ലൂക്കൊസ് 2:4-21
ലൂക്കൊസ് 2:4-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അങ്ങനെ യോസേഫും ദാവീദിന്റെ ഗൃഹത്തിലും കുലത്തിലും ഉള്ളവൻ ആകകൊണ്ട് തനിക്കു വിവാഹം നിശ്ചയിച്ചിരുന്ന മറിയ എന്ന ഗർഭിണിയായ ഭാര്യയോടുംകൂടെ ചാർത്തപ്പെടേണ്ടതിനു ഗലീലയിലെ നസറെത്ത് പട്ടണം വിട്ടു, യെഹൂദ്യയിൽ ബേത്ലഹേം എന്ന ദാവീദിൻപട്ടണത്തിലേക്കു പോയി. അവർ അവിടെ ഇരിക്കുമ്പോൾ അവൾക്കു പ്രസവത്തിനുള്ള കാലംതികഞ്ഞു. അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്ക് സ്ഥലം ഇല്ലായ്കയാൽ പശുത്തൊട്ടിയിൽ കിടത്തി. അന്ന് ആ പ്രദേശത്ത് ഇടയന്മാർ രാത്രിയിൽ ആട്ടിൻകൂട്ടത്തെ കാവൽകാത്തു വെളിയിൽ പാർത്തിരുന്നു. അപ്പോൾ കർത്താവിന്റെ ഒരു ദൂതൻ അവരുടെ അരികെ നിന്നു, കർത്താവിന്റെ തേജസ്സ് അവരെ ചുറ്റിമിന്നി, അവർ ഭയപരവശരായിത്തീർന്നു. ദൂതൻ അവരോട്: ഭയപ്പെടേണ്ടാ; സർവജനത്തിനും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു. നിങ്ങൾക്ക് അടയാളമോ: ശീലകൾചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും എന്നു പറഞ്ഞു. പെട്ടെന്നു സ്വർഗീയസൈന്യത്തിന്റെ ഒരു സംഘം ദൂതനോടു ചേർന്ന് ദൈവത്തെ പുകഴ്ത്തി. “അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്ത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” എന്നു പറഞ്ഞു. ദൂതന്മാർ അവരെ വിട്ടു സ്വർഗത്തിൽ പോയശേഷം ഇടയന്മാർ: നാം ബേത്ലഹേമോളം ചെന്ന് കർത്താവ് നമ്മോട് അറിയിച്ച ഈ സംഭവം കാണേണം എന്നു തമ്മിൽ പറഞ്ഞു. അവർ ബദ്ധപ്പെട്ടു ചെന്ന്, മറിയയെയും യോസേഫിനെയും പശുത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു. കണ്ടശേഷം ഈ പൈതലിനെക്കുറിച്ചു തങ്ങളോടു പറഞ്ഞ വാക്ക് അറിയിച്ചു. കേട്ടവർ എല്ലാവരും ഇടയന്മാർ പറഞ്ഞതിനെക്കുറിച്ച് ആശ്ചര്യപ്പെട്ടു. മറിയ ഈ വാർത്തയൊക്കെയും ഹൃദയത്തിൽ സംഗ്രഹിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു. തങ്ങളോട് അറിയിച്ചതുപോലെ ഇടയന്മാർ കേട്ടതും കണ്ടതുമായ എല്ലാറ്റിനെയുംകുറിച്ചു ദൈവത്തെ മഹത്ത്വപ്പെടുത്തിയും പുകഴ്ത്തിയുംകൊണ്ടു മടങ്ങിപ്പോയി. പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികഞ്ഞപ്പോൾ അവൻ ഗർഭത്തിൽ ഉല്പാദിക്കും മുമ്പേ ദൂതൻ പറഞ്ഞതുപോലെ അവനു യേശു എന്നു പേർ വിളിച്ചു.
ലൂക്കൊസ് 2:4-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദാവീദുവംശജനായിരുന്നതുകൊണ്ട് യോസേഫും ഗലീലയിലെ നസറെത്ത് എന്ന പട്ടണത്തിൽനിന്നു യെഹൂദ്യയിലെ ബേത്ലഹേമിലേക്കു പോയി. ബേത്ലഹേംപട്ടണമായിരുന്നു ദാവീദിന്റെ ജന്മസ്ഥലം. തനിക്കു വിവാഹനിശ്ചയം ചെയ്തിരുന്ന ഗർഭിണിയായ മറിയമിനോടുകൂടിയാണ് യോസേഫ് പോയത്. ബേത്ലഹേമിൽവച്ചു മറിയമിനു പ്രസവസമയമായി. അവൾ തന്റെ സീമന്തസന്താനമായ പുത്രനെ പ്രസവിച്ചു. അവർക്കു താമസിക്കുവാൻ സത്രത്തിൽ സ്ഥലം കിട്ടിയില്ല. അതുകൊണ്ട് മറിയം ശിശുവിനെ തുണിയിൽ പൊതിഞ്ഞ് ഒരു കാലിത്തൊഴുത്തിലെ പുൽത്തൊട്ടിയിൽ കിടത്തി. ആ രാത്രിയിൽ വെളിംപ്രദേശത്ത് ഏതാനും ഇടയന്മാർ തങ്ങളുടെ ആട്ടിൻപറ്റത്തെ കാത്തുകൊണ്ടിരിക്കുകയായിരുന്നു. ഒരു ദൈവദൂതൻ അവർക്കു പ്രത്യക്ഷനായി; ദൈവത്തിന്റെ തേജസ്സ് അവരുടെ ചുറ്റും പ്രകാശിച്ചു. ആട്ടിടയന്മാർ ഭയപരവശരായി. ദൂതൻ അവരോടു പറഞ്ഞു: “ഭയപ്പെടേണ്ടാ; സർവജനത്തിനും ഉണ്ടാകുവാനുള്ള മഹാസന്തോഷം ഞാൻ നിങ്ങളെ അറിയിക്കുന്നു. ഇന്നേദിവസം ദാവീദിന്റെ പട്ടണത്തിൽ കർത്താവായ യേശുക്രിസ്തു എന്ന രക്ഷകൻ നിങ്ങൾക്കായി പിറന്നിരിക്കുന്നു. തുണിയിൽ പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും. അതായിരിക്കും നിങ്ങൾക്കുള്ള അടയാളം.” പെട്ടെന്നു മാലാഖമാരുടെ ഒരു വലിയ സംഘം ആ ദൂതനോടു ചേർന്നു ദൈവത്തെ സ്തുതിച്ചു: “സ്വർഗാതിസ്വർഗത്തിൽ ദൈവത്തിനു മഹത്ത്വം! ഭൂമിയിൽ ദൈവപ്രസാദം ലഭിച്ച മനുഷ്യർക്കു സമാധാനം!” അനന്തരം മാലാഖമാർ അവരുടെ അടുക്കൽനിന്നു സ്വർഗത്തിലേക്കു പോയി. അപ്പോൾ ഇടയന്മാർ തമ്മിൽ പറഞ്ഞു: “നമുക്കു ബേത്ലഹേംവരെ ഒന്നു പോകാം; ദൈവം നമ്മെ അറിയിച്ച ആ സംഭവം കാണാമല്ലോ.” അവർ അതിവേഗംപോയി മറിയമിനെയും യോസേഫിനെയും പുൽത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു. ഈ ശിശുവിനെപ്പറ്റി മാലാഖമാർ പറഞ്ഞ വസ്തുതകൾ ഇടയന്മാർ അറിയിച്ചു. കേട്ടവരെല്ലാം വിസ്മയഭരിതരായി. മറിയമാകട്ടെ ഇക്കാര്യങ്ങളെല്ലാം മനസ്സിൽ സൂക്ഷിച്ച് അവയെപ്പറ്റി ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു. ദൈവദൂതൻ തങ്ങളോടു പറഞ്ഞതുപോലെയെല്ലാം കാണുകയും കേൾക്കുകയും ചെയ്തതിനാൽ ആട്ടിടയന്മാർ ദൈവത്തെ പാടിപ്പുകഴ്ത്തിക്കൊണ്ടു തിരിച്ചുപോയി. എട്ടാം ദിവസം ആയപ്പോൾ ശിശുവിന്റെ പരിച്ഛേദനകർമം നടത്തി, യേശു എന്നു പേരിട്ടു. അമ്മയുടെ ഗർഭത്തിൽ ആ ശിശു ജന്മമെടുക്കുന്നതിനു മുമ്പ് ദൈവദൂതൻ നല്കിയ പേരായിരുന്നു അത്.
ലൂക്കൊസ് 2:4-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അങ്ങനെ യോസഫും ദാവീദിന്റെ കുടുംബത്തിലും വംശത്തിലും ഉൾപ്പെട്ടവൻ ആയിരുന്നതുകൊണ്ട്, പേരു ചേർക്കേണ്ടതിന് ഗലീലയിലെ നസറെത്ത് പട്ടണം വിട്ടു, യെഹൂദ്യയിൽ ബേത്ത്-ലേഹേം എന്ന ദാവീദിന്റെ പട്ടണത്തിലേക്ക് പോയി. തനിക്കു വിവാഹം നിശ്ചയിച്ചിരുന്ന മറിയ എന്ന ഗർഭിണിയായ ഭാര്യയോടും കൂടിയാണ് യോസേഫ് പോയത്. അവർ അവിടെ ആയിരുന്നപ്പോൾ അവൾക്ക് പ്രസവത്തിനുള്ള സമയം ആയി. അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു. വഴിയമ്പലത്തിൽ അവർക്ക് സ്ഥലം ഇല്ലാതിരുന്നതിനാൽ പുതപ്പ് കൊണ്ടു നല്ലവണ്ണം പൊതിഞ്ഞു പശുത്തൊട്ടിയിൽ കിടത്തി. അന്നു, സൂര്യൻ അസ്തമിച്ച് ഇരുൾ വ്യാപിച്ചപ്പോൾ, ആ പ്രദേശത്ത് ഇടയന്മാർ ആട്ടിൻകൂട്ടത്തിന് കാവലായി വെളിയിൽ താമസിച്ചിരുന്നു. പെട്ടെന്ന് കർത്താവിന്റെ ഒരു ദൂതൻ അവരുടെ അരികെ വന്നു, കർത്താവിന്റെ തേജസ്സ് അവരെ ചുറ്റിമിന്നി, അവർ ഭയപരവശരായിത്തീർന്നു. ദൂതൻ അവരോട്: ”ഭയപ്പെടേണ്ടാ; സർവ്വജനത്തിനും ഉണ്ടാകുവാനുള്ള മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്ക് വേണ്ടി ജനിച്ചിരിക്കുന്നു. നിങ്ങൾക്ക് അടയാളമോ; പുതപ്പിനാൽ നല്ലവണ്ണം പൊതിയപ്പെട്ട് പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും” എന്നു പറഞ്ഞു. പെട്ടെന്ന് സ്വർഗ്ഗീയ സൈന്യത്തിന്റെ ഒരു സംഘം ദൂതനോട് ചേർന്ന് ദൈവത്തെ പുകഴ്ത്തി. “അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം” എന്നു പറഞ്ഞു. ദൂതന്മാർ അവരെ വിട്ടു സ്വർഗ്ഗത്തിൽ പോയശേഷം ഇടയന്മാർ: ഇപ്പോൾ നാം ബേത്ത്-ലേഹേമിൽ ചെന്നു കർത്താവ് നമ്മോടു അറിയിച്ച ഈ സംഭവം കാണണം എന്നു തമ്മിൽ പറഞ്ഞു. അവർ വേഗത്തിൽ ചെന്നു, മറിയയെയും യോസഫിനെയും പശുത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു. ഈ കുഞ്ഞിനെക്കുറിച്ച് മാലാഖമാർ തങ്ങളോട് പറഞ്ഞവാക്ക് മറ്റുള്ളവരെയെല്ലാം അറിയിച്ചു. ഇടയന്മാർ പറഞ്ഞത് കേട്ടവർ എല്ലാം ആശ്ചര്യപ്പെട്ടു. മറിയ ഈ വാർത്ത ഒക്കെയും വില ഉള്ളതെന്ന് കരുതി ഹൃദയത്തിൽ സംഗ്രഹിച്ച് ധ്യാനിച്ചുകൊണ്ടിരുന്നു. തങ്ങളോട് അറിയിച്ചതുപോലെ ഇടയന്മാർ കണ്ടു. അവർ കേട്ടതും കണ്ടതുമായ എല്ലാറ്റിനെയും കുറിച്ച് ദൈവത്തെ മഹത്വപ്പെടുത്തിയും പുകഴ്ത്തിയുംകൊണ്ട് മടങ്ങിപ്പോയി. ശിശുവിനെ പരിച്ഛേദന ചെയ്യേണ്ട എട്ടാം ദിവസം, അവൻ ഗർഭത്തിൽ ഉല്പാദിക്കുന്നതിനു മുമ്പെ ദൂതൻ പറഞ്ഞിരുന്നതുപോലെ, അവനു യേശു എന്നു പേർ വിളിച്ചു.
ലൂക്കൊസ് 2:4-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അങ്ങനെ യോസേഫും ദാവീദിന്റെ ഗൃഹത്തിലും കുലത്തിലും ഉള്ളവൻ ആകകൊണ്ടു തനിക്കു വിവാഹം നിശ്ചയിച്ചിരുന്ന മറിയ എന്ന ഗർഭിണിയായ ഭാര്യയോടും കൂടെ ചാർത്തപ്പെടേണ്ടതിന്നു ഗലീലയിലെ നസറെത്ത് പട്ടണം വിട്ടു, യെഹൂദ്യയിൽ ബേത്ത്ലേഹെം എന്ന ദാവീദിൻ പട്ടണത്തിലേക്കു പോയി. അവർ അവിടെ ഇരിക്കുമ്പോൾ അവൾക്കു പ്രസവത്തിനുള്ള കാലം തികെഞ്ഞു. അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്കു സ്ഥലം ഇല്ലായ്കയാൽ പശുത്തൊട്ടിയിൽ കിടത്തി. അന്നു ആ പ്രദേശത്തു ഇടയന്മാർ രാത്രിയിൽ ആട്ടിൻ കൂട്ടത്തെ കാവൽകാത്തു വെളിയിൽ പാർത്തിരുന്നു. അപ്പോൾ കർത്താവിന്റെ ഒരു ദൂതൻ അവരുടെ അരികെ നിന്നു, കർത്താവിന്റെ തേജസ്സ് അവരെ ചുറ്റിമിന്നി, അവർ ഭയപരവശരായിതീർന്നു. ദൂതൻ അവരോടു: ഭയപ്പെടേണ്ടാ; സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു. നിങ്ങൾക്കു അടയാളമോ; ശീലകൾ ചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും എന്നു പറഞ്ഞു. പെട്ടെന്നു സ്വർഗ്ഗീയ സൈന്യത്തിന്റെ ഒരു സംഘം ദൂതനോടു ചേർന്നു ദൈവത്തെ പുകഴ്ത്തി. “അത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” എന്നു പറഞ്ഞു. ദൂതന്മാർ അവരെ വിട്ടു സ്വർഗ്ഗത്തിൽ പോയശേഷം ഇടയന്മാർ: നാം ബേത്ത്ലേഹെമോളം ചെന്നു കർത്താവു നമ്മോടു അറിയിച്ച ഈ സംഭവം കാണേണം എന്നു തമ്മിൽ പറഞ്ഞു. അവർ ബദ്ധപ്പെട്ടു ചെന്നു, മറിയയെയും യോസേഫിനെയും പശുത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു. കണ്ടശേഷം ഈ പൈതലിനെക്കുറിച്ചു തങ്ങളോടു പറഞ്ഞ വാക്കു അറിയിച്ചു. കേട്ടവർ എല്ലാവരും ഇടയന്മാർ പറഞ്ഞതിനെക്കുറിച്ചു ആശ്ചര്യപ്പെട്ടു. മറിയ ഈ വാർത്ത ഒക്കെയും ഹൃദയത്തിൽ സംഗ്രഹിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു. തങ്ങളോടു അറിയിച്ചതുപോലെ ഇടയന്മാർ കേട്ടതും കണ്ടതുമായ എല്ലാറ്റിനെയും കുറിച്ചു ദൈവത്തെ മഹത്വപ്പെടുത്തിയും പുകഴ്ത്തിയുംകൊണ്ടു മടങ്ങിപ്പോയി. പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോൾ അവൻ ഗർഭത്തിൽ ഉല്പാദിക്കുംമുമ്പെ ദൂതൻ പറഞ്ഞതുപോലെ അവന്നു യേശു എന്നു പേർ വിളിച്ചു.
ലൂക്കൊസ് 2:4-21 സമകാലിക മലയാളവിവർത്തനം (MCV)
അങ്ങനെ യോസേഫ് ദാവീദിന്റെ കുടുംബത്തിലും വംശത്തിലും ഉള്ളവനായതിനാൽ ഗലീലാപ്രവിശ്യയിലെ നസറെത്ത് എന്ന പട്ടണത്തിൽനിന്ന് യെഹൂദ്യപ്രവിശ്യയിലെ ബേത്ലഹേം എന്ന ദാവീദിന്റെ പട്ടണത്തിലേക്കു യാത്രതിരിച്ചു. തന്റെ പ്രതിശ്രുതവധുവും ഗർഭിണിയുമായ മറിയയോടൊപ്പമാണ് പേരുചേർക്കുന്നതിനായി അദ്ദേഹം അവിടേക്കു പോയത്. അവർ ബേത്ലഹേമിൽ ആയിരിക്കുമ്പോൾ മറിയയ്ക്ക് പ്രസവത്തിനുള്ള സമയം തികഞ്ഞു. മറിയ തന്റെ ആദ്യജാതനായ പുത്രന് ജന്മംനൽകി, അവൾ ശിശുവിനെ ശീലകളിൽ പൊതിഞ്ഞ്, കന്നുകാലികൾക്ക് പുല്ല് കൊടുക്കുന്ന ഒരു തൊട്ടിയിൽ കിടത്തി; കാരണം, അവർക്കവിടെ ഒരു മുറിയും ലഭ്യമായില്ല. അന്നുരാത്രിയിൽ ആ പ്രദേശത്ത് ആട്ടിൻപറ്റത്തിന് കാവലായി മേച്ചിൽപ്പുറത്ത് താമസിച്ചിരുന്ന ഇടയന്മാർക്ക് കർത്താവിന്റെ ഒരു ദൂതൻ പ്രത്യക്ഷനായി. കർത്താവിന്റെ പ്രഭ അവർക്കുചുറ്റും തിളങ്ങി, അവർ വളരെ ഭയവിഹ്വലരായിത്തീർന്നു. അപ്പോൾ ദൂതൻ അവരോടറിയിച്ചത്, “ഭയപ്പെടേണ്ട! സകലജനത്തിനും മഹാ ആനന്ദംനൽകുന്ന സുവാർത്ത ഇതാ ഞാൻ നിങ്ങളെ അറിയിക്കുന്നു. ഇന്നേദിവസം ക്രിസ്തുവെന്ന കർത്താവായ രക്ഷകൻ ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കുവേണ്ടി ജനിച്ചിരിക്കുന്നു. നിങ്ങൾക്കുള്ള ചിഹ്നമോ: ശീലകളിൽ പൊതിഞ്ഞ്, പുൽത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും.” ഇതു പറഞ്ഞമാത്രയിൽത്തന്നെ സ്വർഗീയസൈന്യത്തിന്റെ വലിയൊരു സംഘം ആ ദൂതനോടുചേർന്നു ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ട്, “പരമോന്നതങ്ങളിൽ ദൈവത്തിനു മഹത്ത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” എന്ന് ആലപിച്ചു. ദൂതന്മാർ അവരെവിട്ടു സ്വർഗത്തിലേക്കു മടങ്ങിയശേഷം, “നമുക്കു ബേത്ലഹേമിൽ ചെന്ന് അവിടെ കർത്താവ് നമ്മെ അറിയിച്ച ഈ സംഭവം കാണാം” എന്ന് ആട്ടിടയന്മാർ പരസ്പരം പറഞ്ഞു. അവർ വളരെവേഗത്തിൽ യാത്രയായി, അവിടെച്ചെന്ന് മറിയയെയും യോസേഫിനെയും പുൽത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു. അവരെക്കണ്ടതിനുശേഷം, ഈ ശിശുവിനെക്കുറിച്ചു ദൈവദൂതൻ തങ്ങളോട് അറിയിച്ചിരുന്ന കാര്യങ്ങളെല്ലാം ആട്ടിടയന്മാർ പരസ്യമാക്കി. ആട്ടിടയന്മാർ അറിയിച്ച വാർത്ത കേട്ട എല്ലാവരും ആശ്ചര്യഭരിതരായി. എന്നാൽ, മറിയ ഇവയെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ച് വിചിന്തനംചെയ്തുകൊണ്ടിരുന്നു. തങ്ങളെ അറിയിച്ചിരുന്നതുപോലെതന്നെ കേൾക്കുകയും കാണുകയുംചെയ്ത സകലകാര്യങ്ങൾക്കായും ദൈവത്തെ മഹത്ത്വപ്പെടുത്തുകയും പുകഴ്ത്തുകയും ചെയ്തുകൊണ്ട് ആട്ടിടയന്മാർ തിരികെപ്പോയി. എട്ടുദിവസം പൂർത്തിയായപ്പോൾ, യേശുവിന്റെ പരിച്ഛേദനാസമയത്ത്, ശിശു ഗർഭത്തിലുരുവാകുംമുമ്പ് ദൈവദൂതൻ നിർദേശിച്ചിരുന്നതുപോലെ “യേശു” എന്ന് അവനു പേരിട്ടു.