ലൂക്കൊസ് 9:1-27

ലൂക്കൊസ് 9:1-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവൻ പന്തിരുവരെ അടുക്കൽ വിളിച്ചു, സകല ഭൂതങ്ങളുടെമേലും വ്യാധികളെ സൗഖ്യമാക്കുവാനും അവർക്കു ശക്തിയും അധികാരവും കൊടുത്തു; ദൈവരാജ്യം പ്രസംഗിപ്പാനും രോഗികൾക്കു സൗഖ്യം വരുത്തുവാനും അവരെ അയച്ചു പറഞ്ഞത്: വഴിക്കു വടിയും പൊക്കണവും അപ്പവും പണവും ഒന്നും എടുക്കരുത്; രണ്ട് ഉടുപ്പും അരുത്. നിങ്ങൾ ഏതു വീട്ടിൽ എങ്കിലും ചെന്നാൽ അവിടം വിട്ടുപോകുംവരെ അവിടെത്തന്നെ പാർപ്പിൻ. ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതിരുന്നാൽ ആ പട്ടണം വിട്ട് അവരുടെ നേരേ സാക്ഷ്യത്തിനായി നിങ്ങളുടെ കാലിൽനിന്നു പൊടി തട്ടിക്കളവിൻ. അവർ പുറപ്പെട്ട് എങ്ങും സുവിശേഷിച്ചും രോഗികളെ സൗഖ്യമാക്കിയുംകൊണ്ട് ഊരുതോറും സഞ്ചരിച്ചു. സംഭവിക്കുന്നത് എല്ലാം ഇടപ്രഭുവായ ഹെരോദാവ് കേട്ടു. യോഹന്നാൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റു എന്നു ചിലരും ഏലീയാവ് പ്രത്യക്ഷനായി എന്നു ചിലരും പുരാതനപ്രവാചകന്മാരിൽ ഒരുത്തൻ ഉയിർത്തെഴുന്നേറ്റു എന്നു മറ്റു ചിലരും പറകകൊണ്ട് ഹെരോദാവ് ചഞ്ചലിച്ചു: യോഹന്നാനെ ഞാൻ ശിരഃഛേദം ചെയ്തു; എന്നാൽ ഞാൻ ഇങ്ങനെയുള്ളത് കേൾക്കുന്ന ഇവൻ ആർ എന്നു പറഞ്ഞ് അവനെ കാൺമാൻ ശ്രമിച്ചു. അപ്പൊസ്തലന്മാർ മടങ്ങിവന്നിട്ട് തങ്ങൾ ചെയ്തതൊക്കെയും അവനോട് അറിയിച്ചു. അവൻ അവരെ കൂട്ടിക്കൊണ്ട് ബേത്ത്സയിദ എന്ന പട്ടണത്തിലേക്കു തനിച്ചു വാങ്ങിപ്പോയി. അതു പുരുഷാരം അറിഞ്ഞ് അവനെ പിന്തുടർന്നു. അവൻ അവരെ കൈക്കൊണ്ടു ദൈവരാജ്യത്തെക്കുറിച്ച് അവരോടു സംസാരിക്കയും രോഗശാന്തി വേണ്ടിയവരെ സൗഖ്യമാക്കുകയും ചെയ്തു. പകൽ കഴിവാറായപ്പോൾ പന്തിരുവർ അടുത്തു വന്ന് അവനോട്: ഇവിടെ നാം മരുഭൂമിയിൽ ആയിരിക്കകൊണ്ട് പുരുഷാരം ചുറ്റുമുള്ള ഊരുകളിലും കുടികളിലും പോയി രാത്രി പാർപ്പാനും ആഹാരം വാങ്ങുവാനും വേണ്ടി അവരെ പറഞ്ഞയയ്ക്കേണം എന്നു പറഞ്ഞു. അവൻ അവരോട്: നിങ്ങൾ തന്നെ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു പറഞ്ഞതിന്, അഞ്ചപ്പവും രണ്ടു മീനും അല്ലാതെ അധികം ഞങ്ങളുടെ പക്കൽ ഇല്ല; ഞങ്ങൾ പോയി ഈ സകല ജനത്തിനും വേണ്ടി ഭോജ്യങ്ങൾ കൊള്ളേണമോ എന്ന് അവർ പറഞ്ഞു. ഏകദേശം അയ്യായിരം പുരുഷന്മാർ ഉണ്ടായിരുന്നു. പിന്നെ അവൻ തന്റെ ശിഷ്യന്മാരോട്: അവരെ അമ്പതു വീതം പന്തിപന്തിയായി ഇരുത്തുവിൻ എന്നു പറഞ്ഞു. അവർ അങ്ങനെ ചെയ്ത് എല്ലാവരെയും ഇരുത്തി. അവൻ ആ അഞ്ച് അപ്പവും രണ്ടു മീനും എടുത്തുകൊണ്ട് സ്വർഗത്തേക്ക് നോക്കി അവയെ അനുഗ്രഹിച്ചു നുറുക്കി പുരുഷാരത്തിനു വിളമ്പുവാൻ ശിഷ്യന്മാരുടെ കൈയിൽ കൊടുത്തു. എല്ലാവരും തിന്നു തൃപ്തരായി, ശേഷിച്ച കഷണം പന്ത്രണ്ടു കുട്ട എടുത്തു. അവൻ തനിച്ചു പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ ശിഷ്യന്മാർ കൂടെ ഉണ്ടായിരുന്നു; അവൻ അവരോട്: പുരുഷാരം എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചു. യോഹന്നാൻസ്നാപകൻ എന്നും ചിലർ ഏലീയാവ് എന്നും മറ്റു ചിലർ പുരാതനപ്രവാചകന്മാരിൽ ഒരുത്തൻ ഉയിർത്തെഴുന്നേറ്റു എന്നും പറയുന്നു എന്ന് അവർ ഉത്തരം പറഞ്ഞു. അവൻ അവരോട്: എന്നാൽ നിങ്ങൾ എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചതിന്: ദൈവത്തിന്റെ ക്രിസ്തു എന്ന് പത്രൊസ് ഉത്തരം പറഞ്ഞു. ഇത് ആരോടും പറയരുതെന്ന് അവൻ അവരോട് അമർച്ചയായിട്ടു കല്പിച്ചു. മനുഷ്യപുത്രൻ പലതും സഹിക്കയും മൂപ്പന്മാർ, മഹാപുരോഹിതന്മാർ, ശാസ്ത്രികൾ എന്നിവർ അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും അവൻ മൂന്നാംനാൾ ഉയിർത്തെഴുന്നേല്ക്കയും വേണം എന്നു പറഞ്ഞു. പിന്നെ അവൻ എല്ലാവരോടും പറഞ്ഞത്: എന്നെ അനുഗമിപ്പാൻ ഒരുത്തൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ നിഷേധിച്ചു നാൾതോറും തന്റെ ക്രൂശ് എടുത്തുംകൊണ്ട് എന്നെ അനുഗമിക്കട്ടെ. ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാലോ അതിനെ രക്ഷിക്കും. ഒരു മനുഷ്യൻ സർവലോകവും നേടീട്ട്, തന്നെത്താൻ നഷ്ടമാക്കിക്കളകയോ ചേതം വരുത്തുകയോ ചെയ്താൽ അവന് എന്ത് പ്രയോജനം? ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്ത്വത്തിൽ വരുമ്പോൾ നാണിക്കും. എന്നാൽ ദൈവരാജ്യം കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഇവിടെ നില്ക്കുന്നവരിൽ ഉണ്ട് സത്യം എന്നു ഞാൻ നിങ്ങളോടു പറയുന്നു.

ലൂക്കൊസ് 9:1-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യേശു പന്ത്രണ്ടു ശിഷ്യന്മാരെ വിളിച്ചു കൂട്ടി സകല ഭൂതങ്ങളെയും പുറത്താക്കുവാനും രോഗികളെ സുഖപ്പെടുത്തുവാനും അധികാരവും ശക്തിയും നല്‌കി. പിന്നീടു ദൈവരാജ്യം വിളംബരം ചെയ്യുവാനും അസ്വസ്ഥരെ സുഖപ്പെടുത്തുവാനും അവരെ അയച്ചു. അവിടുന്ന് അവരോടു പറഞ്ഞു: “യാത്രയ്‍ക്കുവേണ്ടി നിങ്ങൾ ഒന്നും കരുതേണ്ടാ; വടിയോ, സഞ്ചിയോ, ആഹാരമോ, പണമോ വേണ്ടാ; രണ്ടു വസ്ത്രവും എടുക്കേണ്ടതില്ല. നിങ്ങൾ ഏതെങ്കിലും ഭവനത്തിൽ ചെന്നാൽ ആ സ്ഥലത്തുനിന്നു പോകുന്നതുവരെ അവിടെത്തന്നെ പാർക്കുക. ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതിരുന്നാൽ ആ പട്ടണം വിട്ടുപോകുമ്പോൾ അവർക്ക് എതിരെയുള്ള സാക്ഷ്യത്തിനുവേണ്ടി നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുക.” അങ്ങനെ ശിഷ്യന്മാർ പുറപ്പെട്ട് സുവിശേഷം ഘോഷിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ചെയ്തുകൊണ്ട് ഗ്രാമംതോറും സഞ്ചരിച്ചു. ഈ കാര്യങ്ങളെല്ലാം സാമന്തരാജാവായ ഹേരോദാ കേട്ടു. യോഹന്നാൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എന്നു ചിലരും ഏലിയാ പ്രവാചകൻ പ്രത്യക്ഷനായിരിക്കുന്നു എന്നു മറ്റുചിലരും പണ്ടത്തെ പ്രവാചകന്മാരിലൊരാൾ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എന്നു വേറെ ചിലരും പറയുന്നതുകേട്ട് ഹേരോദാ അമ്പരന്ന് ഇപ്രകാരം പറഞ്ഞു: “യോഹന്നാനെ ഞാൻ ശിരഛേദം ചെയ്തുവല്ലോ; ഇങ്ങനെയെല്ലാം പറഞ്ഞു കേൾക്കുന്ന ഈ മനുഷ്യൻ ആരായിരിക്കും?” ഹേരോദാ യേശുവിനെ കാണാൻ ശ്രമിച്ചു. തങ്ങൾ ചെയ്ത കാര്യങ്ങളെല്ലാം അപ്പോസ്തോലന്മാർ തിരിച്ചുവന്ന് യേശുവിനോടു പറഞ്ഞു. അവിടുന്ന് അവരെ കൂട്ടിക്കൊണ്ട് രഹസ്യമായി ബെത്‍സെയ്ദ എന്ന പട്ടണത്തിലേക്കു പോയി. ജനങ്ങൾ ഇതറിഞ്ഞ് യേശുവിനെ പിന്തുടർന്നു. അവിടുന്ന് അവരെ സ്വീകരിച്ച്, ദൈവരാജ്യത്തെപ്പറ്റി അവരോടു സംസാരിക്കുകയും രോഗശാന്തി ആവശ്യമുള്ളവർക്കു സൗഖ്യം നല്‌കുകയും ചെയ്തു. അസ്തമയത്തോടടുത്തപ്പോൾ പന്ത്രണ്ടു ശിഷ്യന്മാർ യേശുവിനെ സമീപിച്ചു പറഞ്ഞു: “ഇതു വിജനസ്ഥലമാണല്ലോ; ഈ ജനം അടുത്തുള്ള ഗ്രാമങ്ങളിലും കുടിപാർപ്പുള്ള സ്ഥലങ്ങളിലും പോയി രാപാർക്കുകയും വല്ല ഭക്ഷണസാധനങ്ങളും വാങ്ങുകയും ചെയ്യുവാൻ ഇവരെ പറഞ്ഞയച്ചാലും.” എന്നാൽ യേശു പറഞ്ഞു: “നിങ്ങൾ അവർക്കു വല്ലതും ഭക്ഷിക്കുവാൻ കൊടുക്കണം!” അതിനു മറുപടിയായി അവർ, “ഞങ്ങളുടെ പക്കൽ അഞ്ചപ്പവും രണ്ടു മീനുമല്ലാതെ മറ്റൊന്നുമില്ല; ഞങ്ങൾ പോയി ഈ വലിയ ജനസഞ്ചയത്തിനു വേണ്ട ആഹാരം വാങ്ങണമെന്നാണോ അങ്ങു പറയുന്നത്?” എന്നു ചോദിച്ചു. പുരുഷന്മാർതന്നെ അയ്യായിരത്തോളം അവിടെ കൂടിയിരുന്നു. ഏകദേശം അമ്പതുപേർ വീതമുള്ള പന്തികളായി അവരെ ഇരുത്തുവാൻ യേശു ശിഷ്യന്മാരോട് ആജ്ഞാപിച്ചു. എല്ലാവരെയും അവർ ഇരുത്തി. യേശു ആ അഞ്ച് അപ്പവും രണ്ടുമീനും കൈയിലെടുത്തു സ്വർഗത്തിലേക്കു നോക്കി, വാഴ്ത്തി നുറുക്കി, ജനത്തിനു വിളമ്പിക്കൊടുക്കുവാൻ ശിഷ്യന്മാരെ ഏല്പിച്ചു. എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. അധികം വന്ന അപ്പക്കഷണങ്ങൾ ശിഷ്യന്മാർ പന്ത്രണ്ടു കുട്ടകളിൽ സംഭരിച്ചു. ഒരിക്കൽ യേശു തനിച്ചു പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. ശിഷ്യന്മാരും കൂടെയുണ്ടായിരുന്നു. യേശു അവരോടു ചോദിച്ചു: “ഞാൻ ആരാണെന്നാണു ജനങ്ങൾ പറയുന്നത്?” അവർ പറഞ്ഞു: “യോഹന്നാൻ സ്നാപകനെന്നു ചിലരും, ഏലിയാ എന്നു മറ്റു ചിലരും, മരിച്ചുപോയ പ്രവാചകന്മാരിൽ ഒരാൾ വീണ്ടും വന്നിരിക്കുന്നു എന്നു വേറെ ചിലരും പറയുന്നു.” യേശു വീണ്ടും ചോദിച്ചു: “ആകട്ടെ, ഞാൻ ആരാണെന്നാണു നിങ്ങൾ പറയുന്നത്?” “അങ്ങു ദൈവത്തിന്റെ അഭിഷിക്തനായ ക്രിസ്തുതന്നേ” എന്നു പത്രോസ് പറഞ്ഞു. ഇത് ആരോടും പറയരുതെന്ന് യേശു അവരോടു നിഷ്കർഷാപൂർവം കല്പിച്ചു. “മനുഷ്യപുത്രൻ വളരെയധികം പീഡനങ്ങൾ സഹിക്കേണ്ടതുണ്ട്. ജനപ്രമാണിമാരും മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും അവനെ തിരസ്കരിച്ചു കൊല്ലുവാൻ ഏല്പിച്ചുകൊടുക്കും. എന്നാൽ മൂന്നാംദിവസം മനുഷ്യപുത്രൻ ഉയിർത്തെഴുന്നേല്‌ക്കും” എന്നും യേശു പറഞ്ഞു. അനന്തരം എല്ലാവരോടുമായി യേശു അരുൾചെയ്തു: “എന്നെ അനുഗമിക്കുവാൻ ഇച്ഛിക്കുന്നവൻ സ്വയം പരിത്യജിച്ച് അനുദിനം തന്റെ കുരിശെടുത്ത് എന്നെ അനുഗമിക്കട്ടെ. എന്തെന്നാൽ തന്റെ ജീവനെ രക്ഷിക്കുവാൻ ഇച്ഛിക്കുന്ന ഏതൊരുവനും അതു നഷ്ടപ്പെടും. എനിക്കുവേണ്ടി ആരെങ്കിലും സ്വജീവനെ നഷ്ടപ്പെടുത്തുന്നു എങ്കിൽ അവൻ അതിനെ രക്ഷിക്കും. ഒരു മനുഷ്യൻ സർവലോകവും നേടിയാലും തന്നെത്തന്നെ നഷ്ടപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്താൽ അവന് എന്തു പ്രയോജനം! ആരെങ്കിലും എന്നെക്കുറിച്ചോ എന്റെ വാക്കുകളെക്കുറിച്ചോ ലജ്ജിച്ചാൽ, തന്റെയും തന്റെ പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും തേജസ്സിൽ വരുമ്പോൾ മനുഷ്യപുത്രനും അവനെക്കുറിച്ചു ലജ്ജിക്കും. നിങ്ങളോടു ഞാൻ ഉറപ്പിച്ചു പറയുന്നു: ഇവിടെ നില്‌ക്കുന്നവരിൽ ചിലർ ദൈവരാജ്യം ദർശിക്കുന്നതിനുമുമ്പ് മരണം അടയുകയില്ല.”

ലൂക്കൊസ് 9:1-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അവൻ തന്‍റെ പന്ത്രണ്ടു ശിഷ്യരെയും അടുക്കൽ വിളിച്ചു, സകല ഭൂതങ്ങളെ പുറത്താക്കുവാനും രോഗങ്ങൾ സുഖമാക്കുവാനും അവർക്ക് ശക്തിയും അധികാരവും കൊടുത്തു; ദൈവരാജ്യം പ്രസംഗിക്കുവാനും രോഗികളെ സുഖപ്പെടുത്തുവാനും അവരെ അയച്ചു. അവരോട് ഇപ്രകാരം പറഞ്ഞു: നിങ്ങൾ യാത്ര ചെയ്യുമ്പോൾ വടിയും പണസഞ്ചിയും അപ്പവും പണവും ഒന്നും എടുക്കരുത്; രണ്ടു ഉടുപ്പും എടുക്കരുത്. നിങ്ങൾ ഏത് വീട്ടിൽ ചെന്നാലും അവിടം വിട്ടുപോകുന്നതുവരെ അവിടെ മാത്രം താമസിക്കുക. ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതിരുന്നാൽ ആ പട്ടണം വിട്ടു അവരുടെ നേരെ സാക്ഷ്യത്തിനായി നിങ്ങളുടെ കാലിൽനിന്ന് പൊടി തട്ടിക്കളവിൻ. അവർ പുറപ്പെട്ടു എല്ലാ ഇടങ്ങളിലും സുവിശേഷം അറിയിച്ചും രോഗികളെ സുഖമാക്കിയുംകൊണ്ടു ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു. ഈ സംഭവിച്ചത് എല്ലാം ഇടപ്രഭുവായ ഹെരോദാവ് കേട്ടു. യോഹന്നാൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റു എന്നു ചിലരും, ഏലിയാവ് പ്രത്യക്ഷനായി എന്നു ചിലരും, പണ്ടത്തെ പ്രവാചകരിൽ ഒരാൾ ഉയിർത്തെഴുന്നേറ്റു എന്നു മറ്റുചിലരും പറയുന്നതുകൊണ്ട് ഹെരോദാവ് അസ്വസ്ഥനായി. ”ഞാൻ യോഹന്നാന്‍റെ തലവെട്ടിക്കളഞ്ഞു; എന്നാൽ ഞാൻ ഇങ്ങനെ കേൾക്കുന്നത് ആരെ പറ്റി ആണ്?” എന്നു പറഞ്ഞു അവനെ കാണ്മാൻ ശ്രമിച്ചു. അപ്പൊസ്തലന്മാർ തിരിച്ചുവന്നിട്ട് അവർ ചെയ്തതു ഒക്കെയും യേശുവിനോടു അറിയിച്ചു. യേശുവും ശിഷ്യരും ബേത്ത്സയിദ എന്ന പട്ടണത്തിലേക്ക് പോയി. എന്നാൽ അത് പുരുഷാരം അറിഞ്ഞ് അവനെ പിന്തുടർന്നു. അവൻ അവരെ സ്വീകരിച്ചു ദൈവരാജ്യത്തെക്കുറിച്ച് അവരോട് സംസാരിക്കുകയും രോഗശാന്തി വേണ്ടവരെ സൌഖ്യമാക്കുകയും ചെയ്തു. സന്ധ്യയായപ്പോൾ ശിഷ്യന്മാർ അടുത്തുവന്ന് അവനോട്: ”ഇവിടെ നാം മരുഭൂമിയിൽ ആകുന്നതുകൊണ്ട് പുരുഷാരം ചുറ്റുമുള്ള ഗ്രാമങ്ങളിൽ പോയി രാത്രി പാർക്കുവാനും ആഹാരം വാങ്ങുവാനും വേണ്ടി അവരെ പറഞ്ഞയയ്ക്കേണം” എന്നു പറഞ്ഞു. അവൻ അവരോട്: നിങ്ങൾ തന്നെ അവർക്ക് ഭക്ഷിക്കുവാൻ കൊടുക്കുക എന്നു പറഞ്ഞതിന്: ”അഞ്ചപ്പവും രണ്ടുമീനും മാത്രമേ ഞങ്ങളുടെ കൈവശം ഉള്ളൂ; ഞങ്ങൾ പോയി ഈ എല്ലാവർക്കുംവേണ്ടി ഭക്ഷണം വാങ്ങണോ?” എന്നു അവർ ചോദിച്ചു. ഏകദേശം അയ്യായിരം പുരുഷന്മാർ ഉണ്ടായിരുന്നു. പിന്നെ അവൻ തന്‍റെ ശിഷ്യന്മാരോട്: അവരെ അമ്പതുപേർ വീതം വരിയായി ഇരുത്തുവിൻ എന്നു പറഞ്ഞു. അവർ അങ്ങനെ എല്ലാവരെയും ഇരുത്തി. അവൻ ആ അഞ്ചു അപ്പവും രണ്ടുമീനും എടുത്തുകൊണ്ടു സ്വർഗ്ഗത്തേക്ക് നോക്കി, അവയെ അനുഗ്രഹിച്ചു, മുറിച്ച് പുരുഷാരത്തിന് വിളമ്പുവാൻ ശിഷ്യന്മാരുടെ കയ്യിൽ കൊടുത്തു. എല്ലാവരും തിന്നു തൃപ്തരായി, അധികം വന്ന കഷണം പന്ത്രണ്ടു കൊട്ട ശേഖരിച്ചു. അവൻ തനിയെ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ശിഷ്യന്മാർ കൂടെ ഉണ്ടായിരുന്നു; അവൻ അവരോട്: പുരുഷാരം എന്നെ ആരെന്ന് പറയുന്നു? എന്നു ചോദിച്ചു. ”യോഹന്നാൻ സ്നാപകൻ എന്നും, ചിലർ ഏലിയാവ് എന്നും, മറ്റുചിലർ പുരാതന പ്രവാചകന്മാരിൽ ഒരാൾ ഉയിർത്തെഴുന്നേറ്റു എന്നും പറയുന്നു” എന്നു അവർ ഉത്തരം പറഞ്ഞു. യേശു അവരോട്: എന്നാൽ നിങ്ങൾ എന്നെ ആരെന്ന് പറയുന്നു? എന്നു ചോദിച്ചതിന്: ”ദൈവത്തിന്‍റെ ക്രിസ്തു എന്നു പത്രൊസ്” ഉത്തരം പറഞ്ഞു. ഇതു ആരോടും പറയരുതെന്ന് അവൻ അവരോട് അമർച്ചയായിട്ട് കല്പിച്ചു. മനുഷ്യപുത്രൻ പലതും സഹിക്കുകയും, മൂപ്പന്മാർ മഹാപുരോഹിതർ ശാസ്ത്രികൾ എന്നിവർ അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും അവൻ മൂന്നാംദിവസം ഉയിർത്തെഴുന്നേല്ക്കുകയും വേണം എന്നു പറഞ്ഞു. പിന്നെ അവൻ എല്ലാവരോടും പറഞ്ഞത്: എന്നെ അനുഗമിക്കുവാൻ ഒരാൾ ആഗ്രഹിക്കുന്നു എങ്കിൽ അവൻ സ്വന്ത ആഗ്രഹങ്ങൾ ത്യജിച്ച് ഓരോ ദിവസവും തന്‍റെ ക്രൂശ് എടുത്തുംകൊണ്ട് എന്നെ അനുഗമിക്കട്ടെ. ആരെങ്കിലും തന്‍റെ ജീവനെ രക്ഷിക്കാൻ ആഗ്രഹിച്ചാൽ അതിനെ കളയും; എന്‍റെ നിമിത്തം ആരെങ്കിലും തന്‍റെ ജീവനെ കളഞ്ഞാലോ അതിനെ രക്ഷിക്കും. ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ട് തന്നെത്താൻ നഷ്ടമാക്കിക്കളകയോ ചേതം വരുത്തുകയോ ചെയ്താൽ അവനു എന്ത് പ്രയോജനം? ആരെങ്കിലും എന്നെയും എന്‍റെ വചനങ്ങളെയും കുറിച്ച് നാണിച്ചാൽ അവനെക്കുറിച്ച് മനുഷ്യപുത്രൻ തൻ്റെയും പിതാവിൻ്റെയും വിശുദ്ധ ദൂതന്മാരുടെയും മഹത്വത്തിൽ വരുമ്പോൾ നാണിക്കും. എന്നാൽ ദൈവരാജ്യം കാണുന്നത് വരെ മരിക്കാത്തവർ ചിലർ ഇവിടെ നില്ക്കുന്നവരിൽ ഉണ്ട് സത്യം എന്നു ഞാൻ നിങ്ങളോടു പറയുന്നു.

ലൂക്കൊസ് 9:1-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവൻ പന്തിരുവരെ അടുക്കൽ വിളിച്ചു, സകല ഭൂതങ്ങളുടെമേലും വ്യാധികളെ സൗഖ്യമാക്കുവാനും അവർക്കു ശക്തിയും അധികാരവും കൊടുത്തു; ദൈവരാജ്യം പ്രസംഗിപ്പാനും രോഗികൾക്കു സൗഖ്യം വരുത്തുവാനും അവരെ അയച്ചു പറഞ്ഞതു: വഴിക്കു വടിയും പൊക്കണവും അപ്പവും പണവും ഒന്നും എടുക്കരുതു; രണ്ടു ഉടുപ്പും അരുതു. നിങ്ങൾ ഏതു വീട്ടിൽ എങ്കിലും ചെന്നാൽ അവിടം വിട്ടുപോകുംവരെ അവിടെത്തന്നെ പാർപ്പിൻ. ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതിരുന്നാൽ ആ പട്ടണം വിട്ടു അവരുടെ നേരെ സാക്ഷ്യത്തിന്നായി നിങ്ങളുടെ കാലിൽനിന്നു പൊടി തട്ടിക്കളവിൻ. അവർ പുറപ്പെട്ടു എങ്ങും സുവിശേഷിച്ചും രോഗികളെ സൗഖ്യമാക്കിയുംകൊണ്ടു ഊർതോറും സഞ്ചരിച്ചു. സംഭവിക്കുന്നതു എല്ലാം ഇടപ്രഭുവായ ഹെരോദാവു കേട്ടു. യോഹന്നാൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റു എന്നു ചിലരും ഏലീയാവു പ്രത്യക്ഷനായി എന്നു ചിലരും പുരാതനപ്രവാചകന്മാരിൽ ഒരുത്തൻ ഉയിർത്തെഴുന്നേറ്റു എന്നു മറ്റുചിലരും പറകകൊണ്ടു ഹെരോദാവു ചഞ്ചലിച്ചു: യോഹന്നാനെ ഞാൻ ശിരഃഛേദം ചെയ്തു; എന്നാൽ ഞാൻ ഇങ്ങനെയുള്ളതു കേൾക്കുന്ന ഇവൻ ആർ എന്നു പറഞ്ഞു അവനെ കാണ്മാൻ ശ്രമിച്ചു. അപ്പൊസ്തലന്മാർ മടങ്ങിവന്നിട്ടു തങ്ങൾ ചെയ്തതു ഒക്കെയും അവനോടു അറിയിച്ചു. അവൻ അവരെ കൂട്ടിക്കൊണ്ടു ബേത്ത്സയിദ എന്ന പട്ടണത്തിലേക്കു തനിച്ചു വാങ്ങിപ്പോയി. അതു പുരുഷാരം അറിഞ്ഞു അവനെ പിന്തുടർന്നു. അവൻ അവരെ കൈക്കൊണ്ടു ദൈവരാജ്യത്തെക്കുറിച്ചു അവരോടു സംസാരിക്കയും രോഗശാന്തി വേണ്ടിയവരെ സൗഖ്യമാക്കുകയും ചെയ്തു. പകൽ കഴിവാറായപ്പോൾ പന്തിരുവർ അടുത്തുവന്നു അവനോടു: ഇവിടെ നാം മരുഭൂമിയിൽ ആയിരിക്കകൊണ്ടു പുരുഷാരം ചുറ്റുമുള്ള ഊരുകളിലും കുടികളിലും പോയി രാത്രി പാർപ്പാനും ആഹാരം വാങ്ങുവാനും വേണ്ടി അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു. അവൻ അവരോടു:നിങ്ങൾ തന്നേ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു പറഞ്ഞതിന്നു: അഞ്ചപ്പവും രണ്ടുമീനും അല്ലാതെ അധികം ഞങ്ങളുടെ പക്കൽ ഇല്ല; ഞങ്ങൾ പോയി ഈ സകലജനത്തിന്നും വേണ്ടി ഭോജ്യങ്ങൾ കൊള്ളേണമോ എന്നു അവർ പറഞ്ഞു. ഏകദേശം അയ്യായിരം പുരുഷന്മാർ ഉണ്ടായിരുന്നു. പിന്നെ അവർ തന്റെ ശിഷ്യന്മാരോടു:അവരെ അമ്പതു വീതം പന്തിപന്തിയായി ഇരുത്തുവിൻ എന്നു പറഞ്ഞു. അവർ അങ്ങനെ ചെയ്തു എല്ലാവരെയും ഇരുത്തി. അവൻ ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തുകൊണ്ടു സ്വർഗ്ഗത്തേക്കു നോക്കി അവയെ അനുഗ്രഹിച്ചു നുറുക്കി പുരുഷാരത്തിന്നു വിളമ്പുവാൻ ശിഷ്യന്മാരുടെ കയ്യിൽ കൊടുത്തു. എല്ലാവരും തിന്നു തൃപ്തരായി, ശേഷിച്ച കഷണം പന്ത്രണ്ടു കൊട്ട എടുത്തു. അവൻ തനിച്ചു പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ശിഷ്യന്മാർ കൂടെ ഉണ്ടായിരുന്നു; അവൻ അവരോടു:പുരുഷാരം എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചു. യോഹന്നാൻസ്നാപകൻ എന്നും ചിലർ ഏലീയാവു എന്നും മറ്റു ചിലർ പുരാതന പ്രവാചകന്മാരിൽ ഒരുത്തൻ ഉയിർത്തെഴുന്നേറ്റു എന്നും പറയുന്നു എന്നു അവർ ഉത്തരം പറഞ്ഞു. അവൻ അവരോടു:എന്നാൽ നിങ്ങൾ എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചതിന്നു: ദൈവത്തിന്റെ ക്രിസ്തു എന്നു പത്രൊസ് ഉത്തരം പറഞ്ഞു. ഇതു ആരോടും പറയരുതെന്നു അവൻ അവരോടു അമർച്ചയായിട്ടു കല്പിച്ചു. മനുഷ്യപുത്രൻ പലതും സഹിക്കയും മൂപ്പന്മാർ മഹാപുരോഹിതന്മാർ ശാസ്ത്രികൾ എന്നിവർ അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേല്ക്കയും വേണം എന്നു പറഞ്ഞു. പിന്നെ അവൻ എല്ലാവരോടും പറഞ്ഞതു:എന്നെ അനുഗമിപ്പാൻ ഒരുത്തൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ നിഷേധിച്ചു നാൾതോറും തന്റെ ക്രൂശ് എടുത്തുംകൊണ്ടു എന്നെ അനുഗമിക്കട്ടെ. ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാലോ അതിനെ രക്ഷിക്കും. ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടു തന്നെത്താൻ നഷ്ടമാക്കിക്കളകയോ ചേതം വരുത്തുകയോ ചെയ്താൽ അവന്നു എന്തു പ്രയോജനം? ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്വത്തിൽ വരുമ്പോൾ നാണിക്കും. എന്നാൽ ദൈവരാജ്യം കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഇവിടെ നില്ക്കുന്നവരിൽ ഉണ്ടു സത്യം എന്നു ഞാൻ നിങ്ങളോടു പറയുന്നു.

ലൂക്കൊസ് 9:1-27 സമകാലിക മലയാളവിവർത്തനം (MCV)

യേശു തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ നിയോഗിക്കുമ്പോൾ, ഭൂതങ്ങളെ പുറത്താക്കാനും രോഗങ്ങൾ സൗഖ്യമാക്കാനും അവർക്കു ശക്തിയും അധികാരവും നൽകിയിരുന്നു. ദൈവരാജ്യം ഘോഷിക്കാനും രോഗികൾക്കു സൗഖ്യം നൽകാനും അവർക്ക് ആജ്ഞ നൽകി അയച്ചു. അപ്പോൾ അദ്ദേഹം അവരോടു പറഞ്ഞത്: “യാത്രയ്ക്കു വടിയോ സഞ്ചിയോ ആഹാരമോ പണമോ ഒന്നിലധികം വസ്ത്രമോ എടുക്കരുത്. നിങ്ങൾക്ക് ഏതെങ്കിലും ഭവനത്തിൽ പ്രവേശനം ലഭിച്ചാൽ ആ സ്ഥലം വിട്ടുപോകുംവരെ അതേ ഭവനത്തിൽത്തന്നെ താമസിക്കുക. നിങ്ങൾക്ക് സ്വാഗതം നിഷേധിക്കുന്നിടത്ത് ആ പട്ടണം വിട്ടുപോകുമ്പോൾ, പട്ടണവാസികൾക്കെതിരേ സാക്ഷ്യത്തിനായി നിങ്ങളുടെ പാദങ്ങളിലെ പൊടി കുടഞ്ഞുകളയുക.” ഇതനുസരിച്ച് അപ്പൊസ്തലന്മാർ എല്ലായിടത്തും സുവിശേഷം പ്രഘോഷിച്ചും രോഗസൗഖ്യംനൽകിയും ഗ്രാമംതോറും സഞ്ചരിച്ചു. ഗലീലയിലെ ഭരണാധികാരിയായ ഹെരോദാവ് ഈ സംഭവങ്ങളെല്ലാം അറിഞ്ഞു. യോഹന്നാൻസ്നാപകൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു എന്നു ചിലരും, ഏലിയാപ്രവാചകൻ വീണ്ടും പ്രത്യക്ഷനായിരിക്കുന്നു എന്നു മറ്റുചിലരും, പുരാതന പ്രവാചകന്മാരിൽ ഒരാൾ ജീവിച്ചെഴുന്നേറ്റിരിക്കുന്നു എന്നു വേറെ ചിലരും പറഞ്ഞുകൊണ്ടിരുന്നതിനാൽ ഹെരോദാവ് പരിഭ്രാന്തനായി. “ഞാൻ യോഹന്നാനെ ശിരച്ഛേദംചെയ്തു. പിന്നെ ഈ വിധ കാര്യങ്ങൾ ഞാൻ കേൾക്കുന്നത് ആരെക്കുറിച്ചാണ്?” എന്ന് അദ്ദേഹം പറഞ്ഞു. യേശുവിനെ കാണാൻ ഹെരോദാവ് പരിശ്രമിച്ചു. അപ്പൊസ്തലന്മാർ തിരികെയെത്തി തങ്ങൾ ചെയ്തതെല്ലാം യേശുവിനെ അറിയിച്ചു. തുടർന്ന് അദ്ദേഹം അപ്പൊസ്തലന്മാരെമാത്രം ഒപ്പംകൂട്ടി ബേത്ത്സയിദ എന്ന പട്ടണത്തിലേക്കു യാത്രയായി. എന്നാൽ അദ്ദേഹം എവിടേക്കാണു പോകുന്നതെന്നു മനസ്സിലാക്കിയ ജനക്കൂട്ടം പിന്നാലെ ചെന്നു. അദ്ദേഹം അവരെ സ്വാഗതംചെയ്ത് അവരോടു ദൈവരാജ്യത്തെപ്പറ്റി സംസാരിക്കുകയും രോഗസൗഖ്യം ആവശ്യമായിരുന്നവരെ സൗഖ്യമാക്കുകയും ചെയ്തു. സൂര്യാസ്തമയം അടുത്തപ്പോൾ പന്ത്രണ്ട് അപ്പൊസ്തലന്മാർ അടുത്തുവന്ന് അദ്ദേഹത്തോട്, “നാം ഇവിടെ ഒരു വിജനസ്ഥലത്താണല്ലോ, അതുകൊണ്ട് ചുറ്റുമുള്ള ഗ്രാമങ്ങളിലും ഗ്രാമാന്തരങ്ങളിലും ചെന്നു ഭക്ഷണവും താമസസൗകര്യവും കണ്ടെത്താൻ ജനത്തെ പറഞ്ഞയ്ക്കണം” എന്നു പറഞ്ഞു. എന്നാൽ യേശു, “നിങ്ങൾ അവർക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്ക്” എന്നു പറഞ്ഞു. “ഈ ജനക്കൂട്ടത്തിനു വേണ്ടുന്ന ഭക്ഷണം മുഴുവൻ ഞങ്ങൾ പോയി വാങ്ങേണ്ടിവരും. അല്ലാത്തപക്ഷം ഞങ്ങളുടെപക്കൽ ആകെയുള്ളത് അഞ്ചപ്പവും രണ്ടുമീനുംമാത്രമാണ്” എന്നു ശിഷ്യന്മാർ മറുപടി പറഞ്ഞു. അവിടെ ഏകദേശം അയ്യായിരം പുരുഷന്മാർ ഉണ്ടായിരുന്നു. എന്നാൽ യേശു ശിഷ്യന്മാരോട്, “ജനത്തെ അൻപതുപേർവീതം നിരനിരയായി ഇരുത്തുക” എന്നു പറഞ്ഞു. അവർ അങ്ങനെ ചെയ്തു, എല്ലാവരെയും ഇരുത്തി. അതിനുശേഷം യേശു ആ അഞ്ച് അപ്പവും രണ്ട് മീനും എടുത്തു സ്വർഗത്തിലേക്കു നോക്കി അവ വാഴ്ത്തി നുറുക്കി; ജനങ്ങൾക്കു വിളമ്പിക്കൊടുക്കാൻ ശിഷ്യന്മാരെ ഏൽപ്പിച്ചു. എല്ലാവരും ഭക്ഷിച്ചു തൃപ്തരായി; അവശേഷിച്ച നുറുക്കുകൾ ശിഷ്യന്മാർ പന്ത്രണ്ട് കുട്ട നിറയെ ശേഖരിച്ചു. ഒരിക്കൽ യേശു ഏകാന്തമായി പ്രാർഥിച്ചുകൊണ്ടിരുന്നു; അപ്പോൾ അദ്ദേഹത്തിന്റെ സമീപത്ത് ഉണ്ടായിരുന്ന ശിഷ്യന്മാരോട് അദ്ദേഹം, “ഞാൻ ആരാകുന്നു എന്നാണ് ജനക്കൂട്ടം പറയുന്നത്?” എന്നു ചോദിച്ചു. അതിനു ശിഷ്യന്മാർ, “യോഹന്നാൻസ്നാപകൻ എന്നു ചിലരും ഏലിയാവ് എന്നു മറ്റുചിലരും പുരാതനകാലത്തു ജീവിച്ചിരുന്ന പ്രവാചകന്മാരിൽ ഒരാൾ ഉയിർത്തെഴുന്നേറ്റുവെന്ന് വേറെ ചിലരും പറയുന്നു” എന്ന് ഉത്തരം പറഞ്ഞു. “എന്നാൽ നിങ്ങളോ?” യേശു ആരാഞ്ഞു, “ഞാൻ ആരാകുന്നു എന്നാണ് നിങ്ങൾ പറയുന്നത്?” “ദൈവത്തിന്റെ ക്രിസ്തു,” എന്ന് പത്രോസ് പ്രതിവചിച്ചു. ഇത് ആരോടും പറയരുത് എന്ന് യേശു അവർക്കു കർശനനിർദേശം നൽകി. തുടർന്ന് അദ്ദേഹം, “മനുഷ്യപുത്രൻ വളരെ കഷ്ടം സഹിക്കുകയും സമുദായനേതാക്കന്മാർ, പുരോഹിതമുഖ്യന്മാർ, വേദജ്ഞർ എന്നിവരാൽ തിരസ്കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നാംദിവസം ഉയിർത്തെഴുന്നേൽക്കുകയും വേണം” എന്നും പറഞ്ഞു. അതിനുശേഷം തന്നെ കേട്ടുകൊണ്ടിരുന്ന എല്ലാവരോടുമായി അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഒരാൾ എന്റെ ശിഷ്യനാകാൻ ഇച്ഛിക്കുന്നെങ്കിൽ അയാൾ സ്വയം ത്യജിച്ച് തന്റെ ക്രൂശ് എടുത്തുകൊണ്ട് അനുദിനം എന്നെ അനുഗമിക്കട്ടെ. സ്വന്തം ജീവനെ രക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതു നഷ്ടമാകും; എന്റെ അനുയായി ആയതുനിമിത്തം സ്വജീവൻ നഷ്ടപ്പെടുത്തുന്നവർ അതു നേടുകതന്നെ ചെയ്യും. ഒരാൾ ലോകം മുഴുവൻ തന്റെ സ്വന്തമാക്കിയാലും സ്വജീവൻ നഷ്ടമാക്കുകയോ കൈമോശംവരുത്തുകയോ ചെയ്താൽ അവന് എന്തു പ്രയോജനം? എന്നെയും എന്റെ വചനങ്ങളെയുംകുറിച്ച് ആരെങ്കിലും ലജ്ജിച്ചാൽ (ഞാൻ) മനുഷ്യപുത്രൻ, തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്ത്വത്തിൽ വരുമ്പോൾ അയാളെക്കുറിച്ചും ലജ്ജിക്കും. “ഞാൻ നിങ്ങളോടു പറയട്ടെ, ദൈവരാജ്യം കാണുന്നതിനുമുമ്പ്, ഇവിടെ നിൽക്കുന്നവരിൽ ചിലർ മരണം ആസ്വദിക്കുകയില്ല നിശ്ചയം!”