ലൂക്കൊസ് 22:7-19
ലൂക്കൊസ് 22:7-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പെസഹാകുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആയപ്പോൾ അവൻ പത്രൊസിനെയും യോഹന്നാനെയും അയച്ചു: നിങ്ങൾ പോയി നമുക്കു പെസഹ കഴിപ്പാൻ ഒരുക്കുവിൻ എന്നു പറഞ്ഞു. ഞങ്ങൾ എവിടെ ഒരുക്കേണം എന്ന് അവർ ചോദിച്ചതിന്: നിങ്ങൾ പട്ടണത്തിൽ എത്തുമ്പോൾ ഒരു കുടം വെള്ളം ചുമന്നുകൊണ്ട് ഒരു മനുഷ്യൻ നിങ്ങൾക്ക് എതിർപെടും; അവൻ കടക്കുന്ന വീട്ടിലേക്കു പിൻചെന്നു വീട്ടുടയവനോട്: ഞാൻ എന്റെ ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്നു ഗുരു നിന്നോടു ചോദിക്കുന്നു എന്നു പറവിൻ. അവൻ വിരിച്ചൊരുക്കിയോരു വന്മാളിക കാണിച്ചുതരും; അവിടെ ഒരുക്കുവിൻ എന്ന് അവരോടു പറഞ്ഞു. അവർ പോയി തങ്ങളോടു പറഞ്ഞതുപോലെ കണ്ട് പെസഹ ഒരുക്കി. സമയം ആയപ്പോൾ അവൻ അപ്പൊസ്തലന്മാരുമായി ഭക്ഷണത്തിന് ഇരുന്നു. അവൻ അവരോട്: ഞാൻ കഷ്ടം അനുഭവിക്കുംമുമ്പേ ഈ പെസഹ നിങ്ങളോടുകൂടെ കഴിപ്പാൻ വാഞ്ഛയോടെ ആഗ്രഹിച്ചു. അതു ദൈവരാജ്യത്തിൽ നിവൃത്തിയാകുവോളം ഞാൻ ഇനി അതു കഴിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. പിന്നെ പാനപാത്രം എടുത്തു വാഴ്ത്തി: ഇതു വാങ്ങി പങ്കിട്ടുകൊൾവിൻ. ദൈവരാജ്യം വരുവോളം ഞാൻ മുന്തിരിവള്ളിയുടെ അനുഭവം ഇന്നുമുതൽ കുടിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. പിന്നെ അപ്പം എടുത്തു വാഴ്ത്തിനുറുക്കി അവർക്കു കൊടുത്തു: ഇതു നിങ്ങൾക്കുവേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓർമയ്ക്കായി ഇതു ചെയ്വിൻ എന്നു പറഞ്ഞു.
ലൂക്കൊസ് 22:7-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പെസഹാകുഞ്ഞാടിനെ ബലികഴിക്കേണ്ടിയിരുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ വന്നുചേർന്നു. “നിങ്ങൾ പോയി നമുക്കു ഭക്ഷിക്കുവാനുള്ള പെസഹ ഒരുക്കുക” എന്നു പറഞ്ഞ് യേശു പത്രോസിനെയും യോഹന്നാനെയും അയച്ചു. “ഞങ്ങൾ എവിടെ പെസഹ ഒരുക്കണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നത്?” എന്ന് അവർ ചോദിച്ചു. യേശു അവരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ നഗരത്തിൽ പ്രവേശിക്കുമ്പോൾ ഒരു കുടത്തിൽ വെള്ളം ചുമന്നുകൊണ്ടു വരുന്ന ഒരാൾ നിങ്ങളെ കണ്ടുമുട്ടും. അയാളെ അനുഗമിച്ച് അയാൾ പ്രവേശിക്കുന്ന വീട്ടിൽ ചെന്ന് ‘എന്റെ ശിഷ്യന്മാരോടുകൂടി പെസഹ കഴിക്കുന്നതിനുള്ള ഭോജനശാല എവിടെ എന്നു ഗുരു ചോദിക്കുന്നു’ എന്ന് ആ ഗൃഹനാഥനോടു പറയണം. വിരിച്ചൊരുക്കിയ വിശാലമായ ഒരു മാളികമുറി അയാൾ കാണിച്ചുതരും; അവിടെ നിങ്ങൾ ഒരുക്കുക.” അവർ പോയി യേശു തങ്ങളോടു പറഞ്ഞപ്രകാരം കണ്ടു പെസഹ ഒരുക്കി. സമയമായപ്പോൾ യേശു ഭക്ഷണം കഴിക്കാനിരുന്നു. അവിടുത്തോടൊപ്പം അപ്പോസ്തോലന്മാരും ഇരുന്നു. അവിടുന്ന് അവരോട് അരുൾചെയ്തു: “എന്റെ പീഡാനുഭവത്തിനുമുമ്പ് നിങ്ങളോടുകൂടി ഈ പെസഹ ഭക്ഷിക്കുവാൻ ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. ദൈവരാജ്യത്തിൽ ഇതിന്റെ പൂർത്തീകരണം ഉണ്ടാകുന്നതുവരെ ഇനിമേൽ ഞാൻ ഇതു ഭക്ഷിക്കുകയില്ല എന്നു നിങ്ങളോടു പറയുന്നു.” അനന്തരം അവിടുന്നു പാനപാത്രമെടുത്തു സ്തോത്രം ചെയ്തശേഷം “ഇതെടുത്തു നിങ്ങൾ അന്യോന്യം പങ്കിടുക; ദൈവരാജ്യം വരുന്നതുവരെ ഇനിമേൽ മുന്തിരിയുടെ ഫലത്തിൽനിന്ന് ഞാൻ പാനം ചെയ്യുകയില്ല” എന്നു പറഞ്ഞു. പിന്നീട് അപ്പം എടുത്തു സ്തോത്രം ചെയ്തു മുറിച്ച് അവർക്കു കൊടുത്തുകൊണ്ട് പറഞ്ഞു: “ഇതു നിങ്ങൾക്കുവേണ്ടി നല്‌കപ്പെടുന്ന എന്റെ ശരീരം; എന്റെ ഓർമയ്‍ക്കായി ഇത് അനുഷ്ഠിക്കുക!”
ലൂക്കൊസ് 22:7-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പെസഹ കുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആയപ്പോൾ യേശു പത്രൊസിനെയും യോഹന്നാനെയും അയച്ചു: നിങ്ങൾ പോയി നമുക്കു പെസഹാ കഴിക്കുവാൻ ഒരുക്കുവിൻ എന്നു പറഞ്ഞു. ”ഞങ്ങൾ എവിടെ ഒരുക്കേണം?” എന്നു അവർ ചോദിച്ചു. അതിന്:നിങ്ങൾ പട്ടണത്തിൽ എത്തുമ്പോൾ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യൻ നിങ്ങൾക്ക് എതിരെ വരും; അവൻ പോകുന്ന വീട്ടിലേക്ക് നിങ്ങളും ചെല്ലുക. വീട്ടുടയവനോട്: ഞാൻ എന്റെ ശിഷ്യന്മാരുമായി പെസഹാ കഴിക്കുവാനുള്ള സ്ഥലം എവിടെ എന്നു ഗുരു നിന്നോട് ചോദിക്കുന്നു എന്നു പറയുക. അവൻ മുകളിലത്തെ നിലയിൽ വിരിച്ചൊരുക്കിയ ഒരു വലിയ മുറി കാണിച്ചുതരും; അവിടെ ഒരുക്കുവിൻ എന്നു അവരോട് പറഞ്ഞു. അവർ പോയി തങ്ങളോട് പറഞ്ഞതുപോലെ കണ്ടു പെസഹാ ഒരുക്കി. സമയം ആയപ്പോൾ അവൻ അപ്പൊസ്തലന്മാരുമായി ഭക്ഷണത്തിന് ഇരുന്നു. അവൻ അവരോട്: ഞാൻ കഷ്ടം അനുഭവിക്കുംമുമ്പേ ഈ പെസഹ നിങ്ങളോടുകൂടെ കഴിക്കുവാൻ വളരെ ആഗ്രഹിച്ചു. അത് ദൈവരാജ്യത്തിൽ പൂർത്തിയാകുന്നതു വരെ ഞാൻ ഇനി അത് കഴിക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. പിന്നെ പാനപാത്രം എടുത്തു വാഴ്ത്തി: ഇതു വാങ്ങി പങ്കിട്ടുകൊൾവിൻ. ദൈവരാജ്യം വരുന്നത് വരെ ഞാൻ മുന്തിരിവള്ളിയുടെ അനുഭവം ഇന്നുമുതൽ കുടിക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്ക് കൊടുത്തു: ഇതു നിങ്ങൾക്ക് വേണ്ടി നല്കുന്ന എന്റെ ശരീരം; എന്‍റെ ഓർമ്മയ്ക്കായി ഇതു ചെയ്വിൻ എന്നു പറഞ്ഞു.
ലൂക്കൊസ് 22:7-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പെസഹകുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ ആയപ്പോൾ അവൻ പത്രൊസിനെയും യോഹന്നാനെയും അയച്ചു:നിങ്ങൾ പോയി നമുക്കു പെസഹ കഴിപ്പാൻ ഒരുക്കുവിൻ എന്നു പറഞ്ഞു. ഞങ്ങൾ എവിടെ ഒരുക്കേണം എന്നു അവർ ചോദിച്ചതിന്നു: നിങ്ങൾ പട്ടണത്തിൽ എത്തുമ്പോൾ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യൻ നിങ്ങൾക്കു എതിർപെടും; അവൻ കടക്കുന്ന വീട്ടിലേക്കു പിൻചെന്നു വീട്ടുടയവനോടു: ഞാൻ എന്റെ ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്നു ഗുരു നിന്നോടു ചോദിക്കുന്നു എന്നു പറവിൻ. അവൻ വിരിച്ചൊരുക്കിയോരു വന്മാളിക കാണിച്ചുതരും; അവിടെ ഒരുക്കുവിൻ എന്നു അവരോടു പറഞ്ഞു. അവർ പോയി തങ്ങളോടു പറഞ്ഞതുപോലെ കണ്ടു പെസഹ ഒരുക്കി. സമയം ആയപ്പോൾ അവൻ അപ്പൊസ്തലന്മാരുമായി ഭക്ഷണത്തിന്നു ഇരുന്നു. അവൻ അവരോടു: ഞാൻ കഷ്ടം അനുഭവിക്കും മുമ്പെ ഈ പെസഹ നിങ്ങളോടു കൂടെ കഴിപ്പാൻ വാഞ്ഛയോടെ ആഗ്രഹിച്ചു. അതു ദൈവരാജ്യത്തിൽ നിവൃത്തിയാകുവോളം ഞാൻ ഇനി അതു കഴിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നുപറഞ്ഞു. പിന്നെ പാനപാത്രം എടുത്തു വാഴ്ത്തി: ഇതു വാങ്ങി പങ്കിട്ടുകൊൾവിൻ. ദൈവരാജ്യം വരുവോളം ഞാൻ മുന്തിരിവള്ളിയുടെ അനുഭവം ഇന്നു മുതൽ കുടിക്കില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്കു കൊടുത്തു:ഇതു നിങ്ങൾക്കു വേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓർമ്മെക്കായി ഇതു ചെയ്വിൻ എന്നു പറഞ്ഞു.
ലൂക്കൊസ് 22:7-19 സമകാലിക മലയാളവിവർത്തനം (MCV)
പെസഹാക്കുഞ്ഞാടിനെ യാഗം അർപ്പിക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിവസം വന്നുചേർന്നു. യേശു പത്രോസിനെയും യോഹന്നാനെയും വിളിച്ച് “നിങ്ങൾ പോയി നമുക്കു പെസഹ ഭക്ഷിക്കേണ്ടതിനുള്ള ഒരുക്കങ്ങൾ നടത്തുക” എന്നു പറഞ്ഞയച്ചു. “ഞങ്ങൾ എവിടെയാണ് പെസഹ ഒരുക്കേണ്ടത്?” എന്ന് അവർ ചോദിച്ചു. യേശു ഉത്തരമായി, “നിങ്ങൾ ജെറുശലേം പട്ടണത്തിനുള്ളിൽ കടക്കുമ്പോൾ ഒരുകുടം വെള്ളം ചുമന്നുകൊണ്ടുപോകുന്ന ഒരുവൻ നിങ്ങൾക്കുനേരേ വരും. അയാൾ കയറുന്ന വീട്ടിലേക്ക് അയാളുടെ പിന്നാലെ ചെല്ലുക. ആ വീടിന്റെ ഉടമസ്ഥനോട്, ‘ഞാൻ എന്റെ ശിഷ്യന്മാരോടൊത്ത് പെസഹ ആചരിക്കാനുള്ള വിരുന്നുശാല എവിടെ, എന്ന് ഗുരു ചോദിക്കുന്നു എന്നു പറയുക’ എന്നു പറഞ്ഞു. വിശാലവും സുസജ്ജവുമായൊരു മാളികമുറി അയാൾ നിങ്ങൾക്കു കാണിച്ചുതരും; അവിടെ നമുക്കുവേണ്ടി ഒരുക്കങ്ങൾ ചെയ്യുക” എന്നു പറഞ്ഞു. അവർ പോയി, യേശു അവരോടു പറഞ്ഞിരുന്നതുപോലെതന്നെ എല്ലാം കണ്ടു; അവിടെ അവർ പെസഹ ഒരുക്കി. സമയം ആയപ്പോൾ യേശുവും അപ്പൊസ്തലന്മാരും പെസഹാചരണത്തിന് ഇരുന്നു. യേശു അവരോട്, “എന്റെ പീഡാനുഭവത്തിനുമുമ്പ് നിങ്ങളോടുകൂടെ ഈ പെസഹ കഴിക്കാൻ ഞാൻ വളരെ വാഞ്ഛിച്ചു. ദൈവരാജ്യത്തിൽ അതു പരിപൂർണമാകുന്നതുവരെ ഞാൻ ഇനി അതു ഭക്ഷിക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു. പിന്നെ പാനപാത്രം എടുത്തു ദൈവത്തിന് സ്തോത്രംചെയ്തശേഷം പറഞ്ഞു: “ഇതു വാങ്ങി പങ്കിടുക. ദൈവരാജ്യം വരുന്നതുവരെ മുന്തിരിയുടെ ഫലത്തിൽനിന്ന് ഞാൻ വീണ്ടും പാനം ചെയ്യുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.” തുടർന്ന് അവിടന്ന് അപ്പം എടുത്ത് ദൈവത്തിന് സ്തോത്രംചെയ്ത്, നുറുക്കി അവർക്കു കൊടുത്തുകൊണ്ട്, “ഇതു നിങ്ങൾക്കുവേണ്ടി അർപ്പിക്കപ്പെടുന്ന എന്റെ ശരീരമാകുന്നു. എന്റെ ഓർമയ്ക്കായി ഇതു ചെയ്യുക” എന്നു പറഞ്ഞു.