ലൂക്കൊസ് 2:25-33

ലൂക്കൊസ് 2:25-33 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യെരൂശലേമിൽ ശിമ്യോൻ എന്നു പേരുള്ളൊരു മനുഷ്യൻ ഉണ്ടായിരുന്നു; ഈ മനുഷ്യൻ നീതിമാനും യിസ്രായേലിന്റെ ആശ്വാസത്തിനായി കാത്തിരിക്കുന്നവനും ആയിരുന്നു; പരിശുദ്ധാത്മാവും അവന്റെമേൽ ഉണ്ടായിരുന്നു. കർത്താവിന്റെ ക്രിസ്തുവിനെ കാണും മുമ്പേ മരണം കാൺകയില്ല എന്നു പരിശുദ്ധാത്മാവിനാൽ അവന് അരുളപ്പാട് ഉണ്ടായിരുന്നു. അവൻ ആത്മനിയോഗത്താൽ ദൈവാലയത്തിൽ ചെന്ന്; യേശു എന്ന പൈതലിനുവേണ്ടി ന്യായപ്രമാണത്തിന്റെ ചട്ടപ്രകാരം ചെയ്‍വാൻ അമ്മയപ്പന്മാർ അവനെ അകത്തു കൊണ്ടുചെന്നപ്പോൾ അവൻ അവനെ കൈയിൽ ഏന്തി ദൈവത്തെ പുകഴ്ത്തി: “ഇപ്പോൾ നാഥാ തിരുവചനംപോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയയ്ക്കുന്നു. ജാതികൾക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്ത്വവുമായി നീ സകല ജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ എന്റെ കണ്ണു കണ്ടുവല്ലോ” എന്നു പറഞ്ഞു. ഇങ്ങനെ അവനെക്കുറിച്ചു പറഞ്ഞതിൽ അവന്റെ അപ്പനും അമ്മയും ആശ്ചര്യപ്പെട്ടു.

ലൂക്കൊസ് 2:25-33 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഇസ്രായേൽജനതയുടെ സമുദ്ധാരണം പ്രതീക്ഷിച്ചുകൊണ്ടിരുന്ന നീതിനിഷ്ഠനും ഭക്തനുമായ ശിമ്യോൻ എന്നൊരാൾ യെരൂശലേമിൽ പാർത്തിരുന്നു. പരിശുദ്ധാത്മാവിന്റെ അധിവാസം അദ്ദേഹത്തിലുണ്ടായിരുന്നു. ദൈവം വാഗ്ദാനം ചെയ്തപോലെ ക്രിസ്തുവിനെ ദർശിക്കുന്നതിനുമുമ്പ് അദ്ദേഹം മരിക്കുകയില്ലെന്നു പരിശുദ്ധാത്മാവ് വെളിപ്പെടുത്തിയിരുന്നു. ആത്മാവിന്റെ പ്രചോദനത്താൽ അദ്ദേഹം ദേവാലയത്തിലെത്തി. ധർമശാസ്ത്രവിധിപ്രകാരമുള്ള കർമങ്ങൾ അനുഷ്ഠിക്കുന്നതിനായി ഉണ്ണിയേശുവിനെ മാതാപിതാക്കൾ ദേവാലയത്തിലേക്കു കൊണ്ടുവന്നപ്പോൾ ശിമ്യോൻ ശിശുവിനെ കൈയിലെടുത്തു ദൈവത്തെ പ്രകീർത്തിച്ചുകൊണ്ട് ഇപ്രകാരം പാടി: “പരമനാഥാ, അവിടുത്തെ വാഗ്ദാനം അങ്ങു നിറവേറ്റിയിരിക്കുന്നു; ഇനി സമാധാനത്തോടുകൂടി കടന്നുപോകാൻ ഈ വിനീതദാസനെ അനുവദിച്ചാലും. സർവ മനുഷ്യവർഗത്തിനുംവേണ്ടി അവിടുന്ന് ഒരുക്കിവച്ചിട്ടുള്ള രക്ഷ ഇയ്യുള്ളവന്റെ കണ്ണുകൾ ദർശിച്ചിരിക്കുന്നുവല്ലോ. അതു വിജാതീയരുടെ ബോധോദയത്തിനുള്ള വെളിച്ചവും അവിടുത്തെ ജനമായ ഇസ്രായേലിന്റെ അഭിമാനകാരണവുമാകുന്നു.” ശിശുവിനെപ്പറ്റി ശിമ്യോൻ പറഞ്ഞ ഈ വാക്കുകൾ ആ മാതാപിതാക്കളെ ആശ്ചര്യഭരിതരാക്കി.

ലൂക്കൊസ് 2:25-33 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യെരൂശലേമിൽ ശിമ്യോൻ എന്നു പേരുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു; ഈ മനുഷ്യൻ നീതിമാനും യിസ്രായേലിന്‍റെ ആശ്വാസത്തിനായി കാത്തിരിക്കുന്നവനും ആയിരുന്നു; പരിശുദ്ധാത്മാവും അവന്‍റെമേൽ ഉണ്ടായിരുന്നു. കർത്താവിന്‍റെ ക്രിസ്തുവിനെ കാണുംമുമ്പെ മരിക്കുകയില്ല എന്നു പരിശുദ്ധാത്മാവിനാൽ അവനു അരുളപ്പാടു ഉണ്ടായിരുന്നു. അവൻ ആത്മാവ് നയിച്ചതനുസരിച്ച് ദൈവാലയത്തിൽ ചെന്നു. യേശു എന്ന പൈതലിന് വേണ്ടി ന്യായപ്രമാണം അനുസരിച്ചുള്ള അനുഷ്ഠാനങ്ങൾ ചെയ്‌വാൻ അമ്മയും അപ്പനും അവനെ അകത്ത് കൊണ്ടുചെന്നപ്പോൾ ശിമ്യോൻ അവനെ കയ്യിൽ എടുത്തു ദൈവത്തെ പുകഴ്ത്തി: “ഇപ്പോൾ നാഥാ തിരുവചനത്തിൽ പറയുന്നതുപോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയയ്ക്കേണമേ. ജനതകൾക്ക് വെളിപ്പെടുവാനുള്ള പ്രകാശവും നിന്‍റെ ജനമായ യിസ്രായേലിന്‍റെ മഹത്വവുമായി നീ സകലജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്‍റെ രക്ഷയെ എന്‍റെ കണ്ണ് കണ്ടുവല്ലോ” എന്നു പറഞ്ഞു. ഇങ്ങനെ യേശു പൈതലിനെക്കുറിച്ചു പറഞ്ഞത് കൊണ്ടു അവന്‍റെ അപ്പനും അമ്മയും ആശ്ചര്യപ്പെട്ടു.

ലൂക്കൊസ് 2:25-33 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യെരൂശലേമിൽ ശിമ്യോൻ എന്നു പേരുള്ളൊരു മനുഷ്യൻ ഉണ്ടായിരുന്നു; ഈ മനുഷ്യൻ നീതിമാനും യിസ്രായേലിന്റെ ആശ്വാസത്തിന്നായി കാത്തിരിക്കുന്നവനും ആയിരുന്നു; പരിശുദ്ധാത്മാവും അവന്റെ മേൽ ഉണ്ടായിരുന്നു. കർത്താവിന്റെ ക്രിസ്തുവിനെ കാണുംമുമ്പെ മരണം കാൺകയില്ല എന്നു പരിശുദ്ധാത്മാവിനാൽ അവന്നു അരുളപ്പാടു ഉണ്ടായിരുന്നു. അവൻ ആത്മനിയോഗത്താൽ ദൈവാലയത്തിൽ ചെന്നു. യേശു എന്ന പൈതലിന്നു വേണ്ടി ന്യായപ്രമാണത്തിന്റെ ചട്ടപ്രകാരം ചെയ്‌വാൻ അമ്മയപ്പന്മാർ അവനെ അകത്തു കൊണ്ടുചെന്നപ്പോൾ അവൻ അവനെ കയ്യിൽ ഏന്തി ദൈവത്തെ പുകഴ്ത്തി: “ഇപ്പോൾ നാഥാ തിരുവചനംപോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയക്കുന്നു. ജാതികൾക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്വവുമായി നീ സകല ജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ എന്റെ കണ്ണു കണ്ടുവല്ലോ” എന്നു പറഞ്ഞു. ഇങ്ങനെ അവനെക്കുറിച്ചു പറഞ്ഞതിൽ അവന്റെ അപ്പനും അമ്മയും ആശ്ചര്യപ്പെട്ടു.

ലൂക്കൊസ് 2:25-33 സമകാലിക മലയാളവിവർത്തനം (MCV)

അക്കാലത്ത്, ജെറുശലേമിൽ നീതിനിഷ്ഠനും ദൈവഭക്തനുമായ ശിമയോൻ എന്നു പേരുള്ള ഒരു മനുഷ്യൻ ഇസ്രായേലിന് സാന്ത്വനംനൽകുന്ന മശിഹായുടെ വരവിനായി കാത്തുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെമേൽ പരിശുദ്ധാത്മാവ് ഉണ്ടായിരുന്നു. കർത്താവിന്റെ ക്രിസ്തുവിനെ കാണുന്നതിനുമുമ്പ് മരിക്കുകയില്ല എന്നു പരിശുദ്ധാത്മാവിനാൽ അദ്ദേഹത്തിന് അരുളപ്പാട് ലഭിച്ചിരുന്നു. ന്യായപ്രമാണത്തിൽ നിഷ്കർഷിച്ചിരിക്കുന്നത് നിർവഹിക്കാൻ യേശു എന്ന പൈതലിനെ മാതാപിതാക്കൾ കൊണ്ടുവന്നപ്പോൾ, ശിമയോൻ പരിശുദ്ധാത്മാവിന്റെ നിയോഗത്താൽ ദൈവാലയാങ്കണത്തിലേക്കു ചെന്നു. അദ്ദേഹം ശിശുവിനെ കൈയിൽ എടുത്ത് ദൈവത്തെ സ്തുതിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: “സർവോന്നതനായ നാഥാ, അവിടന്നു വാഗ്ദാനംചെയ്തിരുന്നതുപോലെ, ഇപ്പോൾ അവിടത്തെ ദാസനെ സമാധാനത്തോടെ വിശ്രമിക്കാൻ അനുവദിച്ചാലും. അവിടന്ന് സകലജനങ്ങളുടെയും മുമ്പാകെ ഒരുക്കിയിരിക്കുന്ന രക്ഷയെ എന്റെ കണ്ണ് കണ്ടിരിക്കുന്നു! ഈ രക്ഷ, സർവജനതകൾക്കും വെളിപ്പെടാനുള്ള പ്രകാശവും അവിടത്തെ ജനമായ ഇസ്രായേലിന്റെ മഹത്ത്വവുമാണല്ലോ.” ശിശുവിനെക്കുറിച്ച് ശിമയോൻ ഇങ്ങനെ പറയുന്നതുകേട്ട് അവന്റെ മാതാപിതാക്കൾ വിസ്മയിച്ചു.