ലൂക്കൊസ് 6:20-26

ലൂക്കൊസ് 6:20-26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അനന്തരം അവൻ ശിഷ്യന്മാരെ നോക്കി പറഞ്ഞത്: ദരിദ്രന്മാരായ നിങ്ങൾ ഭാഗ്യവാന്മാർ; ദൈവരാജ്യം നിങ്ങൾക്കുള്ളത്. ഇപ്പോൾ വിശക്കുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾക്കു തൃപ്തിവരും; ഇപ്പോൾ കരയുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ചിരിക്കും. മനുഷ്യപുത്രൻ നിമിത്തം മനുഷ്യർ നിങ്ങളെ ദ്വേഷിച്ചു ഭ്രഷ്ടരാക്കി നിന്ദിച്ചു നിങ്ങളുടെ പേർ വിടക്ക് എന്നു തള്ളുമ്പോൾ, നിങ്ങൾ ഭാഗ്യവാന്മാർ. ആ നാളിൽ സന്തോഷിച്ചുതുള്ളുവിൻ; നിങ്ങളുടെ പ്രതിഫലം സ്വർഗത്തിൽ വലിയത്; അവരുടെ പിതാക്കന്മാർ പ്രവാചകന്മാരോട് അങ്ങനെതന്നെ ചെയ്തുവല്ലോ. എന്നാൽ സമ്പന്നന്മാരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങളുടെ ആശ്വാസം നിങ്ങൾക്കു ലഭിച്ചുപോയല്ലോ. ഇപ്പോൾ തൃപ്തന്മാരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾക്കു വിശക്കും. ഇപ്പോൾ ചിരിക്കുന്നവരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ ദുഃഖിച്ചു കരയും. സകല മനുഷ്യരും നിങ്ങളെ പുകഴ്ത്തിപ്പറയുമ്പോൾ നിങ്ങൾക്ക് അയ്യോ കഷ്ടം; അവരുടെ പിതാക്കന്മാർ കളളപ്രവാചകന്മാരെ അങ്ങനെ ചെയ്തുവല്ലോ.

ലൂക്കൊസ് 6:20-26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യേശു ശിഷ്യന്മാരെ നോക്കിക്കൊണ്ട് ഇപ്രകാരം അരുൾചെയ്തു: “ദരിദ്രരായ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ; ദൈവരാജ്യം നിങ്ങൾക്കുള്ളതാകുന്നു! ഇപ്പോൾ വിശക്കുന്നവരായ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ; നിങ്ങൾ സംതൃപ്തരാകും! ഇപ്പോൾ കരയുന്നവരായ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ; നിങ്ങൾ ചിരിക്കും! മനുഷ്യപുത്രനെ അനുഗമിക്കുന്നതിനാൽ നിങ്ങളെ മറ്റുള്ളവർ ദ്വേഷിക്കുകയും ഭ്രഷ്ടരാക്കുകയും നിന്ദിക്കുകയും നികൃഷ്ടരെന്നവിധം നിരാകരിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ; അന്നു നിങ്ങൾ ആഹ്ലാദിച്ചു തുള്ളിച്ചാടുക; എന്തെന്നാൽ സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാണ്: അവരുടെ പിതാക്കന്മാരും പ്രവാചകന്മാരോട് അങ്ങനെതന്നെയാണല്ലോ വർത്തിച്ചിട്ടുള്ളത്. എന്നാൽ സമ്പന്നരേ, നിങ്ങൾക്കു ഹാ കഷ്ടം!; നിങ്ങളുടെ സൗഭാഗ്യകാലം കഴിഞ്ഞുപോയി! ഇപ്പോൾ സംതൃപ്തരായിരിക്കുന്നവരേ, നിങ്ങൾക്കു ഹാ കഷ്ടം!; നിങ്ങൾക്കു വിശക്കും! ഇപ്പോൾ ആഹ്ലാദിക്കുന്നവരേ, നിങ്ങൾക്കു ഹാ കഷ്ടം!; നിങ്ങൾ വിലപിക്കുകയും കരയുകയും ചെയ്യും! എല്ലാ മനുഷ്യരും നിങ്ങളെ പുകഴ്ത്തുമ്പോൾ നിങ്ങൾക്കു ഹാ കഷ്ടം!; അവരുടെ പിതാക്കന്മാർ വ്യാജപ്രവാചകന്മാരെ അങ്ങനെതന്നെ പുകഴ്ത്തിയിട്ടുണ്ടല്ലോ.

ലൂക്കൊസ് 6:20-26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അനന്തരം അവൻ ശിഷ്യന്മാരെ നോക്കി പറഞ്ഞത്: ദരിദ്രന്മാരായ നിങ്ങൾ ഭാഗ്യവാന്മാർ; ദൈവരാജ്യം നിങ്ങൾക്കുള്ളത്. ഇപ്പോൾ വിശക്കുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾക്ക് തൃപ്തിവരും; ഇപ്പോൾ കരയുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ചിരിക്കും. മനുഷ്യപുത്രൻ നിമിത്തം മനുഷ്യർ നിങ്ങളെ ദ്വേഷിച്ച് കൂട്ടത്തിൽനിന്ന് പുറന്തള്ളുകയും നിന്ദിക്കുകയും നിങ്ങൾ ദുഷ്ടർ എന്നു പറഞ്ഞ് നിങ്ങളെ തള്ളുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. ആ നാളിൽ സന്തോഷിക്കുവിൻ; നിങ്ങളുടെ പ്രതിഫലം സ്വർഗ്ഗത്തിൽ വലിയത്; അവരുടെ പിതാക്കന്മാർ പ്രവാചകന്മാരോട് അങ്ങനെ തന്നെ ചെയ്തുവല്ലോ. എന്നാൽ സമ്പന്നരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങളുടെ ആശ്വാസം നിങ്ങൾക്ക് നേരത്തേ ലഭിച്ചുപോയല്ലോ. ഇപ്പോൾ തൃപ്തന്മാരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾക്ക് വിശക്കും. ഇപ്പോൾ ചിരിക്കുന്നവരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ ദുഃഖിച്ചു കരയും. സകലമനുഷ്യരും നിങ്ങളെ പുകഴ്ത്തിപ്പറയുമ്പോൾ നിങ്ങൾക്ക് അയ്യോ കഷ്ടം; അവരുടെ പിതാക്കന്മാർ കള്ളപ്രവാചകന്മാരെ അങ്ങനെ ചെയ്തുവല്ലോ.

ലൂക്കൊസ് 6:20-26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അനന്തരം അവൻ ശിഷ്യന്മാരെ നോക്കി പറഞ്ഞതു:ദരിദ്രന്മാരായ നിങ്ങൾ ഭാഗ്യവാന്മാർ; ദൈവരാജ്യം നിങ്ങൾക്കുള്ളതു. ഇപ്പോൾ വിശക്കുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾക്കു തൃപ്തിവരും; ഇപ്പോൾ കരയുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ചിരിക്കും. മനുഷ്യപുത്രൻ നിമിത്തം മനുഷ്യർ നിങ്ങളെ ദ്വേഷിച്ചു ഭ്രഷ്ടരാക്കി നിന്ദിച്ചു നിങ്ങളുടെ പേർ വിടക്കു എന്നു തള്ളുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. ആ നാളിൽ സന്തോഷിച്ചു തുള്ളുവിൻ; നിങ്ങളുടെ പ്രതിഫലം സ്വർഗ്ഗത്തിൽ വലിയതു; അവരുടെ പിതാക്കന്മാർ പ്രവാചകന്മാരോടു അങ്ങനെ തന്നേ ചെയ്തുവല്ലോ. എന്നാൽ സമ്പന്നരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങളുടെ ആശ്വാസം നിങ്ങൾക്കു ലഭിച്ചുപോയല്ലോ. ഇപ്പോൾ തൃപ്തന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾക്കു വിശക്കും. ഇപ്പോൾ ചിരിക്കുന്നവരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ ദുഃഖിച്ചു കരയും. സകല മനുഷ്യരും നിങ്ങളെ പുകഴ്ത്തിപ്പറയുമ്പോൾ നിങ്ങൾക്കു അയ്യോ കഷ്ടം; അവരുടെ പിതാക്കന്മാർ കള്ളപ്രവാചകന്മാരെ അങ്ങനെ ചെയ്തുവല്ലോ.

ലൂക്കൊസ് 6:20-26 സമകാലിക മലയാളവിവർത്തനം (MCV)

ശിഷ്യരെ നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു: “ദരിദ്രരായ നിങ്ങൾ അനുഗൃഹീതർ; നിങ്ങളുടേതല്ലോ ദൈവരാജ്യം. ഇപ്പോൾ വിശക്കുന്നവരായ നിങ്ങൾ അനുഗൃഹീതർ; നിങ്ങൾ സംതൃപ്തരാകും. ഇപ്പോൾ വിലപിക്കുന്നവരായ നിങ്ങൾ അനുഗൃഹീതർ; നിങ്ങൾ ആഹ്ലാദിക്കും. നിങ്ങൾ മനുഷ്യപുത്രന്റെ (എന്റെ) അനുയായികളായതുകൊണ്ട് ജനം നിങ്ങളെ വെറുത്ത്, സമുദായഭ്രഷ്ടരാക്കി അപമാനിച്ച്, നിങ്ങളുടെ പേരുകൾ ശപിക്കപ്പെട്ടത് എന്ന് ഗണിക്കുമ്പോൾ, നിങ്ങൾ അനുഗൃഹീതർ. “അന്നാളിൽ നിങ്ങൾ ആനന്ദാതിരേകത്താൽ തുള്ളിച്ചാടുക. കാരണം, മഹത്താണ് സ്വർഗത്തിൽ നിങ്ങൾക്കുള്ള പ്രതിഫലം. അവരുടെ പൂർവികർ ദൈവത്തിന്റെ പ്രവാചകന്മാരോടും അങ്ങനെതന്നെയാണല്ലോ ചെയ്തത്. “ധനികരായ നിങ്ങൾക്കോ, ഹാ കഷ്ടം! നിങ്ങൾക്കുള്ള ആശ്വാസം നിങ്ങൾ അനുഭവിച്ചുകഴിഞ്ഞു. ഇപ്പോൾ ഭക്ഷിച്ചു സംതൃപ്തരായിരിക്കുന്ന നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങൾ വിശന്നുവലയും. ഇപ്പോൾ ആഹ്ലാദിക്കുന്ന നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങൾ അതിദുഃഖത്തോടെ വിലപിക്കും. എല്ലാവരും നിങ്ങളെ പ്രശംസിക്കുമ്പോൾ നിങ്ങൾക്കു ഹാ കഷ്ടം! അവരുടെ പൂർവികരും വ്യാജപ്രവാചകന്മാരെ അങ്ങനെതന്നെ പ്രശംസിച്ചിട്ടുണ്ടല്ലോ.