരുഷന്മാർ അവനോട് സംസാരിച്ചു; മോശെയും ഏലിയാവും തന്നെ. അവർ തേജസ്സിൽ പ്രത്യക്ഷരായി യെരൂശലേമിൽവച്ചു സംഭവിപ്പാനുള്ള യേശുവിന്‍റെ മരണത്തെക്കുറിച്ചു സംസാരിച്ചു. പത്രൊസും കൂടെയുള്ളവരും ഉറങ്ങുകയായിരുന്നു; ഉണർന്നശേഷം അവന്റെ തേജസ്സിനെയും അവനോട് കൂടെ നില്ക്കുന്ന രണ്ടു പുരുഷന്മാരെയും കണ്ടു. അവർ അവനെ വിട്ടുപിരിയുമ്പോൾ പത്രൊസ് യേശുവിനോടു: ”ഗുരോ, നാം ഇവിടെ ഇരിക്കുന്നത് നല്ലത്; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ, ഒന്ന് നിനക്കും ഒന്ന് മോശെക്കും ഒന്ന് ഏലിയാവിനും” എന്നു താൻ പറയുന്നത് എന്താണ് എന്നു അറിയാതെ പറഞ്ഞു. ഇതു പറയുമ്പോൾ ഒരു മേഘം വന്നു അവരുടെ മേൽ നിഴലിട്ടു. അവർ മേഘത്തിൽ ആയപ്പോൾ പേടിച്ചു. മേഘത്തിൽനിന്നു: ഇവൻ എന്‍റെ തിരഞ്ഞെടുക്കപ്പെട്ടവൻ; ഇവന് ചെവികൊടുപ്പിൻ എന്നു ഒരു ശബ്ദം ഉണ്ടായി. ശബ്ദം ഉണ്ടായ നേരത്ത് യേശുവിനെ തനിയേ കണ്ടു; അവർ കണ്ടത് ഒന്നും ആ നാളുകളിൽ ആരോടും അറിയിക്കാതെ മൗനമായിരുന്നു.
ലൂക്കൊസ് 9:18-36 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ തനിച്ചു പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ശിഷ്യന്മാർ കൂടെ ഉണ്ടായിരുന്നു; അവൻ അവരോടു:പുരുഷാരം എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചു. യോഹന്നാൻസ്നാപകൻ എന്നും ചിലർ ഏലീയാവു എന്നും മറ്റു ചിലർ പുരാതന പ്രവാചകന്മാരിൽ ഒരുത്തൻ ഉയിർത്തെഴുന്നേറ്റു എന്നും പറയുന്നു എന്നു അവർ ഉത്തരം പറഞ്ഞു. അവൻ അവരോടു:എന്നാൽ നിങ്ങൾ എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചതിന്നു: ദൈവത്തിന്റെ ക്രിസ്തു എന്നു പത്രൊസ് ഉത്തരം പറഞ്ഞു. ഇതു ആരോടും പറയരുതെന്നു അവൻ അവരോടു അമർച്ചയായിട്ടു കല്പിച്ചു. മനുഷ്യപുത്രൻ പലതും സഹിക്കയും മൂപ്പന്മാർ മഹാപുരോഹിതന്മാർ ശാസ്ത്രികൾ എന്നിവർ അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേല്ക്കയും വേണം എന്നു പറഞ്ഞു. പിന്നെ അവൻ എല്ലാവരോടും പറഞ്ഞതു:എന്നെ അനുഗമിപ്പാൻ ഒരുത്തൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ നിഷേധിച്ചു നാൾതോറും തന്റെ ക്രൂശ് എടുത്തുംകൊണ്ടു എന്നെ അനുഗമിക്കട്ടെ. ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാലോ അതിനെ രക്ഷിക്കും. ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടു തന്നെത്താൻ നഷ്ടമാക്കിക്കളകയോ ചേതം വരുത്തുകയോ ചെയ്താൽ അവന്നു എന്തു പ്രയോജനം? ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്വത്തിൽ വരുമ്പോൾ നാണിക്കും. എന്നാൽ ദൈവരാജ്യം കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഇവിടെ നില്ക്കുന്നവരിൽ ഉണ്ടു സത്യം എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഈ വാക്കുകളെ പറഞ്ഞിട്ടു ഏകദേശം എട്ടു നാൾ കഴിഞ്ഞപ്പോൾ അവൻ പത്രൊസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ടു പ്രാർത്ഥിപ്പാൻ മലയിൽ കയറിപ്പോയി. അവൻ പ്രാർത്ഥിക്കുമ്പോൾ മുഖത്തിന്റെ ഭാവം മാറി, ഉടുപ്പു മിന്നുന്ന വെള്ളയായും തീർന്നു. രണ്ടു പുരുഷന്മാർ അവനോടു സംഭാഷിച്ചു; മോശെയും ഏലീയാവും തന്നേ. അവർ തേജസ്സിൽ പ്രത്യക്ഷരായി അവൻ യെരൂശലേമിൽ പ്രാപിപ്പാനുള്ള നിര്യാണത്തെക്കുറിച്ചു സംസാരിച്ചു. പത്രൊസും കൂടെയുള്ളവരും ഉറക്കത്താൽ ഭാരപ്പെട്ടിരുന്നു; ഉണർന്നശേഷം അവന്റെ തേജസ്സിനെയും അവനോടു കൂടെ നില്ക്കുന്ന രണ്ടു പുരുഷന്മാരെയും കണ്ടു. അവർ അവനെ വിട്ടുപിരിയുമ്പോൾ പത്രൊസ് യേശുവിനോടു: ഗുരോ, നാം ഇവിടെ ഇരിക്കുന്നതു നല്ലതു; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ, ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു താൻ പറയുന്നതു ഇന്നതു എന്നു അറിയാതെ പറഞ്ഞു. ഇതു പറയുമ്പോൾ ഒരു മേഘം വന്നു അവരുടെമേൽ നിഴലിട്ടു. അവർ മേഘത്തിൽ ആയപ്പോൾ പേടിച്ചു. മേഘത്തിൽനിന്നു: ഇവൻ എന്റെ പ്രിയപുത്രൻ, ഇവന്നു ചെവികൊടുപ്പിൻ എന്നു ഒരു ശബ്ദം ഉണ്ടായി. ശബ്ദം ഉണ്ടായ നേരത്തു യേശുവിനെ തനിയേ കണ്ടു; അവർ കണ്ടതു ഒന്നും ആ നാളുകളിൽ ആരോടും അറിയിക്കാതെ മൗനമായിരുന്നു.
ലൂക്കൊസ് 9:18-36 സമകാലിക മലയാളവിവർത്തനം (MCV)
ഒരിക്കൽ യേശു ഏകാന്തമായി പ്രാർഥിച്ചുകൊണ്ടിരുന്നു; അപ്പോൾ അദ്ദേഹത്തിന്റെ സമീപത്ത് ഉണ്ടായിരുന്ന ശിഷ്യന്മാരോട് അദ്ദേഹം, “ഞാൻ ആരാകുന്നു എന്നാണ് ജനക്കൂട്ടം പറയുന്നത്?” എന്നു ചോദിച്ചു. അതിനു ശിഷ്യന്മാർ, “യോഹന്നാൻസ്നാപകൻ എന്നു ചിലരും ഏലിയാവ് എന്നു മറ്റുചിലരും പുരാതനകാലത്തു ജീവിച്ചിരുന്ന പ്രവാചകന്മാരിൽ ഒരാൾ ഉയിർത്തെഴുന്നേറ്റുവെന്ന് വേറെ ചിലരും പറയുന്നു” എന്ന് ഉത്തരം പറഞ്ഞു. “എന്നാൽ നിങ്ങളോ?” യേശു ആരാഞ്ഞു, “ഞാൻ ആരാകുന്നു എന്നാണ് നിങ്ങൾ പറയുന്നത്?” “ദൈവത്തിന്റെ ക്രിസ്തു,” എന്ന് പത്രോസ് പ്രതിവചിച്ചു. ഇത് ആരോടും പറയരുത് എന്ന് യേശു അവർക്കു കർശനനിർദേശം നൽകി. തുടർന്ന് അദ്ദേഹം, “മനുഷ്യപുത്രൻ വളരെ കഷ്ടം സഹിക്കുകയും സമുദായനേതാക്കന്മാർ, പുരോഹിതമുഖ്യന്മാർ, വേദജ്ഞർ എന്നിവരാൽ തിരസ്കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നാംദിവസം ഉയിർത്തെഴുന്നേൽക്കുകയും വേണം” എന്നും പറഞ്ഞു. അതിനുശേഷം തന്നെ കേട്ടുകൊണ്ടിരുന്ന എല്ലാവരോടുമായി അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഒരാൾ എന്റെ ശിഷ്യനാകാൻ ഇച്ഛിക്കുന്നെങ്കിൽ അയാൾ സ്വയം ത്യജിച്ച് തന്റെ ക്രൂശ് എടുത്തുകൊണ്ട് അനുദിനം എന്നെ അനുഗമിക്കട്ടെ. സ്വന്തം ജീവനെ രക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതു നഷ്ടമാകും; എന്റെ അനുയായി ആയതുനിമിത്തം സ്വജീവൻ നഷ്ടപ്പെടുത്തുന്നവർ അതു നേടുകതന്നെ ചെയ്യും. ഒരാൾ ലോകം മുഴുവൻ തന്റെ സ്വന്തമാക്കിയാലും സ്വജീവൻ നഷ്ടമാക്കുകയോ കൈമോശംവരുത്തുകയോ ചെയ്താൽ അവന് എന്തു പ്രയോജനം? എന്നെയും എന്റെ വചനങ്ങളെയുംകുറിച്ച് ആരെങ്കിലും ലജ്ജിച്ചാൽ (ഞാൻ) മനുഷ്യപുത്രൻ, തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്ത്വത്തിൽ വരുമ്പോൾ അയാളെക്കുറിച്ചും ലജ്ജിക്കും. “ഞാൻ നിങ്ങളോടു പറയട്ടെ, ദൈവരാജ്യം കാണുന്നതിനുമുമ്പ്, ഇവിടെ നിൽക്കുന്നവരിൽ ചിലർ മരണം ആസ്വദിക്കുകയില്ല നിശ്ചയം!” ഈ സംഭാഷണംനടന്ന് ഏകദേശം എട്ടുദിവസം കഴിഞ്ഞ്, പത്രോസ്, യോഹന്നാൻ, യാക്കോബ് എന്നിവരെമാത്രം കൂട്ടിക്കൊണ്ട് യേശു ഒരു മലമുകളിൽ പ്രാർഥിക്കാൻ കയറിപ്പോയി. പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹത്തിന്റെ മുഖം തേജസ്സേറിയതായി മാറി; വസ്ത്രം വെട്ടിത്തിളങ്ങുന്ന വെണ്മയായി. മോശ, ഏലിയാവ് എന്നീ രണ്ടു പുരുഷന്മാർ യേശുവിനോടു സംസാരിച്ചുകൊണ്ടു തേജസ്സിൽ പ്രത്യക്ഷരായി. യേശു ജെറുശലേമിൽ പൂർത്തീകരിക്കാനിരുന്ന തന്റെ നിര്യാണത്തെക്കുറിച്ച് അവർ സംസാരിച്ചു. ഈ സമയം പത്രോസും കൂടെയുള്ളവരും നിദ്രാവിവശരായിരുന്നു. എന്നാൽ, അവർ ഉറക്കമുണർന്നപ്പോൾ യേശുവിന്റെ തേജസ്സും അദ്ദേഹത്തോടുകൂടെ നിന്നിരുന്ന രണ്ടുപേരെയും കണ്ടു. മോശയും ഏലിയാവും യേശുവിനെ വിട്ടുപോകാൻതുടങ്ങുമ്പോൾ പത്രോസ് താൻ പറയുന്നതിന്റെ സാംഗത്യം എന്തെന്നു ഗ്രഹിക്കാതെ അദ്ദേഹത്തോട്, “പ്രഭോ, നാം ഇവിടെ ആയിരിക്കുന്നത് എത്രയോ നല്ലത്. നമുക്ക് ഇവിടെ മൂന്ന് കൂടാരങ്ങൾ ഉണ്ടാക്കാം. ഒന്ന് അങ്ങേക്കും ഒന്ന് മോശയ്ക്കും മറ്റൊന്ന് ഏലിയാവിനും” എന്നു പറഞ്ഞു. പത്രോസ് ഇതു സംസാരിക്കുമ്പോൾത്തന്നെ, ഒരു മേഘംവന്ന് അവരെ ആവരണംചെയ്തു. മേഘത്തിനുള്ളിലായ അവർ ഭയന്നു. അപ്പോൾ ആ മേഘത്തിൽനിന്ന്, “ഞാൻ തെരഞ്ഞെടുത്തിരിക്കുന്ന എന്റെ പുത്രൻ ഇവൻതന്നെ, ഇവൻ പറയുന്നത് ശ്രദ്ധിച്ചുകേൾക്കുക” എന്ന് ഒരു അശരീരി ഉണ്ടായി. ആ അശരീരി ഉണ്ടായിക്കഴിഞ്ഞപ്പോൾ യേശുവിനെമാത്രമേ അവർ കണ്ടുള്ളൂ. തങ്ങൾ കണ്ടതിനെപ്പറ്റി ശിഷ്യന്മാർ മിണ്ടിയില്ല. ആ ദിവസങ്ങളിൽ അവർ അതുസംബന്ധിച്ച് ആരോടും ഒന്നും സംസാരിച്ചില്ല.