ലൂക്കൊസ് 23:32-49

ലൂക്കൊസ് 23:32-49 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ദുഷ്പ്രവൃത്തിക്കാരായ വേറേ രണ്ടു പേരെയും അവനോടുകൂടെ കൊല്ലേണ്ടതിനു കൊണ്ടുപോയി. തലയോടിടം എന്ന സ്ഥലത്ത് എത്തിയപ്പോൾ അവർ അവിടെ അവനെയും ദുഷ്പ്രവൃത്തിക്കാരെയും, ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി, ക്രൂശിച്ചു. എന്നാൽ യേശു: പിതാവേ, ഇവർ ചെയ്യുന്നത് ഇന്നത് എന്ന് അറിയായ്കകൊണ്ട് ഇവരോട് ക്ഷമിക്കേണമേ എന്നു പറഞ്ഞു. അനന്തരം അവർ അവന്റെ വസ്ത്രം വിഭാഗിച്ചു ചീട്ടിട്ടു. ജനം നോക്കിക്കൊണ്ടു നിന്നു. ഇവൻ മറ്റുള്ളവരെ രക്ഷിച്ചുവല്ലോ; ദൈവം തിരഞ്ഞെടുത്ത ക്രിസ്തു എങ്കിൽ തന്നെത്താൻ രക്ഷിക്കട്ടെ എന്നു പ്രധാനികളും പരിഹസിച്ചുപറഞ്ഞു. പടയാളികളും അവനെ പരിഹസിച്ച് അടുത്തുവന്ന് അവനു പുളിച്ച വീഞ്ഞു കാണിച്ചു. നീ യെഹൂദന്മാരുടെ രാജാവ് എങ്കിൽ നിന്നെത്തന്നെ രക്ഷിക്ക എന്നു പറഞ്ഞു. ഇവൻ യെഹൂദന്മാരുടെ രാജാവ് എന്ന് ഒരു മേലെഴുത്തും അവന്റെ മീതെ ഉണ്ടായിരുന്നു. തൂക്കിയ ദുഷ്പ്രവൃത്തിക്കാരിൽ ഒരുത്തൻ: നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നെയും ഞങ്ങളെയും രക്ഷിക്ക എന്നു പറഞ്ഞ് അവനെ ദുഷിച്ചു. മറ്റവനോ അവനെ ശാസിച്ചു: സമശിക്ഷാവിധിയിൽ തന്നെ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ? നാമോ ന്യായമായിട്ടു ശിക്ഷ അനുഭവിക്കുന്നു; നാം പ്രവർത്തിച്ചതിനു യോഗ്യമായതല്ലോ കിട്ടുന്നത്; ഇവനോ അരുതാത്തത് ഒന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞു. പിന്നെ അവൻ: യേശുവേ, നീ രാജത്വം പ്രാപിച്ചുവരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ എന്നു പറഞ്ഞു. യേശു അവനോട്: ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു. ഏകദേശം ആറാം മണി നേരമായപ്പോൾ സൂര്യൻ ഇരുണ്ടുപോയിട്ട് ഒമ്പതാം മണിവരെ ദേശത്തൊക്കെയും അന്ധകാരം ഉണ്ടായി. ദൈവമന്ദിരത്തിലെ തിരശ്ശീല നടുവേ ചീന്തിപ്പോയി. യേശു അത്യുച്ചത്തിൽ പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കൈയിൽ ഏല്പിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു. ഈ സംഭവിച്ചതു ശതാധിപൻ കണ്ടിട്ട്: ഈ മനുഷ്യൻ വാസ്തവമായി നീതിമാൻ ആയിരുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്ത്വപ്പെടുത്തി. കാൺമാൻ കൂടിവന്ന പുരുഷാരമൊക്കെയും സംഭവിച്ചതു കണ്ടിട്ട് മാറത്തടിച്ചുകൊണ്ടു മടങ്ങിപ്പോയി. അവന്റെ പരിചയക്കാർ എല്ലാവരും ഗലീലയിൽനിന്ന് അവനെ അനുഗമിച്ച സ്ത്രീകളും ഇതു നോക്കിക്കൊണ്ടു ദൂരത്തു നിന്നു.

ലൂക്കൊസ് 23:32-49 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

രണ്ടു കുറ്റവാളികളെക്കൂടി യേശുവിനോടൊപ്പം വധിക്കുവാൻ അവർ കൊണ്ടുപോയി. തലയോട് എന്നു പേരുള്ള സ്ഥലത്ത് അവർ എത്തി. അവിടെ യേശുവിനെയും അവിടുത്തെ ഇടത്തും വലത്തും ആ കുറ്റവാളികളെയും അവർ കുരിശിൽ തറച്ചു. യേശു ഇങ്ങനെ പ്രാർഥിച്ചു: “പിതാവേ, ഇവരോടു ക്ഷമിക്കണമേ; ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ലല്ലോ!” പിന്നീട് യേശുവിന്റെ വസ്ത്രം പങ്കിടുന്നതിനുവേണ്ടി അവർ ചീട്ടിട്ടു. ജനം ഇതെല്ലാം നോക്കിക്കൊണ്ട് അടുത്തുനിന്നു. യെഹൂദന്മാർ അവിടുത്തെ പരിഹസിച്ചുകൊണ്ടു പറഞ്ഞു: “ഇവൻ മറ്റുള്ളവരെ രക്ഷിച്ചു; ദൈവം തിരഞ്ഞെടുത്ത ക്രിസ്തു ആണെങ്കിൽ ഇവൻ സ്വയം രക്ഷപെടട്ടെ” പടയാളികളും യേശുവിനെ പരിഹസിച്ചു; അവർ അടുത്ത ചെന്നു പുളിച്ച വീഞ്ഞു നീട്ടിക്കൊടുത്തുകൊണ്ട് “നീ യെഹൂദന്മാരുടെ രാജാവാണെങ്കിൽ നിന്നെത്തന്നെ രക്ഷപെടുത്തുക” എന്നു പറഞ്ഞു. ‘ഇവൻ യെഹൂദന്മാരുടെ രാജാവ്’ എന്ന് എഴുതി കുരിശിന്റെ മുകളിൽ വച്ചിരുന്നു. കുരിശിൽ തറയ്‍ക്കപ്പെട്ട കുറ്റവാളികളിൽ ഒരാൾ യേശുവിനെ അവഹേളിച്ചുകൊണ്ടു പറഞ്ഞു: “താങ്കൾ ക്രിസ്തുവല്ലേ? താങ്കളെത്തന്നെയും ഞങ്ങളെയും രക്ഷിക്കുക.” എന്നാൽ മറ്റേ കുറ്റവാളി അയാളെ ശകാരിച്ചു: “തുല്യശിക്ഷയ്‍ക്കു വിധേയനായിട്ടും നിനക്കു ദൈവത്തെ ഭയമില്ലേ? നമ്മുടെ ശിക്ഷ തികച്ചും ന്യായമായിട്ടുള്ളതത്രേ. നമ്മുടെ പ്രവൃത്തികൾക്കു തക്ക പ്രതിഫലമാണു ലഭിച്ചിരിക്കുന്നത്. ഇദ്ദേഹമാകട്ടെ, ഒരു തെറ്റും ചെയ്തിട്ടില്ല.” പിന്നീട് അയാൾ പറഞ്ഞു: “യേശുവേ, അവിടുന്നു രാജത്വം പ്രാപിക്കുമ്പോൾ എന്നെയും ഓർത്തുകൊള്ളണമേ.” യേശു അയാളോട് “നീ ഇന്ന് എന്നോടുകൂടി പറുദീസയിൽ ഉണ്ടായിരിക്കും എന്നു ഞാൻ നിന്നോടു പറയുന്നു” എന്ന് അരുളിച്ചെയ്തു. അപ്പോൾ ഏകദേശം പന്ത്രണ്ടുമണി ആയിരുന്നു. അതുമുതൽ മൂന്നുമണിവരെ ദേശം ആകമാനം അന്ധകാരത്തിലാണ്ടു പോയി. സൂര്യന്റെ പ്രകാശം നിലച്ചു. ദേവാലയത്തിലെ തിരശ്ശീല നടുവേ കീറിപ്പോയി. “പിതാവേ തൃക്കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു” എന്ന് ഉച്ച ശബ്ദത്തിൽ പറഞ്ഞുകൊണ്ട് യേശു പ്രാണൻ വെടിഞ്ഞു. ഈ സംഭവം കണ്ടുനിന്ന ശതാധിപൻ അതിൽ ദൈവത്തിന്റെ മഹത്ത്വം ദർശിച്ചിട്ടു സ്തോത്രം ചെയ്തു. “നിശ്ചയമായും ഈ മനുഷ്യൻ നീതിമാൻ ആയിരുന്നു” എന്ന് അയാൾ പറഞ്ഞു. കാഴ്ചക്കാരായി വന്നുകൂടിയ ജനങ്ങൾ ഈ സംഭവങ്ങളെല്ലാം കണ്ടപ്പോൾ മാറത്തടിച്ചു നിലവിളിച്ചുകൊണ്ടു മടങ്ങിപ്പോയി. യേശുവിനെ നേരിട്ടറിയാവുന്നവരും ഗലീലയിൽനിന്ന് അവിടുത്തെ അനുഗമിച്ച സ്‍ത്രീകളും അല്പം അകലെനിന്ന് ഇതെല്ലാം വീക്ഷിച്ചുകൊണ്ടിരുന്നു.

ലൂക്കൊസ് 23:32-49 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

കുറ്റവാളികളായ വേറെ രണ്ടുപേരെയും അവനോടുകൂടെ കൊല്ലേണ്ടതിന് കൊണ്ടുപോയി. തലയോടിടം എന്ന സ്ഥലത്ത് എത്തിയപ്പോൾ അവർ അവിടെ അവനെയും കുറ്റവാളികളായ, ഒരുവനെ വലത്തും ഒരുവനെ ഇടത്തുമായി, ക്രൂശിച്ചു. അപ്പോൾ യേശു: പിതാവേ, ഇവർ ചെയ്യുന്നതു എന്താണെന്ന് അറിയാത്തതുകൊണ്ട് ഇവരോട് ക്ഷമിക്കേണമേ എന്നു പറഞ്ഞു. പിന്നീട് അവർ അവന്‍റെ വസ്ത്രം പങ്കിടാനായി ചീട്ടിട്ടു. ജനം നോക്കിക്കൊണ്ട് നിന്നു. ”ഇവൻ മറ്റുള്ളവരെ രക്ഷിച്ചുവല്ലോ; ദൈവം തിരഞ്ഞെടുത്ത ക്രിസ്തു എങ്കിൽ സ്വയം രക്ഷിയ്ക്കട്ടെ” എന്നു ഭരണകർത്താക്കളും പരിഹസിച്ചു പറഞ്ഞു. പടയാളികളും അവനെ പരിഹസിച്ചു അടുത്തുവന്ന് അവനു പുളിച്ച വീഞ്ഞ് കാണിച്ചു. നീ യെഹൂദന്മാരുടെ രാജാവ് എങ്കിൽ നിന്നെത്തന്നെ രക്ഷിക്ക എന്നു പറഞ്ഞു. ഇവൻ യെഹൂദന്മാരുടെ രാജാവ് എന്നു ഒരു തലക്കെട്ട് അവന്‍റെ മീതെ ഉണ്ടായിരുന്നു. അവനോടൊപ്പം തൂക്കിയ കുറ്റക്കാരിൽ ഒരുവൻ: ”നീ ക്രിസ്തു അല്ലയോ? നിന്നെയും ഞങ്ങളെയും രക്ഷിക്ക” എന്നു പറഞ്ഞു അവനെ കളിയാക്കി. മറ്റവനോ അവനെ ശാസിച്ചു: ”തുല്യശിക്ഷയ്ക്ക് വിധേയൻ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ? നാമോ ന്യായമായിട്ട് ശിക്ഷ അനുഭവിക്കുന്നു; നാം പ്രവർത്തിച്ചതിന് യോഗ്യമായതല്ലോ കിട്ടുന്നത്; പക്ഷേ ഇവനോ തെറ്റ് ഒന്നും ചെയ്തിട്ടില്ല” എന്നു പറഞ്ഞു. പിന്നെ അവൻ: ”യേശുവേ, നിന്‍റെ രാജ്യത്തിൽ നീ രാജാവായി വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ” എന്നു പറഞ്ഞു. യേശു അവനോട്: ഇന്ന് നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോട് പറയുന്നു എന്നു പറഞ്ഞു. ഏകദേശം ആറാംമണി നേരമായപ്പോൾ സൂര്യൻ ഇരുണ്ടുപോയിട്ട് ഒമ്പതാം മണിവരെ ദേശത്തു ഒക്കെയും അന്ധകാരം ഉണ്ടായി. ദൈവമന്ദിരത്തിലെ തിരശ്ശീല നടുവെ കീറിപ്പോയി. യേശു അത്യുച്ചത്തിൽ പിതാവേ, ഞാൻ എന്‍റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു എന്നു നിലവിളിച്ചുപറഞ്ഞു; ഇതു പറഞ്ഞിട്ട് പ്രാണനെ വിട്ടു. ഈ സംഭവിച്ചത് ശതാധിപൻ കണ്ടിട്ട്: ”ഈ മനുഷ്യൻ വാസ്തവമായി നീതിമാൻ ആയിരുന്നു” എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി. കാണ്മാൻ കൂടിവന്ന പുരുഷാരം ഒക്കെയും സംഭവിച്ചത് കണ്ടിട്ട് മാറത്തടിച്ചുകൊണ്ടു മടങ്ങിപ്പോയി. അവന്‍റെ പരിചയക്കാർ എല്ലാവരും ഗലീലയിൽ നിന്നു അവനെ അനുഗമിച്ച സ്ത്രീകളും ഇതു നോക്കിക്കൊണ്ട് ദൂരത്ത് നിന്നു.

ലൂക്കൊസ് 23:32-49 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ദുഷ്പ്രവൃത്തിക്കാരായ വേറെ രണ്ടുപേരെയും അവനോടുകൂടെ കൊല്ലേണ്ടതിന്നു കൊണ്ടുപോയി. തലയോടിടം എന്ന സ്ഥലത്തു എത്തിയപ്പോൾ അവർ അവിടെ അവനെയും ദുഷ്പ്രവൃത്തിക്കാരെയും, ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി, ക്രൂശിച്ചു. എന്നാൽ യേശു:പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ എന്നു പറഞ്ഞു. അനന്തരം അവർ അവന്റെ വസ്ത്രം വിഭാഗിച്ചു ചീട്ടിട്ടു. ജനം നോക്കിക്കൊണ്ടു നിന്നു. ഇവൻ മറുള്ളവരെ രക്ഷിച്ചുവല്ലോ; ദൈവം തിരഞ്ഞെടുത്ത ക്രിസ്തു എങ്കിൽ തന്നെത്താൻ രക്ഷിക്കട്ടെ എന്നു പ്രധാനികളും പരിഹസിച്ചുപറഞ്ഞു. പടയാളികളും അവനെ പരിഹസിച്ചു അടുത്തു വന്നു അവന്നു പുളിച്ചവീഞ്ഞു കാണിച്ചു. നീ യെഹൂദന്മാരുടെ രാജാവു എങ്കിൽ നിന്നെത്തന്നേ രക്ഷിക്ക എന്നു പറഞ്ഞു. ഇവൻ യെഹൂദന്മാരുടെ രാജാവു എന്നു ഒരു മേലെഴുത്തും അവന്റെ മീതെ ഉണ്ടായിരുന്നു. തൂക്കിയ ദുഷ്പ്രവൃത്തിക്കാരിൽ ഒരുത്തൻ: നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നേയും ഞങ്ങളെയും രക്ഷിക്ക എന്നു പറഞ്ഞു അവനെ ദുഷിച്ചു. മറ്റവനോ അവനെ ശാസിച്ചു: സമശിക്ഷാവിധിയിൽ തന്നേ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ? നാമോ ന്യായമായിട്ടു ശിക്ഷ അനുഭവിക്കുന്നു; നാം പ്രവർത്തിച്ചതിന്നു യോഗ്യമായതല്ലോ കിട്ടുന്നതു; ഇവനോ അരുതാത്തതു ഒന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞു. പിന്നെ അവൻ: യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ എന്നു പറഞ്ഞു. യേശു അവനോടു:ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു. ഏകദേശം ആറാം മണി നേരമായപ്പോൾ സൂര്യൻ ഇരുണ്ടുപോയിട്ടു ഒമ്പതാം മണിവരെ ദേശത്തു ഒക്കെയും അന്ധകാരം ഉണ്ടായി. ദൈവമന്ദിരത്തിലെ തിരശ്ശീല നടുവെ ചീന്തിപ്പോയി. യേശു അത്യുച്ചത്തിൽപിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു. ഈ സംഭവിച്ചതു ശതാധിപൻ കണ്ടിട്ടു: ഈ മനുഷ്യൻ വാസ്തവമായി നീതിമാൻ ആയിരുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി. കാണ്മാൻ കൂടി വന്ന പുരുഷാരം ഒക്കെയും സംഭവിച്ചതു കണ്ടിട്ടു മാറത്തടിച്ചുകൊണ്ടു മടങ്ങിപ്പോയി. അവന്റെ പരിചയക്കാർ എല്ലാവരും ഗലീലയിൽ നിന്നു അവനെ അനുഗമിച്ച സ്ത്രീകളും ഇതു നോക്കിക്കൊണ്ടു ദൂരത്തു നിന്നു.

ലൂക്കൊസ് 23:32-49 സമകാലിക മലയാളവിവർത്തനം (MCV)

കുറ്റവാളികളായ രണ്ടുപേരെക്കൂടെ അദ്ദേഹത്തോടൊപ്പം വധിക്കാൻ കൊണ്ടുപോയി. തലയോട്ടിയുടെ സ്ഥലം എന്നർഥമുള്ള സ്ഥലത്ത് എത്തിയപ്പോൾ അവിടെ അവർ യേശുവിനെ മധ്യത്തിലും കുറ്റവാളികളിൽ ഒരാളെ അദ്ദേഹത്തിന്റെ വലത്തും മറ്റേയാളെ ഇടത്തുമായി ക്രൂശിച്ചു. അപ്പോൾ യേശു, “പിതാവേ, ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർ അറിയായ്കയാൽ ഇവരോടു ക്ഷമിക്കണമേ” എന്നു പ്രാർഥിച്ചു. അതിനുശേഷം സൈനികർ അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ നറുക്കിട്ട് വീതിച്ചെടുത്തു. ജനങ്ങൾ ഇതെല്ലാം വീക്ഷിച്ചുകൊണ്ടുനിന്നു. അധികാരികൾ ആകട്ടെ, അദ്ദേഹത്തെ പരിഹസിച്ചുകൊണ്ട്, “ഇവൻ മറ്റുള്ളവരെ രക്ഷിച്ചു; ഇയാൾ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ക്രിസ്തുവെങ്കിൽ സ്വയം രക്ഷിക്കട്ടെ” എന്നു പറഞ്ഞു. സൈനികരും അടുത്തുവന്ന് അദ്ദേഹത്തെ നിന്ദിച്ചു. അവർ അദ്ദേഹത്തിനു പുളിച്ച വീഞ്ഞു കൊടുത്തുകൊണ്ട്, “നീ യെഹൂദന്മാരുടെ രാജാവാണെങ്കിൽ നിന്നെത്തന്നെ രക്ഷിക്കുക” എന്നു പറഞ്ഞു. ഇദ്ദേഹം യെഹൂദരുടെ രാജാവ്, എന്ന ഒരു കുറ്റപത്രം ക്രൂശിൽ യേശുവിന്റെ ശിരസ്സിനുമീതേ വെച്ചിരുന്നു. ക്രൂശിക്കപ്പെട്ട കുറ്റവാളികളിൽ ഒരാൾ, “നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നെയും ഞങ്ങളെയും രക്ഷിക്കുക” എന്നു പറഞ്ഞ് അദ്ദേഹത്തെ അപമാനിച്ചു. മറ്റേ കുറ്റവാളി അയാളെ ശാസിച്ചുകൊണ്ട്, “തുല്യശിക്ഷാവിധിയിൽ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ? നമ്മൾ ശിക്ഷ അനുഭവിക്കുന്നതു ന്യായമായിട്ടുതന്നെ; നമ്മുടെ പ്രവൃത്തികൾക്ക് അനുയോജ്യമായതല്ലേ നമുക്കു കിട്ടിയത്! ഈ മനുഷ്യനോ ഒരുതെറ്റും ചെയ്തിട്ടില്ല” എന്നു പറഞ്ഞു. പിന്നെ അയാൾ, “യേശുവേ, അങ്ങു രാജാവായി മടങ്ങിവരുമ്പോൾ എന്നെ ഓർക്കണേ” എന്നപേക്ഷിച്ചു. യേശു അയാളോട്, “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ആയിരിക്കും, നിശ്ചയം എന്നു ഞാൻ നിന്നോടു പറയുന്നു” എന്നു പറഞ്ഞു. അപ്പോൾ ഏകദേശം മധ്യാഹ്നം പന്ത്രണ്ടുമണി ആയിരുന്നു; സൂര്യൻ ഇരുണ്ടുപോയതുകൊണ്ട് മൂന്നുമണിവരെ ദേശത്തെല്ലായിടത്തും ഇരുട്ടു വ്യാപിച്ചു. ദൈവാലയത്തിലെ തിരശ്ശീല രണ്ടായി ചീന്തിപ്പോയി. “പിതാവേ, അങ്ങയുടെ കരങ്ങളിൽ ഞാൻ എന്റെ ആത്മാവിനെ തിരുക്കരങ്ങളിൽ ഭരമേൽപ്പിക്കുന്നു” എന്ന് യേശു അത്യുച്ചത്തിൽ പറഞ്ഞു. ഇതു പറഞ്ഞിട്ട് അദ്ദേഹം പ്രാണത്യാഗംചെയ്തു. സംഭവിച്ചതെല്ലാം കണ്ട് ശതാധിപൻ ദൈവത്തെ പുകഴ്ത്തിക്കൊണ്ട്, “ഈ മനുഷ്യൻ നീതിനിഷ്ഠനായിരുന്നു, നിശ്ചയം” എന്നു പറഞ്ഞു. കാണാൻ വന്നുകൂടിയവർ എല്ലാവരും സംഭവിച്ചതുകണ്ട് നെഞ്ചത്തടിച്ചുകൊണ്ട് തിരികെപ്പോയി. എന്നാൽ, ഗലീലയിൽനിന്ന് അദ്ദേഹത്തെ അനുഗമിച്ച സ്ത്രീകൾ ഉൾപ്പെടെ അദ്ദേഹത്തിന്റെ പരിചയക്കാർ എല്ലാവരും ഇവയെല്ലാം നോക്കിക്കൊണ്ട് ദൂരത്തുനിന്നിരുന്നു.