ലൂക്കൊസ് 4:38-41
ലൂക്കൊസ് 4:38-41 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ പള്ളിയിൽനിന്ന് ഇറങ്ങി ശിമോന്റെ വീട്ടിൽ ചെന്നു. ശിമോന്റെ അമ്മാവിയമ്മ കഠിനജ്വരംകൊണ്ടു വലഞ്ഞിരിക്കയാൽ അവർ അവൾക്കുവേണ്ടി അവനോട് അപേക്ഷിച്ചു. അവൻ അവളെ കുനിഞ്ഞുനോക്കി, ജ്വരത്തെ ശാസിച്ചു; അത് അവളെ വിട്ടുമാറി; അവൾ ഉടനെ എഴുന്നേറ്റ് അവനെ ശുശ്രൂഷിച്ചു. സൂര്യൻ അസ്തമിക്കുമ്പോൾ നാനാവ്യാധികൾ പിടിച്ച ദീനക്കാർ ഉള്ളവരൊക്കെയും അവരെ അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ ഓരോരുത്തന്റെയുംമേൽ കൈവച്ച് അവരെ സൗഖ്യമാക്കി. പലരിൽനിന്നും ഭൂതങ്ങൾ; നീ ദൈവപുത്രനായ ക്രിസ്തു എന്ന് നിലവിളിച്ചുപറഞ്ഞുകൊണ്ട് പുറപ്പെട്ടുപോയി; താൻ ക്രിസ്തു എന്ന് അവ അറികകൊണ്ട് മിണ്ടുവാൻ അവൻ സമ്മതിക്കാതെ അവയെ ശാസിച്ചു.
ലൂക്കൊസ് 4:38-41 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശു സുനഗോഗിൽ നിന്നിറങ്ങി ശിമോന്റെ ഭവനത്തിലെത്തി. ശിമോന്റെ ഭാര്യാമാതാവ് കഠിനമായ ജ്വരം ബാധിച്ചു കിടക്കുകയായിരുന്നു. ആ രോഗിണിയെക്കുറിച്ച് അവർ യേശുവിനോടു പറഞ്ഞു. അവിടുന്ന് ആ സ്‍ത്രീയുടെ അടുത്തുചെന്ന് അവരുടെ പനിയെ ശാസിച്ചു; പനി വിട്ടുമാറി. ഉടനെ അവർ എഴുന്നേറ്റ് എല്ലാവരെയും പരിചരിച്ചു. ശബത്തു കഴിഞ്ഞ് സൂര്യാസ്തമയമായപ്പോൾ നാനാവിധ രോഗങ്ങൾ ബാധിച്ചവരെ അവിടുത്തെ അടുത്തു കൊണ്ടുവന്നു. അവിടുന്ന് ഓരോരുത്തരുടെയുംമേൽ കൈകൾ വച്ച് അവരെ സുഖപ്പെടുത്തി. “അങ്ങു ദൈവത്തിന്റെ പുത്രൻതന്നെ” എന്ന് അട്ടഹസിച്ചുകൊണ്ട് പലരിൽനിന്നും ഭൂതങ്ങൾ ഒഴിഞ്ഞുപോയി. എന്നാൽ യേശു അവയെ ശാസിച്ചു. അവിടുന്നു ക്രിസ്തുതന്നെയാണെന്നു ദുഷ്ടാത്മാക്കൾക്കു ബോധ്യപ്പെട്ടതിനാൽ സംസാരിക്കുവാൻ അവരെ അവിടുന്ന് അനുവദിച്ചില്ല.
ലൂക്കൊസ് 4:38-41 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവൻ പള്ളിയിൽനിന്ന് ഇറങ്ങി ശിമോന്റെ വീട്ടിൽ ചെന്നു. ശിമോന്റെ അമ്മാവിയമ്മ കഠിനമായ പനി കൊണ്ടു ബുദ്ധിമുട്ടിയിരിക്കുക ആയിരുന്നു. അവർ അവളെ സഹായിക്കേണം എന്നു യേശുവിനോടു അപേക്ഷിച്ചു. അവൻ അവളെ കുനിഞ്ഞുനോക്കി, പനി വിട്ടു പോകാൻ ആജ്ഞാപിച്ചു; അത് അവളെ വിട്ടുമാറി; അവൾ ഉടനെ എഴുന്നേറ്റ് അവനു ശുശ്രൂഷചെയ്തു. സൂര്യൻ അസ്തമിക്കുമ്പോൾ പലതരം അസുഖം ഉണ്ടായിരുന്നവരെ എല്ലാം അവന്‍റെ അടുക്കൽ കൊണ്ടുവന്നു; അവൻ അവരുടെ മേൽ കൈവച്ചു അവരെ സൗഖ്യമാക്കി. പലരിൽനിന്നും ഭൂതങ്ങൾ; നീ ദൈവപുത്രനായ ക്രിസ്തു എന്നു നിലവിളിച്ചു പറഞ്ഞുകൊണ്ട് ഇറങ്ങി പോയി; താൻ ക്രിസ്തു എന്നു അവ അറിയുകകൊണ്ട് മിണ്ടുവാൻ അവൻ സമ്മതിക്കാതെ അവയെ ശാസിച്ചു.
ലൂക്കൊസ് 4:38-41 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ പള്ളിയിൽനിന്നു ഇറങ്ങി ശിമോന്റെ വീട്ടിൽ ചെന്നു. ശിമോന്റെ അമ്മാവിയമ്മ കഠിനജ്വരംകൊണ്ടു വലഞ്ഞിരിക്കയാൽ അവർ അവൾക്കുവേണ്ടി അവനോടു അപേക്ഷിച്ചു. അവൻ അവളെ കുനിഞ്ഞു നോക്കി, ജ്വരത്തെ ശാസിച്ചു; അതു അവളെ വിട്ടുമാറി; അവൾ ഉടനെ എഴുന്നേറ്റു അവനെ ശുശ്രൂഷിച്ചു. സൂര്യൻ അസ്തമിക്കുമ്പോൾ നാനാവ്യാധികൾ പിടിച്ച ദീനക്കാർ ഉള്ളവർ ഒക്കെയും അവരെ അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ ഓരോരുത്തന്റെയും മേൽ കൈവെച്ചു അവരെ സൗഖ്യമാക്കി. പലരിൽ നിന്നും ഭൂതങ്ങൾ; നീ ദൈവപുത്രനായ ക്രിസ്തു എന്നു നിലവിളിച്ചു പറഞ്ഞുകൊണ്ടു പുറപ്പെട്ടുപോയി; താൻ ക്രിസ്തു എന്നു അവ അറികകൊണ്ടു മിണ്ടുവാൻ അവൻ സമ്മതിക്കാതെ അവയെ ശാസിച്ചു.
ലൂക്കൊസ് 4:38-41 സമകാലിക മലയാളവിവർത്തനം (MCV)
യേശു പള്ളിയിൽനിന്നിറങ്ങി ശിമോന്റെ ഭവനത്തിൽ ചെന്നു. ശിമോന്റെ അമ്മായിയമ്മ അതികഠിനമായ പനിപിടിച്ച് കിടപ്പിലായിരിക്കുന്നു. അവൾക്കുവേണ്ടി അവർ യേശുവിനോട് അപേക്ഷിച്ചു. അദ്ദേഹം അവളുടെ കിടക്കയ്ക്കടുത്തുചെന്നു കുനിഞ്ഞു പനിയെ ശാസിച്ചു. അവളുടെ പനി മാറി. അവൾ ഉടനെ എഴുന്നേറ്റ് അവരെ ശുശ്രൂഷിച്ചുതുടങ്ങി. സൂര്യൻ അസ്തമിച്ചപ്പോൾ ജനം വിവിധ രോഗങ്ങൾ ബാധിച്ചിരുന്നവരെയെല്ലാം യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; അദ്ദേഹം ഓരോരുത്തരുടെയുംമേൽ കൈവെച്ച് അവരെ സൗഖ്യമാക്കി. അതുമാത്രമല്ല, പലരിൽനിന്നും ഭൂതങ്ങൾ പുറപ്പെട്ടുപോകുമ്പോൾ, “നീ ദൈവപുത്രൻതന്നെ!” എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. അദ്ദേഹം ക്രിസ്തുവാണെന്ന് ഭൂതങ്ങൾക്ക് അറിയാമായിരുന്നതുകൊണ്ട് സംസാരിക്കാൻ അനുവദിക്കാതെ അദ്ദേഹം അവയെ ശാസിച്ചുനിർത്തി.