ലൂക്കൊസ് 3:1-6

ലൂക്കൊസ് 3:1-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

തിബെര്യാസ് കൈസരുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടിൽ പൊന്തിയൊസ് പീലാത്തൊസ് യെഹൂദ്യനാടു വാഴുമ്പോൾ, ഹെരോദാവ് ഗലീലയിലും അവന്റെ സഹോദരനായ ഫീലിപ്പൊസ് ഇതൂര്യ, ത്രഖോനിത്തി ദേശങ്ങളിലും ലുസാന്യാസ് അബിലേനയിലും ഇടപ്രഭുക്കന്മാരായും ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായും ഇരിക്കുംകാലം സെഖര്യാവിന്റെ മകനായ യോഹന്നാന് മരുഭൂമിയിൽവച്ചു ദൈവത്തിന്റെ അരുളപ്പാട് ഉണ്ടായി. അവൻ യോർദ്ദാനരികെയുള്ള നാട്ടിലൊക്കെയും വന്നു പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചു. “മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കാവിത്: കർത്താവിന്റെ വഴി ഒരുക്കുവിൻ; അവന്റെ പാത നിരപ്പാക്കുവിൻ. എല്ലാ താഴ്‌വരയും നികന്നുവരും; എല്ലാ മലയും കുന്നും താഴും; വളഞ്ഞതു ചൊവ്വായും ദുർഘടമായതു നിരന്ന വഴിയായും തീരും; സകല ജഡവും ദൈവത്തിന്റെ രക്ഷയെ കാണും” എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെതന്നെ.

ലൂക്കൊസ് 3:1-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സഖറിയായുടെ പുത്രനായ യോഹന്നാനു വിജനസ്ഥലത്തുവച്ച് ദൈവത്തിന്റെ അരുളപ്പാടുണ്ടായി. അത് തിബര്യോസ് കൈസറുടെ ഭരണത്തിന്റെ പതിനഞ്ചാം വർഷം ആയിരുന്നു; പൊന്തിയോസ് പീലാത്തോസ് ആയിരുന്നു യെഹൂദ്യയിലെ ഗവർണർ; ഹേരോദാ അന്തിപ്പാസ് ഗലീലയിലെയും അദ്ദേഹത്തിന്റെ സഹോദരൻ ഫീലിപ്പോസ് ഇതൂര്യ ത്രഖോനിത്തിയിലെയും ലൂസാന്യാസ് അബിലേനയിലെയും സാമന്തരാജാക്കന്മാരും ആയിരുന്നു. അന്നത്തെ മഹാപുരോഹിതന്മാർ ഹന്നാസും കയ്യഫാസുമായിരുന്നു. യോഹന്നാൻ യോർദ്ദാൻനദിയുടെ പരിസരപ്രദേശങ്ങളിലെല്ലാം സഞ്ചരിച്ച് “നിങ്ങളുടെ പാപങ്ങളിൽനിന്നു പിന്തിരിയുക, സ്നാപനം സ്വീകരിക്കുക; അപ്പോൾ ദൈവം നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കും” എന്നു പ്രഖ്യാപനം ചെയ്തു. വിജനപ്രദേശത്ത് ഒരാൾ വിളിച്ചുപറയുന്നു: ‘ദൈവത്തിനുവേണ്ടി വഴി ഒരുക്കുക; അവിടുത്തെ പാത നേരെയാക്കുക. എല്ലാ താഴ്‌വരകളും നികത്തപ്പെടണം; എല്ലാ കുന്നുകളും മലകളും നിരത്തുകയും, വളഞ്ഞ വഴികളെല്ലാം നേരെയാക്കുകയും, പരുക്കൻ പാതകളെല്ലാം സുഗമമാക്കിത്തീർക്കുകയും വേണം. അങ്ങനെ ദൈവത്തിന്റെ രക്ഷ മനുഷ്യവർഗം മുഴുവനും ദർശിക്കും’ എന്ന് യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ടല്ലോ.

ലൂക്കൊസ് 3:1-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

തിബര്യാസ് കൈസരുടെ ഭരണത്തിന്‍റെ പതിനഞ്ചാം വർഷത്തിൽ, പൊന്തിയൊസ് പീലാത്തോസ് യെഹൂദ്യയിലെ ഗവർണ്ണർ ആയിരുന്നു. ഹെരോദാവ് ഗലീലയിലും, അവന്‍റെ സഹോദരനായ ഫിലിപ്പൊസ് ഇതുര്യ, ത്രഖോനിത്തി ദേശങ്ങളിലും, ലുസാന്യാസ് അബിലേനയിലും ഇടപ്രഭുക്കന്മാർ ആയിരുന്നു. അന്നത്തെ മഹാപുരോഹിതന്മാരായ ഹന്നാവിൻ്റേയും കയ്യഫാവിൻ്റേയും കാലത്തായിരുന്നു സെഖര്യാവിന്‍റെ മകനായ യോഹന്നാന് മരുഭൂമിയിൽവച്ച് ദൈവത്തിന്‍റെ അരുളപ്പാടു ഉണ്ടായത്. അവൻ യോർദ്ദാനരികെയുള്ള നാട്ടിൽ ഒക്കെയും ചെന്നു പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചു. “മരുഭൂമിയിൽ വിളിച്ചുപറയുന്നവന്‍റെ ശബ്ദമാണിത്: കർത്താവിന്‍റെ വഴി ഒരുക്കുവിൻ; അവന്‍റെ പാത നിരപ്പാക്കുവിൻ. എല്ലാ താഴ്‌വരകളും നികന്നുവരും; എല്ലാ മലയും കുന്നും താഴുകയും നിരപ്പാവുകയും ചെയ്യും; വളഞ്ഞതു നേരെയാവുകയും ദുർഘടമായത് നിരന്ന വഴിയായും തീരും; സകലമനുഷ്യരും ദൈവത്തിന്‍റെ രക്ഷയെ കാണും”

ലൂക്കൊസ് 3:1-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

തീബെര്യൊസ് കൈസരുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടിൽ പൊന്തിയൊസ് പീലാത്തൊസ് യെഹൂദ്യനാടു വാഴുമ്പോൾ, ഹെരോദാവു ഗലീലയിലും അവന്റെ സഹോദരനായ ഫീലിപ്പൊസ് ഇതുര്യത്രഖോനിത്തിദേശങ്ങളിലും ലുസാന്യാസ് അബിലേനയിലും ഇടപ്രഭുക്കന്മാരായും ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായും ഇരിക്കും കാലം സെഖര്യാവിന്റെ മകനായ യോഹന്നാന്നു മരുഭൂമിയിൽവെച്ചു ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായി. അവൻ യോർദ്ദാന്നരികെയുള്ള നാട്ടിൽ ഒക്കെയും വന്നു പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചു. “മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കാവിതു: കർത്താവിന്റെ വഴി ഒരുക്കുവിൻ; അവന്റെ പാത നിരപ്പാക്കുവിൻ. എല്ലാതാഴ്‌വരയും നികന്നുവരും; എല്ലാമലയും കുന്നും താഴും; വളഞ്ഞതു ചൊവ്വായും ദുർഘടമായതു നിരന്ന വഴിയായും തീരും; സകലജഡവും ദൈവത്തിന്റെ രക്ഷയെ കാണും” എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ തന്നേ.

ലൂക്കൊസ് 3:1-6 സമകാലിക മലയാളവിവർത്തനം (MCV)

റോമാ ചക്രവർത്തി, തീബെര്യൊസ് കൈസറുടെ ഭരണത്തിന്റെ പതിനഞ്ചാംവർഷത്തിൽ, പൊന്തിയോസ് പീലാത്തോസ് യെഹൂദ്യപ്രവിശ്യയിലെ ഭരണാധികാരിയും ഹെരോദാവ് ഗലീലാപ്രവിശ്യയിലും അദ്ദേഹത്തിന്റെ സഹോദരൻ ഫിലിപ്പൊസ് ഇതൂര്യ, ത്രഖോനിത്തി എന്നീ പ്രദേശങ്ങളിലും ലുസാന്യാസ് അബിലേനയിലും ഭരിച്ചുകൊണ്ടിരുന്നു. ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായിരുന്ന ഈ സമയത്ത്, സെഖര്യാവിന്റെ മകനായ യോഹന്നാന് മരുഭൂമിയിൽവെച്ചു ദൈവത്തിന്റെ അരുളപ്പാടുണ്ടായി. അദ്ദേഹം യോർദാൻനദിക്ക് അടുത്തുള്ള ഗ്രാമങ്ങളിലെല്ലാം ചെന്ന്, ഗ്രാമവാസികൾ അവരുടെ പാപങ്ങളെക്കുറിച്ചു പശ്ചാത്തപിച്ച് അവയുടെ മോചനത്തിനായി ദൈവത്തിലേക്കു തിരിയണം എന്നും; ഇതിന്റെ തെളിവിനായി സ്നാനം സ്വീകരിക്കണം എന്നും പ്രസംഗിച്ചു: “മരുഭൂമിയിൽ വിളംബരംചെയ്യുന്നവന്റെ ശബ്ദം! ‘കർത്താവിന്റെ വഴിയൊരുക്കുക; അവിടത്തേക്കുവേണ്ടി പാത നേരേയാക്കുക! എല്ലാ താഴ്വരകളും നികത്തപ്പെടും. എല്ലാ പർവതങ്ങളും കുന്നുകളും താഴ്ത്തപ്പെടും. വളഞ്ഞവഴികൾ നേരേയാക്കുകയും ദുർഘടപാതകൾ സുഗമമാക്കുകയും ചെയ്യും. എല്ലാ മനുഷ്യരും ദൈവത്തിന്റെ രക്ഷ കാണും’ ” എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെതന്നെ.