ലൂക്കൊസ് 5:17-19

ലൂക്കൊസ് 5:17-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവൻ ഒരു ദിവസം ഉപദേശിക്കുമ്പോൾ ഗലീലയിലും യെഹൂദ്യയിലുമുള്ള സകല ഗ്രാമത്തിൽനിന്നും യെരൂശലേമിൽനിന്നും വന്ന പരീശന്മാരും ന്യായശാസ്ത്രിമാരും അവിടെ ഇരുന്നിരുന്നു. സൗഖ്യമാക്കുവാൻ കർത്താവിന്റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു. അപ്പോൾ ചില ആളുകൾ പക്ഷവാതം പിടിച്ച ഒരു മനുഷ്യനെ കിടക്കയിൽ എടുത്തു കൊണ്ടുവന്നു; അവനെ അകത്തു കൊണ്ടുചെന്ന് അവന്റെ മുമ്പിൽ വയ്പാൻ ശ്രമിച്ചു. പുരുഷാരം ഹേതുവായി അവനെ അകത്തു കൊണ്ടുചെല്ലുവാൻ വഴി കാണാഞ്ഞിട്ടു പുരമേൽ കയറി ഓടു നീക്കി അവനെ കിടക്കയോടെ നടുവിൽ യേശുവിന്റെ മുമ്പിൽ, ഇറക്കിവച്ചു.

ലൂക്കൊസ് 5:17-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഒരിക്കൽ യേശു പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. യെഹൂദ്യയിലും ഗലീലയിലുമുള്ള എല്ലാ ഗ്രാമങ്ങളിൽനിന്നും യെരൂശലേമിൽനിന്നും പരീശന്മാരും മതോപദേഷ്ടാക്കളും അവിടെ വന്നുകൂടി. രോഗങ്ങൾ ശമിപ്പിക്കുന്നതിനുള്ള ദൈവശക്തി യേശുവിന് ഉണ്ടായിരുന്നു. ചിലർ ഒരു പക്ഷവാതരോഗിയെ കിടക്കയിൽ എടുത്തുകൊണ്ടുവന്ന് യേശുവിന്റെ മുമ്പിൽ എത്തിക്കുവാൻ ശ്രമിച്ചു. പക്ഷേ, ജനങ്ങളുടെ തിരക്കുമൂലം അകത്തേക്കു കൊണ്ടുചെല്ലുവാൻ കഴിഞ്ഞില്ല. മറ്റൊരു മാർഗവും കാണാഞ്ഞതുകൊണ്ട് അവർ മുകളിൽ കയറി മട്ടുപ്പാവു പൊളിച്ച് രോഗിയെ കിടക്കയോടെ ഇറക്കി അവിടുത്തെ മുമ്പിൽ വച്ചു.

ലൂക്കൊസ് 5:17-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ഒരു ദിവസം അവൻ ഉപദേശിക്കുമ്പോൾ, ഗലീലയിലും യെഹൂദ്യയിലുമുള്ള സകലഗ്രാമത്തിൽനിന്നും, യെരൂശലേമിൽ നിന്നും വന്ന പരീശന്മാരും ന്യായശാസ്ത്രിമാരും അവിടെ ഇരുന്നിരുന്നു. സൌഖ്യമാക്കുവാൻ കർത്താവിന്‍റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു. അപ്പോൾ ചില ആളുകൾ പക്ഷവാതം പിടിച്ച ഒരു മനുഷ്യനെ കിടക്കയിൽ എടുത്തുകൊണ്ടുവന്നു; അവനെ അകത്ത് കൊണ്ടുചെന്ന് അവന്‍റെ മുമ്പിൽ കിടത്തുവാൻ ശ്രമിച്ചു. പുരുഷാരം കാരണം അവനെ അകത്ത് കൊണ്ടുചെല്ലുവാൻ വഴി കണ്ടില്ല. അതുകൊണ്ട് അവർ വീടിന്‍റെ മുകളിൽ കയറി ഓടു നീക്കി അവനെ കിടക്കയോടെ യേശുവിന്‍റെ മുമ്പിൽ ഇറക്കിവച്ചു.

ലൂക്കൊസ് 5:17-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവൻ ഒരു ദിവസം ഉപദേശിക്കുമ്പോൾ ഗലീലയിലും യെഹൂദ്യയിലുമുള്ള സകലഗ്രാമത്തിൽനിന്നും യെരൂശലേമിൽനിന്നും വന്ന പരീശന്മാരും ന്യായശാസ്ത്രിമാരും അവിടെ ഇരുന്നിരുന്നു. സൗഖ്യമാക്കുവാൻ കർത്താവിന്റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു. അപ്പോൾ ചില ആളുകൾ പക്ഷവാതം പിടിച്ച ഒരു മനുഷ്യനെ കിടക്കയിൽ എടുത്തുകൊണ്ടുവന്നു; അവനെ അകത്തുകൊണ്ടു ചെന്നു അവന്റെ മുമ്പിൽ വെപ്പാൻ ശ്രമിച്ചു. പുരുഷാരം ഹേതുവായി അവനെ അകത്തു കൊണ്ടുചെല്ലുവാൻ വഴി കാണാഞ്ഞിട്ടു പുരമേൽ കയറി ഓടു നീക്കി അവനെ കിടക്കയോടെ നടുവിൽ യേശുവിന്റെ മുമ്പിൽ ഇറക്കിവെച്ചു.

ലൂക്കൊസ് 5:17-19 സമകാലിക മലയാളവിവർത്തനം (MCV)

ഒരു ദിവസം യേശു ഉപദേശിക്കുമ്പോൾ ഗലീലയിലെ എല്ലാ ഗ്രാമങ്ങളിൽനിന്നും യെഹൂദ്യയിൽനിന്നും ജെറുശലേമിൽനിന്നും വന്നെത്തിയ പരീശന്മാരും വേദജ്ഞരും അവിടെ ഇരിക്കുന്നുണ്ടായിരുന്നു. രോഗികളെ സൗഖ്യമാക്കാൻ കർത്താവിന്റെ ശക്തി അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്നു. അപ്പോൾ ചിലർ ഒരു പക്ഷാഘാതരോഗിയെ കിടക്കയിൽ വഹിച്ചുകൊണ്ടുവന്നു. അവനെ യേശു ഇരുന്നിരുന്ന വീടിനുള്ളിൽ കൊണ്ടുചെന്ന് അദ്ദേഹത്തിന്റെമുമ്പിൽ കിടത്താൻ ശ്രമിച്ചു. ജനത്തിരക്കു നിമിത്തം അങ്ങനെ ചെയ്യുക സാധ്യമല്ല എന്നുകണ്ട് അവർ മേൽക്കൂരയിൽ കയറി, ചില ഓടുകൾ നീക്കി അവനെ കിടക്കയോടെ ജനമധ്യത്തിൽ, യേശുവിന്റെ നേരേമുമ്പിൽ ഇറക്കിവെച്ചു.