ലൂക്കൊസ് 6:17-23
ലൂക്കൊസ് 6:17-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ അവരോടുകൂടെ ഇറങ്ങി സമഭൂമിയിൽ നിന്നു; അവന്റെ ശിഷ്യന്മാരുടെ കൂട്ടവും യെഹൂദ്യയിൽ എല്ലാടത്തുനിന്നും യെരൂശലേമിൽനിന്നും സോർ, സീദോൻ എന്ന സമുദ്രതീരങ്ങളിൽനിന്നും അവന്റെ വചനം കേൾപ്പാനും രോഗശാന്തി കിട്ടുവാനും വന്ന ബഹുപുരുഷാരവും ഉണ്ടായിരുന്നു. അശുദ്ധാത്മാക്കൾ ബാധിച്ചവരും സൗഖ്യം പ്രാപിച്ചു. ശക്തി അവനിൽനിന്നു പുറപ്പെട്ട് എല്ലാവരെയും സൗഖ്യമാക്കുകകൊണ്ടു പുരുഷാരമൊക്കെയും അവനെ തൊടുവാൻ ശ്രമിച്ചു. അനന്തരം അവൻ ശിഷ്യന്മാരെ നോക്കി പറഞ്ഞത്: ദരിദ്രന്മാരായ നിങ്ങൾ ഭാഗ്യവാന്മാർ; ദൈവരാജ്യം നിങ്ങൾക്കുള്ളത്. ഇപ്പോൾ വിശക്കുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾക്കു തൃപ്തിവരും; ഇപ്പോൾ കരയുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ചിരിക്കും. മനുഷ്യപുത്രൻ നിമിത്തം മനുഷ്യർ നിങ്ങളെ ദ്വേഷിച്ചു ഭ്രഷ്ടരാക്കി നിന്ദിച്ചു നിങ്ങളുടെ പേർ വിടക്ക് എന്നു തള്ളുമ്പോൾ, നിങ്ങൾ ഭാഗ്യവാന്മാർ. ആ നാളിൽ സന്തോഷിച്ചുതുള്ളുവിൻ; നിങ്ങളുടെ പ്രതിഫലം സ്വർഗത്തിൽ വലിയത്; അവരുടെ പിതാക്കന്മാർ പ്രവാചകന്മാരോട് അങ്ങനെതന്നെ ചെയ്തുവല്ലോ.
ലൂക്കൊസ് 6:17-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അനന്തരം യേശു അവരോടുകൂടി മലയിൽ നിന്നിറങ്ങി സമതലത്തു വന്നു. ശിഷ്യന്മാരുടെ ഒരു വലിയ സമൂഹം അവിടെയുണ്ടായിരുന്നു. യെരൂശലേമിൽ നിന്നുള്ളവരെ കൂടാതെ യെഹൂദ്യയുടെ നാനാഭാഗങ്ങളിൽനിന്നും സമുദ്രതീരത്തുള്ള സോർ, സീദോൻ പ്രദേശങ്ങളിൽനിന്നും യേശുവിന്റെ പ്രബോധനം കേൾക്കുവാനും രോഗശാന്തി ലഭിക്കുവാനുമായി ഒരു വലിയ ജനതതി വന്നുകൂടി. അശുദ്ധാത്മാക്കൾ ബാധിച്ചു വലഞ്ഞവർ സുഖംപ്രാപിച്ചു. യേശുവിൽനിന്ന് ദിവ്യശക്തി പുറപ്പെട്ട് എല്ലാ രോഗികളെയും സുഖപ്പെടുത്തി വന്നു. അതുകൊണ്ട് അവിടുത്തെ ഒന്നു തൊടുവാൻ ആൾക്കൂട്ടത്തിന്റെ ഇടയിൽ വലിയ തിരക്കുണ്ടായി. യേശു ശിഷ്യന്മാരെ നോക്കിക്കൊണ്ട് ഇപ്രകാരം അരുൾചെയ്തു: “ദരിദ്രരായ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ; ദൈവരാജ്യം നിങ്ങൾക്കുള്ളതാകുന്നു! ഇപ്പോൾ വിശക്കുന്നവരായ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ; നിങ്ങൾ സംതൃപ്തരാകും! ഇപ്പോൾ കരയുന്നവരായ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ; നിങ്ങൾ ചിരിക്കും! മനുഷ്യപുത്രനെ അനുഗമിക്കുന്നതിനാൽ നിങ്ങളെ മറ്റുള്ളവർ ദ്വേഷിക്കുകയും ഭ്രഷ്ടരാക്കുകയും നിന്ദിക്കുകയും നികൃഷ്ടരെന്നവിധം നിരാകരിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ; അന്നു നിങ്ങൾ ആഹ്ലാദിച്ചു തുള്ളിച്ചാടുക; എന്തെന്നാൽ സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാണ്: അവരുടെ പിതാക്കന്മാരും പ്രവാചകന്മാരോട് അങ്ങനെതന്നെയാണല്ലോ വർത്തിച്ചിട്ടുള്ളത്.
ലൂക്കൊസ് 6:17-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവൻ അവരോട് കൂടെ മലയിൽനിന്നു താഴെ ഇറങ്ങി സമഭൂമിയിൽ നിന്നു; അവന്റെ ശിഷ്യന്മാരുടെ കൂട്ടവും, യെഹൂദ്യയിൽ എല്ലായിടത്തുനിന്നും, യെരൂശലേമിൽ നിന്നും സോർ, സീദോൻ എന്ന സമുദ്രതീരങ്ങളിൽ നിന്നും, അവന്റെ വചനം കേൾക്കുവാനും രോഗശാന്തി കിട്ടുവാനും വന്ന ബഹു പുരുഷാരവും ഉണ്ടായിരുന്നു. അശുദ്ധാത്മാക്കൾ ബാധിച്ചവരും സൗഖ്യം പ്രാപിച്ചു. അവനിൽ നിന്നു ശക്തി പുറപ്പെട്ടു എല്ലാവരെയും സൌഖ്യമാക്കുകകൊണ്ട് പുരുഷാരം ഒക്കെയും അവനെ തൊടുവാൻ ശ്രമിച്ചു. അനന്തരം അവൻ ശിഷ്യന്മാരെ നോക്കി പറഞ്ഞത്: ദരിദ്രന്മാരായ നിങ്ങൾ ഭാഗ്യവാന്മാർ; ദൈവരാജ്യം നിങ്ങൾക്കുള്ളത്. ഇപ്പോൾ വിശക്കുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾക്ക് തൃപ്തിവരും; ഇപ്പോൾ കരയുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ചിരിക്കും. മനുഷ്യപുത്രൻ നിമിത്തം മനുഷ്യർ നിങ്ങളെ ദ്വേഷിച്ച് കൂട്ടത്തിൽനിന്ന് പുറന്തള്ളുകയും നിന്ദിക്കുകയും നിങ്ങൾ ദുഷ്ടർ എന്നു പറഞ്ഞ് നിങ്ങളെ തള്ളുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. ആ നാളിൽ സന്തോഷിക്കുവിൻ; നിങ്ങളുടെ പ്രതിഫലം സ്വർഗ്ഗത്തിൽ വലിയത്; അവരുടെ പിതാക്കന്മാർ പ്രവാചകന്മാരോട് അങ്ങനെ തന്നെ ചെയ്തുവല്ലോ.
ലൂക്കൊസ് 6:17-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ അവരോടു കൂടെ ഇറങ്ങി സമഭൂമിയിൽ നിന്നു; അവന്റെ ശിഷ്യന്മാരുടെ കൂട്ടവും യെഹൂദ്യയിൽ എല്ലാടത്തുനിന്നും യെരൂശലേമിൽ നിന്നും സോർ സീദോൻ എന്ന സമുദ്രതീരങ്ങളിൽ നിന്നും അവന്റെ വചനം കേൾപ്പാനും രോഗശാന്തി കിട്ടുവാനും വന്ന ബഹു പുരുഷാരവും ഉണ്ടായിരുന്നു. അശുദ്ധാത്മാക്കൾ ബാധിച്ചവരും സൗഖ്യം പ്രാപിച്ചു. ശക്തി അവനിൽ നിന്നു പുറപ്പെട്ടു എല്ലാവരെയും സൗഖ്യമാക്കുകകൊണ്ടു പുരുഷാരം ഒക്കെയും അവനെ തൊടുവാൻ ശ്രമിച്ചു. അനന്തരം അവൻ ശിഷ്യന്മാരെ നോക്കി പറഞ്ഞതു:ദരിദ്രന്മാരായ നിങ്ങൾ ഭാഗ്യവാന്മാർ; ദൈവരാജ്യം നിങ്ങൾക്കുള്ളതു. ഇപ്പോൾ വിശക്കുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾക്കു തൃപ്തിവരും; ഇപ്പോൾ കരയുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ചിരിക്കും. മനുഷ്യപുത്രൻ നിമിത്തം മനുഷ്യർ നിങ്ങളെ ദ്വേഷിച്ചു ഭ്രഷ്ടരാക്കി നിന്ദിച്ചു നിങ്ങളുടെ പേർ വിടക്കു എന്നു തള്ളുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. ആ നാളിൽ സന്തോഷിച്ചു തുള്ളുവിൻ; നിങ്ങളുടെ പ്രതിഫലം സ്വർഗ്ഗത്തിൽ വലിയതു; അവരുടെ പിതാക്കന്മാർ പ്രവാചകന്മാരോടു അങ്ങനെ തന്നേ ചെയ്തുവല്ലോ.
ലൂക്കൊസ് 6:17-23 സമകാലിക മലയാളവിവർത്തനം (MCV)
യേശു അവരോടൊപ്പം മലയിൽനിന്ന് ഇറങ്ങി സമതലഭൂമിയിൽ വന്നു. അവിടെ അദ്ദേഹത്തിന്റെ ശിഷ്യരുടെ ഒരു വലിയ സമൂഹവും; ജെറുശലേമിൽനിന്നും യെഹൂദ്യയിലെ മറ്റെല്ലായിടത്തുനിന്നും സമുദ്രതീരപട്ടണങ്ങളായ സോരിൽനിന്നും സീദോനിൽനിന്നും യേശുവിന്റെ വാക്കുകൾ ശ്രവിക്കാനും രോഗസൗഖ്യംപ്രാപിക്കാനും വലിയൊരു ജനാവലിയും വന്നിട്ടുണ്ടായിരുന്നു. ദുരാത്മപീഡിതർ സൗഖ്യംപ്രാപിച്ചു. അദ്ദേഹത്തിൽനിന്ന് ശക്തി പുറപ്പെട്ട് എല്ലാവരെയും സൗഖ്യമാക്കിയിരുന്നതുകൊണ്ടു ജനങ്ങൾ എല്ലാവരും അദ്ദേഹത്തെ സ്പർശിക്കാൻ ശ്രമിച്ചു. ശിഷ്യരെ നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു: “ദരിദ്രരായ നിങ്ങൾ അനുഗൃഹീതർ; നിങ്ങളുടേതല്ലോ ദൈവരാജ്യം. ഇപ്പോൾ വിശക്കുന്നവരായ നിങ്ങൾ അനുഗൃഹീതർ; നിങ്ങൾ സംതൃപ്തരാകും. ഇപ്പോൾ വിലപിക്കുന്നവരായ നിങ്ങൾ അനുഗൃഹീതർ; നിങ്ങൾ ആഹ്ലാദിക്കും. നിങ്ങൾ മനുഷ്യപുത്രന്റെ (എന്റെ) അനുയായികളായതുകൊണ്ട് ജനം നിങ്ങളെ വെറുത്ത്, സമുദായഭ്രഷ്ടരാക്കി അപമാനിച്ച്, നിങ്ങളുടെ പേരുകൾ ശപിക്കപ്പെട്ടത് എന്ന് ഗണിക്കുമ്പോൾ, നിങ്ങൾ അനുഗൃഹീതർ. “അന്നാളിൽ നിങ്ങൾ ആനന്ദാതിരേകത്താൽ തുള്ളിച്ചാടുക. കാരണം, മഹത്താണ് സ്വർഗത്തിൽ നിങ്ങൾക്കുള്ള പ്രതിഫലം. അവരുടെ പൂർവികർ ദൈവത്തിന്റെ പ്രവാചകന്മാരോടും അങ്ങനെതന്നെയാണല്ലോ ചെയ്തത്.