ലൂക്കൊസ് 18:35-41

ലൂക്കൊസ് 18:35-41 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവൻ യെരീഹോവിന് അടുത്തപ്പോൾ ഒരു കുരുടൻ ഇരന്നുകൊണ്ടു വഴിയരികെ ഇരുന്നിരുന്നു. പുരുഷാരം കടന്നുപോകുന്നതു കേട്ടു: ഇതെന്ത് എന്ന് അവൻ ചോദിച്ചു. നസറായനായ യേശു കടന്നുപോകുന്നു എന്ന് അവർ അവനോട് അറിയിച്ചു. അപ്പോൾ അവൻ: യേശുവേ, ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചു. മുൻനടക്കുന്നവർ അവനെ മിണ്ടാതിരിപ്പാൻ ശാസിച്ചു; അവനോ: ദാവീദുപുത്രാ എന്നോടു കരുണ തോന്നേണമേ എന്ന് ഏറ്റവും അധികം നിലവിളിച്ചു. യേശു നിന്ന്, അവനെ തന്റെ അടുക്കൽ കൊണ്ടുവരുവാൻ കല്പിച്ചു. അവൻ അടുക്കെ വന്നപ്പോൾ: ഞാൻ നിനക്ക് എന്തു ചെയ്യേണം എന്നു ചോദിച്ചു. കർത്താവേ, എനിക്കു കാഴ്ച കിട്ടേണം എന്ന് അവൻ പറഞ്ഞു.

ലൂക്കൊസ് 18:35-41 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യേശു യെരിഹോവിനോടു സമീപിച്ചു. അന്ധനായ ഒരു മനുഷ്യൻ വഴിയരികിൽ ഭിക്ഷയാചിച്ചുകൊണ്ടിരുന്നു. ആൾക്കൂട്ടം കടന്നുപോകുന്ന ശബ്ദം കേട്ടപ്പോൾ അതെന്താണെന്ന് അയാൾ അന്വേഷിച്ചു. “നസറായനായ യേശു കടന്നുപോകുന്നു” എന്ന് ആളുകൾ പറഞ്ഞു. “ദാവീദിന്റെ പുത്രനായ യേശുവേ, ഇയ്യുള്ളവനോടു കരുണയുണ്ടാകണമേ” എന്ന് അയാൾ നിലവിളിച്ചു പറഞ്ഞു. “മിണ്ടരുത്” എന്നു പറഞ്ഞ് മുമ്പിൽ പോയവർ അയാളെ ശകാരിച്ചു. അയാളാകട്ടെ കൂടുതൽ ഉച്ചത്തിൽ “ദാവീദിന്റെ പുത്രാ എന്നോടു കനിവുണ്ടാകണമേ” എന്നു പിന്നെയും നിലവിളിച്ചു. യേശു അവിടെ നിന്നു; ആ അന്ധനെ അടുത്തു കൊണ്ടുചെല്ലുവാൻ ആജ്ഞാപിച്ചു. അയാൾ അടുത്തുചെന്നപ്പോൾ “ഞാനെന്താണു നിനക്കു ചെയ്തുതരേണ്ടത്?” എന്ന് യേശു ചോദിച്ചു. “നാഥാ, എനിക്കു കാഴ്ച തിരിച്ചുകിട്ടണം” എന്ന് അയാൾ മറുപടി പറഞ്ഞു.

ലൂക്കൊസ് 18:35-41 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അവൻ യെരീഹോവിന് അടുത്തപ്പോൾ വഴിയരികെ ഒരു കുരുടൻ ഭിക്ഷ യാചിച്ചുകൊണ്ട് ഇരുന്നിരുന്നു. പുരുഷാരം കടന്നുപോകുന്ന ശബ്ദം കേട്ടു: ഇതെന്താണ് എന്നു അവൻ ചോദിച്ചു. നസറായനായ യേശു കടന്നുപോകുന്നു എന്നു അവർ അവനോട് അറിയിച്ചു. അപ്പോൾ അവൻ: ”യേശുവേ, ദാവീദുപുത്രാ, എന്നോട് കരുണ തോന്നേണമേ” എന്നു നിലവിളിച്ചു. ആൾക്കൂട്ടത്തിൻ്റെ മുന്നിൽ നടക്കുന്നവർ അവനെ മിണ്ടാതിരിക്കുവാൻ ശാസിച്ചു; അവനോ: ”ദാവീദുപുത്രാ, എന്നോട് കരുണ തോന്നേണമേ” എന്നു കൂടുതൽ ഉച്ചത്തിൽ നിലവിളിച്ചു. യേശു അവിടെനിന്നു, അവനെ തന്‍റെ അടുക്കൽ കൊണ്ടുവരുവാൻ കല്പിച്ചു. അവൻ അടുക്കെ വന്നപ്പോൾ: ഞാൻ നിനക്കു എന്ത് ചെയ്യേണം? എന്നു ചോദിച്ചു. ”കർത്താവേ, എനിക്ക് കാഴ്ച കിട്ടേണം” എന്നു അവൻ പറഞ്ഞു.

ലൂക്കൊസ് 18:35-41 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവൻ യെരീഹോവിന്നു അടുത്തപ്പോൾ ഒരു കുരുടൻ ഇരന്നുകൊണ്ടു വഴിയരികെ ഇരുന്നിരുന്നു. പുരുഷാരം കടന്നു പോകുന്നതു കേട്ടു: ഇതെന്തു എന്നു അവൻ ചോദിച്ചു. നസറായനായ യേശു കടന്നുപോകുന്നു എന്നു അവർ അവനോടു അറിയിച്ചു. അപ്പോൾ അവൻ: യേശുവേ, ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചു. മുൻനടക്കുന്നവർ അവനെ മിണ്ടാതിരിപ്പാൻ ശാസിച്ചു; അവനോ: ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്നു ഏറ്റവും അധികം നിലവിളിച്ചു. യേശു നിന്നു, അവനെ തന്റെ അടുക്കൽ കൊണ്ടുവരുവാൻ കല്പിച്ചു. അവൻ അടുക്കെ വന്നപ്പോൾ:ഞാൻ നിനക്കു എന്തു ചെയ്യേണം എന്നു ചോദിച്ചു. കർത്താവേ, എനിക്കു കാഴ്ച കിട്ടേണം എന്നു അവൻ പറഞ്ഞു.

ലൂക്കൊസ് 18:35-41 സമകാലിക മലയാളവിവർത്തനം (MCV)

യേശു യെരീഹോപട്ടണത്തിന് അടുത്തെത്തി. അവിടെ ഒരു അന്ധൻ ഭിക്ഷ യാചിച്ചുകൊണ്ട് വഴിയരികിൽ ഇരിക്കുന്നുണ്ടായിരുന്നു. ജനക്കൂട്ടം കടന്നുപോകുന്നതു കേട്ട്, എന്താണു സംഭവമെന്ന് അയാൾ തിരക്കി. അവർ അയാളോട്, “നസറായനായ യേശു ഈവഴി പോകുന്നു” എന്നറിയിച്ചു. അയാൾ, “യേശുവേ, ദാവീദുപുത്രാ, അടിയനോട് കരുണതോന്നണമേ” എന്നു നിലവിളിച്ചു. ജനക്കൂട്ടത്തിന്റെ മുമ്പിൽ നടന്നുകൊണ്ടിരുന്നവർ അയാളെ ശാസിച്ചുകൊണ്ട്, മിണ്ടരുതെന്നു പറഞ്ഞു. എന്നാൽ അയാൾ അധികം ഉച്ചത്തിൽ, “ദാവീദുപുത്രാ, അടിയനോട് കരുണതോന്നണമേ” എന്നു നിലവിളിച്ചു. ഇതു കേട്ടിട്ട് യേശു നിന്നു. ആ മനുഷ്യനെ തന്റെ അടുക്കൽ കൊണ്ടുവരാൻ കൽപ്പിച്ചു. അയാൾ അടുത്തുവന്നപ്പോൾ യേശു, “ഞാൻ നിനക്ക് എന്തു ചെയ്തുതരണമെന്നാണ് നീ ആഗ്രഹിക്കുന്നത്?” എന്ന് അയാളോടു ചോദിച്ചു. “എനിക്കു കാഴ്ച കിട്ടണം, കർത്താവേ,” അയാൾ ഉത്തരം പറഞ്ഞു.