ലൂക്കൊസ് 20:1-26

ലൂക്കൊസ് 20:1-26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ആ ദിവസങ്ങളിൽ ഒന്നിൽ അവൻ ദൈവാലയത്തിൽ ജനത്തോട് ഉപദേശിച്ചു സുവിശേഷം അറിയിക്കുമ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരുമായി അടുത്തുവന്ന് അവനോട്: നീ എന്ത് അധികാരംകൊണ്ട് ഇത് ചെയ്യുന്നു? ഈ അധികാരം നിനക്ക് തന്നത് ആർ? ഞങ്ങളോടു പറക എന്നു പറഞ്ഞു. അതിന് ഉത്തരമായി അവൻ: ഞാനും നിങ്ങളോട് ഒരു വാക്ക് ചോദിക്കും; അത് എന്നോട് പറവിൻ. യോഹന്നാന്റെ സ്നാനം സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ ഉണ്ടായത് എന്നു ചോദിച്ചു. അവർ തമ്മിൽ നിരൂപിച്ചു: സ്വർഗത്തിൽനിന്ന് എന്നു പറഞ്ഞാൽ പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞത് എന്ത് എന്ന് അവൻ ചോദിക്കും. മനുഷ്യരിൽനിന്ന് എന്നു പറഞ്ഞാലോ, ജനമൊക്കെയും യോഹന്നാൻ ഒരു പ്രവാചകൻ എന്ന് ഉറച്ചിരിക്കകൊണ്ട് നമ്മെ കല്ലെറിയും എന്നു പറഞ്ഞിട്ട്: എവിടെനിന്നോ ഞങ്ങൾ അറിയുന്നില്ല എന്ന് ഉത്തരം പറഞ്ഞു. യേശു അവരോട്: എന്നാൽ ഞാൻ ഇതു ചെയ്യുന്നത് ഇന്ന അധികാരം കൊണ്ടാകുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയുന്നില്ല എന്നു പറഞ്ഞു. അനന്തരം അവൻ ജനത്തോട് ഉപമ പറഞ്ഞതെന്തെന്നാൽ: ഒരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി കുടിയാന്മാരെ പാട്ടത്തിന് ഏല്പിച്ചിട്ട് ഏറിയകാലം പരദേശത്തു പോയി പാർത്തു. സമയമായപ്പോൾ കുടിയാന്മാരോടു തോട്ടത്തിന്റെ അനുഭവം വാങ്ങേണ്ടതിന് അവരുടെ അടുക്കൽ ഒരു ദാസനെ അയച്ചു; അവനെ കുടിയാന്മാർ തല്ലി വെറുതേ അയച്ചുകളഞ്ഞു. അവൻ മറ്റൊരു ദാസനെ പറഞ്ഞയച്ചു; അവനെയും അവർ തല്ലി അപമാനിച്ചു വെറുതേ അയച്ചുകളഞ്ഞു. അവൻ മൂന്നാമത് ഒരുത്തനെ പറഞ്ഞയച്ചു; അവർ അവനെയും മുറിവേല്പിച്ചു പുറത്താക്കിക്കളഞ്ഞു. അപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ: ഞാൻ എന്തു ചെയ്യേണ്ടൂ? എന്റെ പ്രിയപുത്രനെ അയയ്ക്കും; പക്ഷേ അവർ അവനെ ശങ്കിക്കും എന്നു പറഞ്ഞു. കുടിയാന്മാർ അവനെ കണ്ടിട്ട്: ഇവൻ അവകാശി; അവകാശം നമുക്ക് ആകേണ്ടതിന് നാം അവനെ കൊന്നുകളക എന്നു തമ്മിൽ ആലോചിച്ചുപറഞ്ഞു. അവർ അവനെ തോട്ടത്തിൽനിന്നു പുറത്താക്കി കൊന്നുകളഞ്ഞു. എന്നാൽ തോട്ടത്തിന്റെ ഉടമസ്ഥൻ അവരോട് എന്തു ചെയ്യും? അവൻ വന്ന് ആ കുടിയാന്മാരെ നിഗ്രഹിച്ചു തോട്ടം അന്യന്മാർക്ക് ഏല്പിച്ചുകൊടുക്കും. അതു കേട്ടിട്ട് അവർ അങ്ങനെ ഒരുനാളും സംഭവിക്കയില്ല എന്നു പറഞ്ഞു. അവനോ അവരെ നോക്കി: “എന്നാൽ വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നു” എന്ന് എഴുതിയിരിക്കുന്നത് എന്ത്? ആ കല്ലിന്മേൽ വീഴുന്ന ഏവനും തകർന്നുപോകും; അത് ആരുടെമേൽ എങ്കിലും വീണാൽ അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു. ഈ ഉപമ തങ്ങളെക്കുറിച്ചു പറഞ്ഞു എന്നു ശാസ്ത്രിമാരും മഹാപുരോഹിതന്മാരും ഗ്രഹിച്ചിട്ട് ആ നാഴികയിൽതന്നെ അവന്റെമേൽ കൈ വയ്പാൻ നോക്കി എങ്കിലും ജനത്തെ ഭയപ്പെട്ടു. പിന്നെ അവർ അവനെ നാടുവാഴിയുടെ അധീനതയിലും അധികാരത്തിലും ഏല്പിപ്പാൻ തക്കവണ്ണം അവനെ വാക്കിൽ പിടിക്കേണ്ടതിന് തക്കം നോക്കി നീതിമാന്മാർ എന്നു നടിക്കുന്ന ഒറ്റുകാരെ അയച്ചു. അവർ അവനോട്: ഗുരോ, നീ നേർ പറഞ്ഞ് ഉപദേശിക്കയും മുഖപക്ഷം നോക്കാതെ ദൈവത്തിന്റെ വഴി യഥാർഥമായി പഠിപ്പിക്കയും ചെയ്യുന്നു എന്നു ഞങ്ങൾ അറിയുന്നു. നാം കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു ചോദിച്ചു. അവരുടെ ഉപായം ഗ്രഹിച്ചിട്ട് അവൻ അവരോട്: ഒരു വെള്ളിക്കാശ് കാണിപ്പിൻ; അതിലുള്ള സ്വരൂപവും മേലെഴുത്തും ആരുടേത് എന്നു ചോദിച്ചതിന്: കൈസരുടേത് എന്ന് അവർ പറഞ്ഞു. എന്നാൽ കൈസർക്കുള്ളത് കൈസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുപ്പിൻ എന്ന് അവൻ അവരോട് പറഞ്ഞു. അങ്ങനെ അവർ ജനത്തിന്റെ മുമ്പിൽവച്ച് അവനെ വാക്കിൽ പിടിപ്പാൻ കഴിയാതെ അവന്റെ ഉത്തരത്തിൽ ആശ്ചര്യപ്പെട്ടു മിണ്ടാതിരുന്നു.

ലൂക്കൊസ് 20:1-26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഒരു ദിവസം യേശു ദേവാലയത്തിൽ ജനങ്ങളെ പ്രബോധിപ്പിക്കുകയും സുവിശേഷം പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരുന്നു. തത്സമയം പുരോഹിതമുഖ്യന്മാരും മതപണ്ഡിതന്മാരും ജനപ്രമാണിമാരോടുകൂടി അവിടുത്തെ സമീപിച്ചു ചോദിച്ചു: “എന്തധികാരം കൊണ്ടാണു താങ്കൾ ഇതെല്ലാം ചെയ്യുന്നത്? പറയൂ, ആരാണു താങ്കൾക്ക് ഈ അധികാരം തന്നത്?” യേശു പ്രതിവചിച്ചു: “ഞാൻ നിങ്ങളോട് ഒന്നു ചോദിക്കട്ടെ: അതിനു മറുപടി പറയാമോ? യോഹന്നാനു സ്നാപനം ചെയ്യാനുള്ള അധികാരം ലഭിച്ചത് ദൈവത്തിൽ നിന്നോ, മനുഷ്യരിൽനിന്നോ?” അവർ ഈ ചോദ്യത്തെപ്പറ്റി അന്യോന്യം ചർച്ച ചെയ്തു; “ദൈവത്തിൽനിന്ന് എന്നു പറഞ്ഞാൽ ‘പിന്നെ നിങ്ങൾ എന്തുകൊണ്ട് അദ്ദേഹത്തെ വിശ്വസിച്ചില്ല’ എന്ന് അയാൾ ചോദിക്കും; മനുഷ്യരിൽനിന്ന് എന്നു പറഞ്ഞാൽ എല്ലാവരും നമ്മെ കല്ലെറിയും; യോഹന്നാൻ ഒരു പ്രവാചകനായിരുന്നു എന്ന് അവർ ദൃഢമായി വിശ്വസിക്കുന്നുവല്ലോ.” അതുകൊണ്ട്, “എവിടെനിന്ന് എന്നു ഞങ്ങൾക്കറിഞ്ഞുകൂടാ” എന്ന് അവർ മറുപടി പറഞ്ഞു. “എന്നാൽ എന്തധികാരംകൊണ്ടാണ് ഇതെല്ലാം ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയുന്നില്ല” എന്ന് യേശു പറഞ്ഞു. അനന്തരം യേശു ജനങ്ങളോട് ഈ ദൃഷ്ടാന്തകഥ പറഞ്ഞു: “ഒരിക്കൽ ഒരാൾ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കിയശേഷം പാട്ടത്തിനേല്പിച്ചു; പിന്നീട് അയാൾ ദീർഘകാലത്തെ വിദേശവാസത്തിനായി പോയി. വിളവെടുക്കാറായപ്പോൾ തോട്ടത്തിൽനിന്നു തനിക്കു ലഭിക്കേണ്ട ഓഹരി വാങ്ങുന്നതിനായി അയാൾ ഒരു ഭൃത്യനെ പാട്ടക്കാരുടെ അടുക്കൽ അയച്ചു. അവർ അവനെ പ്രഹരിക്കുകയും വെറുംകൈയോടെ പറഞ്ഞയയ്‍ക്കുകയും ചെയ്തു. അയാൾ വീണ്ടും ഒരു ഭൃത്യനെ അയച്ചു. അവർ അവനെയും തല്ലി അപമാനിച്ച് യാതൊന്നും കൊടുക്കാതെ പറഞ്ഞയച്ചു. മൂന്നാമതും ഒരാളെ അയച്ചു. ആ ഭൃത്യനെ അവർ പരുക്കേല്പിച്ചശേഷം പിടിച്ചു പുറത്താക്കി. അപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ പറഞ്ഞു: “ഇനി ഞാനെന്താണു ചെയ്യുക? എന്റെ വത്സലപുത്രനെ തന്നെ അയയ്‍ക്കാം; അവനെ ഒരുപക്ഷേ അവർ ആദരിച്ചേക്കും.” എന്നാൽ പാട്ടക്കാർ പരസ്പരം ആലോചിച്ചുകൊണ്ടു പറഞ്ഞു: ‘ഇതാ ഇവനാണ് തോട്ടത്തിന്റെ അവകാശി! നമുക്കിവനെ കൊന്നുകളയാം; അപ്പോൾ അവകാശം നമ്മുടേതായിത്തീരുമല്ലോ!’ അവർ തോട്ടമുടമസ്ഥന്റെ പുത്രനെ തോട്ടത്തിൽനിന്നു പുറത്താക്കി കൊന്നുകളഞ്ഞു. “മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ അവരോട് എന്തു ചെയ്യും? അയാൾ വന്ന് ആ മനുഷ്യനെ നിഗ്രഹിച്ചശേഷം തോട്ടം മറ്റാരെയെങ്കിലും ഏല്പിക്കും.” അവർ ഇതു കേട്ടപ്പോൾ “ഒരിക്കലും അങ്ങനെ സംഭവിക്കാതിരിക്കട്ടെ” എന്നു പറഞ്ഞു. യേശു അവരെ നോക്കിക്കൊണ്ടു പറഞ്ഞു: “അങ്ങനെയെങ്കിൽ പണിക്കാർ തള്ളിക്കളഞ്ഞ ആ കല്ലുതന്നെ മൂലക്കല്ലായിത്തീർന്നിരിക്കുന്നു എന്നെഴുതിയിരിക്കുന്നതിന്റെ അർഥമെന്ത്? ആ കല്ലിന്മേൽ വീഴുന്ന ഏതൊരുവനും തകർന്നു തരിപ്പണമാകും; അത് ആരുടെയെങ്കിലും മേൽ വീണാൽ അത് അവനെ തകർത്തുകളയും.” ഈ ദൃഷ്ടാന്തകഥ തങ്ങളെക്കുറിച്ചാണ് യേശു പറഞ്ഞതെന്നു പുരോഹിതമുഖ്യന്മാർക്കും മതപണ്ഡിതന്മാർക്കും മനസ്സിലായതുകൊണ്ട് ആ നിമിഷത്തിൽത്തന്നെ അവിടുത്തെ പിടികൂടാൻ അവർ ശ്രമിച്ചെങ്കിലും ജനങ്ങളെ ഭയന്ന് അതിനു മുതിർന്നില്ല. യേശുവിനെ വാക്കിൽ കുടുക്കി പിടികൂടി ഗവർണറുടെ അധികാരത്തിലും അധീനതയിലും ഏല്പിച്ചുകൊടുക്കുന്നതിന് അവർ ജാഗ്രതയോടെ തക്കം നോക്കിക്കൊണ്ടിരുന്നു. അതിനുവേണ്ടി നീതിമാന്മാരുടെ ഭാവം നടിക്കുന്ന ചാരന്മാരെ അവർ അയച്ചു. ആ ഒറ്റുകാർ യേശുവിനോടു ചോദിച്ചു: “ഗുരോ, അങ്ങു സത്യം സംസാരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. അങ്ങ് ആരുടെയും മുഖം നോക്കാതെ ദൈവത്തിന്റെ മാർഗം ശരിയായി ഉപദേശിക്കുന്നു എന്ന് ഞങ്ങൾക്കറിയാം. കൈസർക്കു കരം കൊടുക്കുന്നതു ന്യായമാണോ അല്ലയോ എന്നു പറഞ്ഞാലും. യേശു അവരുടെ കൗശലം മനസ്സിലാക്കിക്കൊണ്ടു പറഞ്ഞു: “കരം കൊടുക്കാനുള്ള ഒരു നാണയം കാണിക്കുക; ആരുടെ രൂപവും ലിഖിതവുമാണ് അതിലുള്ളത്?” “കൈസറുടേത്” എന്ന് അവർ പറഞ്ഞു. “അങ്ങനെയെങ്കിൽ കൈസർക്കുള്ളത് കൈസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക” എന്ന് യേശു അവരോടു പറഞ്ഞു. അങ്ങനെ ജനങ്ങളുടെ മുമ്പിൽവച്ച് യേശുവിനെ വാക്കിൽ കുടുക്കുവാൻ അവർക്കു കഴിഞ്ഞില്ല. അവിടുത്തെ മറുപടിയിൽ അവർ ആശ്ചര്യപ്പെട്ടു മൗനം അവലംബിച്ചു.

ലൂക്കൊസ് 20:1-26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ഒരു ദിവസം അവൻ ദൈവാലയത്തിൽ ജനത്തോടു ഉപദേശിച്ചു സുവിശേഷം അറിയിക്കുമ്പോൾ മഹാപുരോഹിതരും ശാസ്ത്രികളും മൂപ്പന്മാരുമായി അടുത്തുവന്ന് അവനോട്: ”നീ എന്ത് അധികാരംകൊണ്ട് ഇതു ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നതു ആർ? ഞങ്ങളോടു പറക” എന്നു പറഞ്ഞു. അതിന് അവൻ ഉത്തരമായി: ഞാനും നിങ്ങളോടു ഒരു വാക്ക് ചോദിക്കും; അത് എന്നോട് പറവിൻ. യോഹന്നാന്‍റെ സ്നാനം സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ ഉണ്ടായത് എന്നു ചോദിച്ചു. അവർ തമ്മിൽ ആലോചിച്ചു: ”സ്വർഗ്ഗത്തിൽനിന്നു എന്നു പറഞ്ഞാൽ പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാത്തത് എന്ത് എന്നു യേശു ചോദിക്കും. മനുഷ്യരിൽനിന്ന് എന്നു പറഞ്ഞാൽ യോഹന്നാൻ ഒരു പ്രവാചകൻ എന്നു ജനം വിശ്വസിച്ചിരിക്കുന്നതുകൊണ്ട് നമ്മെ കല്ലെറിയും എന്നു പറഞ്ഞിട്ട്: എവിടെ നിന്നെന്ന് ഞങ്ങൾ അറിയുന്നില്ല” എന്നു ഉത്തരം പറഞ്ഞു. യേശു അവരോട്: എന്നാൽ ഞാൻ ഇതു ചെയ്യുന്നതു എന്ത് അധികാരം കൊണ്ടാകുന്നു എന്നുള്ളത് ഞാനും നിങ്ങളോടു പറയുന്നില്ല എന്നു പറഞ്ഞു. പിന്നീട് അവൻ ജനത്തോടു ഉപമ പറഞ്ഞു: ഒരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കി. അവൻ അത് കുടിയാന്മാരെ പാട്ടത്തിന് ഏല്പിച്ചിട്ട് കുറേക്കാലം അന്യദേശത്ത് പോയി പാർത്തു. സമയമായപ്പോൾ കുടിയാന്മാരോട് മുന്തിരിത്തോട്ടത്തിന്‍റെ ഫലം വാങ്ങേണ്ടതിന് അവരുടെ അടുക്കൽ ഒരു ദാസനെ അയച്ചു; അവനെ കുടിയാന്മാർ തല്ലി വെറുതെ അയച്ചുകളഞ്ഞു. അവൻ മറ്റൊരു ദാസനെ പറഞ്ഞയച്ചു; അവനെയും അവർ തല്ലി അപമാനിച്ചു വെറുതെ അയച്ചുകളഞ്ഞു. അവൻ മൂന്നാമതു ഒരാളെയും കൂടെ പറഞ്ഞയച്ചു; അവർ അവനെയും മുറിവേല്പിച്ചു പുറത്താക്കിക്കളഞ്ഞു. അപ്പോൾ മുന്തിരിത്തോട്ടത്തിന്‍റെ ഉടമസ്ഥൻ: ഞാൻ ഇനി എന്ത് ചെയ്യും? എന്‍റെ പ്രിയപുത്രനെ അയയ്ക്കാം; ഒരുപക്ഷേ അവർ അവനോട് ആദരവ് കാണിച്ചേക്കും എന്നു പറഞ്ഞു. കുടിയാന്മാർ അവനെ കണ്ടിട്ട്: ഇവൻ അവകാശി ആകുന്നു; നമുക്കു അവനെ കൊന്നുകളയാം. അപ്പോൾ അവകാശം നമുക്കു ലഭിക്കും എന്നു അവർ തമ്മിൽ ആലോചിച്ചു. കുടിയാന്മാർ അവനെ തോട്ടത്തിൽ നിന്നു പുറത്താക്കി കൊന്നുകളഞ്ഞു. എന്നാൽ തോട്ടത്തിന്‍റെ ഉടമസ്ഥൻ അവരോട് എന്ത് ചെയ്യും? അവൻ വന്നു ആ കുടിയാന്മാരെ കൊല്ലുകയും തോട്ടം മറ്റുള്ളവർക്ക് ഏല്പിച്ചുകൊടുക്കുകയും ചെയ്യും. അത് കേട്ടിട്ടു അവർ: ”ദൈവമേ, അങ്ങനെ ഒരുനാളും സംഭവിക്കരുതേ!” എന്നു പറഞ്ഞു. അവനോ അവരെ നോക്കി: “എന്നാൽ വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നു” എന്നു എഴുതിയിരിക്കുന്നത് എന്തിനാണ്? ആ കല്ലിന്മേൽ വീഴുന്ന ഏവനും തകർന്നുപോകും; അത് ആരുടെമേൽ എങ്കിലും വീണാൽ അത് അവനെ നശിപ്പിക്കും എന്നു പറഞ്ഞു. ഈ ഉപമ തങ്ങളെക്കുറിച്ച് പറഞ്ഞു എന്നു ശാസ്ത്രികളും മഹാപുരോഹിതന്മാരും മനസ്സിലാക്കിയിട്ട് അപ്പോൾ തന്നെ അവനെ ബന്ധിയ്ക്കുവാൻ നോക്കി; എങ്കിലും ജനങ്ങളെ ഭയപ്പെടുന്നതു കൊണ്ടു അത് ചെയ്തില്ല. പിന്നെ അവർ നീതിമാന്മാർ എന്നു സ്വയം ഭാവിക്കുന്ന ഒറ്റുകാരെ അയച്ചു. അവർ അവനെ വാക്കിൽ പിടിക്കേണ്ടതിന് തക്കം നോക്കി. അങ്ങനെ ഗവർണ്ണറുടെ നിയന്ത്രണത്തിലും അധികാരത്തിലും ഏല്പിക്കുവാൻ ശ്രമിച്ചു. അവർ അവനോട്: ”ഗുരോ, നീ നേർ പറഞ്ഞു ഉപദേശിക്കുകയും, ആരുടെയും പക്ഷം നോക്കാതെ ദൈവത്തിന്‍റെ വഴി യഥാർത്ഥമായി പഠിപ്പിക്കയും ചെയ്യുന്നു എന്നു ഞങ്ങൾ അറിയുന്നു. നാം കൈസർക്ക് കരം കൊടുക്കുന്നത് നിയമപരമായി ശരിയോ അല്ലയോ?” എന്നു ചോദിച്ചു. യേശു അവരുടെ ഉപായം മനസ്സിലാക്കിയിട്ട് അവൻ അവരോട്: ഒരു വെള്ളിക്കാശ് കാണിക്കുക എന്നു പറഞ്ഞു; അതിലുള്ള സ്വരൂപവും മേലെഴുത്തും ആരുടേത്? എന്നു ചോദിച്ചതിന്: കൈസരുടേത് എന്നു അവർ പറഞ്ഞു. എന്നാൽ കൈസർക്കുള്ളത് കൈസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുവിൻ എന്നു അവൻ അവരോട് പറഞ്ഞു. അങ്ങനെ അവർ ജനത്തിന്‍റെ മുമ്പിൽവെച്ച് അവനെ വാക്കിൽ പിടിപ്പാൻ കഴിയാതെ അവന്‍റെ ഉത്തരത്തിൽ ആശ്ചര്യപ്പെട്ടു മിണ്ടാതിരുന്നു.

ലൂക്കൊസ് 20:1-26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ആ ദിവസങ്ങളിൽ ഒന്നിൽ അവൻ ദൈവാലയത്തിൽ ജനത്തോടു ഉപദേശിച്ചു സുവിശേഷം അറിയിക്കുമ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരുമായി അടുത്തു വന്നു അവനോടു: നീ എന്തു അധികാരംകൊണ്ടു ഇതു ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നതു ആർ? ഞങ്ങളോടു പറക എന്നു പറഞ്ഞു. അതിന്നു ഉത്തരമായി അവൻ: ഞാനും നിങ്ങളോടു ഒരു വാക്കു ചോദിക്കും; അതു എന്നോടു പറവിൻ. യോഹന്നാന്റെ സ്നാനം സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ ഉണ്ടായതു എന്നു ചോദിച്ചു. അവർ തമ്മിൽ നിരൂപിച്ചു: സ്വർഗ്ഗത്തിൽ നിന്നു എന്നു പറഞ്ഞാൽ പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞതു എന്തു എന്നു അവൻ ചോദിക്കും. മനുഷ്യരിൽനിന്നു എന്നു പറഞ്ഞാലോ ജനം ഒക്കെയും യോഹന്നാൻ ഒരു പ്രവാചകൻ എന്നു ഉറെച്ചിരിക്കകൊണ്ടു നമ്മെ കല്ലെറിയും എന്നു പറഞ്ഞിട്ടു: എവിടെനിന്നോ? ഞങ്ങൾ അറിയുന്നില്ല എന്നു ഉത്തരം പറഞ്ഞു. യേശു അവരോടു:എന്നാൽ ഞാൻ ഇതു ചെയ്യുന്നതു ഇന്ന അധികാരം കൊണ്ടാകുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയുന്നില്ല എന്നു പറഞ്ഞു. അനന്തരം അവൻ ജനത്തോടു ഉപമ പറഞ്ഞതെന്തെന്നാൽ: ഒരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി കുടിയാന്മാരെ പാട്ടത്തിന്നു ഏല്പിച്ചിട്ടു ഏറിയ കാലം പരദേശത്തു പോയി പാർത്തു. സമയമായപ്പോൾ കുടിയാന്മാരോടു തോട്ടത്തിന്റെ അനുഭവം വാങ്ങേണ്ടതിന്നു അവരുടെ അടുക്കൽ ഒരു ദാസനെ അയച്ചു; അവനെ കുടിയാന്മാർ തല്ലി വെറുതെ അയച്ചുകളഞ്ഞു. അവൻ മറ്റൊരു ദാസനെ പറഞ്ഞയച്ചു; അവനെയും അവർ തല്ലി അപമാനിച്ചു വെറുതെ അയച്ചുകളഞ്ഞു. അവൻ മൂന്നാമതു ഒരുത്തനെ പറഞ്ഞയച്ചു; അവർ അവനെയും മുറിവേല്പിച്ചു പുറത്താക്കിക്കളഞ്ഞു. അപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ: ഞാൻ എന്തു ചെയ്യേണ്ടു? എന്റെ പ്രിയ പുത്രനെ അയക്കും; പക്ഷേ അവർ അവനെ ശങ്കിക്കും എന്നു പറഞ്ഞു. കുടിയാന്മാർ അവനെ കണ്ടിട്ടു: ഇവൻ അവകാശി; അവകാശം നമുക്കു ആകേണ്ടതിന്നു നാം അവനെ കൊന്നുകളക എന്നു തമ്മിൽ ആലോചിച്ചു പറഞ്ഞു. അവർ അവനെ തോട്ടത്തിൽ നിന്നു പുറത്താക്കി കൊന്നുകളഞ്ഞു. എന്നാൽ തോട്ടത്തിന്റെ ഉടമസ്ഥൻ അവരോടു എന്തു ചെയ്യും? അവൻ വന്നു ആ കുടിയാന്മാരെ നിഗ്രഹിച്ചു തോട്ടം അന്യന്മാർക്കു ഏല്പിച്ചുകൊടുക്കും. അതു കേട്ടിട്ടു അവർ അങ്ങനെ ഒരുനാളും സംഭവിക്കയില്ല എന്നു പറഞ്ഞു. അവനോ അവരെ നോക്കി: “എന്നാൽ വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായിത്തീർന്നു” എന്നു എഴുതിയിരിക്കുന്നതു എന്തു? ആ കല്ലിന്മേൽ വീഴുന്ന ഏവനും തകർന്നുപോകും; അതു ആരുടെ മേൽ എങ്കിലും വീണാൽ അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു. ഈ ഉപമ തങ്ങളെക്കുറിച്ചു പറഞ്ഞു എന്നു ശാസ്ത്രിമാരും മഹാപുരോഹിതന്മാരും ഗ്രഹിച്ചിട്ടു ആ നാഴികയിൽ തന്നേ അവന്റെ മേൽ കൈവെപ്പാൻ നോക്കി എങ്കിലും ജനത്തെ ഭയപ്പെട്ടു. പിന്നെ അവർ അവനെ നാടുവാഴിയുടെ അധീനതയിലും അധികാരത്തിലും ഏല്പിപ്പാന്തക്കവണ്ണം അവനെ വാക്കിൽ പിടിക്കേണ്ടതിന്നു തക്കം നോക്കി നീതിമാന്മാർ എന്നു നടിക്കുന്ന ഒറ്റുകാരെ അയച്ചു. അവർ അവനോടു: ഗുരോ, നീ നേർ പറഞ്ഞു ഉപദേശിക്കയും മുഖപക്ഷം നോക്കാതെ ദൈവത്തിന്റെ വഴി യഥാർത്ഥമായി പഠിപ്പിക്കയും ചെയ്യുന്നു എന്നു ഞങ്ങൾ അറിയുന്നു. നാം കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു ചോദിച്ചു. അവരുടെ ഉപായം ഗ്രഹിച്ചിട്ടു അവൻ അവരോടു: ഒരു വെള്ളിക്കാശ് കാണിപ്പിൻ; അതിനുള്ള സ്വരൂപവും മേലെഴുത്തും ആരുടേതു എന്നു ചോദിച്ചതിന്നു: കൈസരുടേതു എന്നു അവർ പറഞ്ഞു. എന്നാൽ കൈസർക്കുള്ളതു കൈസർക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിൻ എന്നു അവൻ അവരോടു പറഞ്ഞു. അങ്ങനെ അവർ ജനത്തിന്റെ മുമ്പിൽ വെച്ചു അവനെ വാക്കിൽ പിടിപ്പാൻ കഴിയാതെ അവന്റെ ഉത്തരത്തിൽ ആശ്ചര്യപ്പെട്ടു മിണ്ടാതിരുന്നു.

ലൂക്കൊസ് 20:1-26 സമകാലിക മലയാളവിവർത്തനം (MCV)

ഒരു ദിവസം യേശു ദൈവാലയാങ്കണത്തിൽ ജനത്തെ ഉപദേശിക്കുകയും സുവിശേഷം ഘോഷിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോൾ പുരോഹിതമുഖ്യന്മാരും വേദജ്ഞരും സമുദായനേതാക്കന്മാരോടൊത്ത് അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “എന്ത് അധികാരത്താലാണ് താങ്കൾ ഈ കാര്യങ്ങൾ ചെയ്യുന്നത്? ഞങ്ങളോടു പറയുക. ആരാണ് താങ്കൾക്ക് ഈ അധികാരം തന്നത്?” എന്നു ചോദിച്ചു. അതിനുത്തരമായി യേശു, “ഞാനും നിങ്ങളോട് ഒരു ചോദ്യം ചോദിക്കാം; സ്നാനം നൽകാനുള്ള അധികാരം യോഹന്നാന് ലഭിച്ചത് സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ?” അവർ അതിനെപ്പറ്റി പരസ്പരം ചർച്ചചെയ്തു: “ ‘സ്വർഗത്തിൽനിന്ന്’ എന്നു നാം പറഞ്ഞാൽ, പിന്നെ നിങ്ങൾ യോഹന്നാനിൽ വിശ്വസിക്കാതിരുന്നത് എന്തുകൊണ്ട് എന്ന് അദ്ദേഹം നമ്മോടു ചോദിക്കും. ‘മനുഷ്യരിൽനിന്ന്,’ എന്നു പറഞ്ഞാലോ, ജനമെല്ലാം നമ്മെ കല്ലെറിയും; കാരണം യോഹന്നാൻ ഒരു പ്രവാചകനാണെന്ന് ജനങ്ങൾക്കു ബോധ്യമായിരിക്കുന്നു.” ഒടുവിൽ അവർ മറുപടിയായി, “അത് എവിടെനിന്ന് എന്നു ഞങ്ങൾക്ക് അറിഞ്ഞുകൂടാ” എന്നു പറഞ്ഞു. അപ്പോൾ യേശു, “എന്ത് അധികാരത്താലാണ് ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയുന്നില്ല” എന്ന മറുപടിയും നൽകി. തുടർന്ന് അദ്ദേഹം ജനങ്ങളോട് ഈ സാദൃശ്യകഥ പറഞ്ഞു: “ഒരു മനുഷ്യൻ ഒരു മുന്തിരിത്തോപ്പ് നട്ടുപിടിപ്പിച്ചു. അത് ഏതാനും കർഷകരെ പാട്ടത്തിനേൽപ്പിച്ചിട്ട്, ദീർഘനാളത്തെ പ്രവാസത്തിനായി വിദേശത്തുപോയി. വിളവെടുപ്പുകാലം ആയപ്പോൾ, പാട്ടക്കർഷകരിൽനിന്ന് മുന്തിരിത്തോപ്പിലെ വിളവിൽ തനിക്കുള്ള ഓഹരി വാങ്ങേണ്ടതിന് അദ്ദേഹം അവരുടെ അടുത്തേക്ക് ഒരു ദാസനെ അയച്ചു. എന്നാൽ, പാട്ടക്കർഷകർ അവനെ മർദിച്ച് വെറുംകൈയോടെ തിരികെ അയച്ചു. മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ മറ്റൊരു ദാസനെ അയച്ചു; എന്നാൽ അയാളെയും അവർ മർദിച്ച് അപമാനിച്ച് വെറുംകൈയോടെ തിരികെ അയച്ചു. മൂന്നാമതും ഒരാളെ അയച്ചു. അയാളെ മുറിവേൽപ്പിച്ചു പുറത്ത് എറിഞ്ഞുകളഞ്ഞു. “അപ്പോൾ മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ പറഞ്ഞു: ‘ഇനി ഞാൻ എന്തുചെയ്യും? എന്റെ പ്രിയമകനെ ഞാൻ അയയ്ക്കും; ഒരുപക്ഷേ അവർ അവനെ ആദരിച്ചേക്കും.’ “എന്നാൽ, ആ കർഷകർ മകനെ കണ്ടപ്പോൾ പരസ്പരം ഇങ്ങനെ ചർച്ചചെയ്തു, ‘ഇവനാണ് അവകാശി; വരൂ, നമുക്ക് ഇവനെ കൊന്നുകളയാം; എങ്കിൽ ഇതിനെല്ലാം നാം അവകാശികളാകും.’ അങ്ങനെ അവർ അവനെ മുന്തിരിത്തോപ്പിന് പുറത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി കൊന്നുകളഞ്ഞു. “മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ ഇനി അവരോട് എങ്ങനെയാണ് പ്രതികരിക്കുക? അദ്ദേഹം വന്ന് ആ പാട്ടക്കർഷകരെ വധിച്ച് മുന്തിരിത്തോപ്പ് വേറെ ആളുകളെ ഏൽപ്പിക്കും.” ഇതു കേട്ട ജനം, “ഈ കഥ ഒരിക്കലും യാഥാർഥ്യമാകാതിരിക്കട്ടെ” എന്നു പറഞ്ഞു. അപ്പോൾ യേശു ജനത്തെ അർഥപൂർണമായി നോക്കിക്കൊണ്ട്, “ ‘ശില്പികൾ ഉപേക്ഷിച്ച ആ കല്ലുതന്നെ മൂലക്കല്ലായിത്തീർന്നു,’ എന്ന തിരുവെഴുത്ത് നിങ്ങൾ വായിച്ചിട്ടില്ലേ? ഈ കല്ലിന്മേൽ വീഴുന്നവരെല്ലാം തകർന്നുപോകും. അത് ആരുടെമേൽ വീഴുന്നോ അയാൾ തരിപ്പണമാകും” എന്നു പറഞ്ഞു. യേശു ഈ സാദൃശ്യകഥ തങ്ങൾക്കു വിരോധമായിട്ടാണ് പറഞ്ഞതെന്നു മനസ്സിലാക്കിയിട്ട്, വേദജ്ഞരും പുരോഹിതമുഖ്യന്മാരും എത്രയും പെട്ടെന്നുതന്നെ അദ്ദേഹത്തെ ബന്ധനസ്ഥനാക്കാൻ മാർഗം ആരാഞ്ഞു, എന്നാൽ അവർ ജനരോഷം ഭയപ്പെട്ടു. അവർ യേശുവിനെ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു. യേശുവിനെ വാക്കിൽക്കുടുക്കി റോമൻ നിയമപ്രകാരമുള്ള വല്ല കുറ്റവും ചെയ്യിച്ച് റോമൻ ഭരണാധികാരിക്ക് ഏൽപ്പിക്കാനുള്ള പഴുത് അന്വേഷിക്കാനായി, നീതിമാന്മാരെന്നു നടിക്കുന്ന രഹസ്യദൂതന്മാരെ യേശുവിന്റെ സമീപത്തേക്കയച്ചു. അവർ അദ്ദേഹത്തോടു ചോദിച്ചു: “ഗുരോ, അങ്ങ് ശരിയായിട്ടുള്ളതു പ്രസ്താവിക്കുകയും ഉപദേശിക്കുകയും പക്ഷഭേദരഹിതനായി സത്യം അനുസരിച്ചുമാത്രം ദൈവികമാർഗം പഠിപ്പിക്കുകയുംചെയ്യുന്നു എന്ന് ഞങ്ങൾക്കറിയാം. നാം റോമൻ കൈസർക്ക് നികുതി കൊടുക്കുന്നതു ശരിയാണോ?” അവരുടെ തന്ത്രം മനസ്സിലാക്കിയിട്ട് അദ്ദേഹം അവരോട്, “ഒരു ദിനാർനാണയം കാണിക്കുക” എന്നു പറഞ്ഞു. അതിനുശേഷം “ആരുടെ രൂപവും ലിഖിതവുമാണ് ഇതിന്മേലുള്ളത്?” എന്ന് യേശു അവരോടു ചോദിച്ചു. “കൈസറുടേത്” അവർ മറുപടി പറഞ്ഞു. “അങ്ങനെയെങ്കിൽ, കൈസർക്ക് നൽകേണ്ടത് കൈസർക്കും ദൈവത്തിന് നൽകേണ്ടത് ദൈവത്തിനും നൽകുക,” എന്ന് അദ്ദേഹം അവരോടു പറഞ്ഞു. അങ്ങനെ, ജനങ്ങളുടെമുമ്പിൽവെച്ച് അദ്ദേഹത്തെ വാക്കിൽ കുടുക്കാൻ കഴിയാതെ അവർ അദ്ദേഹത്തിന്റെ മറുപടികേട്ട് ആശ്ചര്യപ്പെട്ടു മിണ്ടാതിരുന്നു.