ലൂക്കൊസ് 2:1-13

ലൂക്കൊസ് 2:1-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ആ കാലത്തു ലോകമൊക്കെയും പേർവഴി ചാർത്തേണം എന്ന് ഔഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു. കുറേന്യൊസ് സുറിയനാടു വാഴുമ്പോൾ ഈ ഒന്നാമത്തെ ചാർത്തൽ ഉണ്ടായി. എല്ലാവരും ചാർത്തപ്പെടേണ്ടതിനു താന്താന്റെ പട്ടണത്തിലേക്കു യാത്രയായി. അങ്ങനെ യോസേഫും ദാവീദിന്റെ ഗൃഹത്തിലും കുലത്തിലും ഉള്ളവൻ ആകകൊണ്ട് തനിക്കു വിവാഹം നിശ്ചയിച്ചിരുന്ന മറിയ എന്ന ഗർഭിണിയായ ഭാര്യയോടുംകൂടെ ചാർത്തപ്പെടേണ്ടതിനു ഗലീലയിലെ നസറെത്ത് പട്ടണം വിട്ടു, യെഹൂദ്യയിൽ ബേത്‍ലഹേം എന്ന ദാവീദിൻപട്ടണത്തിലേക്കു പോയി. അവർ അവിടെ ഇരിക്കുമ്പോൾ അവൾക്കു പ്രസവത്തിനുള്ള കാലംതികഞ്ഞു. അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്ക് സ്ഥലം ഇല്ലായ്കയാൽ പശുത്തൊട്ടിയിൽ കിടത്തി. അന്ന് ആ പ്രദേശത്ത് ഇടയന്മാർ രാത്രിയിൽ ആട്ടിൻകൂട്ടത്തെ കാവൽകാത്തു വെളിയിൽ പാർത്തിരുന്നു. അപ്പോൾ കർത്താവിന്റെ ഒരു ദൂതൻ അവരുടെ അരികെ നിന്നു, കർത്താവിന്റെ തേജസ്സ് അവരെ ചുറ്റിമിന്നി, അവർ ഭയപരവശരായിത്തീർന്നു. ദൂതൻ അവരോട്: ഭയപ്പെടേണ്ടാ; സർവജനത്തിനും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു. നിങ്ങൾക്ക് അടയാളമോ: ശീലകൾചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും എന്നു പറഞ്ഞു. പെട്ടെന്നു സ്വർഗീയസൈന്യത്തിന്റെ ഒരു സംഘം ദൂതനോടു ചേർന്ന് ദൈവത്തെ പുകഴ്ത്തി.

ലൂക്കൊസ് 2:1-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അക്കാലത്തു റോമാസാമ്രാജ്യത്തിലെങ്ങും കാനേഷുമാരി എടുക്കണമെന്ന് ഒഗസ്തുസ് കൈസർ കല്പന പുറപ്പെടുവിച്ചു. കുറേന്യോസ് സിറിയയിലെ ഗവർണർ ആയിരിക്കുമ്പോഴാണ് ഇത് ആദ്യമായി നടന്നത്. പേരു രേഖപ്പെടുത്തുന്നതിനുവേണ്ടി എല്ലാവരും അവരവരുടെ പട്ടണങ്ങളിലേക്കു പോയി. ദാവീദുവംശജനായിരുന്നതുകൊണ്ട് യോസേഫും ഗലീലയിലെ നസറെത്ത് എന്ന പട്ടണത്തിൽനിന്നു യെഹൂദ്യയിലെ ബേത്‍ലഹേമിലേക്കു പോയി. ബേത്‍ലഹേംപട്ടണമായിരുന്നു ദാവീദിന്റെ ജന്മസ്ഥലം. തനിക്കു വിവാഹനിശ്ചയം ചെയ്തിരുന്ന ഗർഭിണിയായ മറിയമിനോടുകൂടിയാണ് യോസേഫ് പോയത്. ബേത്‍ലഹേമിൽവച്ചു മറിയമിനു പ്രസവസമയമായി. അവൾ തന്റെ സീമന്തസന്താനമായ പുത്രനെ പ്രസവിച്ചു. അവർക്കു താമസിക്കുവാൻ സത്രത്തിൽ സ്ഥലം കിട്ടിയില്ല. അതുകൊണ്ട് മറിയം ശിശുവിനെ തുണിയിൽ പൊതിഞ്ഞ് ഒരു കാലിത്തൊഴുത്തിലെ പുൽത്തൊട്ടിയിൽ കിടത്തി. ആ രാത്രിയിൽ വെളിംപ്രദേശത്ത് ഏതാനും ഇടയന്മാർ തങ്ങളുടെ ആട്ടിൻപറ്റത്തെ കാത്തുകൊണ്ടിരിക്കുകയായിരുന്നു. ഒരു ദൈവദൂതൻ അവർക്കു പ്രത്യക്ഷനായി; ദൈവത്തിന്റെ തേജസ്സ് അവരുടെ ചുറ്റും പ്രകാശിച്ചു. ആട്ടിടയന്മാർ ഭയപരവശരായി. ദൂതൻ അവരോടു പറഞ്ഞു: “ഭയപ്പെടേണ്ടാ; സർവജനത്തിനും ഉണ്ടാകുവാനുള്ള മഹാസന്തോഷം ഞാൻ നിങ്ങളെ അറിയിക്കുന്നു. ഇന്നേദിവസം ദാവീദിന്റെ പട്ടണത്തിൽ കർത്താവായ യേശുക്രിസ്തു എന്ന രക്ഷകൻ നിങ്ങൾക്കായി പിറന്നിരിക്കുന്നു. തുണിയിൽ പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും. അതായിരിക്കും നിങ്ങൾക്കുള്ള അടയാളം.” പെട്ടെന്നു മാലാഖമാരുടെ ഒരു വലിയ സംഘം ആ ദൂതനോടു ചേർന്നു ദൈവത്തെ സ്തുതിച്ചു

ലൂക്കൊസ് 2:1-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ആ കാലത്ത്, റോമാസാമ്രാജ്യത്തിൽ ഒക്കെയും ജനസംഖ്യ കണക്ക് എടുക്കേണം എന്നു ഔഗുസ്തൊസ് കൈസർ ഒരു ആജ്ഞ കൊടുത്തു. കുറേന്യൊസ്, സിറിയയിലെ ഗവർണ്ണർ ആയിരിക്കുമ്പോൾ ആകുന്നു ഈ ഒന്നാമത്തെ കണക്കെടുപ്പ് ഉണ്ടാകുന്നത്. അതുകൊണ്ട് എല്ലാവരും ജനസംഖ്യ രേഖപ്പെടുത്തേണ്ടതിന് അവരവരുടെ പട്ടണങ്ങളിലേക്ക് യാത്രയായി. അങ്ങനെ യോസഫും ദാവീദിന്‍റെ കുടുംബത്തിലും വംശത്തിലും ഉൾപ്പെട്ടവൻ ആയിരുന്നതുകൊണ്ട്, പേരു ചേർക്കേണ്ടതിന് ഗലീലയിലെ നസറെത്ത് പട്ടണം വിട്ടു, യെഹൂദ്യയിൽ ബേത്ത്-ലേഹേം എന്ന ദാവീദിന്‍റെ പട്ടണത്തിലേക്ക് പോയി. തനിക്കു വിവാഹം നിശ്ചയിച്ചിരുന്ന മറിയ എന്ന ഗർഭിണിയായ ഭാര്യയോടും കൂടിയാണ് യോസേഫ് പോയത്. അവർ അവിടെ ആയിരുന്നപ്പോൾ അവൾക്ക് പ്രസവത്തിനുള്ള സമയം ആയി. അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു. വഴിയമ്പലത്തിൽ അവർക്ക് സ്ഥലം ഇല്ലാതിരുന്നതിനാൽ പുതപ്പ് കൊണ്ടു നല്ലവണ്ണം പൊതിഞ്ഞു പശുത്തൊട്ടിയിൽ കിടത്തി. അന്നു, സൂര്യൻ അസ്തമിച്ച് ഇരുൾ വ്യാപിച്ചപ്പോൾ, ആ പ്രദേശത്ത് ഇടയന്മാർ ആട്ടിൻകൂട്ടത്തിന് കാവലായി വെളിയിൽ താമസിച്ചിരുന്നു. പെട്ടെന്ന് കർത്താവിന്‍റെ ഒരു ദൂതൻ അവരുടെ അരികെ വന്നു, കർത്താവിന്‍റെ തേജസ്സ് അവരെ ചുറ്റിമിന്നി, അവർ ഭയപരവശരായിത്തീർന്നു. ദൂതൻ അവരോട്: ”ഭയപ്പെടേണ്ടാ; സർവ്വജനത്തിനും ഉണ്ടാകുവാനുള്ള മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീദിന്‍റെ പട്ടണത്തിൽ നിങ്ങൾക്ക് വേണ്ടി ജനിച്ചിരിക്കുന്നു. നിങ്ങൾക്ക് അടയാളമോ; പുതപ്പിനാൽ നല്ലവണ്ണം പൊതിയപ്പെട്ട് പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും” എന്നു പറഞ്ഞു. പെട്ടെന്ന് സ്വർഗ്ഗീയ സൈന്യത്തിന്‍റെ ഒരു സംഘം ദൂതനോട് ചേർന്ന് ദൈവത്തെ പുകഴ്ത്തി.

ലൂക്കൊസ് 2:1-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ആ കാലത്തു ലോകം ഒക്കെയും പേർവഴി ചാർത്തേണം എന്നു ഔഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു. കുറേന്യൊസ് സുറിയനാടു വാഴുമ്പോൾ ഈ ഒന്നാമത്തെ ചാർത്തൽ ഉണ്ടായി. എല്ലാവരും ചാർത്തപ്പെടേണ്ടതിന്നു താന്താന്റെ പട്ടണത്തിലേക്കു യാത്രയായി. അങ്ങനെ യോസേഫും ദാവീദിന്റെ ഗൃഹത്തിലും കുലത്തിലും ഉള്ളവൻ ആകകൊണ്ടു തനിക്കു വിവാഹം നിശ്ചയിച്ചിരുന്ന മറിയ എന്ന ഗർഭിണിയായ ഭാര്യയോടും കൂടെ ചാർത്തപ്പെടേണ്ടതിന്നു ഗലീലയിലെ നസറെത്ത് പട്ടണം വിട്ടു, യെഹൂദ്യയിൽ ബേത്ത്ലേഹെം എന്ന ദാവീദിൻ പട്ടണത്തിലേക്കു പോയി. അവർ അവിടെ ഇരിക്കുമ്പോൾ അവൾക്കു പ്രസവത്തിനുള്ള കാലം തികെഞ്ഞു. അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്കു സ്ഥലം ഇല്ലായ്കയാൽ പശുത്തൊട്ടിയിൽ കിടത്തി. അന്നു ആ പ്രദേശത്തു ഇടയന്മാർ രാത്രിയിൽ ആട്ടിൻ കൂട്ടത്തെ കാവൽകാത്തു വെളിയിൽ പാർത്തിരുന്നു. അപ്പോൾ കർത്താവിന്റെ ഒരു ദൂതൻ അവരുടെ അരികെ നിന്നു, കർത്താവിന്റെ തേജസ്സ് അവരെ ചുറ്റിമിന്നി, അവർ ഭയപരവശരായിതീർന്നു. ദൂതൻ അവരോടു: ഭയപ്പെടേണ്ടാ; സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു. നിങ്ങൾക്കു അടയാളമോ; ശീലകൾ ചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും എന്നു പറഞ്ഞു. പെട്ടെന്നു സ്വർഗ്ഗീയ സൈന്യത്തിന്റെ ഒരു സംഘം ദൂതനോടു ചേർന്നു ദൈവത്തെ പുകഴ്ത്തി.

ലൂക്കൊസ് 2:1-13 സമകാലിക മലയാളവിവർത്തനം (MCV)

ആ കാലത്ത് റോമാ ചക്രവർത്തി അഗസ്തോസ് കൈസർ തന്റെ സാമ്രാജ്യത്തിലുള്ള എല്ലാവരുടെയും ജനസംഖ്യാനിർണയത്തിനായുള്ള ആജ്ഞ പുറപ്പെടുവിച്ചു. —ഈ ഒന്നാമത്തെ ജനസംഖ്യാനിർണയം നടന്നത് സിറിയാപ്രവിശ്യയിലെ ഭരണാധികാരിയായി ക്വിറിനിയൂസ് വാഴുമ്പോഴാണ്— അങ്ങനെ എല്ലാവരും തങ്ങളുടെ പേരെഴുതിക്കുന്നതിന് അവരവരുടെ പട്ടണത്തിലേക്കു യാത്രയായി. അങ്ങനെ യോസേഫ് ദാവീദിന്റെ കുടുംബത്തിലും വംശത്തിലും ഉള്ളവനായതിനാൽ ഗലീലാപ്രവിശ്യയിലെ നസറെത്ത് എന്ന പട്ടണത്തിൽനിന്ന് യെഹൂദ്യപ്രവിശ്യയിലെ ബേത്ലഹേം എന്ന ദാവീദിന്റെ പട്ടണത്തിലേക്കു യാത്രതിരിച്ചു. തന്റെ പ്രതിശ്രുതവധുവും ഗർഭിണിയുമായ മറിയയോടൊപ്പമാണ് പേരുചേർക്കുന്നതിനായി അദ്ദേഹം അവിടേക്കു പോയത്. അവർ ബേത്ലഹേമിൽ ആയിരിക്കുമ്പോൾ മറിയയ്ക്ക് പ്രസവത്തിനുള്ള സമയം തികഞ്ഞു. മറിയ തന്റെ ആദ്യജാതനായ പുത്രന് ജന്മംനൽകി, അവൾ ശിശുവിനെ ശീലകളിൽ പൊതിഞ്ഞ്, കന്നുകാലികൾക്ക് പുല്ല് കൊടുക്കുന്ന ഒരു തൊട്ടിയിൽ കിടത്തി; കാരണം, അവർക്കവിടെ ഒരു മുറിയും ലഭ്യമായില്ല. അന്നുരാത്രിയിൽ ആ പ്രദേശത്ത് ആട്ടിൻപറ്റത്തിന് കാവലായി മേച്ചിൽപ്പുറത്ത് താമസിച്ചിരുന്ന ഇടയന്മാർക്ക് കർത്താവിന്റെ ഒരു ദൂതൻ പ്രത്യക്ഷനായി. കർത്താവിന്റെ പ്രഭ അവർക്കുചുറ്റും തിളങ്ങി, അവർ വളരെ ഭയവിഹ്വലരായിത്തീർന്നു. അപ്പോൾ ദൂതൻ അവരോടറിയിച്ചത്, “ഭയപ്പെടേണ്ട! സകലജനത്തിനും മഹാ ആനന്ദംനൽകുന്ന സുവാർത്ത ഇതാ ഞാൻ നിങ്ങളെ അറിയിക്കുന്നു. ഇന്നേദിവസം ക്രിസ്തുവെന്ന കർത്താവായ രക്ഷകൻ ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കുവേണ്ടി ജനിച്ചിരിക്കുന്നു. നിങ്ങൾക്കുള്ള ചിഹ്നമോ: ശീലകളിൽ പൊതിഞ്ഞ്, പുൽത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും.” ഇതു പറഞ്ഞമാത്രയിൽത്തന്നെ സ്വർഗീയസൈന്യത്തിന്റെ വലിയൊരു സംഘം ആ ദൂതനോടുചേർന്നു ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ട്