ലൂക്കൊസ് 18:1-23
ലൂക്കൊസ് 18:1-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മടുത്തുപോകാതെ എപ്പോഴും പ്രാർഥിക്കേണം എന്നുള്ളതിന് അവൻ അവരോട് ഒരുപമ പറഞ്ഞത്: ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ലാത്ത ഒരു ന്യായാധിപൻ ഒരു പട്ടണത്തിൽ ഉണ്ടായിരുന്നു. ആ പട്ടണത്തിൽ ഒരു വിധവയും ഉണ്ടായിരുന്നു. അവൾ അവന്റെ അടുക്കൽ ചെന്നു: എന്റെ പ്രതിയോഗിയോടു പ്രതിക്രിയ നടത്തി രക്ഷിക്കേണമേ എന്നു പറഞ്ഞു. അവനു കുറെ കാലത്തേക്കു മനസ്സില്ലായിരുന്നു; പിന്നെ അവൻ: എനിക്കു ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ല എങ്കിലും വിധവ എന്നെ അസഹ്യമാക്കുന്നതുകൊണ്ടു ഞാൻ അവളെ പ്രതിക്രിയ നടത്തി രക്ഷിക്കും; അല്ലെങ്കിൽ അവൾ ഒടുവിൽ വന്ന് എന്നെ മുഖത്തടിക്കും എന്ന് ഉള്ളുകൊണ്ടു പറഞ്ഞു. അനീതിയുള്ള ന്യായാധിപൻ പറയുന്നതു കേൾപ്പിൻ. ദൈവമോ രാപ്പകൽ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തിൽ ദീർഘക്ഷമയുള്ളവൻ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ? വേഗത്തിൽ അവരെ പ്രതിക്രിയ നടത്തി രക്ഷിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ എന്നു കർത്താവ് പറഞ്ഞു. തങ്ങൾ നീതിമാന്മാർ എന്ന് ഉറച്ചു മറ്റുള്ളവരെ ധിക്കരിക്കുന്ന ചിലരെക്കുറിച്ച് അവൻ ഒരു ഉപമ പറഞ്ഞതെന്തെന്നാൽ: രണ്ടു മനുഷ്യർ പ്രാർഥിപ്പാൻ ദൈവാലയത്തിൽ പോയി; ഒരുത്തൻ പരീശൻ, മറ്റവൻ ചുങ്കക്കാരൻ. പരീശൻ നിന്നുകൊണ്ട് തന്നോടുതന്നെ: ദൈവമേ, പിടിച്ചുപറിക്കാർ, നീതികെട്ടവർ, വ്യഭിചാരികൾ മുതലായ ശേഷം മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ നിന്നെ വാഴ്ത്തുന്നു. ആഴ്ചയിൽ രണ്ടു വട്ടം ഉപവസിക്കുന്നു; നേടുന്നതിലൊക്കെയും പതാരം കൊടുത്തുവരുന്നു എന്നിങ്ങനെ പ്രാർഥിച്ചു. ചുങ്കക്കാരനോ ദൂരത്തു നിന്നുകൊണ്ടു സ്വർഗത്തേക്കു നോക്കുവാൻപോലും തുനിയാതെ മാറത്തടിച്ചു: ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്നു പറഞ്ഞു. അവൻ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി; മറ്റവൻ അങ്ങനെയല്ല. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും എന്നു ഞാൻ നിങ്ങളോടു പറയുന്നു. അവൻ തൊടേണ്ടതിനു ചിലർ ശിശുക്കളെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അതു കണ്ട് അവരെ ശാസിച്ചു. യേശുവോ അവരെ അരികത്തു വിളിച്ചു: പൈതങ്ങളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേത് ആകുന്നു. ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരുനാളും അതിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. ഒരു പ്രമാണി അവനോട്: നല്ല ഗുരോ, ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന് എന്തു ചെയ്യേണം എന്നു ചോദിച്ചു. അതിന് യേശു: എന്നെ നല്ലവൻ എന്നു പറയുന്നത് എന്ത്? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല. വ്യഭിചാരം ചെയ്യരുത്; കൊല ചെയ്യരുത്; മോഷ്ടിക്കരുത്; കള്ളസ്സാക്ഷ്യം പറയരുത്; നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. ഇവയൊക്കെയും ഞാൻ ചെറുപ്പംമുതൽ കാത്തുകൊണ്ടിരിക്കുന്നു എന്ന് അവൻ പറഞ്ഞത് കേട്ടിട്ട് യേശു: ഇനി ഒരു കുറവ് നിനക്കുണ്ട്; നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രന്മാർക്കു പകുത്തുകൊടുക്ക; എന്നാൽ സ്വർഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്ന് എന്നെ അനുഗമിക്ക എന്നു പറഞ്ഞു. അവൻ എത്രയും ധനവാനാകകൊണ്ട് ഇതു കേട്ടിട്ട് അതിദുഃഖിതനായിത്തീർന്നു.
ലൂക്കൊസ് 18:1-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിരാശരാകാതെ നിരന്തരം പ്രാർഥിക്കേണ്ടതിന്റെ ആവശ്യകത വിശദമാക്കുന്നതിന് യേശു ഒരു ദൃഷ്ടാന്തകഥ പറഞ്ഞു: “ദൈവത്തെ ഭയമില്ലാത്തവനും മനുഷ്യരെ വകവയ്ക്കാത്തവനുമായ ഒരു ന്യായാധിപൻ ഒരു പട്ടണത്തിലുണ്ടായിരുന്നു. ആ പട്ടണത്തിൽത്തന്നെ ഉണ്ടായിരുന്ന ഒരു വിധവ ‘എന്റെ പ്രതിയോഗിക്കെതിരെ ന്യായം നടത്തിത്തരണമേ’ എന്ന് ആ ന്യായാധിപനോടു കൂടെക്കൂടെ അപേക്ഷിച്ചുവന്നിരുന്നു. കുറെ നാളത്തേക്ക് ആ ന്യായാധിപൻ കൂട്ടാക്കിയില്ല; ഒടുവിൽ അയാൾ ആത്മഗതം ചെയ്തു: “ഞാൻ ദൈവത്തെ ഭയപ്പെടുകയോ, മനുഷ്യനെ വകവയ്ക്കുകയോ ചെയ്യാത്തവനാണെങ്കിലും ഈ വിധവ എന്നെ ശല്യപ്പെടുത്തുന്നതുകൊണ്ട് ഞാൻ അവൾക്കു ന്യായം നടത്തിക്കൊടുക്കും; അല്ലെങ്കിൽ അവൾ വന്ന് എന്നെ നിരന്തരം അലട്ടിക്കൊണ്ടിരിക്കും.” യേശു തുടർന്ന് ഇങ്ങനെ പറഞ്ഞു: ‘നീതികെട്ട ഈ ന്യായാധിപൻ പറയുന്നതു ശ്രദ്ധിക്കുക. അങ്ങനെയെങ്കിൽ രാവും പകലും തന്നെ നോക്കി വിളിക്കുന്ന തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങൾക്കു ദൈവം നീതി നടത്തിക്കൊടുക്കാതിരിക്കുമോ? അവർക്കു നീതി നടത്തിക്കൊടുക്കുന്നതിൽ അവിടുന്നു കാലവിളംബം വരുത്തുമോ? അവിടുന്ന് എത്രയും വേഗം അവർക്കു ന്യായം നടത്തിക്കൊടുക്കുമെന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ മനുഷ്യപുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ?’ തങ്ങൾ നീതിനിഷ്ഠരാണെന്നു സ്വയം കരുതി മറ്റുള്ളവരെ നിന്ദിക്കുന്ന ചിലരെക്കുറിച്ചും യേശു ഒരു ദൃഷ്ടാന്തകഥ പറഞ്ഞു: “രണ്ടുപേർ പ്രാർഥിക്കുവാൻ ദേവാലയത്തിലേക്കു പോയി. ഒരാൾ പരീശനും മറ്റെയാൾ ചുങ്കംപിരിക്കുന്നവനും ആയിരുന്നു. “പരീശൻ മാറി നിവർന്നു നിന്നുകൊണ്ട് ആത്മഗതമായി ഇങ്ങനെ പ്രാർഥിച്ചു: ‘ദൈവമേ, പിടിച്ചുപറിക്കുന്നവർ, നീതികെട്ടവർ, വ്യഭിചാരികൾ മുതലായവരെപ്പോലെയോ, ഈ ചുങ്കക്കാരനെപ്പോലെയോ ഞാൻ അല്ലാത്തതുകൊണ്ട് അങ്ങയോടു നന്ദിയുള്ളവനാണ്. ആഴ്ചയിൽ രണ്ടു തവണ ഞാൻ ഉപവസിക്കുന്നു. എന്റെ എല്ലാ വരുമാനത്തിന്റെയും ദശാംശം ഞാൻ കൊടുക്കുന്നു.’ “ആ ചുങ്കക്കാരനാകട്ടെ അകലെ നിന്നുകൊണ്ട് സ്വർഗത്തേക്കു നോക്കുവാൻപോലും തുനിയാതെ മാറത്തടിച്ചുകൊണ്ട് ‘ദൈവമേ, ഈ പാപിയോടു കരുണയുണ്ടാകണമേ’ എന്നു പ്രാർഥിച്ചു. ഞാൻ നിങ്ങളോടു പറയുന്നു: പരീശനല്ല, ചുങ്കക്കാരനാണ് പാപം മോചിക്കപ്പെട്ടവനായി വീട്ടിലേക്കു മടങ്ങിപ്പോയത്. തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും.” അനുഗ്രഹിക്കുന്നതിനുവേണ്ടി ചിലർ ശിശുക്കളെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. ഇതുകണ്ടപ്പോൾ ശിഷ്യന്മാർ അവരെ ശകാരിച്ചു. എന്നാൽ ശിശുക്കളെ തന്റെ അടുക്കലേക്കു വിളിച്ചുകൊണ്ട് യേശു ഇങ്ങനെ പറഞ്ഞു: “ശിശുക്കൾ എന്റെ അടുക്കൽ വരുവാൻ അനുവദിക്കുക; അവരെ വിലക്കരുത്; ദൈവരാജ്യം ഇവരെപ്പോലെയുള്ളവരുടേതാണ്. ഒരു ശിശു സ്വീകരിക്കുന്നതുപോലെ ദൈവരാജ്യത്തെ സ്വീകരിക്കാത്തവൻ ഒരിക്കലും അതിൽ പ്രവേശിക്കുകയില്ലെന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു.” ഒരു യെഹൂദനേതാവ് യേശുവിന്റെ അടുക്കൽവന്നു ചോദിച്ചു: “നല്ലവനായ ഗുരോ, നിത്യജീവൻ അവകാശമായി ലഭിക്കേണ്ടതിന് എന്താണു ഞാൻ ചെയ്യേണ്ടത്?” യേശു മറുപടി പറഞ്ഞു: “എന്നെ എന്തിനു നല്ലവൻ എന്നു വിളിക്കുന്നു? ദൈവമല്ലാതെ നല്ലവൻ മറ്റാരുമില്ലല്ലോ. കല്പനകൾ താങ്കൾക്കറിഞ്ഞുകൂടേ? കൊലപാതകം ചെയ്യരുത്, വ്യഭിചരിക്കരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, മാതാപിതാക്കളെ ബഹുമാനിക്കുക.” അയാൾ പറഞ്ഞു: “ഇവയെല്ലാം ഞാൻ ചെറുപ്പം തൊട്ടേ പാലിക്കുന്നുണ്ട്.” അപ്പോൾ യേശു പറഞ്ഞു: “താങ്കൾക്ക് ഇനിയും ഒരു കുറവുണ്ട്; താങ്കൾക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക. അപ്പോൾ സ്വർഗത്തിൽ താങ്കൾക്കു നിക്ഷേപം ഉണ്ടാകും. പിന്നീട് വന്ന് എന്നെ അനുഗമിക്കുക. അയാൾ ഒരു വലിയ ധനികനായിരുന്നതുകൊണ്ട് ഇതുകേട്ടപ്പോൾ അത്യന്തം ദുഃഖിതനായി.
ലൂക്കൊസ് 18:1-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
മടുത്തുപോകാതെ എപ്പോഴും പ്രാർത്ഥിക്കേണം എന്നതിന് യേശു അവരോട് ഒരു ഉപമ പറഞ്ഞത്: ദൈവത്തെ ഭയവും മനുഷ്യനെ ബഹുമാനവുമില്ലാത്ത ഒരു ന്യായാധിപൻ ഒരു പട്ടണത്തിൽ ഉണ്ടായിരുന്നു. ആ പട്ടണത്തിൽ ഒരു വിധവയും ഉണ്ടായിരുന്നു. അവൾ ന്യായാധിപന്റെ അടുക്കൽ ചെന്നു: എന്റെ എതിരാളിയിൽനിന്ന് നീതി ലഭിക്കുവാൻ എന്നെ സഹായിക്കേണമേ എന്നു പറഞ്ഞു. അവനു കുറെ സമയത്തേക്ക് അവളെ സഹായിക്കുവാൻ മനസ്സില്ലായിരുന്നു; പിന്നെ അവൻ: എനിക്ക് ദൈവത്തെ ഭയവും മനുഷ്യനെ പേടിയുമില്ല എങ്കിലും വിധവ എന്നെ അസഹ്യപ്പെടുത്തുന്നതുകൊണ്ട് അവൾക്ക് നീതി ലഭിക്കാൻ സഹായിക്കും; അല്ലെങ്കിൽ അവൾ വീണ്ടും വന്നു എന്നെ ശല്യപ്പെടുത്തും എന്നു ഉള്ളുകൊണ്ട് പറഞ്ഞു. കർത്താവ് തുടർന്ന് ശിഷ്യന്മാരോട് :അനീതിയുള്ള ന്യായാധിപൻ പറഞ്ഞത് എന്തെന്ന് ശ്രദ്ധിക്കുക. ആകയാൽ ദൈവം രാവും പകലും തന്നോട് നിലവിളിക്കുന്ന തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങളോട് ദീർഘക്ഷമ കാണിക്കുകയും നീതി നടത്തി കൊടുക്കുകയും ചെയ്യും; ദൈവം അവർക്ക് വേഗത്തിൽ നീതി നടത്തി കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ എന്നു പറഞ്ഞു. തങ്ങൾ നീതിമാന്മാർ എന്നു വിശ്വസിക്കുകയും മറ്റുള്ളവരെ നിന്ദിക്കുകയും ചെയ്യുന്ന ചിലരെക്കുറിച്ച് അവൻ ഇപ്രകാരം ഒരു ഉപമ പറഞ്ഞു: രണ്ടു മനുഷ്യർ പ്രാർത്ഥിക്കുവാൻ ദൈവാലയത്തിൽ പോയി; ഒരാൾ പരീശൻ, മറ്റെയാൾ ചുങ്കക്കാരൻ. പരീശൻ നിന്നുകൊണ്ടു തന്നോട് തന്നെ: ദൈവമേ, പിടിച്ചുപറിക്കാർ, നീതികെട്ടവർ, വ്യഭിചാരികൾ തുടങ്ങിയ മറ്റ് മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാൻ അല്ല. അതുകൊണ്ട് ഞാൻ നിന്നെ വാഴ്ത്തുന്നു. ആഴ്ചയിൽ രണ്ടുപ്രാവശ്യം ഉപവസിക്കുന്നു; ലഭിക്കുന്നതിൽ ഒക്കെയും ദശാംശം കൊടുത്തുവരുന്നു; എന്നിങ്ങനെ പ്രാർത്ഥിച്ചു. ചുങ്കക്കാരനോ ദൂരത്ത് നിന്നുകൊണ്ടു സ്വർഗ്ഗത്തേക്ക് നോക്കുവാൻപോലും ശ്രമിക്കാതെ മാറത്തടിച്ചു: ദൈവമേ, പാപിയായ എന്നോട് കരുണയുണ്ടാകേണമേ എന്നു പറഞ്ഞു. അവൻ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്ക് പോയി; മറ്റവൻ അങ്ങനെയല്ല. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഒരിക്കൽ ചിലർ യേശു തൊട്ട് അനുഗ്രഹിക്കുന്നതിനായി ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അത് കണ്ടു അവരെ ശാസിച്ചു. എന്നാൽ യേശു ശിശുക്കളെ തന്റെ അരികത്ത് വിളിച്ചു: പൈതങ്ങളെ എന്റെ അടുക്കൽ വരുവാൻ അനുവദിക്ക; അവരെ തടയരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേത് ആകുന്നു. ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരുനാളും അതിൽ പ്രവേശിക്കയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. ഒരു പ്രമാണി അവനോട്: ”നല്ല ഗുരോ, നിത്യജീവൻ ലഭിക്കേണ്ടതിനു ഞാൻ എന്ത് ചെയ്യേണം?” എന്നു ചോദിച്ചു. അതിന് യേശു: എന്നെ നല്ലവൻ എന്നു പറയുന്നത് എന്ത്? ദൈവം അല്ലാതെ നല്ലവൻ മറ്റാരും ഇല്ല. വ്യഭിചാരം ചെയ്യരുത്; കൊല ചെയ്യരുത്; മോഷ്ടിക്കരുത്; കള്ളസാക്ഷ്യം പറയരുത്; നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിയ്ക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. ”ഇവ ഒക്കെയും ഞാൻ ചെറുപ്പംമുതൽ പാലിക്കുന്നുണ്ട്” എന്നു അവൻ പറഞ്ഞു. ഇതു കേട്ടിട്ടു യേശു: ഇനി ഒരു കുറവ് നിനക്കുണ്ട്; നിനക്കുള്ളതൊക്കെയും വിറ്റ് ദരിദ്രർക്ക് കൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നീട് വന്നു എന്നെ അനുഗമിക്കഎന്നു പറഞ്ഞു. എന്നാൽ അവൻ ധനവാനായത് കൊണ്ടു ഇതു കേട്ടിട്ടു അതിദുഃഖിതനായിത്തീർന്നു.
ലൂക്കൊസ് 18:1-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മടുത്തുപോകാതെ എപ്പോഴും പ്രാർത്ഥിക്കേണം എന്നുള്ളതിന്നു അവൻ അവരോടു ഒരുപമ പറഞ്ഞതു: ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ലാത്ത ഒരു ന്യായാധിപൻ ഒരു പട്ടണത്തിൽ ഉണ്ടായിരുന്നു. ആ പട്ടണത്തിൽ ഒരു വിധവയും ഉണ്ടായിരുന്നു. അവൾ അവന്റെ അടുക്കൽ ചെന്നു: എന്റെ പ്രതിയോഗിയോടു പ്രതിക്രിയ നടത്തി രക്ഷിക്കേണമേ എന്നു പറഞ്ഞു. അവന്നു കുറേ കാലത്തേക്കു മനസ്സില്ലായിരുന്നു; പിന്നെ അവൻ: എനിക്കു ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ല എങ്കിലും വിധവ എന്നെ അസഹ്യമാക്കുന്നതുകൊണ്ടു ഞാൻ അവളെ പ്രതിക്രിയ നടത്തി രക്ഷിക്കും; അല്ലെങ്കിൽ അവൾ ഒടുവിൽ വന്നു എന്നെ മുഖത്തടിക്കും എന്നു ഉള്ളുകൊണ്ടു പറഞ്ഞു. അനീതിയുള്ള ന്യായാധിപൻ പറയുന്നതു കേൾപ്പിൻ. ദൈവമോ രാപ്പകൽ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തിൽ ദീർഘക്ഷമയുള്ളവൻ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ? വേഗത്തിൽ അവരെ പ്രതിക്രിയ നടത്തി രക്ഷിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ എന്നു കർത്താവു പറഞ്ഞു. തങ്ങൾ നീതിമാന്മാർ എന്നു ഉറെച്ചു മറ്റുള്ളവരെ ധിക്കരിക്കുന്ന ചിലരെക്കുറിച്ചു അവൻ ഒരു ഉപമ പറഞ്ഞതെന്തെന്നാൽ: രണ്ടു മനുഷ്യർ പ്രാർത്ഥിപ്പാൻ ദൈവാലയത്തിൽ പോയി; ഒരുത്തൻ പരീശൻ, മറ്റവൻ ചുങ്കക്കാരൻ. പരീശൻ നിന്നുകൊണ്ടു തന്നോടു തന്നെ: ദൈവമേ, പിടിച്ചുപറിക്കാർ, നീതികെട്ടവർ, വ്യഭിചാരികൾ മുതലായ ശേഷം മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ നിന്നെ വാഴ്ത്തുന്നു. ആഴ്ചയിൽ രണ്ടുവട്ടം ഉപവസിക്കുന്നു; നേടുന്നതിൽ ഒക്കെയും പതാരം കൊടുത്തുവരുന്നു; എന്നിങ്ങനെ പ്രാർത്ഥിച്ചു. ചുങ്കക്കാരനോ ദൂരത്തു നിന്നുകൊണ്ടു സ്വർഗ്ഗത്തേക്കു നോക്കുവാൻപോലും തുനിയാതെ മാറത്തടിച്ചു: ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്നു പറഞ്ഞു. അവൻ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി; മറ്റവൻ അങ്ങനെയല്ല. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും എന്നു ഞാൻ നിങ്ങളോടു പറയുന്നു. അവൻ തൊടേണ്ടതിന്നു ചിലർ ശിശുക്കളെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അതുകണ്ടു അവരെ ശാസിച്ചു. യേശുവോ അവരെ അരികത്തു വിളിച്ചു: പൈതങ്ങളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതു ആകുന്നു. ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരുനാളും അതിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. ഒരു പ്രമാണി അവനോടു: നല്ല ഗുരോ, ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ചു. അതിന്നു യേശു: എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല. വ്യഭിചാരം ചെയ്യരുതു; കൊല ചെയ്യരുതു; മോഷ്ടിക്കരുതു; കള്ളസ്സാക്ഷ്യം പറയരുതു; നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. ഇവ ഒക്കെയും ഞാൻ ചെറുപ്പംമുതൽ കാത്തുകൊണ്ടിരിക്കുന്നു എന്നു അവൻ പറഞ്ഞതു കേട്ടിട്ടു യേശു:ഇനി ഒരു കുറവു നിനക്കുണ്ടു; നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രന്മാർക്കു പകുത്തുകൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു. അവൻ എത്രയും ധനവാനാകകൊണ്ടു ഇതു കേട്ടിട്ടു അതിദുഃഖിതനായിത്തീർന്നു.
ലൂക്കൊസ് 18:1-23 സമകാലിക മലയാളവിവർത്തനം (MCV)
ഹതാശരായിപ്പോകാതെ നിരന്തരം പ്രാർഥിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കാൻ യേശു ശിഷ്യന്മാരോട് ഒരു സാദൃശ്യകഥ പറഞ്ഞു. “ഒരു പട്ടണത്തിൽ, ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ ബഹുമാനിക്കുകയോ ചെയ്യാത്ത ഒരു ന്യായാധിപൻ ഉണ്ടായിരുന്നു. ആ പട്ടണത്തിലെ ഒരു വിധവ, ‘എന്റെ ശത്രുവിൽനിന്ന് എന്റെ അവകാശം സ്ഥാപിച്ച് എനിക്കു നിയമസംരക്ഷണം നൽകിയാലും!’ എന്ന അപേക്ഷയുമായി അയാളുടെ അടുക്കൽ കൂടെക്കൂടെ ചെന്നുകൊണ്ടിരുന്നു. “കുറെ കാലത്തേക്ക് അയാൾ ഒരു പരിഗണനയും കാണിച്ചില്ല. എന്നാൽ ഒടുവിൽ, ‘ഞാൻ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ ബഹുമാനിക്കയോ ചെയ്യുന്നില്ലെങ്കിലും ഈ വിധവ എന്നെ തുടർച്ചയായി അസഹ്യപ്പെടുത്തുന്നതുകൊണ്ട് ഞാൻ അവൾക്കു ന്യായം നടത്തിക്കൊടുക്കും: അല്ലെങ്കിൽ അവളുടെ നിരന്തരമായ വരവ് എനിക്കു സഹിക്കാവുന്നതിലും അപ്പുറമാകും’ എന്നു തന്നോടുതന്നെ പറഞ്ഞു.” കർത്താവ് തുടർന്ന് ശിഷ്യന്മാരോട്, “നീതിനിഷ്ഠനല്ലാത്ത ആ ന്യായാധിപൻ പറയുന്നതു ശ്രദ്ധിക്കുക. അയാൾപോലും അവസാനം നീതിയുക്തമായി വിധി നടപ്പാക്കിയെങ്കിൽ, ദൈവത്തോട് രാവും പകലും നിലവിളിക്കുന്ന അവിടത്തെ തെരഞ്ഞെടുക്കപ്പെട്ട ജനത്തിനു ദൈവം ന്യായം നടത്തിക്കൊടുക്കാതിരിക്കുമോ? അവിടന്ന് അവരുടെ കാര്യം നീട്ടിക്കൊണ്ടുപോകുമോ? ഞാൻ നിങ്ങളോടു പറയട്ടെ, ‘ദൈവം വേഗത്തിൽ അവർക്കു നീതി നടത്തിക്കൊടുക്കും. എങ്കിലും മനുഷ്യപുത്രന്റെ (എന്റെ) പുനരാഗമനത്തിൽ ഭൂമിയിൽ വിശ്വസിക്കുന്നവരെ കണ്ടെത്താനാകുമോ?’ ” എന്നു പറഞ്ഞു. തങ്ങൾ നീതിനിഷ്ഠരാണെന്ന ആത്മവിശ്വാസത്തോടെ മറ്റുള്ളവരെ പുച്ഛിക്കുന്ന ചിലരോട് യേശു ഈ സാദൃശ്യകഥ പറഞ്ഞു: “രണ്ട് മനുഷ്യർ പ്രാർഥിക്കാൻ ദൈവാലയത്തിൽ ചെന്നു; ഒരാൾ പരീശൻ, മറ്റേയാൾ ഒരു നികുതിപിരിവുകാരൻ. പരീശൻ മറ്റുള്ളവരിൽനിന്നെല്ലാം വേറിട്ടുനിന്നുകൊണ്ട് തന്നെക്കുറിച്ചുതന്നെ ഇങ്ങനെ പ്രാർഥിച്ചു; ‘ദൈവമേ, കൊള്ളക്കാർ, ദുഷ്പ്രവൃത്തിക്കാർ, വ്യഭിചാരികൾ മുതലായ മറ്റു മനുഷ്യരെപ്പോലെയോ ഈ നികുതിപിരിവുകാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ അങ്ങേക്കു നന്ദി പറയുന്നു. ഞാൻ ആഴ്ചയിൽ രണ്ടുതവണ ഉപവസിക്കുകയും എനിക്കു ലഭിക്കുന്ന എല്ലാറ്റിന്റെയും ദശാംശം കൊടുക്കുകയുംചെയ്യുന്നു.’ “എന്നാൽ നികുതിപിരിവുകാരനായ മറ്റേയാളോ വളരെ അകലെനിന്ന്, സ്വർഗത്തിലേക്കു നോക്കാൻപോലും ധൈര്യപ്പെടാതെ മാറത്തടിച്ചുകൊണ്ട്, ‘ദൈവമേ, പാപിയായ എന്നോടു കരുണതോന്നണമേ’ എന്നു പ്രാർഥിച്ചു. “ഈ ഇരുവരിൽ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയതു നികുതിപിരിവുകാരനാണ്, ആ പരീശനല്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. കാരണം, സ്വയം ഉയർത്തുന്നയാൾ അപമാനിതനാകും; സ്വയം താഴ്ത്തുന്നയാൾ ബഹുമാനിതനും.” യേശു കൈവെച്ച് അനുഗ്രഹിക്കേണ്ടതിന് ചില ആളുകൾ നവജാതശിശുക്കളെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു. ഇതുകണ്ട ശിഷ്യന്മാർ അവരെ ശകാരിച്ചു. എന്നാൽ, യേശു അവരെ തന്റെ അടുത്തേക്ക് ആഹ്വാനംചെയ്തുകൊണ്ട് ശിഷ്യന്മാരോട്, “ശിശുക്കളെ എന്റെ അടുക്കൽ വരാൻ അനുവദിക്കുക; അവരെ തടയരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവർക്കു സ്വന്തം! ഒരു ശിശുവിനെപ്പോലെ ദൈവരാജ്യത്തെ സ്വീകരിക്കാത്ത ആരും ഒരുനാളും അതിൽ പ്രവേശിക്കുകയില്ല, നിശ്ചയം, എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു. ഒരിക്കൽ ഒരു നേതാവ് യേശുവിനോട്, “നല്ല ഗുരോ, എന്തു ചെയ്താൽ എനിക്കു നിത്യജീവൻ അവകാശമാകും?” എന്നു ചോദിച്ചു. അതിനുത്തരമായി യേശു, “നീ എന്നെ ‘നല്ലവൻ’ എന്നു വിളിക്കുന്നതെന്ത്? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല. ‘വ്യഭിചാരം ചെയ്യരുത്, കൊലപാതകം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, നിന്റെ മാതാപിതാക്കളെ ബഹുമാനിക്കുക’ എന്നീ കൽപ്പനകൾ നിനക്ക് അറിയാമല്ലോ.” എന്ന് അയാളോടു പറഞ്ഞു. “ഞാൻ ബാല്യംമുതൽതന്നെ ഈ കൽപ്പനകൾ എല്ലാം പാലിച്ചുപോരുന്നു” അയാൾ പ്രതിവചിച്ചു. ഇതു കേട്ട യേശു അയാളോട്, “ഇപ്പോഴും നിനക്ക് ഒരു കുറവുണ്ട്. അതുകൊണ്ട്, നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുക. അങ്ങനെയെങ്കിൽ സ്വർഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും. അതിനുശേഷം വരിക, എന്റെ അനുഗാമിയാകുക” എന്നു പറഞ്ഞു. അയാൾ വലിയ ധനികനായിരുന്നതുകൊണ്ട് ഇതു കേട്ട് അത്യധികം ദുഃഖിതനായിത്തീർന്നു.