ലൂക്കൊസ് 6:6-11
ലൂക്കൊസ് 6:6-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മറ്റൊരു ശബ്ബത്തിൽ അവൻ പള്ളിയിൽ ചെന്ന് ഉപദേശിക്കുമ്പോൾ വലംകൈ വരണ്ടുള്ളോരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു. ശാസ്ത്രിമാരും പരീശന്മാരും അവനെ കുറ്റം ചുമത്തുവാൻ സംഗതി കിട്ടേണ്ടതിന് അവൻ ശബ്ബത്തിൽ സൗഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു. അവരുടെ വിചാരം അറിഞ്ഞിട്ട് അവൻ വരണ്ടകൈയുള്ള മനുഷ്യനോട്: എഴുന്നേറ്റ് നടുവിൽ നില്ക്ക എന്നു പറഞ്ഞു; അവൻ എഴുന്നേറ്റു നിന്നു. യേശു അവരോട്: ഞാൻ നിങ്ങളോട് ഒന്ന് ചോദിക്കട്ടെ, ശബ്ബത്തിൽ നന്മ ചെയ്കയോ തിന്മ ചെയ്കയോ, ജീവനെ രക്ഷിക്കയോ നശിപ്പിക്കയോ ഏത് വിഹിതം എന്നു പറഞ്ഞു. അവരെ എല്ലാം ചുറ്റും നോക്കിയിട്ട് ആ മനുഷ്യനോട്: കൈനീട്ടുക എന്നു പറഞ്ഞു. അവൻ അങ്ങനെ ചെയ്തു, അവന്റെ കൈക്കു സൗഖ്യം വന്നു. അവരോ ഭ്രാന്ത് നിറഞ്ഞവരായി യേശുവിനെ എന്ത് ചെയ്യേണ്ടൂ എന്നു തമ്മിൽ ആലോചന കഴിച്ചു.
ലൂക്കൊസ് 6:6-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മറ്റൊരു ശബത്തുനാളിൽ യേശു സുനഗോഗിൽ പോയി പഠിപ്പിച്ചു. വലംകൈ ശോഷിച്ച ഒരു മനുഷ്യൻ അവിടെയുണ്ടായിരുന്നു. ശബത്തിൽ യേശു അയാളെ സുഖപ്പെടുത്തുമോ എന്നു മതപണ്ഡിതന്മാരും പരീശന്മാരും ശ്രദ്ധിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിൽ കുറ്റം ആരോപിക്കുവാൻ കാരണം അന്വേഷിക്കുകയായിരുന്നു അവർ. യേശു അവരുടെ മനോഗതം മനസ്സിലാക്കി കൈ ശോഷിച്ച ആ മനുഷ്യനോട്: “എഴുന്നേറ്റു നടുവിലേക്കു മാറി നില്‌ക്കുക” എന്നു പറഞ്ഞു. അയാൾ എഴുന്നേറ്റു നിന്നു. യേശു അവരോടു പറഞ്ഞു: “ഞാൻ ഒരു കാര്യം ചോദിക്കട്ടെ: ശബത്തുദിവസം നന്മ ചെയ്യുകയോ തിന്മ ചെയ്യുകയോ ജീവനെ രക്ഷിക്കുകയോ നശിപ്പിക്കുകയോ ഏതാണു ശരി?” അനന്തരം അവരെയെല്ലാം ചുറ്റും നോക്കിയശേഷം ആ മനുഷ്യനോടു കൈ നീട്ടുക എന്നാജ്ഞാപിച്ചു. അയാൾ അപ്രകാരം ചെയ്തു. തൽക്ഷണം അയാളുടെ കൈ സുഖംപ്രാപിച്ചു. അവർക്കു കഠിനമായ അമർഷം ഉണ്ടായി. യേശുവിനെ എന്തു ചെയ്യണമെന്ന് അവർ അന്യോന്യം ആലോചിച്ചു.
ലൂക്കൊസ് 6:6-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
മറ്റൊരു ശബ്ബത്തിൽ അവൻ പള്ളിയിൽ ചെന്നു ഉപദേശിക്കുമ്പോൾ വലങ്കൈ ശോഷിച്ച ഒരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു. ശാസ്ത്രികളും പരീശരും അവനിൽ കുറ്റം ചുമത്തുവാൻ എന്തെങ്കിലും കാരണം അന്വേഷിക്കുകയായിരുന്നു. അവൻ ശബ്ബത്തിൽ ആ മനുഷ്യനെ സൌഖ്യമാക്കുമോ എന്നു ശ്രദ്ധിച്ചുകൊണ്ടിരുന്നു. അവരുടെ വിചാരം മനസ്സിലാക്കിയിട്ട് അവൻ ശോഷിച്ച കയ്യുള്ള മനുഷ്യനോടു: എഴുന്നേറ്റ് നടുവിൽ നില്ക്ക എന്നു പറഞ്ഞു; അവൻ എഴുന്നേറ്റ് നിന്നു. യേശു അവരോട്: ഞാൻ നിങ്ങളോടു ഒന്ന് ചോദിക്കട്ടെ: ശബ്ബത്തിൽ നന്മ ചെയ്കയോ തിന്മചെയ്കയോ ജീവനെ രക്ഷിയ്ക്കുകയോ നശിപ്പിക്കയോ ചെയ്യുന്നത് നിയമാനുസൃതമോ? എന്നു ചോദിച്ചു. അവരെ എല്ലാം ചുറ്റും നോക്കീട്ട് ആ മനുഷ്യനോടു: കൈ നീട്ടുക എന്നു പറഞ്ഞു. അവൻ അങ്ങനെ ചെയ്തു, അവന്‍റെ കൈ സുഖമായി. അവർക്ക് കഠിനമായ ദേഷ്യം തോന്നി. യേശുവിനെ എന്ത് ചെയ്യേണം എന്നു തമ്മിൽതമ്മിൽ ആലോചിച്ചു.
ലൂക്കൊസ് 6:6-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മറ്റൊരു ശബ്ബത്തിൽ അവൻ പള്ളിയിൽ ചെന്നു ഉപദേശിക്കുമ്പോൾ വലങ്കൈ വരണ്ടുള്ളോരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു. ശാസ്ത്രിമാരും പരീശന്മാരും അവനെ കുറ്റം ചുമത്തുവാൻ സംഗതി കിട്ടേണ്ടതിന്നു അവൻ ശബ്ബത്തിൽ സൗഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു. അവരുടെ വിചാരം അറിഞ്ഞിട്ടു അവൻ വരണ്ട കൈയുള്ള മനുഷ്യനോടു:എഴുന്നേറ്റു നടുവിൽ നില്ക്ക എന്നു പറഞ്ഞു; അവൻ എഴുന്നേറ്റു നിന്നു. യേശു അവരോടു:ഞാൻ നിങ്ങളോടു ഒന്നു ചോദിക്കട്ടെ: ശബ്ബത്തിൽ നന്മ ചെയ്കയോ തിന്മ ചെയ്കയോ ജീവനെ രക്ഷിക്കയോ നശിപ്പിക്കയോ ഏതു വിഹിതം എന്നു പറഞ്ഞു. അവരെ എല്ലാം ചുറ്റും നോക്കീട്ടു ആ മനുഷ്യനോടു:കൈ നീട്ടുക എന്നു പറഞ്ഞു. അവൻ അങ്ങനെ ചെയ്തു, അവന്റെ കൈക്കു സൗഖ്യം വന്നു. അവരോ ഭ്രാന്തു നിറഞ്ഞവരായി യേശുവിനെ എന്തു ചെയ്യേണ്ടു എന്നു തമ്മിൽ ആലോചന കഴിച്ചു.
ലൂക്കൊസ് 6:6-11 സമകാലിക മലയാളവിവർത്തനം (MCV)
മറ്റൊരു ശബ്ബത്തുനാളിൽ അദ്ദേഹം യെഹൂദരുടെ പള്ളിയിൽച്ചെന്ന് ഉപദേശിച്ചുകൊണ്ടിരിക്കുകയായിരുന്നു. വലതുകൈ ശോഷിച്ചുപോയ ഒരു മനുഷ്യൻ അന്ന് അവിടെ ഉണ്ടായിരുന്നു. പരീശന്മാരും വേദജ്ഞരും യേശുവിന്റെമേൽ കുറ്റം ആരോപിക്കാൻ പഴുതു തേടുകയായിരുന്നതുകൊണ്ട് അദ്ദേഹം ശബ്ബത്തുനാളിൽ സൗഖ്യമാക്കുമോ എന്ന് അവർ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു. എന്നാൽ, അവരുടെ വിചാരം ഗ്രഹിച്ചിട്ട് യേശു, കൈ ശോഷിച്ച മനുഷ്യനോട്, “എഴുന്നേറ്റ് എല്ലാവരുടെയും മുമ്പിൽ നിൽക്കുക” എന്നു പറഞ്ഞു. അയാൾ അവിടെ എഴുന്നേറ്റുനിന്നു. തുടർന്ന് യേശു അവരോട് ഇങ്ങനെ ചോദിച്ചു: “ഞാൻ നിങ്ങളോടു ചോദിക്കട്ടെ, ശബ്ബത്തുനാളിൽ നന്മ ചെയ്യുന്നതോ തിന്മചെയ്യുന്നതോ ജീവൻ രക്ഷിക്കുന്നതോ അതിനെ നശിപ്പിക്കുന്നതോ ഏതാണ് നിയമവിധേയം?” അദ്ദേഹം അവരെ ഓരോരുത്തരെയും സൂക്ഷിച്ച് നോക്കി. തുടർന്ന് കൈ ശോഷിച്ച മനുഷ്യനോട്, “നിന്റെ കൈനീട്ടുക” എന്നു പറഞ്ഞു. അയാൾ അങ്ങനെ ചെയ്തു; അയാളുടെ കൈക്കു പരിപൂർണസൗഖ്യം ലഭിച്ചു. എന്നാൽ പരീശന്മാരും വേദജ്ഞരും, ക്രോധം നിറഞ്ഞവരായി, യേശുവിനെ എന്തു ചെയ്യണമെന്ന് പരസ്പരം ചർച്ചചെയ്തു.