ലൂക്കൊസ് 20:27-47

ലൂക്കൊസ് 20:27-47 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരിൽ ചിലർ അടുത്തുവന്ന് അവനോട് ചോദിച്ചത്: ഗുരോ, ഒരുത്തന്റെ സഹോദരൻ വിവാഹം കഴിച്ചിട്ട് മക്കളില്ലാതെ മരിച്ചുപോയാൽ അവന്റെ സഹോദരൻ അവന്റെ ഭാര്യയെ പരിഗ്രഹിച്ചു സഹോദരനു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു. എന്നാൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു; അവരിൽ ഒന്നാമത്തവൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചു മക്കളില്ലാതെ മരിച്ചുപോയി. രണ്ടാമത്തവനും മൂന്നാമത്തവനും അവളെ പരിഗ്രഹിച്ചു. അവ്വണ്ണം ഏഴു പേരും ചെയ്തു മക്കളില്ലാതെ മരിച്ചുപോയി. ഒടുവിൽ സ്ത്രീയും മരിച്ചു. എന്നാൽ പുനരുത്ഥാനത്തിൽ അവൾ അവരിൽ ഏവനു ഭാര്യയാകും? എഴുവർക്കും ഭാര്യയായിരുന്നുവല്ലോ. അതിന് യേശു ഉത്തരം പറഞ്ഞത്: ഈ ലോകത്തിന്റെ മക്കൾ വിവാഹം കഴിക്കയും വിവാഹത്തിനു കൊടുക്കയും ചെയ്യുന്നു. എങ്കിലും ആ ലോകത്തിനും മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനത്തിനും യോഗ്യരായവർ വിവാഹം കഴിക്കയുമില്ല വിവാഹത്തിനു കൊടുക്കപ്പെടുകയുമില്ല; അവർക്ക് ഇനി മരിപ്പാനും കഴികയില്ല. അവർ പുനരുത്ഥാനപുത്രന്മാരാകയാൽ ദൈവദൂതതുല്യരും ദൈവപുത്രന്മാരും ആകുന്നു. മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു എന്നതോ മോശെയും മുൾപ്പടർപ്പുഭാഗത്തു കർത്താവിനെ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു പറയുന്നതിനാൽ സൂചിപ്പിച്ചിരിക്കുന്നു. ദൈവമോ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; എല്ലാവരും അവന് ജീവിച്ചിരിക്കുന്നുവല്ലോ. അതിനു ചില ശാസ്ത്രിമാർ: ഗുരോ, നീ പറഞ്ഞത് ശരി എന്ന് ഉത്തരം പറഞ്ഞു. പിന്നെ അവനോട് ഒന്നും ചോദിപ്പാൻ അവർ തുനിഞ്ഞതുമില്ല. എന്നാൽ അവൻ അവരോട്: ക്രിസ്തു ദാവീദിന്റെ പുത്രൻ എന്നു പറയുന്നത് എങ്ങനെ? “കർത്താവ് എന്റെ കർത്താവിനോട്: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം എന്റെ വലത്തു ഭാഗത്തിരിക്ക എന്ന് അരുളിച്ചെയ്തു” എന്നു സങ്കീർത്തനപുസ്തകത്തിൽ ദാവീദ് തന്നെ പറയുന്നുവല്ലോ. ദാവീദ് അവനെ കർത്താവ് എന്നു വിളിക്കുന്നു; പിന്നെ അവന്റെ പുത്രൻ ആകുന്നത് എങ്ങനെ എന്നു ചോദിച്ചു. എന്നാൽ ജനമൊക്കെയും കേൾക്കെ അവൻ തന്റെ ശിഷ്യന്മാരോട്: നിലയങ്കികളോടെ നടപ്പാൻ ഇച്ഛിക്കയും അങ്ങാടിയിൽ വന്ദനവും പള്ളിയിൽ മുഖ്യാസനവും അത്താഴത്തിൽ പ്രധാനസ്ഥലവും പ്രിയപ്പെടുകയും ചെയ്യുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊൾവിൻ. അവർ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീർഘമായി പ്രാർഥിക്കയും ചെയ്യുന്നു; അവർക്ക് ഏറ്റവും വലിയ ശിക്ഷാവിധി വരും.

ലൂക്കൊസ് 20:27-47 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പുനരുത്ഥാനം ഇല്ല എന്നു വാദിക്കുന്ന സാദൂക്യകക്ഷിയിൽപ്പെട്ട ചിലർ യേശുവിനോടു ചോദിച്ചു: “ഗുരോ, ഒരാൾ മക്കളില്ലാതെ മരിച്ചാൽ അയാളുടെ ഭാര്യയെ അയാളുടെ സഹോദരൻ പരിഗ്രഹിച്ച് മരിച്ചയാളിനുവേണ്ടി സന്താനങ്ങളെ ജനിപ്പിക്കണമെന്നു മോശ എഴുതിയിട്ടുണ്ടല്ലോ. ഒരിടത്ത് ഏഴു സഹോദരന്മാർ ജീവിച്ചിരുന്നു. അവരിൽ ഒന്നാമൻ ഒരു സ്‍ത്രീയെ വിവാഹം ചെയ്തു. അയാൾ മക്കളില്ലാതെ മരിച്ചു. രണ്ടാമനും അയാളുടെ കാലശേഷം മൂന്നാമനും, അങ്ങനെ ഏഴു സഹോദരന്മാരും ആ സ്‍ത്രീയെ ഭാര്യയായി സ്വീകരിക്കുകയും മക്കളില്ലാതെ മരിക്കുകയും ചെയ്തു. ഒടുവിൽ ആ സ്‍ത്രീയും മരിച്ചു. പുനരുത്ഥാനത്തിൽ ആ സ്‍ത്രീ ആരുടെ ഭാര്യയായിരിക്കും? അവൾ ആ ഏഴുപേരുടെയും ഭാര്യയായിരുന്നല്ലോ.” യേശു പ്രതിവചിച്ചു: “ഈ യുഗത്തിന്റെ മക്കൾ വിവാഹം കഴിക്കുകയും വിവാഹം കഴിപ്പിക്കുകയും ചെയ്യുന്നു. വരുവാനുള്ള യുഗവും പുനരുത്ഥാനവും പ്രാപിക്കുന്നതിന് അർഹരാകുന്നവർ വിവാഹം കഴിക്കുന്നില്ല, വിവാഹം കഴിപ്പിക്കുന്നുമില്ല. അവർ പുനരുത്ഥാനത്തിന്റെ പുത്രന്മാരായതിനാൽ ദൈവദൂതന്മാർക്കു തുല്യരും ദൈവത്തിന്റെ പുത്രന്മാരുമാണ്. അതുകൊണ്ട് അവർ ഇനിമേൽ മരിക്കുകയില്ല. എന്നാൽ മുൾപ്പടർപ്പിനെക്കുറിച്ചു പറയുന്ന ഭാഗത്ത് മരിച്ചവർ ഉയിർത്തെഴുന്നേല്‌ക്കുമെന്ന് മോശയും സൂചിപ്പിച്ചിട്ടുണ്ട്. അവിടെ അബ്രഹാമിന്റെ ദൈവവും ഇസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നത്രേ ദൈവത്തെപ്പറ്റി പറയുന്നത്. അവിടുന്നു മരിച്ചവരുടെ ദൈവമല്ല ജീവനുള്ളവരുടെ ദൈവമാണ്. അങ്ങനെ ദൈവത്തെ സംബന്ധിച്ചിടത്തോളം എല്ലാവരും ജീവിക്കുന്നവരാകുന്നു.” അപ്പോൾ മതപണ്ഡിതന്മാരിൽ ചിലർ പറഞ്ഞു: “ഗുരോ, അങ്ങു പറഞ്ഞതു സമുചിതമായ മറുപടിയാണ്.” പിന്നീട് ഒരു ചോദ്യവും ഉന്നയിക്കാൻ ആരും ധൈര്യപ്പെട്ടില്ല. യേശു അവരോടു ചോദിച്ചു: “ക്രിസ്തു ദാവീദിന്റെ പുത്രൻ എന്നു പറയുന്നതെങ്ങനെ? സങ്കീർത്തനപുസ്തകത്തിൽ ദാവീദു തന്നെ പറയുന്നു: സർവേശ്വരൻ എന്റെ കർത്താവിനോട് അരുൾചെയ്തു: “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ നീ എന്റെ വലത്തുഭാഗത്തിരിക്കുക” എന്ന്. അങ്ങനെ ദാവീദ് അവിടുത്തെ ‘കർത്താവ്’ എന്നു വിളിക്കുന്നെങ്കിൽ അവിടുന്ന് എങ്ങനെ ദാവീദിന്റെ പുത്രനാകും?” പിന്നീട് എല്ലാവരും കേൾക്കെ യേശു ശിഷ്യന്മാരോട് അരുൾചെയ്തു: “ഈ മതപണ്ഡിതന്മാരെ സൂക്ഷിച്ചുകൊള്ളുക. അവർ നീണ്ട കുപ്പായം ധരിച്ചുനടക്കുവാൻ ആഗ്രഹിക്കുന്നു. അങ്ങാടിയിൽ വന്ദനവും സുനഗോഗുകളിൽ മുഖ്യാസനവും സത്ക്കാരവിരുന്നുകളിൽ മാന്യസ്ഥാനവും അവർ ഇഷ്ടപ്പെടുന്നു. പക്ഷേ, അവർ വിധവകളുടെ വീടുകൾ ചൂഷണം ചെയ്യുകയും കപടഭാവത്തിൽ ദീർഘമായി പ്രാർഥിക്കുകയും ചെയ്യും! അവർക്കു ലഭിക്കുന്ന ശിക്ഷാവിധി ഏറ്റവും കഠിനമായിരിക്കും.”

ലൂക്കൊസ് 20:27-47 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരിൽ ചിലർ അടുത്തുവന്ന് അവനോട് ചോദിച്ചത്: ”ഗുരോ, ഒരുവന്‍റെ സഹോദരൻ വിവാഹം കഴിച്ചിട്ട് മക്കളില്ലാതെ മരിച്ചുപോയാൽ അവന്‍റെ സഹോദരൻ അവന്‍റെ ഭാര്യയെ പരിഗ്രഹിച്ച് സഹോദരന് സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു. എന്നാൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു; അവരിൽ ഒന്നാമത്തവൻ ഒരു സ്ത്രീയെ വിവാഹംകഴിച്ച് മക്കളില്ലാതെ മരിച്ചുപോയി. രണ്ടാമത്തവനും മൂന്നാമത്തവനും അവളെ പരിഗ്രഹിച്ചു. അപ്രകാരം ഏഴുപേരും ചെയ്തു മക്കളില്ലാതെ മരിച്ചുപോയി. അവസാനം സ്ത്രീയും മരിച്ചു. എന്നാൽ പുനരുത്ഥാനത്തിൽ അവൾ അവരിൽ ആരുടെ ഭാര്യയാകും? അവൾ ഏഴു പേർക്കും ഭാര്യയായിരുന്നുവല്ലോ.” അതിന് യേശു ഉത്തരം പറഞ്ഞത്: ഈ ലോകത്തിന്‍റെ മക്കൾ വിവാഹം കഴിക്കുകയും വിവാഹത്തിന് മക്കളെ കൊടുക്കുകയും ചെയ്യുന്നു. എന്നാൽ ആ ലോകത്തിനും മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനത്തിനും യോഗ്യരായവർ വിവാഹം കഴിക്കുകയുമില്ല വിവാഹത്തിന് കൊടുക്കപ്പെടുകയുമില്ല; അവർക്ക് ഇനി മരിക്കുവാനും കഴിയുകയില്ല. അവൻ പുനരുത്ഥാനപുത്രന്മാരാകയാൽ ദൈവദൂതതുല്യരും ദൈവ പുത്രന്മാരും ആകുന്നു. മോശെ മുൾപ്പടർപ്പിനെ കുറിച്ച് പറയുന്ന ഭാഗത്ത് കർത്താവിനെ അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവും എന്നു പറയുന്നു. അതിനാൽ മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു എന്നു മോശെയും സൂചിപ്പിച്ചിരിക്കുന്നു. ദൈവമോ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; എല്ലാവരും അവനു ജീവിച്ചിരിക്കുന്നുവല്ലോ. അതിന് ചില ശാസ്ത്രിമാർ: ”ഗുരോ, നീ പറഞ്ഞത് ശരി” എന്നു ഉത്തരം പറഞ്ഞു. പിന്നെ അവനോട് അവർ ഒന്നും ചോദിച്ചില്ല. എന്നാൽ അവൻ അവരോട്: ക്രിസ്തു ദാവീദിന്‍റെ പുത്രൻ എന്നു പറയുന്നത് എങ്ങനെ? “കർത്താവ് എന്‍റെ കർത്താവിനോട്: ഞാൻ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠമാക്കുവോളം എന്‍റെ വലത്തുഭാഗത്തിരിക്ക എന്നു അരുളിച്ചെയ്തു” എന്നു സങ്കീർത്തനപുസ്തകത്തിൽ ദാവീദ് തന്നെ പറയുന്നുവല്ലോ. ദാവീദ് അവനെ കർത്താവ് എന്നു വിളിക്കുന്നു; പിന്നെ അവന്‍റെ പുത്രൻ ആകുന്നത് എങ്ങനെ? എന്നു ചോദിച്ചു. എന്നാൽ ജനം ഒക്കെയും കേൾക്കെ യേശു തന്‍റെ ശിഷ്യന്മാരോട്: നിലയങ്കികളോടെ നടക്കുവാൻ ആഗ്രഹിക്കുകയും അങ്ങാടിയിൽ വന്ദനവും പള്ളിയിലും അത്താഴത്തിലും പ്രധാനസ്ഥലവും ഇഷ്ടപ്പെടുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊള്ളുവിൻ. അവർ വിധവമാരുടെ വീടുകളെ നശിപ്പിക്കുകയും, ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു; അവർക്ക് ഏറ്റവും വലിയ ശിക്ഷാവിധി ലഭിക്കും.

ലൂക്കൊസ് 20:27-47 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരിൽ ചിലർ അടുത്തു വന്നു അവനോടു ചോദിച്ചതു: ഗുരോ, ഒരുത്തന്റെ സഹോദരൻ വിവാഹം കഴിച്ചിട്ടു മക്കളില്ലാതെ മരിച്ചുപോയാൽ അവന്റെ സഹോദരൻ അവന്റെ ഭാര്യയെ പരിഗ്രഹിച്ചു സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു. എന്നാൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു; അവരിൽ ഒന്നാമത്തവൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചു മക്കളില്ലാതെ മരിച്ചുപോയി. രണ്ടാമത്തവനും മൂന്നാമത്തവനും അവളെ പരിഗ്രഹിച്ചു. അവ്വണ്ണം ഏഴുപേരും ചെയ്തു മക്കളില്ലാതെ മരിച്ചുപോയി. ഒടുവിൽ സ്ത്രീയും മരിച്ചു. എന്നാൽ പുനരുത്ഥാനത്തിൽ അവൾ അവരിൽ ഏവന്നു ഭാര്യയാകും? ഏഴുവർക്കും ഭാര്യയായിരുന്നുവല്ലോ. അതിന്നു യേശു ഉത്തരം പറഞ്ഞതു: ഈ ലോകത്തിന്റെ മക്കൾ വിവാഹം കഴിക്കയും വിവാഹത്തിന്നു കൊടുക്കയും ചെയ്യുന്നു. എങ്കിലും ആ ലോകത്തിന്നും മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനത്തിന്നും യോഗ്യരായവർ വിവാഹം കഴിക്കയുമില്ല വിവാഹത്തിന്നു കൊടുക്കപ്പെടുകയുമില്ല; അവർക്കു ഇനി മരിപ്പാനും കഴികയില്ല. അവൻ പുനരുത്ഥാനപുത്രന്മാരാകയാൽ ദൈവദൂതതുല്യരും ദൈവ പുത്രന്മാരും ആകുന്നു. മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു എന്നതോ മോശെയും മുൾപ്പടർപ്പുഭാഗത്തു കർത്താവിനെ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു പറയുന്നതിനാൽ സൂചിപ്പിച്ചിരിക്കുന്നു. ദൈവമോ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; എല്ലാവരും അവന്നു ജീവിച്ചിരിക്കുന്നുവല്ലോ. അതിന്നു ചില ശാസ്ത്രിമാർ: ഗുരോ, നീ പറഞ്ഞതു ശരി എന്നു ഉത്തരം പറഞ്ഞു. പിന്നെ അവനോടു ഒന്നും ചോദിപ്പാൻ അവർ തുനിഞ്ഞതുമില്ല. എന്നാൽ അവൻ അവരോടു: ക്രിസ്തു ദാവീദിന്റെ പുത്രൻ എന്നു പറയുന്നതു എങ്ങനെ? “കർത്താവു എന്റെ കർത്താവിനോടു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം എന്റെ വലത്തുഭാഗത്തിരിക്ക എന്നു അരുളിച്ചെയ്തു” എന്നു സങ്കീർത്തനപുസ്തകത്തിൽ ദാവീദ് തന്നേ പറയുന്നുവല്ലോ. ദാവീദ് അവനെ കർത്താവു എന്നു വിളിക്കുന്നു; പിന്നെ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ എന്നു ചോദിച്ചു. എന്നാൽ ജനം ഒക്കെയും കേൾക്കെ അവൻ തന്റെ ശിഷ്യന്മാരോടു: നിലയങ്കികളോടെ നടപ്പാൻ ഇച്ഛിക്കയും അങ്ങാടിയിൽ വന്ദനവും പള്ളിയിൽ മുഖ്യാസനവും അത്താഴത്തിൽ പ്രധാനസ്ഥലവും പ്രിയപ്പെടുകയും ചെയ്യുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊൾവിൻ. അവർ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കയും ചെയ്യുന്നു; അവർക്കു ഏറ്റവും വലിയ ശിക്ഷാവിധിവരും.

ലൂക്കൊസ് 20:27-47 സമകാലിക മലയാളവിവർത്തനം (MCV)

പുനരുത്ഥാനം ഇല്ലെന്നു വാദിക്കുന്ന സദൂക്യരിൽ ചിലർ ഒരു ചോദ്യവുമായി യേശുവിന്റെ അടുക്കൽവന്നു. അവർ അദ്ദേഹത്തോട് ഇങ്ങനെ ചോദിച്ചു: “ഗുരോ, ഒരാളുടെ സഹോദരൻ മക്കളില്ലാതെ മരിച്ചുപോകുകയും ഭാര്യ ശേഷിക്കുകയും ചെയ്യുന്നെങ്കിൽ, അയാൾ ആ വിധവയെ വിവാഹംചെയ്തു സഹോദരനുവേണ്ടി മക്കളെ ജനിപ്പിക്കണമെന്നു മോശ കൽപ്പിച്ചിട്ടുണ്ടല്ലോ. ഒരിടത്ത് ഏഴ് സഹോദരന്മാർ ഉണ്ടായിരുന്നു. ഒന്നാമൻ ഒരു സ്ത്രീയെ വിവാഹംകഴിച്ചു, മക്കളില്ലാത്തവനായി മരിച്ചു. രണ്ടാമനും പിന്നെ മൂന്നാമനും അവളെ വിവാഹംകഴിച്ചു; അങ്ങനെ ഏഴുപേരും വിവാഹംകഴിച്ചു, മക്കളില്ലാത്തവരായി മരിച്ചു. ഒടുവിൽ ആ സ്ത്രീയും മരിച്ചു. അങ്ങനെയെങ്കിൽ പുനരുത്ഥിതജീവിതത്തിൽ അവൾ ആരുടെ ഭാര്യയായിരിക്കും? അവർ ഏഴുപേരും അവളെ വിവാഹംകഴിച്ചിരുന്നല്ലോ!” യേശു അവരോടു പറഞ്ഞത്, “ഈ യുഗത്തിൽ ജീവിക്കുന്നവർ വിവാഹംകഴിക്കുകയും വിവാഹംകഴിപ്പിച്ചയയ്ക്കുകയുംചെയ്യുന്നു. എന്നാൽ, മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനത്തിന് യോഗ്യരായി വരുംയുഗത്തിൽ പ്രവേശിക്കുമ്പോൾ വിവാഹംകഴിക്കുകയോ വിവാഹംകഴിപ്പിച്ചയയ്ക്കുകയോ ചെയ്യുന്നില്ല. അവർ പുനരുത്ഥിതരായിരിക്കുകയാൽ ദൈവദൂതതുല്യരും ദൈവപുത്രരും ആകുന്നു, അതുകൊണ്ട് അവർക്ക് ഇനി മരിക്കാനും സാധ്യമല്ല. മോശതന്നെ മുൾപ്പടർപ്പിനെപ്പറ്റിയുള്ള വിവരണത്തിൽ മരിച്ചവർ ഉയിർത്തെഴുന്നേൽക്കുന്നു എന്ന് നമുക്ക് വ്യക്തമാക്കിത്തന്നിട്ടുണ്ട്; കർത്താവിനെക്കുറിച്ച് ‘അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു’ എന്നിങ്ങനെ മോശ പരാമർശിക്കുന്നുണ്ടല്ലോ. അവിടന്നു മരിച്ചവരുടെ ദൈവമല്ല, പിന്നെയോ ജീവനുള്ളവരുടെ ദൈവമാണ്. ദൈവദൃഷ്ടിയിൽ എല്ലാവരും ജീവിച്ചിരിക്കുന്നവർതന്നെ.” “ഗുരോ, അങ്ങയുടെ ഉത്തരം വളരെ നന്നായിരിക്കുന്നു,” വേദജ്ഞരിൽ ചിലർ പ്രതികരിച്ചു. ഇതിൽപ്പിന്നെ അദ്ദേഹത്തോട് കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ ആർക്കും ധൈര്യം വന്നില്ല. എന്നാൽ, യേശു അവരോട് ഇങ്ങനെ ചോദിച്ചു: “ദാവീദിന്റെ പുത്രനാണ് ക്രിസ്തു എന്നു പറയുന്നത് എങ്ങനെ? ദാവീദുപോലും സങ്കീർത്തനപ്പുസ്തകത്തിൽ: “ ‘കർത്താവ് എന്റെ കർത്താവിനോട്: “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ ചവിട്ടടിയിലാക്കുംവരെ നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക”’ എന്നു പ്രസ്താവിച്ചല്ലോ! ദാവീദ് ക്രിസ്തുവിനെ ‘കർത്താവേ’ എന്നു സംബോധന ചെയ്യുന്നെങ്കിൽ ക്രിസ്തു ദാവീദിന്റെ പുത്രൻ ആകുന്നതെങ്ങനെ?” ജനമെല്ലാം ശ്രദ്ധിച്ചുകൊണ്ടിരിക്കെ, യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞത്: “വേദജ്ഞരെ സൂക്ഷിക്കുക. അവർ സ്വന്തം പദവി പ്രകടമാക്കുന്ന നീണ്ട പുറങ്കുപ്പായം ധരിച്ചുകൊണ്ടു ചന്തസ്ഥലങ്ങളിൽ നടന്ന് അഭിവാദനം സ്വീകരിക്കാൻ ആഗ്രഹിക്കുന്നു. പള്ളികളിൽ പ്രധാന ഇരിപ്പിടങ്ങളും വിരുന്നുകളിൽ ആദരണീയർക്കായി വേർതിരിച്ചിരിക്കുന്ന ഇരിപ്പിടവും അവർ മോഹിക്കുന്നു. അവർ വിധവകളുടെ സമ്പത്ത് നിർലജ്ജം അപഹരിച്ചിട്ട് കേവലം പ്രകടനാത്മകമായ നീണ്ട പ്രാർഥനകൾ ചൊല്ലുകയുംചെയ്യുന്നു. അങ്ങനെയുള്ളവർ അതിഭീകരമായി ശിക്ഷിക്കപ്പെടും.”