ലൂക്കൊസ് 21:20-24
ലൂക്കൊസ് 21:20-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അതിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊൾവിൻ. അന്ന് യെഹൂദ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ; അതിന്റെ നടുവിലുള്ളവർ പുറപ്പെട്ടു പോകട്ടെ; നാട്ടുമ്പുറങ്ങളിലുള്ളവർ അതിൽ കടക്കരുത്. എഴുതിയിരിക്കുന്നതെല്ലാം നിവൃത്തിയാകേണ്ടതിന് ആ നാളുകൾ പ്രതികാരകാലം ആകുന്നു. ആ കാലത്ത് ഗർഭിണികൾക്കും മുല കുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം! ദേശത്തുവലിയ ഞെരുക്കവും ഈ ജനത്തിന്മേൽ ക്രോധവും ഉണ്ടാകും. അവർ വാളിന്റെ വായ്ത്തലയാൽ വീഴുകയും അവരെ സകല ജാതികളിലേക്കും ബദ്ധരായി കൊണ്ടുപോകയും ജാതികളുടെ കാലം തികയുവോളം ജാതികൾ യെരൂശലേം ചവിട്ടിക്കളകയും ചെയ്യും.
ലൂക്കൊസ് 21:20-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അതിന്റെ വിനാശം അടുത്തിരിക്കുന്നുവെന്ന് അറിഞ്ഞുകൊള്ളണം. അപ്പോൾ യെഹൂദ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ; നഗരങ്ങളിലുള്ളവർ അവിടംവിട്ടു പോകട്ടെ; നാട്ടിൻപുറത്തുള്ളവർ നഗരത്തിൽ പ്രവേശിക്കയുമരുത്; വേദലിഖിതമെല്ലാം നിറവേറുന്നതിനുള്ള ന്യായവിധിയുടെ ദിവസങ്ങളായിരിക്കും അവ. അക്കാലത്തു ഗർഭിണികൾക്കും മുലകുടിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളുള്ള മാതാക്കൾക്കും ഹാ കഷ്ടം! അന്നു ഭൂമിയിൽ മഹാദുരിതവും ഈ ജനത്തിന്മേൽ ദൈവശിക്ഷയും ഉണ്ടാകും; അവർ വാളിനിരയായി നിലംപതിക്കും; വിജാതീയർ അവരെ തടവുകാരാക്കി നാനാ രാജ്യങ്ങളിലേക്കും കൊണ്ടുപോകും; തങ്ങളുടെ ആധിപത്യകാലം കഴിയുന്നതുവരെ വിജാതീയർ യെരൂശലേമിനെ ചവിട്ടിമെതിക്കും.”
ലൂക്കൊസ് 21:20-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അത് നശിപ്പിക്കപ്പെടുവാൻ സമയം അടുത്തു എന്നു അറിഞ്ഞുകൊൾവിൻ. അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ; അതിന്റെ നടുവിലുള്ളവർ വേഗം പുറത്തേക്ക് പോകട്ടെ; നാട്ടുംപുറങ്ങളിലുള്ളവർ അതിൽ കടക്കരുത്. എഴുതിയിരിക്കുന്നതെല്ലാം നിവൃത്തിയാകേണ്ടതിന് ആ നാളുകൾ പ്രതികാരത്തിന്‍റെ കാലം ആകുന്നു. ആ കാലത്ത് ഗർഭിണികൾക്കും മുല കുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം! ദേശത്തു വലിയ ഞെരുക്കവും ഈ ജനത്തിന്മേൽ കോപവും ഉണ്ടാകും. ചിലരെ അവർ വാളുകൊണ്ടു കൊല്ലുകയും, മറ്റു ചിലരെ അവർ പല രാജ്യങ്ങളിലേക്കും അടിമകളായി കൊണ്ടുപോകുകയും, ജനതകളുടെ കാലം കഴിയുന്നതുവരെ ജനതകൾ യെരൂശലേമിൽ വസിക്കുന്നവരെ നശിപ്പിക്കുകയും ചെയ്യും.
ലൂക്കൊസ് 21:20-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അതിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ. അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ; അതിന്റെ നടുവിലുള്ളവർ പുറപ്പെട്ടുപോകട്ടെ; നാട്ടുപുറങ്ങളിലുള്ളവർ അതിൽ കടക്കരുതു. എഴുതിയിരിക്കുന്നതെല്ലാം നിവൃത്തിയാകേണ്ടതിന്നു ആ നാളുകൾ പ്രതികാരകാലം ആകുന്നു. ആ കാലത്തു ഗർഭിണികൾക്കും മുല കുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം! ദേശത്തു വലിയ ഞെരുക്കവും ഈ ജനത്തിന്മേൽ ക്രോധവും ഉണ്ടാകും. അവർ വാളിന്റെ വായ്ത്തലയാൽ വീഴുകയും അവരെ സകലജാതികളിലേക്കും ബദ്ധരായി കൊണ്ടുപോകയും ജാതികളുടെ കാലം തികയുവോളം ജാതികൾ യെരൂശലേം ചവിട്ടിക്കളകയും ചെയ്യും.
ലൂക്കൊസ് 21:20-24 സമകാലിക മലയാളവിവർത്തനം (MCV)
“സൈന്യം ജെറുശലേമിനെ വലയംചെയ്തിരിക്കുന്നതു കാണുമ്പോൾ അതിന്റെ നാശം അടുത്തിരിക്കുന്നു എന്നു നിങ്ങൾക്കറിയാൻ കഴിയും. അപ്പോൾ യെഹൂദ്യപ്രവിശ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ; നഗരത്തിനകത്തുള്ളവർ അവിടംവിട്ടു പുറത്തിറങ്ങി വരട്ടെ; നാട്ടിൻപുറങ്ങളിലുള്ളവർ നഗരത്തിനുള്ളിൽ പ്രവേശിക്കാതിരിക്കട്ടെ. കാരണം, പ്രവചനലിഖിതങ്ങൾ എല്ലാം പൂർത്തിയാകുന്ന പ്രതികാരകാലമാകുന്നു അത്. ആ ദിവസങ്ങളിൽ ഗർഭവതികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഹാ കഷ്ടം! ദേശത്തെല്ലാം വലിയ ദുരിതവും ദേശവാസികൾക്കെതിരേ ക്രോധവും ഉണ്ടാകും. അവരിൽ അനേകരെ വാളിനിരയാക്കുകയും മറ്റുള്ളവരെ സകലരാഷ്ട്രങ്ങളിലേക്കും ബന്ദികളാക്കി കൊണ്ടുപോകുകയും ചെയ്യും. യെഹൂദേതരർക്ക് അനുവദിക്കപ്പെട്ടിരിക്കുന്ന കാലം പൂർത്തിയാകുംവരെ അവർ ജെറുശലേമിനെ ചവിട്ടിയരയ്ക്കും.