ലൂക്കൊസ് 18:15-24

ലൂക്കൊസ് 18:15-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവൻ തൊടേണ്ടതിനു ചിലർ ശിശുക്കളെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അതു കണ്ട് അവരെ ശാസിച്ചു. യേശുവോ അവരെ അരികത്തു വിളിച്ചു: പൈതങ്ങളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേത് ആകുന്നു. ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരുനാളും അതിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. ഒരു പ്രമാണി അവനോട്: നല്ല ഗുരോ, ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന് എന്തു ചെയ്യേണം എന്നു ചോദിച്ചു. അതിന് യേശു: എന്നെ നല്ലവൻ എന്നു പറയുന്നത് എന്ത്? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല. വ്യഭിചാരം ചെയ്യരുത്; കൊല ചെയ്യരുത്; മോഷ്ടിക്കരുത്; കള്ളസ്സാക്ഷ്യം പറയരുത്; നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. ഇവയൊക്കെയും ഞാൻ ചെറുപ്പംമുതൽ കാത്തുകൊണ്ടിരിക്കുന്നു എന്ന് അവൻ പറഞ്ഞത് കേട്ടിട്ട് യേശു: ഇനി ഒരു കുറവ് നിനക്കുണ്ട്; നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രന്മാർക്കു പകുത്തുകൊടുക്ക; എന്നാൽ സ്വർഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്ന് എന്നെ അനുഗമിക്ക എന്നു പറഞ്ഞു. അവൻ എത്രയും ധനവാനാകകൊണ്ട് ഇതു കേട്ടിട്ട് അതിദുഃഖിതനായിത്തീർന്നു. യേശു അവനെ കണ്ടിട്ട്: സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നത് എത്ര പ്രയാസം!

ലൂക്കൊസ് 18:15-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അനുഗ്രഹിക്കുന്നതിനുവേണ്ടി ചിലർ ശിശുക്കളെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. ഇതുകണ്ടപ്പോൾ ശിഷ്യന്മാർ അവരെ ശകാരിച്ചു. എന്നാൽ ശിശുക്കളെ തന്റെ അടുക്കലേക്കു വിളിച്ചുകൊണ്ട് യേശു ഇങ്ങനെ പറഞ്ഞു: “ശിശുക്കൾ എന്റെ അടുക്കൽ വരുവാൻ അനുവദിക്കുക; അവരെ വിലക്കരുത്; ദൈവരാജ്യം ഇവരെപ്പോലെയുള്ളവരുടേതാണ്. ഒരു ശിശു സ്വീകരിക്കുന്നതുപോലെ ദൈവരാജ്യത്തെ സ്വീകരിക്കാത്തവൻ ഒരിക്കലും അതിൽ പ്രവേശിക്കുകയില്ലെന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു.” ഒരു യെഹൂദനേതാവ് യേശുവിന്റെ അടുക്കൽവന്നു ചോദിച്ചു: “നല്ലവനായ ഗുരോ, നിത്യജീവൻ അവകാശമായി ലഭിക്കേണ്ടതിന് എന്താണു ഞാൻ ചെയ്യേണ്ടത്?” യേശു മറുപടി പറഞ്ഞു: “എന്നെ എന്തിനു നല്ലവൻ എന്നു വിളിക്കുന്നു? ദൈവമല്ലാതെ നല്ലവൻ മറ്റാരുമില്ലല്ലോ. കല്പനകൾ താങ്കൾക്കറിഞ്ഞുകൂടേ? കൊലപാതകം ചെയ്യരുത്, വ്യഭിചരിക്കരുത്, മോഷ്‍ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, മാതാപിതാക്കളെ ബഹുമാനിക്കുക.” അയാൾ പറഞ്ഞു: “ഇവയെല്ലാം ഞാൻ ചെറുപ്പം തൊട്ടേ പാലിക്കുന്നുണ്ട്.” അപ്പോൾ യേശു പറഞ്ഞു: “താങ്കൾക്ക് ഇനിയും ഒരു കുറവുണ്ട്; താങ്കൾക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക. അപ്പോൾ സ്വർഗത്തിൽ താങ്കൾക്കു നിക്ഷേപം ഉണ്ടാകും. പിന്നീട് വന്ന് എന്നെ അനുഗമിക്കുക. അയാൾ ഒരു വലിയ ധനികനായിരുന്നതുകൊണ്ട് ഇതുകേട്ടപ്പോൾ അത്യന്തം ദുഃഖിതനായി. അയാളുടെ ദുഃഖഭാവം കണ്ടിട്ട് യേശു പറഞ്ഞു: “ധനികന്മാർ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നത് എത്ര ദുഷ്കരം!

ലൂക്കൊസ് 18:15-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ഒരിക്കൽ ചിലർ യേശു തൊട്ട് അനുഗ്രഹിക്കുന്നതിനായി ശിശുക്കളെ അവന്‍റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അത് കണ്ടു അവരെ ശാസിച്ചു. എന്നാൽ യേശു ശിശുക്കളെ തന്‍റെ അരികത്ത് വിളിച്ചു: പൈതങ്ങളെ എന്‍റെ അടുക്കൽ വരുവാൻ അനുവദിക്ക; അവരെ തടയരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേത് ആകുന്നു. ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരുനാളും അതിൽ പ്രവേശിക്കയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. ഒരു പ്രമാണി അവനോട്: ”നല്ല ഗുരോ, നിത്യജീവൻ ലഭിക്കേണ്ടതിനു ഞാൻ എന്ത് ചെയ്യേണം?” എന്നു ചോദിച്ചു. അതിന് യേശു: എന്നെ നല്ലവൻ എന്നു പറയുന്നത് എന്ത്? ദൈവം അല്ലാതെ നല്ലവൻ മറ്റാരും ഇല്ല. വ്യഭിചാരം ചെയ്യരുത്; കൊല ചെയ്യരുത്; മോഷ്ടിക്കരുത്; കള്ളസാക്ഷ്യം പറയരുത്; നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിയ്ക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. ”ഇവ ഒക്കെയും ഞാൻ ചെറുപ്പംമുതൽ പാലിക്കുന്നുണ്ട്” എന്നു അവൻ പറഞ്ഞു. ഇതു കേട്ടിട്ടു യേശു: ഇനി ഒരു കുറവ് നിനക്കുണ്ട്; നിനക്കുള്ളതൊക്കെയും വിറ്റ് ദരിദ്രർക്ക് കൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നീട് വന്നു എന്നെ അനുഗമിക്കഎന്നു പറഞ്ഞു. എന്നാൽ അവൻ ധനവാനായത് കൊണ്ടു ഇതു കേട്ടിട്ടു അതിദുഃഖിതനായിത്തീർന്നു. യേശു അവനെ കണ്ടിട്ട്: സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം!

ലൂക്കൊസ് 18:15-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവൻ തൊടേണ്ടതിന്നു ചിലർ ശിശുക്കളെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അതുകണ്ടു അവരെ ശാസിച്ചു. യേശുവോ അവരെ അരികത്തു വിളിച്ചു: പൈതങ്ങളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതു ആകുന്നു. ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരുനാളും അതിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. ഒരു പ്രമാണി അവനോടു: നല്ല ഗുരോ, ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ചു. അതിന്നു യേശു: എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല. വ്യഭിചാരം ചെയ്യരുതു; കൊല ചെയ്യരുതു; മോഷ്ടിക്കരുതു; കള്ളസ്സാക്ഷ്യം പറയരുതു; നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. ഇവ ഒക്കെയും ഞാൻ ചെറുപ്പംമുതൽ കാത്തുകൊണ്ടിരിക്കുന്നു എന്നു അവൻ പറഞ്ഞതു കേട്ടിട്ടു യേശു:ഇനി ഒരു കുറവു നിനക്കുണ്ടു; നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രന്മാർക്കു പകുത്തുകൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു. അവൻ എത്രയും ധനവാനാകകൊണ്ടു ഇതു കേട്ടിട്ടു അതിദുഃഖിതനായിത്തീർന്നു. യേശു അവനെ കണ്ടിട്ടു: സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം!

ലൂക്കൊസ് 18:15-24 സമകാലിക മലയാളവിവർത്തനം (MCV)

യേശു കൈവെച്ച് അനുഗ്രഹിക്കേണ്ടതിന് ചില ആളുകൾ നവജാതശിശുക്കളെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു. ഇതുകണ്ട ശിഷ്യന്മാർ അവരെ ശകാരിച്ചു. എന്നാൽ, യേശു അവരെ തന്റെ അടുത്തേക്ക് ആഹ്വാനംചെയ്തുകൊണ്ട് ശിഷ്യന്മാരോട്, “ശിശുക്കളെ എന്റെ അടുക്കൽ വരാൻ അനുവദിക്കുക; അവരെ തടയരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവർക്കു സ്വന്തം! ഒരു ശിശുവിനെപ്പോലെ ദൈവരാജ്യത്തെ സ്വീകരിക്കാത്ത ആരും ഒരുനാളും അതിൽ പ്രവേശിക്കുകയില്ല, നിശ്ചയം, എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു. ഒരിക്കൽ ഒരു നേതാവ് യേശുവിനോട്, “നല്ല ഗുരോ, എന്തു ചെയ്താൽ എനിക്കു നിത്യജീവൻ അവകാശമാകും?” എന്നു ചോദിച്ചു. അതിനുത്തരമായി യേശു, “നീ എന്നെ ‘നല്ലവൻ’ എന്നു വിളിക്കുന്നതെന്ത്? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല. ‘വ്യഭിചാരം ചെയ്യരുത്, കൊലപാതകം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, നിന്റെ മാതാപിതാക്കളെ ബഹുമാനിക്കുക’ എന്നീ കൽപ്പനകൾ നിനക്ക് അറിയാമല്ലോ.” എന്ന് അയാളോടു പറഞ്ഞു. “ഞാൻ ബാല്യംമുതൽതന്നെ ഈ കൽപ്പനകൾ എല്ലാം പാലിച്ചുപോരുന്നു” അയാൾ പ്രതിവചിച്ചു. ഇതു കേട്ട യേശു അയാളോട്, “ഇപ്പോഴും നിനക്ക് ഒരു കുറവുണ്ട്. അതുകൊണ്ട്, നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുക. അങ്ങനെയെങ്കിൽ സ്വർഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും. അതിനുശേഷം വരിക, എന്റെ അനുഗാമിയാകുക” എന്നു പറഞ്ഞു. അയാൾ വലിയ ധനികനായിരുന്നതുകൊണ്ട് ഇതു കേട്ട് അത്യധികം ദുഃഖിതനായിത്തീർന്നു. യേശു അയാളെ നോക്കിയിട്ട്, “ധനികർ ദൈവരാജ്യത്തിൽ പ്രവേശിക്കുകയെന്നത് എത്രയോ വിഷമകരം!