ലൂക്കൊസ് 18:2-8

ലൂക്കൊസ് 18:2-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ലാത്ത ഒരു ന്യായാധിപൻ ഒരു പട്ടണത്തിൽ ഉണ്ടായിരുന്നു. ആ പട്ടണത്തിൽ ഒരു വിധവയും ഉണ്ടായിരുന്നു. അവൾ അവന്റെ അടുക്കൽ ചെന്നു: എന്റെ പ്രതിയോഗിയോടു പ്രതിക്രിയ നടത്തി രക്ഷിക്കേണമേ എന്നു പറഞ്ഞു. അവനു കുറെ കാലത്തേക്കു മനസ്സില്ലായിരുന്നു; പിന്നെ അവൻ: എനിക്കു ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ല എങ്കിലും വിധവ എന്നെ അസഹ്യമാക്കുന്നതുകൊണ്ടു ഞാൻ അവളെ പ്രതിക്രിയ നടത്തി രക്ഷിക്കും; അല്ലെങ്കിൽ അവൾ ഒടുവിൽ വന്ന് എന്നെ മുഖത്തടിക്കും എന്ന് ഉള്ളുകൊണ്ടു പറഞ്ഞു. അനീതിയുള്ള ന്യായാധിപൻ പറയുന്നതു കേൾപ്പിൻ. ദൈവമോ രാപ്പകൽ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തിൽ ദീർഘക്ഷമയുള്ളവൻ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ? വേഗത്തിൽ അവരെ പ്രതിക്രിയ നടത്തി രക്ഷിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ എന്നു കർത്താവ് പറഞ്ഞു.

ലൂക്കൊസ് 18:2-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“ദൈവത്തെ ഭയമില്ലാത്തവനും മനുഷ്യരെ വകവയ്‍ക്കാത്തവനുമായ ഒരു ന്യായാധിപൻ ഒരു പട്ടണത്തിലുണ്ടായിരുന്നു. ആ പട്ടണത്തിൽത്തന്നെ ഉണ്ടായിരുന്ന ഒരു വിധവ ‘എന്റെ പ്രതിയോഗിക്കെതിരെ ന്യായം നടത്തിത്തരണമേ’ എന്ന് ആ ന്യായാധിപനോടു കൂടെക്കൂടെ അപേക്ഷിച്ചുവന്നിരുന്നു. കുറെ നാളത്തേക്ക് ആ ന്യായാധിപൻ കൂട്ടാക്കിയില്ല; ഒടുവിൽ അയാൾ ആത്മഗതം ചെയ്തു: “ഞാൻ ദൈവത്തെ ഭയപ്പെടുകയോ, മനുഷ്യനെ വകവയ്‍ക്കുകയോ ചെയ്യാത്തവനാണെങ്കിലും ഈ വിധവ എന്നെ ശല്യപ്പെടുത്തുന്നതുകൊണ്ട് ഞാൻ അവൾക്കു ന്യായം നടത്തിക്കൊടുക്കും; അല്ലെങ്കിൽ അവൾ വന്ന് എന്നെ നിരന്തരം അലട്ടിക്കൊണ്ടിരിക്കും.” യേശു തുടർന്ന് ഇങ്ങനെ പറഞ്ഞു: ‘നീതികെട്ട ഈ ന്യായാധിപൻ പറയുന്നതു ശ്രദ്ധിക്കുക. അങ്ങനെയെങ്കിൽ രാവും പകലും തന്നെ നോക്കി വിളിക്കുന്ന തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങൾക്കു ദൈവം നീതി നടത്തിക്കൊടുക്കാതിരിക്കുമോ? അവർക്കു നീതി നടത്തിക്കൊടുക്കുന്നതിൽ അവിടുന്നു കാലവിളംബം വരുത്തുമോ? അവിടുന്ന് എത്രയും വേഗം അവർക്കു ന്യായം നടത്തിക്കൊടുക്കുമെന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ മനുഷ്യപുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ?’

ലൂക്കൊസ് 18:2-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ദൈവത്തെ ഭയവും മനുഷ്യനെ ബഹുമാനവുമില്ലാത്ത ഒരു ന്യായാധിപൻ ഒരു പട്ടണത്തിൽ ഉണ്ടായിരുന്നു. ആ പട്ടണത്തിൽ ഒരു വിധവയും ഉണ്ടായിരുന്നു. അവൾ ന്യായാധിപന്‍റെ അടുക്കൽ ചെന്നു: എന്‍റെ എതിരാളിയിൽനിന്ന് നീതി ലഭിക്കുവാൻ എന്നെ സഹായിക്കേണമേ എന്നു പറഞ്ഞു. അവനു കുറെ സമയത്തേക്ക് അവളെ സഹായിക്കുവാൻ മനസ്സില്ലായിരുന്നു; പിന്നെ അവൻ: എനിക്ക് ദൈവത്തെ ഭയവും മനുഷ്യനെ പേടിയുമില്ല എങ്കിലും വിധവ എന്നെ അസഹ്യപ്പെടുത്തുന്നതുകൊണ്ട് അവൾക്ക് നീതി ലഭിക്കാൻ സഹായിക്കും; അല്ലെങ്കിൽ അവൾ വീണ്ടും വന്നു എന്നെ ശല്യപ്പെടുത്തും എന്നു ഉള്ളുകൊണ്ട് പറഞ്ഞു. കർത്താവ് തുടർന്ന് ശിഷ്യന്മാരോട് :അനീതിയുള്ള ന്യായാധിപൻ പറഞ്ഞത് എന്തെന്ന് ശ്രദ്ധിക്കുക. ആകയാൽ ദൈവം രാവും പകലും തന്നോട് നിലവിളിക്കുന്ന തന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങളോട് ദീർഘക്ഷമ കാണിക്കുകയും നീതി നടത്തി കൊടുക്കുകയും ചെയ്യും; ദൈവം അവർക്ക് വേഗത്തിൽ നീതി നടത്തി കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ എന്നു പറഞ്ഞു.

ലൂക്കൊസ് 18:2-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ലാത്ത ഒരു ന്യായാധിപൻ ഒരു പട്ടണത്തിൽ ഉണ്ടായിരുന്നു. ആ പട്ടണത്തിൽ ഒരു വിധവയും ഉണ്ടായിരുന്നു. അവൾ അവന്റെ അടുക്കൽ ചെന്നു: എന്റെ പ്രതിയോഗിയോടു പ്രതിക്രിയ നടത്തി രക്ഷിക്കേണമേ എന്നു പറഞ്ഞു. അവന്നു കുറേ കാലത്തേക്കു മനസ്സില്ലായിരുന്നു; പിന്നെ അവൻ: എനിക്കു ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ല എങ്കിലും വിധവ എന്നെ അസഹ്യമാക്കുന്നതുകൊണ്ടു ഞാൻ അവളെ പ്രതിക്രിയ നടത്തി രക്ഷിക്കും; അല്ലെങ്കിൽ അവൾ ഒടുവിൽ വന്നു എന്നെ മുഖത്തടിക്കും എന്നു ഉള്ളുകൊണ്ടു പറഞ്ഞു. അനീതിയുള്ള ന്യായാധിപൻ പറയുന്നതു കേൾപ്പിൻ. ദൈവമോ രാപ്പകൽ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തിൽ ദീർഘക്ഷമയുള്ളവൻ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ? വേഗത്തിൽ അവരെ പ്രതിക്രിയ നടത്തി രക്ഷിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ എന്നു കർത്താവു പറഞ്ഞു.

ലൂക്കൊസ് 18:2-8 സമകാലിക മലയാളവിവർത്തനം (MCV)

“ഒരു പട്ടണത്തിൽ, ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ ബഹുമാനിക്കുകയോ ചെയ്യാത്ത ഒരു ന്യായാധിപൻ ഉണ്ടായിരുന്നു. ആ പട്ടണത്തിലെ ഒരു വിധവ, ‘എന്റെ ശത്രുവിൽനിന്ന് എന്റെ അവകാശം സ്ഥാപിച്ച് എനിക്കു നിയമസംരക്ഷണം നൽകിയാലും!’ എന്ന അപേക്ഷയുമായി അയാളുടെ അടുക്കൽ കൂടെക്കൂടെ ചെന്നുകൊണ്ടിരുന്നു. “കുറെ കാലത്തേക്ക് അയാൾ ഒരു പരിഗണനയും കാണിച്ചില്ല. എന്നാൽ ഒടുവിൽ, ‘ഞാൻ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ ബഹുമാനിക്കയോ ചെയ്യുന്നില്ലെങ്കിലും ഈ വിധവ എന്നെ തുടർച്ചയായി അസഹ്യപ്പെടുത്തുന്നതുകൊണ്ട് ഞാൻ അവൾക്കു ന്യായം നടത്തിക്കൊടുക്കും: അല്ലെങ്കിൽ അവളുടെ നിരന്തരമായ വരവ് എനിക്കു സഹിക്കാവുന്നതിലും അപ്പുറമാകും’ എന്നു തന്നോടുതന്നെ പറഞ്ഞു.” കർത്താവ് തുടർന്ന് ശിഷ്യന്മാരോട്, “നീതിനിഷ്ഠനല്ലാത്ത ആ ന്യായാധിപൻ പറയുന്നതു ശ്രദ്ധിക്കുക. അയാൾപോലും അവസാനം നീതിയുക്തമായി വിധി നടപ്പാക്കിയെങ്കിൽ, ദൈവത്തോട് രാവും പകലും നിലവിളിക്കുന്ന അവിടത്തെ തെരഞ്ഞെടുക്കപ്പെട്ട ജനത്തിനു ദൈവം ന്യായം നടത്തിക്കൊടുക്കാതിരിക്കുമോ? അവിടന്ന് അവരുടെ കാര്യം നീട്ടിക്കൊണ്ടുപോകുമോ? ഞാൻ നിങ്ങളോടു പറയട്ടെ, ‘ദൈവം വേഗത്തിൽ അവർക്കു നീതി നടത്തിക്കൊടുക്കും. എങ്കിലും മനുഷ്യപുത്രന്റെ (എന്റെ) പുനരാഗമനത്തിൽ ഭൂമിയിൽ വിശ്വസിക്കുന്നവരെ കണ്ടെത്താനാകുമോ?’ ” എന്നു പറഞ്ഞു.