ലൂക്കൊസ് 9:11-17
ലൂക്കൊസ് 9:11-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതു പുരുഷാരം അറിഞ്ഞ് അവനെ പിന്തുടർന്നു. അവൻ അവരെ കൈക്കൊണ്ടു ദൈവരാജ്യത്തെക്കുറിച്ച് അവരോടു സംസാരിക്കയും രോഗശാന്തി വേണ്ടിയവരെ സൗഖ്യമാക്കുകയും ചെയ്തു. പകൽ കഴിവാറായപ്പോൾ പന്തിരുവർ അടുത്തു വന്ന് അവനോട്: ഇവിടെ നാം മരുഭൂമിയിൽ ആയിരിക്കകൊണ്ട് പുരുഷാരം ചുറ്റുമുള്ള ഊരുകളിലും കുടികളിലും പോയി രാത്രി പാർപ്പാനും ആഹാരം വാങ്ങുവാനും വേണ്ടി അവരെ പറഞ്ഞയയ്ക്കേണം എന്നു പറഞ്ഞു. അവൻ അവരോട്: നിങ്ങൾ തന്നെ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു പറഞ്ഞതിന്, അഞ്ചപ്പവും രണ്ടു മീനും അല്ലാതെ അധികം ഞങ്ങളുടെ പക്കൽ ഇല്ല; ഞങ്ങൾ പോയി ഈ സകല ജനത്തിനും വേണ്ടി ഭോജ്യങ്ങൾ കൊള്ളേണമോ എന്ന് അവർ പറഞ്ഞു. ഏകദേശം അയ്യായിരം പുരുഷന്മാർ ഉണ്ടായിരുന്നു. പിന്നെ അവൻ തന്റെ ശിഷ്യന്മാരോട്: അവരെ അമ്പതു വീതം പന്തിപന്തിയായി ഇരുത്തുവിൻ എന്നു പറഞ്ഞു. അവർ അങ്ങനെ ചെയ്ത് എല്ലാവരെയും ഇരുത്തി. അവൻ ആ അഞ്ച് അപ്പവും രണ്ടു മീനും എടുത്തുകൊണ്ട് സ്വർഗത്തേക്ക് നോക്കി അവയെ അനുഗ്രഹിച്ചു നുറുക്കി പുരുഷാരത്തിനു വിളമ്പുവാൻ ശിഷ്യന്മാരുടെ കൈയിൽ കൊടുത്തു. എല്ലാവരും തിന്നു തൃപ്തരായി, ശേഷിച്ച കഷണം പന്ത്രണ്ടു കുട്ട എടുത്തു.
ലൂക്കൊസ് 9:11-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജനങ്ങൾ ഇതറിഞ്ഞ് യേശുവിനെ പിന്തുടർന്നു. അവിടുന്ന് അവരെ സ്വീകരിച്ച്, ദൈവരാജ്യത്തെപ്പറ്റി അവരോടു സംസാരിക്കുകയും രോഗശാന്തി ആവശ്യമുള്ളവർക്കു സൗഖ്യം നല്‌കുകയും ചെയ്തു. അസ്തമയത്തോടടുത്തപ്പോൾ പന്ത്രണ്ടു ശിഷ്യന്മാർ യേശുവിനെ സമീപിച്ചു പറഞ്ഞു: “ഇതു വിജനസ്ഥലമാണല്ലോ; ഈ ജനം അടുത്തുള്ള ഗ്രാമങ്ങളിലും കുടിപാർപ്പുള്ള സ്ഥലങ്ങളിലും പോയി രാപാർക്കുകയും വല്ല ഭക്ഷണസാധനങ്ങളും വാങ്ങുകയും ചെയ്യുവാൻ ഇവരെ പറഞ്ഞയച്ചാലും.” എന്നാൽ യേശു പറഞ്ഞു: “നിങ്ങൾ അവർക്കു വല്ലതും ഭക്ഷിക്കുവാൻ കൊടുക്കണം!” അതിനു മറുപടിയായി അവർ, “ഞങ്ങളുടെ പക്കൽ അഞ്ചപ്പവും രണ്ടു മീനുമല്ലാതെ മറ്റൊന്നുമില്ല; ഞങ്ങൾ പോയി ഈ വലിയ ജനസഞ്ചയത്തിനു വേണ്ട ആഹാരം വാങ്ങണമെന്നാണോ അങ്ങു പറയുന്നത്?” എന്നു ചോദിച്ചു. പുരുഷന്മാർതന്നെ അയ്യായിരത്തോളം അവിടെ കൂടിയിരുന്നു. ഏകദേശം അമ്പതുപേർ വീതമുള്ള പന്തികളായി അവരെ ഇരുത്തുവാൻ യേശു ശിഷ്യന്മാരോട് ആജ്ഞാപിച്ചു. എല്ലാവരെയും അവർ ഇരുത്തി. യേശു ആ അഞ്ച് അപ്പവും രണ്ടുമീനും കൈയിലെടുത്തു സ്വർഗത്തിലേക്കു നോക്കി, വാഴ്ത്തി നുറുക്കി, ജനത്തിനു വിളമ്പിക്കൊടുക്കുവാൻ ശിഷ്യന്മാരെ ഏല്പിച്ചു. എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. അധികം വന്ന അപ്പക്കഷണങ്ങൾ ശിഷ്യന്മാർ പന്ത്രണ്ടു കുട്ടകളിൽ സംഭരിച്ചു.
ലൂക്കൊസ് 9:11-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്നാൽ അത് പുരുഷാരം അറിഞ്ഞ് അവനെ പിന്തുടർന്നു. അവൻ അവരെ സ്വീകരിച്ചു ദൈവരാജ്യത്തെക്കുറിച്ച് അവരോട് സംസാരിക്കുകയും രോഗശാന്തി വേണ്ടവരെ സൌഖ്യമാക്കുകയും ചെയ്തു. സന്ധ്യയായപ്പോൾ ശിഷ്യന്മാർ അടുത്തുവന്ന് അവനോട്: ”ഇവിടെ നാം മരുഭൂമിയിൽ ആകുന്നതുകൊണ്ട് പുരുഷാരം ചുറ്റുമുള്ള ഗ്രാമങ്ങളിൽ പോയി രാത്രി പാർക്കുവാനും ആഹാരം വാങ്ങുവാനും വേണ്ടി അവരെ പറഞ്ഞയയ്ക്കേണം” എന്നു പറഞ്ഞു. അവൻ അവരോട്: നിങ്ങൾ തന്നെ അവർക്ക് ഭക്ഷിക്കുവാൻ കൊടുക്കുക എന്നു പറഞ്ഞതിന്: ”അഞ്ചപ്പവും രണ്ടുമീനും മാത്രമേ ഞങ്ങളുടെ കൈവശം ഉള്ളൂ; ഞങ്ങൾ പോയി ഈ എല്ലാവർക്കുംവേണ്ടി ഭക്ഷണം വാങ്ങണോ?” എന്നു അവർ ചോദിച്ചു. ഏകദേശം അയ്യായിരം പുരുഷന്മാർ ഉണ്ടായിരുന്നു. പിന്നെ അവൻ തന്റെ ശിഷ്യന്മാരോട്: അവരെ അമ്പതുപേർ വീതം വരിയായി ഇരുത്തുവിൻ എന്നു പറഞ്ഞു. അവർ അങ്ങനെ എല്ലാവരെയും ഇരുത്തി. അവൻ ആ അഞ്ചു അപ്പവും രണ്ടുമീനും എടുത്തുകൊണ്ടു സ്വർഗ്ഗത്തേക്ക് നോക്കി, അവയെ അനുഗ്രഹിച്ചു, മുറിച്ച് പുരുഷാരത്തിന് വിളമ്പുവാൻ ശിഷ്യന്മാരുടെ കയ്യിൽ കൊടുത്തു. എല്ലാവരും തിന്നു തൃപ്തരായി, അധികം വന്ന കഷണം പന്ത്രണ്ടു കൊട്ട ശേഖരിച്ചു.
ലൂക്കൊസ് 9:11-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതു പുരുഷാരം അറിഞ്ഞു അവനെ പിന്തുടർന്നു. അവൻ അവരെ കൈക്കൊണ്ടു ദൈവരാജ്യത്തെക്കുറിച്ചു അവരോടു സംസാരിക്കയും രോഗശാന്തി വേണ്ടിയവരെ സൗഖ്യമാക്കുകയും ചെയ്തു. പകൽ കഴിവാറായപ്പോൾ പന്തിരുവർ അടുത്തുവന്നു അവനോടു: ഇവിടെ നാം മരുഭൂമിയിൽ ആയിരിക്കകൊണ്ടു പുരുഷാരം ചുറ്റുമുള്ള ഊരുകളിലും കുടികളിലും പോയി രാത്രി പാർപ്പാനും ആഹാരം വാങ്ങുവാനും വേണ്ടി അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു. അവൻ അവരോടു:നിങ്ങൾ തന്നേ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു പറഞ്ഞതിന്നു: അഞ്ചപ്പവും രണ്ടുമീനും അല്ലാതെ അധികം ഞങ്ങളുടെ പക്കൽ ഇല്ല; ഞങ്ങൾ പോയി ഈ സകലജനത്തിന്നും വേണ്ടി ഭോജ്യങ്ങൾ കൊള്ളേണമോ എന്നു അവർ പറഞ്ഞു. ഏകദേശം അയ്യായിരം പുരുഷന്മാർ ഉണ്ടായിരുന്നു. പിന്നെ അവർ തന്റെ ശിഷ്യന്മാരോടു:അവരെ അമ്പതു വീതം പന്തിപന്തിയായി ഇരുത്തുവിൻ എന്നു പറഞ്ഞു. അവർ അങ്ങനെ ചെയ്തു എല്ലാവരെയും ഇരുത്തി. അവൻ ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തുകൊണ്ടു സ്വർഗ്ഗത്തേക്കു നോക്കി അവയെ അനുഗ്രഹിച്ചു നുറുക്കി പുരുഷാരത്തിന്നു വിളമ്പുവാൻ ശിഷ്യന്മാരുടെ കയ്യിൽ കൊടുത്തു. എല്ലാവരും തിന്നു തൃപ്തരായി, ശേഷിച്ച കഷണം പന്ത്രണ്ടു കൊട്ട എടുത്തു.
ലൂക്കൊസ് 9:11-17 സമകാലിക മലയാളവിവർത്തനം (MCV)
എന്നാൽ അദ്ദേഹം എവിടേക്കാണു പോകുന്നതെന്നു മനസ്സിലാക്കിയ ജനക്കൂട്ടം പിന്നാലെ ചെന്നു. അദ്ദേഹം അവരെ സ്വാഗതംചെയ്ത് അവരോടു ദൈവരാജ്യത്തെപ്പറ്റി സംസാരിക്കുകയും രോഗസൗഖ്യം ആവശ്യമായിരുന്നവരെ സൗഖ്യമാക്കുകയും ചെയ്തു. സൂര്യാസ്തമയം അടുത്തപ്പോൾ പന്ത്രണ്ട് അപ്പൊസ്തലന്മാർ അടുത്തുവന്ന് അദ്ദേഹത്തോട്, “നാം ഇവിടെ ഒരു വിജനസ്ഥലത്താണല്ലോ, അതുകൊണ്ട് ചുറ്റുമുള്ള ഗ്രാമങ്ങളിലും ഗ്രാമാന്തരങ്ങളിലും ചെന്നു ഭക്ഷണവും താമസസൗകര്യവും കണ്ടെത്താൻ ജനത്തെ പറഞ്ഞയ്ക്കണം” എന്നു പറഞ്ഞു. എന്നാൽ യേശു, “നിങ്ങൾ അവർക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്ക്” എന്നു പറഞ്ഞു. “ഈ ജനക്കൂട്ടത്തിനു വേണ്ടുന്ന ഭക്ഷണം മുഴുവൻ ഞങ്ങൾ പോയി വാങ്ങേണ്ടിവരും. അല്ലാത്തപക്ഷം ഞങ്ങളുടെപക്കൽ ആകെയുള്ളത് അഞ്ചപ്പവും രണ്ടുമീനുംമാത്രമാണ്” എന്നു ശിഷ്യന്മാർ മറുപടി പറഞ്ഞു. അവിടെ ഏകദേശം അയ്യായിരം പുരുഷന്മാർ ഉണ്ടായിരുന്നു. എന്നാൽ യേശു ശിഷ്യന്മാരോട്, “ജനത്തെ അൻപതുപേർവീതം നിരനിരയായി ഇരുത്തുക” എന്നു പറഞ്ഞു. അവർ അങ്ങനെ ചെയ്തു, എല്ലാവരെയും ഇരുത്തി. അതിനുശേഷം യേശു ആ അഞ്ച് അപ്പവും രണ്ട് മീനും എടുത്തു സ്വർഗത്തിലേക്കു നോക്കി അവ വാഴ്ത്തി നുറുക്കി; ജനങ്ങൾക്കു വിളമ്പിക്കൊടുക്കാൻ ശിഷ്യന്മാരെ ഏൽപ്പിച്ചു. എല്ലാവരും ഭക്ഷിച്ചു തൃപ്തരായി; അവശേഷിച്ച നുറുക്കുകൾ ശിഷ്യന്മാർ പന്ത്രണ്ട് കുട്ട നിറയെ ശേഖരിച്ചു.