ലൂക്കൊസ് 5:4-11

ലൂക്കൊസ് 5:4-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

സംസാരിച്ചു തീർന്നപ്പോൾ അവൻ ശിമോനോട്: ആഴത്തിലേക്കു നീക്കി മീൻപിടിത്തത്തിനു വല ഇറക്കുവിൻ എന്നു പറഞ്ഞു. അതിനു ശിമോൻ: നാഥാ, ഞങ്ങൾ രാത്രി മുഴുവനും അധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലും നിന്റെ വാക്കിനു ഞാൻ വല ഇറക്കാം എന്ന് ഉത്തരം പറഞ്ഞു. അവർ അങ്ങനെ ചെയ്തപ്പോൾ പെരുത്ത മീൻകൂട്ടം അകപ്പെട്ടു വല കീറാറായി. അവർ മറ്റേ പടകിലുള്ള കൂട്ടാളികൾ വന്നു സഹായിപ്പാൻ അവരെ മാടിവിളിച്ചു. അവർ വന്നു പടകു രണ്ടും മുങ്ങുമാറാകുവോളം നിറച്ചു. ശിമോൻ പത്രൊസ് അതു കണ്ടിട്ടു യേശുവിന്റെ കാൽക്കൽ വീണു: കർത്താവേ, ഞാൻ പാപിയായ മനുഷ്യൻ ആകകൊണ്ട് എന്നെ വിട്ടുപോകേണമേ എന്നു പറഞ്ഞു. അവർക്ക് ഉണ്ടായ മീൻപിടിത്തത്തിൽ അവനും അവനോടുകൂടെയുള്ളവർക്ക് എല്ലാവർക്കും സംഭ്രമം പിടിച്ചിരുന്നു. ശിമോന്റെ കൂട്ടാളികളായ യാക്കോബ്, യോഹന്നാൻ എന്ന സെബെദിമക്കൾക്കും അവ്വണ്ണംതന്നെ. യേശു ശിമോനോട്: ഭയപ്പെടേണ്ടാ, ഇന്നുമുതൽ നീ മനുഷ്യരെ പിടിക്കുന്നവൻ ആകും എന്നു പറഞ്ഞു. പിന്നെ അവർ പടകുകളെ കരയ്ക്ക് അടുപ്പിച്ചിട്ടു സകലവും വിട്ട് അവനെ അനുഗമിച്ചു.

ലൂക്കൊസ് 5:4-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അതിനുശേഷം ആഴമുള്ളിടത്തേക്കു വഞ്ചി നീക്കി വലയിറക്കുവാൻ യേശു ശിമോനോടു പറഞ്ഞു. “ഗുരോ, രാത്രി മുഴുവൻ ഞങ്ങൾ കഠിനമായി അധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല. എങ്കിലും അങ്ങയുടെ വാക്കനുസരിച്ചു ഞാൻ വലയിറക്കാം” എന്നു ശിമോൻ പറഞ്ഞു. അവർ വലയിറക്കി. വല കീറിപ്പോകുമാറ് ഒരു വലിയ മീൻകൂട്ടം അതിലകപ്പെട്ടു. അവർ സഹായത്തിനുവേണ്ടി മറ്റേ വഞ്ചിയിലുള്ള കൂട്ടുകാരെ മാടിവിളിച്ചു. അവർ വന്നു രണ്ടു വഞ്ചികളും മുങ്ങാറാകുവോളം മീൻ നിറച്ചു. ശിമോൻ പത്രോസ് ഇതു കണ്ട് യേശുവിന്റെ കാല്‌ക്കൽ സാഷ്ടാംഗം വീണ്: “കർത്താവേ, ഞാൻ പാപിയായ മനുഷ്യൻ; എന്നെ വിട്ടുപോയാലും” എന്നു പറഞ്ഞു. അന്നത്തെ മീൻപിടിത്തത്തിൽ ശിമോനും കൂടെയുണ്ടായിരുന്നവരും, ശിമോന്റെ പങ്കാളികളായ യാക്കോബും യോഹന്നാനും സംഭ്രമിച്ചു. യാക്കോബും യോഹന്നാനും സെബദിയുടെ മക്കളായിരുന്നു. യേശു ശിമോനോട്: “ഭയപ്പെടേണ്ടാ; ഇന്നുമുതൽ നീ മനുഷ്യരെ പിടിക്കുന്നവനാകും” എന്നു പറഞ്ഞു. അവർ വഞ്ചികൾ കരയ്‍ക്കടുപ്പിച്ചശേഷം സർവസ്വവും ഉപേക്ഷിച്ചു യേശുവിനെ അനുഗമിച്ചു.

ലൂക്കൊസ് 5:4-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

പുരുഷാരത്തെ ഉപദേശിച്ചു തീർന്നപ്പോൾ അവൻ ശിമോനോട്: ആഴമുള്ള സ്ഥലത്തേയ്ക്ക് നീക്കി മീൻപിടിക്കാനായി വല ഇറക്കുവിൻ എന്നു പറഞ്ഞു. അതിന് ശിമോൻ: “ഗുരോ, ഞങ്ങൾ രാത്രിമുഴുവനും അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലും നീ പറഞ്ഞതനുസരിച്ച് ഞാൻ വല ഇറക്കാം“ എന്നു ഉത്തരം പറഞ്ഞു. അവർ അങ്ങനെ ചെയ്തപ്പോൾ വളരെ ഏറെ മീൻകൂട്ടം അവർക്ക് ലഭിച്ചു. അവരുടെ വല കീറി പോകാറായി. അവർ മറ്റെ പടകിലുള്ള കൂട്ടുകാരെ ആംഗ്യം കാണിച്ച് സഹായത്തിന് വിളിച്ചു. അവർ വന്നു രണ്ടു പടകും മുങ്ങുമാറാകുവോളും നിറച്ചു. ശിമോൻ പത്രൊസ് അത് കണ്ടിട്ട് യേശുവിന്‍റെ കാല്ക്കൽ മുട്ടുകുത്തി: “കർത്താവേ, ഞാൻ പാപിയായ മനുഷ്യൻ ആകുന്നതുകൊണ്ട് എന്നെ വിട്ടുപോകേണമേ“ എന്നു പറഞ്ഞു. അന്നത്തെ മീൻപിടുത്തത്തിൽ അവനും അവനോട് കൂടെയുള്ളവരും ആശ്ചര്യപ്പെട്ടിരുന്നു. അതുപോലെ ശിമോന്‍റെ കൂട്ടുകാരായ യാക്കോബ്, യോഹന്നാൻ എന്ന സെബെദിമക്കളും ആശ്ചര്യപ്പെട്ടിരുന്നു. യേശു ശിമോനോട്: ഭയപ്പെടേണ്ടാ, ഇന്ന് മുതൽ നീ മനുഷ്യരെ പിടിക്കുന്നവൻ ആകും എന്നു പറഞ്ഞു. പിന്നെ അവർ പടകുകളെ കരയുടെ അടുത്തേക്ക് അടുപ്പിച്ചിട്ടു സകലവും വിട്ടു അവനെ അനുഗമിച്ചു.

ലൂക്കൊസ് 5:4-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

സംസാരിച്ചു തീർന്നപ്പോൾ അവൻ ശിമോനോടു:ആഴത്തിലേക്കു നീക്കി മീൻപിടിത്തത്തിന്നു വല ഇറക്കുവിൻ എന്നു പറഞ്ഞു. അതിന്നു ശിമോൻ: നാഥാ, ഞങ്ങൾ രാത്രി മുഴുവനും അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലും നിന്റെ വാക്കിന്നു ഞാൻ വല ഇറക്കാം എന്നു ഉത്തരം പറഞ്ഞു. അവർ അങ്ങനെ ചെയ്തപ്പോൾ പെരുത്തു മീൻകൂട്ടം അകപ്പെട്ടു വല കീറാറായി. അവർ മറ്റെ പടകിലുള്ള കൂട്ടാളികൾ വന്നു സഹായിപ്പാൻ അവരെ മാടിവിളിച്ചു. അവർ വന്നു പടകു രണ്ടും മുങ്ങുമാറാകുവോളും നിറെച്ചു. ശിമോൻ പത്രൊസ് അതു കണ്ടിട്ടു യേശുവിന്റെ കാല്ക്കൽ വീണു: കർത്താവേ, ഞാൻ പാപിയായ മനുഷ്യൻ ആകകൊണ്ടു എന്നെ വിട്ടുപോകേണമേ എന്നു പറഞ്ഞു. അവർക്കു ഉണ്ടായ മീൻപിടിത്തത്തിൽ അവന്നും അവനോടു കൂടെയുള്ളവർക്കു എല്ലാവർക്കും സംഭ്രമം പിടിച്ചിരുന്നു. ശിമോന്റെ കൂട്ടാളികളായ യാക്കോബ് യോഹന്നാൻ എന്ന സെബെദിമക്കൾക്കും അവ്വണ്ണം തന്നേ. യേശു ശിമോനോടു:ഭയപ്പെടേണ്ടാ, ഇന്നു മുതൽ നീ മനുഷ്യരെ പിടിക്കുന്നവൻ ആകും എന്നു പറഞ്ഞു. പിന്നെ അവർ പടകുകളെ കരെക്കു അടുപ്പിച്ചിട്ടു സകലവും വിട്ടു അവനെ അനുഗമിച്ചു.

ലൂക്കൊസ് 5:4-11 സമകാലിക മലയാളവിവർത്തനം (MCV)

യേശു തന്റെ പ്രഭാഷണം അവസാനിപ്പിച്ചതിനുശേഷം, “നിന്റെ വള്ളം ആഴമുള്ളിടത്തേക്ക് നീക്കി അവിടെ വലയിറക്കുക” എന്ന് ശിമോനോട് കൽപ്പിച്ചു. അതിനു ശിമോൻ, “പ്രഭോ, രാത്രിമുഴുവൻ കഷ്ടപ്പെട്ടിട്ടും ഞങ്ങൾക്ക് ഒന്നും കിട്ടിയില്ല. എങ്കിലും അങ്ങയുടെ വാക്കനുസരിച്ച് ഞാൻ വലയിറക്കാം” എന്ന് ഉത്തരം പറഞ്ഞു. അവർ അങ്ങനെ ചെയ്തപ്പോൾ വലിയ മീൻകൂട്ടം വലയിൽപ്പെട്ടു; അവരുടെ വല കീറാൻ തുടങ്ങി. അപ്പോളവർ, മറ്റേ വള്ളത്തിലുള്ള പങ്കാളികൾ വന്നു തങ്ങളെ സഹായിക്കേണ്ടതിന് അവരെ ആംഗ്യംകാട്ടി വിളിച്ചു. അവർ വന്നു, രണ്ട് വള്ളങ്ങളും മുങ്ങാറാകുന്നതുവരെ മീൻ നിറച്ചു. ഇതു കണ്ടപ്പോൾ ശിമോൻ പത്രോസ് യേശുവിന്റെ കാൽക്കൽവീണ്, “കർത്താവേ, എന്നെവിട്ടു പോകണമേ, ഞാൻ പാപിയായ മനുഷ്യൻ ആകുന്നു” എന്നു പറഞ്ഞു. ശിമോനും ശിമോന്റെ എല്ലാ കൂട്ടുകാരും തങ്ങൾ നടത്തിയ മീൻപിടിത്തത്തെപ്പറ്റി വിസ്മയഭരിതരായിരുന്നു; സെബെദിയുടെ മക്കളായ യാക്കോബ്, യോഹന്നാൻ എന്നീ പങ്കാളികളും വിസ്മയിച്ചു. അപ്പോൾ യേശു ശിമോനോട്, “ഭയപ്പെടരുത്; ഇനിമുതൽ നീ മനുഷ്യരെ പിടിക്കുന്നവനാകും” എന്നു പറഞ്ഞു. അങ്ങനെ, അവർ തങ്ങളുടെ വള്ളങ്ങൾ വലിച്ചു കരയ്ക്കു കയറ്റിയശേഷം എല്ലാം ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു.