ലൂക്കൊസ് 5:33-38

ലൂക്കൊസ് 5:33-38 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവർ അവനോട്: യോഹന്നാന്റെ ശിഷ്യന്മാർ കൂടെക്കൂടെ ഉപവസിച്ചു പ്രാർഥന കഴിച്ചുവരുന്നു; പരീശന്മാരുടെ ശിഷ്യന്മാരും അങ്ങനെതന്നെ ചെയ്യുന്നു; നിന്റെ ശിഷ്യന്മാരോ തിന്നുകയും കുടിക്കുകയും ചെയ്യുന്നു എന്നു പറഞ്ഞു. യേശു അവരോട്: മണവാളൻ തോഴ്മക്കാരോടുകൂടെ ഉള്ളപ്പോൾ അവരെ ഉപവാസം ചെയ്യിപ്പാൻ കഴിയുമോ? മണവാളൻ അവരെ വിട്ടുപിരിയേണ്ടുന്ന കാലം വരും; അന്ന്, ആ കാലത്ത്, അവർ ഉപവസിക്കും എന്നു പറഞ്ഞു. ഒരു ഉപമയും അവരോട് പറഞ്ഞു: ആരും കോടിത്തുണിക്കണ്ടം കീറിയെടുത്ത് പഴയ വസ്ത്രത്തോടു ചേർത്ത് തുന്നുമാറില്ല. തുന്നിയാലോ പുതിയതു കീറുകയും പുതിയ കണ്ടം പഴയതിനോടു ചേരാതിരിക്കയും ചെയ്യും. ആരും പുതുവീഞ്ഞ് പഴയതുരുത്തിയിൽ പകരുമാറില്ല; പകർന്നാൽ പുതുവീഞ്ഞ് തുരുത്തിയെ പൊളിച്ച് ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും; പുതുവീഞ്ഞ് പുതിയതുരുത്തിയിൽ അത്രേ പകർന്നുവയ്ക്കേണ്ടത്.

ലൂക്കൊസ് 5:33-38 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അവർ പറഞ്ഞു: “യോഹന്നാന്റെ ശിഷ്യന്മാർ കൂടെക്കൂടെ ഉപവസിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു; അങ്ങനെതന്നെ പരീശന്മാരുടെ ശിഷ്യന്മാരും ചെയ്യുന്നു. താങ്കളുടെ ശിഷ്യന്മാരാകട്ടെ ഉപവസിക്കാതെ തിന്നുകയും കുടിക്കുകയും ചെയ്യുന്നുവല്ലോ!” അതിന് യേശു: “മണവാളൻ കൂടെയുള്ളപ്പോൾ കല്യാണത്തിനു വന്ന അതിഥികളെക്കൊണ്ട് ഉപവസിപ്പിക്കുവാൻ നിങ്ങൾക്കു കഴിയുമോ? മണവാളനെ അവരിൽനിന്നു നീക്കുന്ന സമയം വരും. അക്കാലത്ത് അവർ ഉപവസിക്കും” എന്നു മറുപടി നല്‌കി. ഒരു ദൃഷ്ടാന്തവും അവിടുന്ന് അവരോടു പറഞ്ഞു: “ആരും പുതിയ വസ്ത്രത്തിന്റെ ഒരു കഷണം കീറിയെടുത്തു പഴയ വസ്ത്രത്തോടു ചേർത്തു തുന്നുകയില്ല. അങ്ങനെ ചെയ്താൽ പുതിയ വസ്ത്രം കീറിക്കളയുന്നു എന്നു മാത്രമല്ല, പുതിയ കഷണം പഴയതിനോടു ചേരാതിരിക്കുകയും ചെയ്യും. അതുപോലെതന്നെ പുതുവീഞ്ഞ് ആരും പഴയ തോല്‌ക്കുടങ്ങളിൽ പകർന്നു വയ്‍ക്കാറില്ല. അങ്ങനെ ചെയ്താൽ പുതുവീഞ്ഞു തോല്‌ക്കുടം പൊളിച്ച് ഒഴുകിപ്പോകും; കുടവും നശിക്കും. പുതുവീഞ്ഞു പുതിയ തോല്‌ക്കുടത്തിൽത്തന്നെ പകർന്നു വയ്‍ക്കണം.

ലൂക്കൊസ് 5:33-38 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അവർ അവനോട്: “യോഹന്നാന്‍റെ ശിഷ്യന്മാർ ഇടയ്ക്കിടെ ഉപവസിച്ചു പ്രാർത്ഥിക്കുന്നു; പരീശന്മാരുടെ ശിഷ്യന്മാരും അങ്ങനെ തന്നെ ചെയ്യുന്നു; നിന്‍റെ ശിഷ്യന്മാരോ തിന്നുകയും കുടിക്കുകയും ചെയ്യുന്നു“ എന്നു പറഞ്ഞു. യേശു അവരോട്: മണവാളൻ തോഴ്മക്കാരോടുകൂടെ ഉള്ളപ്പോൾ അവരെ ഉപവാസം ചെയ്യിപ്പാൻ കഴിയുമോ? മണവാളൻ അവരെ വിട്ടുപിരിയുന്ന കാലം വരും; അന്നു, ആ കാലത്ത്, അവർ ഉപവസിക്കും എന്നു പറഞ്ഞു. ഒരു ഉപമയും അവരോട് പറഞ്ഞു: ആരും പുതിയവസ്ത്രം കീറിയെടുത്ത് പഴയവസ്ത്രത്തോട് ചേർത്ത് തുന്നുമാറില്ല. തുന്നിയാലോ പുതിയത് കീറുകയും പുതിയ കഷണം പഴയതിനോട് ചേരാതിരിക്കയും ചെയ്യും. ആരും പുതിയ വീഞ്ഞ് പഴയ തുരുത്തിയിൽ പകരുമാറില്ല, പകർന്നാൽ പുതിയ വീഞ്ഞ് തുരുത്തിയെ പൊളിച്ച് ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും; പുതിയ വീഞ്ഞ് പുതിയ തുരുത്തിയിൽ അത്രേ പകർന്നുവയ്ക്കേണ്ടത്.

ലൂക്കൊസ് 5:33-38 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവർ അവനോടു: യോഹന്നാന്റെ ശിഷ്യന്മാർ കൂടക്കൂടെ ഉപവസിച്ചു പ്രാർത്ഥനകഴിച്ചുവരുന്നു; പരീശന്മാരുടെ ശിഷ്യന്മാരും അങ്ങനെ തന്നേ ചെയ്യുന്നു; നിന്റെ ശിഷ്യന്മാരോ തിന്നുകയും കുടിക്കുകയും ചെയ്യുന്നു എന്നു പറഞ്ഞു. യേശു അവരോടു:മണവാളൻ തോഴ്മക്കാരോടുകൂടെ ഉള്ളപ്പോൾ അവരെ ഉപവാസം ചെയ്യിപ്പാൻ കഴിയുമോ? മണവാളൻ അവരെ വിട്ടുപിരിയേണ്ടുന്ന കാലം വരും; അന്നു, ആ കാലത്തു, അവർ ഉപവസിക്കും എന്നു പറഞ്ഞു. ഒരു ഉപമയും അവരോടു പറഞ്ഞു:ആരും കോടിത്തുണിക്കണ്ടം കീറിയെടുത്തു പഴയവസ്ത്രത്തോടു ചേർത്തു തുന്നുമാറില്ല. തുന്നിയാലോ പുതിയതു കീറുകയും പുതിയകണ്ടം പഴയതിനോടു ചേരാതിരിക്കയും ചെയ്യും. ആരും പുതുവീഞ്ഞു പഴയതുരുത്തിയിൽ പകരുമാറില്ല, പകർന്നാൽ പുതുവീഞ്ഞു തുരുത്തിയെ പൊളിച്ചു ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും; പുതുവീഞ്ഞു പുതിയതുരുത്തിയിൽ അത്രേ പകർന്നുവെക്കേണ്ടതു.

ലൂക്കൊസ് 5:33-38 സമകാലിക മലയാളവിവർത്തനം (MCV)

പിന്നൊരിക്കൽ ചിലർ യേശുവിനോട്, “യോഹന്നാൻസ്നാപകന്റെ ശിഷ്യന്മാർ കൂടെക്കൂടെ ഉപവസിക്കുകയും പ്രാർഥിക്കുകയുംചെയ്യുന്നു; പരീശന്മാരുടെ ശിഷ്യന്മാരും അങ്ങനെചെയ്യുന്നു. എന്നാൽ അങ്ങയുടെ ശിഷ്യന്മാരാകട്ടെ, ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നു” എന്നു പറഞ്ഞു. അതിന് യേശു, “മണവാളൻ അതിഥികളോടുകൂടെയുള്ളപ്പോൾ വിരുന്നുകാർക്ക് ഉപവസിക്കാൻ കഴിയുമോ? എന്നാൽ മണവാളൻ അവരെ വിട്ടുപിരിയുന്ന കാലം വരും; ആ നാളുകളിൽ അവർ ഉപവസിക്കും” എന്ന് ഉത്തരം പറഞ്ഞു. തുടർന്ന് അദ്ദേഹം അവരോട് ഈ സാദൃശ്യകഥ പറഞ്ഞു: “പുതിയ വസ്ത്രത്തിൽനിന്ന് ഒരു കഷണം കീറിയെടുത്ത് ആരും പഴയത് തുന്നിച്ചേർക്കുന്നില്ല. അങ്ങനെചെയ്താൽ പുതിയ വസ്ത്രം കീറുമെന്നുമാത്രമല്ല പുതിയ തുണിക്കഷണം പഴയതിനോട് ചേരുകയുമില്ല. ആരും പുതിയ വീഞ്ഞു പഴയ തുകൽക്കുടങ്ങളിൽ സൂക്ഷിക്കാറില്ല; അങ്ങനെചെയ്താൽ പുതുവീഞ്ഞ് അവയെ പിളർക്കും, വീഞ്ഞ് ഒഴുകിപ്പോകുകയും തുകൽക്കുടങ്ങൾ നശിക്കുകയും ചെയ്യും. അരുത്, പുതിയ വീഞ്ഞ് പുതിയ തുകൽക്കുടങ്ങളിലാണ് പകർന്നുവെക്കേണ്ടത്.