ലൂക്കൊസ് 9:1-9

ലൂക്കൊസ് 9:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവൻ പന്തിരുവരെ അടുക്കൽ വിളിച്ചു, സകല ഭൂതങ്ങളുടെമേലും വ്യാധികളെ സൗഖ്യമാക്കുവാനും അവർക്കു ശക്തിയും അധികാരവും കൊടുത്തു; ദൈവരാജ്യം പ്രസംഗിപ്പാനും രോഗികൾക്കു സൗഖ്യം വരുത്തുവാനും അവരെ അയച്ചു പറഞ്ഞത്: വഴിക്കു വടിയും പൊക്കണവും അപ്പവും പണവും ഒന്നും എടുക്കരുത്; രണ്ട് ഉടുപ്പും അരുത്. നിങ്ങൾ ഏതു വീട്ടിൽ എങ്കിലും ചെന്നാൽ അവിടം വിട്ടുപോകുംവരെ അവിടെത്തന്നെ പാർപ്പിൻ. ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതിരുന്നാൽ ആ പട്ടണം വിട്ട് അവരുടെ നേരേ സാക്ഷ്യത്തിനായി നിങ്ങളുടെ കാലിൽനിന്നു പൊടി തട്ടിക്കളവിൻ. അവർ പുറപ്പെട്ട് എങ്ങും സുവിശേഷിച്ചും രോഗികളെ സൗഖ്യമാക്കിയുംകൊണ്ട് ഊരുതോറും സഞ്ചരിച്ചു. സംഭവിക്കുന്നത് എല്ലാം ഇടപ്രഭുവായ ഹെരോദാവ് കേട്ടു. യോഹന്നാൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റു എന്നു ചിലരും ഏലീയാവ് പ്രത്യക്ഷനായി എന്നു ചിലരും പുരാതനപ്രവാചകന്മാരിൽ ഒരുത്തൻ ഉയിർത്തെഴുന്നേറ്റു എന്നു മറ്റു ചിലരും പറകകൊണ്ട് ഹെരോദാവ് ചഞ്ചലിച്ചു: യോഹന്നാനെ ഞാൻ ശിരഃഛേദം ചെയ്തു; എന്നാൽ ഞാൻ ഇങ്ങനെയുള്ളത് കേൾക്കുന്ന ഇവൻ ആർ എന്നു പറഞ്ഞ് അവനെ കാൺമാൻ ശ്രമിച്ചു.

ലൂക്കൊസ് 9:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യേശു പന്ത്രണ്ടു ശിഷ്യന്മാരെ വിളിച്ചു കൂട്ടി സകല ഭൂതങ്ങളെയും പുറത്താക്കുവാനും രോഗികളെ സുഖപ്പെടുത്തുവാനും അധികാരവും ശക്തിയും നല്‌കി. പിന്നീടു ദൈവരാജ്യം വിളംബരം ചെയ്യുവാനും അസ്വസ്ഥരെ സുഖപ്പെടുത്തുവാനും അവരെ അയച്ചു. അവിടുന്ന് അവരോടു പറഞ്ഞു: “യാത്രയ്‍ക്കുവേണ്ടി നിങ്ങൾ ഒന്നും കരുതേണ്ടാ; വടിയോ, സഞ്ചിയോ, ആഹാരമോ, പണമോ വേണ്ടാ; രണ്ടു വസ്ത്രവും എടുക്കേണ്ടതില്ല. നിങ്ങൾ ഏതെങ്കിലും ഭവനത്തിൽ ചെന്നാൽ ആ സ്ഥലത്തുനിന്നു പോകുന്നതുവരെ അവിടെത്തന്നെ പാർക്കുക. ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതിരുന്നാൽ ആ പട്ടണം വിട്ടുപോകുമ്പോൾ അവർക്ക് എതിരെയുള്ള സാക്ഷ്യത്തിനുവേണ്ടി നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുക.” അങ്ങനെ ശിഷ്യന്മാർ പുറപ്പെട്ട് സുവിശേഷം ഘോഷിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ചെയ്തുകൊണ്ട് ഗ്രാമംതോറും സഞ്ചരിച്ചു. ഈ കാര്യങ്ങളെല്ലാം സാമന്തരാജാവായ ഹേരോദാ കേട്ടു. യോഹന്നാൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എന്നു ചിലരും ഏലിയാ പ്രവാചകൻ പ്രത്യക്ഷനായിരിക്കുന്നു എന്നു മറ്റുചിലരും പണ്ടത്തെ പ്രവാചകന്മാരിലൊരാൾ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എന്നു വേറെ ചിലരും പറയുന്നതുകേട്ട് ഹേരോദാ അമ്പരന്ന് ഇപ്രകാരം പറഞ്ഞു: “യോഹന്നാനെ ഞാൻ ശിരഛേദം ചെയ്തുവല്ലോ; ഇങ്ങനെയെല്ലാം പറഞ്ഞു കേൾക്കുന്ന ഈ മനുഷ്യൻ ആരായിരിക്കും?” ഹേരോദാ യേശുവിനെ കാണാൻ ശ്രമിച്ചു.

ലൂക്കൊസ് 9:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അവൻ തന്‍റെ പന്ത്രണ്ടു ശിഷ്യരെയും അടുക്കൽ വിളിച്ചു, സകല ഭൂതങ്ങളെ പുറത്താക്കുവാനും രോഗങ്ങൾ സുഖമാക്കുവാനും അവർക്ക് ശക്തിയും അധികാരവും കൊടുത്തു; ദൈവരാജ്യം പ്രസംഗിക്കുവാനും രോഗികളെ സുഖപ്പെടുത്തുവാനും അവരെ അയച്ചു. അവരോട് ഇപ്രകാരം പറഞ്ഞു: നിങ്ങൾ യാത്ര ചെയ്യുമ്പോൾ വടിയും പണസഞ്ചിയും അപ്പവും പണവും ഒന്നും എടുക്കരുത്; രണ്ടു ഉടുപ്പും എടുക്കരുത്. നിങ്ങൾ ഏത് വീട്ടിൽ ചെന്നാലും അവിടം വിട്ടുപോകുന്നതുവരെ അവിടെ മാത്രം താമസിക്കുക. ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതിരുന്നാൽ ആ പട്ടണം വിട്ടു അവരുടെ നേരെ സാക്ഷ്യത്തിനായി നിങ്ങളുടെ കാലിൽനിന്ന് പൊടി തട്ടിക്കളവിൻ. അവർ പുറപ്പെട്ടു എല്ലാ ഇടങ്ങളിലും സുവിശേഷം അറിയിച്ചും രോഗികളെ സുഖമാക്കിയുംകൊണ്ടു ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു. ഈ സംഭവിച്ചത് എല്ലാം ഇടപ്രഭുവായ ഹെരോദാവ് കേട്ടു. യോഹന്നാൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റു എന്നു ചിലരും, ഏലിയാവ് പ്രത്യക്ഷനായി എന്നു ചിലരും, പണ്ടത്തെ പ്രവാചകരിൽ ഒരാൾ ഉയിർത്തെഴുന്നേറ്റു എന്നു മറ്റുചിലരും പറയുന്നതുകൊണ്ട് ഹെരോദാവ് അസ്വസ്ഥനായി. ”ഞാൻ യോഹന്നാന്‍റെ തലവെട്ടിക്കളഞ്ഞു; എന്നാൽ ഞാൻ ഇങ്ങനെ കേൾക്കുന്നത് ആരെ പറ്റി ആണ്?” എന്നു പറഞ്ഞു അവനെ കാണ്മാൻ ശ്രമിച്ചു.

ലൂക്കൊസ് 9:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവൻ പന്തിരുവരെ അടുക്കൽ വിളിച്ചു, സകല ഭൂതങ്ങളുടെമേലും വ്യാധികളെ സൗഖ്യമാക്കുവാനും അവർക്കു ശക്തിയും അധികാരവും കൊടുത്തു; ദൈവരാജ്യം പ്രസംഗിപ്പാനും രോഗികൾക്കു സൗഖ്യം വരുത്തുവാനും അവരെ അയച്ചു പറഞ്ഞതു: വഴിക്കു വടിയും പൊക്കണവും അപ്പവും പണവും ഒന്നും എടുക്കരുതു; രണ്ടു ഉടുപ്പും അരുതു. നിങ്ങൾ ഏതു വീട്ടിൽ എങ്കിലും ചെന്നാൽ അവിടം വിട്ടുപോകുംവരെ അവിടെത്തന്നെ പാർപ്പിൻ. ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതിരുന്നാൽ ആ പട്ടണം വിട്ടു അവരുടെ നേരെ സാക്ഷ്യത്തിന്നായി നിങ്ങളുടെ കാലിൽനിന്നു പൊടി തട്ടിക്കളവിൻ. അവർ പുറപ്പെട്ടു എങ്ങും സുവിശേഷിച്ചും രോഗികളെ സൗഖ്യമാക്കിയുംകൊണ്ടു ഊർതോറും സഞ്ചരിച്ചു. സംഭവിക്കുന്നതു എല്ലാം ഇടപ്രഭുവായ ഹെരോദാവു കേട്ടു. യോഹന്നാൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റു എന്നു ചിലരും ഏലീയാവു പ്രത്യക്ഷനായി എന്നു ചിലരും പുരാതനപ്രവാചകന്മാരിൽ ഒരുത്തൻ ഉയിർത്തെഴുന്നേറ്റു എന്നു മറ്റുചിലരും പറകകൊണ്ടു ഹെരോദാവു ചഞ്ചലിച്ചു: യോഹന്നാനെ ഞാൻ ശിരഃഛേദം ചെയ്തു; എന്നാൽ ഞാൻ ഇങ്ങനെയുള്ളതു കേൾക്കുന്ന ഇവൻ ആർ എന്നു പറഞ്ഞു അവനെ കാണ്മാൻ ശ്രമിച്ചു.

ലൂക്കൊസ് 9:1-9 സമകാലിക മലയാളവിവർത്തനം (MCV)

യേശു തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ നിയോഗിക്കുമ്പോൾ, ഭൂതങ്ങളെ പുറത്താക്കാനും രോഗങ്ങൾ സൗഖ്യമാക്കാനും അവർക്കു ശക്തിയും അധികാരവും നൽകിയിരുന്നു. ദൈവരാജ്യം ഘോഷിക്കാനും രോഗികൾക്കു സൗഖ്യം നൽകാനും അവർക്ക് ആജ്ഞ നൽകി അയച്ചു. അപ്പോൾ അദ്ദേഹം അവരോടു പറഞ്ഞത്: “യാത്രയ്ക്കു വടിയോ സഞ്ചിയോ ആഹാരമോ പണമോ ഒന്നിലധികം വസ്ത്രമോ എടുക്കരുത്. നിങ്ങൾക്ക് ഏതെങ്കിലും ഭവനത്തിൽ പ്രവേശനം ലഭിച്ചാൽ ആ സ്ഥലം വിട്ടുപോകുംവരെ അതേ ഭവനത്തിൽത്തന്നെ താമസിക്കുക. നിങ്ങൾക്ക് സ്വാഗതം നിഷേധിക്കുന്നിടത്ത് ആ പട്ടണം വിട്ടുപോകുമ്പോൾ, പട്ടണവാസികൾക്കെതിരേ സാക്ഷ്യത്തിനായി നിങ്ങളുടെ പാദങ്ങളിലെ പൊടി കുടഞ്ഞുകളയുക.” ഇതനുസരിച്ച് അപ്പൊസ്തലന്മാർ എല്ലായിടത്തും സുവിശേഷം പ്രഘോഷിച്ചും രോഗസൗഖ്യംനൽകിയും ഗ്രാമംതോറും സഞ്ചരിച്ചു. ഗലീലയിലെ ഭരണാധികാരിയായ ഹെരോദാവ് ഈ സംഭവങ്ങളെല്ലാം അറിഞ്ഞു. യോഹന്നാൻസ്നാപകൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു എന്നു ചിലരും, ഏലിയാപ്രവാചകൻ വീണ്ടും പ്രത്യക്ഷനായിരിക്കുന്നു എന്നു മറ്റുചിലരും, പുരാതന പ്രവാചകന്മാരിൽ ഒരാൾ ജീവിച്ചെഴുന്നേറ്റിരിക്കുന്നു എന്നു വേറെ ചിലരും പറഞ്ഞുകൊണ്ടിരുന്നതിനാൽ ഹെരോദാവ് പരിഭ്രാന്തനായി. “ഞാൻ യോഹന്നാനെ ശിരച്ഛേദംചെയ്തു. പിന്നെ ഈ വിധ കാര്യങ്ങൾ ഞാൻ കേൾക്കുന്നത് ആരെക്കുറിച്ചാണ്?” എന്ന് അദ്ദേഹം പറഞ്ഞു. യേശുവിനെ കാണാൻ ഹെരോദാവ് പരിശ്രമിച്ചു.