ലൂക്കൊസ് 18:18-43
ലൂക്കൊസ് 18:18-43 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഒരു പ്രമാണി അവനോട്: നല്ല ഗുരോ, ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന് എന്തു ചെയ്യേണം എന്നു ചോദിച്ചു. അതിന് യേശു: എന്നെ നല്ലവൻ എന്നു പറയുന്നത് എന്ത്? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല. വ്യഭിചാരം ചെയ്യരുത്; കൊല ചെയ്യരുത്; മോഷ്ടിക്കരുത്; കള്ളസ്സാക്ഷ്യം പറയരുത്; നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. ഇവയൊക്കെയും ഞാൻ ചെറുപ്പംമുതൽ കാത്തുകൊണ്ടിരിക്കുന്നു എന്ന് അവൻ പറഞ്ഞത് കേട്ടിട്ട് യേശു: ഇനി ഒരു കുറവ് നിനക്കുണ്ട്; നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രന്മാർക്കു പകുത്തുകൊടുക്ക; എന്നാൽ സ്വർഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്ന് എന്നെ അനുഗമിക്ക എന്നു പറഞ്ഞു. അവൻ എത്രയും ധനവാനാകകൊണ്ട് ഇതു കേട്ടിട്ട് അതിദുഃഖിതനായിത്തീർന്നു. യേശു അവനെ കണ്ടിട്ട്: സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നത് എത്ര പ്രയാസം! ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നത് എളുപ്പം എന്നു പറഞ്ഞു. ഇതു കേട്ടവർ: എന്നാൽ രക്ഷിക്കപ്പെടുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു. അതിന് അവൻ: മനുഷ്യരാൽ അസാധ്യമായത് ദൈവത്താൽ സാധ്യമാകുന്നു എന്നു പറഞ്ഞു. ഇതാ ഞങ്ങൾ സ്വന്തമായതു വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു എന്നു പത്രൊസ് പറഞ്ഞു. യേശു അവരോട്: ദൈവരാജ്യം നിമിത്തം വീടോ ഭാര്യയെയോ സഹോദരന്മാരെയോ അമ്മയപ്പന്മാരെയോ മക്കളെയോ വിട്ടുകളഞ്ഞിട്ട് ഈ കാലത്തിൽ തന്നെ പല മടങ്ങായും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരും ഇല്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. അനന്തരം അവൻ പന്തിരുവരെ കൂട്ടിക്കൊണ്ട് അവരോട്: ഇതാ നാം യെരൂശലേമിലേക്കു പോകുന്നു; മനുഷ്യപുത്രനെക്കുറിച്ചു പ്രവാചകന്മാർ എഴുതിയിരിക്കുന്നത് എല്ലാം നിവൃത്തിയാകും. അവനെ ജാതികൾക്ക് ഏല്പിച്ചുകൊടുക്കയും അവർ അവനെ പരിഹസിച്ച് അവമാനിച്ചു തുപ്പി തല്ലിയിട്ടു കൊല്ലുകയും മൂന്നാംനാൾ അവൻ ഉയിർത്തെഴുന്നേല്ക്കയും ചെയ്യും എന്നു പറഞ്ഞു. അവരോ ഇത് ഒന്നും ഗ്രഹിച്ചില്ല; ഈ വാക്ക് അവർക്കു മറവായിരുന്നു; പറഞ്ഞത് അവർ തിരിച്ചറിഞ്ഞതുമില്ല. അവൻ യെരീഹോവിന് അടുത്തപ്പോൾ ഒരു കുരുടൻ ഇരന്നുകൊണ്ടു വഴിയരികെ ഇരുന്നിരുന്നു. പുരുഷാരം കടന്നുപോകുന്നതു കേട്ടു: ഇതെന്ത് എന്ന് അവൻ ചോദിച്ചു. നസറായനായ യേശു കടന്നുപോകുന്നു എന്ന് അവർ അവനോട് അറിയിച്ചു. അപ്പോൾ അവൻ: യേശുവേ, ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചു. മുൻനടക്കുന്നവർ അവനെ മിണ്ടാതിരിപ്പാൻ ശാസിച്ചു; അവനോ: ദാവീദുപുത്രാ എന്നോടു കരുണ തോന്നേണമേ എന്ന് ഏറ്റവും അധികം നിലവിളിച്ചു. യേശു നിന്ന്, അവനെ തന്റെ അടുക്കൽ കൊണ്ടുവരുവാൻ കല്പിച്ചു. അവൻ അടുക്കെ വന്നപ്പോൾ: ഞാൻ നിനക്ക് എന്തു ചെയ്യേണം എന്നു ചോദിച്ചു. കർത്താവേ, എനിക്കു കാഴ്ച കിട്ടേണം എന്ന് അവൻ പറഞ്ഞു. യേശു അവനോട്: കാഴ്ച പ്രാപിക്ക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു. ക്ഷണത്തിൽ അവൻ കാഴ്ച പ്രാപിച്ചു ദൈവത്തെ മഹത്ത്വീകരിച്ചുംകൊണ്ട് അവനെ അനുഗമിച്ചു; ജനം എല്ലാം കണ്ടിട്ടു ദൈവത്തിനു പുകഴ്ച കൊടുത്തു.
ലൂക്കൊസ് 18:18-43 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഒരു യെഹൂദനേതാവ് യേശുവിന്റെ അടുക്കൽവന്നു ചോദിച്ചു: “നല്ലവനായ ഗുരോ, നിത്യജീവൻ അവകാശമായി ലഭിക്കേണ്ടതിന് എന്താണു ഞാൻ ചെയ്യേണ്ടത്?” യേശു മറുപടി പറഞ്ഞു: “എന്നെ എന്തിനു നല്ലവൻ എന്നു വിളിക്കുന്നു? ദൈവമല്ലാതെ നല്ലവൻ മറ്റാരുമില്ലല്ലോ. കല്പനകൾ താങ്കൾക്കറിഞ്ഞുകൂടേ? കൊലപാതകം ചെയ്യരുത്, വ്യഭിചരിക്കരുത്, മോഷ്‍ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, മാതാപിതാക്കളെ ബഹുമാനിക്കുക.” അയാൾ പറഞ്ഞു: “ഇവയെല്ലാം ഞാൻ ചെറുപ്പം തൊട്ടേ പാലിക്കുന്നുണ്ട്.” അപ്പോൾ യേശു പറഞ്ഞു: “താങ്കൾക്ക് ഇനിയും ഒരു കുറവുണ്ട്; താങ്കൾക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക. അപ്പോൾ സ്വർഗത്തിൽ താങ്കൾക്കു നിക്ഷേപം ഉണ്ടാകും. പിന്നീട് വന്ന് എന്നെ അനുഗമിക്കുക. അയാൾ ഒരു വലിയ ധനികനായിരുന്നതുകൊണ്ട് ഇതുകേട്ടപ്പോൾ അത്യന്തം ദുഃഖിതനായി. അയാളുടെ ദുഃഖഭാവം കണ്ടിട്ട് യേശു പറഞ്ഞു: “ധനികന്മാർ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നത് എത്ര ദുഷ്കരം! ധനവാൻ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ എളുപ്പം ഒട്ടകം സൂചിക്കുഴയിൽക്കൂടി കടക്കുന്നതായിരിക്കും.” ഇതു കേട്ടവർ പറഞ്ഞു: “അങ്ങനെയാണെങ്കിൽ രക്ഷപെടുവാൻ ആർക്കു കഴിയും?” എന്നാൽ യേശു അരുൾചെയ്തു: “മനുഷ്യർക്ക് അസാധ്യമായതു ദൈവത്തിനു സുസാധ്യമത്രേ.” അപ്പോൾ പത്രോസ്, “ഞങ്ങൾ സർവസ്വവും ഉപേക്ഷിച്ച് അങ്ങയെ അനുഗമിച്ചവരാണല്ലോ” എന്നു പറഞ്ഞു. യേശു അവരോട്, “ദൈവരാജ്യത്തിനുവേണ്ടി സ്വഭവനത്തെയോ, ഭാര്യയെയോ, സഹോദരന്മാരെയോ, മാതാപിതാക്കളെയോ, മക്കളെയോ പരിത്യജിക്കുന്ന ഏതൊരുവനും ഐഹിക ജീവിതകാലത്തുതന്നെ അനേകമടങ്ങു പ്രതിഫലം ലഭിക്കാതിരിക്കുകയില്ല; വരുവാനുള്ള ലോകത്തിൽ നിത്യജീവനും ലഭിക്കും എന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു’ എന്നു പറഞ്ഞു. യേശു പന്ത്രണ്ടു ശിഷ്യന്മാരെ വിളിച്ചു മാറ്റിനിർത്തി അവരോട് അരുൾചെയ്തു: “നാം യെരൂശലേമിലേക്കു പോകുകയാണ്; മനുഷ്യപുത്രനെക്കുറിച്ചു പ്രവാചകന്മാർ എഴുതിയിട്ടുള്ളതെല്ലാം നിറവേറും. അവനെ വിജാതീയർക്ക് ഏല്പിച്ചുകൊടുക്കും. അവർ അവനെ പരിഹസിക്കുകയും നിന്ദിക്കുകയും തുപ്പുകയും ചാട്ടവാറുകൊണ്ട് അടിക്കുകയും കൊല്ലുകയും ചെയ്യും. എന്നാൽ മൂന്നാം ദിവസം അവൻ ഉയിർത്തെഴുന്നേല്‌ക്കും.” പക്ഷേ, ശിഷ്യന്മാർക്ക് ഈ പറഞ്ഞതൊന്നും മനസ്സിലായില്ല. യേശുവിന്റെ വാക്കുകളുടെ പൊരുൾ അവർക്കു അവ്യക്തമായിരുന്നതുകൊണ്ടാണു യേശു പറഞ്ഞതു ഗ്രഹിക്കാഞ്ഞത്. യേശു യെരിഹോവിനോടു സമീപിച്ചു. അന്ധനായ ഒരു മനുഷ്യൻ വഴിയരികിൽ ഭിക്ഷയാചിച്ചുകൊണ്ടിരുന്നു. ആൾക്കൂട്ടം കടന്നുപോകുന്ന ശബ്ദം കേട്ടപ്പോൾ അതെന്താണെന്ന് അയാൾ അന്വേഷിച്ചു. “നസറായനായ യേശു കടന്നുപോകുന്നു” എന്ന് ആളുകൾ പറഞ്ഞു. “ദാവീദിന്റെ പുത്രനായ യേശുവേ, ഇയ്യുള്ളവനോടു കരുണയുണ്ടാകണമേ” എന്ന് അയാൾ നിലവിളിച്ചു പറഞ്ഞു. “മിണ്ടരുത്” എന്നു പറഞ്ഞ് മുമ്പിൽ പോയവർ അയാളെ ശകാരിച്ചു. അയാളാകട്ടെ കൂടുതൽ ഉച്ചത്തിൽ “ദാവീദിന്റെ പുത്രാ എന്നോടു കനിവുണ്ടാകണമേ” എന്നു പിന്നെയും നിലവിളിച്ചു. യേശു അവിടെ നിന്നു; ആ അന്ധനെ അടുത്തു കൊണ്ടുചെല്ലുവാൻ ആജ്ഞാപിച്ചു. അയാൾ അടുത്തുചെന്നപ്പോൾ “ഞാനെന്താണു നിനക്കു ചെയ്തുതരേണ്ടത്?” എന്ന് യേശു ചോദിച്ചു. “നാഥാ, എനിക്കു കാഴ്ച തിരിച്ചുകിട്ടണം” എന്ന് അയാൾ മറുപടി പറഞ്ഞു. യേശു അന്ധനോട്, “കാഴ്ചപ്രാപിക്കുക; നിന്റെ വിശ്വാസം നിനക്കു സൗഖ്യം നല്‌കിയിരിക്കുന്നു” എന്നു പറഞ്ഞു. തൽക്ഷണം അയാൾക്ക് വീണ്ടും കാഴ്ച ലഭിച്ചു. അയാൾ ദൈവത്തെ സ്തുതിച്ചുകൊണ്ട് യേശുവിനെ അനുഗമിച്ചു. ഈ സംഭവത്തിനു സാക്ഷ്യം വഹിച്ച എല്ലാവരും ദൈവത്തെ പുകഴ്ത്തി.
ലൂക്കൊസ് 18:18-43 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഒരു പ്രമാണി അവനോട്: ”നല്ല ഗുരോ, നിത്യജീവൻ ലഭിക്കേണ്ടതിനു ഞാൻ എന്ത് ചെയ്യേണം?” എന്നു ചോദിച്ചു. അതിന് യേശു: എന്നെ നല്ലവൻ എന്നു പറയുന്നത് എന്ത്? ദൈവം അല്ലാതെ നല്ലവൻ മറ്റാരും ഇല്ല. വ്യഭിചാരം ചെയ്യരുത്; കൊല ചെയ്യരുത്; മോഷ്ടിക്കരുത്; കള്ളസാക്ഷ്യം പറയരുത്; നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിയ്ക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. ”ഇവ ഒക്കെയും ഞാൻ ചെറുപ്പംമുതൽ പാലിക്കുന്നുണ്ട്” എന്നു അവൻ പറഞ്ഞു. ഇതു കേട്ടിട്ടു യേശു: ഇനി ഒരു കുറവ് നിനക്കുണ്ട്; നിനക്കുള്ളതൊക്കെയും വിറ്റ് ദരിദ്രർക്ക് കൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നീട് വന്നു എന്നെ അനുഗമിക്കഎന്നു പറഞ്ഞു. എന്നാൽ അവൻ ധനവാനായത് കൊണ്ടു ഇതു കേട്ടിട്ടു അതിദുഃഖിതനായിത്തീർന്നു. യേശു അവനെ കണ്ടിട്ട്: സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം! ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനേക്കാൾ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതു എളുപ്പം എന്നു പറഞ്ഞു. ഇതു കേട്ടവർ: ”എന്നാൽ രക്ഷപെടുവാൻ ആർക്ക് കഴിയും?” എന്നു പറഞ്ഞു. അതിന് അവൻ: മനുഷ്യരാൽ അസാദ്ധ്യമായത് ദൈവത്താൽ സാദ്ധ്യമാകുന്നു എന്നു പറഞ്ഞു. ”ഇതാ, ഞങ്ങൾ സ്വന്തമായത് വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു” എന്നു പത്രൊസ് പറഞ്ഞു. യേശു അവരോട്: ദൈവരാജ്യം നിമിത്തം വീടോ ഭാര്യയെയോ സഹോദരന്മാരെയോ അമ്മയപ്പന്മാരെയോ മക്കളെയോ വിട്ടുകളയുന്നവർക്ക് ഈ കാലത്തിൽ തന്നെ പല മടങ്ങായും, വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരും ഇല്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. അനന്തരം അവൻ തന്‍റെ പന്ത്രണ്ടു ശിഷ്യരെയും കൂട്ടിക്കൊണ്ട് അവരോട്: ഇതാ നാം യെരൂശലേമിലേക്കു പോകുന്നു; മനുഷ്യപുത്രനെക്കുറിച്ച് പ്രവാചകന്മാർ എഴുതിയിരിക്കുന്നത് എല്ലാം നിവൃത്തിയാകും. അവനെ ജനതകൾക്ക് ഏല്പിച്ചുകൊടുക്കുകയും അവർ അവനെ പരിഹസിച്ചു അപമാനിച്ചു തുപ്പി തല്ലീട്ട് കൊല്ലുകയും മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും എന്നു പറഞ്ഞു. അവർക്ക് ഇതു ഒന്നും മനസ്സിലായില്ല; ഈ പറഞ്ഞത് അവർക്ക് വ്യക്തമാകാതിരിക്കാനായി ദൈവം അവർക്ക് അത് മറച്ച് വെച്ചിരുന്നു. അവൻ യെരീഹോവിന് അടുത്തപ്പോൾ വഴിയരികെ ഒരു കുരുടൻ ഭിക്ഷ യാചിച്ചുകൊണ്ട് ഇരുന്നിരുന്നു. പുരുഷാരം കടന്നുപോകുന്ന ശബ്ദം കേട്ടു: ഇതെന്താണ് എന്നു അവൻ ചോദിച്ചു. നസറായനായ യേശു കടന്നുപോകുന്നു എന്നു അവർ അവനോട് അറിയിച്ചു. അപ്പോൾ അവൻ: ”യേശുവേ, ദാവീദുപുത്രാ, എന്നോട് കരുണ തോന്നേണമേ” എന്നു നിലവിളിച്ചു. ആൾക്കൂട്ടത്തിൻ്റെ മുന്നിൽ നടക്കുന്നവർ അവനെ മിണ്ടാതിരിക്കുവാൻ ശാസിച്ചു; അവനോ: ”ദാവീദുപുത്രാ, എന്നോട് കരുണ തോന്നേണമേ” എന്നു കൂടുതൽ ഉച്ചത്തിൽ നിലവിളിച്ചു. യേശു അവിടെനിന്നു, അവനെ തന്റെ അടുക്കൽ കൊണ്ടുവരുവാൻ കല്പിച്ചു. അവൻ അടുക്കെ വന്നപ്പോൾ: ഞാൻ നിനക്കു എന്ത് ചെയ്യേണം? എന്നു ചോദിച്ചു. ”കർത്താവേ, എനിക്ക് കാഴ്ച കിട്ടേണം” എന്നു അവൻ പറഞ്ഞു. യേശു അവനോട്: കാഴ്ച പ്രാപിക്ക; നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു എന്നു പറഞ്ഞു. പെട്ടെന്ന് തന്നെ അവൻ കാഴ്ച പ്രാപിച്ചു ദൈവത്തെ മഹത്വീകരിച്ചുംകൊണ്ട് അവനെ അനുഗമിച്ചു; ജനം എല്ലാം ഇതു കണ്ടിട്ട് ദൈവത്തിന് പുകഴ്ച കൊടുത്തു.
ലൂക്കൊസ് 18:18-43 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഒരു പ്രമാണി അവനോടു: നല്ല ഗുരോ, ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ചു. അതിന്നു യേശു: എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല. വ്യഭിചാരം ചെയ്യരുതു; കൊല ചെയ്യരുതു; മോഷ്ടിക്കരുതു; കള്ളസ്സാക്ഷ്യം പറയരുതു; നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. ഇവ ഒക്കെയും ഞാൻ ചെറുപ്പംമുതൽ കാത്തുകൊണ്ടിരിക്കുന്നു എന്നു അവൻ പറഞ്ഞതു കേട്ടിട്ടു യേശു:ഇനി ഒരു കുറവു നിനക്കുണ്ടു; നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രന്മാർക്കു പകുത്തുകൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു. അവൻ എത്രയും ധനവാനാകകൊണ്ടു ഇതു കേട്ടിട്ടു അതിദുഃഖിതനായിത്തീർന്നു. യേശു അവനെ കണ്ടിട്ടു: സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം! ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നു പറഞ്ഞു. ഇതു കേട്ടവർ: എന്നാൽ രക്ഷിക്കപ്പെടുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു. അതിന്നു അവൻ:മനുഷ്യരാൽ അസാദ്ധ്യമായതു ദൈവത്താൽ സാദ്ധ്യമാകുന്നു എന്നു പറഞ്ഞു. ഇതാ, ഞങ്ങൾ സ്വന്തമായതു വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു എന്നു പത്രൊസ് പറഞ്ഞു. യേശു അവരോടു: ദൈവരാജ്യം നിമിത്തം വീടോ ഭാര്യയെയോ സഹോദരന്മാരെയോ അമ്മയപ്പന്മാരെയോ മക്കളെയോ വിട്ടുകളഞ്ഞിട്ടു ഈ കാലത്തിൽ തന്നേ പല മടങ്ങായും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരും ഇല്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളാടു പറയുന്നു എന്നു പറഞ്ഞു. അനന്തരം അവൻ പന്തിരുവരെ കൂട്ടിക്കൊണ്ടു അവരോടു: ഇതാ നാം യെരൂശലേമിലേക്കു പോകുന്നു; മനുഷ്യപുത്രനെക്കുറിച്ചു പ്രവാചകന്മാർ എഴുതിയിരിക്കുന്നതു എല്ലാം നിവൃത്തിയാകും. അവനെ ജാതികൾക്കു ഏല്പിച്ചുകൊടുക്കയും അവർ അവനെ പരിഹസിച്ചു അവമാനിച്ചു തുപ്പി തല്ലീട്ടു കൊല്ലുകയും മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കയും ചെയ്യും എന്നു പറഞ്ഞു. അവരോ ഇതു ഒന്നും ഗ്രഹിച്ചില്ല; ഈ വാക്കു അവർക്കു മറവായിരുന്നു; പറഞ്ഞതു അവർ തിരിച്ചറിഞ്ഞതുമില്ല. അവൻ യെരീഹോവിന്നു അടുത്തപ്പോൾ ഒരു കുരുടൻ ഇരന്നുകൊണ്ടു വഴിയരികെ ഇരുന്നിരുന്നു. പുരുഷാരം കടന്നു പോകുന്നതു കേട്ടു: ഇതെന്തു എന്നു അവൻ ചോദിച്ചു. നസറായനായ യേശു കടന്നുപോകുന്നു എന്നു അവർ അവനോടു അറിയിച്ചു. അപ്പോൾ അവൻ: യേശുവേ, ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചു. മുൻനടക്കുന്നവർ അവനെ മിണ്ടാതിരിപ്പാൻ ശാസിച്ചു; അവനോ: ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്നു ഏറ്റവും അധികം നിലവിളിച്ചു. യേശു നിന്നു, അവനെ തന്റെ അടുക്കൽ കൊണ്ടുവരുവാൻ കല്പിച്ചു. അവൻ അടുക്കെ വന്നപ്പോൾ:ഞാൻ നിനക്കു എന്തു ചെയ്യേണം എന്നു ചോദിച്ചു. കർത്താവേ, എനിക്കു കാഴ്ച കിട്ടേണം എന്നു അവൻ പറഞ്ഞു. യേശു അവനോടു:കാഴ്ച പ്രാപിക്ക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു. ക്ഷണത്തിൽ അവൻ കാഴ്ച പ്രാപിച്ചു ദൈവത്തെ മഹത്വീകരിച്ചുംകൊണ്ടു അവനെ അനുഗമിച്ചു; ജനം എല്ലാം കണ്ടിട്ടു ദൈവത്തിന്നു പുകഴ്ച കൊടുത്തു.
ലൂക്കൊസ് 18:18-43 സമകാലിക മലയാളവിവർത്തനം (MCV)
ഒരിക്കൽ ഒരു നേതാവ് യേശുവിനോട്, “നല്ല ഗുരോ, എന്തു ചെയ്താൽ എനിക്കു നിത്യജീവൻ അവകാശമാകും?” എന്നു ചോദിച്ചു. അതിനുത്തരമായി യേശു, “നീ എന്നെ ‘നല്ലവൻ’ എന്നു വിളിക്കുന്നതെന്ത്? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല. ‘വ്യഭിചാരം ചെയ്യരുത്, കൊലപാതകം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, നിന്റെ മാതാപിതാക്കളെ ബഹുമാനിക്കുക’ എന്നീ കൽപ്പനകൾ നിനക്ക് അറിയാമല്ലോ.” എന്ന് അയാളോടു പറഞ്ഞു. “ഞാൻ ബാല്യംമുതൽതന്നെ ഈ കൽപ്പനകൾ എല്ലാം പാലിച്ചുപോരുന്നു” അയാൾ പ്രതിവചിച്ചു. ഇതു കേട്ട യേശു അയാളോട്, “ഇപ്പോഴും നിനക്ക് ഒരു കുറവുണ്ട്. അതുകൊണ്ട്, നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുക. അങ്ങനെയെങ്കിൽ സ്വർഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും. അതിനുശേഷം വരിക, എന്റെ അനുഗാമിയാകുക” എന്നു പറഞ്ഞു. അയാൾ വലിയ ധനികനായിരുന്നതുകൊണ്ട് ഇതു കേട്ട് അത്യധികം ദുഃഖിതനായിത്തീർന്നു. യേശു അയാളെ നോക്കിയിട്ട്, “ധനികർ ദൈവരാജ്യത്തിൽ പ്രവേശിക്കുകയെന്നത് എത്രയോ വിഷമകരം! വാസ്തവത്തിൽ, ധനികർ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ, ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ് കൂടുതൽ എളുപ്പം!” എന്നു പറഞ്ഞു. ഇതു കേട്ടവർ, “എന്നാൽ രക്ഷിക്കപ്പെടാൻ ആർക്കു കഴിയും?” എന്നു ചോദിച്ചു. അതിന് യേശു, “മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യംതന്നെ” എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ പത്രോസ്, “ഇതാ, ഞങ്ങൾക്കുള്ള സകലതും ഉപേക്ഷിച്ച് ഞങ്ങൾ അങ്ങയെ അനുഗമിച്ചല്ലോ” എന്നു പറഞ്ഞു. അതിന് യേശു അവരോട്, “ദൈവരാജ്യത്തിനുവേണ്ടി വീട്, ഭാര്യ, സഹോദരങ്ങൾ, മാതാപിതാക്കൾ, മക്കൾ എന്നിവ ത്യജിക്കുന്ന ഏതൊരാൾക്കും ഇപ്പോൾത്തന്നെ പതിന്മടങ്ങ് അനുഗ്രഹങ്ങളും വരുംയുഗത്തിൽ നിത്യജീവനും ലഭിക്കാതിരിക്കുകയില്ല, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു. ഈ സംഭാഷണത്തിനുശേഷം യേശു പന്ത്രണ്ട് ശിഷ്യന്മാരോടുമാത്രമായി പറഞ്ഞത്: “നോക്കൂ, നാം ജെറുശലേമിലേക്കു പോകുകയാണ്; മനുഷ്യപുത്രനെക്കുറിച്ചു പ്രവാചകന്മാർ രേഖപ്പെടുത്തിയിട്ടുള്ളതെല്ലാം നിറവേറും. മനുഷ്യപുത്രൻ റോമാക്കാർക്ക് ഏൽപ്പിക്കപ്പെടും. അവർ അദ്ദേഹത്തെ പരിഹസിക്കും, അപമാനിക്കും. അവർ അദ്ദേഹത്തിന്റെമേൽ തുപ്പുകയും ചമ്മട്ടികൊണ്ട് അടിക്കുകയും വധിക്കുകയും ചെയ്യും. എന്നാൽ, മൂന്നാംദിവസം മനുഷ്യപുത്രൻ ഉയിർത്തെഴുന്നേൽക്കും.” ഇതിന്റെ അർഥം ഗോപ്യമായിരുന്നതിനാൽ ശിഷ്യന്മാർക്ക് ഇതൊന്നും മനസ്സിലായില്ല. അദ്ദേഹം എന്തിനെക്കുറിച്ചാണു സംസാരിച്ചതെന്ന് അവർ ഗ്രഹിച്ചുമില്ല. യേശു യെരീഹോപട്ടണത്തിന് അടുത്തെത്തി. അവിടെ ഒരു അന്ധൻ ഭിക്ഷ യാചിച്ചുകൊണ്ട് വഴിയരികിൽ ഇരിക്കുന്നുണ്ടായിരുന്നു. ജനക്കൂട്ടം കടന്നുപോകുന്നതു കേട്ട്, എന്താണു സംഭവമെന്ന് അയാൾ തിരക്കി. അവർ അയാളോട്, “നസറായനായ യേശു ഈവഴി പോകുന്നു” എന്നറിയിച്ചു. അയാൾ, “യേശുവേ, ദാവീദുപുത്രാ, അടിയനോട് കരുണതോന്നണമേ” എന്നു നിലവിളിച്ചു. ജനക്കൂട്ടത്തിന്റെ മുമ്പിൽ നടന്നുകൊണ്ടിരുന്നവർ അയാളെ ശാസിച്ചുകൊണ്ട്, മിണ്ടരുതെന്നു പറഞ്ഞു. എന്നാൽ അയാൾ അധികം ഉച്ചത്തിൽ, “ദാവീദുപുത്രാ, അടിയനോട് കരുണതോന്നണമേ” എന്നു നിലവിളിച്ചു. ഇതു കേട്ടിട്ട് യേശു നിന്നു. ആ മനുഷ്യനെ തന്റെ അടുക്കൽ കൊണ്ടുവരാൻ കൽപ്പിച്ചു. അയാൾ അടുത്തുവന്നപ്പോൾ യേശു, “ഞാൻ നിനക്ക് എന്തു ചെയ്തുതരണമെന്നാണ് നീ ആഗ്രഹിക്കുന്നത്?” എന്ന് അയാളോടു ചോദിച്ചു. “എനിക്കു കാഴ്ച കിട്ടണം, കർത്താവേ,” അയാൾ ഉത്തരം പറഞ്ഞു. “നീ കാഴ്ചയുള്ളവനാകട്ടെ; നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു,” എന്ന് യേശു അയാളോടു പറഞ്ഞു. ഉടൻതന്നെ അയാൾക്ക് കാഴ്ച ലഭിച്ചു. അയാൾ തുടർന്ന് ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ട് യേശുവിനെ അനുഗമിച്ചു. ഇതുകണ്ട ജനമെല്ലാം ദൈവത്തെ സ്തുതിച്ചു.