ലൂക്കൊസ് 20:9-18
ലൂക്കൊസ് 20:9-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം അവൻ ജനത്തോട് ഉപമ പറഞ്ഞതെന്തെന്നാൽ: ഒരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി കുടിയാന്മാരെ പാട്ടത്തിന് ഏല്പിച്ചിട്ട് ഏറിയകാലം പരദേശത്തു പോയി പാർത്തു. സമയമായപ്പോൾ കുടിയാന്മാരോടു തോട്ടത്തിന്റെ അനുഭവം വാങ്ങേണ്ടതിന് അവരുടെ അടുക്കൽ ഒരു ദാസനെ അയച്ചു; അവനെ കുടിയാന്മാർ തല്ലി വെറുതേ അയച്ചുകളഞ്ഞു. അവൻ മറ്റൊരു ദാസനെ പറഞ്ഞയച്ചു; അവനെയും അവർ തല്ലി അപമാനിച്ചു വെറുതേ അയച്ചുകളഞ്ഞു. അവൻ മൂന്നാമത് ഒരുത്തനെ പറഞ്ഞയച്ചു; അവർ അവനെയും മുറിവേല്പിച്ചു പുറത്താക്കിക്കളഞ്ഞു. അപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ: ഞാൻ എന്തു ചെയ്യേണ്ടൂ? എന്റെ പ്രിയപുത്രനെ അയയ്ക്കും; പക്ഷേ അവർ അവനെ ശങ്കിക്കും എന്നു പറഞ്ഞു. കുടിയാന്മാർ അവനെ കണ്ടിട്ട്: ഇവൻ അവകാശി; അവകാശം നമുക്ക് ആകേണ്ടതിന് നാം അവനെ കൊന്നുകളക എന്നു തമ്മിൽ ആലോചിച്ചുപറഞ്ഞു. അവർ അവനെ തോട്ടത്തിൽനിന്നു പുറത്താക്കി കൊന്നുകളഞ്ഞു. എന്നാൽ തോട്ടത്തിന്റെ ഉടമസ്ഥൻ അവരോട് എന്തു ചെയ്യും? അവൻ വന്ന് ആ കുടിയാന്മാരെ നിഗ്രഹിച്ചു തോട്ടം അന്യന്മാർക്ക് ഏല്പിച്ചുകൊടുക്കും. അതു കേട്ടിട്ട് അവർ അങ്ങനെ ഒരുനാളും സംഭവിക്കയില്ല എന്നു പറഞ്ഞു. അവനോ അവരെ നോക്കി: “എന്നാൽ വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നു” എന്ന് എഴുതിയിരിക്കുന്നത് എന്ത്? ആ കല്ലിന്മേൽ വീഴുന്ന ഏവനും തകർന്നുപോകും; അത് ആരുടെമേൽ എങ്കിലും വീണാൽ അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു.
ലൂക്കൊസ് 20:9-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അനന്തരം യേശു ജനങ്ങളോട് ഈ ദൃഷ്ടാന്തകഥ പറഞ്ഞു: “ഒരിക്കൽ ഒരാൾ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കിയശേഷം പാട്ടത്തിനേല്പിച്ചു; പിന്നീട് അയാൾ ദീർഘകാലത്തെ വിദേശവാസത്തിനായി പോയി. വിളവെടുക്കാറായപ്പോൾ തോട്ടത്തിൽനിന്നു തനിക്കു ലഭിക്കേണ്ട ഓഹരി വാങ്ങുന്നതിനായി അയാൾ ഒരു ഭൃത്യനെ പാട്ടക്കാരുടെ അടുക്കൽ അയച്ചു. അവർ അവനെ പ്രഹരിക്കുകയും വെറുംകൈയോടെ പറഞ്ഞയയ്‍ക്കുകയും ചെയ്തു. അയാൾ വീണ്ടും ഒരു ഭൃത്യനെ അയച്ചു. അവർ അവനെയും തല്ലി അപമാനിച്ച് യാതൊന്നും കൊടുക്കാതെ പറഞ്ഞയച്ചു. മൂന്നാമതും ഒരാളെ അയച്ചു. ആ ഭൃത്യനെ അവർ പരുക്കേല്പിച്ചശേഷം പിടിച്ചു പുറത്താക്കി. അപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ പറഞ്ഞു: “ഇനി ഞാനെന്താണു ചെയ്യുക? എന്റെ വത്സലപുത്രനെ തന്നെ അയയ്‍ക്കാം; അവനെ ഒരുപക്ഷേ അവർ ആദരിച്ചേക്കും.” എന്നാൽ പാട്ടക്കാർ പരസ്പരം ആലോചിച്ചുകൊണ്ടു പറഞ്ഞു: ‘ഇതാ ഇവനാണ് തോട്ടത്തിന്റെ അവകാശി! നമുക്കിവനെ കൊന്നുകളയാം; അപ്പോൾ അവകാശം നമ്മുടേതായിത്തീരുമല്ലോ!’ അവർ തോട്ടമുടമസ്ഥന്റെ പുത്രനെ തോട്ടത്തിൽനിന്നു പുറത്താക്കി കൊന്നുകളഞ്ഞു. “മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ അവരോട് എന്തു ചെയ്യും? അയാൾ വന്ന് ആ മനുഷ്യനെ നിഗ്രഹിച്ചശേഷം തോട്ടം മറ്റാരെയെങ്കിലും ഏല്പിക്കും.” അവർ ഇതു കേട്ടപ്പോൾ “ഒരിക്കലും അങ്ങനെ സംഭവിക്കാതിരിക്കട്ടെ” എന്നു പറഞ്ഞു. യേശു അവരെ നോക്കിക്കൊണ്ടു പറഞ്ഞു: “അങ്ങനെയെങ്കിൽ പണിക്കാർ തള്ളിക്കളഞ്ഞ ആ കല്ലുതന്നെ മൂലക്കല്ലായിത്തീർന്നിരിക്കുന്നു എന്നെഴുതിയിരിക്കുന്നതിന്റെ അർഥമെന്ത്? ആ കല്ലിന്മേൽ വീഴുന്ന ഏതൊരുവനും തകർന്നു തരിപ്പണമാകും; അത് ആരുടെയെങ്കിലും മേൽ വീണാൽ അത് അവനെ തകർത്തുകളയും.”
ലൂക്കൊസ് 20:9-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പിന്നീട് അവൻ ജനത്തോടു ഉപമ പറഞ്ഞു: ഒരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കി. അവൻ അത് കുടിയാന്മാരെ പാട്ടത്തിന് ഏല്പിച്ചിട്ട് കുറേക്കാലം അന്യദേശത്ത് പോയി പാർത്തു. സമയമായപ്പോൾ കുടിയാന്മാരോട് മുന്തിരിത്തോട്ടത്തിന്‍റെ ഫലം വാങ്ങേണ്ടതിന് അവരുടെ അടുക്കൽ ഒരു ദാസനെ അയച്ചു; അവനെ കുടിയാന്മാർ തല്ലി വെറുതെ അയച്ചുകളഞ്ഞു. അവൻ മറ്റൊരു ദാസനെ പറഞ്ഞയച്ചു; അവനെയും അവർ തല്ലി അപമാനിച്ചു വെറുതെ അയച്ചുകളഞ്ഞു. അവൻ മൂന്നാമതു ഒരാളെയും കൂടെ പറഞ്ഞയച്ചു; അവർ അവനെയും മുറിവേല്പിച്ചു പുറത്താക്കിക്കളഞ്ഞു. അപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ: ഞാൻ ഇനി എന്ത് ചെയ്യും? എന്‍റെ പ്രിയപുത്രനെ അയയ്ക്കാം; ഒരുപക്ഷേ അവർ അവനോട് ആദരവ് കാണിച്ചേക്കും എന്നു പറഞ്ഞു. കുടിയാന്മാർ അവനെ കണ്ടിട്ട്: ഇവൻ അവകാശി ആകുന്നു; നമുക്കു അവനെ കൊന്നുകളയാം. അപ്പോൾ അവകാശം നമുക്കു ലഭിക്കും എന്നു അവർ തമ്മിൽ ആലോചിച്ചു. കുടിയാന്മാർ അവനെ തോട്ടത്തിൽ നിന്നു പുറത്താക്കി കൊന്നുകളഞ്ഞു. എന്നാൽ തോട്ടത്തിന്റെ ഉടമസ്ഥൻ അവരോട് എന്ത് ചെയ്യും? അവൻ വന്നു ആ കുടിയാന്മാരെ കൊല്ലുകയും തോട്ടം മറ്റുള്ളവർക്ക് ഏല്പിച്ചുകൊടുക്കുകയും ചെയ്യും. അത് കേട്ടിട്ടു അവർ: ”ദൈവമേ, അങ്ങനെ ഒരുനാളും സംഭവിക്കരുതേ!” എന്നു പറഞ്ഞു. അവനോ അവരെ നോക്കി: “എന്നാൽ വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നു” എന്നു എഴുതിയിരിക്കുന്നത് എന്തിനാണ്? ആ കല്ലിന്മേൽ വീഴുന്ന ഏവനും തകർന്നുപോകും; അത് ആരുടെമേൽ എങ്കിലും വീണാൽ അത് അവനെ നശിപ്പിക്കും എന്നു പറഞ്ഞു.
ലൂക്കൊസ് 20:9-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം അവൻ ജനത്തോടു ഉപമ പറഞ്ഞതെന്തെന്നാൽ: ഒരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി കുടിയാന്മാരെ പാട്ടത്തിന്നു ഏല്പിച്ചിട്ടു ഏറിയ കാലം പരദേശത്തു പോയി പാർത്തു. സമയമായപ്പോൾ കുടിയാന്മാരോടു തോട്ടത്തിന്റെ അനുഭവം വാങ്ങേണ്ടതിന്നു അവരുടെ അടുക്കൽ ഒരു ദാസനെ അയച്ചു; അവനെ കുടിയാന്മാർ തല്ലി വെറുതെ അയച്ചുകളഞ്ഞു. അവൻ മറ്റൊരു ദാസനെ പറഞ്ഞയച്ചു; അവനെയും അവർ തല്ലി അപമാനിച്ചു വെറുതെ അയച്ചുകളഞ്ഞു. അവൻ മൂന്നാമതു ഒരുത്തനെ പറഞ്ഞയച്ചു; അവർ അവനെയും മുറിവേല്പിച്ചു പുറത്താക്കിക്കളഞ്ഞു. അപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ: ഞാൻ എന്തു ചെയ്യേണ്ടു? എന്റെ പ്രിയ പുത്രനെ അയക്കും; പക്ഷേ അവർ അവനെ ശങ്കിക്കും എന്നു പറഞ്ഞു. കുടിയാന്മാർ അവനെ കണ്ടിട്ടു: ഇവൻ അവകാശി; അവകാശം നമുക്കു ആകേണ്ടതിന്നു നാം അവനെ കൊന്നുകളക എന്നു തമ്മിൽ ആലോചിച്ചു പറഞ്ഞു. അവർ അവനെ തോട്ടത്തിൽ നിന്നു പുറത്താക്കി കൊന്നുകളഞ്ഞു. എന്നാൽ തോട്ടത്തിന്റെ ഉടമസ്ഥൻ അവരോടു എന്തു ചെയ്യും? അവൻ വന്നു ആ കുടിയാന്മാരെ നിഗ്രഹിച്ചു തോട്ടം അന്യന്മാർക്കു ഏല്പിച്ചുകൊടുക്കും. അതു കേട്ടിട്ടു അവർ അങ്ങനെ ഒരുനാളും സംഭവിക്കയില്ല എന്നു പറഞ്ഞു. അവനോ അവരെ നോക്കി: “എന്നാൽ വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായിത്തീർന്നു” എന്നു എഴുതിയിരിക്കുന്നതു എന്തു? ആ കല്ലിന്മേൽ വീഴുന്ന ഏവനും തകർന്നുപോകും; അതു ആരുടെ മേൽ എങ്കിലും വീണാൽ അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു.
ലൂക്കൊസ് 20:9-18 സമകാലിക മലയാളവിവർത്തനം (MCV)
തുടർന്ന് അദ്ദേഹം ജനങ്ങളോട് ഈ സാദൃശ്യകഥ പറഞ്ഞു: “ഒരു മനുഷ്യൻ ഒരു മുന്തിരിത്തോപ്പ് നട്ടുപിടിപ്പിച്ചു. അത് ഏതാനും കർഷകരെ പാട്ടത്തിനേൽപ്പിച്ചിട്ട്, ദീർഘനാളത്തെ പ്രവാസത്തിനായി വിദേശത്തുപോയി. വിളവെടുപ്പുകാലം ആയപ്പോൾ, പാട്ടക്കർഷകരിൽനിന്ന് മുന്തിരിത്തോപ്പിലെ വിളവിൽ തനിക്കുള്ള ഓഹരി വാങ്ങേണ്ടതിന് അദ്ദേഹം അവരുടെ അടുത്തേക്ക് ഒരു ദാസനെ അയച്ചു. എന്നാൽ, പാട്ടക്കർഷകർ അവനെ മർദിച്ച് വെറുംകൈയോടെ തിരികെ അയച്ചു. മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ മറ്റൊരു ദാസനെ അയച്ചു; എന്നാൽ അയാളെയും അവർ മർദിച്ച് അപമാനിച്ച് വെറുംകൈയോടെ തിരികെ അയച്ചു. മൂന്നാമതും ഒരാളെ അയച്ചു. അയാളെ മുറിവേൽപ്പിച്ചു പുറത്ത് എറിഞ്ഞുകളഞ്ഞു. “അപ്പോൾ മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ പറഞ്ഞു: ‘ഇനി ഞാൻ എന്തുചെയ്യും? എന്റെ പ്രിയമകനെ ഞാൻ അയയ്ക്കും; ഒരുപക്ഷേ അവർ അവനെ ആദരിച്ചേക്കും.’ “എന്നാൽ, ആ കർഷകർ മകനെ കണ്ടപ്പോൾ പരസ്പരം ഇങ്ങനെ ചർച്ചചെയ്തു, ‘ഇവനാണ് അവകാശി; വരൂ, നമുക്ക് ഇവനെ കൊന്നുകളയാം; എങ്കിൽ ഇതിനെല്ലാം നാം അവകാശികളാകും.’ അങ്ങനെ അവർ അവനെ മുന്തിരിത്തോപ്പിന് പുറത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി കൊന്നുകളഞ്ഞു. “മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ ഇനി അവരോട് എങ്ങനെയാണ് പ്രതികരിക്കുക? അദ്ദേഹം വന്ന് ആ പാട്ടക്കർഷകരെ വധിച്ച് മുന്തിരിത്തോപ്പ് വേറെ ആളുകളെ ഏൽപ്പിക്കും.” ഇതു കേട്ട ജനം, “ഈ കഥ ഒരിക്കലും യാഥാർഥ്യമാകാതിരിക്കട്ടെ” എന്നു പറഞ്ഞു. അപ്പോൾ യേശു ജനത്തെ അർഥപൂർണമായി നോക്കിക്കൊണ്ട്, “ ‘ശില്പികൾ ഉപേക്ഷിച്ച ആ കല്ലുതന്നെ മൂലക്കല്ലായിത്തീർന്നു,’ എന്ന തിരുവെഴുത്ത് നിങ്ങൾ വായിച്ചിട്ടില്ലേ? ഈ കല്ലിന്മേൽ വീഴുന്നവരെല്ലാം തകർന്നുപോകും. അത് ആരുടെമേൽ വീഴുന്നോ അയാൾ തരിപ്പണമാകും” എന്നു പറഞ്ഞു.