ലൂക്കൊസ് 23:49-56
ലൂക്കൊസ് 23:49-56 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവന്റെ പരിചയക്കാർ എല്ലാവരും ഗലീലയിൽനിന്ന് അവനെ അനുഗമിച്ച സ്ത്രീകളും ഇതു നോക്കിക്കൊണ്ടു ദൂരത്തു നിന്നു. അരിമഥ്യ എന്നൊരു യെഹൂദ്യപട്ടണക്കാരനായി നല്ലവനും നീതിമാനും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ യോസേഫ് എന്നൊരു മന്ത്രി- അവൻ അവരുടെ ആലോചനയ്ക്കും പ്രവൃത്തിക്കും അനുകൂലമല്ലായിരുന്നു- പീലാത്തൊസിന്റെ അടുക്കൽ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു, അത് ഇറക്കി ഒരു ശീലയിൽ പൊതിഞ്ഞു പാറയിൽ വെട്ടിയിരുന്നതും ആരെയും ഒരിക്കലും വച്ചിട്ടില്ലാത്തതുമായ കല്ലറയിൽ വച്ചു. അന്ന് ഒരുക്കനാൾ ആയിരുന്നു, ശബ്ബത്തും ആരംഭിച്ചു. ഗലീലയിൽനിന്ന് അവനോടുകൂടെ പോന്ന സ്ത്രീകളും പിന്നാലെ ചെന്നു കല്ലറയും അവന്റെ ശരീരം വച്ച വിധവും കണ്ടിട്ടു മടങ്ങിപ്പോയി. സുഗന്ധവർഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ചു ശബ്ബത്തിൽ സ്വസ്ഥമായിരുന്നു.
ലൂക്കൊസ് 23:49-56 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശുവിനെ നേരിട്ടറിയാവുന്നവരും ഗലീലയിൽനിന്ന് അവിടുത്തെ അനുഗമിച്ച സ്‍ത്രീകളും അല്പം അകലെനിന്ന് ഇതെല്ലാം വീക്ഷിച്ചുകൊണ്ടിരുന്നു. യെഹൂദ്യയിലെ അരിമത്യ എന്ന പട്ടണക്കാരനായ യോസേഫ് എന്നൊരാൾ അവിടെയുണ്ടായിരുന്നു. അദ്ദേഹം സന്നദ്രിംസംഘത്തിലെ അംഗമായിരുന്നെങ്കിലും യേശുവിനെ സംബന്ധിച്ച് അവർ കൈക്കൊണ്ട തീരുമാനത്തെയും നടപടിയെയും അനുകൂലിച്ചിരുന്നില്ല. ഉത്തമനും ധർമനിഷ്ഠനുമായ അദ്ദേഹം ദൈവരാജ്യത്തിന്റെ ആഗമനം പ്രതീക്ഷിച്ചുകൊണ്ടിരുന്നവരിൽ ഒരാളായിരുന്നു. യോസേഫ് പീലാത്തോസിന്റെ അടുക്കൽ ചെന്ന് യേശുവിന്റെ മൃതശരീരം വിട്ടുകൊടുക്കണമെന്ന് അപേക്ഷിച്ചു. പിന്നീട് അദ്ദേഹം യേശുവിന്റെ ശരീരം താഴെയിറക്കി മൃതദേഹം പൊതിയുന്ന തുണിയിൽ പൊതിഞ്ഞ്, പാറ തുരന്നുണ്ടാക്കിയതും അതിനു മുമ്പ് ആരെയും വച്ചിട്ടില്ലാത്തതുമായ ഒരു കല്ലറയിൽ സംസ്കരിച്ചു. അന്ന് യെഹൂദന്മാരുടെ ഒരുക്കനാളായിരുന്നു. ശബത്തിന്റെ ആരംഭമായ സന്ധ്യാസമയം സമീപിച്ചുമിരുന്നു. ഗലീലയിൽനിന്ന് യേശുവിനെ അനുഗമിച്ചിരുന്ന സ്‍ത്രീകൾ യോസേഫിനോടുകൂടി ചെന്ന് കല്ലറയും യേശുവിന്റെ മൃതദേഹം സംസ്കരിച്ച വിധവും കണ്ടു. പിന്നീട് അവർ തിരിച്ചുപോയി യേശുവിന്റെ ശരീരത്തിൽ പൂശുവാനുള്ള സുഗന്ധദ്രവ്യങ്ങളും പരിമളതൈലവും തയ്യാറാക്കി. ശബത്തുദിവസം യെഹൂദമതനിയമപ്രകാരം അവർ വിശ്രമിച്ചു.
ലൂക്കൊസ് 23:49-56 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവന്‍റെ പരിചയക്കാർ എല്ലാവരും ഗലീലയിൽ നിന്നു അവനെ അനുഗമിച്ച സ്ത്രീകളും ഇതു നോക്കിക്കൊണ്ട് ദൂരത്ത് നിന്നു. അരിമത്ഥ്യ എന്നൊരു യെഹൂദ്യപട്ടണക്കാരനായി നല്ലവനും നീതിമാനും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ യോസേഫ് എന്നൊരു മന്ത്രി ഉണ്ടായിരുന്നു. അവൻ അവരുടെ ആലോചനയ്ക്കും പ്രവൃത്തിക്കും അനുകൂലമല്ലായിരുന്നു. അവൻ പീലാത്തോസിന്‍റെ അടുക്കൽ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു, അത് ഇറക്കി ഒരു തുണിയിൽ പൊതിഞ്ഞു, പാറയിൽ വെട്ടിയിരുന്നതും, ആരെയും ഒരിക്കലും വെച്ചിട്ടില്ലാത്തതുമായ കല്ലറയിൽ വച്ചു. അന്നു യെഹൂദന്മാരുടെ ഒരുക്കനാൾ ആയിരുന്നു, ശബ്ബത്തും ആരംഭിച്ചു. ഗലീലയിൽ നിന്നു അവനോടുകൂടെ അനുഗമിച്ച സ്ത്രീകളും ചെന്നു കല്ലറയും അവന്റെ ശരീരം വെച്ച വിധവും കണ്ടിട്ട് മടങ്ങിപ്പോയി സുഗന്ധവർഗ്ഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ചു ശബ്ബത്തിൽ സ്വസ്ഥമായിരിന്നു.
ലൂക്കൊസ് 23:49-56 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവന്റെ പരിചയക്കാർ എല്ലാവരും ഗലീലയിൽ നിന്നു അവനെ അനുഗമിച്ച സ്ത്രീകളും ഇതു നോക്കിക്കൊണ്ടു ദൂരത്തു നിന്നു. അരിമത്യ എന്നൊരു യെഹൂദ്യപട്ടണക്കാരനായി നല്ലവനും നീതിമാനും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ യോസേഫ് എന്നൊരു മന്ത്രി ‒ അവൻ അവരുടെ ആലോചനെക്കും പ്രവൃത്തിക്കും അനുകൂലമല്ലായിരുന്നു ‒ പീലാത്തൊസിന്റെ അടുക്കൽ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു, അതു ഇറക്കി ഒരു ശീലയിൽ പൊതിഞ്ഞു പാറയിൽ വെട്ടിയിരുന്നതും ആരെയും ഒരിക്കലും വെച്ചിട്ടില്ലാത്തതുമായ കല്ലറയിൽ വെച്ചു. അന്നു ഒരുക്കനാൾ ആയിരുന്നു, ശബ്ബത്തും ആരംഭിച്ചു. ഗലീലയിൽ നിന്നു അവനോടുകൂടെ പോന്ന സ്ത്രീകളും പിന്നാലെ ചെന്നു കല്ലറയും അവന്റെ ശരീരം വെച്ച വിധവും കണ്ടിട്ടു മടങ്ങിപ്പോയി സുഗന്ധവർഗ്ഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ചു ശബ്ബത്തിൽ സ്വസ്ഥമായിരന്നു.
ലൂക്കൊസ് 23:49-56 സമകാലിക മലയാളവിവർത്തനം (MCV)
എന്നാൽ, ഗലീലയിൽനിന്ന് അദ്ദേഹത്തെ അനുഗമിച്ച സ്ത്രീകൾ ഉൾപ്പെടെ അദ്ദേഹത്തിന്റെ പരിചയക്കാർ എല്ലാവരും ഇവയെല്ലാം നോക്കിക്കൊണ്ട് ദൂരത്തുനിന്നിരുന്നു. ന്യായാധിപസമിതിയിലെ ഒരംഗവും നല്ലവനും നീതിനിഷ്ഠനുമായ യോസേഫ് എന്നു പേരുള്ള ഒരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു. അയാൾ അവരുടെ തീരുമാനത്തിനും അത് നടപ്പിലാക്കിയതിനും അനുകൂലമായിരുന്നില്ല. അയാൾ അരിമഥ്യ എന്ന യെഹൂദാപട്ടണത്തിൽനിന്നുള്ളയാളും ദൈവരാജ്യത്തിന്റെ വരവിനായി കാത്തിരുന്നയാളുമായിരുന്നു. അയാൾ പീലാത്തോസിന്റെ അടുക്കൽ ചെന്ന് യേശുവിന്റെ മൃതദേഹം വിട്ടുതരണമെന്നപേക്ഷിച്ചു. പിന്നെ അയാൾ യേശുവിന്റെ ശരീരം താഴെയിറക്കി മൃദുലവസ്ത്രത്തിൽ പൊതിഞ്ഞ്, പാറയിൽ വെട്ടിയുണ്ടാക്കിയിരുന്നതും ആരെയും അതുവരെ അടക്കിയിട്ടില്ലാത്തതുമായ ഒരു കല്ലറയിൽ സംസ്കരിച്ചു. അന്ന് ഒരുക്കനാളായിരുന്നു; ശബ്ബത്ത് ആരംഭിക്കാനുള്ള സമയവും അടുത്തിരുന്നു. ഗലീലയിൽനിന്ന് യേശുവിനോടൊപ്പം വന്ന സ്ത്രീകൾ യോസേഫിന്റെ പിന്നാലെചെന്ന്, കല്ലറയും അതിൽ മൃതദേഹം സംസ്കരിച്ച വിധവും കണ്ടു. തുടർന്ന് അവർ ഭവനത്തിലേക്കു പോയി സുഗന്ധദ്രവ്യങ്ങളും പരിമളതൈലവും ഒരുക്കിവെച്ചു. കൽപ്പനയനുസരിച്ച് ശബ്ബത്തുനാളിൽ അവർ വിശ്രമിച്ചു.