ലൂക്കൊസ് 4:1-32
ലൂക്കൊസ് 4:1-32 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യേശു പരിശുദ്ധാത്മാവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി; ആത്മാവ് അവനെ മരുഭൂമിയിലേക്കു നടത്തി; പിശാച് അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു. ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിച്ചില്ല; അവ കഴിഞ്ഞപ്പോൾ അവനു വിശന്നു. അപ്പോൾ പിശാച് അവനോട്: നീ ദൈവപുത്രൻ എങ്കിൽ ഈ കല്ലിനോട് അപ്പമായിത്തീരുവാൻ കല്പിക്ക എന്നു പറഞ്ഞു. യേശു അവനോട്: മനുഷ്യൻ അപ്പംകൊണ്ട് മാത്രമല്ല ജീവിക്കുന്നത് എന്ന് എഴുതിയിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു. പിന്നെ പിശാച് അവനെ മേലോട്ട് കൂട്ടിക്കൊണ്ടുപോയി ലോകത്തിലെ സകല രാജ്യങ്ങളെയും ക്ഷണനേരത്തിൽ അവനു കാണിച്ചു: ഈ അധികാരമൊക്കെയും അതിന്റെ മഹത്ത്വവും നിനക്കു തരാം; അത് എങ്കൽ ഏല്പിച്ചിരിക്കുന്നു; എനിക്കു മനസ്സുള്ളവന് ഞാൻ കൊടുക്കുന്നു. നീ എന്നെ നമസ്കരിച്ചാൽ അതെല്ലാം നിൻറേതാകും എന്ന് അവനോട് പറഞ്ഞു. യേശു അവനോട്: നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ എന്ന് എഴുതിയിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു. പിന്നെ അവൻ അവനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടുപോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനോട്: നീ ദൈവപുത്രൻ എങ്കിൽ ഇവിടെനിന്നു താഴോട്ടു ചാടുക. “നിന്നെ കാപ്പാൻ അവൻ തന്റെ ദൂതന്മാരോട് നിന്നെക്കുറിച്ചു കല്പിക്കയും നിന്റെ കാൽ കല്ലിനോട് തട്ടാതവണ്ണം അവർ നിന്നെ കൈയിൽ താങ്ങിക്കൊള്ളുകയും ചെയ്യും” എന്ന് എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. യേശു അവനോട്: നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത് എന്ന് അരുളിച്ചെയ്തിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു. അങ്ങനെ പിശാച് സകല പരീക്ഷയും തികച്ചശേഷം കുറെക്കാലത്തേക്ക് അവനെ വിട്ടുമാറി. യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലയ്ക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിലൊക്കെയും പരന്നു. അവൻ അവരുടെ പള്ളികളിൽ ഉപദേശിച്ചു; എല്ലാവരും അവനെ പ്രശംസിച്ചു. അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു. യെശയ്യാപ്രവാചകന്റെ പുസ്തകം അവനു കൊടുത്തു; അവൻ പുസ്തകം വിടർത്തി: “ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവ് എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവ് എന്റെമേൽ ഉണ്ട്; ബദ്ധന്മാർക്ക് വിടുതലും കുരുടന്മാർക്ക് കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും കർത്താവിന്റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു” എന്ന് എഴുതിയിരിക്കുന്ന സ്ഥലം കണ്ടു. പിന്നെ അവൻ പുസ്തകം മടക്കി ശുശ്രൂഷക്കാരനു തിരികെ കൊടുത്തിട്ട് ഇരുന്നു; പള്ളിയിലുള്ള എല്ലാവരുടെയും കണ്ണ് അവങ്കൽ പതിഞ്ഞിരുന്നു. അവൻ അവരോട് : ഇന്നു നിങ്ങൾ എന്റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിനു നിവൃത്തിവന്നിരിക്കുന്നു എന്നു പറഞ്ഞുതുടങ്ങി. എല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യവാക്കുകൾ നിമിത്തം ആശ്ചര്യപ്പെട്ടു; ഇവൻ യോസേഫിന്റെ മകൻ അല്ലയോ എന്നു പറഞ്ഞു. അവൻ അവരോട്: വൈദ്യാ, നിന്നെത്തന്നെ സൗഖ്യമാക്കുക എന്നുള്ള പഴഞ്ചൊല്ലും കഫർന്നഹൂമിൽ ഉണ്ടായി കേട്ടത് എല്ലാം ഈ നിന്റെ പിതൃനഗരത്തിലും ചെയ്ക എന്നും നിങ്ങൾ എന്നോടു പറയും നിശ്ചയം. ഒരു പ്രവാചകനും തന്റെ പിതൃനഗരത്തിൽ സമ്മതനല്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. ഏലീയാവിന്റെ കാലത്ത് ആകാശം മൂവാണ്ടും ആറു മാസവും അടഞ്ഞിട്ടു ദേശത്ത് എങ്ങും മഹാക്ഷാമം ഉണ്ടായപ്പോൾ യിസ്രായേലിൽ പല വിധവമാർ ഉണ്ടായിരുന്നു എന്നു ഞാൻ യഥാർഥമായി നിങ്ങളോടു പറയുന്നു. എന്നാൽ സീദോനിലെ സരെപ്തയിൽ ഒരു വിധവയുടെ അടുക്കലേക്കല്ലാതെ അവരിൽ ആരുടെയും അടുക്കലേക്ക് ഏലീയാവിനെ അയച്ചില്ല. അവ്വണ്ണം എലീശാപ്രവാചകന്റെ കാലത്ത് യിസ്രായേലിൽ പല കുഷ്ഠരോഗികൾ ഉണ്ടായിരുന്നു. സുറിയാക്കാരനായ നയമാൻ അല്ലാതെ അവരാരും ശുദ്ധമായില്ല എന്നും അവൻ പറഞ്ഞു. പള്ളിയിലുള്ളവർ ഇതു കേട്ടിട്ട് എല്ലാവരും കോപം നിറഞ്ഞവരായി എഴുന്നേറ്റു. അവനെ പട്ടണത്തിനു പുറത്താക്കി അവരുടെ പട്ടണം പണിതിരുന്ന മലയുടെ വക്കോളം കൊണ്ടുപോയി തലകീഴായി തള്ളിയിടുവാൻ ഭാവിച്ചു. അവനോ അവരുടെ നടുവിൽക്കൂടി കടന്നുപോയി. അനന്തരം അവൻ ഗലീലയിലെ ഒരു പട്ടണമായ കഫർന്നഹൂമിൽ ചെന്നു ശബ്ബത്തിൽ അവരെ ഉപദേശിച്ചുപോന്നു. അവന്റെ വചനം അധികാരത്തോടെ ആകയാൽ അവർ അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു.
ലൂക്കൊസ് 4:1-32 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പരിശുദ്ധാത്മാവിനാൽ പരിപൂരിതനായി യേശു യോർദ്ദാനിൽനിന്നു തിരിച്ചു പോയി. ആത്മാവ് അവിടുത്തെ വിജനപ്രദേശത്തേക്കു നയിച്ചു. അവിടെ നാല്പതു ദിവസം പിശാച് യേശുവിനെ പരീക്ഷിച്ചു. ആ സമയം മുഴുവനും അവിടുന്ന് ഒന്നും ഭക്ഷിച്ചില്ല. അതു കഴിഞ്ഞപ്പോൾ അവിടുത്തേക്ക് വിശന്നു. അപ്പോൾ പിശാച് അവിടുത്തോടു പറഞ്ഞു: “അങ്ങു ദൈവപുത്രനാണെങ്കിൽ ഈ കല്ലിനോട് അപ്പമായിത്തീരുവാൻ കല്പിക്കുക.” യേശുവാകട്ടെ: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നത് എന്നു വിശുദ്ധഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ” എന്നു പ്രതിവചിച്ചു. പിന്നീടു പിശാച് ഉയർന്ന ഒരു സ്ഥലത്തേക്ക് യേശുവിനെ കൂട്ടിക്കൊണ്ടുപോയി; ക്ഷണനേരംകൊണ്ടു ലോകത്തിലെ സകല രാജ്യങ്ങളും കാണിച്ചുകൊടുത്തു. “ഈ സകല അധികാരവും പ്രതാപവും ഞാൻ താങ്കൾക്കു നല്‌കാം; ഇവയെല്ലാം എന്നെ ഏല്പിച്ചിരിക്കുന്നു; എനിക്കു മനസ്സുള്ളവന് ഇവ കൊടുക്കുന്നു. എന്നെ ആരാധിക്കുകയാണെങ്കിൽ ഇവയെല്ലാം താങ്കളുടേതാകും” എന്നു പിശാചു പറഞ്ഞു. യേശു അതിനു മറുപടിയായി: “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിക്കുക; അവിടുത്തെ മാത്രമേ ആരാധിക്കാവൂ എന്നാണല്ലോ എഴുതിയിരിക്കുന്നത്” എന്നു പറഞ്ഞു. അനന്തരം പിശാച് യേശുവിനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടുപോയി; ദേവാലയത്തിന്റെ മുകളിൽ ഏറ്റവും ഉയരംകൂടിയ സ്ഥാനത്തു നിറുത്തിക്കൊണ്ടു പറഞ്ഞു: “അങ്ങു ദൈവപുത്രനാണെങ്കിൽ ഇവിടെനിന്നു താഴേക്കു ചാടുക; ‘നിന്നെ സംരക്ഷിക്കുവാൻ ദൂതന്മാരോടു ദൈവം ആജ്ഞാപിക്കും; നിന്റെ പാദം കല്ലിൽ തട്ടാത്തവിധം അവർ തങ്ങളുടെ കൈകളിൽ താങ്ങിക്കൊള്ളും’ എന്ന് എഴുതിയിട്ടുണ്ടല്ലോ.” യേശു മറുപടി നല്‌കി: “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത് എന്നും വിശുദ്ധഗ്രന്ഥത്തിൽ പറയുന്നുണ്ട്.” ഇങ്ങനെ സകല പ്രലോഭനങ്ങളും പ്രയോഗിച്ചശേഷം പിശാചു തല്‌ക്കാലം യേശുവിനെ വിട്ടുമാറി. യേശു പരിശുദ്ധാത്മാവിന്റെ ചൈതന്യത്തോടുകൂടി ഗലീലയിൽ തിരിച്ചെത്തി. ചുറ്റുമുള്ള പ്രദേശങ്ങളിലെല്ലാം അവിടുത്തെപ്പറ്റിയുള്ള ശ്രുതി പരന്നു. അവിടുന്ന് അവരുടെ സുനഗോഗുകളിൽ പോയി പഠിപ്പിച്ചു. എല്ലാവരും അവിടുത്തെ പ്രകീർത്തിച്ചു. അങ്ങനെ യേശു വളർന്ന നസറെത്തിൽ ചെന്ന്, പതിവുപോലെ ശബത്തുദിവസം സുനഗോഗിൽ പോയി. വേദപാരായണത്തിനായി എഴുന്നേറ്റു നിന്നപ്പോൾ യെശയ്യാപ്രവാചകന്റെ ഗ്രന്ഥച്ചുരുൾ അവിടുത്തെ കൈയിൽ കൊടുത്തു. ചുരുൾ തുറന്നപ്പോൾ താഴെപ്പറയുന്ന ഭാഗം കണ്ടു: “ദരിദ്രരോടു സദ്‍വാർത്ത ഘോഷിക്കുവാൻ ദൈവം എന്നെ അഭിഷേകം ചെയ്തിരിക്കുകയാൽ അവിടുത്തെ ആത്മാവ് എന്റെമേൽ ആവസിക്കുന്നു; തടവുകാർക്ക് വിടുതൽ പ്രഖ്യാപനം ചെയ്യുവാനും, അന്ധന്മാർക്കു കാഴ്ച നല്‌കുവാനും, പീഡിതരെ സ്വതന്ത്രരാക്കുവാനും, ദൈവം തന്റെ ജനത്തെ വീണ്ടെടുക്കുന്ന വർഷം വിളംബരം ചെയ്യുവാനും, അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.” അനന്തരം യേശു ഗ്രന്ഥം ചുരുട്ടി ശുശ്രൂഷകനെ തിരിച്ചേല്പിച്ചശേഷം ഇരുന്നു; അവിടെ കൂടിയിരുന്ന എല്ലാവരുടെയും കണ്ണുകൾ അവിടുത്തെ നോക്കിയിരുന്നു. അവിടുന്ന് അവരോട് ഇപ്രകാരം പ്രസ്താവിച്ചു: “ഞാൻ വായിച്ച ഈ വേദഭാഗം നിങ്ങൾ കേട്ടപ്പോൾത്തന്നെ അതു സംഭവിച്ചിരിക്കുന്നു.” എല്ലാവരും അവിടുത്തെ പ്രശംസിച്ചു സംസാരിച്ചു. അവിടുത്തെ അധരങ്ങളിൽനിന്നു നിർഗമിച്ച ഹൃദ്യമായ വാക്കുകൾ അവരെ അദ്ഭുതപ്പെടുത്തി. “ഇയാൾ യോസേഫിന്റെ മകൻ തന്നെ അല്ലേ?” എന്ന് അവർ ചോദിച്ചു. യേശു അവരോടു: “വൈദ്യാ, നീ നിന്നെത്തന്നെ സുഖപ്പെടുത്തുക’ എന്ന പഴമൊഴി ഉദ്ധരിച്ചുകൊണ്ട് ‘കഫർന്നഹൂമിൽ താങ്കൾ ചെയ്തതായി ഞങ്ങൾ കേട്ടിരിക്കുന്നതെല്ലാം താങ്കളുടെ സ്വന്തം നാടായ ഇവിടെയും ചെയ്യുക’ എന്നു നിങ്ങൾ നിശ്ചയമായും എന്നോടാവശ്യപ്പെടും. എന്നാൽ ഒരു പ്രവാചകനും സ്വന്തനാട്ടിൽ സുസമ്മതനായിരിക്കുകയില്ല എന്നു ഞാൻ ഉറപ്പിച്ചു പറയുന്നു.” “ഒരു വസ്തുത ഞാൻ പറയട്ടെ: ഏലീയായുടെ കാലത്തു മൂന്നര വർഷം മഴയില്ലാതെ നാട്ടിലെങ്ങും കഠിനമായ ക്ഷാമമുണ്ടായി. അന്ന് ഇസ്രായേലിൽ ധാരാളം വിധവമാർ ഉണ്ടായിരുന്നെങ്കിലും ഏലീയായെ അവരുടെ ആരുടെയും അടുക്കലേക്കയയ്‍ക്കാതെ സീദോനിലെ സരെപ്തയിലുള്ള ഒരു വിധവയുടെ അടുക്കലേക്കു മാത്രമാണു ദൈവം അയച്ചത്. എലിശാപ്രവാചകന്റെ കാലത്ത് ഇസ്രായേലിൽ അനേകം കുഷ്ഠരോഗികളുണ്ടായിരുന്നെങ്കിലും സിറിയക്കാരനായ നയമാൻ മാത്രമേ സുഖം പ്രാപിച്ചുള്ളൂ.” ഇതു കേട്ടപ്പോൾ സുനഗോഗിലുണ്ടായിരുന്നവരെല്ലാം കോപാക്രാന്തരായി. അവർ ചാടി എഴുന്നേറ്റ് അവിടുത്തെ പിടിച്ചു പട്ടണത്തിനു പുറത്താക്കി. ആ പട്ടണം നിർമിച്ചിരുന്നത് ഒരു കുന്നിൻപുറത്തായിരുന്നു. അവിടുത്തെ ആ കുന്നിന്റെ നിറുകയിൽനിന്ന് തള്ളിയിടുവാനായിരുന്നു അവരുടെ ശ്രമം. പക്ഷേ അവിടുന്ന് അവരുടെ ഇടയിൽക്കൂടി കടന്നു തന്റെ വഴിക്കു പോയി. ഗലീലയിലെ ഒരു നഗരമായ കഫർന്നഹൂമിലേക്കാണ് യേശു പിന്നീടു പോയത്. ശബത്തുതോറും അവിടുന്നു സുനഗോഗിലെത്തി ജനങ്ങളെ പഠിപ്പിച്ചുവന്നു. അവിടുത്തെ വചനം അധികാരത്തോടുകൂടിയായിരുന്നതിനാൽ അവിടുത്തെ പ്രബോധനം കേട്ട് അവർ വിസ്മയിച്ചു.
ലൂക്കൊസ് 4:1-32 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യേശു സ്നാനത്തിന് ശേഷം പരിശുദ്ധാത്മാവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി; ആത്മാവ് അവനെ മരുഭൂമിയിലേക്ക് നടത്തി; എന്നാൽ പിശാച് അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു. ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിച്ചില്ല; അവ കഴിഞ്ഞപ്പോൾ അവനു വിശന്നു. അപ്പോൾ പിശാച് അവനോട്: “നീ ദൈവപുത്രൻ എങ്കിൽ ഈ കല്ലിനോട് അപ്പമായിത്തീരുവാൻ കല്പിക്ക“ എന്നു പറഞ്ഞു. യേശു അവനോട്: മനുഷ്യൻ അപ്പംകൊണ്ട് മാത്രമല്ല ജീവിക്കുന്നത് എന്നു തിരുവചനത്തിൽ എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു. പിന്നെ പിശാച് അവനെ ഉയർന്ന ഒരു സ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി ലോകത്തിലെ സകല രാജ്യങ്ങളെയും ഒരു നിമിഷം കൊണ്ടു അവനെ കാണിച്ചു: “ഈ അധികാരം ഒക്കെയും അതിന്റെ മഹത്വവും നിനക്കു തരാം; അത് എന്നെ ഏല്പിച്ചിരിക്കുന്നു; എനിക്ക് താത്പര്യം ഉള്ളവർക്ക് ഞാൻ ഇതു കൊടുക്കുന്നു. നീ എന്നെ നമസ്കരിച്ച് ആരാധിച്ചാൽ അതെല്ലാം നിനക്കു തരാം“ എന്നു അവനോട് പറഞ്ഞു. യേശു അവനോട്: നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവൂ എന്നു തിരുവചനത്തിൽ എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു. പിന്നെ അവൻ യേശുവിനെ യെരൂശലേമിലേക്ക് കൂട്ടിക്കൊണ്ട് പോയി ദൈവാലയത്തിന്‍റെ മുകളിൽ ഏറ്റവും ഉയരം കൂടിയ സ്ഥാനത്ത് നിർത്തി അവനോട്: “നീ ദൈവപുത്രൻ എങ്കിൽ ഇവിടെ നിന്നു താഴോട്ടു ചാടുക. “നിന്നെ സംരക്ഷിക്കുവാൻ അവൻ തന്റെ ദൂതന്മാരോട് നിന്നെക്കുറിച്ച് കല്പിക്കുകയും നിന്‍റെ കാൽ കല്ലിനോട് തട്ടാതെ അവർ നിന്നെ കയ്യിൽ താങ്ങിക്കൊള്ളുകയും ചെയ്യും” എന്നു തിരുവചനത്തിൽ എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. യേശു അവനോട്: നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത് എന്നും തിരുവെഴുത്തിൽ എഴുതിയിരിക്കുന്നുവല്ലോ എന്നു ഉത്തരം പറഞ്ഞു. അങ്ങനെ പിശാച് സകല പരീക്ഷയും പൂർത്തിയാക്കിയ ശേഷം കുറെ സമയത്തേക്ക് അവനെ വിട്ടുമാറി. യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലയ്ക്കു തിരികെ പോയി; അവനെക്കുറിച്ചുള്ള വാർത്ത ചുറ്റുമുള്ള നാട്ടിൽ ഒക്കെയും പ്രസിദ്ധമായി. അവൻ അവരുടെ പള്ളികളിൽ ഉപദേശിച്ചു; എല്ലാവരും അവനെ പ്രശംസിച്ചു. അങ്ങനെ അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിക്കുവാൻ എഴുന്നേറ്റുനിന്നു. യെശയ്യാപ്രവാചകന്റെ പുസ്തകം അവനു കൊടുത്തു; അവൻ പുസ്തകം തുറന്നു: “ദരിദ്രരോട് സുവിശേഷം അറിയിക്കുവാൻ കർത്താവ് എന്നെ അഭിഷേകം ചെയ്തിരിക്കയാൽ അവന്‍റെ ആത്മാവ് എന്‍റെ മേൽ ഉണ്ട്; തടവുകാർക്ക് വിടുതലും, അന്ധർക്ക് കാഴ്ചയും നൽകുമെന്ന് പ്രസംഗിക്കുവാനും, മർദ്ദിതരെ വിടുവിച്ചയയ്ക്കുവാനും, ജനങ്ങളോട് കാരുണ്യം കാട്ടുവാൻ കർത്താവിന്‍റെ വർഷം എത്തിയിരിക്കുന്നു എന്നു പ്രസംഗിക്കുവാനും എന്നെ അയച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്ന സ്ഥലം കണ്ടു. പിന്നെ അവൻ പുസ്തകം മടക്കി ശുശ്രൂഷക്കാരന് തിരികെ കൊടുത്തിട്ട് ഇരുന്നു; പള്ളിയിലുള്ള എല്ലാവരും യേശുവിനെ ശ്രദ്ധിച്ചു നോക്കിക്കൊണ്ടിരുന്നു. അവൻ അവരോട്: ഇന്ന് നിങ്ങൾ എന്റെ വചനം കേൾക്കുന്നത് കൊണ്ടു ഈ തിരുവെഴുത്തിൽ എഴുതിയിരിക്കുന്നത് പോലെ സംഭവിച്ചു എന്നു പറഞ്ഞുതുടങ്ങി. എല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾനിമിത്തം ആശ്ചര്യപ്പെട്ടു; “ഇവൻ യോസേഫിന്റെ മകൻ അല്ലയോ?“ എന്നു പറഞ്ഞു. യേശു അവരോട്: വൈദ്യാ, നിന്നെത്തന്നെ സൌഖ്യമാക്കുക എന്നുള്ള പഴഞ്ചൊല്ല് പോലെ കഫർന്നഹൂമിൽ ചെയ്തത് എല്ലാം ഈ നിന്‍റെ പിതാവിന്‍റെ നഗരത്തിലും ചെയ്ക എന്നും നിങ്ങൾ എന്നോട് പറയും നിശ്ചയം. ഒരു പ്രവാചകനെയും തന്‍റെ പിതൃനഗരത്തിൽ സ്വീകരിക്കുകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. ഏലീയാവിന്റെ കാലത്ത് മൂന്നു ആണ്ടും ആറു മാസവും മഴയില്ലാതെ ദേശത്തു എങ്ങും മഹാക്ഷാമം ഉണ്ടായപ്പോൾ യിസ്രായേലിൽ പല വിധവമാർ ഉണ്ടായിരുന്നു എന്നു ഞാൻ യഥാർത്ഥമായി നിങ്ങളോടു പറയുന്നു. എന്നാൽ സീദോനിലെ സരെപ്തയിൽ ഉള്ള ഒരു വിധവയുടെ അടുക്കലേക്കല്ലാതെ അവരിൽ ആരുടെയും അടുക്കലേക്ക് ഏലിയാവിനെ അയച്ചില്ല. അതുപോലെ എലീശാപ്രവാചകൻ്റെ കാലത്ത് യിസ്രായേലിൽ പല കുഷ്ഠരോഗികൾ ഉണ്ടായിരുന്നു. സിറിയക്കാരനായ നയമാൻ അല്ലാതെ വേറെ ആരും ശുദ്ധമായില്ല എന്നും അവൻ പറഞ്ഞു. പള്ളിയിലുള്ളവർ ഇതു കേട്ടിട്ടു എല്ലാവരും കോപിച്ച് എഴുന്നേറ്റ് അവനെ പട്ടണത്തിൽനിന്നു വെളിയിലാക്കി അവരുടെ പട്ടണം പണിതിരുന്ന മലയുടെ അറ്റത്ത് കൊണ്ടുപോയി തലകീഴായി തള്ളിയിടാം എന്നു വിചാരിച്ചു. യേശുവോ അവരുടെ നടുവിൽകൂടി കടന്നുപോയി. പിന്നീട് അവൻ ഗലീലയിലെ ഒരു പട്ടണമായ കഫർന്നഹൂമിൽ ചെന്നു. ഒരു ശബ്ബത്തിൽ അവരെ ഉപദേശിക്കുകയായിരുന്നു. അവൻ വചനം അധികാരത്തോടെ ഉപദേശിക്കുകയാൽ അവർ വിസ്മയിച്ചു.
ലൂക്കൊസ് 4:1-32 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി; ആത്മാവു അവനെ മരുഭൂമിയിലേക്കു നടത്തി; പിശാചു അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു. ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിച്ചില്ല; അവ കഴിഞ്ഞപ്പോൾ അവന്നു വിശന്നു. അപ്പോൾ പിശാചു അവനോടു: നീ ദൈവപുത്രൻ എങ്കിൽ ഈ കല്ലിനോടു അപ്പമായിത്തീരുവാൻ കല്പിക്ക എന്നു പറഞ്ഞു. യേശു അവനോടു: മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നതു എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു. പിന്നെ പിശാചു അവനെ മേലോട്ടു കൂട്ടിക്കൊണ്ടുപോയി ലോകത്തിലെ സകല രാജ്യങ്ങളെയും ക്ഷണനേരത്തിൽ അവന്നു കാണിച്ചു: ഈ അധികാരം ഒക്കെയും അതിന്റെ മഹത്വവും നിനക്കു തരാം; അതു എങ്കൽ ഏല്പിച്ചിരിക്കുന്നു; എനിക്കു മനസ്സുള്ളവന്നു ഞാൻ കൊടുക്കുന്നു. നീ എന്നെ നമസ്കരിച്ചാൽ അതെല്ലാം നിന്റെതാകും എന്നു അവനോടു പറഞ്ഞു. യേശു അവനോടു: നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു. പിന്നെ അവൻ അവനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടു പോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനോടു: നീ ദൈവപുത്രൻ എങ്കിൽ ഇവിടെ നിന്നു താഴോട്ടു ചാടുക. “നിന്നെ കാപ്പാൻ അവൻ തന്റെ ദൂതന്മാരോടു നിന്നെക്കുറിച്ചു കല്പിക്കയും നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം അവർ നിന്നെ കയ്യിൽ താങ്ങിക്കൊള്ളുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. യേശു അവനോടു: നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നു അരുളിച്ചെയ്തിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു. അങ്ങനെ പിശാചു സകല പരീക്ഷയും തികെച്ചശേഷം കുറെ കാലത്തേക്കു അവനെ വിട്ടുമാറി. യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിൽ ഒക്കെയും പരന്നു. അവൻ അവരുടെ പള്ളികളിൽ ഉപദേശിച്ചു; എല്ലാവരും അവനെ പ്രശംസിച്ചു. അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു. യെശയ്യാപ്രവാചകന്റെ പുസ്തകം അവന്നു കൊടുത്തു; അവൻ പുസ്തകം വിടർത്തി: “ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവു എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവു എന്റെമേൽ ഉണ്ടു; ബദ്ധന്മാർക്കു വിടുതലും കുരുടന്മാർക്കു കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും കർത്താവിന്റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്ന സ്ഥലം കണ്ടു. പിന്നെ അവൻ പുസ്തകം മടക്കി ശുശ്രൂഷക്കാരന്നു തിരികെ കൊടുത്തിട്ടു ഇരുന്നു; പള്ളിയിലുള്ള എല്ലാവരുടെയും കണ്ണു അവങ്കൽ പതിഞ്ഞിരുന്നു. അവൻ അവരോടു: ഇന്നു നിങ്ങൾ എന്റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു എന്നു പറഞ്ഞുതുടങ്ങി. എല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾ നിമിത്തം ആശ്ചര്യപെട്ടു; ഇവൻ യോസേഫിന്റെ മകൻ അല്ലയോ എന്നു പറഞ്ഞു. അവൻ അവരോടു: “വൈദ്യാ, നിന്നെത്തന്നേ സൗഖ്യമാക്കുക” എന്നുള്ള പഴഞ്ചൊല്ലും “കഫർന്നഹൂമിൽ ഉണ്ടായി കേട്ടതു എല്ലാം ഈ നിന്റെ പിതൃനഗരത്തിലും ചെയ്ക” എന്നും നിങ്ങൾ എന്നോടു പറയും നിശ്ചയം. ഒരു പ്രവാചകനും തന്റെ പിതൃനഗരത്തിൽ സമ്മതനല്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. ഏലീയാവിന്റെ കാലത്തു ആകാശം മൂവാണ്ടും ആറു മാസവും അടഞ്ഞിട്ടു ദേശത്തു എങ്ങും മഹാക്ഷാമം ഉണ്ടായപ്പോൾ യിസ്രായേലിൽ പല വിധവമാർ ഉണ്ടായിരുന്നു എന്നു ഞാൻ യഥാർത്ഥമായി നിങ്ങളോടു പറയുന്നു. എന്നാൽ സീദോനിലെ സരെപ്തയിൽ ഒരു വിധവയുടെ അടുക്കലേക്കല്ലാതെ അവരിൽ ആരുടെയും അടുക്കലേക്കു ഏലീയാവിനെ അയച്ചില്ല. അവ്വണ്ണം എലീശാപ്രവാചകന്റെ കാലത്തു യിസ്രായേലിൽ പല കുഷ്ഠരോഗികൾ ഉണ്ടായിരുന്നു. സുറിയക്കാരനായ നയമാൻ അല്ലാതെ അവരാരും ശുദ്ധമായില്ല എന്നും അവൻ പറഞ്ഞു. പള്ളിയിലുള്ളവർ ഇതു കേട്ടിട്ടു എല്ലാവരും കോപം നിറഞ്ഞവരായി എഴുന്നേറ്റു അവനെ പട്ടണത്തിന്നു പുറത്താക്കി അവരുടെ പട്ടണം പണിതിരുന്ന മലയുടെ വക്കോളം കൊണ്ടുപോയി തലകീഴായി തള്ളിയിടുവാൻ ഭാവിച്ചു. അവനോ അവരുടെ നടുവിൽ കൂടി കടന്നുപോയി. അനന്തരം അവൻ ഗലീലയിലെ ഒരു പട്ടണമായ കഫർന്നഹൂമിൽ ചെന്നു ശബ്ബത്തിൽ അവരെ ഉപദേശിച്ചുപോന്നു. അവന്റെ വചനം അധികാരത്തോടെ ആകയാൽ അവർ അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു.
ലൂക്കൊസ് 4:1-32 സമകാലിക മലയാളവിവർത്തനം (MCV)
പരിശുദ്ധാത്മാവ് നിറഞ്ഞവനായ യേശു യോർദാൻനദിയിൽനിന്ന് മടങ്ങി. പരിശുദ്ധാത്മാവ് അദ്ദേഹത്തെ ഒരു വിജനപ്രദേശത്തേക്ക് കൊണ്ടുപോയി. അവിടെ അദ്ദേഹം നാൽപ്പതുദിവസം പിശാചിനാൽ പ്രലോഭിപ്പിക്കപ്പെട്ടു. ആ ദിവസങ്ങളിൽ അദ്ദേഹം ഒന്നും ഭക്ഷിച്ചിരുന്നില്ല, നാൽപ്പതുദിവസം കഴിഞ്ഞപ്പോൾ അദ്ദേഹത്തിനു വിശപ്പനുഭവപ്പെട്ടു. അപ്പോൾ പിശാച് യേശുവിനോട്, “അങ്ങ് ദൈവപുത്രൻ ആണെങ്കിൽ, ഈ കല്ലിനോട് അപ്പം ആകാൻ ആജ്ഞാപിക്കുക!” എന്നു പറഞ്ഞു. അപ്പോൾ യേശു അവനോട്, “ ‘മനുഷ്യൻ കേവലം അപ്പംകൊണ്ടുമാത്രമല്ല ജീവിക്കുന്നത്’ എന്ന് എഴുതിയിരിക്കുന്നു” എന്ന് ഉത്തരം പറഞ്ഞു. തുടർന്ന് പിശാച് യേശുവിനെ ഒരു ഉയർന്ന സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി, ലോകത്തിലെ സകലരാജ്യങ്ങളും ക്ഷണനേരംകൊണ്ട് അദ്ദേഹത്തെ കാണിച്ചിട്ട്, “ഈ രാജ്യങ്ങളുടെയെല്ലാം ആധിപത്യവും ഇവയുടെ മഹത്ത്വവും ഞാൻ നിനക്കു തരാം; ഇവയെല്ലാം എനിക്കു നൽകപ്പെട്ടിരിക്കുന്നു, എനിക്ക് ഇഷ്ടമുള്ളവന് ഞാൻ ഇതു കൊടുക്കുകയുംചെയ്യുന്നു. നീ എന്റെമുമ്പിൽ ഒന്നു വീണുവണങ്ങുമെങ്കിൽ ഇതെല്ലാം നിനക്കുള്ളതായിത്തീരും” എന്ന് പിശാച് യേശുവിനോട് പറഞ്ഞു. അപ്പോൾ യേശു അവനോട്, “ ‘നിങ്ങളുടെ ദൈവമായ കർത്താവിനെ വണങ്ങി അവിടത്തെമാത്രമേ സേവിക്കാവൂ’ എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്” എന്നു പറഞ്ഞു. പിന്നെ പിശാച് യേശുവിനെ ജെറുശലേമിലേക്ക് കൊണ്ടുപോയി, ദൈവാലയത്തിന്റെ ഗോപുരാഗ്രത്തിൽ നിർത്തിയിട്ട്, “അങ്ങ് ദൈവപുത്രൻ ആകുന്നു എങ്കിൽ ഇവിടെനിന്ന് താഴേക്കു ചാടുക. “ ‘ദൈവം തന്റെ ദൂതന്മാരോട് അങ്ങയെ കാത്തു സംരക്ഷിക്കാൻ കൽപ്പിക്കും; അവർ അങ്ങയുടെ പാദങ്ങൾ കല്ലിൽ മുട്ടാതെ അങ്ങയെ അവരുടെ കരങ്ങളിലേന്തും,’ എന്ന് എഴുതിയിരിക്കുന്നല്ലോ” എന്നു പറഞ്ഞു. അതിനുത്തരമായി യേശു, “ ‘നിങ്ങളുടെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത്’ എന്നും എഴുതിയിരിക്കുന്നു” എന്നു പറഞ്ഞു. ഈ പ്രലോഭനങ്ങളെല്ലാം പരിസമാപിച്ചപ്പോൾ മറ്റൊരവസരം കാത്ത് പിശാച് അദ്ദേഹത്തെ വിട്ടുപോയി. യേശു ദൈവാത്മശക്തിയിൽ ഗലീലയ്ക്കു മടങ്ങി; അദ്ദേഹത്തെക്കുറിച്ചുള്ള വാർത്ത ഗലീലാപ്രവിശ്യയിലെല്ലായിടത്തും പ്രചരിച്ചു. അദ്ദേഹം യെഹൂദരുടെ പള്ളികളിൽ ഉപദേശിച്ചു; എല്ലാവരും അദ്ദേഹത്തെ പ്രശംസിച്ചു. യേശു, അദ്ദേഹം വളർന്ന സ്വന്തം പട്ടണമായ നസറെത്തിലേക്കു യാത്രയായി. അദ്ദേഹം ശബ്ബത്തുദിവസത്തിൽ പതിവനുസരിച്ച് പള്ളിയിൽ ചെന്ന് വായിക്കാൻ എഴുന്നേറ്റുനിന്നു. യെശയ്യാപ്രവാചകന്റെ പുസ്തകച്ചുരുൾ അദ്ദേഹത്തിനു നൽകി. ചുരുൾ നിവർത്തി ഇങ്ങനെ എഴുതപ്പെട്ട ഭാഗം അദ്ദേഹം എടുത്തു. “ദരിദ്രരോടു സുവിശേഷം അറിയിക്കാൻ കർത്താവ് എന്നെ അഭിഷേകം ചെയ്തിരിക്കുകയാൽ അവിടത്തെ ആത്മാവ് എന്റെമേലുണ്ട്. തടവുകാർക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കാനും അന്ധർക്കു കാഴ്ചയും മർദിതർക്കു മോചനവും നൽകാനും, കർത്താവിന്റെ പ്രസാദവർഷം പ്രസംഗിക്കാനും, എന്നെ അയച്ചിരിക്കുന്നു.” പിന്നെ യേശു പുസ്തകച്ചുരുൾ ചുരുട്ടി ശുശ്രൂഷകനു തിരികെ കൊടുത്തിട്ട് ഇരുന്നു. പള്ളിയിലുണ്ടായിരുന്ന എല്ലാവരും അദ്ദേഹത്തെ ശ്രദ്ധിച്ചുനോക്കി. അദ്ദേഹം അവരോട്, “നിങ്ങൾ കേട്ട ഈ തിരുവെഴുത്ത് ഇന്ന് നിവൃത്തിയായിരിക്കുകയാണ്” എന്നു പറഞ്ഞു. എല്ലാവരും അദ്ദേഹത്തെക്കുറിച്ചു നല്ല അഭിപ്രായം പറഞ്ഞു. അദ്ദേഹത്തിന്റെ അധരങ്ങളിൽനിന്ന് പുറപ്പെട്ട മധുരവചസ്സുകൾ കേട്ട് ജനം അത്ഭുതപ്പെട്ടു. “ഇത് യോസേഫിന്റെ മകനല്ലേ?” ജനം പരസ്പരം ചോദിച്ചു. യേശു അവരോട്, “ ‘വൈദ്യാ, നിന്നെത്തന്നെ സൗഖ്യമാക്കുക’ എന്ന പഴഞ്ചൊല്ല് ഉദ്ധരിച്ചുകൊണ്ട്, ‘താങ്കൾ കഫാർനഹൂമിൽ ചെയ്തുവെന്നു ഞങ്ങൾ കേട്ടിരിക്കുന്നതു താങ്കളുടെ ഈ പിതൃനഗരത്തിലും ചെയ്യുക’ എന്നു നിങ്ങൾ എന്നോടു തീർച്ചയായും പറയും” എന്നു പറഞ്ഞു. അദ്ദേഹം ഇങ്ങനെ തുടർന്നു: “ഒരു പ്രവാചകനും സ്വന്തം നഗരത്തിൽ അംഗീകരിക്കപ്പെടുന്നില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. ഏലിയാവിന്റെ കാലത്ത്, ആകാശം മൂന്നര വർഷത്തേക്ക് അടഞ്ഞുപോകുകയും ദേശത്തെല്ലായിടത്തും വലിയ ക്ഷാമം ഉണ്ടാകുകയും ചെയ്തു. ആ സമയത്ത് ഇസ്രായേലിൽ അനേകം വിധവകൾ ഉണ്ടായിരുന്നു, നിശ്ചയം. എന്നാൽ, ദൈവം അവരിലാരുടെയും അടുക്കലേക്കല്ല; മറിച്ച് സീദോൻ പ്രദേശത്തെ സരെപ്തയിലെ ഒരു വിധവയുടെ അടുത്തേക്കാണ് ഏലിയാപ്രവാചകനെ അയച്ചത്. അതുപോലെതന്നെ എലീശാപ്രവാചകന്റെ കാലത്ത് ഇസ്രായേലിൽ കുഷ്ഠം ബാധിച്ച അനേകർ ഉണ്ടായിരുന്നെങ്കിലും സുറിയാക്കാരനായ നയമാൻ ഒഴികെ അവരിൽ ആർക്കും സൗഖ്യം ലഭിച്ചില്ല.” ഇതു കേട്ട് പള്ളിയിൽ ഉണ്ടായിരുന്ന എല്ലാവരും ക്രോധാകുലരായിത്തീർന്നു; ഇരിപ്പിടത്തിൽനിന്ന് ചാടിയെഴുന്നേറ്റ് അദ്ദേഹത്തെ പട്ടണത്തിൽനിന്ന് പുറത്തേക്ക് കൊണ്ടുപോയി, പട്ടണം പണിതിരുന്ന മലയുടെ വക്കിൽനിന്ന് താഴേക്കു തള്ളിയിടാൻ ശ്രമിച്ചു. എന്നാൽ അദ്ദേഹം ജനക്കൂട്ടത്തിന്റെ ഇടയിലൂടെ നടന്നു തന്റെ വഴിക്കുപോയി. പിന്നൊരിക്കൽ അദ്ദേഹം ഗലീലയിലെ ഒരു പട്ടണമായ കഫാർനഹൂമിൽചെന്ന് ശബ്ബത്തുനാളിൽ ജനത്തെ ഉപദേശിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ സന്ദേശം ആധികാരികതയോടെ ആയിരുന്നതിനാൽ ജനം അദ്ദേഹത്തിന്റെ ഉപദേശത്തിൽ ആശ്ചര്യപ്പെട്ടു.