ലൂക്കൊസ് 7:44-50

ലൂക്കൊസ് 7:44-50 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

സ്ത്രീയുടെ നേരേ തിരിഞ്ഞു ശിമോനോട് പറഞ്ഞത്: ഈ സ്ത്രീയെ കാണുന്നുവോ? ഞാൻ നിന്റെ വീട്ടിൽ വന്നു, നീ എന്റെ കാലിനു വെള്ളം തന്നില്ല; ഇവളോ കണ്ണുനീർകൊണ്ട് എന്റെ കാൽ നനച്ചു തലമുടികൊണ്ടു തുടച്ചു. നീ എനിക്കു ചുംബനം തന്നില്ല; ഇവളോ ഞാൻ അകത്തു വന്നതുമുതൽ ഇടവിടാതെ എന്റെ കാൽ ചുംബിച്ചു. നീ എന്റെ തലയിൽ തൈലം പൂശിയില്ല; ഇവളോ പരിമളതൈലംകൊണ്ട് എന്റെ കാൽ പൂശി. ആകയാൽ ഇവളുടെ അനേകമായ പാപങ്ങൾ മോചിച്ചിരിക്കുന്നു എന്നു ഞാൻ നിന്നോടു പറയുന്നു; അവൾ വളരെ സ്നേഹിച്ചുവല്ലോ; അല്പം മോചിച്ചുകിട്ടിയവൻ അല്പം സ്നേഹിക്കുന്നു. പിന്നെ അവൻ അവളോട്: നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു. അവനോടുകൂടെ പന്തിയിൽ ഇരുന്നവർ: പാപമോചനവും കൊടുക്കുന്ന ഇവൻ ആർ എന്നു തമ്മിൽ പറഞ്ഞുതുടങ്ങി. അവനോ സ്ത്രീയോട്: നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.

ലൂക്കൊസ് 7:44-50 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“അതു ശരിതന്നെ” എന്നു പറഞ്ഞശേഷം യേശു ആ സ്‍ത്രീയുടെ നേരെ തിരിഞ്ഞു ശിമോനോടു പറഞ്ഞു: “ഈ സ്‍ത്രീയെ താങ്കൾ കാണുന്നുണ്ടല്ലോ. ഞാൻ നിങ്ങളുടെ ഭവനത്തിൽ വന്നു; നിങ്ങൾ എനിക്കു കാലു കഴുകുവാൻ വെള്ളം തന്നില്ല; ഇവളാകട്ടെ തന്റെ കണ്ണുനീരുകൊണ്ട് എന്റെ കാലു കഴുകി, തലമുടികൊണ്ടു തുടച്ചു. നിങ്ങൾ ചുംബനം ചെയ്ത് എന്നെ സ്വീകരിച്ചില്ല. ഇവളാകട്ടെ ഞാനിവിടെ വന്നപ്പോൾ മുതൽ എന്റെ പാദങ്ങളിൽ തുടരെ ചുംബിച്ചുകൊണ്ടിരിക്കുന്നു. നിങ്ങൾ എന്റെ തലയിൽ തൈലം പൂശിയില്ല; എന്നാൽ ഇവൾ എന്റെ പാദങ്ങളിൽ പരിമളതൈലം പൂശി. അതുകൊണ്ടു ഞാൻ പറയുന്നു: ഇവൾ കൂടുതൽ സ്നേഹിച്ചതിനാൽ ഇവളുടെ എണ്ണമറ്റ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു; കുറച്ചു ക്ഷമിക്കപ്പെട്ടവൻ കുറച്ചു മാത്രമേ സ്നേഹിക്കുകയുള്ളൂ.” പിന്നീട് ആ സ്‍ത്രീയോട്: “നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു” എന്ന് അരുൾ ചെയ്തു. യേശുവിനോടുകൂടി ഭക്ഷണം കഴിക്കാനിരുന്നവർ: “പാപങ്ങൾ ക്ഷമിക്കുകപോലും ചെയ്യുന്ന ഇവൻ ആര്?” എന്നു തമ്മിൽ പറഞ്ഞു തുടങ്ങി. യേശു ആ സ്‍ത്രീയോട്: “നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു, സമാധാനത്തോടുകൂടി പോകുക” എന്നു പറഞ്ഞു.

ലൂക്കൊസ് 7:44-50 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

സ്ത്രീയുടെ നേരെ തിരിഞ്ഞു ശിമോനോട് പറഞ്ഞത്: ഈ സ്ത്രീയെ കാണുന്നുവോ? ഞാൻ നിന്‍റെ വീട്ടിൽ വന്നു, നീ എന്‍റെ കാൽ കഴുകുവാൻ വെള്ളം തന്നില്ല; ഇവളോ കണ്ണുനീർകൊണ്ട് എന്‍റെ കാൽ നനച്ച് തലമുടികൊണ്ട് തുടച്ചു. നീ എന്നെ ചുംബനം ചെയ്തു സ്വീകരിച്ചില്ല; ഇവളോ ഞാൻ അകത്ത് വന്നതുമുതൽ ഇടവിടാതെ എന്‍റെ കാൽ ചുംബിച്ചു. നീ എന്‍റെ തലയിൽ തൈലം പൂശിയില്ല; ഇവളോ പരിമള തൈലംകൊണ്ട് എന്‍റെ കാൽ പൂശി. ആകയാൽ ഇവളുടെ അനേകമായ പാപങ്ങൾ മോചിച്ചിരിക്കുന്നു എന്നു ഞാൻ നിന്നോട് പറയുന്നു; അവൾ വളരെ സ്നേഹിച്ചുവല്ലോ; അല്പം മോചിച്ചുകിട്ടിയവൻ അല്പം സ്നേഹിക്കുന്നു. പിന്നെ അവൻ അവളോട്: നിന്‍റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു. അവനോട് കൂടെ ഭക്ഷണത്തിന് ഇരുന്നവർ: ”പാപമോചനവും കൊടുക്കുന്ന ഇവൻ ആർ?” എന്നു തമ്മിൽ പറഞ്ഞുതുടങ്ങി. അവനോ സ്ത്രീയോട്: നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.

ലൂക്കൊസ് 7:44-50 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

സ്ത്രീയുടെ നേരെ തരിഞ്ഞു ശിമോനോടു പറഞ്ഞതു: ഈ സ്ത്രീയെ കാണുന്നുവോ? ഞാൻ നിന്റെ വീട്ടിൽ വന്നു, നീ എന്റെ കാലിന്നു വെള്ളം തന്നില്ല; ഇവളോ കണ്ണുനീർകൊണ്ടു എന്റെ കാൽ നനെച്ചു തലമുടികൊണ്ടു തുടെച്ചു. നീ എനിക്കു ചുംബനം തന്നില്ല; ഇവളോ ഞാൻ അകത്തു വന്നതു മുതൽ ഇടവിടാതെ എന്റെ കാൽ ചുംബിച്ചു. നീ എന്റെ തലയിൽ തൈലം പൂശിയില്ല; ഇവളോ പരിമള തൈലംകൊണ്ടു എന്റെ കാൽ പൂശി. ആകയാൽ ഇവളുടെ അനേകമായ പാപങ്ങൾ മോചിച്ചിരിക്കുന്നു എന്നു ഞാൻ നിന്നോടു പറയുന്നു; അവൾ വളരെ സ്നേഹിച്ചുവല്ലോ; അല്പം മോചിച്ചുകിട്ടിയവൻ അല്പം സ്നേഹിക്കുന്നു. പിന്നെ അവൻ അവളോടു:നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു. അവനോടു കൂടെ പന്തിയിൽ ഇരുന്നവർ: പാപമോചനവും കൊടുക്കുന്ന ഇവൻ ആർ എന്നു തമ്മിൽ പറഞ്ഞുതുടങ്ങി. അവനോ സ്ത്രീയോടു:നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.

ലൂക്കൊസ് 7:44-50 സമകാലിക മലയാളവിവർത്തനം (MCV)

പിന്നെ അദ്ദേഹം ആ സ്ത്രീയുടെ നേർക്കു തിരിഞ്ഞിട്ടു ശിമോനോടു പറഞ്ഞത്: “ഈ സ്ത്രീ ചെയ്യുന്നത് നീ കാണുന്നില്ലേ? ഞാൻ നിന്റെ ഭവനത്തിൽ വന്നു; നീ എന്റെ കാൽകഴുകാൻ വെള്ളം തന്നില്ല. എന്നാൽ ഇവൾ കണ്ണുനീരുകൊണ്ട് എന്റെ പാദങ്ങൾ നനച്ച് അവളുടെ തലമുടികൊണ്ടു തുടച്ചു. നീ എനിക്കു ചുംബനം തന്നില്ല; എന്നാൽ ഈ സ്ത്രീ, ഞാൻ അകത്തുവന്നതുമുതൽ എന്റെ പാദങ്ങൾ ചുംബിച്ചുകൊണ്ടേയിരിക്കുന്നു. നീ എന്റെ തലയിൽ തൈലം പൂശിയില്ല; എന്നാൽ ഇവൾ എന്റെ പാദങ്ങളിൽ സുഗന്ധതൈലലേപനം ചെയ്തിരിക്കുന്നു. ഞാൻ നിന്നോടു പറയുന്നു: ഇവളുടെ അസംഖ്യം പാപങ്ങൾ ക്ഷമിച്ചുകിട്ടിയിരിക്കുന്നതിനാൽ ഇവൾ അത്രയേറെ സ്നേഹിക്കുന്നു; അൽപ്പം ക്ഷമിച്ചു കിട്ടിയ വ്യക്തിയോ അൽപ്പം സ്നേഹിക്കുന്നു.” പിന്നെ യേശു അവളോട്, “നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ സദ്യയ്ക്കിരുന്നിരുന്ന മറ്റ് അതിഥികൾ, “പാപങ്ങൾ ക്ഷമിക്കുകകൂടി ചെയ്യുന്ന ഇദ്ദേഹം ആര്?” എന്നു പരസ്പരം പറഞ്ഞുതുടങ്ങി. യേശു ആ സ്ത്രീയോട്, “നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; നീ സമാധാനത്തോടെ പോകുക” എന്നു പറഞ്ഞു.