ലൂക്കൊസ് 21:5-19

ലൂക്കൊസ് 21:5-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ചിലർ ദൈവാലയത്തെക്കുറിച്ച് അതു മനോഹരമായ കല്ലുകളാലും വഴിപാടുകളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞപ്പോൾ: ഈ കാണുന്നതിൽ ഇടിഞ്ഞു പോകാതെ കല്ല് കല്ലിന്മേൽ ശേഷിക്കാത്ത കാലം വരും എന്ന് അവൻ പറഞ്ഞു. ഗുരോ, അത് എപ്പോൾ ഉണ്ടാകും? അതു സംഭവിപ്പാറാകുമ്പോഴുള്ള ലക്ഷണം എന്ത് എന്ന് അവർ അവനോടു ചോദിച്ചു. അതിന് അവൻ: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. ഞാൻ ആകുന്നു എന്നും സമയം അടുത്തിരിക്കുന്നു എന്നും പറഞ്ഞ് അനേകർ എന്റെ പേരെടുത്തു വരും; അവരെ അനുഗമിക്കരുത്. നിങ്ങൾ യുദ്ധങ്ങളെയും കലഹങ്ങളെയും കുറിച്ചു കേൾക്കുമ്പോൾ ഞെട്ടിപ്പോകരുത്; അത് ആദ്യം സംഭവിക്കേണ്ടതു തന്നെ. അവസാനം ഉടനെ അല്ലതാനും എന്നു പറഞ്ഞു. പിന്നെ അവൻ അവരോട് പറഞ്ഞത്: ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും. വലിയ ഭൂകമ്പവും ക്ഷാമവും മഹാവ്യാധികളും അവിടവിടെ ഉണ്ടാകും; ഭയങ്കര കാഴ്ചകളും ആകാശത്തിൽ മഹാലക്ഷ്യങ്ങളും ഉണ്ടാകും. ഇത് എല്ലാറ്റിനും മുമ്പേ എന്റെ നാമം നിമിത്തം അവർ നിങ്ങളുടെമേൽ കൈവച്ചു രാജാക്കന്മാരുടെയും നാടുവാഴികളുടെയും മുമ്പിൽ കൊണ്ടുപോയി ഉപദ്രവിക്കയും പള്ളികളിലും തടവുകളിലും ഏല്പിക്കയും ചെയ്യും. അതു നിങ്ങൾക്കു സാക്ഷ്യം പറവാൻ തരം ആകും. ആകയാൽ പ്രതിവാദിപ്പാൻ മുമ്പുകൂട്ടി വിചാരിക്കാതിരിക്കേണ്ടതിന് മനസ്സിൽ ഉറച്ചുകൊൾവിൻ. നിങ്ങളുടെ എതിരികൾക്ക് ആർക്കും ചെറുപ്പാനോ എതിർ പറവാനോ കഴിയാത്ത വാക്കും ജ്ഞാനവും ഞാൻ നിങ്ങൾക്കു തരും. എന്നാൽ അമ്മയപ്പന്മാരും സഹോദരന്മാരും ചാർച്ചക്കാരും ചങ്ങാതികളും നിങ്ങളെ ഏല്പിച്ചുകൊടുക്കയും നിങ്ങളിൽ ചിലരെ കൊല്ലിക്കയും ചെയ്യും. എന്റെ നാമംനിമിത്തം എല്ലാവരും നിങ്ങളെ പകയ്ക്കും. നിങ്ങളുടെ തലയിലെ ഒരു രോമംപോലും നശിച്ചുപോകയില്ലതാനും. നിങ്ങൾ ക്ഷമകൊണ്ടു നിങ്ങളുടെ പ്രാണനെ നേടും.

ലൂക്കൊസ് 21:5-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ചിലർ ദേവാലയത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു. വിലപ്പെട്ട ശിലകൾകൊണ്ടും നേർച്ചവസ്തുക്കൾകൊണ്ടും എത്ര മനോഹരമായി അത് അലങ്കരിക്കപ്പെട്ടിരിക്കുന്നു എന്ന് അവർ പറഞ്ഞു. “നിങ്ങൾ ഈ കാണുന്നതെല്ലാം കല്ലിന്മേൽ മറ്റൊരു കല്ലു ശേഷിക്കാതെ ഇടിച്ചു നിരത്തപ്പെടുന്ന കാലം വരും” എന്ന് യേശു അപ്പോൾ പറഞ്ഞു. ഉടനെ അവർ ചോദിച്ചു: “ഗുരോ, ഈ കാര്യങ്ങൾ എപ്പോൾ സംഭവിക്കും? അതിനുള്ള അടയാളം എന്തായിരിക്കും?” യേശു അരുൾചെയ്തു: “നിങ്ങളെ ആരും വഴിതെറ്റിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക; ‘ഞാനാകുന്നു അവൻ’ എന്നും, ‘സമയം അടുത്തിരിക്കുന്നു’ എന്നും പറഞ്ഞ് പലരും എന്റെ നാമത്തിൽ വരും. നിങ്ങൾ അവരുടെ പിന്നാലെ പോകരുത്. യുദ്ധങ്ങളെയും വിപ്ലവങ്ങളെയും കുറിച്ചു കേൾക്കുമ്പോൾ ഭയപ്പെടുകയുമരുത്; ഇവയെല്ലാം ആദ്യം സംഭവിക്കേണ്ടതുതന്നെ. എന്നാൽ ഉടനെ അന്ത്യം സംഭവിക്കുകയില്ല.” യേശു തുടർന്നു പറഞ്ഞു: “വംശം വംശത്തോടും രാഷ്ട്രം രാഷ്ട്രത്തോടും എതിർക്കും; വലിയ ഭൂകമ്പങ്ങളും പലയിടങ്ങളിലും ക്ഷാമങ്ങളും മാരകമായ സാംക്രമികരോഗങ്ങളും ഉണ്ടാകും. ഭീകരമായ കാഴ്ചകളും ആകാശത്തു വലിയ അടയാളങ്ങളും ദൃശ്യമാകും. ഇവയെല്ലാം സംഭവിക്കുന്നതിനുമുമ്പ് എന്റെ നാമത്തെ പ്രതി അവർ നിങ്ങളെ പിടിച്ചു ദണ്ഡിപ്പിക്കുകയും സുനഗോഗിന്റെ അധികാരികളെ ഏല്പിച്ച് കാരാഗൃഹങ്ങളിൽ അടയ്‍ക്കുക മാത്രമല്ല രാജാക്കന്മാരുടെയും ഗവർണർമാരുടെയും മുമ്പിൽ ഹാജരാക്കുകയും ചെയ്യും. നിങ്ങൾക്കു സാക്ഷ്യം വഹിക്കുവാനുള്ള സന്ദർഭമായിരിക്കും അത്. എങ്ങനെ മറുപടി പറയണമെന്നുള്ളതിനെപ്പറ്റി നിങ്ങൾ മുൻകൂട്ടി ആലോചിക്കേണ്ടതില്ലെന്നു മനസ്സിൽ ഉറച്ചുകൊള്ളുക. എന്തുകൊണ്ടെന്നാൽ നിങ്ങളുടെ എതിരാളികൾക്ക് ആർക്കും എതിർത്തു നില്‌ക്കുവാനോ, നിഷേധിക്കുവാനോ കഴിയാത്ത വിധത്തിലുള്ള ജ്ഞാനവും വാഗ്‍വൈഭവവും ഞാൻ നിങ്ങൾക്കു നല്‌കും. മാതാപിതാക്കളും സഹോദരന്മാരും സ്നേഹിതന്മാരും ബന്ധുക്കളും നിങ്ങളെ അധികാരികൾക്ക് ഏല്പിച്ചുകൊടുക്കും; നിങ്ങളിൽ ചിലരെ അവർ കൊല്ലുകയും ചെയ്യും. എന്റെ നാമത്തെപ്രതി എല്ലാവരും നിങ്ങളെ ദ്വേഷിക്കും. എങ്കിലും നിങ്ങളുടെ ഒരു തലമുടിപോലും നശിക്കുകയില്ല. സഹനശക്തിയോടെ ഉറച്ചു നില്‌ക്കുന്നതുമൂലം നിങ്ങളുടെ ജീവനെ നിങ്ങൾ നേടും.

ലൂക്കൊസ് 21:5-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ചിലർ ദൈവാലയത്തെക്കുറിച്ച് അത് മനോഹരമായ കല്ലുകളാലും വഴിപാടുകളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞപ്പോൾ: ഈ കാണുന്നത് എല്ലാം കല്ലിന്മേൽ കല്ല് ശേഷിക്കാതെ ഇടിഞ്ഞുപോകുന്ന കാലം വരും എന്നു അവൻ പറഞ്ഞു. ”ഗുരോ, അത് എപ്പോൾ സംഭവിക്കും? അത് സംഭവിക്കാറാകുമ്പോഴുള്ള അടയാളം എന്ത്?” എന്നു അവർ അവനോട് ചോദിച്ചു. അതിന് അവൻ: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ. ഞാൻ യേശു ആകുന്നു എന്നും, സമയം അടുത്തിരിക്കുന്നു എന്നും പറഞ്ഞു അനേകർ എന്‍റെ പേരിൽ വരും; പക്ഷേ അവരെ അനുഗമിക്കരുത്. നിങ്ങൾ യുദ്ധങ്ങളെയും കലഹങ്ങളെയും കുറിച്ച് കേൾക്കുമ്പോൾ ഞെട്ടിപ്പോകരുത്; അത് ആദ്യം സംഭവിക്കേണ്ടത് തന്നെ; എന്നാൽ അന്ത്യം ഉടനെ സംഭവിക്കുകയില്ല എന്നു പറഞ്ഞു. പിന്നെ അവൻ അവരോട് പറഞ്ഞത്: ജനതകൾ ജനതകളോടും രാജ്യം രാജ്യത്തോടും എതിർക്കും. വലിയ ഭൂകമ്പവും ക്ഷാമവും പകർച്ചവ്യാധികളും അവിടവിടെ ഉണ്ടാകും; ഭയപ്പെടുത്തുന്ന കാഴ്ചകളും ആകാശത്തിൽ വലിയ അടയാളങ്ങളും ഉണ്ടാകും. എന്നാൽ ഇതു സംഭവിക്കുന്നതിന് മുമ്പെ, എന്‍റെ നാമംനിമിത്തം അവർ നിങ്ങളെ പിടിച്ച് ബന്ധിയ്ക്കുകയും, രാജാക്കന്മാരുടേയും നാടുവാഴികളുടേയും മുമ്പിൽ കൊണ്ടുപോയി ഉപദ്രവിക്കുകയും, പള്ളികളിലും തടവുകളിലും ഏല്പിക്കുകയും ചെയ്യും. അത് നിങ്ങൾക്ക് സാക്ഷ്യം പറയുവാനുള്ള അവസരം ആകും. ആകയാൽ എന്ത് ഉത്തരം നൽകും എന്നുള്ളതിനെപ്പറ്റി നേരത്തേ ആലോചിക്കേണ്ട. നിങ്ങളെ എതിർക്കുന്നവർക്ക് ആർക്കും ചെറുപ്പാനോ നിഷേധിക്കാനോ കഴിയാത്ത വാക്കും ജ്ഞാനവും ഞാൻ നിങ്ങൾക്ക് തരും. അമ്മയപ്പന്മാരും സഹോദരന്മാരും ബന്ധുക്കളും കൂട്ടുകാരും നിങ്ങളെ ഏല്പിച്ചുകൊടുക്കുകയും നിങ്ങളിൽ ചിലരെ കൊല്ലിക്കുകയും ചെയ്യും. എന്‍റെ നാമംനിമിത്തം എല്ലാവരും നിങ്ങളെ വെറുക്കും. നിങ്ങളുടെ തലയിലെ ഒരു രോമംപോലും നശിച്ചുപോകയില്ലതാനും. നിങ്ങൾ സഹിഷ്ണതകൊണ്ട് നിങ്ങളുടെ പ്രാണനെ നേടും.

ലൂക്കൊസ് 21:5-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ചിലർ ദൈവാലയത്തെക്കുറിച്ചു അതു മനോഹരമായ കല്ലുകളാലും വഴിപാടുകളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞപ്പോൾ: ഈ കാണുന്നതിൽ ഇടിഞ്ഞുപോകാതെ കല്ലു കല്ലിന്മേൽ ശേഷിക്കാത്ത കാലം വരും എന്നു അവൻ പറഞ്ഞു. ഗുരോ, അതു എപ്പോൾ ഉണ്ടാകും? അതു സംഭവിപ്പാറാകുമ്പോഴുള്ള ലക്ഷണം എന്തു എന്നു അവർ അവനോടു ചോദിച്ചു. അതിന്നു അവൻ: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. ഞാൻ ആകുന്നു എന്നും സമയം അടുത്തിരിക്കുന്നു എന്നും പറഞ്ഞു അനേകർ എന്റെ പേരെടുത്തു വരും; അവരെ അനുഗമിക്കരുതു. നിങ്ങൾ യുദ്ധങ്ങളെയും കലഹങ്ങളെയും കുറിച്ചു കേൾക്കുമ്പോൾ ഞെട്ടിപ്പോകരുതു; അതു ആദ്യം സംഭവിക്കേണ്ടതു തന്നേ; അവസാനം ഉടനെ അല്ലതാനും എന്നു പറഞ്ഞു. പിന്നെ അവൻ അവരോടു പറഞ്ഞതു: ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും. വലിയ ഭൂകമ്പവും ക്ഷാമവും മഹാവ്യാധികളും അവിടവിടെ ഉണ്ടാകും; ഭയങ്കരകാഴ്ചകളും ആകാശത്തിൽ മഹാ ലക്ഷ്യങ്ങളും ഉണ്ടാകും. ഇതു എല്ലാറ്റിന്നും മുമ്പെ എന്റെ നാമംനിമിത്തം അവർ നിങ്ങളുടെമേൽ കൈവെച്ചു രാജാക്കന്മാരുടെയും നാടുവാഴികളുടെയും മുമ്പിൽ കൊണ്ടുപോയി ഉപദ്രവിക്കയും പള്ളികളിലും തടവുകളിലും ഏല്പിക്കയും ചെയ്യും. അതു നിങ്ങൾക്കു സാക്ഷ്യം പറവാൻ തരം ആകും. ആകയാൽ പ്രതിവാദിപ്പാൻ മുമ്പുകൂട്ടി വിചാരിക്കാതിരിക്കേണ്ടതിന്നു മനസ്സിൽ ഉറെച്ചുകൊൾവിൻ. നിങ്ങളുടെ എതിരികൾക്കു ആർക്കും ചെറുപ്പാനോ എതിർ പറവാനോ കഴിയാത്ത വാക്കും ജ്ഞാനവും ഞാൻ നിങ്ങൾക്കു തരും. എന്നാൽ അമ്മയപ്പന്മാരും സഹോദരന്മാരും ചാർച്ചക്കാരും ചങ്ങാതികളും നിങ്ങളെ ഏല്പിച്ചുകൊടുക്കയും നിങ്ങളിൽ ചിലരെ കൊല്ലിക്കയും ചെയ്യും. എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും. നിങ്ങളുടെ തലയിലെ ഒരു രോമംപോലും നശിച്ചുപോകയില്ലതാനും. നിങ്ങൾ ക്ഷമകൊണ്ടു നിങ്ങളുടെ പ്രാണനെ നേടും.

ലൂക്കൊസ് 21:5-19 സമകാലിക മലയാളവിവർത്തനം (MCV)

ചില ശിഷ്യർ ദൈവാലയത്തെക്കുറിച്ച്, അതു മനോഹരമായ കല്ലുകളാലും വഴിപാടായി ലഭിച്ച വസ്തുക്കളാലും അലംകൃതമായിരിക്കുന്നു എന്നു പറഞ്ഞപ്പോൾ യേശു ഇങ്ങനെ പ്രതിവചിച്ചു: “നിങ്ങൾ ഈ കാണുന്നത്, ഒരു കല്ലിനുമീതേ മറ്റൊരു കല്ല് ശേഷിക്കാത്തവിധം എല്ലാം നിലംപൊത്തുന്ന കാലം വരുന്നു.” “ഗുരോ, എപ്പോഴാണ് ഈ കാര്യങ്ങൾ സംഭവിക്കുക? അവ സംഭവിക്കാറായി എന്നതിന്റെ ലക്ഷണം എന്തായിരിക്കും?” അവർ ചോദിച്ചു. അദ്ദേഹം അതിനു മറുപടി ഇങ്ങനെ പറഞ്ഞു: “ആരും നിങ്ങളെ വഞ്ചിക്കാതിരിക്കാൻ സൂക്ഷിക്കുക. ‘ഞാൻ ആകുന്നു ക്രിസ്തു’ എന്നും ‘സമയം അടുത്തിരിക്കുന്നു’ എന്നും അവകാശപ്പെട്ടുകൊണ്ട് ധാരാളംപേർ എന്റെ നാമത്തിൽ വരും. അവരുടെ പിന്നാലെ പോകരുത്. നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും കലാപങ്ങളെക്കുറിച്ചും കേൾക്കുമ്പോൾ പരിഭ്രാന്തരാകരുത്. ഇവ ആദ്യം സംഭവിക്കേണ്ടതാകുന്നു. എന്നാൽ, അത്രപെട്ടെന്ന് യുഗാവസാനം സംഭവിക്കുകയില്ല.” അദ്ദേഹം തുടർന്നു, “ജനതകൾതമ്മിലും രാജ്യങ്ങൾതമ്മിലും യുദ്ധംചെയ്യും. വലിയ ഭൂകമ്പങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ഷാമവും പകർച്ചവ്യാധികളും ഉണ്ടാകും. ഭയാനകസംഭവങ്ങളും ആകാശത്ത് വലിയ അത്ഭുതചിഹ്നങ്ങളും ദൃശ്യമാകും. “എന്നാൽ ഇതിനെല്ലാംമുമ്പേ, എന്റെ നാമംനിമിത്തം അവർ നിങ്ങളെ ബന്ധിതരാക്കി ഉപദ്രവിക്കും. നിങ്ങളെ പള്ളികളിലേക്കും കാരാഗൃഹങ്ങളിലേക്കും വലിച്ചിഴച്ചുകൊണ്ടുപോകും; എന്റെ അനുയായികളായതിനാൽ, രാജാക്കന്മാരുടെയും അധികാരികളുടെയും മുമ്പിൽ നിർത്തും. അതു നിങ്ങൾക്ക് എന്നെക്കുറിച്ച് സാക്ഷ്യം പറയാനുള്ള അവസരമായിരിക്കും. അതുകൊണ്ട് എങ്ങനെ പ്രതിവാദം നടത്തും എന്ന് ചിന്തിച്ച് മുൻകൂട്ടി വ്യാകുലപ്പെടേണ്ടതില്ല. എന്തുകൊണ്ടെന്നാൽ, നിങ്ങളുടെ എതിരാളികളിൽ ആർക്കും ചെറുത്തുനിൽക്കാനോ എതിർത്തുപറയാനോ കഴിയാത്ത വാക്കുകളും പരിജ്ഞാനവും ഞാൻ നിങ്ങൾക്കു നൽകും. മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും സ്നേഹിതരും നിങ്ങളെ ഒറ്റിക്കൊടുക്കും. അവർ നിങ്ങളിൽ ചിലരെ കൊന്നുകളയും. നിങ്ങൾ എന്റെ അനുയായികൾ ആയിരിക്കുന്നതു നിമിത്തം സകലരും നിങ്ങളെ വെറുക്കും. എന്നാൽ, നിങ്ങളുടെ ഒരു തലമുടിപോലും നശിച്ചുപോകുകയില്ല. നിങ്ങളുടെ സ്ഥൈര്യത്താൽ നിങ്ങൾ ജീവൻ പ്രാപിക്കും.